Monday, 19 September 2016

സൗമ്യ കേസ് വിധി എന്തുകൊണ്ട് യുക്തിഭദ്രവും വസ്തുനിഷ്ഠവുമാണ്

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി വ്യാപകമായ വിമര്‍ശനള്‍ക്ക് വിധേയമാക്കപ്പെട്ടു. നീതിപീഠം പെണ്ണിനെ കൈവിട്ടു എന്നും നിയമത്തിന്റെ സാങ്കേതികതകള്‍ക്ക് മുന്നില്‍ നീതി പരാജയപെട്ടു എന്നും മറ്റുമുള്ള തരത്തിലാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ, കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം പ്രതികരണങ്ങള്‍ വൈകാരികതയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമ്പോഴല്ലേ നീതി പൂര്‍ത്തീകരിക്കപെടുന്നത്? തെളിവുകളുടെ അഭാവത്തില്‍ എങ്ങനെ കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ സാധിക്കും? പ്രോസിക്യുഷന്‍ വാദത്തില്‍ തന്നെ വ്യക്തമായ വിള്ളലുകള്‍ ഉള്ളപ്പോള്‍, സംശയത്തിന്റെ ആനുകൂല്യം എങ്ങനെ പ്രതിക്ക് നിഷേധിക്കാന്‍ സാധിക്കും? സമൂഹത്തിന്റെ മുറവിളികള്‍ കേട്ടു പ്രേരിതമായി, നിയമത്തിന്റെയും സാമാന്യനീതിയുടെയും എല്ലാ തത്വങ്ങളും കാറ്റില്‍ പറത്തി, ഒരാളെ ശിക്ഷിക്കാനുള്ള അമിതാവേശത്തോടെ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ അഭിനവ പീലാത്തോസുമാരായി പരിണമിക്കുകയല്ലേ ചെയ്യുക?

ഇവിടെ സൗമ്യയുടെ മരണകാരണമായി ഡോ.ഷേര്‍ലി വാസു പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ പരിക്കുകളും അതുപോലെ ശ്വാസനാളത്തില്‍ രക്തം കെട്ടിനിന്നതും മൂലമുണ്ടായ സങ്കീര്‍ണതകളാണ്. ഒന്നാമത്തെ മുറിവ് തലയിലെ നെറ്റി ഭാഗത്തുണ്ടായതാണ്. അത്, സൗമ്യയുടെ തല കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ ഇടിച്ചത് കൊണ്ടാകാം എന്നാണ് ഡോ. ഷേര്‍ലി വാസു അനുമാനിക്കുന്നത്. കീഴ്ക്കോടതിയും ഹൈക്കോടതിയും അങ്ങനെ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തലുകളില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ശിരസ്സിലേറ്റ ആ പരിക്ക് കൊണ്ടുമാത്രം മരണം സംഭവിക്കും എന്ന മെഡിക്കല്‍ തെളിവ് ഈ കേസില്‍ ഇല്ല. ഡോ. ഷേര്‍ലി വാസുവിന്റെ നിഗമനത്തില്‍ ശിരസ്സിലേറ്റ ആദ്യത്തെ ആഘാതം സൗമ്യയെ ബോധരഹിതയാക്കും എന്നും നിശ്ചലയായ സൗമ്യയെ പ്രതി പുറത്തേക്കു തള്ളിയിട്ടത് മൂലം രണ്ടാമത്തെ മുറിവ് ഉണ്ടായി എന്നുമാണ്. ഇടതുകവിള്‍ എല്ലിനുണ്ടായ പൊട്ടലും അത് മൂലം മുഖത്തും തലയിലും ഉണ്ടായതുമാണ് രണ്ടാമത്തെ മുറിവ്. ഇത് റെയില്‍ പാളത്തില്‍ തല ഇടിച്ചത് കൊണ്ടാണെന്നാണ് നിഗമനം. ഇവിടെയാണ് പ്രോസിക്യുഷന്‍ കേസില്‍ ഒരു വൈരുദ്ധ്യം വരുന്നത്. സൌമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന തരത്തിലാണ് സാക്ഷിമൊഴികള്‍. ആദ്യ മുറിവിന്റെ ഫലമായി സൗമ്യ ബോധരഹിതയായിരുന്നെങ്കില്‍ എങ്ങനെ സൗമ്യ ചാടിയിറങ്ങും? സൗമ്യ സ്വയമേ ചാടി ഇറങ്ങിയതായിരുന്നെങ്കില്‍, പ്രതി തള്ളിയിട്ടതു മൂലം പരിക്കുണ്ടായി എന്ന ആരോപണം എങ്ങനെ നിലനില്‍ക്കും? ഇത്തരത്തില്‍ ഒരു സംശയം ഉടലെടുക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം കോടതി പ്രതിക്ക് നല്‍കുകയും ചെയ്തു.

മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയുന്നത് ശ്വാസനാളത്തില്‍ രക്തം ഊര്‍ന്നിറങ്ങി തങ്ങി നിന്നതാണ്. പരിക്ക് പറ്റിയതിനു ശേഷം ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മലര്‍ത്തി കിടത്തിയത് മൂലം ശിരസ്സില്‍ നിന്നും വായില്‍ നിന്നും രക്തം ശ്വാസനാളിയിലേക്ക് വാര്‍ന്നിറങ്ങി. ശിരസ്സിനു പരിക്ക് പറ്റിയവരെ ഒരിക്കിലും മലര്‍ത്തി കിടത്തരുത് എന്നും അങ്ങനെ ചെയ്താല്‍ രക്തം ഉള്ളിലേക്ക് വാര്‍ന്നിറങ്ങും എന്നും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട് എന്നും ഡോക്ടര്‍ ഷേര്‍ലി വാസു മൊഴിയില്‍ പറയുന്നു. അതായത്, അങ്ങനെ മലര്‍ത്തി കിടത്തുന്നത് മരണത്തിനു കാരണമാകാം എന്നത് മെഡിക്കല്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ക്ക് മാത്രമുള്ള അറിവാണ്.

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടണമെങ്കില്‍, കൊല്ലണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാവുന്ന പരിക്കുകള്‍ ഏല്‍പ്പിക്കണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തി മരണത്തിലേക്ക് നയിക്കാം എന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇവിടെ, ശിരസ്സിലേറ്റ ഒന്നാമത്തെ മുറിവ് കൊണ്ട് മാത്രം മരണം സംഭവിക്കും എന്ന് മെഡിക്കല്‍ തെളിവില്ല. സൌമ്യ ചാടുന്നത് കണ്ടു എന്ന മൊഴി, രണ്ടാമത്തെ മുറിവ് പ്രതി ഏല്‍പ്പിച്ചതാണ് എന്ന ആരോപണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതുപോലെ, മരണത്തിലേക്ക് നയിക്കാം എന്ന അറിവ് മെഡിക്കല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരാളില്‍ അനുമാനിക്കുക പ്രയാസവുമാണ്. ഈ കാരണങ്ങളാലാണ് സുപ്രീം കോടതി പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയത്.


സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ കാരണം പ്രതിയായിരുന്നു എന്നും, മാരകമായി മുറിവേറ്റ ഒരാളെ ബലാത്സംഗം നടത്തി ഉപേക്ഷിച്ചു പോകുന്നത് കൊല്ലാനുള്ള ഉദ്ദേശത്തോടെ ചെയ്തതാണ് എന്നും സുപ്രീം കോടതി കണ്ടെത്തേണ്ടാതായിരുന്നു എന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ പല നിയമ തടസ്സങ്ങളുണ്ട്. സുപ്രീം കോടതി ഒരു അപ്പീല്‍ കോടതിയാണ്. അതും രണ്ടാമത്തെ അപ്പീല്‍ കോടതി. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ അവതരിപ്പിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ അപ്പീല്‍ കോടതിക്ക് സാധിക്കൂ. പുതിയ ഒരു കേസോ ആരോപണമോ വാദമോ അപ്പീല്‍ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അത്തരം ഒരു പുതിയ കേസില്‍ ഒരിക്കിലും പ്രതി വിചാരണ ചെയ്യപ്പെട്ടിട്ടില്ല. പ്രതി വിചാരണ ചെയ്യപ്പെട്ട ആരോപണം നിലനില്‍ക്കുന്നതാണോ എന്ന് പരിഗണിക്കുന്നതില്‍ അപ്പീല്‍ കോടതിയുടെ അധികാര പരിധി ഒതുങ്ങുന്നു.

കേരളത്തിലെ കോടതികള്‍ കൊലപാതകത്തിന് വധശിക്ഷ നല്‍കിയ പ്രതികള്‍, സുപ്രീം കോടതി ഇടപെടലിലൂടെ പൂര്‍ണമായി കുറ്റവിമുക്തരാകുന്ന സംഭവം സൗമ്യ കേസില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ഇത് സംഭവിച്ചിരുന്നു.

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ അധ്യാപകന്‍ കൊല്ലപെട്ട ഈ കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണ കോടതി, അവരെയെല്ലാം തൂക്കികൊല്ലാന്‍ വിധിച്ചു. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു.

എന്നാല്‍, സുപ്രീം കോടതി മറിച്ചാണ് ചിന്തിച്ചത്. അഞ്ചു പ്രതികളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് സുപ്രീം കോടതി വിലയിരുത്തി. ബാക്കി നാല് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കീഴ്‌കോടതികളുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതിനാല്‍ ആ നാല് പേരെയും കുറ്റവിമുക്തരാക്കി. പ്രതിയെന്നു കണ്ടെത്തിയ ആ ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹനല്ല എന്നും ജസ്റ്റിസ് എസ്.ബി സിന്‍ഹയും ജസ്റ്റിസ് കട്ജുവും ഉള്‍പ്പെട്ട ബെഞ്ച് കണ്ടെത്തി. അതിനാല്‍, അയാളുടെ വധശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാക്കി കുറച്ചു.

വിട്ടയച്ച ഈ നാല് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളല്ലായിരുന്നു എന്ന് 2012-ല്‍, ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ പ്രതി രാജേഷ് വെളിപ്പെടുത്തുക വഴി സുപ്രീം കോടതി വിധിക്ക് കൂടുതല്‍ സാധൂകരണം കൈവന്നു. പൊതുവികാരമാണ് നീതിപീഠത്തെ നയിച്ചിരുന്നതെങ്കില്‍, നാല് നിരപരാധികള്‍ തൂക്കിക്കൊല്ലപ്പെട്ടേനെ.

കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം പൊതുവികാരത്തിന് അടിമപ്പെട്ട്, പിഴവുകള്‍ വരുത്തുന്നുണ്ടോ? കേരളത്തിലെ പ്രാദേശിക വിവാദങ്ങള്‍ക്കും മാധ്യമകോലാഹലങ്ങള്‍ക്കും വശംവദരാകാത്തത് മൂലം, കൂടുതല്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ അവലോകനം സുപ്രീം കോടതിയില്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Sunday, 21 August 2016

യഹോവയുടെ ഏകാന്തത



അതി പുരാതനമായ ദൈവാലയത്തിലേക്ക് ആ വൃദ്ധ ദമ്പതികള്‍ പതുക്കെ നടന്നു കയറി.ഭൂഖണ്ഡങ്ങൾ തേടി അലഞ്ഞ ഒരു പഴയ നാവികന്റെ ശരീരം അയാളുടെ പഴകിയ അഹന്തയോടൊപ്പം ആ ദേവാലയത്തിൽ അടക്കം ചെയ്തിരുന്നു. വേച്ചു വേച്ചു നടന്ന് വിജനമായ ആ ദൈവാലയത്തിന്റെ മുന്‍പിലുള്ള ഒരു ബെഞ്ചില്‍ ഇരുവരും ഇരുന്നു. പള്ളിയകത്തുള്ള പ്രാവുകള്‍ ചിറകടിച്ചു ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. വൃദ്ധന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വൃദ്ധ അയാളുടെ നെഞ്ചം പയ്യെ തടവി കൊടുത്തു. അയാള്‍ അവളെ വളരെ സ്നേഹത്തോടെ നോക്കി. മുന്‍പെങ്ങും തോന്നാത്ത വിധമുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് അയാളുടെ ഹൃദയം വീര്‍പ്പു മുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇത് പോലൊരു ദൈവാലയത്തില്‍ നിന്ന് ഒരുമിച്ചു കൈ പിടിച്ചു ഇറങ്ങിയതാണ്. പിന്നെ ഇത് വരെ ഒരുമിച്ചു തന്നെയായിയുരുന്നു. പരസ്പരം താങ്ങും തുണയുമായി. ശരീരം പ്രായമായികൊണ്ടിരുക്കുമ്പോഴും അനുദിനം വര്‍ദ്ധിച്ച് വന്ന പ്രണയം കൊണ്ട് അവരുടെ മനസ്സുകള്‍ കൂടുതല്‍ യൌവനയുക്തമായി കൊണ്ടിരുന്നു, അയാള്‍ അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. ചുളിവുകള്‍ വീണ വൃദ്ധയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അവള്‍ അയാളുടെ ചുമലില്‍ തല ചേര്‍ത്ത് വെച്ചിരുന്നു.

ദൈവാലയതിനുള്ളിലെ ഇണപ്രാവുകളുടെ കുറുകലുകള്‍ കേട്ട്, അങ്ങ് അത്യുന്നതങ്ങളില്‍, വാന മേഘങ്ങള്‍ക്ക് മുകളില്‍, നിദ്രയില്‍ ആയിരുന്ന യഹോവ ഉണര്‍ന്നു. ആദിയില്‍ വചനം ഉണ്ടാകുന്നതിനു മുന്‍പുള്ള കടുത്ത ഏകാന്തത തന്നെയായിരുന്നു അവിടെ അപ്പോഴും. ഉന്നതങ്ങളിലെ വിരസതയ്ക്ക് വിരാമമിടാന്‍ സൃഷ്ടാവ് തന്‍റെ സൃഷ്ടികളുടെ ദുരിതങ്ങളിലേക്ക് കണ്ണും കാതും തുറന്നു. ഓരോ നിമിഷവും സൃഷ്ടാവിനെ ഓര്‍ക്കാനായി യാതനകളും പീഡകളും സമയാസമയങ്ങളില്‍ യഹോവ സൃഷ്ടികളുടെ മേല്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയായിരുന്നു അണ്ടകടാഹത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന പ്രാപഞ്ചികമായ ഏകാന്തതയില്‍ നിന്നും യഹോവ രക്ഷ നേടി കൊണ്ടിരുന്നത്.

തന്‍റെ ആലയത്തില്‍ വന്നിരിക്കുന്ന വൃദ്ധദമ്പതികളെ യഹോവ കണ്ടു. അവരുടെ സ്തുതിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും യഹോവ കാതോര്‍ത്തു.

എന്നാല്‍ അവര്‍ അവരുടെതായ ലോകത്തായിരുന്നു. അവരുടെ മധുരസ്മരണകള്‍ ഓര്‍ത്തോര്‍ത്തു അവരുടെ സ്നേഹത്തിന്റെ മാറ്റ് കൂട്ടികൊണ്ടിരുന്നു. സ്വന്തം സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായി, അവര്‍ ഇരുവരും ഒരു പുഴ പോലെ ഒരുമിച്ചു ഒഴുകുകയായിരുന്നു. ഒറ്റപ്പെടല്‍ എന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം.

തന്‍റെ ആലയത്തില്‍ വന്ന് തന്നെ സ്തുതിക്കാതെ, തനിക്കു നന്ദി പറയാതെ, തന്നോട് പാപങ്ങള്‍ ഏറ്റു പറയാതെ, പ്രണയബദ്ധരായി ഇരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ ക്രുദ്ധനായി.  സര്‍വസൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം മറ്റൊരു സൃഷ്ടിയെ സ്നേഹിക്കുന്നുവോ? പരസ്പര സ്നേഹത്തില്‍ സ്വയം മറന്നിരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ തന്‍റെ ഏകാന്തതയെ പറ്റി കൂടുതല്‍ ബോധവാനായി.

ഇല്ല. സൃഷ്ടാവിനില്ലാത്ത ഒരു സൌഭാഗ്യവും സൃഷ്ടിക്ക് വേണ്ട. അതിനാല്‍ തന്‍റെ ഏകാന്തതയുടെ ഒരു അംശം അവരുടെ ജീവിതത്തിലേക്ക് വര്‍ഷിക്കാന്‍ യഹോവ തീരുമാനിച്ചു. തന്നെ മറന്നു ജീവിതം ആഘോഷിച്ച സോദോം-ഗോമെറ നഗരങ്ങളിലേക്ക് പണ്ട് അഗ്നിയും ഗന്ധകവും വര്‍ഷിച്ചത് പോലെ. ഇതില്‍ ഒരു ജീവനെ തിരികെ വിളിക്കാം. അങ്ങനെ ഒറ്റപ്പെടലിന്റെ കടുത്ത ശാപം ഒരാള്‍ക്ക് കൊടുക്കാം.

യഹോവ ആലോചിച്ചു. പുരുഷനെ വിളിക്കണോ സ്ത്രീയെ വിളിക്കണോ. പുരുഷന് ഏകാന്തത ശീലമുണ്ട്. ഏദന്‍ തോട്ടത്തില്‍ അവന്‍ കുറെ നാള്‍ ഏകാന്തത ശീലിച്ചതാണ്. എന്നാല്‍ സ്ത്രീ സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ അവള്‍ക്കു ഒരു തുണയുണ്ട്.പുരുഷന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്ത്രീയ്ക്ക് അത് കൊണ്ട് ഏകാന്തത അസഹ്യമായിരിക്കും. അവള്‍ തകര്‍ന്നു പോകും. അതിനാല്‍, അത് തന്നെയാണ് കടുത്ത ശിക്ഷ.

അടുത്ത നിമിഷം വൃദ്ധന്റെ ശ്വാസം നിലച്ചു. ഇറുകി പിടിച്ചിരുന്ന കൈവിരലുകള്‍ പെട്ടെന്ന് അയഞ്ഞതായി വൃദ്ധയ്ക്കു തോന്നി. ജീവനറ്റ വൃദ്ധന്റെ ശിരസ്സ് അവളുടെ മാറിലേക്ക് ചാഞ്ഞു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന കൂട്ട് ഇനിയില്ല എന്ന യാഥാർഥ്യം അവളുടെ മനസ്സിനെ പൊള്ളിച്ചു. അയാളുടെ മൃതമായ ചുണ്ടുകളില്‍ അവള്‍ ചുണ്ടമര്‍ത്തി. അവസാനത്തെ മുത്തം.

അവള്‍ക്ക് പൊട്ടികരയണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ കരഞ്ഞില്ല. അയാളുടെ ശരീരം അവള്‍ ബെഞ്ചില്‍ കിടത്തി. എന്നിട്ട് ദൈവത്തിനു മുന്നില്‍ മുട്ട്കുത്തി നിന്നു. അവളുടെ പ്രാര്‍ത്ഥന കേട്ടതില്‍ നന്ദി പറഞ്ഞു. അവസാന കാലത്ത് അവള്‍ക്കു ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. ആദ്യം പോകുന്നത് അവള്‍ ആയിരിക്കല്ലേ എന്ന്. അയാള്‍ക്ക് അത് ഒരിക്കലും താങ്ങാന്‍ ആകില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു. വേദനയും കാത്തിരിപ്പും ആവോളം സഹിച്ച അവളുടെ മനസ്സ് അന്ത്യകാലത്തെ ഒറ്റപെടല്‍ അനുഭവിക്കാന്‍ പാകപ്പെട്ടതായിരുന്നു.

തന്‍റെ വിധിയെ വെല്ലുവിളിക്കുന്ന ദുര്‍ബലയായ വൃദ്ധയെ കണ്ടു യഹോവ ഞെട്ടി. അഭിമാനബോധം തകര്‍ന്ന ദൈവം ആദിയിലെ ഏകാന്തതയിലേക്ക് പിന്‍വാങ്ങി. എന്ത് കൊണ്ടെന്നാല്‍, വിധിക്കുവാനും ശിക്ഷിക്കുവാനും മാത്രം അറിയുന്ന സൃഷ്ടാവിന് കരയാന്‍ അറിയില്ലായിരുന്നു.




Monday, 20 June 2016

ഒഴിവുദിവസത്തെ കാര്യം കളിയാകുമ്പോള്‍

കാലാകാലങ്ങളായി നീണ്ടു നിന്ന ചാതുര്‍വര്‍ണ്യത്തിന്‍റെ കളികളുടെ ചരിത്രമാണ് നമ്മുടെ നാടിന്റെത്. അറിവ് കുത്തകാവകാശമായി വെച്ചിരിക്കുന്ന ബ്രാഹ്മണന്‍ അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നു. ബ്രാഹ്മണന്റെ അനുഗ്രഹാശിസ്സുകളോടെ കയ്യൂക്കും അധികാരഭ്രമവും ഉള്ള ക്ഷത്രിയന്‍ ഭരണാധികാരിയാകുന്നു. ഇവരോട് ഒട്ടിനില്‍ക്കുന്ന വൈശ്യരും മറ്റു ജാതികളും വ്യാപാര-സാമ്പത്തിക മേഖലകള്‍ കൈയ്യടക്കി വെയ്ക്കുന്നു. ഇങ്ങനെ അധികാരവും ജീവിതസൌകര്യങ്ങളും പങ്കിട്ടെടുക്കുന്ന കളി ഇവരെല്ലാം കൂടി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. കളിക്കളത്തിനു വെളിയില്‍ നിര്‍ത്തപ്പെട്ട ശൂദ്രര്‍ ഇവരുടെ അടിമപ്പണി ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണ്. ശൂദ്രരുടെ മര്‍ദ്ദനവും ചൂഷണവും ഈ കളിയുടെ നിയമാവലിയില്‍ ഉള്ളതാണ്.

പക്ഷെ, പാശ്ചാത്യ ലിബറല്‍ മൂല്യങ്ങളും നവോത്ഥാനചിന്തകളും അടിസ്ഥാനമാക്കിയിട്ടുള്ള ഭരണഘടന നിലവില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. ജനാധിപത്യവും സമത്വവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഒരു ക്ഷേമരാഷ്ട്രമാണ് ഭരണഘടന വിഭാവനം ചെയ്തത്. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ഒന്നായി ഈ ചാതുര്‍വര്‍ണ്യ കളി കണക്കാക്കപ്പെട്ടു. എന്നാല്‍, ഭരണഘടയെ വെല്ലുന്ന ഒരു ഭീകര സത്വമായി ജാതിശക്തികള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നു കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ ഉപബോധത്തില്‍ അവയ്ക്കുള്ള വേരോട്ടം ശക്തമായിരുന്നു. അതുകൊണ്ട്, ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഒഴിവു നല്‍കിക്കൊണ്ട്, ചാതുര്‍വര്‍ണ്യത്തിന്‍റെ കളികള്‍ ഇപ്പോഴും നടക്കുന്നു.

ഈയൊരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പരിഛേദമാണ് ‘ഒഴിവുദിവസത്തെ കളി’യിലും കാണുന്നത്. പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഒരു കഥയാണിത്. ഒരു ഇലക്ഷന്‍ ദിവസം കിട്ടിയ അവധി അര്‍മ്മാദിക്കാന്‍ ഉള്ള ഒരു അവസരമായി മാറ്റിയെടുക്കുന്ന അഞ്ചു പുരുഷന്മാര്‍. സ്ഥിരജോലിയും ‘മാന്യ’മായ കുടുംബജീവിതവും ഒക്കെയായി മധ്യവര്‍ഗ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കള്‍.  തങ്ങളുടെ മാന്യതയ്ക്കും സംസ്കാരത്തിനും ഒഴിവു കൊടുത്ത്, ഹിംസയും ഭോഗവും ഒക്കെ പ്രാകൃത രീതിയില്‍ കൊതിക്കുന്ന ഉള്ളിലെ മൃഗത്തിനെ ഉണര്‍ത്തി, മദ്യലഹരിയുടെ ബോധം മറയലില്‍  ഒരു ദിവസം ഉറഞ്ഞു തുള്ളി, പിന്നെ തിരിച്ചു ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥതയിലെക്ക് മടങ്ങുക- ഇതാണ് അവരുടെ ‘അടിച്ചു പൊളി’. സ്ഥിരം വഷളത്തരങ്ങളൊക്കെ കഴിഞ്ഞു ബോറടിച്ചപ്പോള്‍ അവര്‍ ഒരു കളി കളിക്കാന്‍ തീരുമാനിക്കുന്നു. കള്ളനും പോലീസും കളി. രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ നറുക്കുകളില്‍ നിന്ന് ഓരോന്നെടുത്തു, അവനവനു കിട്ടുന്ന നറുക്ക് അനുസരിച്ച് കളിക്കണം. പോലീസ് കള്ളന്‍ ആരാണെന്നു ഊഹിക്കണം. ഊഹം തെറ്റി രാജവിനെയോ മന്ത്രിയെയോ കള്ളന്‍ എന്ന് വിളിച്ചാല്‍ ശിക്ഷ പോലീസിന്. കള്ളനെ പിടിച്ചാല്‍ അവനെ മറ്റുള്ളവര്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നു. കളി നന്നായി മുറുകി. ലഹരിയോടൊപ്പം. കളിച്ചു കളിച്ചു അവസാനം കളി കാര്യമായി. അങ്ങനെ ഒരു വലിയ ദുരന്തത്തില്‍ കളിയും കഥയും അവസാനിക്കുന്നു.



പക്ഷെ, പുനര്‍ചിന്തയില്‍ നമുക്ക് മനസ്സിലാകും ഇവിടെ കളി കാര്യമായതല്ല. പകരം, കാര്യം കളിയായതാണ്. ഉറങ്ങിക്കിടന്ന ജാതിബോധം ഉണര്‍ന്നു അവിടെ ചാതുര്‍വര്‍ണ്യത്തിന്‍റെ കളി നടന്നു. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ. തിരുമേനി ന്യായാധിപന്‍ ആകുന്നതു പൂണൂലിന്റെ ബലത്തില്‍ ആണ്. കളിയില്‍ നേരിട്ട് പങ്കാളിയാകാതെ, കളിക്ക് അതീതനായി നിന്ന് കളിക്കാരുടെ ഭാഗധേയം നിര്‍ണയിക്കുന്നു പൂണൂല്‍ധാരി. രാജാവിന്‍റെ നറുക്ക് വീഴുന്നതോ, ഒരു സവര്‍ണഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത ധര്‍മപാലന്‍. (ഇയാള്‍ ധരിക്കുന്ന തോര്‍ത്തിന്റെ നിറം പോലും കാവിയായത് ഒരു ആകസ്മികതയാണോ?). കഥാകൃത്തായ ആര്‍. ഉണ്ണിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ സര്‍ സി പി രാമസ്വാമി അയ്യരും ജയറാം പടിക്കലും ആണ് ധര്‍മ്മന്റെ ആരാധ്യ കഥാപാത്രങ്ങള്‍. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഫോട്ടോ പോക്കറ്റില്‍ ഇട്ടാണ് നടന്നത്. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ അയാള്‍ക്ക്‌ കാരണങ്ങള്‍ ഉണ്ട്. അന്ന് എല്ലാവരും അവനവന്റെ പണി കൃത്യമായി ചെയ്തു. പോലീസ് പോലീസിന്റെ. തോട്ടി തോട്ടിയുടെ. എല്ലാവരെയും വരുതിക്ക് നിര്‍ത്താന്‍ കൊതിക്കുന്ന ഈ അധികാരമോഹി പക്ഷെ ഉപജീവനത്തിന് ഗള്‍ഫില്‍ പോയി ദാസ്യവേല ചെയ്യുന്നു എന്നത് ഒരു വൈരുദ്ധ്യം. ആകെപ്പാടെ അയാളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നത് ഒരു പെണ്ണിന് മുന്‍പിലാണ്. ഗീത എന്ന വേലക്കാരി പെണ്ണില്‍ നിന്നേല്ക്കുന്ന പ്രഹരത്തിന്റെ അപമാനം കൂടിയാണ് അയാള്‍ തന്‍റെ രാജവേഷത്തിലൂടെ തീര്‍ക്കുന്നത്. (എല്ലാ ഫാസിസ്റ്റുകള്‍ക്കും കാലിടറുന്നത് പെണ്‍ ശക്തിക്ക് മുന്നിലാണ് എന്നത് ചരിത്രപരമായ ഒരു സത്യം കൂടിയാണല്ലോ)

വയലന്‍സിനെ മനസ്സ് കൊണ്ട് ആരാധിക്കുന്ന അശോകന്‍ പോലീസ് ആയതും ആകസ്മികതയല്ല. എല്ലാ ഭോഗത്തിലും ഹിംസയുടെ ഒരു അംശമുണ്ട് എന്ന് അയാള്‍ ഒരിടത്ത് സമര്‍ത്ഥിക്കുന്നുണ്ട്. ബലാല്‍ക്കാരത്തിലൂടെ സ്ത്രീയെ കീഴ്പ്പെടുത്തുന്നതാണ് അയാളെ സംബന്ധിച്ച് ആണത്തം. മന്ത്രിയാകാന്‍ വിധിക്കപ്പെട്ട വിനയനും അതിനു അനുയോജ്യന്‍ തന്നെ. പുരോഗമന ആശയങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒക്കെ വക്താവാണ്‌ അയാള്‍. ഒരു ബന്ധത്തിന് സ്ത്രീയുടെ സമ്മതം വളരെ അത്യാവശം ആണെന്ന് അശോകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അയാള്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ ധര്‍മ്മപാലന്‍ ന്യായീകരിക്കുമ്പോള്‍ അതിനെ തന്‍റെ തിക്താനുഭവങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നുമുണ്ട് അയാള്‍. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ എല്ലാത്തിനോടും സമരസപ്പെടാനും ഒത്തുചേര്‍ന്ന് പോകാനും ശീലിച്ചു കഴിഞ്ഞിരുന്നു. വ്യവസ്ഥിതിയെ കൊണ്ട് ഉപജീവനം കഴിക്കുന്ന അയാള്‍ അതിനെ പിണക്കാതെയും ചെറുതായി പറ്റിച്ചും തന്‍റെ നിലനില്‍പ്പ്‌ സുരക്ഷിതമാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഇലക്ഷന്‍ ഡ്യുട്ടിയില്‍ നിന്ന് അവധിയെടുത്താണ് അയാള്‍ അവിടെ ചേരുന്നത്. അങ്ങനെ പുരോഗമനവാദമൊക്കെ അവസരം നോക്കി മാത്രം പ്രയോഗിക്കുന്ന, തന്ത്രം അറിയാവുന്ന വിനയന്‍ മന്ത്രിയായതും ഉചിതമായി.

ഊഹം തെറ്റി രാജാവിനെയും മന്ത്രിയെയും കള്ളന്‍ എന്ന് വിളിക്കുന്ന പോലീസ് പക്ഷെ അടിശിക്ഷയില്‍ നിന്ന് പണം കൊടുത്തു ഊരിപ്പോരുന്നു. അവിടെ രാജാവും ന്യായാധിപനും എല്ലാവരും ഒത്തുകളിക്കുന്നു. കളിയുടെ പശ്ചാത്തലത്തില്‍ അപ്പുറത്തെ മുറിയിലെ ടീവിയില്‍ നിന്ന് ഇലക്ഷന്‍ വാര്‍ത്തകളും കേള്‍ക്കാം. ജനാധിപത്യത്തെ  പശ്ചാത്തലമാക്കി അരങ്ങേറുന്ന കള്ളക്കളികളുടെ ഒരു രൂപകം തന്നെയായി ഈ കളിയും മാറുന്നു.

അവസാനം കള്ളന്‍ ആകുന്നതു ദാസന്‍ ആണ്. നിറം കറുത്തതായതിന്റെ പേരില്‍ അവഹേളനവും അപകര്‍ഷതയും അനുഭവിക്കുന്നവന്‍ തന്നെ കള്ളന്‍ ആകുന്നു. ഈ കള്ളുകുടി സംഘത്തില്‍ ഒരല്‍പം മാന്യതയും അന്തസ്സും പുലര്‍ത്തുന്നതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത് ദാസന്‍ ആണ്.  സ്ത്രീവിരുദ്ധ വഷളന്‍ ഫലിതങ്ങളും ജാതിചിന്തകളും കള്ളുമൂത്ത് എല്ലാവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങുമ്പോള്‍ ദാസന്‍ പറയുന്നുണ്ട്, നമുക്ക് വാര്‍ത്ത കേള്‍ക്കാം, ഇലക്ഷന്‍ എന്തായി എന്ന് നോക്കാം എന്നൊക്കെ. താന്‍പോരിമയില്‍ ജനം ലക്ക് കെടുമ്പോള്‍ അവരുടെ ചിന്ത ജനാധിപത്യത്തിലേക്ക് തിരിക്കുന്ന ഒരു പ്രവാചകനെ പോലെ.  ഒരു പാട്ട് പാടാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ ദാസന്‍ ചെല്ലുന്നത് “And you called me coloured?” എന്ന കവിതയാണ്. കളിയിലും വലിയ താല്‍പര്യമില്ലാതെ മാറി നില്‍ക്കുന്ന ദാസനെ കള്ളന്‍ എന്ന് വിളിച്ചു അവര്‍ കളിക്കളത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവസാനം കളിക്കളം കൊലക്കളം ആകുന്നു. ഏകലവ്യനും ശംബൂകനും രോഹിത് വെമുലയും ഒക്കെ കുരുതി കൊടുക്കപ്പെട്ട അതേ കൊലക്കളം. ചാതുര്‍വര്‍ണ്യത്തിന്റെ രീതികളും നിയമങ്ങളും കളിയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ സംഭവിക്കേണ്ടത്‌ തന്നെ സ്വാഭാവികമായി സംഭവിച്ചു. കാര്യം കളിയാകുന്ന ഒരു വൈപരീത്യത്തിനു പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു.



2003ല്‍ എഴുതപ്പെട്ട ഈ ചെറുകഥയ്ക്ക്‌ ഇപ്പോഴത്തെ കാലികപ്രസക്തി തിരിച്ചറിഞ്ഞു ചലച്ചിത്രഭാഷ്യം നല്‍കിയ സനല്‍ കുമാര്‍ ശശിധരന്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ലഹരി പയ്യെ സിരകളിലൂടെ കയറി തലച്ചോറിനെ വലിഞ്ഞുമുറുക്കുന്നത് പോലെ, ക്രമേണയുള്ള മുറുക്കത്തിലൂടെ ഭയാനകമായ ഒരു നടുക്കത്തിലേക്ക് നമ്മെ തള്ളിവിടുന്നു. സമത്വത്തിനും തുല്യനീതിക്കും ഒഴിവു കൊടുത്തു നടമാടുന്ന ജാതികളികളുടെ വ്യാപ്തിയെ പറ്റി ഒരു ചോദ്യചിഹ്നം എറിഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ധര്‍മങ്ങളില്‍ ഏറ്റവും പാവനമായ സമത്വത്തെ മറന്നു കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ന്യായം വിധിക്കപ്പെടുമ്പോള്‍, മനസ്സിലും ശരീരത്തിലും അവര്‍ണത മുദ്ര കുത്തപ്പെട്ടവരുടെ ജീവിതങ്ങള്‍ ബലി കഴിക്കപ്പെട്ടു കൊണ്ടേയിരിക്കും. അത് ചിലര്‍ക്കൊക്കെ രസം പകരുന്ന ഒരു കളിയായി മാത്രം അവശേഷിക്കുകയും ചെയ്യും.

പിന്‍കുറിപ്പ്:
ഐ.എ.എസ് ഇന്‍റര്‍വ്യൂവിനു വന്ന നായാടിജാതികാരനായ ധര്‍മ്മപാലനോട് ഒരംഗം ചോദിക്കുന്നു. “നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനം എടുക്കും”

“ഒരു നായായടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്”

“അത് കൊലപാതകമാണെങ്കിലോ?”

“കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്”

(നായാടിയായ ഒരു കലക്ടറുടെ ജീവിതകഥ പറയുന്ന ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലില്‍ നിന്ന്)

Published in 'Azhimukham' on 20.06.2016 as http://www.azhimukham.com/news/12776/ozhivudhivasathe-kali-caste-dalit-politics-film-review-manu-sebastian

Saturday, 11 June 2016

ബീച്ച് റോഡ്‌(കഥ)


ഏതു ശപിക്കപെട്ട നിമിഷത്തിലാണ് ബീച്ച് റോഡിലൂടെ ബൈക്ക് എടുത്തു പോരാന്‍ തോന്നിയത്? വെറുതെ ഒരു കൌതുകത്തിന്റെ പുറത്താണ് ഹൈവേയിലൂടെ പോകുന്നതിനു പകരം ബീച്ച് റോഡിലൂടെ പോന്നത്. ആര്‍ത്തിരമ്പുന്ന കടലിനു സമാന്തരമായി പോകുന്ന ബീച്ച് റോഡിലൂടെ അര്‍ദ്ധരാത്രിയിലുള്ള റൈഡ് ഒരു കാവ്യാത്മക സാഹസമായിരിക്കും എന്ന് അയാള്‍ക്ക്‌ തോന്നി. ബീച്ച് റോഡിലേക്ക് തിരിയുന്ന ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഏതോ ഒരു ഉള്‍പ്രേരണയുടെ പുറത്ത് അങ്ങോട്ട്‌ തിരിഞ്ഞു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി.

ആദ്യം കുറച്ചു നേരത്തേക്ക് നല്ല രസമായിരുന്നു റൈഡ്. അത്ര വിജനമായിരിക്കും ബീച്ച് റോഡിന്‍റെ പരിസരം എന്ന് അയാള്‍ പ്രതീക്ഷിച്ചതേയില്ല. ഒരു വശത്ത് അനന്തതയിലേക്ക് പരന്നു കിടക്കുന്ന കടല്‍. ചന്ദ്രന്‍ മറഞ്ഞിരിക്കുന്ന ആകാശം. മാനം മുട്ടെ വളഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. പ്രകൃതിയുടെ ഗഹനതയല്ലാതെ ജീവന്‍റെ മറ്റൊരു അംശം പോലും അവിടെയില്ല. അയാള്‍ക്ക് വല്ലാതെ ഹരം കയറി. ദുര്‍ഘടം പിടിച്ചതാനെങ്കിലും, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ ആ റോഡിലൂടെ തന്നെ പോയി. അന്ധകാരത്തിന്റെയും വിജനതയുടെയും വന്യമായ ആകര്‍ഷണത്തിന് അയാള്‍ വശംവദനായി. ഇടയ്ക്ക് വച്ച് അയാള്‍ ബൈക്ക് നിര്‍ത്തി. കടലിന്‍റെ ഇരമ്പല്‍ അല്ലാതെ മറ്റൊരു ശബ്ദമില്ല. ഹരവും ഭയവും സങ്കലിച്ച ഒരു അനുഭൂതി അയാള്‍ക്ക് തോന്നി. തന്‍റെ കാമുകിക്ക് അയാള്‍ മെസ്സേജ് അയച്ചു

Hi dear..i am having a wonderful ride through the beach road..it feels so surreal here..wish you were also with me to enjoy this….love..

കാമുകിക്കയച്ച പ്രണയസന്ദേശത്തിന്റെ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. അവയുടെ സാന്ദ്രതയില്‍ കടല്‍ക്കരയിലെ തെങ്ങുകള്‍ ആടി. ഭയാനകമായ നിഴല്‍രൂപങ്ങള്‍ അവ കടല്‍ക്കരയില്‍ വരച്ചു. അയാള്‍ക്ക് ഭയം തോന്നി തുടങ്ങി. തിരിച്ചു പോയാലോ എന്നോര്‍ത്തു. ചുറ്റും പറന്നു കിടക്കുന്ന ഇരുട്ടില്‍ മരണത്തിന്റെ മണം. ജീവിതത്തില്‍ ആദ്യമായി തന്‍റെ മരണത്തെ പറ്റി അയാള്‍ ആലോചിച്ചു. കൈവരാനിരിക്കുന്ന സൌഭാഗ്യങ്ങള്‍; കാത്തിരിക്കുന്ന കാമുകി-അങ്ങനെ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ പലതുണ്ട്. പക്ഷെ, അതിനെക്കാളൊക്കെ ആകര്‍ഷകമായ ഒരു ചാരുത ഇരുട്ടില്‍ പതിയിരിക്കുന്ന മരണത്തിനുണ്ടെന്നു അയാള്‍ക്ക് തോന്നി. മരണത്തിനപ്പുറത്തുള്ള ലോകത്ത് നിന്നുള്ള ചരടുവലി അയാള്‍ക്ക് വീണ്ടും ശക്തമായി അനുഭവപ്പെട്ടു. അയാള്‍ യാത്ര തുടര്‍ന്നു. ബീച്ച് റോഡിന്‍റെ കനപെട്ട ഇരുട്ടിലൂടെ.

ബൈക്കിന്റെ ഹെഡ്-ലൈറ്റിനു അപ്പുറം പരന്നു കിടക്കുന്ന ഇരുട്ടിന്റെ നിഗൂഡതയില്‍ എന്താണ് പതിയിരിക്കുന്നതെന്ന് ഓര്‍ത്തു അയാള്‍ ഭയപ്പെട്ടു. രാവിന്റെ തിരശീലയ്ക്ക് പിന്നില്‍ പരേതാത്മാക്കളുടെ സംഘനൃത്തമാണോ? മൃതിയുടെ താരാട്ടാണോ കടലിന്‍റെ ഇരമ്പല്‍? ഭയം കൂടി അയാളുടെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. റോഡിന്റെ സ്ഥിതിയും മോശമായി വന്നു തുടങ്ങി. ടാര്‍ ഭാഗങ്ങളൊക്കെ ബീച്ചിലെ പൂഴിമണ്ണിനാല്‍ മൂടപെട്ടു കിടക്കുകയായിരുന്നു. മണ്ണിലൂടെ ബൈക്ക് നിയന്ത്രണത്തില്‍ ആക്കുവാന്‍ അയാള്‍ നന്നേ ക്ലേശിച്ചു. മണ്ണിനു തന്നെ അഴുകിയ ജീവിതത്തിന്റെ ഗന്ധം. ബീച്ച് റോഡിലൂടെ പോരാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു.

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ റോഡിന്റെ സ്ഥിതി മെച്ചപ്പെട്ടു. മാത്രമല്ല കടല്‍ തീരത്ത് നിന്ന് അകന്നു, ഉള്ളിലേക്ക് റോഡിന്റെ ദിശ മാറി തുടങ്ങി. ഹൈവേയിലേക്ക് തിരിച്ചു കയറുകയായിരിക്കും റോഡ്‌ എന്ന് കരുതി അയാള്‍ ആശ്വസിച്ചു. ജീവിതത്തിലേക്ക് തിരിച്ചു കയറാനുള്ള വെപ്രാളത്തോടെ അയാള്‍ അതിവേഗം ബൈക്ക് ചലിപ്പിച്ചു. ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കത്തോടെ അയാളുടെ ബൈക്ക് ഇരുട്ടിനെ ഭേദിച്ചു കുതിച്ചു.

പെട്ടെന്ന് മുന്നില്‍ ഒരു ഭയങ്കര വളവ്. അടുത്തെത്തിയപ്പോഴാണ് അത് കണ്ടത്. തക്ക സമയത്ത് തിരിക്കാനായില്ല. നിയന്ത്രണം വിട്ടു ബൈക്ക് റോഡിനു വെളിയിലെ ഇറക്കത്തിലേക്ക് കുതിച്ചു. കരിങ്കല്‍കെട്ട് പോലെ എന്തിലോ തട്ടി ബൈക്കിനോടൊപ്പം അയാള്‍ മേലേക്ക് ഉയര്‍ന്നു. താഴെ വെട്ടികളിക്കുന്ന ജലത്തില്‍ തത്തികളിക്കുന്ന ശപിക്കപെട്ട രാത്രിയുടെ പ്രതിഫലനം കണ്ടു. ബൈക്ക് വെള്ളത്തിലേക്ക് പതിക്കുന്നത് തന്‍റെ ത്രിശങ്കു അവസ്ഥയില്‍ അയാള്‍ കണ്ടു. തൊട്ടു പുറകെ തന്നെ അയാളും വെള്ളത്തിലേക്ക് വീണു. ജലപ്രതലം തുരന്നു അയാള്‍ അടിയിലേക്ക് താഴ്ന്നു.അപ്പോഴും കെടാതെ ജ്വലിച്ചിരുന്ന ബൈക്കിന്റെ ഹെഡ്-ലൈറ്റ് ജലാന്തരത്തെ ദീപ്തമാക്കി. മുകളിലേക്ക് കൈകാലിട്ടടിച്ചു അയാള്‍ കുതിച്ചു. വെള്ളത്തിന്‌ മീതെ വന്നപ്പോള്‍ ആഞ്ഞു ശ്വാസമെടുത്തു.തലയും കുത്തി കിടക്കുന്ന ബൈക്കിന്റെ പിന്‍ഭാഗം വെള്ളത്തിന്‌ മീതെ ഉയര്‍ന്നു കിടക്കുന്നു.

ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈല്‍ കിണുങ്ങി. നേരത്തെ അയച്ച മെസ്സജിനു കാമുകി മറുപടി അയച്ചതാകം. ദൂരെ കടലിന്‍റെ അലര്‍ച്ച കേള്‍ക്കാം. വെള്ളത്തിന്‌ നേരിയ ഉപ്പുരസം. ഏതോ ഒരു അഴിമുഖം ആണെന്ന് അയാള്‍ക്ക്‌ തോന്നി. തികഞ്ഞ ആലസ്യത്തോടെ നദി അതിന്‍റെ ബ്രഹ്മത്തില്‍ ലയിക്കുകയാണ്. കാതങ്ങളുടെ ഓട്ടം കഴിഞ്ഞ തീവണ്ടി അതിന്‍റെ അവസാനത്തെ സ്റ്റേഷനില്‍ നിരങ്ങി കിതച്ചു ഒടുങ്ങുന്നതു പോലെ.

പെട്ടെന്ന് അയാള്‍ക്ക്‌ ചുറ്റുമുള്ള വെള്ളം ഭ്രാന്തമായി ഇളകാന്‍ തുടങ്ങി. ശക്തമായ അടിയൊഴുക്ക് അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കരയില്‍ നിന്ന് നദിയുടെ മധ്യത്തിലേക്ക് അയാള്‍ വലിക്കപെട്ടു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി. നീന്തല്‍ പാഠങ്ങളൊക്കെ അയാള്‍ മറന്നു. താന്‍ മുങ്ങി കൊണ്ടിരിക്കുകയാണെന്ന് കുറച്ചു കഴിഞ്ഞാണ് അയാള്‍ തിരിച്ചറിയുന്നത്‌. പക്ഷെ അയാള്‍ക്ക്‌ തെല്ലും ഭയം തോന്നിയില്ല. വെള്ളത്തിനടിയിലെ പ്രശാന്തമായ നിശബ്ദത. അത് അയാള്‍ ആസ്വദിച്ചു. ചിന്തകളെയും ആകുലതകളെയും മുക്കുന്ന ഘനയടി ജലത്തിന്റെ ഘനഗാംഭീര്യം. കാമുകിയുടെ കോടിക്കണക്കിനു ഉമ്മകള്‍ ചേര്‍ന്നുണ്ടാകുന്ന  നനവിന്റെ സാന്ദ്രതയില്‍ പുളകിതമാകുന്ന മേനി. ജലാന്തര്‍ഭാഗത്തേക്ക് അയാള്‍ താഴവേ നദിയുടെ രൂപവും ഭാവവും മാറുന്നത് അയാള്‍ അറിഞ്ഞു. ആദ്യം നേര്‍മ കലര്‍ന്ന പച്ചപ്പിന്റെ ഊഷ്മളത. പിന്നെ നിഷ്കളങ്കമായ നീല. അവസാനം ക്രൂരമായ കറുപ്പ്. ആത്മാവില്‍ നിന്ന് ജീവന്‍റെ കണികകള്‍ നീര്‍കുമിളകളായി മുകളിലേക്ക് ഉയര്‍ന്നു. ഭയങ്കരമായ തണുപ്പ് കൊണ്ട് അയാള്‍ വിറച്ചു.

ജലതരംഗങ്ങള്‍ അയാളുടെ പേര് ഉരുവിടിന്നത് അയാള്‍ കേട്ടു. “വരുണ്‍..വരുണ്‍..വരുണ്‍..” അടിയില്‍ നിന്ന് പ്രകാശത്തിന്റെ ഒരു നേര്‍രേഖ. കണ്ണു കുത്തി തുരക്കുന്ന രീതിയില്‍ അത് ശക്തമായി. അതില്‍ അവന്റെ മുഖം അയാള്‍ കണ്ടു. നദിയിലേക്ക് സ്വയം എറിഞ്ഞു കൊടുത്ത പഴയ സുഹൃത്ത്‌ രാമുവിന്റെ. സരയൂ നദിയില്‍ സ്വയം അര്‍പ്പിച്ച രാമന്റെ പാരമ്പര്യം പിന്തുടര്‍ന്ന രാമു. അവന്‍ ആശ്വസിപ്പിക്കുകയാണ്. “പേടിക്കേണ്ട വരുണ്‍. ഇവിടം നല്ലതാണ്. നാമെല്ലാം ജീവിതത്തില്‍ തേടുന്നത് നമുക്ക് നഷ്ടപെട്ട ഗര്‍ഭപാത്രത്തിലെ നനവാണ്. അത് മാത്രമേ ഇവിടെയുള്ളൂ.”
രാമു. നീ എവിടെയായിരുന്നു ഇത്രയും നാള്‍? നദിയില്‍ കാണാതായ നിന്നെ ഓര്‍ത്തു ഞാന്‍ എത്ര നാള്‍ കരഞ്ഞു എന്ന് നിനക്ക് അറിയാമോ?”
“ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. നദിയുടെ അടിത്തട്ടില്‍ പതുങ്ങിയിരുന്നു എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ പരമമായ സത്യം ഇവിടെയാണ്‌ വരുണ്‍. സത്യാന്വേഷികള്‍ എല്ലാം അവസാനം ഇവിടെ എത്തി ചേരുന്നു.”
“എനിക്ക് തിരിച്ചു പോകണം.” വരുണ്‍ പറഞ്ഞു.
“എന്തിനു? ഇവിടെ നോക്കൂ. എല്ലാം സ്വസ്ഥം. ശാന്തം. സ്വതന്ത്രം. നദിയില്‍ അലിഞ്ഞു ഒഴുകി കൊണ്ടെയിരിക്കൂ. കരയിലെ മത്സരത്തിലെക്ക്കും കെട്ടുകാഴ്ച്ചകളിലെക്കും എന്തിനു എന്തിനു നിനക്ക് തിരിച്ചു പോകണം? ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്?”
“എന്തിന്”
“ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചു മറ്റാര്‍ക്കും താങ്ങാനാവാത്ത സത്യങ്ങള്‍ തേടി നടക്കുന്ന മനസ്സുകളെ ഞാന്‍ ഇവിടെ നിന്നും ചൂണ്ടയിട്ടു വലിക്കും. എന്‍റെ കൂടെ വരൂ. അങ്ങനെ എത്രയെത്ര ആളുകള്‍ ആണ് ഇവിടെ ഉള്ളതെന്ന് ഞാന്‍ കാണിച്ചു തരാം. കരയില്‍ നിഷിദ്ധമായ പ്രണയം അരുതുകള്‍ ഇല്ലാതെ ഇവിടെ ആസ്വദിക്കുന്നവര്‍. കരയിലെ ദുഃഖം മുഴുവന്‍ ഇവിടെ കരഞ്ഞു തീര്‍ത്തു ആശ്വാസം കണ്ടെത്തുന്നവര്‍. നിലനില്‍പ്പിനായുള്ള സമരങ്ങള്‍ ചെയ്തു തളര്‍ന്നു ഇവിടെ ശാന്തി കണ്ടെത്തുന്നവര്‍. അസത്യങ്ങളും യുക്തികളും വാഴുന്ന കരയിലെ പൊള്ളത്തരങ്ങളില്‍ മനം മടുത്തു ഇവിടെ വന്നു അലിഞ്ഞു ചേര്‍ന്നവര്‍. അങ്ങനെ എത്ര എത്ര പേര്‍ ഇവിടെ സ്വര്‍ഗരാജ്യം കണ്ടെതിയിരിക്കുന്നു.”
“എനിക്ക് തിരിച്ചു പോകണം. കരയിലേക്ക്. എന്നെ കാത്തിരിക്കുന്നവളുടെ മടിയില്‍ തല വെച്ച്, അവളുടെ നനവും മണവും അറിഞ്ഞു ഉറങ്ങണം.” വരുണ്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഇനിയൊരു തിരിച്ചു പോക്കില്ല വരുണ്‍. എന്നെ പോലെ നീയും കരയില്‍ ശ്വാസം മുട്ടി ജീവിക്കുകയാണെന്ന് അറിഞ്ഞു ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്. നിന്റെ പ്രണയം ഒരു തടവറയാണ്. ഓര്‍ക്കൂ, ആലിംഗനങ്ങള്‍ ചങ്ങലകള്‍ പോലെ നിന്നെ ബന്ധിക്കുകയാണ്. ചുംബനങ്ങള്‍ നിന്നെ താഴിട്ടു പൂട്ടുകയാണ്. നീ തേടുന്ന ജീവിതവിജയം വെറും നീര്‍കുമിളകള്‍ പോലെയാണ്. ഇവിടെ എല്ലാം അനശ്വരമാണ്; ശാശ്വതമാണ്. നീയിവിടെ മീനുകളെ പോലെ സ്വതന്ത്രമായി ഇണചേരൂ. ആമകളെ പോലെ ആരെയും ഭയക്കാതെ ഉളവലിയൂ.കരജീവികള്‍ തേടുന്ന സ്വസ്ഥതയും ശാന്തിയും ആവോളം ആസ്വദിക്കൂ.”

വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ അവന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉയര്‍ന്നു അടിയൊഴുക്കിലേക്ക്‌ പോയി. കരജീവിതത്തില്‍ നിന്ന് എല്ലാ സിഗ്നലുകളും വിeച്ഛദിച്ചു കൊണ്ട്.
ബ്രഹ്മത്തില്‍ ലയിക്കുന്ന നിര്‍വൃതിയോടെ അവന്‍ രാമുവിന്റെ പിന്നാലെ അഗാധങ്ങളിലേക്ക് നീന്തി. ഗാഡനിദ്രയ്ക്കുള്ള അന്തപുരങ്ങള്‍ അവിടെ ഒരുക്കി വെച്ചിട്ടുണ്ടത്രെ. സ്ഥലകാല ബന്ധനങ്ങളില്‍ പെടാത്ത മഹാനദികളുടെ അടിത്തട്ടുകളില്‍, ഒരേ നദിയില്‍ രണ്ടു തവണ കാലു കുത്താനവില്ല എന്ന കരജീവികളുടെ ലളിതയുക്തികള്‍ക്ക് എന്ത് പ്രസക്തി? അവിടെ എല്ലാം ഒന്നാണ്. കോടിക്കണക്കിനു ആത്മാക്കള്‍ കാലാകാലങ്ങളായി തൊടുത്തു വിടുന്ന വിഷാദത്തിന്റെ ഗദ്ഗധങ്ങള്‍ നീരാവിയായി ഉയര്‍ന്നു കണ്ണീരായി പെയ്തു നിറയുന്ന ജലമല്ലേ നദികള്‍ വഹിക്കുന്നത്. ആ കണ്ണീരിന്റെ ഉപ്പുരസമല്ലേ അയാളുടെ വായില്‍ നിറയുന്നതും. ജന്മജന്മാന്തര്ങ്ങളായി ആത്മാക്കള്‍ പൊഴിക്കുന്ന കണ്ണീരില്‍ തന്‍റെ ദുഖവും ലയിപ്പിച്ചു അയാള്‍ അഗാധങ്ങളിലേക്ക് നീന്തി കൊണ്ടിരിന്നു.  ഗര്‍ഭപാത്രത്തിന്റെ നനവിലേക്ക് പുന:പ്രവേശിച്ചു ഒരു ഭ്രൂണത്തെ പോലെ ചുരുണ്ട് കൂടി ഉറങ്ങുവാന്‍.



Friday, 27 May 2016

ഭൃമ്ഗം (കഥ )


‘ഒറ്റ പൂമേലും ഇരിക്കില്ല മറ്റൊരു പൂവിന്റെ ചിന്ത കാരണം’ 

പ്രണയത്തിന്റെയും കാമത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന വണ്ട്‌ അങ്ങനെ പൂവില്‍ നിന്ന് പൂവിലേക്ക് പറന്നു മദിച്ചു

‘ഈ കവികള്ക്കൊക്കെ വട്ടാണ്.’ മറ്റൊരു വിരസദിനത്തെ ജീവിതത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ ഓര്‍ത്തു. ഉദ്യാനത്തിലെ പൂക്കളും സായാഹ്നസൂര്യന്റെ പ്രഭയും വണ്ടുകളുടെ മര്മരവും ഒക്കെ ആവര്‍ത്തനവിരസതയുളവാക്കി. വേലയും കൂലിയും ഒന്നുമില്ലാത്ത ഒരു കവിയായിരുന്ന്നെങ്കില്‍ കുറെ ഉപമയും ഉല്‍പ്രേക്ഷയുമൊക്കെ ചേര്‍ത്ത്, പ്രകൃതിദേവിയുടെ നൃത്തവിലാസത്തിന്‍ പ്രഭ ചൊരിയുന്നു എന്ന മട്ടിലുള്ള കുറച്ചു ക്ലീഷേകളും കൂട്ടിപിടിപ്പിച്ചു ഈ വിരസമായ സന്ധ്യയെ റൊമാന്റിസൈസ് ചെയ്യാമായിരുന്നു. പക്ഷെ അയാള്‍ ഒരു തികഞ്ഞ റിയലിസ്റ്റ് ആയിരുന്നു. സര്‍വോപരി ഒരു സത്യാന്വേഷിയും. കാല്പനികതയുടെ ചപലതകള്‍ക്ക് അയാള്‍ വശംവദനല്ലായിരുന്നു. കവികള്‍ ഭീരുക്കളാണ്. അവര്‍ക്ക് യാഥാർഥ്യത്തെ നേരിടാന്‍ ഭയമാണ്. അതിനാല്‍ അവര്‍ കാല്‍പനികതയില്‍ അഭയം തേടുന്നു. ഇല്ലാത്തത് ഉണ്ടെന്നു സങ്കല്‍പ്പിക്കുന്നു; ഉള്ളത് മറ്റെന്തോ ആണെന്നും. ഭാവനയുടെ തിമിരം ബാധിച്ചവര്‍. ഉദാഹരണത്തിന് ഈ വണ്ടുകളുടെ കാര്യമെടുക്കാം. ജീവനത്തിനായി അവ പൂക്കളുടെ തേന്‍ നുകരുന്നു. പരാഗണനം അതിന്‍റെ കൂട്ടത്തില്‍ യാദൃശ്ചികമായി സംഭവിച്ചു പോകുന്നു. അത് അവയുടെ കര്‍മ്മമോ ധര്‍മ്മമോ അല്ല. പക്ഷെ മൂഡരായ കവികള്‍ അവയെ വലിയ മന്മഥരായും പ്രണയത്തിന്‍റെ ദൂതന്മാരയും സങ്കല്‍പ്പിക്കുന്നു. എന്ത് അസംബന്ധം! അത് പോലത്തെ തന്നെ ഒരു ഭാവനാവൈകൃത്യം അല്ലേ പ്രണയത്തിനെ ഒരു മാസ്മരികഭാവമായി സങ്കല്പ്പിക്കുന്നതും.?

വണ്ടുകളുടെയും പൂക്കളുടെയും ഇടയിലിരുക്കുന്ന പ്രണയജോടികളെ അയാള്‍ പുച്ഛത്തോടെ നോക്കി. പ്രജനനം എന്ന സ്വാഭാവികകര്‍മത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതിനായി സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പ്രകൃത്യ തോന്നുന്ന ഒരു ആകര്‍ഷണഭാവത്തെ എന്തിനു ഇത്ര മഹത്വവല്‍ക്കരിക്കുന്നു. ശരീരത്തിലെ ചില കെമിക്കലുകളുടെ സങ്കലനം മൂലം ഉണ്ടാകുന്ന തികച്ചും യാന്ത്രികമായ പ്രക്രിയ. ദഹനവും വിസര്‍ജനവും ഒക്കെ പോലെ. അതിനെ ഈ മൂഡര്‍ പ്രണയമെന്നും അനുരാഗമെന്നും ഒക്കെ വാഴ്ത്തുന്നു. അതിന്‍റെ പേരില്‍ കവിതകള്‍ എഴുതുന്നു. സൌധങ്ങള്‍ നിര്‍മിക്കുന്നു. ഹോര്‍മോണുകള്‍ ഊതികത്തിക്കുന്ന അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന ജീവിതങ്ങളെ പ്രേമത്തിന്റെ വിശുദ്ധ പുരോഹിതന്മാരായി ചരിത്രം ഓര്‍മ്മിക്കുന്നു. ജീവിതം പഠിക്കുന്നതില്‍ നിന്നും സത്യം ഗ്രഹിക്കുന്നതില്‍ നിന്നും ഒരുവന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒരു വൈകാരികശുംഭത്തരം അല്ലെ പ്രണയം.   

അങ്ങനെ, സത്യന്വേഷിയായ അയാള്‍ ജീവിതസത്യങ്ങളുടെ പോരുളഴിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു വണ്ട്‌ അയാളുടെ ചെവിയിലേക്ക് ഇരച്ചു കയറി. ചെവിയുടെ ദ്വാരത്തിലൂടെ പ്രവേശിച്ചു വണ്ട്‌ അയാളുടെ മസ്തിഷ്കത്തിലേക്ക് നുഴഞ്ഞു കയറി. കാല്പനികതയുടെ ലോകത്ത് നിന്ന് തെറിച്ചു വന്ന ഒരു  ഉല്‍ക്ക പോലെ അത് അയാളുടെ യാഥാര്‍ഥ്യബോധത്തിലേക്ക് തുളച്ചു കയറി. യുക്തിയുടെയും ചിന്തയുടെയും മതിലുകള്‍ ഭേദിച്ചു അയാളുടെ തലച്ചോറിലെ തമോഗര്‍ത്തങ്ങളിലേക്ക് വണ്ട്‌ നിര്‍ഭയം പ്രവേശിച്ചു. ഇടയ്ക്ക്, അയാളുടെ നാഡിഞരമ്പുകളില്‍ ഷഡ്പദങ്ങള്‍ കൊണ്ട് തമ്പുരു മീട്ടി.  പതുപതുത്ത മസ്തിഷ്കകോശങ്ങളില്‍ കൊമ്പിട്ട് കുത്തി പുതിയ വികാരങ്ങളെ ഇളക്കി.

ഒരായിരം ഡ്രില്ലറുകള്‍ കൊണ്ട് തല തുരക്കുന്ന പ്രതീതിയാണ് അയാള്‍ക്ക് തോന്നിയത്. മനസ്സ് വണ്ട്‌ മൂളുന്ന ശബ്ദം കൊണ്ട് മുഖരിതമായി. വേറൊരു ചിന്തയില്ല; വികാരമില്ല; വിചാരമില്ല. ഒരേ താളത്തിലുള്ള വണ്ടിന്റെ മർമരം മാത്രം. ചെവി പൊത്തി പിടിച്ചു ഒരു ഭ്രാന്തനെ പോലെ അയാള്‍ തന്‍റെ താമസമുറിയിലേക്ക് ഓടി.
അയാളുടെ തലയോടിനുള്ളിലൂടെ വണ്ട്‌ പറന്നു കളിക്കുകയാണ്. വേദന കൊണ്ട് അയാള്‍ കട്ടിലില്‍ പുളഞ്ഞു. വിശപ്പും ദാഹവുമെല്ലാം അയാള്‍ മറന്നു. എന്തിനു അയാളുടെ സ്വത്വവും അസ്തിത്വവും വരെ. അത്രയും കാലത്തെ ജീവിതം കൊണ്ട് അയാള്‍ ശേഖരിച്ചു വെച്ചിരുന്ന സത്യങ്ങളുടെ രേഖകളെല്ലാം വണ്ട്‌ കാര്‍ന്നു തിന്നു. എന്നിട്ട് അയാളുടെ മസ്തിഷ്കത്തിലെ ചതുപ്പ്നിലങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. ജീവിതത്തില്‍ പലപ്പോഴായി കണ്ടുമുട്ടിയ സ്ത്രീകളുടെ രൂപങ്ങളും ഭാവങ്ങളും അവിടെ പൂഴ്ത്തിവെച്ചിരിക്കുന്നു. അയാളുടെ സത്യാന്വേഷണത്തിന് വിഘാതമാകാതിരിക്കാന്‍. മൈഥുന ഭാഗ്യം ലഭിക്കാതെ കുമിഞ്ഞു കൂടി ചീയുന്ന കാമനകള്‍. വണ്ട്‌ അവിടെയാകെ ഉഴുതു മറിച്ചു. സ്വപ്നത്തിലൂടെ അവിടെ ചാല് കീറി. കിനാവ് കറന്നെടുത്ത് പെയ്ത വാരിധിയില്‍ അവിടെയാകെ കഴുകി തെളിഞ്ഞു. മനസ്സിന്‍റെ അടിത്തട്ടിലേക്ക് ഖനിച്ച് ഇറങ്ങിയ വണ്ട്‌, അവിടെനിന്നും ഭാവനയുടെയും കാല്പനികതയുടെയും അയിരുകള്‍ സംസ്കരിച്ചു. അയാളുടെ അബോധത്തിന്റെ ഇരുണ്ട കവാടങ്ങള്‍ തുറന്നു. അധോലോകത്ത് നിന്നും വികാരങ്ങളുടെ ചാത്തന്മാര്‍ ഉണര്‍ന്നു.

വലിയൊരു ഗ്രന്ഥശാലയില്‍ പുസ്തകങ്ങള്‍ ക്രമമായി അടുക്കി വെച്ചത് പോലെയായിരുന്നു ഓര്‍മ്മകളും അറിവുകളും അയാളുടെ സ്മൃതികോശങ്ങളില്‍. വണ്ട്‌ അവിടെയെല്ലാം ഓടി നടന്നു എല്ലാം കുഴച്ചു മറിച്ചു. ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ് പിറ്റേന്നു കാലത്ത് അയാള്‍ എഴുന്നേറ്റത്. ഇന്നലെ വരെ താന്‍ ആര് എന്ന ചിന്ത അയാള്‍ക്ക്‌ നഷ്ടമായി. ഒരു നോണ്‍ലീനിയര്‍ സിനിമയിലെത് പോലെയായി അയാളുടെ ചിന്തകളുടെ രേഖീയത. ആധിയും അന്തവും പിടി കിട്ടാത്ത അവസ്ഥ. ജീവിതത്തില്‍ അന്നേ വരെ മദ്യപിച്ചിട്ടില്ലാത്ത അയാള്‍ക്ക്‌ ലഹരിയുടെ ആസ്വാദനം കിട്ടി.

ഹൈപോതലാമസ് ഗ്രന്ഥിയിലേറി വണ്ട്‌ ഒരു സവാരി തുടങ്ങി. ഹോര്‍മോണുകളുടെ അനിര്‍ഗള പ്രവാഹം. ഓക്സിടോസിനും ഡോപാമിനും മറ്റും കൊണ്ട് രക്തകുഴലുകള്‍ വീര്‍ത്തു. ആനന്ദസ്രവങ്ങള്‍ കൊണ്ട് തലച്ചോര്‍ കുതിര്‍ന്നു. അന്ന് അവളെ കണ്ടപ്പോള്‍ അയാള്‍ പതിവ് പോലെ പരിഭ്രമിച്ചില്ല. അപകര്‍ഷത കൊണ്ട് പതുങ്ങിയില്ല. ഉള്ളിലെ അരക്ഷിതബോധം മറയ്ക്കാന്‍ കൃതൃമഗൌരവം നടിച്ചില്ല. മുഖത്തെ പേശികള്‍ അയഞ്ഞു. കണ്ണുകള്‍ തിളങ്ങി. ചുണ്ടുകള്‍ വിടര്‍ന്നു. ഒരു നിമിഷത്തേക്ക് അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ തീപ്പോരികള്‍ ചിതറി. അയാള്‍ ഹൃദയം തുറന്നു ചിരിച്ചു. അവളും. അവളുടെ ഈ ചിരിക്ക് വേണ്ടി അയാള്‍ ഇത്രയും കാലം എന്തൊക്കെ ചെയ്തുകൂട്ടി. യുദ്ധങ്ങള്‍ ചെയ്തു. സാമ്രാജ്യങ്ങള്‍ കെട്ടിപോക്കാന്‍ ശ്രമിച്ചു. ജ്ഞാനത്തിന്റെയും യശസ്സിന്റെയും കുലപതിയാകാന്‍ നോക്കി. അങ്ങനെ എത്രയെത്ര പോരാട്ടങ്ങള്‍; പ്രയത്നങ്ങള്‍. ഒന്നും ആവശ്യമില്ലായിരുന്നു. വെറുതെ അവളുടെ കണ്ണുകളില്‍ നോക്കി ഒരു ചെറു പുഞ്ചിരി നല്‍കിയാല്‍ മാത്രം മതിയായിരുന്നു.

അയാളുടെ തലച്ചോര്‍ തുരന്ന്‍ വാസമുറപ്പിച്ച വണ്ട്‌ അവിടെയിരുന്നു പ്രണയത്തിന്‍റെ കിന്നരവീണകള്‍ മീട്ടി. അവനും അവളും നീലതടാകങ്ങളില്‍ ഒരുമിച്ചു നീന്തി. വാനമേഘങ്ങളില്‍ പറന്നുല്ലസിച്ചു. അവസാനം, അവനു നുകരാവുന്ന അത്ര അടുപ്പത്തില്‍ അവളുടെ ചുണ്ടുകള്‍ വന്നു ചേര്‍ന്നു. ഹൈപോതലാമാസില്‍ ആഞ്ഞു ചവുട്ടി വണ്ട്‌ ഓക്സിടോസിന്‍ പ്രവാഹം കൂട്ടി. അവരുടെ ചുണ്ടുകള്‍ ഒട്ടി. ഭൂമിയിലെ സ്വര്‍ഗം പ്രണയിനിയുടെ ചുണ്ടുകളില്‍ സ്ഥിതി ചെയ്യുന്നു എന്ന സത്യം അയാള്‍ മനസ്സിലാക്കി.

പ്രണയകോശങ്ങളില്‍ മദനോത്സവം ആടികൊണ്ടിരുന്ന വണ്ട്‌, അയാളുടെ ഉള്ളിലെ പുരുഷന്റെ അഹന്ത പൂര്‍ണമായി തകര്‍ത്തു. അവന്‍ അവളുടെ മുന്നില്‍ മുട്ട് കുത്തി. അനാദികാലം മുതല്‍ പുരുഷകുലം സ്ത്രീത്വത്തിനോട് ചെയ്ത എല്ലാ പാതകങ്ങളും ഏറ്റു പറഞ്ഞു അവന്‍ കുമ്പസാരിച്ചു. അവളുടെ സ്ത്രീത്വത്തിന്റെ മാര്‍ദവം; അതിന്‍റെ നനവ്‌- അവനത് അറിഞ്ഞു.

പ്രിയ ഭൃമ്ഗമേ, സ്നേഹത്തിന്റെ ഈ വീഞ്ഞ്പാത്രം പാനം ചെയ്യാന്‍ അനുഗ്രഹം തന്ന നിനക്ക് ഒരായിരം സ്തുതി’. അയാള്‍ മനസ്സില്‍ പാടി.

നിലത്തു കിടന്ന അവനെ അവള്‍ പുതഞ്ഞു. ഭൂമിയെ ആകാശം വന്നു മൂടുന്നത് പോലെ. അവളുടെ മുടിയിഴകള്‍ അവനു മീതെ പൂത്തുലഞ്ഞു നിന്നു. വണ്ടിന്റെ പെരുമ്പറനൃത്തം ശിരസ്സിനുള്ളില്‍. ഇത്രയും കാലം സംസ്കരിച്ചു വെച്ചിരുന്ന സ്വാഭാവികചോദനകള്‍ ഉള്ളില്‍ ഉണര്‍ന്നു. മൂര്‍ച്ഛയിലേക്ക് അടുക്കും തോറും അവന്റെ ആത്മാവ് അവനെ വിട്ടു പോകാന്‍ വെമ്പി നിന്നു. സ്ഖലനത്തിന്റെ ആ നിമിഷത്തില്‍ തന്നെ മറ്റേ ചെവിയിലൂടെ വണ്ട്‌ പുറത്തേക്കു പറന്നു. തലയ്ക്കുളില്‍ മാരകമായ ഒരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ട്.

ഹോര്‍മോണുകളുടെ വേലിയേറ്റം നിലച്ചു. തന്‍റെ ദേഹത്ത് നിന്നും അയാള്‍ അവളെ തള്ളി താഴെയിട്ടു. താന്‍ നഗ്നന്‍ ആണെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ അയാള്‍ പെട്ടെന്ന് വസ്ത്രമുടുത്തു. മസ്തിഷ്കത്തിലെ പ്രക്ഷുബ്ധാവസ്ഥ നിന്നു. ഓര്‍മ്മകളും അറിവുകളും അയാളുടെ മനസ്സിന്‍റെ റാക്കുകളില്‍ തിരിച്ചു കയറ്റപ്പെട്ടു. അടുക്കും ചിട്ടയും ക്രമവും അയാളുടെ തലച്ചോറില്‍ പുനസ്ഥാപിക്കപ്പെട്ടു.

അവളുടെ നഗ്നതയിലേക്ക്‌ അവന്‍ നോക്കി. അതവന് വളരെ നിന്ദ്യവും നികൃഷ്ടവുമായി തോന്നി. വിയര്‍പ്പുമണവും ദുര്‍ഗന്ധവും വമിക്കുന്ന അവളുടെ ശരീരത്തിലുടനീളം തന്‍റെ നാവു ഓടിച്ചതോര്തപ്പോള്‍ അയാള്‍ക്ക് ഓക്കാനം വന്നു. അവിടെ നിന്നും അയാള്‍ ഇറങ്ങി ഓടി. ഓരോ നിമിഷവും ചീഞ്ഞളിഞ്ഞു കൊണ്ടിരിക്കുന്ന ശരീരങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഇത്തരം ആഭാസനൃത്തങ്ങള്‍ എന്ത് ആനന്ദമാണ് നല്‍കുന്നതെന്ന് അയാള്‍ അദ്ഭുതപെട്ടു. നൈമിഷികമായ ഒരു ബോധംമറയല്‍. അതില്‍ കവിഞ്ഞു എന്താണിത്. ഇതിനു വേണ്ടിയാണോ ആളുകള്‍ ജീവിതം ഹോമിക്കുന്നത്. ഹോര്‍മോണുകളുടെ തള്ളികയറ്റത്തിനനുസരിച്ചു  തത്തി കളിക്കുന്ന പാവകള്‍ ആണല്ലോ മനുഷ്യര്‍!!

പൂക്കള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളെ പുച്ഛത്തോടെ നോക്കി അയാള്‍ തന്‍റെ യാതാര്‍ത്ഥ്യബോധത്തിന്റെ മുറിയില്‍ കയറി കതകടച്ചു. ലോകത്തിനു നേരെയും അതിനു പുറമേ വിശാലമായി കിടക്കുന്ന ജീവിതത്തിനു നേരെയും ജനലുകള്‍ കൊട്ടിയടച്ചു. എന്നിട്ട് ജീവിതം പഠിക്കാനും സത്യം അന്വേഷിക്കാനുമുള്ള ധ്യാനചര്യയില്‍ മുഴുകി. 

Monday, 4 April 2016

കൊടുങ്ങല്ലൂര്‍ വഴി ഖസാക്കിലേക്ക്; അതിരുകള്‍ ഭേദിക്കുന്ന അരങ്ങിന്റെ സഞ്ചാരം

മുസിരിസ്’ എന്ന വിസ്മൃതിയിലാണ്ട ഒരു പ്രാചീന കോസ്മോപോളിറ്റന്‍ നാഗരികതയുടെ ഭാഗമെന്ന് ചരിത്രകാരന്മാര്‍ കരുതുന്ന കൊടുങ്ങല്ലൂര്‍ നിരവധി ഇതിഹാസങ്ങള്‍ കുടികൊള്ളുന്ന മണ്ണാണ്. കൊടുങ്ങല്ലൂരമ്മയുടെയും തോമാശ്ലീഹയുടെയും ചേരമന്‍ പെരുമാളിന്റെയും ഇതിഹാസങ്ങള്‍. പെരിയാറും അറബിക്കലും സംഗമിക്കുന്ന ഈ തീരത്ത്, ഇസ്ലാമിക-ഹൈന്ദവ-ക്രിസ്തീയ സംസ്കാരങ്ങളുടെ സങ്കലനവും കാണാം. യൂറോപ്യന്‍മാരുടെ ഉച്ചാരണത്തില്‍ ‘ക്രാങ്ങനോര്‍’ ആയിരുന്ന ഈ തന്ത്രപ്രധാന കേന്ദ്രത്തിനു വേണ്ടി പോര്ച്ചുഗീസുകാരും ഡച്ചുകാരും ഒരു പോലെ പയറ്റി. അങ്ങനെ നിരവധി ഇതിഹാസങ്ങള്‍ ഉള്ളില്‍ പേറുന്ന കൊടുങ്ങല്ലൂരിന് ഇനി ഖസാക്കിന്റെ ഇതിഹാസങ്ങളും സ്വന്തം. ഒ.വി. വിജയന്‍റെ ‘ഖസാക്കിന്റെ ഇതിഹാസത്തിന്’ ദീപന്‍ ശിവരാമന്‍ നല്‍കിയ നാടകാവിഷ്കാരത്തിന് ഈ ചരിത്രഭൂമി വേദിയായത് കേവലം ആകസ്മികതയല്ല, ചരിത്രപരമായ ഒരു അനിവാര്യതയാണെന്ന് കരുതുന്നതാവും ഉചിതം.

മുസിരിസിന്റെ പോലെ ലോക സംസ്കാരത്തിലേക്ക് കണ്ണും കാതും തുറന്നു വെച്ചിരിക്കുന്നതല്ല ഖസാക്കിന്റെ സംസ്കൃതി. ചെതലിമലയുടെ അതിരുകള്‍ക്കുള്ളിലുള്ള ഒരു കൊച്ചു ലോകം ആണത്. എന്നിരുന്നാലും അവിടെയും പല സങ്കലനങ്ങളും സംഗമങ്ങളും ദര്‍ശിക്കാനാകും. ഇസ്ലാമിക മിത്തുകളും ഹൈന്ദവ ബിംബങ്ങളും തമിഴകവും മലയാളവും എല്ലാം ഇടകലര്‍ന്ന നിരവധി വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും ഉള്ള ഒരു സംസ്കാരപരിസരത്താണ് ഖസാക്ക് നിലകൊള്ളുന്നത്‌. സ്റ്റേറ്റിന്റെയും പോലീസിന്റെയും കൈപ്പിടിക്ക് വെളിയിലായ ആ ജനത അക്ഷരാര്‍ത്ഥത്തില്‍ സ്വയംഭരണമുള്ളവരാണ്. ഷെയ്ഖ് തങ്ങളും ഭഗവതിയും ഒക്കെ ഉള്‍പ്പെടുന്ന അവരുടെ വിശ്വാസങ്ങളും മിത്തുകളും മാത്രമാണ് അവരെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും.  അവിടെക്കാണ് മോക്ഷം തേടി രവി എത്തിപ്പെടുന്നത്. അസ്തിത്വദുഃഖം മാത്രം പ്രധാനം ചെയ്ത, തന്‍റെ ആസ്ട്രോഫിസിസ്റ്റിന്റെ ഗവേഷകയുക്തി ഉപേക്ഷിച്ച്, ആയാളും ഖസാക്കിന്റെ ആയുക്തികള്‍ ആഘോഷിക്കുന്നു. നാഗരിക സദാചാരമൂല്യങ്ങള്‍ സമ്മാനിച്ച പാപബോധത്തില്‍ നിന്ന്, എല്ലാ തരം ആരാജകത്വങ്ങള്‍ക്കും വളക്കൂറുള്ള ഖസാക്കിന്റെ മണ്ണ് അയാള്‍ക്ക്‌ മുക്തി നല്‍കുന്നു.



കൃത്യമായ കലാവൈഭവത്തോടെ പടുത്തുയര്‍ത്തിയ നാടകത്തിന്റെ രംഗപരിസരം, നമ്മുടെ സങ്കല്പങ്ങളിലെ ഖസാക്കിനെ അപനിര്മിക്കുകയും പുനനിര്‍മിക്കുകയും ചെയ്യും. ഒരു ഖബറിടത്തിന്റെയോ, അല്ലെങ്കില്‍ ഒരു എക്സ്കവേഷന്‍ സൈറ്റിന്റെയോ പ്രതീതി ജനിപ്പിക്കുന്ന രംഗവേദി. മുസിരിസിനെ തേടി ഖനനം നടക്കുന്ന കൊട്ടപ്പുറത്തെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കോട്ടപരിസരത്തോട് നാടകവേദിക്ക് സാമ്യം തോന്നിയത് മറ്റൊരു ആകസ്മികതയാകാം. മരണത്തെയും മറവിയെയും ഭേദിച്ചു കൊണ്ട്, ചരിത്രത്തിന്‍റെ ഭൂഗര്‍ഭത്തില്‍ നിന്നും ഖസാക്കിലെ കഥാപാത്രങ്ങള്‍ നമുക്ക് മുന്നില്‍ ഉദയം ചെയ്യുന്നു. കത്തിച്ചു പിടിച്ച ചൂട്ടുകളുമായി, ദിക്കറിയാതെ അലയുന്ന പരേതാത്മാക്കളുടെ ഒരു ഘോഷയാത്രയായാണ്‌ അവര്‍ നമുക്ക് മുന്നില്‍ അവതരിക്കപ്പെടുന്നത്. അതെ, വിസ്മൃതിയിലായ ഒരു ഭൂതകാലത്തില്‍ നിന്നുകൊണ്ടാണ് അവര്‍ നമ്മോടു സംവദിക്കുന്നത്. ജീവാഗ്നി അണയാതിരിക്കാന്‍ ക്ലേശിച്ചു കത്തുന്ന അലിയാരുടെ ചായക്കടയിലെ സമോവാറും, കാലപടത്തില്‍ ഖസാക്കുകാരുടെ ഏടുകള്‍ കൂടി തുന്നിചേര്‍ക്കാന്‍ ശ്രമിക്കുന്ന മാധവന്‍ നായരുടെ തയ്യല്‍ മെഷിനും വേദിയില്‍ സദാ സ്ഥിതി ചെയ്യുന്നു. എല്ലാത്തിനും മൂകസാക്ഷികളായി. ചൂട്ടുകളും, പന്തകളും,  റാന്തലുകളും, മണ്‍കലങ്ങളും, തീയും മണ്ണും പുകയും വെള്ളവും ചന്ദനത്തിരികളും ഒക്കെയുള്ള വളരെ ജൈവികമായ ഒരു പരിസരത്താണ് നാടകം അരങ്ങേറുക.

നോവലില്‍ നിന്ന് വ്യത്യസ്തമായി, രവിയുടെ മനോവ്യഥകള്‍ക്കല്ല നാടകത്തില്‍ പ്രാധാന്യം. രവി ഇവിടെ ഒരു കഥാപാത്രം മാത്രമാണ്. വളരെ ശ്രദ്ധേയമായി തോന്നിയത് നൈജാമലിക്കും കുപ്പുവച്ചനും നാടകത്തില്‍ ലഭിച്ചിരിക്കുന്ന പുനഃസൃഷ്ടിയാണ്. ഒരു നീഷേയന്‍(Nietzschean) അതികായനെ പോലെ, നിറഞ്ഞു നില്‍ക്കുകയാണ് നൈജാമലി. ഒരു അവധൂതനായി ഖസാക്കില്‍ പ്രത്യക്ഷപ്പെട്ട്, അള്ളാപിച്ച മൊല്ലാക്കയുടെ വത്സലനായി, പിന്നെ മൈമുനയുടെ കാമുകനായി, അവളെ നഷ്ടപ്പെട്ടു വിരഹിയായി, എന്നാല്‍ പരാജയം സമ്മതിക്കാതെ ബീഡി മുതലാളിയായി, ക്രമേണ കമ്മ്യുണിസ്റ്റ് ആയി, അവസാനം ഒരു മിസ്റ്റിക് അവധൂതനായി വീണ്ടും ഖസാക്കില്‍ പ്രത്യക്ഷപ്പെട്ട് ജീവിതചക്രം പൂര്‍ത്തിയാക്കിയ നൈജാമാലിയുടെ ജീവിതപരിണാമങ്ങളില്‍ നാടകീയത മുറ്റി നില്‍ക്കുന്നുണ്ട്. അത് പരമാവധി നാടകത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. പുക ചുറ്റിയ കണ്ണുകളുമായി നൈജാമലി ഒരു ജിന്നിനെ പോലെ പ്രേക്ഷകരുടെ ഉള്ളിലേക്ക് നടന്നു കയറുന്നു. അതുപോലെ, ഖസാക്കിലെ എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായ ചെത്തുകാരനായ കുപ്പുവച്ചന്‍. സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാവുക മാത്രമല്ല, അവയ്ക്ക് തന്റേതായ വ്യാഖ്യാനവും അര്‍ത്ഥവും നല്‍കി പുനസൃഷ്ടിക്കുന്ന കുപ്പുവച്ചന്റെ ഉള്ളിലെ നീറ്റലുകള്‍ക്കും നാടകത്തില്‍ പുതിയൊരു മാനം കൈവരുന്നു.

മരണവും രതിയും തമ്മില്‍ കാവ്യാത്മകാമായ ഒരു പാരസ്പര്യം ഉണ്ടെന്ന ദര്‍ശനം വിജയന്‍റെ നോവലില്‍ പ്രകടമാണ്. ആ ദര്‍ശനത്തിനു ദൃശ്യഭാഷ നല്‍കുന്നുണ്ട് നാടകം. നാടകത്തില്‍ സംഭവിക്കുന്ന മരണങ്ങള്‍ ഒരു ദൃശ്യവിരുന്നായി ആഘോഷിക്കപ്പെടുന്നുണ്ട്. ചക്രു റാവുത്തരുടെ കിണറ്റില്‍ ചാടിയുള്ള ആത്മഹത്യ, അയാളെ ജീവനോടെ കുഴിച്ചുമൂടുന്നതായാണ് അവതരിക്കപ്പെടുന്നത്. കുടല് പൊട്ടി നീലി മരിക്കുന്നത് വേദിയില്‍ കത്തുന്ന തീവൃത്തത്തിനുള്ളില്‍ പിടഞ്ഞു കൊണ്ടാണ്. നീലി മരിച്ചതില്‍ പിന്നെ അനാഥനായ അപ്പുക്കിളിയുടെ വേദന വിജയന്‍ വിവരിക്കുന്നത് ഇങ്ങനെയാണ് : “അപ്പുക്കിളി നാലഞ്ചു ദിവസം പണിക്കന്‍പോട്ടയില്‍(ശവപ്പറമ്പ്) കരഞ്ഞു കിടന്നു. രാത്രികാലങ്ങളില്‍ മുനിയിരപ്പകളിലും പാലകളിലും കാലന്‍കോഴികള്‍ പറന്നെത്തി. അവ അവനോടു സംസാരിച്ചു. രാത്രി, മഴ പെയ്തപ്പോള്‍, ചുളുക്കുന്ന കനല്‍തുള്ളികള്‍ അവന്റെമേല്‍ വീണു.” ഈ വരികള്‍ക്ക് നാടകത്തില്‍ നല്‍കിയ രംഗഭാഷ്യം അത്യന്തം ഹൃദ്യമായിരുന്നു. കാലന്‍കോഴികളായി പറന്നെതിയത്, പരലോകത്ത് നിന്ന് അപ്പുക്കിളിയുടെ നാല് അമ്മമാരുടെയും ആത്മാക്കള്‍ ആയിരുന്നു. അവര്‍ അവനെ തലോടുന്നു. താരാട്ട് പാടുന്നു. ആശ്വസിപ്പിക്കുന്നു. അവനോടൊപ്പം കരയുന്നു. പ്രേതങ്ങള്‍ക്കും ജിന്നുകള്‍ക്കും ആത്മാകള്‍ക്കും പൌരാവകാശം ഉള്ള ഖസാക്കില്‍ ജീവാതിര്ത്തികള്‍ ഭേദിക്കുന്ന അത്തരം സഞ്ചാരങ്ങള്‍ സാധ്യമാണ്.



അതുപോലെ ഖസാക്കില്‍ വസൂരി മരണത്തിന്റെ ക്രൂരമായ വിളയാട്ടം നടത്തുന്നുണ്ട്. പ്രദര്‍ശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടം പോലെ ഖസാക്കുകാര്‍ കിടന്നു. ചലത്തിന്റെ മഞ്ഞപ്പൂക്കള്‍ കൊണ്ട് പൂക്കുടിലുകള്‍ പണിഞ്ഞു. പൂവിറുത്തു മുടിയില്‍ ചൂടി നല്ലമ്മ നടമാടി. സന്നിയില്‍, മയക്കത്തില്‍, ഖസാക്കുകാര്‍ അവളെ കണ്ടു. അവളെ കാമിച്ചു. സുരതക്രിയ പോലെ രോഗം ആനന്ദന്‍മൂര്‍ച്ച്ഛയായി. അങ്ങിനെ അവര്‍ മരിച്ചു. വിജയന്‍ വിവരിക്കുന്ന മരണത്തിന്റെ ഈ കൂട്ടഭോഗം വേദിയില്‍ വന്യതയോടെയും ഭയാത്മകതയോടെയും ആവിഷ്കരിച്ചിരിക്കുന്നു. മരണത്തിന്റെ കറുത്ത കുപ്പായവും മുഖംമൂടിയും ധരിച്ചു വന്ന നല്ലമ്മ ഖസാക്കുകാരെ തൂത്ത്കൂട്ടി ചിതയിലെക്കിടുന്നു. പായില്‍ പൊതിഞ്ഞു കെട്ടപ്പെട്ട് നടന്നു വരുന്ന മനുഷ്യക്കോലങ്ങള്‍, ഓരോന്നോരോന്നായി അഗ്നിക്കിരയാകുന്നു. തീയും പുകയും ചന്ദനത്തിരികള്‍ കത്തുന്ന മണവും എല്ലാം മരണത്തിന്റെ സാന്നിദ്ധ്യം പ്രേക്ഷകരുടെ ഇടയില്‍ സൃഷ്ടിക്കുന്നു.

രതിയും മരണവും തമ്മിലുള്ള സമന്വയവും നമുക്ക് നാടകത്തില്‍ കാണാവുന്നതാണ്. തന്‍റെ കാമവികാരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് രവിയുടെ ആന്തരികസംഘര്‍ഷങ്ങള്‍ക്ക് കാരണം. ചിറ്റമ്മയുമായുള്ള ബന്ധം. അത് മൂലം അച്ഛനോട് ചെയ്യുന്ന വഞ്ചന. അത് സൃഷ്ടിക്കുന്ന ഈഡിപ്പല്‍ പ്രതിസന്ധി. തത്ഫലമായി കാമുകി പത്മ നല്‍കുന്ന സ്നേഹവും സ്വീകരിക്കാന്‍ കഴിയാതെ വരുന്നു. ആരംഭത്തില്‍ തന്നെ പ്രതീകാത്മകമായി ഇത് ചിത്രീകരിക്കുന്നുണ്ട്. മനസ്സിന്‍റെ അധോതലത്തില്‍ നിന്ന് ഉദയം ചെയ്യുന്ന ചിറ്റമ്മയുടെ രൂപം അയാളെ വേട്ടയാടുന്നു. പശ്ചാത്തലത്തില്‍ പത്മ അവനെ വിളിക്കുന്നു. പക്ഷെ അവന്‍ എല്ലാം വിട്ടെറിഞ്ഞ്‌ ഖസാക്കില്‍ എത്തുന്നു. സ്ത്രീയില്‍ നിന്നും പ്രണയത്തില്‍ നിന്നും കാമത്തില്‍ നിന്നും എല്ലാം ഉള്ള ഒരു ഒളിച്ചോട്ടമായി രവിയുടെ പലായനത്തെ കാണാവുന്നതാണ്. പക്ഷെ അരുതുകളും വിലക്കുകളും ഇല്ലാത്ത ഖസാക്കിന്റെ ലോകത്ത് അയാള്‍ക്ക് തന്‍റെ കാമാനകളോട് നിസ്സംഗത പുലര്‍ത്താനാകുന്നില്ല. ചാന്തുമ്മ, കേശി, മൈമുന്ന- ഇവരൊക്കെ അത്യധികം ലാഘവത്തോടെ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വേഴ്ചയ്ക്കായി രവി ഇറങ്ങുന്നത് കല്ലറയിലേക്കാണ്. അള്ളാപിച്ചമൊല്ലാക്കയെ പിന്നീട് ഖബറടക്കുന്ന കല്ലറയിലേക്ക്. നൈജാമലി നീലിയെ പ്രാപിക്കുന്നതും ഇതേ കല്ലറയില്‍ ആണ്. രവി മൈമുനയെ പ്രാപിക്കുന്നത് കലാപരതയോടെ അവതരിക്കപ്പെടുന്നുണ്ട്. വേദിയില്‍ സൃഷ്ടിക്കപെടുന്ന മഴയില്‍, കൃത്രിമമെങ്കിലും പുതുമഴയുടെ മണം ഉണര്‍ത്തുന്ന ആ മഴയില്‍, രവി ആനന്ദമൂര്‍ച്ച്ഛ പ്രാപിക്കുകയും തന്‍റെ സ്വത്വം വീണ്ടെടുക്കുകയും ചെയ്യുന്നു. പിന്നീട്, തന്‍റെ ഉള്ളിലെ പാമ്പിന്റെ അസ്ഥി പുല്‍കി മരണത്തെ പുല്കുമ്പോഴും, രവിയുടെ മുഖത്ത് അതെ ഭാവങ്ങളാണ്- ആനന്ദമൂര്‍ച്ച്ഛയുടെ. സര്‍പ്പദംശനവും പെണ്ണിന്‍റെ ചുംബനവും ഒരേ നിര്‍വൃതി ഉളവാക്കുന്നു രവിയില്‍.

രേഖീയമായ രീതിയില്‍, ഒരു സമയത്ത് ഒരു സംഭവം എന്ന നിലയില്‍ അല്ല രംഗസംവിധാനം നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. പശ്ചാത്തലത്തില്‍ പലതും അരങ്ങേറുന്നു. എല്ലാത്തിനെയും കൂട്ടിയിണക്കിയ ഒരു ഭാവമാണ് പ്രേക്ഷകമനസ്സില്‍ സൃഷ്ടിക്കപ്പെടുക. കഥാപാത്രങ്ങളുടെ ബോധ-അബോധ മനസ്സില്‍ അരങ്ങേറുന്ന പല ചിന്തകളും കാമനകളും അങ്ങനെ സമര്‍ത്ഥമായി സമന്വയിപ്പിക്കാന്‍ ഈ അവതരണരീതി കൊണ്ട് സാദ്ധ്യമാകുന്നു. ഉദാഹരണത്തിനു രവിയും പത്മയും തമ്മില്‍ കണ്ടുമുട്ടുന്ന രംഗം. ഖസാക്ക് വിട്ടു തന്‍റെ കൂടെ വരികയില്ലേ എന്ന് പത്മ ചോദിക്കുന്നു. അവരുടെ സംഭാഷണത്തിന് സമാന്തരമായി നമ്മള്‍ നൈജാമലിയെയും കാണുന്നുണ്ട്. മൊല്ലാക്കയെ ഖബറടക്കിയതിനു ശേഷം അയാള്‍ ചന്ദനത്തിരികള്‍ കത്തിച്ചു ഭ്രാന്തമായി അന്ത്യക്രിയകള്‍ ചെയ്യുകയാണ്. കാമുകിയുമായി സംസാരിക്കുമ്പോഴും രവിയുടെ അബോധത്തില്‍ ഖസാക്ക് ആണ്. നൈജാമാലിയും മൊല്ലാക്കയും മൈമുനയും എല്ലാം ഉള്ള ഖസാക്ക്. പിന്നെ എങ്ങനെ ഖസാക്ക്‌ വിട്ടു പോരും. പരേതാത്മാക്കളുടെ ഘോഷയാത്ര വന്നു രവിയും തങ്ങളുടെ കൂടെ കൂട്ടി കൊണ്ട് പോവുകയാണെന്ന് അവസാനം.

ചന്ദ്രന്‍ വേയാട്ടുമ്മല്‍ ക്രമപ്പെടുതിയ നാടകത്തിന്റെ സംഗീതത്തെ പറ്റി എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് നാടകത്തിന്റെ തീം സോംഗ്. ബാങ്ക് വിളിയുടെ താളത്തിലുള്ള സംഗീതം നമ്മുടെ അന്തരംഗങ്ങളെ ആകമാനം ഉലയ്ക്കുന്നു. അഭൌമികമായ ഒരു അനുഭൂതി ജനിപ്പിക്കുന്നു. പരേതാത്മാക്കളുടെ ഘോഷയാത്രയ്ക്ക് ഉചിതമായ വാദ്യഅകമ്പടി. ബാങ്ക് വിളിയും വെളിച്ചപ്പാടിന്റെ അരമണികിലുക്കവും മാപ്പിളതാളവും ചെണ്ടമേളവും എല്ലാം ചേര്‍ന്ന് സങ്കലിക്കുന്ന പശ്ചാത്തലസംഗീതം ഖസാക്കിന്റെ സറിയല്‍ അന്തരീക്ഷത്തെ അനുഭവവേദ്യമാക്കുന്നു.



കേവലം ഒരു നാടകാവിഷ്കാരം എന്നതില്‍ ഉപരി ഇതൊരു പുനരാഖ്യാനമാണ്. നാടകം കണ്ട ഒരാള്‍ക്ക്‌ ദീപന്‍ ശിവരാമന്റെ സങ്കല്‍പത്തിലൂടെയല്ലാതെ ഇനി ഖസാക്കിനെ സമീപിക്കാനാവില്ല. ഖനനത്തിലൂടെ ചരിത്രത്തില്‍ നഷ്ടപ്പെട്ടതൊക്കെ അന്വേഷിച്ചു കണ്ട് പിടിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്ന മുസിരിസിന്റെ മണ്ണില്‍ ഖസാക്ക് അവതരിക്കുമ്പോള്‍, പ്രേക്ഷകരും ഖനനം നടത്തുന്നു. തങ്ങള്‍ അറിഞ്ഞ ഖസാക്കില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്. അവനവന്റെ ഉള്ളിലേക്കും, അതുപോലെ ചരിത്രത്തിന്‍റെ പിന്നിലേക്കും ഒരു അന്വേഷണത്തിന് ആ  ഖനനം കാരണമാകുന്നു. കാരണം ഖാസക്ക് പോലെയുള്ള ഒരു മായഭൂമിയില്‍ അകപ്പെടാന്‍ നാമും കൊതിക്കുന്നുണ്ട്‌. കാലചക്രത്തിന്റെ നിര്‍ദ്ദയ കറക്കത്തില്‍ ഖസാക്കും മുസിരിസ് പോലെ വിസ്മൃതിയില്‍ മറയാന്‍ നാം താല്പര്യപ്പെടുന്നില്ല. പുസ്തകത്താളുകളിലൂടെ മാത്രം പരിചിതമായ ഖസാക്കിന്റെ അമൂര്‍ത്ത ലോകത്തിനു, ഒരു സമൂര്‍ത്ത രൂപം ലഭിച്ചതോടെ, സ്മൃതിപടത്തില്‍ ഖസാക്കിന്റെ ആയുസ് നീട്ടപ്പെട്ടിരിക്കുകയാണ്.

പണ്ട് ലോകാരംഭത്തില്‍ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥ നോവലില്‍ പറയുന്നുണ്ട്. നാടകത്തില്‍ അത് ആവര്‍ത്തിക്കുന്നുമുണ്ട്. അസ്തമയത്തിന്റെ താഴ്വരയില്‍ നിന്ന് മുന്നോട്ട് നീങ്ങിയ ചെറിയ ബിന്ദ വലിയ ബിന്ദുവിനോട് പറയുന്നു. ഇതിന്റെ അപ്പുറം കാണണ്ടേ? ഏട്ടത്തി പറയുന്നു, ഞാന്‍ ഇവിടെ തന്നെ നില്‍ക്കട്ടെ. മുന്നോട്ട് പോയ ചെറിയ ബിന്ദുവിനോട് ഏട്ടത്തി പറയുന്നു. അനുജത്തി നീ ഏട്ടത്തിയെ മറക്കുമോ. ഇല്ലെന്നു അനുജത്തി വാഗ്ദാനം ചെയ്യുന്നു. യുഗങ്ങളുടെ പരിണാമാന്തരം, ഒരു പെണ്‍കുട്ടി ഒരു ചെമ്പകത്തിന്റെ പൂ നുള്ളിയെടുതപ്പോള്‍, ചെമ്പകം പറഞ്ഞു, അനുജത്തി നീ എന്നെ മറന്നുവല്ലോ. അങ്ങനെ യുഗങ്ങള്‍ക്കു മുന്‍പ് നടന്നകന്ന രണ്ടു ജീവ ബിന്ദുക്കള്‍ ആണ് മുസിരിസും ഖസാക്കും എന്ന് നമുക്ക് സങ്കല്‍പ്പിക്കാം. ഒന്നിന്റെ യാത്ര ചരിത്രത്തിന്‍റെ വീഥികളില്‍; മറ്റൊന്നിന്റെ ഭാവനയുടെ ഭ്രമണപഥത്തില്‍. ജന്മങ്ങളുടെ പരിണാമങ്ങള്‍ക്കൊടുവില്‍ മുസിരിസും ഖസാക്കും കണ്ടു മുട്ടി. പക്ഷെ, ഇത്തവണ ആരും തിരിച്ചറിയാതിരുന്നില്ല. കാരണം രണ്ടു പേര്‍ക്കും പറയാനുള്ളത് കര്മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌. 

Published on 04.04.2016 in  http://www.azhimukham.com/news/11072/khasakinte-ithihasam-drama-adaptation-rereading-novel-ov-vijayan-deepan-sivaraman-manu-sebastian

Friday, 1 April 2016

കറുത്ത സാബത്ത് -(കഥ)


പ്രഭാതത്തിലെ പള്ളി മണി അടിച്ചു. അറക്കുളത്തെ വിശ്വാസികളെ മറ്റൊരു ദിനത്തിലേക്ക് വിളിച്ചുണര്‍ത്തുന്ന ദൈവത്തിന്റെ കാഹളനാദം. രാവിലത്തെ കുര്‍ബനയ്ക്കായി ഒരുങ്ങികൊണ്ടിരുന്ന ജോസ് അച്ചനു പക്ഷെ മണിനാദം കേട്ടപ്പോള്‍ ഒരു അസ്വസ്ഥത തോന്നി. അശുഭകരമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ. കഠിനമായ ജലദോഷവും മൂക്കടപ്പും കാരണം ഉറക്കം ശരിയായില്ല. ശ്വാസനാളത്തില്‍ മുഴുവന്‍ കഫകട്ടകള്‍ തിങ്ങിനില്‍ക്കുന്നു. അന്തരംഗത്തെ മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന കഫകെട്ടിന്റെ വഴുവഴുക്കില്‍ മനസ്സും തെന്നുന്നു. ചിന്തകളെ വരെ അവ തടസപ്പെടുത്തുന്നു. പള്ളി തുറക്കാന്‍ കപ്യാരെ വിളിച്ചപ്പോള്‍ വികൃതമായ ഒരു ശബ്ദമാണ് പുറത്തു വന്നത്. മരണരോദനം പോലെ ഒന്ന്. ഈ ശബ്ദം കൊണ്ട് എങ്ങനെ കുര്‍ബാന ചൊല്ലും?

ഇടദിവസമായത്‌ കൊണ്ട് അധികം ആളുകള്‍ പള്ളിയില്‍ ഇല്ലായിരുന്നു. കൂടുതലും സ്ത്രീകള്‍. നോമ്പ്കാലം ആയതു കൊണ്ട് എല്ലാ ദിവസവും പള്ളിയില്‍ വരുന്ന ചിലരും ഉണ്ടായിരുന്നു. നോമ്പ്കാലത്തെ പശ്ചാത്താപ ചിന്തകളില്‍ ധ്യാനിക്കുന്ന ഉത്തമവിശ്വാസികള്‍. പക്ഷെ അവരുടെ ഭക്തിയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു നല്ല കുര്‍ബാന അര്‍പ്പിക്കാന്‍ ജോസ് അച്ചനു അന്ന് കഴിഞ്ഞില്ല. ചുമയും തുമ്മലും ശബ്ദമടപ്പും എല്ലാം അച്ചനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന ചിന്തയായിരുന്നു അച്ചനു. അതില്‍ അച്ചനു മന്സതാപവും തോന്നി. ആത്മാവ് സന്നദ്ധമായിരുന്നെങ്കിലും ശരീരം സന്നദ്ധമല്ലായിരുന്നു.

ഒരു തരത്തില്‍ കുര്‍ബാന തീര്‍ത്തിട്ട് അച്ചന്‍ പള്ളിമുറിയിലേക്ക് ഓടി കയറി. ഇപ്പോള്‍ പുറത്തേക്ക് പ്രവഹിക്കും എന്ന മട്ടില്‍ തങ്ങിനില്‍ക്കുന്ന മൂക്കിലെ ദ്രാവകം മുഴുവന്‍ ശക്തിയായി പിഴിഞ്ഞ് കളഞ്ഞു. പെട്ടെന്ന് കുറെ ശുദ്ധവായി ഉള്ളിലേക്ക് പ്രവേശിച്ചു. പരിശുദ്ധാത്മാവ് ഉള്ളില്‍ വന്നു നിറഞ്ഞത്‌ പോലെ. അപ്പോഴാണ്‌ കതകില്‍ ആരോ മുട്ടിയത്‌. നോക്കിയപ്പോള്‍ അത് തടത്തിലെ ലിസ്സി ചേച്ചി ആണ്. കൂടെ അയല്‍ക്കാരി മോളി ചേച്ചിയും ഉണ്ട്.
 “അച്ചോ, ഞങ്ങള്‍ ഒരു കാര്യം പറയാനാ വന്നത്”
“വരൂ. അകത്തു കയറി ഇരിക്കൂ.” മൂക്ക് തുടച്ചു കൊണ്ട് അച്ചന്‍ തന്‍റെ കസേരയില്‍ ഇരുന്നു. “വല്ലാത്ത ജലദോഷം. വലിയ ബുദ്ധിമുട്ടാ!!”
“മഞ്ഞിന്റെ ആയിരിക്കും അച്ചോ”.
“ഹും. ആട്ടെ, വന്ന കാര്യം പറഞ്ഞില്ല”
“അച്ചോ, ഞങ്ങള്‍ ഒരു വിഷമം പറയാന്‍ വന്നതാ”. ലിസി ചേച്ചി കസേയില്‍ നിന്ന് മുന്നോട്ട് ആഞ്ഞു. “അച്ചനു എന്‍റെ മോന്‍ ജോയലിന്റെ അറിയാമല്ലോ. കഴിഞ്ഞ വര്ഷം വരെ ഇവിടെ വേദപാഠം പഠിച്ചിരുന്നു. ഇപ്പോള്‍ പന്ത്രണ്ടു കഴിഞ്ഞു. അവനിപ്പോ മൂലമറ്റം സെയ്ന്റ് ജൊസഫ് കോളേജില്‍ ബികോമിനു ചെര്‍ന്നിരിക്കുവാ.”
“അറിയാം. ജോയലിനെ എനിക്കറിയാം. മിടുക്കനല്ലേ. ഞാന്‍ അവനെ പറ്റി അന്വേഷിക്കാന്‍ ഇരിക്കുകയായിരുന്നു. അവനെ ഇപ്പോള്‍ യുവദീപ്തിയുടെ പരിപാടികള്‍ക്കൊന്നും പണ്ടത്തെ പോലെ കാണാറില്ല. വലിയ തിരക്കിലാണോ.”

“അവന്റെ കാര്യം തന്നെ പറയാനാ അച്ചോ ഞാന്‍ വന്നത്. അവന്‍ ഈയിടെയായി ഒരു പ്രത്യേക സ്വഭാവമാണ്. പള്ളി കാര്യങ്ങളിലും പ്രാര്‍ഥനയിലും ഒന്നും പണ്ടത്തെ അത്ര ഉത്സാഹമില്ല. ഞായറാഴ്ച പള്ളിയില്‍ പോകാനോക്കെ ഇപ്പൊ വലിയ മടിയാ. ഞാന്‍ വഴക്ക് കൂടിയാ പള്ളിയില്‍ പറഞ്ഞു വിടുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ കൊന്ത ചൊല്ലാന്‍ നേരത്ത് അവന്‍ വന്നില്ല. ഞാന്‍ വഴക്ക് പറഞ്ഞു. അന്നേരം അവന്‍ പറയുവാ ഇതിലൊന്നും കാര്യമില്ല, ദൈവം ഇല്ല എന്നൊക്കെ. ഞാനങ്ങു വല്ലാണ്ടായി. പിന്നെ അവന്‍ എന്തൊക്കെയോ പറഞ്ഞു. അവനു വിശ്വാസമില്ല, ഇതൊക്കെ വെറും കെട്ടുകഥയാണ്‌ എന്നൊക്കെ. അവനോടു വാദിക്കാന്‍ ഒന്നും എന്നെ കൊണ്ട് ആവത്തില്ല അച്ചോ. അവന്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അച്ചന്‍ അവനോടു ഒന്ന് സംസാരിക്കണം.”

“ഓ, അതാണോ കാര്യം. സാരമില്ല. പേടിക്കാനൊന്നുമില്ല. ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് അങ്ങനെ ഒക്കെ തോന്നും. സംശയങ്ങളിലൂടെയാണ് വിശ്വാസം ബലപ്പെടുക. പേടിക്കണ്ട, ഞാന്‍ അവനോടു സംസാരിക്കാം.”

“അവനു വേറെ കുഴപ്പമൊന്നുമില്ല അച്ചോ. സാധാരണ ആണ്‍പിള്ളേരെ പോലെ കമ്പനി കൂടി കറക്കവും അലമ്പും ഒന്നും ഇല്ല. ഈ ഇരിക്കുന്ന മോളിയില്ലേ, അവളുടെ മോന്‍ ബിനുവാണ് കൂട്ട്. അവനും ഇപ്പോള്‍ ഏതാണ്ട് നിരീശ്വരവാദിയായ മട്ടാണ്.”
“അതെ അച്ചോ” മോളി പറയാന്‍ തുടങ്ങി “ അവനും ഇപ്പൊ വിശ്വാസകാര്യങ്ങളിലൊന്നും താല്പര്യമില്ല. ബിനു ഇപ്പോഴും ജോയലിന്റെ കൂടെയാണ്. ഇവര് രണ്ടു പേരും കൂടി എന്താ പരിപാടി എന്നറിയില്ല. അവന്‍ മിക്കവാറും ജോയലിന്റെ മുറിയിലായിരിക്കും.”
“ബിനു വീട്ടില്‍ വന്നാല്‍ രാത്രിയായിട്ടേ പോകൂ.” ലിസ്സി ഇടയില്‍ കയറി പറഞ്ഞു. “ രണ്ടു പേരും കൂടി മുറിയില്‍ ഇരുന്നു ചെവിയില്‍ മറ്റേ കുന്തവും വച്ച് എന്തൊക്കെയോ കേട്ടു കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം ഞാന്‍ ബിനുവിനെയും വഴക്ക് പറഞ്ഞു. ഇനി മേലാല്‍ വീട്ടില്‍ വരരുത് എന്നൊക്കെ പറഞ്ഞു. അച്ചോ, ഞങ്ങളുടെ മക്കള്‍ വഴി തെറ്റി പോയോ. ഞങ്ങള്‍ക്ക് വലാത്ത ആധിയാണ്.”
“നിങ്ങള്‍ വിഷമിക്കാതിരിക്കൂ. ഇന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ വരാം. ജോയലിനോട് സംസാരിക്കാം. ബിനുവിനോടും വരാന്‍ പറയൂ. ഇപ്പൊ സമാധാനത്തില്‍ പോകൂ. മാതാവിനോട് പ്രാര്‍ത്ഥിക്കൂ.”

ജോസ് അച്ചനു ജോയലിനെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. അള്‍ത്താരബാലനായിരുന്നു. അത് പോലെ മിഷന്‍ ലീഗിന്റെ നല്ല പ്രവര്‍ത്തകനും. ശാന്തനും ചിന്താശീലനും ആയ അവന്‍ കൂടെയുള്ളവരില്‍ നിന്ന് ഒരല്‍പം വേറിട്ട്‌ നിന്നിരുന്നു. അവന്റെ സൌമ്യ ഭാവം തീവ്ര ചിന്തകളെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ അച്ചനു പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു. അവന്റെ സുഹൃത്തായിരുന്നു ബിനു  ജോയലിന്റെ വ്യക്തിത്വപ്രഭ പ്രതിഫലിപ്പിക്കുന്ന ഒരു ഉപഗ്രഹമായിരുന്നു.

വൈകുന്നേരം ജോസ് അച്ചന്‍ ജോയലിന്റെ വീട്ടിലേക്ക് നടന്നു. വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിച്ച റബ്ബര്‍ മരങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യബോധത്തിന്റെ അന്തരീക്ഷത്തിലൂടെ. ഇടയ്ക്ക് വീശിയ വരണ്ട കാറില്‍ ഉയര്‍ന്ന പൊടിപടലങ്ങള്‍ അച്ചന്റെ മൂക്കിനെ ബുദ്ധിമുട്ടിച്ചു. ചുമച്ചും തുമ്മിയും ജോയലിന്റെ വീട്ടുപടിക്കല്‍ എത്തി.

ജോയല്‍ തന്നെയാണ് വാതില്‍ തുറന്നത്. സ്ത്രൈണം നിറഞ്ഞ ചെറിയൊരു നാണചിരി അവന്റെ മുഖത്ത് വിടര്‍ന്നു. “ജോസ് അച്ചനോ. അകത്തേക്ക് വരൂ അച്ചാ.” വിനയവും ബഹുമാനവും ചൊരിയുന്ന ഭാവങ്ങളോടെ അവന്‍ അച്ചനെ അകത്തേക്ക് സ്വാഗതം ചെയ്തു.

അമ്മയായ ലിസ്സി ടീച്ചറുടെ അതെ മുഖഭാഷയാണ്‌ ജോയലിനും ഉള്ളത്. വ്യത്യസ്തമായിട്ടുള്ളത് തത്തമ്മചുണ്ട് പോലെ കൂര്‍ത്ത് വളഞ്ഞിരിക്കുന്ന അവന്റെ മൂക്കാണ്.
“തന്നെയൊന്നും ഇപ്പോള്‍ കാണാന്‍ കിട്ടുന്നില്ലലോ. കോളേജില്‍ ആയതില്‍
പിന്നെ വലിയ തിരക്കായിരിക്കും അല്ലെ. അത് കൊണ്ട് ഒന്ന് കാണാന്‍ ഇറങ്ങിയതാ”
ജോയല്‍ അച്ചന്റെ നേരെ ഒന്ന് നോക്കി. എന്നിട്ട് സൌമ്യമായി പുഞ്ചിരിച്ചു.
“നമുക്കൊന്ന് പ്രാര്‍ഥിക്കാം. എന്നിട്ടാകാം ബാക്കി സംസാരം. എന്താടോ, വിരോധം ഒന്നുമില്ലല്ലോ.”
ജോയല്‍ വെറുതെ തലയാട്ടി. അന്നെരതെക്കും ലിസി ചേച്ചിയും മുറിയിലേക്ക് വന്നു. അച്ചന്‍ പ്രാര്‍ത്ഥനപുസ്തകം എടുത്തു പ്രാര്‍ത്ഥന തുടങ്ങി. പിന്നാലെ ചൊല്ലേണ്ട ഭാഗങ്ങള്‍ ജോയലും ചൊല്ലി. വിശ്വസ്തനായ ഒരു ശുശ്രൂഷിയെ പോലെ. ഒരു അവിശ്വാസിയുടെ യാതൊരു നിസ്സംഗതയും അവനില്‍ കാണാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് തീക്ഷ്ണതയും ആത്മാര്‍ഥതയും അവന്റെ വാക്കുകളില്‍ ഉണ്ടെന്നു തോന്നി.
“ജോയല്‍ ഞാന്‍ ഈ വീടൊന്നു വെഞ്ചിരിക്കാം. ആദ്യം തന്‍റെ മുറിയിലേക്ക് പോകാം.” അവന്‍ വീണ്ടും തലയാട്ടി.

നല്ല വൃത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന അവന്റെ മുറി കണ്ടു അച്ചന്‍ ഒന്ന് അമ്പരന്നു. കൌമാരക്കാരില്‍ ഇത്ര അച്ചടക്കം സാധാരണമല്ല. കുറെ പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു ഷെല്‍ഫില്‍. കാഫ്കയുടെയും, ക്യാമുവിന്റെയും, കസാന്‍ദ്‌സാക്കിസിന്റെയും മറ്റും പുസ്തകങ്ങള്‍ അച്ചന്റെ ശ്രദ്ധയില്‍ പെട്ടു. ചുമരില്‍ ഒരു രവിവര്‍മ ചിത്രത്തിന്റെ പകര്‍പ്പ് തൂക്കി ഇട്ടിരിക്കുന്നു. ‘ദി ലേഡി വിത്ത്‌എ ലെമണ്‍’ എന്ന വിശ്വവിഖ്യാതമായ ചിത്രം. ശാലീനസുന്ദരിയായ ഒരു യുവതി ഒരു നാരങ്ങ പിടിച്ചു നില്‍ക്കുന്ന ചിത്രം.  ക്രൂശിതരൂപങ്ങളോ, കത്തോലിക്കാമത ചിഹ്നങ്ങളോ ഒന്നും മുറിയില്‍ ഇല്ലായിരുന്നു.
“എന്താടോ, തനിക്കു കര്‍ത്താവിന്റെ ഒരു രൂപമെങ്കിലും മുറിയില്‍ വെച്ച് കൂടെ.” രവിവര്‍മ ചിത്രത്തെ നോക്കികൊണ്ട് അച്ചന്‍ ചോദിച്ചു. അവന്‍ ഒന്ന് മന്ദഹസിച്ചു.
 “എടോ തനിക്കു വിശ്വാസം ഇല്ല എന്ന് പറഞ്ഞു തന്‍റെ അമ്മ വലിയ പരാതിയായിരുന്നു. അത് കൊണ്ട് തന്നെ കണ്ടു സംസാരിക്കാനാണ് ഞാന്‍ വന്നത്. ശരിയാണോ? തനിക്കു വിശ്വാസമില്ലേ?”
അവന്റെ മുഖത്ത് നിന്ന് കുട്ടിത്തഭാവം മാഞ്ഞു ഗൌരവം കൊണ്ട് മുറുകി. “പറയെടോ. തനിക്കു വിശ്വാസമില്ലേ?” അച്ചന്‍ വീണ്ടും ചോദിച്ചു.
“ഇല്ല”. അവന്‍ ദൃഡശബ്ധത്തില്‍ പറഞ്ഞു.
“ജോയല്‍!!”
“അതെ അച്ചോ. എനിക്ക് വിശ്വാസം ഇല്ല. അച്ചനൊക്കെ പറയുന്നത് പോലെ ഒരു ദൈവം ഇല്ല എന്ന് എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട്.”
അച്ചന്‍ അവിടെ കസേരയില്‍ ഇരുന്നു. പെട്ടെന്ന് ഉള്ളില്‍ നിന്ന് പ്രവഹിച്ച കഫം നിറഞ്ഞ ജലം കൊണ്ട് മൂക്കും തലയും നിറഞ്ഞത്‌ പോലെ. കര്‍ചീഫ്‌ എടുത്തു ശക്തമായി ഒന്ന് മൂക്ക് ചീറ്റി. പറയാനുള്ള വാക്കുകള്‍ കഫകട്ടകളില്‍ തങ്ങി നില്‍ക്കുന്നു.

“കുഞ്ഞേ, നീ പറയുന്നതൊന്നും ശരിയല്ല.” കര്‍ചീഫ്‌ ളോഹയുടെ ഉള്ളിലേക്ക് ഇട്ടു അച്ചന്‍ തുടര്‍ന്നു. “ഈ പ്രായത്തില്‍ അങ്ങനെ പലതും തോന്നും. അങ്ങനെ തോന്നണം. കാരണം ഇത് ചോദ്യം ചെയ്യലിന്റെ പ്രായമാണ്. ചോദ്യം ചെയ്യാം. പക്ഷെ വിശ്വാസത്തെ പൂര്‍ണമായി നിരാകരിക്കരുത്. അത് അനുഭവങ്ങളിലൂടെ മാത്രം വെളിവാകുന്ന സത്യമാണ്. യുക്തി കൊണ്ട് വിശദീകരിക്കുക പ്രയാസം. അത് കൊണ്ട് നീ നിന്റെ വിശ്വാസത്തെ തള്ളി പറയരുത്.”

“ഞാന്‍ ഇതിനെ പറ്റി കുറെ ആലോചിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. വെറും പ്രായത്തിന്റെ ഭ്രമമായി അച്ചന്‍ ഇതിനെ നിസ്സരവല്‍ക്കരിക്കരുത്. മനുഷ്യനെ അടിമകളും ദുര്‍ബലരും ആക്കുകയാണ് മതവിശ്വാസം ചെയ്യുന്നത്. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ഭയപ്പെട്ടു കൊണ്ട് ജീവിക്കുന്ന ജനത എങ്ങനെ സ്വതന്ത്രവും ശക്തവും ആകും. പൂര്‍ണ സ്വാതന്ത്ര്യവും വളര്‍ച്ചയും ഉള്ള ഒരു വ്യക്തിയാകുന്നതിന് ഇത്തരത്തിലുള്ള ദൈവവിശ്വാസം ഒരു തടസ്സമാണ്. വിശ്വാസം ഒരു ചങ്ങലയാണ്. ലോകത്തെ പൂര്‍ണമായി അനുഭവിക്കുന്നതിനും മനുഷ്യമനസ്സിനെ സമഗ്രമായി മനസ്സിലാക്കുനതിനും വിഘാതമായി നില്‍ക്കുന്ന ഒരു ചങ്ങല. അതിനെ പൊട്ടിച്ച് എറിഞ്ഞാല്‍ മാത്രമേ മനുഷ്യന്‍ സ്വതന്ത്രനാകൂ.”

അവന്റെ ബാലമുഖത്ത് നിന്നും ഇത്ര ദൃഡമായ വാക്കുകള്‍ പ്രവഹിക്കുന്നത് കണ്ടു അച്ചന്‍ അദ്ഭുതപെട്ടു. അതും തന്‍റെ ഉള്ളില്‍ പല തവണ ഉണ്ടായിട്ടുള്ള, ഇപ്പോഴും ഉണ്ടാകാറുള്ള ചിന്തകള്‍.
“തെറ്റാണു ജോയല്‍. നീ പറയുന്നതൊക്കെ തെറ്റാണ്. വിശ്വാസം ഉള്ളത് കൊണ്ടാണ് ആളുകള്‍ക്ക് ജീവിക്കാന്‍ പ്രേരണയും ശക്തിയും ഉണ്ടാകുന്നത്.”
“അത് ആളുകള്‍ ദുര്‍ബലര്‍ ആയതു കൊണ്ടാണ്. നടക്കാന്‍ ചിലര്‍ ക്രച്ചസ് ഉപയോഗിക്കുന്നത് പോലെ ആളുകള്‍ വിശ്വാസത്തെ ഉപയോഗിക്കുന്നു. ഒരു ഊന്നുവടിയായി. ഈ വിശ്വാസം എന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ആളുകളുടെ ഉള്ളില്‍ ഉള്ള ഭയത്തിന്റെയും അരക്ഷിത ചിന്തകളുടെയും എല്ലാം ഒരു സമാഹാരണമാണ്. ഉള്ളില്‍ ധൈര്യം ഉണ്ടെങ്കില്‍ പിന്നെ നടക്കാന്‍ ഊന്നുവടി വേണ്ട. അത് വലിച്ചെറിഞ്ഞു സ്വന്തം കാലില്‍ നടന്നു ജീവിക്കാം. അതിനു ആളുകളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അല്ലാതെ, കെട്ടുകഥകള്‍ കൊണ്ട് അവരെ ദുര്‍ബലരാക്കുകയല്ല വേണ്ടത്.”
“വിശ്വാസവും ദൈവഭയവും ഇല്ലെങ്കില്‍ ഈ ലോകത്തിന്റെ ഗതിയെന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ? അരാജകത്വവും അക്രമവും വാഴും.”
“ഇല്ല അച്ചോ. ആ ചിന്താഗതി തെറ്റാണ്. പൂര്‍ണമായ സ്വാതന്ത്ര്യബോധം ഉള്ള, യുക്തിപരമായി പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മനുഷ്യന്‍ ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കുകയില്ല. അയാള്‍ക്ക് അത് തോന്നില്ല. കാരണം അത്തരം ഒരാള്‍ ഈ ലോകജീവിതത്തെ വലിയ കാര്യമായി എടുക്കില്ല. അയാളുടെ സന്തോഷം അധികാരവും സമ്പത്തും വാരികൂട്ടുന്നതില്‍ അല്ല. അയാള്‍ ഒരു സത്യാന്വേഷി ആയിരിക്കും. അയാളെ കൊണ്ട് ഒരു നാശവും സമൂഹത്തിനു ഉണ്ടാകില്ല. പിന്നെ മതങ്ങള്‍ കാരണം ലോകത്ത് ഉണ്ടായ അക്രമത്തിന്റെയും നാശത്തിന്റെയും കണക്ക് എടുത്താല്‍ അത് നമ്മളെ ഞെട്ടിക്കും. അച്ചനും ചരിത്രം ഒക്കെ അറിയാമല്ലോ.  

ജോസ് അച്ചനു ഒന്നും പറയാന്‍ കഴിഞ്ഞില്ല. ജ്ഞാനത്തിലും പ്രായത്തിലും വളര്‍ന്നിരിക്കുന്ന കൌമാരക്കരനോട് കൂടുതല്‍ വാദിക്കാന്‍ അച്ചനു കഴിഞ്ഞില്ല. പക്ഷെ ഒരു പുരോഹിതന്‍ എന്ന നിലയിലുള്ള തന്‍റെ കര്‍ത്തവ്യം നിറവേറ്റാന്‍ അച്ചന്‍ പറഞ്ഞു . “വിശ്വാസം പല ആളുകള്‍ക്കും സന്തോഷവും സമാധാനവും നല്‍കുന്നു. എനിക്ക് അത് നേരിട്ട് അനുഭവം ഉള്ളതാണ്. ആളുകള്‍ക്ക് ജീവിതത്തില്‍ അര്‍ത്ഥവും പ്രത്യാശയും നല്‍കുന്നു. നിന്റെ ചിന്തകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ജീവിതം നമ്മുടെ യുക്തി അനുസരിച്ചല്ല നീങ്ങുന്നത്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസം ഒരു കൈമുതലാകും. എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

ജോയല്‍ പുഞ്ചിരിച്ചു. അച്ചനും. പെട്ടെന്നാണ് അച്ചന്റെ കണ്ണില്‍ അവന്റെ മുറിയില്‍ ഒരു പഴയ ഫിലിപ്സിന്റെ ടേപ്പ് റെകോര്‍ഡര്‍ കണ്ടത്. അച്ചനു കൌതുകം തോന്നി. ലഘുവായി ഒരു വിഷയത്തെ പറ്റി സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തില്‍ പറഞ്ഞു. “ഇന്നത്തെ കാലത്തും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോ. താന്‍ കാസെറ്റ് ഒക്കെ ഇട്ടാണോ പാട്ട് കേള്‍ക്കുന്നത്. അച്ചന്‍ എഴുന്നേറ്റ് അതിന്‍റെ അടുത്തേക്ക് ചെന്നു. അവിടെ കിടന്ന ചില കാസെറ്റ് കവറുകള്‍ കണ്ടു അച്ചന്‍ അമ്പരന്നു. “ബ്ലാക്ക്‌ സാബത്ത്” എന്ന ഇംഗ്ലീഷ് റോക്ക് ബാണ്ടിന്റെ എഴുപതുകളില്‍ ഇറങ്ങിയ ആല്‍ബത്തിന്റെ കാസെറ്റ്. അച്ചന്‍ അത് എടുത്തു നോക്കി. നല്ല പരിചയം. കാസറ്റിന്റെ പുറകില്‍ ‘സോര്‍ബ’ എന്ന് എഴുതി ഒപ്പിട്ടിരിക്കുന്നു. ‘സോര്‍ബ!. അതെ, തനിക്കറിയാം ‘സോര്‍ബയെ’. അച്ചന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് സഞ്ചരിച്ചു
നിനക്ക് ഇത് എവിടെ നിന്ന് കിട്ടി?
അത്..അത് ഞാന്‍ ടേപ്പ് റെകോര്‍ഡര്‍ നന്നാക്കാന്‍ കാഞ്ഞാറില്‍ ഉള്ള ഒരു കടയില്‍ പോയിരുന്നു. അവിടുത്തെ ചേട്ടന്‍ തന്നതാണ്?
എന്താണ് അയാളുടെ പേര്?
ഹരി. ഹരി എന്നാണ് പേര് പറഞ്ഞത്.
ഹരി! അതെ, ഇത് അവന്‍ തന്നെ.
അച്ചന്റെ ശ്രദ്ധയില്‍ വേറെയും കാസെറ്റുകള്‍ പെട്ട്. ‘കാറ്റടോനിയ’ ‘ഗോര്ഗോരോത്’ ‘മെയ്‌ഹെം’ തുടങ്ങിയ ചില ബ്ലാക്ക് മെറ്റല്‍ റോക്ക് ബാണ്ടുകളുടെ കസെറ്റുകള്‍. നോര്‍വേ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാണ്ടുകള്‍. പൈശാചിക ഭാവനകളും അസുരതാളവും ഉള്ള അവയുടെ സംഗീതം സാത്താനെ ആരാധിക്കന്നത് ആണെന്നും പറയപ്പെട്ടിരുന്നു. ക്രിസ്തുമതം മനുഷ്യരെ ദുര്‍ബലരും ബലഹീനരും ആക്കിയെന്നും യുറോപ്യന്‍ സംസ്കാരത്തിന്റെ പുരോഗതിയെ തടസ്സപ്പെടുതിയെന്നും അവര്‍ കരുതുന്നു. അതിനാല്‍ ക്രിസ്തുമതത്തിനു എതിരായ ചിന്തയാണ് അവരുടെ സംഗീതത്തിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. സാത്താന്‍ സേവ അതിന്‍റെ പ്രതീകം ആണ്. വെറും റോക്ക് ബാണ്ടുകള്‍ അല്ല ഇവയൊക്കെ. തങ്ങളുടെ വിശ്വാസത്തെ പ്രചരിപ്പിക്കാന്‍ ആണ് അവര്‍ സംഗീതത്തെ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ നോര്‍വെയിലെ ധാരാളം പള്ളികള്‍ ‘മെയ്‌ഹെം’ എന്ന റോക്ക് ബാണ്ടിലെ അംഗങ്ങള്‍ കത്തിച്ചു. പള്ളികള്‍ കത്തി നശിക്കുന്നതിന്റെ ഒരു സംഭവ പരമ്പര ഉണ്ടായി. ക്രിസ്തു മത സംസ്കാരത്തിന്റെ എല്ലാ അവശേഷിപ്പുകളും ലോകത്തില്‍ നിന്ന് തുടച്ചു മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. അത്തരം ബാണ്ടുകളുടെ കാസെറ്റുകള്‍ അവന്റെ മുറിയില്‍ കണ്ടത്തില്‍ അച്ചന്‍ ഞെട്ടി. അവയുടെ പിറകിലും എഴുതി ഒപ്പിടിരിക്കുന്നു ‘സോര്‍ബ’ എന്ന്.
നീ ഇതൊക്കെ കേള്‍ക്കാരുണ്ടോ. ഇതൊകെയാണോ നീയും ബിനുവും കൂടി കേള്‍ക്കുന്നുണ്ട് എന്ന് നിന്റെ അമ്മ പറഞ്ഞത്?
ഉണ്ട്. ഞാന്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞാന്‍ കൊതിക്കുന്ന തരത്തില്‍ ഉള്ള സംഗീതം ആണ്. അതിന്‍റെ തീവ്രത, വന്യത, അത് സൃഷ്ടിക്കുന്ന ഭയാനകമായ പ്രതീതി, - ഞാന്‍ അത് ആസ്വദിക്കുന്നു. വല്ലാത്ത ഒരു സ്വാതന്ത്ര്യബോധം അത് എനിക്ക് നല്‍കുന്നു. ഒന്നും നിഷിദ്ധമല്ല എന്ന ചിന്ത ജനിപ്പിക്കുന്നു."
വിശ്വാസം വരാത്ത രീതിയില്‍ ജോസ് അച്ചന്‍ അവനെ നോക്കി. പൊടിമീശ പോലും മുളയ്ക്കാത്ത ചെറിയ പയ്യന്‍ എന്തൊക്കെയാണ് പറയുന്നത്. അവന്റെ രൂപത്തിനും പ്രായത്തിനും ചേരാത്ത കനമുള്ള ചിന്തകളും വാക്കുകളും.

സ്കാണ്ടിനെവിയയിലെ ബ്ലാക്ക്‌ മെറ്റല്‍ ബാണ്ടുകളെ പറ്റി എനിക്ക് പലതും അറിയാം. ജോസ് അച്ചന്‍ ആധികാരികമായി പറഞ്ഞു. അവര്‍ എന്ത് തരം മൂല്യങ്ങളെ ആണ് പ്രതിനിധീകരിക്കുന്നത് എന്ന് നിനക്ക് വല്ല ബോധ്യവുമുണ്ടോ.?
അറിയാം. സാത്താന്റെ”. അവന്‍ കൂസലില്ലാതെ പറഞ്ഞു.
ഞെട്ടി കൊണ്ട് അച്ചന്‍ വീണ്ടും ചോദിച്ചു. “സാത്താന്‍ എന്ന് വച്ചാല്‍ എന്താണ് എന്ന് നിനക്ക് അറിയാമോ.
അറിയാം. സ്വാതന്ത്ര്യം.
ജോയല്‍!! നീ എന്തൊക്കെയാണ് പറയുന്നത്.?

അച്ചോ, നിങ്ങളുടെ വേദപാഠ ക്ലാസുകളിലും സുവിശേഷപ്രബോധനങ്ങളിലും മറ്റും പ്രതിപാദിക്കുന്ന സാത്താന്‍ അല്ലത്. അതൊക്കെ മുത്തശികഥകളെ അനുസ്മരിപ്പിക്കുന്ന ഫാന്ടസികള്‍. ഇവര്‍ ആഘോഷിക്കുന്ന സാത്താന്‍ മനുഷ്യനിലെ സ്വാതന്ത്ര്യഇചഛയെ പ്രതിനിധാനം ചെയ്യുന്നു. സെമിറ്റിക് സങ്കല്പങ്ങളിലെ ദൈവം ഒരു നിയന്ത്രിതാവാണ്. ഒരു ‘കണ്ട്രോള്‍ ഫ്രീക്’. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നൊക്കെ തോന്നും പോലെ കല്‍പ്പിക്കുന്ന ഒരു ഏകാധിപതി. എന്ത് കൊണ്ട് ജ്ഞാനവൃക്ഷത്തിന്റെ പഴം കഴിക്കരുത് എന്ന് പറയുന്നില്ല. അബ്രാഹമിനോട് കല്‍പ്പിക്കുന്നു, മകനെ ബലി കഴിക്കുക. എന്ത് കൊണ്ട്?അതിനു വിശദീകരണം ഇല്ല. അനുസരണ. അന്ധമായ അനുസരണ. അതാണ്‌ ഈ ദൈവസങ്കല്‍പം ആവശ്യപ്പെടുന്നത്. മനുഷ്യനെ ഒരു നല്ല അടിമയാക്കുക, ഒരു ഫ്യൂടല്‍ ദൈവം ആണിത്. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം ആണെന്നാണല്ലോ വിശുദ്ധഗ്രന്ഥത്തിലും പറയുന്ന്നത്. എന്നാല്‍, സാത്താനെ നോക്കൂ. അവന്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. അവന്‍ മനുഷ്യനുമായി സംവദിക്കുന്നു. എന്ത് കൊണ്ട് ജ്ഞാനത്തിന്റെ പഴം കഴിക്കണം എന്ന് വിശധീകരിക്കുന്നു. യുക്തിയുടെ, സംവാദത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, പരസ്പരബഹുമാനത്തിന്റെ, സമത്വത്തിന്റെ ഒക്കെ മൂല്യങ്ങള്‍ സാത്താനില്‍ കാണാം. അതിനെയാണ് ഈ സംഗീതം ആഘോഷിക്കുന്നത്. അല്ലാതെ, തിന്മയെ അല്ല. അക്രമത്തെ അല്ല. ഹിംസയും അല്ല. പക്ഷെ അല്‍പബുദ്ധികള്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. അവര്‍ക്ക് വേണ്ടത് ലഘൂകരിക്കപ്പെട്ട കറുപ്പിലും വെളുപ്പിലും ഉള്ള വേര്‍തിരിവുകള്‍ ആണ്.”

“കുഞ്ഞേ ജോയലേ, എനിക്ക് നിന്നെ മനസ്സിലാകുന്നില്ല. എന്നാല്‍ മനസ്സിലാകുന്നുമുണ്ട്. പക്ഷെ, നീ മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്നു. നിന്റെ  ചിന്തകള്‍ തെറ്റാണെന്ന് എന്നോന്ന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഈ പ്രായത്തില്‍ ഇത് വേണ്ട.” അവന്റെ തോളില്‍ വാത്സല്യത്തോടെ തട്ടിയിട്ടു ജോസ് അച്ചന്‍ പറഞ്ഞു. “നീ പള്ളിയില്‍ വരിക. പ്രാര്‍ഥനകളിലും പങ്കെടുക്കുക. അമ്മയെ വിഷമിപ്പിക്കതിരിക്കുക. എല്ലാ കാര്യങ്ങളിലും കടുംപിടിത്തം വേണ്ട. കുറച്ചൊക്കെ വിട്ടുവീഴ്ചകള്‍ ആകാം. കാരണം, നിന്റെ അത്ര ഉദ്ബോധനം കിട്ടിയിട്ടില്ലാത്ത, അത് കിട്ടാന്‍ സാഹചര്യം ലഭിക്കാത്ത സാധാരണക്കാരായ ജനങ്ങള്‍ ഉള്ള സമൂഹത്തില്‍ ആണ് നീ ജീവിക്കുന്നത്. അതും മനസ്സിലാക്കുക. തത്കാലം ഈ കാസെറ്റുകള്‍ ഞാന്‍ എടുക്കുന്നു. നിന്നെ ഇതിലേക്ക് നയിച്ച ‘സോര്‍ബയെ’ എനിക്ക് കണ്ടെത്തണം. അതിനാല്‍ നിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തുന്നു.”

മൂക്കിന്റെ തുമ്പിലേക്ക് വന്ന തുമ്മല്‍ നിയന്ത്രിച്ചു, അതിന്‍റെ ശക്തി ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട്, അച്ചന്‍ അവന്റെ മുറിയില്‍ നിന്ന് ഇറങ്ങി.
“ലിസി ചേച്ചി, ഇനി ഒന്നും ഓര്‍ത്തു വിഷമിക്കേണ്ട. ജോയല്‍ ഇനി നല്ല കുട്ടിയായി പള്ളിയില്‍ വരികയും പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്യും. അവന്‍ ഇനി നല്ല കുട്ടിയാകും. അല്ലെ മോനെ.” അച്ചന്‍ അവനെ നോക്കി. അവന്‍ തലയാട്ടി.
തിരിച്ചുള്ള നടത്തത്തില്‍ അച്ചന്റെ മനസ്സ് മുഴുവന്‍ ചിന്തകളാല്‍ കലങ്ങിയിരിക്കുകയായിരുന്നു. ജോയല്‍ പറഞ്ഞതൊക്കെ പല അവസരങ്ങളിലും തന്‍റെ മനസ്സിലും വന്നിട്ടുള്ള ചിന്തകള്‍ ആണ്. ഒരു തരത്തില്‍, അവന്‍ തന്‍റെ ചിന്തകളെ തന്നെയാണ് പ്രക്ഷേപണം ചെയ്തത്. അത് കൊണ്ടാണ് അവന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ തനിക്കു കഴിയാതെ പോയത്. പക്ഷെ ളോഹയിട്ട്കൊണ്ട് അങ്ങനെ ചെയ്യുന്നത് ആത്മവഞ്ചനയല്ലേ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.

പക്ഷെ, അതിനെക്കാളും ജോസ് അച്ചനെ കുഴച്ചത് ‘സോര്‍ബ’യെ പറ്റിയുള്ള ചിന്തയാണ്. വളരെ പരിചിതമായ പേരും ആ ഒപ്പും. ‘ബ്ലാക്ക് സാബത്തിന്റെ’ ആ കാസെറ്റ് കവര്‍ തന്നെ വളരെ സുപരിചിതമാണ്. പണ്ട്, പോത്താനിക്കാട് എന്ന മലയോര ഗ്രാമത്തില്‍ കൌമാരം ചെലവഴിച്ചപ്പോള്‍ തന്‍റെ ജീവിതത്തില്‍ കടന്നു വന്ന ഒരു ഹരിയുണ്ടായിരുന്നു. പോത്താനിക്കാട് ഹൈസ്കൂളിലെ കുട്ടികളുടെ ആരാധാനതാരം. നന്നായിട്ട് പഠിക്കുന്ന, നന്നായിട്ട് ഫുട്ബോള്‍ കളിക്കുന്ന, നന്നായിട്ട് കരാട്ടെ കാണിക്കുന്ന തന്‍റെ സീനിയര്‍ ആയി പഠിച്ച ഹരി. അവിടെ സ്ഥലം മാറി വന്ന പോസ്റ്റ്‌മാസ്റ്ററുടെ മകന്‍. പോത്താനിക്കാട് എന്ന കുഗ്രാമത്തിലെക്ക് പട്ടണത്തിന്റെ പരിഷ്കാരവും, പാശ്ചാത്യസംസ്കാരത്തിന്റെ കാറ്റും കൊണ്ടുവന്നവന്‍. കണ്ടത്തില്‍ പന്തിനു പുറകെ ഓടുന്നതിനെ ഫുട്ട്ബോള്‍ ആയി കരുതിയിരുന്ന അവരെ, യൊഹാന്‍ ക്രൈഫ്ഫിന്റെ ടോട്ടല്‍ ഫുട്ബോള്‍ രീതികള്‍ പരിശീലിപ്പിച്ചു കൊടുത്തവന്‍. ബ്രുസ് ലി എന്ന വിസ്മയത്തിലൂടെ കരാട്ടെയെ പോത്താനിക്കാട്ടിലെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തവന്‍. പക്ഷെ ജോസ് അച്ചന്റെ ജീവിതത്തില്‍ ഹരി ഒരു വലിയ സ്വാധീനമായി തീര്‍ന്നത് റോക്ക് സംഗീതത്തിലൂടെയാണ്. ജോസിനു വേണ്ടി മാത്രമായി ഹരി നല്‍കിയ പ്രത്യേക സമ്മാനം ആയിരുന്നു റോക്ക് മ്യുസികിന്റെ ലോകത്തിലേക്കുള്ള പ്രവേശനം. ജോസിനു ആദ്യം കേട്ടപ്പോള്‍ വല്ലാത്ത പുതുമയായിരുന്നു. അത് വരെ കേട്ടതില്‍ നിന്നൊക്കെ വ്യത്യസ്തം. ഹിപ്പി സംസ്കാരമൊക്കെ കത്തി നില്ക്ക്കുന്ന കാലം. ജോസ് ആയിരുന്നു സംഗീതത്തിന്റെ സ്വര്‍ഗീയമന്നായ്ക്ക് വേണ്ടി തെരെഞ്ഞെടുക്കപെട്ടവന്‍. ‘ബീറ്റില്‍സ്’- അതിലായിരുന്നു ജോസിന്റെ മാമോദീസാ. ‘ഈഗിള്‍സ്’ ‘ഡയര്‍ സ്ട്രൈറ്റ്‌സ്’ മുതലായ മൃദുല സംഗീതത്തിന്റെ ബാണ്ടുകളിടെ ചൈതന്യത്തില്‍ അവന്‍ വളര്‍ന്നു.  പിന്നെ ‘പിങ്ക് ഫ്ലോയ്ഡ്’, , ‘ഗണ്ണ്‍സ് ആന്‍ഡ്‌ റോസസ്’ ‘ലെഡ് സെപ്പലിന്‍’ തുടങ്ങിയ ബാണ്ടുകളിലൂടെ ജോസിന്‍റെ ആത്മാവ് കൂദാശ ചെയ്യപ്പെട്ടു. അവരുടെ സംഗീതം അല്പം കൂടി ഗഹനവും വ്യത്യസ്തവുമായിരുന്നു. മനസ്സിനെ തലോടുന്ന ലളിതസംഗീതം പോലെയല്ല. മനസ്സിന്‍റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുന്ന സംഗീതം. വിഭ്രാന്തമായ അനുഭൂതി സൃഷ്ടിക്കുന്ന സംഗീതം. നാഡികള്‍ ഗിറ്റാര്‍ കമ്പികള്‍ പോലെ വലിഞ്ഞു മുറുകി. ഡ്രംസിന്‍റെ പെരുമ്പറ കൊട്ടുന്നത്തിന്‍റെ താളത്തില്‍ ഹൃദയം മിടിച്ചു. വാക്മന്റെ ഇയര്‍ഫോണില്‍ നിന്നുള്ള ഭ്രമാത്മകമായ ഗാനം തലച്ചോറിലേക്ക് നേരിട്ട് ഒഴുകിയെത്തി അവനെ മത്ത് പിടിപ്പിച്ചു. ബോധത്തിന്റെ നൈമിഷികമായ നഷ്ടം. സുഖകരമായ മരവിപ്പ്. സര്‍വവിനാശത്തിനുള്ള താല്പര്യവുമായി പറുദീസയുടെ പടവുകള്‍ കയറി. സ്വര്‍ഗ്ഗരാജ്യത്തിന്റെ കതകുകളില്‍ മുട്ടുന്ന ഡ്രം ബീറ്റ്സ്. മാലാഖമാര്‍ വായിക്കുന്ന ഗിറ്റാര്‍ നോട്ട്സ്. ബാസ് ഗിറ്റാറിന്റെ മുഴക്കത്തില്‍ നിന്നും അവന്റെ ആത്മാവ് വിളിച്ചു പറഞ്ഞു ‘അങ്ങയുടെ നാമം പൂജിതമാകട്ടെ’.  ബൊഹീമിയന്‍ കൊടുങ്കാറ്റിന്റെ തേരിലേരി പറക്കുകയായിരുന്നു ജോസിന്റെ കൌമാര മനസ്സ്. നഷ്ടപെട്ട ഏദന്‍ തോട്ടം തിരിച്ചു പിടിക്കാനായി.

ഒരു ദിവസം ഹരി ജോസിനെ അവന്റെ വീട്ടിലേക്ക് വിളിച്ചു. “ഇന്ന് ഞാന്‍ നിനക്ക് വ്യത്യസ്തമായ ഒരു സംഗീതം കേള്‍പ്പിച്ചു തരാം. ഇത് വരെ കേട്ടതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തം.” അവന്‍ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ജോസ് അവനെ നോക്കി.
“ബ്ലാക്ക്‌ സാബത്ത്”- ഹരി ജോസിന്റെ മുന്‍പിലേക്ക് ഇട്ട കസേറ്റിന്റെ കവറില്‍ എഴുതിയിരുന്നു. ചിറകുകള്‍ വിരിച്ചു ആകാശത്തേക്ക് പറക്കുന്ന ഒരു ചെകുത്താന്റെ ലോഗോ കാസെറ്റ് കവറില്‍. നിസ്സീമ സ്വാതന്ത്ര്യത്തിന്റെ നിര്‍വൃതിയില്‍ അലിഞ്ഞ ഭാവമാണ് ചെകുത്താന്റെ മുഖത്ത്. എന്താണിത് എന്ന മട്ടില്‍ ജോസ് ഹരിയെ നോക്കി.
“ഇത്രയും കാലം നമ്മള്‍ സ്വര്‍ഗത്തിന്റെ പാട്ടുകള്‍ കേട്ടു. ഇനി നമുക്ക് നരകത്തിന്റെ കേള്‍ക്കാം.” ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഭയപ്പാടോടെ ജോസ് കാസെറ്റ് വാക്മാനില്‍ ഇട്ടു. ഇയര്‍ ഫോണുകള്‍ ചെവിയിലേക്ക് അടുപ്പിച്ചു. രുദ്രവും ചടുലവുമായ താളം. ഗിറ്റാര്‍ കമ്പികള്‍ ഉരഞ്ഞു കാറുന്നു. അതിന്‍റെ ഉരയുന്ന ശ്രുതി അവന്റെ അന്തരംഗത്തെ മാന്തി പൊളിച്ചു. ഡ്രം സ്റ്റിക്കുകള്‍ താണ്ഡവം ആടി. പൈശാചിക ശക്തികളെ പ്രസാദിപ്പിക്കുന്ന വന്യമായ ഏകോപനം. നരകാഗ്നിയില്‍ വെന്തു പിടയുന്ന ദുരാത്മാക്കളുടെ രോദന ശബ്ധത്തില്‍ ഗായകന്‍ പാടി. ‘ഗോഡ് ഈസ്‌ ഡെഡ്’. ദൈവം മരിച്ചു!. മനസ്സാക്ഷിയില്‍ രക്തകറ പുരണ്ടു, കല്ലറയില്‍ അന്തിമ വിധി കാത്തു തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ആത്മാവ് പാടുന്നു. ദൈവം മരിച്ചു. എഴുതപെട്ട വചനങ്ങളും പ്രവചനങ്ങളും എല്ലാം കേട്ടുകഥകള്‍. പ്രത്യാശയ്ക്കു ഇനി വകയില്ല. മരണം. അതിനെ പുല്കുക. അതാണ്‌ ഏക സത്യം.
ജോസിന്റെ മനസ്സ് ആകെ ഉലഞ്ഞു. പക്ഷെ അന്ധകാരത്തിന്റെ വശ്യമായ ആകര്‍ഷണത്തില്‍ അവന്‍ വീണ്ടും വീണ്ടും കേട്ടു. മരണരോദനത്തില്‍ വീണ്ടും പാടുന്നു. ഗിറ്റാറിന്റെയും ഡ്രംസിന്റെയും അസുരവാദ്യത്തിന്റെ അകമ്പടിയോടെ ഗായകന്‍ അലറുന്നു. മറ്റുള്ളവര്‍ കെട്ടിയുണ്ടാക്കിയ വികല സത്യങ്ങള്‍ തലയില്‍ നിറച്ചു ജീവിക്കുന്നവരെ, നിങ്ങളുടെ ജീവിതം ഒരു കറുത്ത സാബത്ത് ആണ്. ഒരു നശിച്ച കറുത്ത സാബത്ത്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കൂ.
ഇരുണ്ട ഉദ്ബോദനം കിട്ടിയ നിറവില്‍ ജോസ് ഹരിയെ നോക്കി. എങ്ങനെയുണ്ട് എന്ന മട്ടില്‍ ഹരി ചിരിച്ചു. “ഞാന്‍ ഇത് വീട്ടില്‍ കൊണ്ട് പൊയ്ക്കോട്ടേ. എനിക്കിത് പിന്നെയും കേള്‍ക്കണം”
“അതിനെന്താ. കൊണ്ട് പൊയ്ക്കോ. ആവോളം കേട്ടു ആസ്വദിക്ക്.” കാസെറ്റിന്റെ പിറകില്‍ പേന കൊണ്ട് ഒപ്പിട്ടതിനു ശേഷം ഹരി അതവനു കൊടുത്തു. ജോസ് അവന്റെ ഒപ്പ് നോക്കി. “സോര്‍ബ!”
“സോര്‍ബ. ആരാണത്”
“ഹഹ. സോര്‍ബ. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിച്ച ഒരുവന്‍.” കസാന്‍ദ്‌സാക്കിസിന്‍റെ ‘സോര്‍ബ ദി ഗ്രീക്ക്’ പുസ്തകം ജോസിനു നേരെ നീട്ടികൊണ്ട് ഹരി തുടര്‍ന്നു. “അത് കേള്‍ക്കുന്നതിനോപ്പം ഇതും വായിക്കൂ. അപ്പൊ നീ ശരിക്കും നേരെയാകും. തല തിരിഞ്ഞു നേരെയാകും.” എന്നിട്ട് ഭ്രാന്താമായി ഹരി പൊട്ടിചിരിച്ചു.

തിരുക്കുടുംബതിന്റെ വിശുദ്ധവും ശാന്തവുമായ ജീവിതമാതൃകകള്‍ മാത്രം കണ്ടു ശീലിച്ച ജോസിനു ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍ അങ്ങനെ വെളിവാകുകയായിരുന്നു. സ്വര്‍ഗ്ഗവും നരകവും ഒന്ന് ചേരുമ്പോള്‍ സാധ്യമാകുന്ന ജീവിതത്തിന്റെ മഹനീയമായ സമഗ്രത-അതും അവനു മനസ്സിലാവുകയായിരുന്നു. ക്രമേണ കൂടുതല്‍ ഇരുണ്ടതും ദ്രുതവുമായ സംഗീതത്തിലേക്ക് അവന്‍ നയിക്കപെട്ടു. ‘സ്ലയെര്‍’ ‘ലാംബ് ഓഫ് ഗോഡ്’ ‘കിസ്സ്‌’ ‘യൂദാസ് പ്രീസ്റ്റ്’ മുതലായവ. അതിനു മുതല്കൂട്ടാകാന്‍ നിഷേയുടെയും, സാര്‍ത്രിന്റെയും, ക്യമുവിന്റെയും, കസാന്‍ദ്‌സാക്കിസിന്റെയും മറ്റും ചിന്തകളും. അപ്പത്തിനു വീഞ്ഞ് എന്ന പോലെ. അങ്ങനെ ഇരുണ്ട ജ്ഞാനം കൊണ്ട് അവന്റെ കാസ നിറഞ്ഞു. ഇപ്പോള്‍ ജോയല്‍ ഉള്ളില്‍ വഹിക്കുന്നത് പോലെയുള്ള ചിന്തകള്‍ കൊണ്ട് അന്ന് ജോസിന്റെ മനസ്സും കലങ്ങി. രണ്ടു പേരുടെയും സ്വാധീനസ്രോതസ്സ് ഒന്ന് തന്നെ.

ജോസിനെ അച്ചനാക്കം എന്ന് പണ്ട് അവന്റെ അപ്പച്ചന്‍ നേര്ച്ച നേര്ന്നിട്ടുണ്ടായിരുന്നു. അങ്ങനെ സഭയ്ക്ക് വേണ്ടി ഒരുക്കപെട്ട കുഞ്ഞാടായി ചെറുപ്പം മുതലേ അവനെ വളര്‍ത്തി വരികയായിരുന്നു. തികഞ്ഞ അച്ചടക്കതിലും ദൈവഭയത്തിലും. പക്ഷെ അങ്ങനെയുള്ള ജോസ് ദൈവനിരാസത്തില്‍ എത്തി ചേര്‍ന്നപ്പോള്‍ സ്വാഭാവികമായും വീട്ടുകാര്‍ പരിഭ്രാന്തരായി. അബ്രാഹത്തിന്റെ കല്‍പ്പിക്കുന്ന ദൈവത്തെക്കാള്‍, ജോസിനു സ്വീകാര്യനായി തോന്നിയത് തുല്യതയോടും ബഹുമാനത്തോടും സംവദിക്കുന്ന സാത്താനെയാണ്. തന്‍റെ ജീവിതം സഭയ്ക്ക് വേണ്ടി ബലി കൊടുക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ സാധുത അവന്‍ ചോദ്യം ചെയ്തു. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു ബലിമൃഗം ആകാന്‍ തന്നെ കിട്ടില്ല എന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു. പിശാചുബാധ ഏറ്റ മകനെ അവന്റെ വീട്ടുകാര്‍ ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും അയച്ചു. അവസാനം ജോസിനു വഴങ്ങേണ്ടി വന്നു. അങ്ങനെ ജോസ്, സെമിനാരിയില്‍ ചേര്‍ന്നു.

വിശ്വാസരാഹിത്യതിന്റെ ഭ്രാന്തമായ നാളുകള്‍ ആയിരുന്നു സെമിനാരിയില്‍. കടുത്ത മനോവിഷമത്തോടെ ജോസ് ഹരിക്ക് കത്തുകള്‍ എഴുതി. അവന്റെ അസ്തിത്വപ്രതിസന്ധി വേറെ ആര്‍ക്കും മനസ്സിലാകില്ലായിരുന്നു. എല്ലാം വിട്ടെറിഞ്ഞ്‌ തന്‍റെ കൂടെ പോരാന്‍ ഹരി നിര്‍ബന്ധിച്ചു. നിസ്സീമമായ സ്വാതന്ത്ര്യത്തിലേക്ക്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാന്‍. എന്പതുകളുടെ അവസാനം നോര്‍വേ സ്വീഡന്‍ മുതലായ സ്കാണ്ടിനെവിയന്‍ രാജ്യങ്ങളില്‍ ‘ബ്ലാക്ക്‌ മെറ്റല്‍’ ബാണ്ടുകള്‍ ഉദയം ചെയ്തു. പള്ളികള്‍ കത്തിച്ചു ക്രിസ്തുമതത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്ത ‘മെയ്‌ഹെം’ ‘ഗോര്ഗോരോത്’ മുതലായവ. അവയുടെ കാസെറ്റ്കളും തപ്പിപിടിച്ചു ഹരി ജോസിനു അയച്ചു കൊടുത്തു. വിശുദ്ധ വചനം ഉരുവിടുന്ന ചുണ്ടുകള്‍ കൊണ്ട് തന്നെ സാത്താന്‍പൂജ ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്ന അവയുടെ സംഗീതവും മൂളി. ഒരിക്കല്‍ സെമിനാരിയിലെ റെക്ടര്‍ അച്ചന്‍ ഫാദര്‍ ഇമ്മാനുവല്‍ ജോസിന്റെ മുറി പരിശോധിക്കുകയും ആ കാസെറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഭക്തി കാര്യങ്ങളില്‍ ഉദാസീനത കാണിക്കുന ജോസ് അവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

ഫാദര്‍ ഇമ്മാനുവല്‍ ജോസിനെ ശകാരിച്ചില്ല. പകരം ജോസുമായി ഒരു നീണ്ട സംഭാഷണം നടത്തി. ജോസിന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സംഭാഷണം.
“ജോസേ, ജീവിത്തിന്റെ യഥാര്‍ത്ഥ സത്യം എന്നത് ശൂന്യതയാണ്. അതിനെ തേടി പോയാല്‍ നാം സ്വയം നഷ്ടപ്പെടുകയെ ഉള്ളൂ. അത് കൊണ്ട് നാം നമ്മുടെതായ യാതാര്‍ത്ഥ്യത്തെ നിര്‍മിക്കുകയാണ്. കയ്പ്പ് നിറഞ്ഞ ഈ ശൂന്യത നമുക്ക് വിശ്വാസം കൊണ്ടേ നിറയ്ക്കാന്‍ ആകൂ. നിരര്‍ത്ഥകമായ ജീവിതത്തിന്റെ ഈ സത്യം എല്ലാവര്ക്കും താങ്ങാന്‍ ആകില്ല. അവിടെയാണ് നമ്മുടെ പ്രസക്തി. വിശ്വാസത്തിന്‍റെ ലഹരിയുടെ മൊത്തകച്ചവടക്കാര്‍ ആണ് നമ്മള്‍. ആളുകള്‍ക്ക് ഈ ലഹരി ആവശ്യമാണ്. അത് കൊണ്ട് ജോസേ, നീ നിന്റെ ചിന്തകള്‍ മറക്കുക. നീ തെരെഞ്ഞെടുതതല്ലെങ്കിലും നിന്നെ തെരഞ്ഞെടുത്ത ഒരു ജീവിതാവസ്ഥയാണിത്‌. ആളുകളെ നവീകരിക്കാന്‍ കഴിവുള്ള ഒരു നല്ല വൈദിക ചൈതന്യം നിന്നില്‍ കുടി കൊള്ളുന്നുണ്ട്. അതിനെ പരിപോഷിപ്പിക്കുക. യു ജസ്റ്റ്‌ നീഡ്‌ ടു ടേക്ക് എ ലീപ് ഓഫ് ഫെയ്ത്ത്.”

അങ്ങനെ ഇമ്മാനുവേല്‍ അച്ചന്റെ ഉപദേശം അനുസരിച്ച്, ജോസ് വിശ്വാസത്തിന്‍റെ ഒരു കുതിചുചാട്ടം എടുത്തു. ഇതെല്ലാം മിഥ്യയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ഇതാണ് ഏക സത്യം എന്ന് അംഗീകരിക്കാന്‍ മനസ്സിനെ പരിശീലിപ്പിച്ചു. വിശ്വാസസത്യങ്ങളുടെ ആണികള്‍ മസ്തിഷ്കത്തിലേക്ക് അടിച്ചിറക്കി. നിരര്‍ത്ഥകതയിലേക്കും ശൂന്യതയിലേക്കും പിടിവിട്ടു ഉയരുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തി. അങ്ങനെ നിരന്തര മനോവ്യായാമമുറകളുടെ ഫലമായി, ജോസ്, ഫാദര്‍ ജോസ് ചേറ്റൂര്‍ എന്ന ഒരു ഒന്നാംതരം വൈദികന്‍ ആയി. വിശ്വാസലഹരിയുടെ മിടുക്കാനായ കച്ചവടക്കാരന്‍. കറുത്ത സാബത് കഴിഞ്ഞുള്ള ഉയര്‍പ്പ് ഞായരിലേക്ക് ജോസ് അച്ചന്റെ ജീവിതം ഉത്ഥാനം ചെയ്തു. പാതാളത്തിന്റെ കാഹളനാദവുമായി വന്ന് വിനാശം വിതച്ച ദൂതന്മാരെ മറന്ന്, സര്‍വശക്തനും ആയിരിന്നവനും ആയിരിക്കുന്നവനും ആയ സ്വര്‍ഗസ്ഥന്‍റെ സ്തുതികള്‍ മാത്രം മനസ്സില്‍ ആലപിച്ചു. പൌരോഹിത്യധര്മത്തിന്റെ നിറവില്‍ ജീവിതം ധന്യമാക്കി. അങ്ങനെയിരിക്കെയാണ്, സോര്‍ബയുടെ രണ്ടാം വരവ്. പാതാളത്തില്‍ നിന്നുള്ള കാഹളനാദവുമായി.

അന്ന് ഓശാന ഞായറാഴ്ച ആയിരുന്നു. ജോയലും ബിനുവും പള്ളിയില്‍ വന്നിട്ടുണ്ടോ എന്ന് കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ജോസ് അച്ചന്‍ പ്രത്യേകം നോക്കി. ഉവ്വ് അവര്‍ ഉണ്ടായിരുന്നു. ഇതിനിടെ കാഞ്ഞാറില്‍ ഇലക്ട്രോണിക്സ് റിപയര്‍ കട നടത്തുന്ന ഹരിയെ പറ്റി ചില അന്വേഷണങ്ങളും അച്ചന്‍ നടത്തിയിരുന്നു. അറക്കുളത്ത് നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് കാഞ്ഞാര്‍. നാല് മാസത്തോളം ആയിക്കാണും അവിടെ കട തുടങ്ങിയിട്ട്. ‘സോര്‍ബ ഇലക്ട്രോണിക്സ്’. നാല് മാസങ്ങള്‍ക്ക് മുന്പ് പുറത്തു നിന്ന വന്ന ഒരു പരദേശി കാഞ്ഞാറില്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്തു ഇലക്ട്രോണിക്സ് കട തുടങ്ങുന്നു. വിവാഹിതനാണോ എന്ന് അറിയില്ല. ഇവിടെ എന്തായാലും ഒറ്റയ്ക്കാണ് താമസം. കടയോട് ചേര്‍ന്നുള്ള മുറിയില്‍ താമസം. നാട്ടുകാരോട് വലിയ സമ്പര്‍ക്കം ഒന്നുമില്ല. ഒരു ലോഹ്യ ഭാവം പോലും മുഖത്ത് ഇല്ല. പക്ഷെ പണിയെല്ലാം കൃത്യമായി ചെയ്യും. ചെയ്യുന്ന ജോലിയില്‍ സമര്‍ത്ഥന്‍ ആണ്. വലിയ കൂലിയും ഇല്ല. അങ്ങനെ ധാരാളം ദുരൂഹതകള്‍ ചുറ്റി പറ്റി നില്‍ക്കുന്ന ഒരു വ്യക്തിയാണ് എന്ന വിവരണമാണ് അച്ചനു കിട്ടിയത്. ജയില്‍ ശിക്ഷ കഴിഞ്ഞു വന്ന ആളാണെന്നും, ഒളിച്ചു താമസിക്കുന്ന കുറ്റവാളി ആണെന്നും, നക്സലൈറ്റ് ആണെന്നും മറ്റും നാട്ടില്‍ അഭ്യൂഹങ്ങള്‍ ഉണ്ട്. അടുത്ത കാലത്തായി കുറച്ചു കോളേജ് പിള്ളേര്‍ കടയില്‍ സ്ഥിരമായി വരുന്നുണ്ട്. അവരെ മിക്ക ദിവസവും അവിടെ കാണാം. അവര്‍ ഹരിയുടെ മുറിയിലേക്ക് പോവുകയും ദീര്‍ഘ നേരം അവിടെ ചെലവഴിക്കുകയും ചെയ്യുന്നു. എന്താണ് അവിടെ സംഭവിക്കുന്നത്‌ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. നാട്ടുകാര്‍ അതിനെ പറ്റി ഒക്കെ വളരെ ആകുലരാണ്. അവിടെ കഞ്ചാവ് വില്‍പ്പന ഉണ്ടെന്നു ചിലര്‍. വേറെ ചിലര്‍ ആകട്ടെ അവിടെ പിള്ളേരുമൊത്തു എന്തൊക്കെയോ അനാശ്യാസ്യങ്ങള്‍ നടക്കുന്നുണ്ട് എന്നും കരുതുന്നു. എന്തായാലും സദാചാരവിരുദ്ധ കാര്യങ്ങള്‍ അവിടെ അരങ്ങേറുന്നുണ്ട് എന്നാണ് സംശയം. അതിനെ പറ്റി എന്ത് നടപടി എടുക്കണം എന്ന് നാട്ടുകാര്‍ ചിന്തിച്ചിരിക്കുന്ന വേളയിലാണ് അന്വേഷണവുമായി അച്ചന്‍ രംഗപ്രവേശം ചെയ്യുന്നത്.

പെസഹാ വ്യാഴം. രാവിലത്തെ ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു ജോസ് അച്ചന്‍ കാഞ്ഞാര്‍ കവലയിലേക്ക് ഇറങ്ങി. കവലയില്‍ തന്നെ അച്ചന്‍ കണ്ടു. ‘സോര്‍ബ ഇലക്ട്രോണിക്സ്’.പക്ഷെ കട അടച്ചിട്ടിരിക്കുകയായിരുന്നു. അച്ചന്‍ അവിടെ ആശയകുഴപ്പത്തോടെ നോക്കി നിന്ന്.
“കക്ഷി മുകളിലെ മുറിയില്‍ ഉണ്ട് അച്ചോ. ദേ, അതിലെ കയറാം.” കവലയില്‍ നിന്ന ഒരാള്‍ പറഞ്ഞു. കടയുടെ അരികിലൂടെ മുകളിലേക്ക് ചവിട്ടുപടികള്‍ ഉണ്ട്. വളരെ ഇടുങ്ങിയതു. അത് വഴി അച്ചന്‍ ക്ലേശിച്ചു കയറി. കെട്ടിടത്തിനു പിറകിലൂടെ, മൂലമറ്റം പവര്‍ ഹൌസില്‍ നിന്നുള്ള വെള്ളം കൊണ്ട് നിറഞ്ഞ തൊടുപുഴയാര്‍ ശാന്തമായി ഒഴുകുന്നു. അച്ചന്‍ കതകില്‍ മുട്ടി.
“ഇതാര്. ജോസ് അച്ചനോ.” കതകു തുറന്ന ഉടനെ ഹരി പറഞ്ഞു,
ഹരി ഇപ്പോഴും പണ്ടത്തെ പോലെ തന്നെ ഇരിക്കുന്നു എന്നതില്‍ അച്ചനു അത്ഭുതം തോന്നി. പ്രായത്തിന്റെതായ വലിയ മാറ്റങ്ങള്‍ ഒന്നും മുഖത്ത് ഇല്ല. ഒരല്‍പം പരുക്കന്‍ ഭാവം വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍. യുവത്വവും പ്രസരിപ്പും മുഖത്ത് പ്രതിഫലിക്കുന്നു.
“ഹരി എന്നെ മറന്നിട്ടില്ല.”
“അച്ചനെ എങ്ങനെ മറക്കും. ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് അച്ചനെ പറ്റി. വരൂ അകത്തേക്ക് വരൂ.”
ആകെ അലങ്കോലമായി കിടക്കുന്ന മുറി. നിലത്തു സിഗരറ്റ് കുറ്റികള്‍ ചിതറി കിടക്കുന്നു.
“അച്ചന്‍ എന്താണ് എന്നെ പോലെയുള്ള പാപികളുടെ സങ്കേതത്തില്‍. മാനസാന്തരപ്പെടുതാന്‍ ഇറങ്ങിയതാണോ.” ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഹരി നീട്ടിയിട്ട്‌ കൊടുത്ത കസേരയില്‍ അച്ചന്‍ ഇരുന്നു. പൊടി കൊണ്ട് മൂടിയിരുന്ന കസേര ഒരു പേപ്പര്‍ എടുത്തു തുടച്ചിട്ടു അച്ചന്‍ അതിലിരുന്നു.
“കാഞ്ഞാറില്‍ കട തുടങ്ങിയ കാര്യം ഞാന്‍ അടുത്താണ് അറിഞ്ഞത്.”
“പക്ഷെ അച്ചന്‍ അറക്കുളം ഇടവകയില്‍ ഉള്ള കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. അച്ചനെ വന്നു ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല.”
“എവിടെയായിരുന്നു ഇത്രയും നാള്‍?”
“അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലത്തും ഇല്ലായിരുന്നു അച്ചോ. സ്ഥിരമായി ഒരു പണിയും ചെയ്തിട്ടുമില്ല. പല പല പണികള്‍. പല പല നാടുകളിലായി. ബസ്‌ ഓടിച്ചിട്ടുണ്ട്, തട്ടുകട നടത്തിയിട്ടുണ്ട്, തിയറ്ററില്‍ ടിക്കറ്റ്‌ വില്‍ക്കാന്‍ ഇരുന്നിട്ടുണ്ട്, ഇപ്പൊ ദാ ഇലക്ട്രോണിക്സ് രിപയരും. മേലനങ്ങി പണി ചെയ്യാനുള്ള മനസ്സും കഴിവും ഉണ്ടെങ്കില്‍ പിന്നെ പട്ടിണി കിടക്കേണ്ടി വരില്ല. തൊഴിലില്ല എന്നൊക്കെ ആളുകള്‍ പറയുന്നത് വെറുതെയാ”
“ഉം.” ഒന്ന് അമര്‍ത്തി മൂളി കൊണ്ട് അച്ചന്‍ പറഞ്ഞു “ ഞാന്‍ ഓര്‍ത്തു ഹരി ഏതോ ഉന്നതമായ നിലയിലൊക്കെ എത്തിയിട്ടുണ്ടാകും എന്ന്. ധാരാളം കഴിവുകള്‍ ഒക്കെ ഉണ്ടായിരുന്ന ആളായിരുന്നല്ലോ.”
“ഹഹ. ഞാന്‍ ഉന്നതങ്ങളില്‍ ആണ് അച്ചോ. അത്യുന്നതങ്ങളില്‍.” ഹരി പൊട്ടി ചിരിച്ചു.
“വിവാഹം?കുടുംബം?”
“അതൊന്നും ഇല്ല അച്ചോ. ഞാന്‍ പ്രണയത്തിന്‍റെ മൊത്തകച്ചവടക്കാരന്‍ ആണ്.” ഹരിയുടെ മുഖത്ത് ഒരു കുസൃതി ചിരി വിടര്‍ന്നു. “അച്ചന്‍ വിശ്വാസത്തിന്‍റെ മൊത്തകച്ചവടക്കാരന്‍ ആയതു പോലെ.”
അച്ചന്‍ ഒരു നിമിഷം ഹരിയുടെ മുഖത്തേക്ക് നോക്കി. ഹരി തുടര്‍ന്നു 

. “അച്ചന്‍ പണ്ട് എഴുതിയതൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അച്ചന്റെ വാചകങ്ങള്‍ ഉള്‍പ്പടെ.” ഹരി അവിടെ നിന്നും എഴുന്നേറ്റ് മുറിയിലെ അലമാര തുറന്നു. അതിന്‍റെ ഉള്ളില്‍ നിന്നും ഒരു പഴയ ഫയല്‍ എടുത്തു കൊണ്ട് വന്ന് അച്ചന്റെ മുമ്പില്‍ തുറന്നു വെച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് സെമിനാരിയില്‍ നിന്ന് ജോസ് അച്ചന്‍ ഹരിക്ക് അയച്ച കത്തുകള്‍ അതില്‍ അടുക്കി സൂക്ഷിച്ചിരിക്കുന്നു. അച്ചന്റെ വിശ്വാസരാഹിത്യതെയും പിന്നീടുണ്ടായ പരിണാമതെയും പറ്റി ഒക്കെ എഴുതിയ കത്തുകള്‍. ജോസ് അച്ചന്‍ കുറച്ചു നേരം ആ ഫയല്‍ എടുത്തു പഴയ കത്തുകള്‍ മറിച്ചു നോക്കി. തന്‍റെ ഭൂതകാലത്തിന്റെ സമൂര്‍ത്ത അടയാളങ്ങള്‍.
“ഹരി, ഞാന്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ അല്ല വന്നത്. മറ്റൊരു പ്രധാനപ്പെട്ട സംഗതി പറയാനാണ് ഞാന്‍ വന്നത്. എന്‍റെ ഇടവകയിലെ ചില കുട്ടികളെ ഹരി വഴി തെറ്റിക്കുന്നു എന്ന് ഞാന്‍ അറിഞ്ഞു. അതിനെ പറ്റി ചോദിക്കാനാണ് വന്നത്.”
“വഴി തെറ്റിക്കുന്നു എന്നോ.? ഞാന്‍ അവര്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കുകയല്ലേ.” ഹരി, തന്‍റെ സ്വതസിദ്ധമായ ഭ്രാന്തന്‍ ചിരി ചിരിച്ചു.
“ഹരി! ഇത് തമാശായാല്ല. വളരെ ഗൌരവം ഉള്ളതാണ്.”
“ഇത് അച്ചന്‍ സ്വയമേ ചോദിക്കുന്നതോ, അതോ മറ്റുള്ളവര്‍ പറഞ്ഞിട്ട് ചോദിക്കുന്നതോ.?”
“എന്ത്?”
“അതായത്, ഇത് ജോസ് എന്ന ളോഹയിട്ട പുരോഹിതന്‍ ആണോ ചോദിക്കുന്നത് അതോ എനിക്കറിയാവുന്ന ജോസ് എന്ന വ്യക്തിയാണോ ചോദിക്കുന്നത്.”
ജോസ് അച്ചന്‍ ഒന്നും മറുപടി പറഞ്ഞില്ല.
“അച്ചോ, ഞാനും ഗൌരമായി തന്നെ പറയാം. അച്ചന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ ആരൊക്കെയാണ് എന്ന് എനിക്ക് അറിയാം. ജോയല്‍, ബിനു, പിന്നെ വേറെ രണ്ടു പേര്‍. അവര്‍ അച്ചന്റെ ഇടവകയില്‍ പെട്ടത് അല്ല. എന്തായാലും, അവരൊക്കെ നല്ല ചിന്താശക്തിയുള്ള പിള്ളേരാണ്. സത്യന്വേഷികള്‍. നിങ്ങളുടെ സുവിശേഷവും വേദപാഠവും ഒന്നും അവുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ പോന്നതല്ല. അതിനും മീതെയുള്ള, ഉറപ്പുള്ള സത്യങ്ങള്‍ ആണ് അവര്‍ തേടുന്നത്. അവര്‍ക്ക് വേണ്ടത് കെട്ടുകഥകള്‍ അല്ല. അവര്‍ എന്നെ തേടി വന്നു. പണ്ട് ജോസ് എന്നെ തേടി വന്നത് പോലെ. അവര്‍ക്ക് ആവശ്യമുള്ളത് ഞാന്‍ കൊടുത്തു.”
“അവരൊക്കെ നല്ല കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്ന കുട്ടികള്‍ ആണ്. അവരുടെയൊക്കെ ഉള്ളില്‍ വിഷം നിറഞ്ഞ ചിന്തകള്‍ കുത്തി വെച്ച് നിങ്ങള്‍ അവരെ നാശത്തിലേക്ക് നയിക്കുന്നു. ഇതൊന്നും ഞാന്‍ ഒരിക്കിലും അനുവദിക്കില്ല.” അച്ചന്‍ ക്ഷുഭിതനായി.
“അവര്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അച്ചനു അത് ചൂണ്ടി കാണിക്കാം. ഇല്ലെങ്കില്‍ എന്തിനു ഇത്ര രോഷം കൊള്ളുന്നു.?”
അച്ചനു പെട്ടെന്ന് ഒരു മറുപടി കിട്ടിയില്ല. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു. “ഇതൊക്കെ കൊണ്ട് എന്താണ് പ്രയോജനം. നിങ്ങള്‍ എന്ത് നേടി? സ്വന്തം ജീവിതത്തിലേക്ക് നോക്കൂ. എത്ര കഷ്ടം. കിട്ടിയ താലന്തുകള്‍ വലിച്ചെറിഞ്ഞ ഒരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങള്‍ ഒരു വലിയ പരാജയമാണ് ഹരി. അത് പോലെ ഒരു നാശത്തിലേക്കാണ നിങ്ങള്‍ ആ കുട്ടികളെയും നയിക്കുന്നത്.”

ഹരി വീണ്ടും പൊട്ടി ചിരിച്ചു. “ എന്‍റെ ജീവിതം ഒഴുകുകയാണ്. അച്ചന്‍ ഇതിന്റെ പിറകിലൂടെ ഒഴുകുന്ന പുഴ കണ്ടോ. അത് ശാന്തമായി ഒഴുകുന്നു. അതിലേക്ക് വന്നു ചേരുന്നതിനെ അത് വഹിക്കുന്നു. ചിലതൊക്കെ കരയില്‍ നിക്ഷേപിക്കുന്നു. അവസാനം കടലില്‍ ചേര്‍ന്ന് അലിയുന്നു. അത് പോലെ, ഞാനും ഒഴുകുന്നു. ഒന്നും നേടാതെ, ഒന്നും നഷ്ടപ്പെടുത്താതെ; വന്നു ചേര്‍ന്നതിനെ ഉള്ളില്‍ വഹിച്ചു കൊണ്ടും, ചിലതൊക്കെ മറ്റുള്ളവര്‍ക്ക് കൊടുത്തു കൊണ്ടും.”
“നിങ്ങള്‍ വലിയ സാഹിത്യവും തത്വവും ഒന്നും പറയണ്ട. നിങ്ങള്‍ ഒരു അപകടകാരിയാണ്. യുവാക്കളെ വഴി തെറ്റിക്കുന്ന, അവരുടെ ഭാവി നശിപ്പിക്കുന്ന ഒരു ദുര്മാര്‍ഗി. നിങ്ങളെ പറ്റി ഇവിടെ എല്ലാവര്ക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അധികം നാള്‍ ഇതൊക്കെ തുടരാമെന്ന് കരുതണ്ട.” അച്ചന്‍ കലി തുള്ളി.
“യുക്തി അവസാനിക്കുന്നിടത്ത് ഭീക്ഷണി. ആള്‍ക്കൂട്ടത്തിന്റെ മുഷ്ടി കാണിച്ചു എന്നെ ഭയപ്പെടുത്താന്‍ നോക്കണ്ട അച്ചോ. എന്തായാലും, ഞാന്‍ ഇവിടം വിട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരുക്കുന്നത്. രണ്ടു, അല്ലെങ്കില്‍ മൂന്ന് ദിവസം. അതിനു ശേഷം പിന്നെ ഞാന്‍ ഇവിടെ ഇല്ല.”
“അത് തന്നെയാണ് നിങ്ങള്‍ക്കും നല്ലത്.”
“അച്ചോ പോകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി. ഞാന്‍ ഒരു വലിയ പരാജയം ആണെന്ന് അച്ചന്‍ പറഞ്ഞു. ശരിയായിരിക്കാം. പക്ഷെ ഞാന്‍ എന്‍റെ സത്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ജീവിചിട്ടുള്ളൂ. കപടതയില്‍ ജീവിച്ചിട്ടില്ല. ആത്മവഞ്ചന കാണിച്ചിട്ടില്ല.” ജോസ് അച്ചന്‍ ഹരിയുടെ നേരെ നോക്കി. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ഇത് അച്ചന്‍ പഠിപ്പിക്കുന്ന സുവിശേഷത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അച്ചനും ഇടയ്ക്ക് അത് ഓര്‍ക്കുക.”

ഭാരപ്പെട്ട മനസ്സുമായി അച്ചന്‍ അവിടെ നിന്നും തിരിച്ചു. പിറ്റേന്ന് ദുഃഖവെള്ളി. പള്ളിയില്‍ പീഡാനുഭവ ചരിത്രം വായിച്ചു. നീ യഹൂദരുടെ രാജാവാണോ എന്ന് യേശുവിനോട് പീലാത്തോസ് ചോദിക്കുമ്പോള്‍ യേശു തിരിച്ചു ചോദിക്കുന്നു- ഇത് നീ സ്വയമേ ചോദിക്കുന്നതോ അതോ മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതോ. സത്യത്തിനു സാക്ഷ്യം നല്‍കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന് യേശു പറയുമ്പോള്‍ പീലാത്തോസ് മറിച്ചു ചോദിക്കുന്നു.:- എന്താണ് സത്യം?
ഈ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അച്ചന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. താന്‍ പീലാത്തോസിന്റെ ഭാഗത്തോ യേശുവിന്റെ ഭാഗത്തോ?

വൈകിട്ടത്തെ പരിഹാര പ്രദിക്ഷിണവും കഴിഞ്ഞു അച്ചന്‍ തന്‍റെ മുറിയിലേക്ക് മടങ്ങി. വല്ലാതെ വ്യാകുലപെട്ടിരിക്കുന്ന മനസ്സ്. അപ്പോഴാണ്, തന്‍റെ മേശയില്‍ കഴിഞ്ഞ ദിവസം ജോയലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത കാസെറ്റുകള്‍ കണ്ടത്. പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണയുടെ പുറത്തു, അച്ചന്‍ തന്‍റെ പഴയ വാക്മാന്‍ തപ്പിയെടുത്തു. കാസെറ്റ് പ്ലേ ചെയ്തു. പിന്നെയുള്ള ഏതാനും മണിക്കൂറുകള്‍, അച്ചന്‍ റോക്ക് സംഗീതത്തിന്റെ രാഗസദസ്സില്‍ ആയിരുന്നു. ഹെവി മെറ്റലും ഡെത്ത് മെറ്റലും ബ്ലാക്ക്‌ മെറ്റലും എല്ലാം അച്ചന്റെ ഉള്ളില്‍ പെരുമ്പറ മുഴക്കി. തലച്ചോറിനെ കിളച്ചു മറിച്ചു. ബോധമനസ്സിന്‍റെ രക്ഷകവചങ്ങള്‍ ഭേദിച്ചു, ഉപബോധമനസ്സിലേക്ക് തുരന്നിറങ്ങി. അനാദികാലം മുതല്‍ അവിടെ പൂഴ്ത്തിവെച്ചിരുന്ന്ന ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും വിത്തുകള്‍ക്ക് മുള പൊട്ടി. ഭാവനയുടെ ആയിരം കതിനകള്‍ ഉള്ളില്‍ പൊട്ടി. വിഭ്രാന്തിയുടെ കൂട്ട പള്ളിമണികള്‍ അടിച്ചു. മനസ്സിലെ കല്പനകളും ജല്‍പ്പനങ്ങളും ചിറകു വിരിച്ചു. ലുസിഫാരിന്റെ മദ്ബഹയില്‍ ഗിറ്റാര്‍ വായിച്ചു ബലിയര്‍പ്പിക്കുന്നു. ബലിരക്തത്താല്‍ അഭിഷക്തരായ ജനം മോചിതരാകുന്നു. ഏകാധിപതിയായ ദൈവത്തിനെതിരെ അവര്‍ കലാപം നയിക്കുന്നു. സാത്താന്‍ നല്‍കിയ ജ്ഞാനതാലും തിരിച്ചരിവിനാലും പ്രചോദിതരായി. അങ്ങനെ അവര്‍ പറുദീസാ വീണ്ടെടുക്കുന്നു. ദൈവത്തെ പോലെയാകുന്നു. സൃഷ്ടാവും സൃഷ്ടിയും ഒന്നാകുന്നു. ഗിറ്റാറും ഡ്രംസുമായി അവര്‍ വിജയഭേരി മുഴക്കുന്ന്നു. കല്ലറകള്‍ തുറന്നു അഴുകിയ ശരീരങ്ങള്‍ ഒന്നാകെ നൃത്തം ചെയ്യുന്നു. ദൈവം മരിച്ചു ദൈവം മരിച്ചു എന്ന് ഉദ്ഘോഷിച്ചു കൊണ്ട്. തിന്മയും നന്മയും എല്ലാം ഒന്ന് ചേര്‍ന്ന് മനുഷ്യപ്രകൃതിയുടെ  ഉന്നതമായ അവസ്ഥയുടെ ആഘോഷത്തില്‍ ഒരു നീണ്ട ഗിറ്റാര്‍ സോളോ. അതിന്‍റെ ഉച്ചസ്ഥായിയില്‍ മുന്‍പെങ്ങും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ആനന്ദമൂര്‍ച്ച അച്ചന്‍ അനുഭവിച്ചു.

കതകില്‍ ശക്തിയായ മുട്ടല്‍ കേട്ടിട്ടാണ് ആകാന്‍ ഉണര്‍ന്നത്. മുറിയില്‍ ഭയങ്കര ഇരുട്ട്. ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റി. ബാറ്ററി തീര്‍ന്ന് എപ്പോഴോ വാക്മാന്‍ ഓഫ്‌ ആയി പോയിരുന്നു. എത്ര മണി ആയെന്നു പോലും പിടിത്തം ഇല്ല. ‘അച്ചോ, ജോസ് അച്ചോ’ എന്ന് പറഞ്ഞു ശക്തമായി മുട്ടുകയാണ്. കപ്യാരാണ്. അച്ചന്‍ കതകു തുറന്നു. പുറത്തു കോരിച്ചൊരിയുന്ന മഴ. മഴയില്‍ നനഞ്ഞു കുളിച്ചു കപ്യാര്‍ നില്‍ക്കുകയാണ്. “അച്ചോ, പള്ളിയുടെ മുകളില്‍ മരം മറിഞ്ഞു.”
“കര്‍ത്താവേ!”
അച്ചന്‍ കുടയെടുത്തു കപ്യാരുമൊത്തു പള്ളിയിലേക്ക് നടന്നു. പള്ളിയുടെ അരികില്‍ ഉണ്ടായിരുന്ന ഒരു കൂറ്റന്‍ ആഞ്ഞിലി മരം പള്ളിയുടെ അള്‍ത്താരയിലേക്ക് മറിഞ്ഞിരിക്കുകയാണ്. അള്‍ത്താരയുടെ ഭാഗം തകര്‍ന്നിരിക്കുന്നു. നിലവിളിച്ചു കൊണ്ട് അച്ചന്‍ അങ്ങോട്ട്‌ ഓടി. ഭാഗ്യത്തിന് ക്രൂശിതന്റെ രൂപത്തിനും സക്രാരിക്കും കുഴപ്പമൊന്നുമില്ല. പക്ഷെ മദ്ബഹ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ നിന്ന ആഞ്ഞിലി മരമാണ് മറിഞ്ഞു വീണത്‌. മറിഞ്ഞു വീണ മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ നിന്ന് കൊണ്ട് അച്ചനും കപ്യാരും ക്രൂശിതന്റെ രൂപത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി. മേല്ക്കൂരയില്ലാതെ മഴ നനയുന്ന ക്രൂശിതന്‍. അപ്പോള്‍ ഒരു മിന്നല്‍ പിണര്‍ ആകാശത്ത് പ്രത്യക്ഷമായി. അതിന്‍റെ ശോഭയില്‍ ക്രൂശിതരൂപം പ്രകാശിതമായി. അച്ചനും കപ്യാരും ദൈവത്തെ സ്തുതിച്ചു.

പിറ്റേന്ന് ദുഃഖശനിയാഴ്ചയുടെ പ്രഭാത കുര്ബാനയ്ക്കായി വന്ന ആളുകള്‍ തകര്‍ന്നു കിടക്കുന്ന പള്ളി കണ്ടു ഞെട്ടി. ശനിയാഴ്ച യഹൂദരുടെ സാബത്ത് ആയതിനാല്‍, കുരിശില്‍ ശരീരങ്ങള്‍ കിടക്കുന്നത് ആശുഭ്കാരവും, ആയതിനാല്‍ യേശുവിന്റെ മൃതദേഹം കല്ലറയില്‍ അടക്കിയെന്നും, ഞായറാഴ്ച യേശു പുനരുത്ഥാനം ചെയ്തു എന്നുമാണ് തിരുവെഴുത്ത്. സാബത്തില്‍ കല്ലറയില്‍ അടക്കപെട്ട തങ്ങളുടെ രക്ഷകന് ഉത്ഥാനം ചെയ്തു പ്രത്യക്ഷപ്പെടാന്‍ ഒരു പള്ളിയില്ലലോ എന്നോര്‍ത്ത് വിശ്വാസികള്‍ വേദനിച്ചു. അറക്കുളം ഗ്രാമത്തെ അശുഭ ചിന്തകള്‍ മൂടി.
തന്‍റെ അവിശ്വാസമാണ് ഈ ദുരന്തം വരുത്തി വെച്ചതെന്ന കുട്ടബോധതാല്‍ ജോസ് അച്ചന്റെ ഉള്ള് നീറി. രക്ഷകന്‍ കുരിശില്‍ മരിച്ച ദിനം താന്‍ സാത്താന് സ്തുതി പാടി. എന്തൊരു വലിയ പാതകം. മാപ്പില്ലാത്ത പാപം. വിങ്ങുന്ന മനസ്സോടെ ജോസ് അച്ചന്‍ തകര്‍ന്ന അള്‍ത്താരയില്‍ നിന്ന് കുര്‍ബാന അര്‍പ്പിചു. ആകാശസീമകളെ നോക്കി കൊണ്ട്. തകര്‍ന്ന മരത്തിന്റെ ചില്ലകളില്‍ കിളികള്‍ വന്നിരുന്നു കുര്‍ബാനയുടെ പാവനതയെ അലോസരപ്പെടുത്തി. കുര്‍ബാന ചൊല്ലുമ്പോഴും അച്ചന്റെ ഉപബോധത്തില്‍ ഗിറ്റാര്‍ കമ്പികള്‍ ശ്രുതി മീട്ടി.
കുര്‍ബാന കഴിഞ്ഞു ഇറങ്ങിയതും കുറെ നാട്ടുകാര്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് അച്ചന്റെ അരികിലേക്ക് ഓടിയെത്തി.
“അച്ചോ, ജോയലിനെയും ബിനുവിനെയും കാണുന്നില്ല.”
“എന്ത്”
“അവര്‍ വീട് വിട്ടു പോയി അച്ചോ. ലിസി ചേച്ചിയും മോളി ചേച്ചിയും കരച്ചിലോടു കരച്ചില്‍ ആണ്. ആ ഹരിയും ഇന്നലെ നാട് വിട്ടു. അവന്റെ കൂടെയാണ് പോയതെന്ന് ഒരു സംശയവും ഇല്ല. ഈ കുറിപ്പും വീട്ടില്‍ വെച്ചിട്ടുണ്ട്.”
അച്ചന്‍ ആ കുറിപ്പ് മേടിച്ചു വായിച്ചു. ജോയലിന്റെ കൈപ്പട.
“മരിച്ചു ജീവിക്കാനല്ല ജീവിച്ചു മരിക്കാന്‍ ആണ് ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പോകുന്നു. സത്യം തേടി. ഞങ്ങളെ അന്വേഷിക്കരുത്.”
“പോലീസില്‍ അറിയിക്കേണ്ടേ അച്ചോ. അവനെ വിടരുത്. ആ ഹരിയെ.” എന്നൊക്കെ ആളുകള്‍ അലറികൊണ്ടിരുന്നു.

ഒരു ഗ്രാമത്തിലെ കുട്ടികളെ മുഴുവന്‍ കുഴലൂതി വശീകരിച്ചു കൊണ്ട് പോയ പൈഡ് പൈപരിന്റെ കഥ അച്ചന്റെ മനസ്സില്‍ അന്നേരം വന്നു. മേല്കൂരയില്ലാതെ നില്‍ക്കുന്ന ക്രൂശിതന്റെ രൂപത്തിലേക്ക് അച്ചന്‍ നോക്കി. “കര്‍ത്താവേ, എന്തൊക്കെ പരീക്ഷണങ്ങള്‍ ആണ് ഇതൊക്കെ” ജോസ് അച്ചന്‍ മനസ്സില്‍ ഓര്‍ത്തു. കുരിശു രൂപത്തില്‍ നിന്നും അപ്പോഴും മഴതുള്ളികള്‍ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു. ഉത്ഥാനം നിഷേധിക്കപ്പെട്ടു എന്നന്നേക്കുമായി കല്ലറയില്‍ സംസ്കരിക്കപ്പെട്ട ക്രൂശിതന്റെ കണ്ണീര്‍. ഉയര്‍പ്പ്ഞായര്‍ ഇല്ലാത്ത കറുത്ത സാബത്തിന്റെ വിലാപം!