പ്രഭാതത്തിലെ
പള്ളി മണി അടിച്ചു. അറക്കുളത്തെ വിശ്വാസികളെ മറ്റൊരു ദിനത്തിലേക്ക് വിളിച്ചുണര്‍ത്തുന്ന
ദൈവത്തിന്റെ കാഹളനാദം. രാവിലത്തെ കുര്‍ബനയ്ക്കായി ഒരുങ്ങികൊണ്ടിരുന്ന ജോസ് അച്ചനു
പക്ഷെ മണിനാദം കേട്ടപ്പോള്‍ ഒരു അസ്വസ്ഥത തോന്നി. അശുഭകരമായ എന്തോ ഒന്ന്
സംഭവിക്കാന്‍ പോകുന്നത് പോലെ. കഠിനമായ ജലദോഷവും മൂക്കടപ്പും കാരണം ഉറക്കം
ശരിയായില്ല. ശ്വാസനാളത്തില്‍ മുഴുവന്‍ കഫകട്ടകള്‍ തിങ്ങിനില്‍ക്കുന്നു.
അന്തരംഗത്തെ മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന കഫകെട്ടിന്റെ വഴുവഴുക്കില്‍ മനസ്സും
തെന്നുന്നു. ചിന്തകളെ വരെ അവ തടസപ്പെടുത്തുന്നു. പള്ളി തുറക്കാന്‍ കപ്യാരെ
വിളിച്ചപ്പോള്‍ വികൃതമായ ഒരു ശബ്ദമാണ് പുറത്തു വന്നത്. മരണരോദനം പോലെ ഒന്ന്. ഈ
ശബ്ദം കൊണ്ട് എങ്ങനെ കുര്‍ബാന ചൊല്ലും?
ഇടദിവസമായത്
കൊണ്ട് അധികം ആളുകള്‍ പള്ളിയില്‍ ഇല്ലായിരുന്നു. കൂടുതലും സ്ത്രീകള്‍. നോമ്പ്കാലം
ആയതു കൊണ്ട് എല്ലാ ദിവസവും പള്ളിയില്‍ വരുന്ന ചിലരും ഉണ്ടായിരുന്നു. നോമ്പ്കാലത്തെ
പശ്ചാത്താപ ചിന്തകളില്‍ ധ്യാനിക്കുന്ന ഉത്തമവിശ്വാസികള്‍. പക്ഷെ അവരുടെ ഭക്തിയെ
തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു നല്ല കുര്‍ബാന അര്‍പ്പിക്കാന്‍ ജോസ് അച്ചനു
അന്ന് കഴിഞ്ഞില്ല. ചുമയും തുമ്മലും ശബ്ദമടപ്പും എല്ലാം അച്ചനെ വല്ലാതെ
ബുദ്ധിമുട്ടിച്ചു. എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന
ചിന്തയായിരുന്നു അച്ചനു. അതില്‍ അച്ചനു മന്സതാപവും തോന്നി. ആത്മാവ്
സന്നദ്ധമായിരുന്നെങ്കിലും ശരീരം സന്നദ്ധമല്ലായിരുന്നു.
ഒരു
തരത്തില്‍ കുര്‍ബാന തീര്‍ത്തിട്ട് അച്ചന്‍ പള്ളിമുറിയിലേക്ക് ഓടി കയറി. ഇപ്പോള്‍
പുറത്തേക്ക് പ്രവഹിക്കും എന്ന മട്ടില്‍ തങ്ങിനില്‍ക്കുന്ന മൂക്കിലെ ദ്രാവകം
മുഴുവന്‍ ശക്തിയായി പിഴിഞ്ഞ് കളഞ്ഞു. പെട്ടെന്ന് കുറെ ശുദ്ധവായി ഉള്ളിലേക്ക്
പ്രവേശിച്ചു. പരിശുദ്ധാത്മാവ് ഉള്ളില്‍ വന്നു നിറഞ്ഞത് പോലെ. അപ്പോഴാണ് കതകില്‍
ആരോ മുട്ടിയത്. നോക്കിയപ്പോള്‍ അത് തടത്തിലെ ലിസ്സി ചേച്ചി ആണ്. കൂടെ അയല്‍ക്കാരി
മോളി ചേച്ചിയും ഉണ്ട്.
“അച്ചോ, ഞങ്ങള്‍ ഒരു കാര്യം പറയാനാ വന്നത്”
“വരൂ.
അകത്തു കയറി ഇരിക്കൂ.” മൂക്ക് തുടച്ചു കൊണ്ട് അച്ചന്‍ തന്‍റെ കസേരയില്‍ ഇരുന്നു.
“വല്ലാത്ത ജലദോഷം. വലിയ ബുദ്ധിമുട്ടാ!!”
“മഞ്ഞിന്റെ
ആയിരിക്കും അച്ചോ”.
“ഹും.
ആട്ടെ, വന്ന കാര്യം പറഞ്ഞില്ല”
“അച്ചോ,
ഞങ്ങള്‍ ഒരു വിഷമം പറയാന്‍ വന്നതാ”. ലിസി ചേച്ചി കസേയില്‍ നിന്ന് മുന്നോട്ട്
ആഞ്ഞു. “അച്ചനു എന്‍റെ മോന്‍ ജോയലിന്റെ അറിയാമല്ലോ. കഴിഞ്ഞ വര്ഷം വരെ ഇവിടെ
വേദപാഠം പഠിച്ചിരുന്നു. ഇപ്പോള്‍ പന്ത്രണ്ടു കഴിഞ്ഞു. അവനിപ്പോ മൂലമറ്റം സെയ്ന്റ്
ജൊസഫ് കോളേജില്‍ ബികോമിനു ചെര്‍ന്നിരിക്കുവാ.”
“അറിയാം.
ജോയലിനെ എനിക്കറിയാം. മിടുക്കനല്ലേ. ഞാന്‍ അവനെ പറ്റി അന്വേഷിക്കാന്‍
ഇരിക്കുകയായിരുന്നു. അവനെ ഇപ്പോള്‍ യുവദീപ്തിയുടെ പരിപാടികള്‍ക്കൊന്നും പണ്ടത്തെ
പോലെ കാണാറില്ല. വലിയ തിരക്കിലാണോ.”
“അവന്റെ
കാര്യം തന്നെ പറയാനാ അച്ചോ ഞാന്‍ വന്നത്. അവന്‍ ഈയിടെയായി ഒരു പ്രത്യേക സ്വഭാവമാണ്.
പള്ളി കാര്യങ്ങളിലും പ്രാര്‍ഥനയിലും ഒന്നും പണ്ടത്തെ അത്ര ഉത്സാഹമില്ല. ഞായറാഴ്ച
പള്ളിയില്‍ പോകാനോക്കെ ഇപ്പൊ വലിയ മടിയാ. ഞാന്‍ വഴക്ക് കൂടിയാ പള്ളിയില്‍ പറഞ്ഞു
വിടുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ കൊന്ത ചൊല്ലാന്‍ നേരത്ത് അവന്‍ വന്നില്ല. ഞാന്‍
വഴക്ക് പറഞ്ഞു. അന്നേരം അവന്‍ പറയുവാ ഇതിലൊന്നും കാര്യമില്ല, ദൈവം ഇല്ല എന്നൊക്കെ.
ഞാനങ്ങു വല്ലാണ്ടായി. പിന്നെ അവന്‍ എന്തൊക്കെയോ പറഞ്ഞു. അവനു വിശ്വാസമില്ല,
ഇതൊക്കെ വെറും കെട്ടുകഥയാണ് എന്നൊക്കെ. അവനോടു വാദിക്കാന്‍ ഒന്നും എന്നെ കൊണ്ട്
ആവത്തില്ല അച്ചോ. അവന്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. അച്ചന്‍ അവനോടു
ഒന്ന് സംസാരിക്കണം.”
“ഓ,
അതാണോ കാര്യം. സാരമില്ല. പേടിക്കാനൊന്നുമില്ല. ഈ പ്രായത്തില്‍ കുട്ടികള്‍ക്ക്
അങ്ങനെ ഒക്കെ തോന്നും. സംശയങ്ങളിലൂടെയാണ് വിശ്വാസം ബലപ്പെടുക. പേടിക്കണ്ട, ഞാന്‍
അവനോടു സംസാരിക്കാം.”
“അവനു
വേറെ കുഴപ്പമൊന്നുമില്ല അച്ചോ. സാധാരണ ആണ്‍പിള്ളേരെ പോലെ കമ്പനി കൂടി കറക്കവും
അലമ്പും ഒന്നും ഇല്ല. ഈ ഇരിക്കുന്ന മോളിയില്ലേ, അവളുടെ മോന്‍ ബിനുവാണ് കൂട്ട്.
അവനും ഇപ്പോള്‍ ഏതാണ്ട് നിരീശ്വരവാദിയായ മട്ടാണ്.”
“അതെ
അച്ചോ” മോളി പറയാന്‍ തുടങ്ങി “ അവനും ഇപ്പൊ വിശ്വാസകാര്യങ്ങളിലൊന്നും
താല്പര്യമില്ല. ബിനു ഇപ്പോഴും ജോയലിന്റെ കൂടെയാണ്. ഇവര് രണ്ടു പേരും കൂടി എന്താ
പരിപാടി എന്നറിയില്ല. അവന്‍ മിക്കവാറും ജോയലിന്റെ മുറിയിലായിരിക്കും.”
“ബിനു
വീട്ടില്‍ വന്നാല്‍ രാത്രിയായിട്ടേ പോകൂ.” ലിസ്സി ഇടയില്‍ കയറി പറഞ്ഞു. “ രണ്ടു
പേരും കൂടി മുറിയില്‍ ഇരുന്നു ചെവിയില്‍ മറ്റേ കുന്തവും വച്ച് എന്തൊക്കെയോ കേട്ടു
കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം ഞാന്‍ ബിനുവിനെയും വഴക്ക് പറഞ്ഞു. ഇനി മേലാല്‍
വീട്ടില്‍ വരരുത് എന്നൊക്കെ പറഞ്ഞു. അച്ചോ, ഞങ്ങളുടെ മക്കള്‍ വഴി തെറ്റി പോയോ.
ഞങ്ങള്‍ക്ക് വലാത്ത ആധിയാണ്.”
“നിങ്ങള്‍
വിഷമിക്കാതിരിക്കൂ. ഇന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ വരാം. ജോയലിനോട് സംസാരിക്കാം.
ബിനുവിനോടും വരാന്‍ പറയൂ. ഇപ്പൊ സമാധാനത്തില്‍ പോകൂ. മാതാവിനോട് പ്രാര്‍ത്ഥിക്കൂ.”
ജോസ്
അച്ചനു ജോയലിനെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. അള്‍ത്താരബാലനായിരുന്നു. അത് പോലെ
മിഷന്‍ ലീഗിന്റെ നല്ല പ്രവര്‍ത്തകനും. ശാന്തനും ചിന്താശീലനും ആയ അവന്‍
കൂടെയുള്ളവരില്‍ നിന്ന് ഒരല്‍പം വേറിട്ട് നിന്നിരുന്നു. അവന്റെ സൌമ്യ ഭാവം തീവ്ര
ചിന്തകളെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ അച്ചനു പലപ്പോഴും
തോന്നിയിട്ടുണ്ടായിരുന്നു. അവന്റെ സുഹൃത്തായിരുന്നു ബിനു ജോയലിന്റെ വ്യക്തിത്വപ്രഭ പ്രതിഫലിപ്പിക്കുന്ന
ഒരു ഉപഗ്രഹമായിരുന്നു.
വൈകുന്നേരം
ജോസ് അച്ചന്‍ ജോയലിന്റെ വീട്ടിലേക്ക് നടന്നു. വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിച്ച
റബ്ബര്‍ മരങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യബോധത്തിന്റെ അന്തരീക്ഷത്തിലൂടെ. ഇടയ്ക്ക്
വീശിയ വരണ്ട കാറില്‍ ഉയര്‍ന്ന പൊടിപടലങ്ങള്‍ അച്ചന്റെ മൂക്കിനെ ബുദ്ധിമുട്ടിച്ചു.
ചുമച്ചും തുമ്മിയും ജോയലിന്റെ വീട്ടുപടിക്കല്‍ എത്തി.
ജോയല്‍
തന്നെയാണ് വാതില്‍ തുറന്നത്. സ്ത്രൈണം നിറഞ്ഞ ചെറിയൊരു നാണചിരി അവന്റെ മുഖത്ത്
വിടര്‍ന്നു. “ജോസ് അച്ചനോ. അകത്തേക്ക് വരൂ അച്ചാ.” വിനയവും ബഹുമാനവും ചൊരിയുന്ന
ഭാവങ്ങളോടെ അവന്‍ അച്ചനെ അകത്തേക്ക് സ്വാഗതം ചെയ്തു.
അമ്മയായ
ലിസ്സി ടീച്ചറുടെ അതെ മുഖഭാഷയാണ് ജോയലിനും ഉള്ളത്. വ്യത്യസ്തമായിട്ടുള്ളത്
തത്തമ്മചുണ്ട് പോലെ കൂര്‍ത്ത് വളഞ്ഞിരിക്കുന്ന അവന്റെ മൂക്കാണ്.
“തന്നെയൊന്നും
ഇപ്പോള്‍ കാണാന്‍ കിട്ടുന്നില്ലലോ. കോളേജില്‍ ആയതില്‍
പിന്നെ
വലിയ തിരക്കായിരിക്കും അല്ലെ. അത് കൊണ്ട് ഒന്ന് കാണാന്‍ ഇറങ്ങിയതാ”
ജോയല്‍
അച്ചന്റെ നേരെ ഒന്ന് നോക്കി. എന്നിട്ട് സൌമ്യമായി പുഞ്ചിരിച്ചു.
“നമുക്കൊന്ന്
പ്രാര്‍ഥിക്കാം. എന്നിട്ടാകാം ബാക്കി സംസാരം. എന്താടോ, വിരോധം ഒന്നുമില്ലല്ലോ.”
ജോയല്‍
വെറുതെ തലയാട്ടി. അന്നെരതെക്കും ലിസി ചേച്ചിയും മുറിയിലേക്ക് വന്നു. അച്ചന്‍
പ്രാര്‍ത്ഥനപുസ്തകം എടുത്തു പ്രാര്‍ത്ഥന തുടങ്ങി. പിന്നാലെ ചൊല്ലേണ്ട ഭാഗങ്ങള്‍
ജോയലും ചൊല്ലി. വിശ്വസ്തനായ ഒരു ശുശ്രൂഷിയെ പോലെ. ഒരു അവിശ്വാസിയുടെ യാതൊരു
നിസ്സംഗതയും അവനില്‍ കാണാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് തീക്ഷ്ണതയും ആത്മാര്‍ഥതയും
അവന്റെ വാക്കുകളില്‍ ഉണ്ടെന്നു തോന്നി.
“ജോയല്‍
ഞാന്‍ ഈ വീടൊന്നു വെഞ്ചിരിക്കാം. ആദ്യം തന്‍റെ മുറിയിലേക്ക് പോകാം.” അവന്‍ വീണ്ടും
തലയാട്ടി.
നല്ല
വൃത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന അവന്റെ മുറി കണ്ടു അച്ചന്‍ ഒന്ന് അമ്പരന്നു.
കൌമാരക്കാരില്‍ ഇത്ര അച്ചടക്കം സാധാരണമല്ല. കുറെ പുസ്തകങ്ങള്‍ അടുക്കി
വെച്ചിരിക്കുന്നു ഷെല്‍ഫില്‍. കാഫ്കയുടെയും, ക്യാമുവിന്റെയും, കസാന്‍ദ്‌സാക്കിസിന്റെയും
മറ്റും പുസ്തകങ്ങള്‍ അച്ചന്റെ ശ്രദ്ധയില്‍ പെട്ടു. ചുമരില്‍ ഒരു രവിവര്‍മ
ചിത്രത്തിന്റെ പകര്‍പ്പ് തൂക്കി ഇട്ടിരിക്കുന്നു. ‘ദി ലേഡി വിത്ത്‌എ ലെമണ്‍’ എന്ന
വിശ്വവിഖ്യാതമായ ചിത്രം. ശാലീനസുന്ദരിയായ ഒരു യുവതി ഒരു നാരങ്ങ പിടിച്ചു നില്‍ക്കുന്ന
ചിത്രം. ക്രൂശിതരൂപങ്ങളോ, കത്തോലിക്കാമത
ചിഹ്നങ്ങളോ ഒന്നും മുറിയില്‍ ഇല്ലായിരുന്നു.
“എന്താടോ,
തനിക്കു കര്‍ത്താവിന്റെ ഒരു രൂപമെങ്കിലും മുറിയില്‍ വെച്ച് കൂടെ.” രവിവര്‍മ
ചിത്രത്തെ നോക്കികൊണ്ട് അച്ചന്‍ ചോദിച്ചു. അവന്‍ ഒന്ന് മന്ദഹസിച്ചു.
“എടോ തനിക്കു വിശ്വാസം ഇല്ല എന്ന് പറഞ്ഞു തന്‍റെ
അമ്മ വലിയ പരാതിയായിരുന്നു. അത് കൊണ്ട് തന്നെ കണ്ടു സംസാരിക്കാനാണ് ഞാന്‍ വന്നത്.
ശരിയാണോ? തനിക്കു വിശ്വാസമില്ലേ?”
അവന്റെ
മുഖത്ത് നിന്ന് കുട്ടിത്തഭാവം മാഞ്ഞു ഗൌരവം കൊണ്ട് മുറുകി. “പറയെടോ. തനിക്കു വിശ്വാസമില്ലേ?”
അച്ചന്‍ വീണ്ടും ചോദിച്ചു.
“ഇല്ല”.
അവന്‍ ദൃഡശബ്ധത്തില്‍ പറഞ്ഞു.
“ജോയല്‍!!”
“അതെ
അച്ചോ. എനിക്ക് വിശ്വാസം ഇല്ല. അച്ചനൊക്കെ പറയുന്നത് പോലെ ഒരു ദൈവം ഇല്ല എന്ന്
എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട്.”
അച്ചന്‍
അവിടെ കസേരയില്‍ ഇരുന്നു. പെട്ടെന്ന് ഉള്ളില്‍ നിന്ന് പ്രവഹിച്ച കഫം നിറഞ്ഞ ജലം
കൊണ്ട് മൂക്കും തലയും നിറഞ്ഞത് പോലെ. കര്‍ചീഫ് എടുത്തു ശക്തമായി ഒന്ന് മൂക്ക്
ചീറ്റി. പറയാനുള്ള വാക്കുകള്‍ കഫകട്ടകളില്‍ തങ്ങി നില്‍ക്കുന്നു.
“കുഞ്ഞേ,
നീ പറയുന്നതൊന്നും ശരിയല്ല.” കര്‍ചീഫ് ളോഹയുടെ ഉള്ളിലേക്ക് ഇട്ടു അച്ചന്‍ തുടര്‍ന്നു.
“ഈ പ്രായത്തില്‍ അങ്ങനെ പലതും തോന്നും. അങ്ങനെ തോന്നണം. കാരണം ഇത് ചോദ്യം
ചെയ്യലിന്റെ പ്രായമാണ്. ചോദ്യം ചെയ്യാം. പക്ഷെ വിശ്വാസത്തെ പൂര്‍ണമായി
നിരാകരിക്കരുത്. അത് അനുഭവങ്ങളിലൂടെ മാത്രം വെളിവാകുന്ന സത്യമാണ്. യുക്തി കൊണ്ട്
വിശദീകരിക്കുക പ്രയാസം. അത് കൊണ്ട് നീ നിന്റെ വിശ്വാസത്തെ തള്ളി പറയരുത്.”
“ഞാന്‍
ഇതിനെ പറ്റി കുറെ ആലോചിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. വെറും പ്രായത്തിന്റെ
ഭ്രമമായി അച്ചന്‍ ഇതിനെ നിസ്സരവല്‍ക്കരിക്കരുത്. മനുഷ്യനെ അടിമകളും ദുര്‍ബലരും
ആക്കുകയാണ് മതവിശ്വാസം ചെയ്യുന്നത്. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ഭയപ്പെട്ടു
കൊണ്ട് ജീവിക്കുന്ന ജനത എങ്ങനെ സ്വതന്ത്രവും ശക്തവും ആകും. പൂര്‍ണ സ്വാതന്ത്ര്യവും
വളര്‍ച്ചയും ഉള്ള ഒരു വ്യക്തിയാകുന്നതിന് ഇത്തരത്തിലുള്ള ദൈവവിശ്വാസം ഒരു
തടസ്സമാണ്. വിശ്വാസം ഒരു ചങ്ങലയാണ്. ലോകത്തെ പൂര്‍ണമായി അനുഭവിക്കുന്നതിനും
മനുഷ്യമനസ്സിനെ സമഗ്രമായി മനസ്സിലാക്കുനതിനും വിഘാതമായി നില്‍ക്കുന്ന ഒരു ചങ്ങല.
അതിനെ പൊട്ടിച്ച് എറിഞ്ഞാല്‍ മാത്രമേ മനുഷ്യന്‍ സ്വതന്ത്രനാകൂ.”
അവന്റെ
ബാലമുഖത്ത് നിന്നും ഇത്ര ദൃഡമായ വാക്കുകള്‍ പ്രവഹിക്കുന്നത് കണ്ടു അച്ചന്‍
അദ്ഭുതപെട്ടു. അതും തന്‍റെ ഉള്ളില്‍ പല തവണ ഉണ്ടായിട്ടുള്ള, ഇപ്പോഴും ഉണ്ടാകാറുള്ള
ചിന്തകള്‍.
“തെറ്റാണു
ജോയല്‍. നീ പറയുന്നതൊക്കെ തെറ്റാണ്. വിശ്വാസം ഉള്ളത് കൊണ്ടാണ് ആളുകള്‍ക്ക്
ജീവിക്കാന്‍ പ്രേരണയും ശക്തിയും ഉണ്ടാകുന്നത്.”
“അത്
ആളുകള്‍ ദുര്‍ബലര്‍ ആയതു കൊണ്ടാണ്. നടക്കാന്‍ ചിലര്‍ ക്രച്ചസ് ഉപയോഗിക്കുന്നത്
പോലെ ആളുകള്‍ വിശ്വാസത്തെ ഉപയോഗിക്കുന്നു. ഒരു ഊന്നുവടിയായി. ഈ വിശ്വാസം എന്നത്
ഒരു തരത്തില്‍ നോക്കിയാല്‍ ആളുകളുടെ ഉള്ളില്‍ ഉള്ള ഭയത്തിന്റെയും അരക്ഷിത
ചിന്തകളുടെയും എല്ലാം ഒരു സമാഹാരണമാണ്. ഉള്ളില്‍ ധൈര്യം ഉണ്ടെങ്കില്‍ പിന്നെ
നടക്കാന്‍ ഊന്നുവടി വേണ്ട. അത് വലിച്ചെറിഞ്ഞു സ്വന്തം കാലില്‍ നടന്നു ജീവിക്കാം.
അതിനു ആളുകളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അല്ലാതെ, കെട്ടുകഥകള്‍ കൊണ്ട് അവരെ ദുര്‍ബലരാക്കുകയല്ല
വേണ്ടത്.”
“വിശ്വാസവും
ദൈവഭയവും ഇല്ലെങ്കില്‍ ഈ ലോകത്തിന്റെ ഗതിയെന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ?
അരാജകത്വവും അക്രമവും വാഴും.”
“ഇല്ല
അച്ചോ. ആ ചിന്താഗതി തെറ്റാണ്. പൂര്‍ണമായ സ്വാതന്ത്ര്യബോധം ഉള്ള, യുക്തിപരമായി പൂര്‍ണവളര്‍ച്ചയെത്തിയ
ഒരു മനുഷ്യന്‍ ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കുകയില്ല. അയാള്‍ക്ക് അത് തോന്നില്ല.
കാരണം അത്തരം ഒരാള്‍ ഈ ലോകജീവിതത്തെ വലിയ കാര്യമായി എടുക്കില്ല. അയാളുടെ സന്തോഷം
അധികാരവും സമ്പത്തും വാരികൂട്ടുന്നതില്‍ അല്ല. അയാള്‍ ഒരു സത്യാന്വേഷി ആയിരിക്കും.
അയാളെ കൊണ്ട് ഒരു നാശവും സമൂഹത്തിനു ഉണ്ടാകില്ല. പിന്നെ മതങ്ങള്‍ കാരണം ലോകത്ത്
ഉണ്ടായ അക്രമത്തിന്റെയും നാശത്തിന്റെയും കണക്ക് എടുത്താല്‍ അത് നമ്മളെ
ഞെട്ടിക്കും. അച്ചനും ചരിത്രം ഒക്കെ അറിയാമല്ലോ.“
ജോസ് അച്ചനു ഒന്നും പറയാന്‍ കഴിഞ്ഞില്ല. ജ്ഞാനത്തിലും പ്രായത്തിലും വളര്‍ന്നിരിക്കുന്ന ആ കൌമാരക്കരനോട് കൂടുതല്‍ വാദിക്കാന്‍ അച്ചനു കഴിഞ്ഞില്ല. പക്ഷെ ഒരു പുരോഹിതന്‍ എന്ന നിലയിലുള്ള തന്‍റെ കര്‍ത്തവ്യം നിറവേറ്റാന്‍ അച്ചന്‍ പറഞ്ഞു . “വിശ്വാസം പല ആളുകള്‍ക്കും സന്തോഷവും സമാധാനവും നല്‍കുന്നു. എനിക്ക് അത് നേരിട്ട് അനുഭവം ഉള്ളതാണ്. ആളുകള്‍ക്ക് ജീവിതത്തില്‍ അര്‍ത്ഥവും പ്രത്യാശയും
നല്‍കുന്നു. നിന്റെ ചിന്തകള്‍
എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ജീവിതം
നമ്മുടെ യുക്തി അനുസരിച്ചല്ല നീങ്ങുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസം ഒരു കൈമുതലാകും. എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.”
ജോയല്‍ പുഞ്ചിരിച്ചു. അച്ചനും. പെട്ടെന്നാണ് അച്ചന്റെ കണ്ണില്‍ അവന്റെ മുറിയില്‍ ഒരു പഴയ ഫിലിപ്സിന്റെ ടേപ്പ് റെകോര്‍ഡര്‍ കണ്ടത്. അച്ചനു കൌതുകം തോന്നി. ലഘുവായി ഒരു വിഷയത്തെ പറ്റി സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തില്‍ പറഞ്ഞു. “ഇന്നത്തെ കാലത്തും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോ. താന്‍ കാസെറ്റ് ഒക്കെ ഇട്ടാണോ പാട്ട് കേള്‍ക്കുന്നത്.” അച്ചന്‍ എഴുന്നേറ്റ് അതിന്‍റെ അടുത്തേക്ക് ചെന്നു. അവിടെ കിടന്ന ചില കാസെറ്റ് കവറുകള്‍ കണ്ടു അച്ചന്‍ അമ്പരന്നു. “ബ്ലാക്ക് സാബത്ത്” എന്ന ഇംഗ്ലീഷ് റോക്ക് ബാണ്ടിന്റെ എഴുപതുകളില്‍ ഇറങ്ങിയ ആല്‍ബത്തിന്റെ കാസെറ്റ്. അച്ചന്‍ അത് എടുത്തു നോക്കി. നല്ല പരിചയം. കാസറ്റിന്റെ പുറകില്‍ ‘സോര്‍ബ’ എന്ന് എഴുതി ഒപ്പിട്ടിരിക്കുന്നു. ‘സോര്‍ബ!’. അതെ, തനിക്കറിയാം ഈ ‘സോര്‍ബയെ’. അച്ചന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് സഞ്ചരിച്ചു
“നിനക്ക് ഇത് എവിടെ നിന്ന് കിട്ടി?”
“അത്..അത് ഞാന്‍ ഈ ടേപ്പ് റെകോര്‍ഡര്‍ നന്നാക്കാന്‍ കാഞ്ഞാറില്‍ ഉള്ള ഒരു കടയില്‍ പോയിരുന്നു. അവിടുത്തെ ചേട്ടന്‍ തന്നതാണ്?”
“എന്താണ് അയാളുടെ പേര്?”
“ഹരി. ഹരി എന്നാണ് പേര് പറഞ്ഞത്.”
ഹരി! അതെ, ഇത് അവന്‍ തന്നെ.
അച്ചന്റെ ശ്രദ്ധയില്‍ വേറെയും കാസെറ്റുകള്‍ പെട്ട്. ‘കാറ്റടോനിയ’ ‘ഗോര്ഗോരോത്’ ‘മെയ്‌ഹെം’ തുടങ്ങിയ ചില ബ്ലാക്ക് മെറ്റല്‍ റോക്ക് ബാണ്ടുകളുടെ കസെറ്റുകള്‍. നോര്‍വേ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാണ്ടുകള്‍. പൈശാചിക ഭാവനകളും അസുരതാളവും ഉള്ള അവയുടെ സംഗീതം സാത്താനെ ആരാധിക്കന്നത് ആണെന്നും പറയപ്പെട്ടിരുന്നു. ക്രിസ്തുമതം മനുഷ്യരെ ദുര്‍ബലരും ബലഹീനരും ആക്കിയെന്നും യുറോപ്യന്‍ സംസ്കാരത്തിന്റെ പുരോഗതിയെ തടസ്സപ്പെടുതിയെന്നും അവര്‍ കരുതുന്നു. അതിനാല്‍ ക്രിസ്തുമതത്തിനു എതിരായ ചിന്തയാണ് അവരുടെ സംഗീതത്തിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. സാത്താന്‍ സേവ അതിന്‍റെ പ്രതീകം ആണ്. വെറും റോക്ക് ബാണ്ടുകള്‍ അല്ല ഇവയൊക്കെ. തങ്ങളുടെ വിശ്വാസത്തെ പ്രചരിപ്പിക്കാന്‍ ആണ് അവര്‍ സംഗീതത്തെ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ നോര്‍വെയിലെ ധാരാളം
പള്ളികള്‍ ‘മെയ്‌ഹെം’ എന്ന റോക്ക്
ബാണ്ടിലെ അംഗങ്ങള്‍ കത്തിച്ചു. പള്ളികള്‍ കത്തി നശിക്കുന്നതിന്റെ ഒരു സംഭവ പരമ്പര ഉണ്ടായി. ക്രിസ്തു മത സംസ്കാരത്തിന്റെ എല്ലാ അവശേഷിപ്പുകളും ലോകത്തില്‍ നിന്ന് തുടച്ചു മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. അത്തരം ബാണ്ടുകളുടെ കാസെറ്റുകള്‍ അവന്റെ മുറിയില്‍ കണ്ടത്തില്‍ അച്ചന്‍ ഞെട്ടി. അവയുടെ പിറകിലും എഴുതി ഒപ്പിടിരിക്കുന്നു
‘സോര്‍ബ’ എന്ന്.
“നീ ഇതൊക്കെ കേള്‍ക്കാരുണ്ടോ. ഇതൊകെയാണോ നീയും ബിനുവും കൂടി കേള്‍ക്കുന്നുണ്ട് എന്ന് നിന്റെ അമ്മ പറഞ്ഞത്?”
“ഉണ്ട്. ഞാന്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞാന്‍ കൊതിക്കുന്ന തരത്തില്‍ ഉള്ള സംഗീതം ആണ്. അതിന്‍റെ തീവ്രത, വന്യത, അത് സൃഷ്ടിക്കുന്ന
ഭയാനകമായ പ്രതീതി, - ഞാന്‍ അത് ആസ്വദിക്കുന്നു. വല്ലാത്ത ഒരു സ്വാതന്ത്ര്യബോധം അത് എനിക്ക് നല്‍കുന്നു. ഒന്നും നിഷിദ്ധമല്ല എന്ന ചിന്ത ജനിപ്പിക്കുന്നു."
വിശ്വാസം വരാത്ത രീതിയില്‍ ജോസ് അച്ചന്‍ അവനെ നോക്കി. പൊടിമീശ പോലും മുളയ്ക്കാത്ത ഈ ചെറിയ പയ്യന്‍ എന്തൊക്കെയാണ് പറയുന്നത്. അവന്റെ രൂപത്തിനും പ്രായത്തിനും ചേരാത്ത കനമുള്ള ചിന്തകളും വാക്കുകളും.
“സ്കാണ്ടിനെവിയയിലെ ബ്ലാക്ക് മെറ്റല്‍ ബാണ്ടുകളെ പറ്റി എനിക്ക് പലതും അറിയാം.” ജോസ് അച്ചന്‍ ആധികാരികമായി പറഞ്ഞു. “ അവര്‍ എന്ത് തരം മൂല്യങ്ങളെ ആണ് പ്രതിനിധീകരിക്കുന്നത് എന്ന് നിനക്ക് വല്ല ബോധ്യവുമുണ്ടോ.?”
“അറിയാം. സാത്താന്റെ”. അവന്‍ കൂസലില്ലാതെ പറഞ്ഞു.
ഞെട്ടി കൊണ്ട് അച്ചന്‍ വീണ്ടും ചോദിച്ചു. “സാത്താന്‍ എന്ന് വച്ചാല്‍ എന്താണ് എന്ന് നിനക്ക് അറിയാമോ.”
“അറിയാം. സ്വാതന്ത്ര്യം.”
“ജോയല്‍!! നീ എന്തൊക്കെയാണ് പറയുന്നത്.?”
“അച്ചോ, നിങ്ങളുടെ വേദപാഠ ക്ലാസുകളിലും സുവിശേഷപ്രബോധനങ്ങളിലും മറ്റും പ്രതിപാദിക്കുന്ന സാത്താന്‍
അല്ലത്. അതൊക്കെ മുത്തശികഥകളെ അനുസ്മരിപ്പിക്കുന്ന ഫാന്ടസികള്‍. ഇവര്‍
ആഘോഷിക്കുന്ന സാത്താന്‍ മനുഷ്യനിലെ സ്വാതന്ത്ര്യഇചഛയെ പ്രതിനിധാനം ചെയ്യുന്നു. സെമിറ്റിക്
സങ്കല്പങ്ങളിലെ ദൈവം ഒരു നിയന്ത്രിതാവാണ്. ഒരു ‘കണ്ട്രോള്‍ ഫ്രീക്’. അത് ചെയ്യണം,
ഇത് ചെയ്യരുത് എന്നൊക്കെ തോന്നും പോലെ കല്‍പ്പിക്കുന്ന ഒരു ഏകാധിപതി. എന്ത് കൊണ്ട്
ജ്ഞാനവൃക്ഷത്തിന്റെ പഴം കഴിക്കരുത് എന്ന് പറയുന്നില്ല. അബ്രാഹമിനോട് കല്‍പ്പിക്കുന്നു,
മകനെ ബലി കഴിക്കുക. എന്ത് കൊണ്ട്?അതിനു വിശദീകരണം ഇല്ല. അനുസരണ. അന്ധമായ അനുസരണ.
അതാണ് ഈ ദൈവസങ്കല്‍പം ആവശ്യപ്പെടുന്നത്. മനുഷ്യനെ ഒരു നല്ല അടിമയാക്കുക, ഒരു
ഫ്യൂടല്‍ ദൈവം ആണിത്. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം ആണെന്നാണല്ലോ വിശുദ്ധഗ്രന്ഥത്തിലും
പറയുന്ന്നത്. എന്നാല്‍, സാത്താനെ നോക്കൂ. അവന്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ
അംഗീകരിക്കുന്നു. അവന്‍ മനുഷ്യനുമായി സംവദിക്കുന്നു. എന്ത് കൊണ്ട് ജ്ഞാനത്തിന്റെ
പഴം കഴിക്കണം എന്ന് വിശധീകരിക്കുന്നു. യുക്തിയുടെ, സംവാദത്തിന്റെ,
സ്വാതന്ത്ര്യത്തിന്റെ, പരസ്പരബഹുമാനത്തിന്റെ, സമത്വത്തിന്റെ ഒക്കെ മൂല്യങ്ങള്‍
സാത്താനില്‍ കാണാം. അതിനെയാണ് ഈ സംഗീതം ആഘോഷിക്കുന്നത്. അല്ലാതെ, തിന്മയെ അല്ല.
അക്രമത്തെ അല്ല. ഹിംസയും അല്ല. പക്ഷെ അല്‍പബുദ്ധികള്‍ക്ക് അതൊന്നും പറഞ്ഞാല്‍
മനസ്സിലാകില്ല. അവര്‍ക്ക് വേണ്ടത് ലഘൂകരിക്കപ്പെട്ട കറുപ്പിലും വെളുപ്പിലും ഉള്ള
വേര്‍തിരിവുകള്‍ ആണ്.”
“കുഞ്ഞേ ജോയലേ, എനിക്ക് നിന്നെ മനസ്സിലാകുന്നില്ല. എന്നാല്‍
മനസ്സിലാകുന്നുമുണ്ട്. പക്ഷെ, നീ മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്നു.
നിന്റെ ചിന്തകള്‍ തെറ്റാണെന്ന്
എന്നോന്ന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഈ പ്രായത്തില്‍ ഇത് വേണ്ട.” അവന്റെ തോളില്‍
വാത്സല്യത്തോടെ തട്ടിയിട്ടു ജോസ് അച്ചന്‍ പറഞ്ഞു. “നീ പള്ളിയില്‍ വരിക. പ്രാര്‍ഥനകളിലും
പങ്കെടുക്കുക. അമ്മയെ വിഷമിപ്പിക്കതിരിക്കുക. എല്ലാ കാര്യങ്ങളിലും കടുംപിടിത്തം
വേണ്ട. കുറച്ചൊക്കെ വിട്ടുവീഴ്ചകള്‍ ആകാം. കാരണം, നിന്റെ അത്ര ഉദ്ബോധനം
കിട്ടിയിട്ടില്ലാത്ത, അത് കിട്ടാന്‍ സാഹചര്യം ലഭിക്കാത്ത സാധാരണക്കാരായ ജനങ്ങള്‍
ഉള്ള സമൂഹത്തില്‍ ആണ് നീ ജീവിക്കുന്നത്. അതും മനസ്സിലാക്കുക. തത്കാലം ഈ
കാസെറ്റുകള്‍ ഞാന്‍ എടുക്കുന്നു. നിന്നെ ഇതിലേക്ക് നയിച്ച ‘സോര്‍ബയെ’ എനിക്ക്
കണ്ടെത്തണം. അതിനാല്‍ നിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തുന്നു.”
മൂക്കിന്റെ തുമ്പിലേക്ക് വന്ന തുമ്മല്‍
നിയന്ത്രിച്ചു, അതിന്‍റെ ശക്തി ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട്, അച്ചന്‍ അവന്റെ
മുറിയില്‍ നിന്ന് ഇറങ്ങി.
“ലിസി ചേച്ചി, ഇനി ഒന്നും ഓര്‍ത്തു വിഷമിക്കേണ്ട.
ജോയല്‍ ഇനി നല്ല കുട്ടിയായി പള്ളിയില്‍ വരികയും പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്യും.
അവന്‍ ഇനി നല്ല കുട്ടിയാകും. അല്ലെ മോനെ.” അച്ചന്‍ അവനെ നോക്കി. അവന്‍ തലയാട്ടി.
തിരിച്ചുള്ള
നടത്തത്തില്‍ അച്ചന്റെ മനസ്സ് മുഴുവന്‍ ചിന്തകളാല്‍ കലങ്ങിയിരിക്കുകയായിരുന്നു.
ജോയല്‍ പറഞ്ഞതൊക്കെ പല അവസരങ്ങളിലും തന്‍റെ മനസ്സിലും വന്നിട്ടുള്ള ചിന്തകള്‍ ആണ്.
ഒരു തരത്തില്‍, അവന്‍ തന്‍റെ ചിന്തകളെ തന്നെയാണ് പ്രക്ഷേപണം ചെയ്തത്. അത് കൊണ്ടാണ്
അവന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ തനിക്കു കഴിയാതെ പോയത്. പക്ഷെ ളോഹയിട്ട്കൊണ്ട്
അങ്ങനെ ചെയ്യുന്നത് ആത്മവഞ്ചനയല്ലേ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.
പക്ഷെ,
അതിനെക്കാളും ജോസ് അച്ചനെ കുഴച്ചത് ‘സോര്‍ബ’യെ പറ്റിയുള്ള ചിന്തയാണ്. വളരെ
പരിചിതമായ പേരും ആ ഒപ്പും. ‘ബ്ലാക്ക് സാബത്തിന്റെ’ ആ കാസെറ്റ് കവര്‍ തന്നെ വളരെ
സുപരിചിതമാണ്. പണ്ട്, പോത്താനിക്കാട് എന്ന മലയോര ഗ്രാമത്തില്‍ കൌമാരം
ചെലവഴിച്ചപ്പോള്‍ തന്‍റെ ജീവിതത്തില്‍ കടന്നു വന്ന ഒരു ഹരിയുണ്ടായിരുന്നു.
പോത്താനിക്കാട് ഹൈസ്കൂളിലെ കുട്ടികളുടെ ആരാധാനതാരം. നന്നായിട്ട് പഠിക്കുന്ന,
നന്നായിട്ട് ഫുട്ബോള്‍ കളിക്കുന്ന, നന്നായിട്ട് കരാട്ടെ കാണിക്കുന്ന തന്‍റെ
സീനിയര്‍ ആയി പഠിച്ച ഹരി. അവിടെ സ്ഥലം മാറി വന്ന പോസ്റ്റ്‌മാസ്റ്ററുടെ മകന്‍.
പോത്താനിക്കാട് എന്ന കുഗ്രാമത്തിലെക്ക് പട്ടണത്തിന്റെ പരിഷ്കാരവും,
പാശ്ചാത്യസംസ്കാരത്തിന്റെ കാറ്റും കൊണ്ടുവന്നവന്‍. കണ്ടത്തില്‍ പന്തിനു പുറകെ
ഓടുന്നതിനെ ഫുട്ട്ബോള്‍ ആയി കരുതിയിരുന്ന അവരെ, യൊഹാന്‍ ക്രൈഫ്ഫിന്റെ ടോട്ടല്‍
ഫുട്ബോള്‍ രീതികള്‍ പരിശീലിപ്പിച്ചു കൊടുത്തവന്‍. ബ്രുസ് ലി എന്ന വിസ്മയത്തിലൂടെ
കരാട്ടെയെ പോത്താനിക്കാട്ടിലെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തവന്‍. പക്ഷെ
ജോസ് അച്ചന്റെ ജീവിതത്തില്‍ ഹരി ഒരു വലിയ സ്വാധീനമായി തീര്‍ന്നത് റോക്ക്
സംഗീതത്തിലൂടെയാണ്. ജോസിനു വേണ്ടി മാത്രമായി ഹരി നല്‍കിയ പ്രത്യേക സമ്മാനം
ആയിരുന്നു റോക്ക് മ്യുസികിന്റെ ലോകത്തിലേക്കുള്ള പ്രവേശനം. ജോസിനു ആദ്യം
കേട്ടപ്പോള്‍ വല്ലാത്ത പുതുമയായിരുന്നു. അത് വരെ കേട്ടതില്‍ നിന്നൊക്കെ
വ്യത്യസ്തം. ഹിപ്പി സംസ്കാരമൊക്കെ കത്തി നില്ക്ക്കുന്ന കാലം. ജോസ് ആയിരുന്നു
സംഗീതത്തിന്റെ സ്വര്‍ഗീയമന്നായ്ക്ക് വേണ്ടി തെരെഞ്ഞെടുക്കപെട്ടവന്‍. ‘ബീറ്റില്‍സ്’-
അതിലായിരുന്നു ജോസിന്റെ മാമോദീസാ. ‘ഈഗിള്‍സ്’ ‘ഡയര്‍ സ്ട്രൈറ്റ്‌സ്’ മുതലായ മൃദുല
സംഗീതത്തിന്റെ ബാണ്ടുകളിടെ ചൈതന്യത്തില്‍ അവന്‍ വളര്‍ന്നു. പിന്നെ ‘പിങ്ക് ഫ്ലോയ്ഡ്’, , ‘ഗണ്ണ്‍സ് ആന്‍ഡ്
റോസസ്’ ‘ലെഡ് സെപ്പലിന്‍’ തുടങ്ങിയ ബാണ്ടുകളിലൂടെ ജോസിന്‍റെ ആത്മാവ് കൂദാശ
ചെയ്യപ്പെട്ടു. അവരുടെ സംഗീതം അല്പം കൂടി ഗഹനവും വ്യത്യസ്തവുമായിരുന്നു. മനസ്സിനെ
തലോടുന്ന ലളിതസംഗീതം പോലെയല്ല. മനസ്സിന്‍റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുന്ന
സംഗീതം. വിഭ്രാന്തമായ അനുഭൂതി സൃഷ്ടിക്കുന്ന സംഗീതം. നാഡികള്‍ ഗിറ്റാര്‍ കമ്പികള്‍
പോലെ വലിഞ്ഞു മുറുകി. ഡ്രംസിന്‍റെ പെരുമ്പറ കൊട്ടുന്നത്തിന്‍റെ താളത്തില്‍ ഹൃദയം
മിടിച്ചു. വാക്മന്റെ ഇയര്‍ഫോണില്‍ നിന്നുള്ള ഭ്രമാത്മകമായ ഗാനം തലച്ചോറിലേക്ക്
നേരിട്ട് ഒഴുകിയെത്തി അവനെ മത്ത് പിടിപ്പിച്ചു. ബോധത്തിന്റെ നൈമിഷികമായ നഷ്ടം.
സുഖകരമായ മരവിപ്പ്. സര്‍വവിനാശത്തിനുള്ള താല്പര്യവുമായി പറുദീസയുടെ പടവുകള്‍ കയറി.
സ്വര്‍ഗ്ഗരാജ്യത്തിന്റെ കതകുകളില്‍ മുട്ടുന്ന ഡ്രം ബീറ്റ്സ്. മാലാഖമാര്‍
വായിക്കുന്ന ഗിറ്റാര്‍ നോട്ട്സ്. ബാസ് ഗിറ്റാറിന്റെ മുഴക്കത്തില്‍ നിന്നും അവന്റെ
ആത്മാവ് വിളിച്ചു പറഞ്ഞു ‘അങ്ങയുടെ നാമം പൂജിതമാകട്ടെ’. ബൊഹീമിയന്‍ കൊടുങ്കാറ്റിന്റെ തേരിലേരി
പറക്കുകയായിരുന്നു ജോസിന്റെ കൌമാര മനസ്സ്. നഷ്ടപെട്ട ഏദന്‍ തോട്ടം തിരിച്ചു
പിടിക്കാനായി.
ഒരു
ദിവസം ഹരി ജോസിനെ അവന്റെ വീട്ടിലേക്ക് വിളിച്ചു. “ഇന്ന് ഞാന്‍ നിനക്ക്
വ്യത്യസ്തമായ ഒരു സംഗീതം കേള്‍പ്പിച്ചു തരാം. ഇത് വരെ കേട്ടതില്‍ നിന്നൊക്കെ വളരെ
വ്യത്യസ്തം.” അവന്‍ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ജോസ് അവനെ നോക്കി.
“ബ്ലാക്ക്
സാബത്ത്”- ഹരി ജോസിന്റെ മുന്‍പിലേക്ക് ഇട്ട കസേറ്റിന്റെ കവറില്‍ എഴുതിയിരുന്നു.
ചിറകുകള്‍ വിരിച്ചു ആകാശത്തേക്ക് പറക്കുന്ന ഒരു ചെകുത്താന്റെ ലോഗോ കാസെറ്റ് കവറില്‍.
നിസ്സീമ സ്വാതന്ത്ര്യത്തിന്റെ നിര്‍വൃതിയില്‍ അലിഞ്ഞ ഭാവമാണ് ചെകുത്താന്റെ
മുഖത്ത്. എന്താണിത് എന്ന മട്ടില്‍ ജോസ് ഹരിയെ നോക്കി.
“ഇത്രയും
കാലം നമ്മള്‍ സ്വര്‍ഗത്തിന്റെ പാട്ടുകള്‍ കേട്ടു. ഇനി നമുക്ക് നരകത്തിന്റെ കേള്‍ക്കാം.”
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഭയപ്പാടോടെ
ജോസ് കാസെറ്റ് വാക്മാനില്‍ ഇട്ടു. ഇയര്‍ ഫോണുകള്‍ ചെവിയിലേക്ക് അടുപ്പിച്ചു.
രുദ്രവും ചടുലവുമായ താളം. ഗിറ്റാര്‍ കമ്പികള്‍ ഉരഞ്ഞു കാറുന്നു. അതിന്‍റെ ഉരയുന്ന
ശ്രുതി അവന്റെ അന്തരംഗത്തെ മാന്തി പൊളിച്ചു. ഡ്രം സ്റ്റിക്കുകള്‍ താണ്ഡവം ആടി.
പൈശാചിക ശക്തികളെ പ്രസാദിപ്പിക്കുന്ന വന്യമായ ഏകോപനം. നരകാഗ്നിയില്‍ വെന്തു
പിടയുന്ന ദുരാത്മാക്കളുടെ രോദന ശബ്ധത്തില്‍ ഗായകന്‍ പാടി. ‘ഗോഡ് ഈസ് ഡെഡ്’. ദൈവം
മരിച്ചു!. മനസ്സാക്ഷിയില്‍ രക്തകറ പുരണ്ടു, കല്ലറയില്‍ അന്തിമ വിധി കാത്തു
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ആത്മാവ് പാടുന്നു. ദൈവം മരിച്ചു. എഴുതപെട്ട
വചനങ്ങളും പ്രവചനങ്ങളും എല്ലാം കേട്ടുകഥകള്‍. പ്രത്യാശയ്ക്കു ഇനി വകയില്ല. മരണം.
അതിനെ പുല്കുക. അതാണ് ഏക സത്യം.
ജോസിന്റെ
മനസ്സ് ആകെ ഉലഞ്ഞു. പക്ഷെ അന്ധകാരത്തിന്റെ വശ്യമായ ആകര്‍ഷണത്തില്‍ അവന്‍ വീണ്ടും
വീണ്ടും കേട്ടു. മരണരോദനത്തില്‍ വീണ്ടും പാടുന്നു. ഗിറ്റാറിന്റെയും ഡ്രംസിന്റെയും
അസുരവാദ്യത്തിന്റെ അകമ്പടിയോടെ ഗായകന്‍ അലറുന്നു. മറ്റുള്ളവര്‍ കെട്ടിയുണ്ടാക്കിയ
വികല സത്യങ്ങള്‍ തലയില്‍ നിറച്ചു ജീവിക്കുന്നവരെ, നിങ്ങളുടെ ജീവിതം ഒരു കറുത്ത
സാബത്ത് ആണ്. ഒരു നശിച്ച കറുത്ത സാബത്ത്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കൂ.
ഇരുണ്ട
ഉദ്ബോദനം കിട്ടിയ നിറവില്‍ ജോസ് ഹരിയെ നോക്കി. എങ്ങനെയുണ്ട് എന്ന മട്ടില്‍ ഹരി
ചിരിച്ചു. “ഞാന്‍ ഇത് വീട്ടില്‍ കൊണ്ട് പൊയ്ക്കോട്ടേ. എനിക്കിത് പിന്നെയും കേള്‍ക്കണം”
“അതിനെന്താ.
കൊണ്ട് പൊയ്ക്കോ. ആവോളം കേട്ടു ആസ്വദിക്ക്.” കാസെറ്റിന്റെ പിറകില്‍ പേന കൊണ്ട്
ഒപ്പിട്ടതിനു ശേഷം ഹരി അതവനു കൊടുത്തു. ജോസ് അവന്റെ ഒപ്പ് നോക്കി. “സോര്‍ബ!”
“സോര്‍ബ.
ആരാണത്”
“ഹഹ.
സോര്‍ബ. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിച്ച ഒരുവന്‍.” കസാന്‍ദ്‌സാക്കിസിന്‍റെ
‘സോര്‍ബ ദി ഗ്രീക്ക്’ പുസ്തകം ജോസിനു നേരെ നീട്ടികൊണ്ട് ഹരി തുടര്‍ന്നു. “അത് കേള്‍ക്കുന്നതിനോപ്പം
ഇതും വായിക്കൂ. അപ്പൊ നീ ശരിക്കും നേരെയാകും. തല തിരിഞ്ഞു നേരെയാകും.” എന്നിട്ട്
ഭ്രാന്താമായി ഹരി പൊട്ടിചിരിച്ചു.
തിരുക്കുടുംബതിന്റെ
വിശുദ്ധവും ശാന്തവുമായ ജീവിതമാതൃകകള്‍ മാത്രം കണ്ടു ശീലിച്ച ജോസിനു ജീവിതത്തിന്റെ
ഇരുണ്ട വശങ്ങള്‍ അങ്ങനെ വെളിവാകുകയായിരുന്നു. സ്വര്‍ഗ്ഗവും നരകവും ഒന്ന്
ചേരുമ്പോള്‍ സാധ്യമാകുന്ന ജീവിതത്തിന്റെ മഹനീയമായ സമഗ്രത-അതും അവനു
മനസ്സിലാവുകയായിരുന്നു. ക്രമേണ കൂടുതല്‍ ഇരുണ്ടതും ദ്രുതവുമായ സംഗീതത്തിലേക്ക്
അവന്‍ നയിക്കപെട്ടു. ‘സ്ലയെര്‍’ ‘ലാംബ് ഓഫ് ഗോഡ്’ ‘കിസ്സ്’ ‘യൂദാസ് പ്രീസ്റ്റ്’
മുതലായവ. അതിനു മുതല്കൂട്ടാകാന്‍ നിഷേയുടെയും, സാര്‍ത്രിന്റെയും, ക്യമുവിന്റെയും,
കസാന്‍ദ്‌സാക്കിസിന്റെയും മറ്റും ചിന്തകളും. അപ്പത്തിനു വീഞ്ഞ് എന്ന പോലെ. അങ്ങനെ
ഇരുണ്ട ജ്ഞാനം കൊണ്ട് അവന്റെ കാസ നിറഞ്ഞു. ഇപ്പോള്‍ ജോയല്‍ ഉള്ളില്‍ വഹിക്കുന്നത്
പോലെയുള്ള ചിന്തകള്‍ കൊണ്ട് അന്ന് ജോസിന്റെ മനസ്സും കലങ്ങി. രണ്ടു പേരുടെയും
സ്വാധീനസ്രോതസ്സ് ഒന്ന് തന്നെ.
ജോസിനെ
അച്ചനാക്കം എന്ന് പണ്ട് അവന്റെ അപ്പച്ചന്‍ നേര്ച്ച നേര്ന്നിട്ടുണ്ടായിരുന്നു.
അങ്ങനെ സഭയ്ക്ക് വേണ്ടി ഒരുക്കപെട്ട കുഞ്ഞാടായി ചെറുപ്പം മുതലേ അവനെ വളര്‍ത്തി
വരികയായിരുന്നു. തികഞ്ഞ അച്ചടക്കതിലും ദൈവഭയത്തിലും. പക്ഷെ അങ്ങനെയുള്ള ജോസ്
ദൈവനിരാസത്തില്‍ എത്തി ചേര്‍ന്നപ്പോള്‍ സ്വാഭാവികമായും വീട്ടുകാര്‍ പരിഭ്രാന്തരായി.
അബ്രാഹത്തിന്റെ കല്‍പ്പിക്കുന്ന ദൈവത്തെക്കാള്‍, ജോസിനു സ്വീകാര്യനായി തോന്നിയത്
തുല്യതയോടും ബഹുമാനത്തോടും സംവദിക്കുന്ന സാത്താനെയാണ്. തന്‍റെ ജീവിതം സഭയ്ക്ക്
വേണ്ടി ബലി കൊടുക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ സാധുത അവന്‍ ചോദ്യം ചെയ്തു.
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു ബലിമൃഗം ആകാന്‍ തന്നെ കിട്ടില്ല എന്ന് അവന്‍
തറപ്പിച്ചു പറഞ്ഞു. പിശാചുബാധ ഏറ്റ മകനെ അവന്റെ വീട്ടുകാര്‍ ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും
അയച്ചു. അവസാനം ജോസിനു വഴങ്ങേണ്ടി വന്നു. അങ്ങനെ ജോസ്, സെമിനാരിയില്‍ ചേര്‍ന്നു.
വിശ്വാസരാഹിത്യതിന്റെ
ഭ്രാന്തമായ നാളുകള്‍ ആയിരുന്നു സെമിനാരിയില്‍. കടുത്ത മനോവിഷമത്തോടെ ജോസ് ഹരിക്ക്
കത്തുകള്‍ എഴുതി. അവന്റെ അസ്തിത്വപ്രതിസന്ധി വേറെ ആര്‍ക്കും
മനസ്സിലാകില്ലായിരുന്നു. എല്ലാം വിട്ടെറിഞ്ഞ് തന്‍റെ കൂടെ പോരാന്‍ ഹരി നിര്‍ബന്ധിച്ചു.
നിസ്സീമമായ സ്വാതന്ത്ര്യത്തിലേക്ക്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാന്‍.
എന്പതുകളുടെ അവസാനം നോര്‍വേ സ്വീഡന്‍ മുതലായ സ്കാണ്ടിനെവിയന്‍ രാജ്യങ്ങളില്‍
‘ബ്ലാക്ക് മെറ്റല്‍’ ബാണ്ടുകള്‍ ഉദയം ചെയ്തു. പള്ളികള്‍ കത്തിച്ചു ക്രിസ്തുമതത്തെ
ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്ത ‘മെയ്‌ഹെം’ ‘ഗോര്ഗോരോത്’
മുതലായവ. അവയുടെ കാസെറ്റ്കളും തപ്പിപിടിച്ചു ഹരി ജോസിനു അയച്ചു കൊടുത്തു. വിശുദ്ധ
വചനം ഉരുവിടുന്ന ചുണ്ടുകള്‍ കൊണ്ട് തന്നെ സാത്താന്‍പൂജ ചെയ്യുന്നു എന്ന്
ആരോപിക്കപ്പെടുന്ന അവയുടെ സംഗീതവും മൂളി. ഒരിക്കല്‍ സെമിനാരിയിലെ റെക്ടര്‍ അച്ചന്‍
ഫാദര്‍ ഇമ്മാനുവല്‍ ജോസിന്റെ മുറി പരിശോധിക്കുകയും ആ കാസെറ്റുകള്‍
പിടിച്ചെടുക്കുകയും ചെയ്തു. ഭക്തി കാര്യങ്ങളില്‍ ഉദാസീനത കാണിക്കുന ജോസ് അവരുടെ
നിരീക്ഷണത്തില്‍ ആയിരുന്നു.
ഫാദര്‍
ഇമ്മാനുവല്‍ ജോസിനെ ശകാരിച്ചില്ല. പകരം ജോസുമായി ഒരു നീണ്ട സംഭാഷണം നടത്തി.
ജോസിന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സംഭാഷണം.
“ജോസേ,
ജീവിത്തിന്റെ യഥാര്‍ത്ഥ സത്യം എന്നത് ശൂന്യതയാണ്. അതിനെ തേടി പോയാല്‍ നാം സ്വയം
നഷ്ടപ്പെടുകയെ ഉള്ളൂ. അത് കൊണ്ട് നാം നമ്മുടെതായ യാതാര്‍ത്ഥ്യത്തെ നിര്‍മിക്കുകയാണ്.
കയ്പ്പ് നിറഞ്ഞ ഈ ശൂന്യത നമുക്ക് വിശ്വാസം കൊണ്ടേ നിറയ്ക്കാന്‍ ആകൂ. നിരര്‍ത്ഥകമായ
ജീവിതത്തിന്റെ ഈ സത്യം എല്ലാവര്ക്കും താങ്ങാന്‍ ആകില്ല. അവിടെയാണ് നമ്മുടെ
പ്രസക്തി. വിശ്വാസത്തിന്‍റെ ലഹരിയുടെ മൊത്തകച്ചവടക്കാര്‍ ആണ് നമ്മള്‍. ആളുകള്‍ക്ക്
ഈ ലഹരി ആവശ്യമാണ്. അത് കൊണ്ട് ജോസേ, നീ നിന്റെ ചിന്തകള്‍ മറക്കുക. നീ
തെരെഞ്ഞെടുതതല്ലെങ്കിലും നിന്നെ തെരഞ്ഞെടുത്ത ഒരു ജീവിതാവസ്ഥയാണിത്. ആളുകളെ
നവീകരിക്കാന്‍ കഴിവുള്ള ഒരു നല്ല വൈദിക ചൈതന്യം നിന്നില്‍ കുടി കൊള്ളുന്നുണ്ട്.
അതിനെ പരിപോഷിപ്പിക്കുക. യു ജസ്റ്റ് നീഡ് ടു ടേക്ക് എ ലീപ് ഓഫ് ഫെയ്ത്ത്.”
അങ്ങനെ
ഇമ്മാനുവേല്‍ അച്ചന്റെ ഉപദേശം അനുസരിച്ച്, ജോസ് വിശ്വാസത്തിന്‍റെ ഒരു കുതിചുചാട്ടം
എടുത്തു. ഇതെല്ലാം മിഥ്യയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ഇതാണ് ഏക സത്യം എന്ന്
അംഗീകരിക്കാന്‍ മനസ്സിനെ പരിശീലിപ്പിച്ചു. വിശ്വാസസത്യങ്ങളുടെ ആണികള്‍
മസ്തിഷ്കത്തിലേക്ക് അടിച്ചിറക്കി. നിരര്‍ത്ഥകതയിലേക്കും ശൂന്യതയിലേക്കും
പിടിവിട്ടു ഉയരുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തി. അങ്ങനെ നിരന്തര മനോവ്യായാമമുറകളുടെ
ഫലമായി, ജോസ്, ഫാദര്‍ ജോസ് ചേറ്റൂര്‍ എന്ന ഒരു ഒന്നാംതരം വൈദികന്‍ ആയി.
വിശ്വാസലഹരിയുടെ മിടുക്കാനായ കച്ചവടക്കാരന്‍. കറുത്ത സാബത് കഴിഞ്ഞുള്ള ഉയര്‍പ്പ്
ഞായരിലേക്ക് ജോസ് അച്ചന്റെ ജീവിതം ഉത്ഥാനം ചെയ്തു. പാതാളത്തിന്റെ കാഹളനാദവുമായി
വന്ന് വിനാശം വിതച്ച ദൂതന്മാരെ മറന്ന്, സര്‍വശക്തനും ആയിരിന്നവനും
ആയിരിക്കുന്നവനും ആയ സ്വര്‍ഗസ്ഥന്‍റെ സ്തുതികള്‍ മാത്രം മനസ്സില്‍ ആലപിച്ചു.
പൌരോഹിത്യധര്മത്തിന്റെ നിറവില്‍ ജീവിതം ധന്യമാക്കി. അങ്ങനെയിരിക്കെയാണ്, സോര്‍ബയുടെ
രണ്ടാം വരവ്. പാതാളത്തില്‍ നിന്നുള്ള കാഹളനാദവുമായി.
അന്ന് ഓശാന
ഞായറാഴ്ച ആയിരുന്നു. ജോയലും ബിനുവും പള്ളിയില്‍ വന്നിട്ടുണ്ടോ എന്ന് കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ
ജോസ് അച്ചന്‍ പ്രത്യേകം നോക്കി. ഉവ്വ് അവര്‍ ഉണ്ടായിരുന്നു. ഇതിനിടെ കാഞ്ഞാറില്‍
ഇലക്ട്രോണിക്സ് റിപയര്‍ കട നടത്തുന്ന ഹരിയെ പറ്റി ചില അന്വേഷണങ്ങളും അച്ചന്‍ നടത്തിയിരുന്നു.
അറക്കുളത്ത് നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് കാഞ്ഞാര്‍. നാല് മാസത്തോളം
ആയിക്കാണും അവിടെ കട തുടങ്ങിയിട്ട്. ‘സോര്‍ബ ഇലക്ട്രോണിക്സ്’. നാല് മാസങ്ങള്‍ക്ക്
മുന്പ് പുറത്തു നിന്ന വന്ന ഒരു പരദേശി കാഞ്ഞാറില്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്തു
ഇലക്ട്രോണിക്സ് കട തുടങ്ങുന്നു. വിവാഹിതനാണോ എന്ന് അറിയില്ല. ഇവിടെ എന്തായാലും ഒറ്റയ്ക്കാണ്
താമസം. കടയോട് ചേര്‍ന്നുള്ള മുറിയില്‍ താമസം. നാട്ടുകാരോട് വലിയ സമ്പര്‍ക്കം
ഒന്നുമില്ല. ഒരു ലോഹ്യ ഭാവം പോലും മുഖത്ത് ഇല്ല. പക്ഷെ പണിയെല്ലാം കൃത്യമായി
ചെയ്യും. ചെയ്യുന്ന ജോലിയില്‍ സമര്‍ത്ഥന്‍ ആണ്. വലിയ കൂലിയും ഇല്ല. അങ്ങനെ ധാരാളം
ദുരൂഹതകള്‍ ചുറ്റി പറ്റി നില്‍ക്കുന്ന ഒരു വ്യക്തിയാണ് എന്ന വിവരണമാണ് അച്ചനു
കിട്ടിയത്. ജയില്‍ ശിക്ഷ കഴിഞ്ഞു വന്ന ആളാണെന്നും, ഒളിച്ചു താമസിക്കുന്ന കുറ്റവാളി
ആണെന്നും, നക്സലൈറ്റ് ആണെന്നും മറ്റും നാട്ടില്‍ അഭ്യൂഹങ്ങള്‍ ഉണ്ട്. അടുത്ത
കാലത്തായി കുറച്ചു കോളേജ് പിള്ളേര്‍ കടയില്‍ സ്ഥിരമായി വരുന്നുണ്ട്. അവരെ മിക്ക
ദിവസവും അവിടെ കാണാം. അവര്‍ ഹരിയുടെ മുറിയിലേക്ക് പോവുകയും ദീര്‍ഘ നേരം അവിടെ
ചെലവഴിക്കുകയും ചെയ്യുന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ആര്‍ക്കും ഒരു
പിടിയുമില്ല. നാട്ടുകാര്‍ അതിനെ പറ്റി ഒക്കെ വളരെ ആകുലരാണ്. അവിടെ കഞ്ചാവ് വില്‍പ്പന
ഉണ്ടെന്നു ചിലര്‍. വേറെ ചിലര്‍ ആകട്ടെ അവിടെ പിള്ളേരുമൊത്തു എന്തൊക്കെയോ
അനാശ്യാസ്യങ്ങള്‍ നടക്കുന്നുണ്ട് എന്നും കരുതുന്നു. എന്തായാലും സദാചാരവിരുദ്ധ
കാര്യങ്ങള്‍ അവിടെ അരങ്ങേറുന്നുണ്ട് എന്നാണ് സംശയം. അതിനെ പറ്റി എന്ത് നടപടി
എടുക്കണം എന്ന് നാട്ടുകാര്‍ ചിന്തിച്ചിരിക്കുന്ന വേളയിലാണ് അന്വേഷണവുമായി അച്ചന്‍
രംഗപ്രവേശം ചെയ്യുന്നത്.
പെസഹാ
വ്യാഴം. രാവിലത്തെ ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു ജോസ് അച്ചന്‍ കാഞ്ഞാര്‍ കവലയിലേക്ക്
ഇറങ്ങി. കവലയില്‍ തന്നെ അച്ചന്‍ കണ്ടു. ‘സോര്‍ബ ഇലക്ട്രോണിക്സ്’.പക്ഷെ കട
അടച്ചിട്ടിരിക്കുകയായിരുന്നു. അച്ചന്‍ അവിടെ ആശയകുഴപ്പത്തോടെ നോക്കി നിന്ന്.
“കക്ഷി
മുകളിലെ മുറിയില്‍ ഉണ്ട് അച്ചോ. ദേ, അതിലെ കയറാം.” കവലയില്‍ നിന്ന ഒരാള്‍ പറഞ്ഞു.
കടയുടെ അരികിലൂടെ മുകളിലേക്ക് ചവിട്ടുപടികള്‍ ഉണ്ട്. വളരെ ഇടുങ്ങിയതു. അത് വഴി
അച്ചന്‍ ക്ലേശിച്ചു കയറി. കെട്ടിടത്തിനു പിറകിലൂടെ, മൂലമറ്റം പവര്‍ ഹൌസില്‍
നിന്നുള്ള വെള്ളം കൊണ്ട് നിറഞ്ഞ തൊടുപുഴയാര്‍ ശാന്തമായി ഒഴുകുന്നു. അച്ചന്‍ കതകില്‍
മുട്ടി.
“ഇതാര്.
ജോസ് അച്ചനോ.” കതകു തുറന്ന ഉടനെ ഹരി പറഞ്ഞു,
ഹരി
ഇപ്പോഴും പണ്ടത്തെ പോലെ തന്നെ ഇരിക്കുന്നു എന്നതില്‍ അച്ചനു അത്ഭുതം തോന്നി.
പ്രായത്തിന്റെതായ വലിയ മാറ്റങ്ങള്‍ ഒന്നും മുഖത്ത് ഇല്ല. ഒരല്‍പം പരുക്കന്‍ ഭാവം
വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍. യുവത്വവും പ്രസരിപ്പും മുഖത്ത് പ്രതിഫലിക്കുന്നു.
“ഹരി
എന്നെ മറന്നിട്ടില്ല.”
“അച്ചനെ
എങ്ങനെ മറക്കും. ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് അച്ചനെ പറ്റി. വരൂ അകത്തേക്ക്
വരൂ.”
ആകെ
അലങ്കോലമായി കിടക്കുന്ന മുറി. നിലത്തു സിഗരറ്റ് കുറ്റികള്‍ ചിതറി കിടക്കുന്നു.
“അച്ചന്‍
എന്താണ് എന്നെ പോലെയുള്ള പാപികളുടെ സങ്കേതത്തില്‍. മാനസാന്തരപ്പെടുതാന്‍ ഇറങ്ങിയതാണോ.”
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഹരി നീട്ടിയിട്ട് കൊടുത്ത കസേരയില്‍ അച്ചന്‍
ഇരുന്നു. പൊടി കൊണ്ട് മൂടിയിരുന്ന കസേര ഒരു പേപ്പര്‍ എടുത്തു തുടച്ചിട്ടു അച്ചന്‍
അതിലിരുന്നു.
“കാഞ്ഞാറില്‍
കട തുടങ്ങിയ കാര്യം ഞാന്‍ അടുത്താണ് അറിഞ്ഞത്.”
“പക്ഷെ
അച്ചന്‍ അറക്കുളം ഇടവകയില്‍ ഉള്ള കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. അച്ചനെ
വന്നു ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല.”
“എവിടെയായിരുന്നു
ഇത്രയും നാള്‍?”
“അങ്ങനെ
പ്രത്യേകിച്ച് ഒരു സ്ഥലത്തും ഇല്ലായിരുന്നു അച്ചോ. സ്ഥിരമായി ഒരു പണിയും
ചെയ്തിട്ടുമില്ല. പല പല പണികള്‍. പല പല നാടുകളിലായി. ബസ് ഓടിച്ചിട്ടുണ്ട്,
തട്ടുകട നടത്തിയിട്ടുണ്ട്, തിയറ്ററില്‍ ടിക്കറ്റ് വില്‍ക്കാന്‍ ഇരുന്നിട്ടുണ്ട്,
ഇപ്പൊ ദാ ഇലക്ട്രോണിക്സ് രിപയരും. മേലനങ്ങി പണി ചെയ്യാനുള്ള മനസ്സും കഴിവും
ഉണ്ടെങ്കില്‍ പിന്നെ പട്ടിണി കിടക്കേണ്ടി വരില്ല. തൊഴിലില്ല എന്നൊക്കെ ആളുകള്‍
പറയുന്നത് വെറുതെയാ”
“ഉം.”
ഒന്ന് അമര്‍ത്തി മൂളി കൊണ്ട് അച്ചന്‍ പറഞ്ഞു “ ഞാന്‍ ഓര്‍ത്തു ഹരി ഏതോ ഉന്നതമായ
നിലയിലൊക്കെ എത്തിയിട്ടുണ്ടാകും എന്ന്. ധാരാളം കഴിവുകള്‍ ഒക്കെ ഉണ്ടായിരുന്ന
ആളായിരുന്നല്ലോ.”
“ഹഹ.
ഞാന്‍ ഉന്നതങ്ങളില്‍ ആണ് അച്ചോ. അത്യുന്നതങ്ങളില്‍.” ഹരി പൊട്ടി ചിരിച്ചു.
“വിവാഹം?കുടുംബം?”
“അതൊന്നും
ഇല്ല അച്ചോ. ഞാന്‍ പ്രണയത്തിന്‍റെ മൊത്തകച്ചവടക്കാരന്‍ ആണ്.” ഹരിയുടെ മുഖത്ത് ഒരു
കുസൃതി ചിരി വിടര്‍ന്നു. “അച്ചന്‍ വിശ്വാസത്തിന്‍റെ മൊത്തകച്ചവടക്കാരന്‍ ആയതു
പോലെ.”
അച്ചന്‍
ഒരു നിമിഷം ഹരിയുടെ മുഖത്തേക്ക് നോക്കി. ഹരി തുടര്‍ന്നു
. “അച്ചന്‍ പണ്ട്
എഴുതിയതൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അച്ചന്റെ വാചകങ്ങള്‍ ഉള്‍പ്പടെ.” ഹരി അവിടെ
നിന്നും എഴുന്നേറ്റ് മുറിയിലെ അലമാര തുറന്നു. അതിന്‍റെ ഉള്ളില്‍ നിന്നും ഒരു പഴയ
ഫയല്‍ എടുത്തു കൊണ്ട് വന്ന് അച്ചന്റെ മുമ്പില്‍ തുറന്നു വെച്ചു. വര്‍ഷങ്ങള്‍ക്കു
മുമ്പ് സെമിനാരിയില്‍ നിന്ന് ജോസ് അച്ചന്‍ ഹരിക്ക് അയച്ച കത്തുകള്‍ അതില്‍ അടുക്കി
സൂക്ഷിച്ചിരിക്കുന്നു. അച്ചന്റെ വിശ്വാസരാഹിത്യതെയും പിന്നീടുണ്ടായ പരിണാമതെയും
പറ്റി ഒക്കെ എഴുതിയ കത്തുകള്‍. ജോസ് അച്ചന്‍ കുറച്ചു നേരം ആ ഫയല്‍ എടുത്തു പഴയ കത്തുകള്‍
മറിച്ചു നോക്കി. തന്‍റെ ഭൂതകാലത്തിന്റെ സമൂര്‍ത്ത അടയാളങ്ങള്‍.
“ഹരി,
ഞാന്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ അല്ല വന്നത്. മറ്റൊരു പ്രധാനപ്പെട്ട സംഗതി
പറയാനാണ് ഞാന്‍ വന്നത്. എന്‍റെ ഇടവകയിലെ ചില കുട്ടികളെ ഹരി വഴി തെറ്റിക്കുന്നു
എന്ന് ഞാന്‍ അറിഞ്ഞു. അതിനെ പറ്റി ചോദിക്കാനാണ് വന്നത്.”
“വഴി
തെറ്റിക്കുന്നു എന്നോ.? ഞാന്‍ അവര്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കുകയല്ലേ.” ഹരി,
തന്‍റെ സ്വതസിദ്ധമായ ഭ്രാന്തന്‍ ചിരി ചിരിച്ചു.
“ഹരി!
ഇത് തമാശായാല്ല. വളരെ ഗൌരവം ഉള്ളതാണ്.”
“ഇത്
അച്ചന്‍ സ്വയമേ ചോദിക്കുന്നതോ, അതോ മറ്റുള്ളവര്‍ പറഞ്ഞിട്ട് ചോദിക്കുന്നതോ.?”
“എന്ത്?”
“അതായത്,
ഇത് ജോസ് എന്ന ളോഹയിട്ട പുരോഹിതന്‍ ആണോ ചോദിക്കുന്നത് അതോ എനിക്കറിയാവുന്ന ജോസ്
എന്ന വ്യക്തിയാണോ ചോദിക്കുന്നത്.”
ജോസ്
അച്ചന്‍ ഒന്നും മറുപടി പറഞ്ഞില്ല.
“അച്ചോ,
ഞാനും ഗൌരമായി തന്നെ പറയാം. അച്ചന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ ആരൊക്കെയാണ് എന്ന്
എനിക്ക് അറിയാം. ജോയല്‍, ബിനു, പിന്നെ വേറെ രണ്ടു പേര്‍. അവര്‍ അച്ചന്റെ ഇടവകയില്‍
പെട്ടത് അല്ല. എന്തായാലും, അവരൊക്കെ നല്ല ചിന്താശക്തിയുള്ള പിള്ളേരാണ്.
സത്യന്വേഷികള്‍. നിങ്ങളുടെ സുവിശേഷവും വേദപാഠവും ഒന്നും അവുടെ ജിജ്ഞാസയെ
തൃപ്തിപ്പെടുത്താന്‍ പോന്നതല്ല. അതിനും മീതെയുള്ള, ഉറപ്പുള്ള സത്യങ്ങള്‍ ആണ് അവര്‍
തേടുന്നത്. അവര്‍ക്ക് വേണ്ടത് കെട്ടുകഥകള്‍ അല്ല. അവര്‍ എന്നെ തേടി വന്നു. പണ്ട്
ജോസ് എന്നെ തേടി വന്നത് പോലെ. അവര്‍ക്ക് ആവശ്യമുള്ളത് ഞാന്‍ കൊടുത്തു.”
“അവരൊക്കെ
നല്ല കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്ന കുട്ടികള്‍ ആണ്. അവരുടെയൊക്കെ ഉള്ളില്‍
വിഷം നിറഞ്ഞ ചിന്തകള്‍ കുത്തി വെച്ച് നിങ്ങള്‍ അവരെ നാശത്തിലേക്ക് നയിക്കുന്നു.
ഇതൊന്നും ഞാന്‍ ഒരിക്കിലും അനുവദിക്കില്ല.” അച്ചന്‍ ക്ഷുഭിതനായി.
“അവര്‍
പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അച്ചനു അത് ചൂണ്ടി കാണിക്കാം.
ഇല്ലെങ്കില്‍ എന്തിനു ഇത്ര രോഷം കൊള്ളുന്നു.?”
അച്ചനു
പെട്ടെന്ന് ഒരു മറുപടി കിട്ടിയില്ല. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു.
“ഇതൊക്കെ കൊണ്ട് എന്താണ് പ്രയോജനം. നിങ്ങള്‍ എന്ത് നേടി? സ്വന്തം ജീവിതത്തിലേക്ക്
നോക്കൂ. എത്ര കഷ്ടം. കിട്ടിയ താലന്തുകള്‍ വലിച്ചെറിഞ്ഞ ഒരു വിഡ്ഢിയാണ് നിങ്ങള്‍.
നിങ്ങള്‍ ഒരു വലിയ പരാജയമാണ് ഹരി. അത് പോലെ ഒരു നാശത്തിലേക്കാണ നിങ്ങള്‍ ആ
കുട്ടികളെയും നയിക്കുന്നത്.”
ഹരി
വീണ്ടും പൊട്ടി ചിരിച്ചു. “ എന്‍റെ ജീവിതം ഒഴുകുകയാണ്. അച്ചന്‍ ഇതിന്റെ പിറകിലൂടെ
ഒഴുകുന്ന പുഴ കണ്ടോ. അത് ശാന്തമായി ഒഴുകുന്നു. അതിലേക്ക് വന്നു ചേരുന്നതിനെ അത്
വഹിക്കുന്നു. ചിലതൊക്കെ കരയില്‍ നിക്ഷേപിക്കുന്നു. അവസാനം കടലില്‍ ചേര്‍ന്ന്
അലിയുന്നു. അത് പോലെ, ഞാനും ഒഴുകുന്നു. ഒന്നും നേടാതെ, ഒന്നും നഷ്ടപ്പെടുത്താതെ;
വന്നു ചേര്‍ന്നതിനെ ഉള്ളില്‍ വഹിച്ചു കൊണ്ടും, ചിലതൊക്കെ മറ്റുള്ളവര്‍ക്ക്
കൊടുത്തു കൊണ്ടും.”
“നിങ്ങള്‍
വലിയ സാഹിത്യവും തത്വവും ഒന്നും പറയണ്ട. നിങ്ങള്‍ ഒരു അപകടകാരിയാണ്. യുവാക്കളെ വഴി
തെറ്റിക്കുന്ന, അവരുടെ ഭാവി നശിപ്പിക്കുന്ന ഒരു ദുര്മാര്‍ഗി. നിങ്ങളെ പറ്റി ഇവിടെ
എല്ലാവര്ക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അധികം നാള്‍ ഇതൊക്കെ തുടരാമെന്ന്
കരുതണ്ട.” അച്ചന്‍ കലി തുള്ളി.
“യുക്തി
അവസാനിക്കുന്നിടത്ത് ഭീക്ഷണി. ആള്‍ക്കൂട്ടത്തിന്റെ മുഷ്ടി കാണിച്ചു എന്നെ
ഭയപ്പെടുത്താന്‍ നോക്കണ്ട അച്ചോ. എന്തായാലും, ഞാന്‍ ഇവിടം വിട്ടു പോകാന്‍
തന്നെയാണ് തീരുമാനിച്ചിരുക്കുന്നത്. രണ്ടു, അല്ലെങ്കില്‍ മൂന്ന് ദിവസം. അതിനു ശേഷം
പിന്നെ ഞാന്‍ ഇവിടെ ഇല്ല.”
“അത്
തന്നെയാണ് നിങ്ങള്‍ക്കും നല്ലത്.”
“അച്ചോ
പോകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി. ഞാന്‍ ഒരു വലിയ പരാജയം ആണെന്ന് അച്ചന്‍
പറഞ്ഞു. ശരിയായിരിക്കാം. പക്ഷെ ഞാന്‍ എന്‍റെ സത്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ
ജീവിചിട്ടുള്ളൂ. കപടതയില്‍ ജീവിച്ചിട്ടില്ല. ആത്മവഞ്ചന കാണിച്ചിട്ടില്ല.” ജോസ്
അച്ചന്‍ ഹരിയുടെ നേരെ നോക്കി. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ഇത് അച്ചന്‍
പഠിപ്പിക്കുന്ന സുവിശേഷത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അച്ചനും ഇടയ്ക്ക് അത് ഓര്‍ക്കുക.”
ഭാരപ്പെട്ട
മനസ്സുമായി അച്ചന്‍ അവിടെ നിന്നും തിരിച്ചു. പിറ്റേന്ന് ദുഃഖവെള്ളി. പള്ളിയില്‍
പീഡാനുഭവ ചരിത്രം വായിച്ചു. നീ യഹൂദരുടെ രാജാവാണോ എന്ന് യേശുവിനോട് പീലാത്തോസ്
ചോദിക്കുമ്പോള്‍ യേശു തിരിച്ചു ചോദിക്കുന്നു- ഇത് നീ സ്വയമേ ചോദിക്കുന്നതോ അതോ
മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതോ. സത്യത്തിനു സാക്ഷ്യം നല്‍കാനാണ്
താന്‍ വന്നിരിക്കുന്നത് എന്ന് യേശു പറയുമ്പോള്‍ പീലാത്തോസ് മറിച്ചു
ചോദിക്കുന്നു.:- എന്താണ് സത്യം?
ഈ
ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അച്ചന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. താന്‍
പീലാത്തോസിന്റെ ഭാഗത്തോ യേശുവിന്റെ ഭാഗത്തോ?
വൈകിട്ടത്തെ
പരിഹാര പ്രദിക്ഷിണവും കഴിഞ്ഞു അച്ചന്‍ തന്‍റെ മുറിയിലേക്ക് മടങ്ങി. വല്ലാതെ
വ്യാകുലപെട്ടിരിക്കുന്ന മനസ്സ്. അപ്പോഴാണ്, തന്‍റെ മേശയില്‍ കഴിഞ്ഞ ദിവസം
ജോയലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത കാസെറ്റുകള്‍ കണ്ടത്. പെട്ടെന്നുണ്ടായ
ഒരു ഉള്‍പ്രേരണയുടെ പുറത്തു, അച്ചന്‍ തന്‍റെ പഴയ വാക്മാന്‍ തപ്പിയെടുത്തു.
കാസെറ്റ് പ്ലേ ചെയ്തു. പിന്നെയുള്ള ഏതാനും മണിക്കൂറുകള്‍, അച്ചന്‍ റോക്ക്
സംഗീതത്തിന്റെ രാഗസദസ്സില്‍ ആയിരുന്നു. ഹെവി മെറ്റലും ഡെത്ത് മെറ്റലും ബ്ലാക്ക്
മെറ്റലും എല്ലാം അച്ചന്റെ ഉള്ളില്‍ പെരുമ്പറ മുഴക്കി. തലച്ചോറിനെ കിളച്ചു മറിച്ചു.
ബോധമനസ്സിന്‍റെ രക്ഷകവചങ്ങള്‍ ഭേദിച്ചു, ഉപബോധമനസ്സിലേക്ക് തുരന്നിറങ്ങി.
അനാദികാലം മുതല്‍ അവിടെ പൂഴ്ത്തിവെച്ചിരുന്ന്ന ജ്ഞാനത്തിന്റെയും
തിരിച്ചറിവിന്റെയും വിത്തുകള്‍ക്ക് മുള പൊട്ടി. ഭാവനയുടെ ആയിരം കതിനകള്‍ ഉള്ളില്‍
പൊട്ടി. വിഭ്രാന്തിയുടെ കൂട്ട പള്ളിമണികള്‍ അടിച്ചു. മനസ്സിലെ കല്പനകളും ജല്‍പ്പനങ്ങളും ചിറകു വിരിച്ചു. ലുസിഫാരിന്റെ
മദ്ബഹയില്‍ ഗിറ്റാര്‍ വായിച്ചു ബലിയര്‍പ്പിക്കുന്നു. ബലിരക്തത്താല്‍ അഭിഷക്തരായ
ജനം മോചിതരാകുന്നു. ഏകാധിപതിയായ ദൈവത്തിനെതിരെ അവര്‍ കലാപം നയിക്കുന്നു. സാത്താന്‍
നല്‍കിയ ജ്ഞാനതാലും തിരിച്ചരിവിനാലും പ്രചോദിതരായി. അങ്ങനെ അവര്‍ പറുദീസാ
വീണ്ടെടുക്കുന്നു. ദൈവത്തെ പോലെയാകുന്നു. സൃഷ്ടാവും സൃഷ്ടിയും ഒന്നാകുന്നു.
ഗിറ്റാറും ഡ്രംസുമായി അവര്‍ വിജയഭേരി മുഴക്കുന്ന്നു. കല്ലറകള്‍ തുറന്നു അഴുകിയ
ശരീരങ്ങള്‍ ഒന്നാകെ നൃത്തം ചെയ്യുന്നു. ദൈവം മരിച്ചു ദൈവം മരിച്ചു എന്ന്
ഉദ്ഘോഷിച്ചു കൊണ്ട്. തിന്മയും നന്മയും എല്ലാം ഒന്ന് ചേര്‍ന്ന്
മനുഷ്യപ്രകൃതിയുടെ ഉന്നതമായ അവസ്ഥയുടെ
ആഘോഷത്തില്‍ ഒരു നീണ്ട ഗിറ്റാര്‍ സോളോ. അതിന്‍റെ ഉച്ചസ്ഥായിയില്‍ മുന്‍പെങ്ങും
അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ആനന്ദമൂര്‍ച്ച അച്ചന്‍ അനുഭവിച്ചു.
കതകില്‍
ശക്തിയായ മുട്ടല്‍ കേട്ടിട്ടാണ് ആകാന്‍ ഉണര്‍ന്നത്. മുറിയില്‍ ഭയങ്കര ഇരുട്ട്.
ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റി. ബാറ്ററി തീര്‍ന്ന് എപ്പോഴോ വാക്മാന്‍ ഓഫ്
ആയി പോയിരുന്നു. എത്ര മണി ആയെന്നു പോലും പിടിത്തം ഇല്ല. ‘അച്ചോ, ജോസ് അച്ചോ’ എന്ന്
പറഞ്ഞു ശക്തമായി മുട്ടുകയാണ്. കപ്യാരാണ്. അച്ചന്‍ കതകു തുറന്നു. പുറത്തു
കോരിച്ചൊരിയുന്ന മഴ. മഴയില്‍ നനഞ്ഞു കുളിച്ചു കപ്യാര്‍ നില്‍ക്കുകയാണ്. “അച്ചോ,
പള്ളിയുടെ മുകളില്‍ മരം മറിഞ്ഞു.”
“കര്‍ത്താവേ!”
അച്ചന്‍
കുടയെടുത്തു കപ്യാരുമൊത്തു പള്ളിയിലേക്ക് നടന്നു. പള്ളിയുടെ അരികില്‍ ഉണ്ടായിരുന്ന
ഒരു കൂറ്റന്‍ ആഞ്ഞിലി മരം പള്ളിയുടെ അള്‍ത്താരയിലേക്ക് മറിഞ്ഞിരിക്കുകയാണ്. അള്‍ത്താരയുടെ
ഭാഗം തകര്‍ന്നിരിക്കുന്നു. നിലവിളിച്ചു കൊണ്ട് അച്ചന്‍ അങ്ങോട്ട് ഓടി.
ഭാഗ്യത്തിന് ക്രൂശിതന്റെ രൂപത്തിനും സക്രാരിക്കും കുഴപ്പമൊന്നുമില്ല. പക്ഷെ മദ്ബഹ
പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ നിന്ന ആഞ്ഞിലി മരമാണ്
മറിഞ്ഞു വീണത്. മറിഞ്ഞു വീണ മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ നിന്ന് കൊണ്ട്
അച്ചനും കപ്യാരും ക്രൂശിതന്റെ രൂപത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി.
മേല്ക്കൂരയില്ലാതെ മഴ നനയുന്ന ക്രൂശിതന്‍. അപ്പോള്‍ ഒരു മിന്നല്‍ പിണര്‍ ആകാശത്ത്
പ്രത്യക്ഷമായി. അതിന്‍റെ ശോഭയില്‍ ക്രൂശിതരൂപം പ്രകാശിതമായി. അച്ചനും കപ്യാരും
ദൈവത്തെ സ്തുതിച്ചു.
പിറ്റേന്ന്
ദുഃഖശനിയാഴ്ചയുടെ പ്രഭാത കുര്ബാനയ്ക്കായി വന്ന ആളുകള്‍ തകര്‍ന്നു കിടക്കുന്ന പള്ളി
കണ്ടു ഞെട്ടി. ശനിയാഴ്ച യഹൂദരുടെ സാബത്ത് ആയതിനാല്‍, കുരിശില്‍ ശരീരങ്ങള്‍ കിടക്കുന്നത്
ആശുഭ്കാരവും, ആയതിനാല്‍ യേശുവിന്റെ മൃതദേഹം കല്ലറയില്‍ അടക്കിയെന്നും, ഞായറാഴ്ച
യേശു പുനരുത്ഥാനം ചെയ്തു എന്നുമാണ് തിരുവെഴുത്ത്. സാബത്തില്‍ കല്ലറയില്‍
അടക്കപെട്ട തങ്ങളുടെ രക്ഷകന് ഉത്ഥാനം ചെയ്തു പ്രത്യക്ഷപ്പെടാന്‍ ഒരു പള്ളിയില്ലലോ
എന്നോര്‍ത്ത് വിശ്വാസികള്‍ വേദനിച്ചു. അറക്കുളം ഗ്രാമത്തെ അശുഭ ചിന്തകള്‍ മൂടി.
തന്‍റെ
അവിശ്വാസമാണ് ഈ ദുരന്തം വരുത്തി വെച്ചതെന്ന കുട്ടബോധതാല്‍ ജോസ് അച്ചന്റെ ഉള്ള്
നീറി. രക്ഷകന്‍ കുരിശില്‍ മരിച്ച ദിനം താന്‍ സാത്താന് സ്തുതി പാടി. എന്തൊരു വലിയ
പാതകം. മാപ്പില്ലാത്ത പാപം. വിങ്ങുന്ന മനസ്സോടെ ജോസ് അച്ചന്‍ തകര്‍ന്ന അള്‍ത്താരയില്‍
നിന്ന് കുര്‍ബാന അര്‍പ്പിചു. ആകാശസീമകളെ നോക്കി കൊണ്ട്. തകര്‍ന്ന മരത്തിന്റെ
ചില്ലകളില്‍ കിളികള്‍ വന്നിരുന്നു കുര്‍ബാനയുടെ പാവനതയെ അലോസരപ്പെടുത്തി. കുര്‍ബാന
ചൊല്ലുമ്പോഴും അച്ചന്റെ ഉപബോധത്തില്‍ ഗിറ്റാര്‍ കമ്പികള്‍ ശ്രുതി മീട്ടി.
കുര്‍ബാന
കഴിഞ്ഞു ഇറങ്ങിയതും കുറെ നാട്ടുകാര്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് അച്ചന്റെ
അരികിലേക്ക് ഓടിയെത്തി.
“അച്ചോ,
ജോയലിനെയും ബിനുവിനെയും കാണുന്നില്ല.”
“എന്ത്”
“അവര്‍
വീട് വിട്ടു പോയി അച്ചോ. ലിസി ചേച്ചിയും മോളി ചേച്ചിയും കരച്ചിലോടു കരച്ചില്‍ ആണ്.
ആ ഹരിയും ഇന്നലെ നാട് വിട്ടു. അവന്റെ കൂടെയാണ് പോയതെന്ന് ഒരു സംശയവും ഇല്ല. ഈ
കുറിപ്പും വീട്ടില്‍ വെച്ചിട്ടുണ്ട്.”
അച്ചന്‍
ആ കുറിപ്പ് മേടിച്ചു വായിച്ചു. ജോയലിന്റെ കൈപ്പട.
“മരിച്ചു
ജീവിക്കാനല്ല ജീവിച്ചു മരിക്കാന്‍ ആണ് ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പോകുന്നു. സത്യം
തേടി. ഞങ്ങളെ അന്വേഷിക്കരുത്.”
“പോലീസില്‍
അറിയിക്കേണ്ടേ അച്ചോ. അവനെ വിടരുത്. ആ ഹരിയെ.” എന്നൊക്കെ ആളുകള്‍
അലറികൊണ്ടിരുന്നു.
ഒരു
ഗ്രാമത്തിലെ കുട്ടികളെ മുഴുവന്‍ കുഴലൂതി വശീകരിച്ചു കൊണ്ട് പോയ പൈഡ് പൈപരിന്റെ കഥ
അച്ചന്റെ മനസ്സില്‍ അന്നേരം വന്നു. മേല്കൂരയില്ലാതെ നില്‍ക്കുന്ന ക്രൂശിതന്റെ
രൂപത്തിലേക്ക് അച്ചന്‍ നോക്കി. “കര്‍ത്താവേ, എന്തൊക്കെ പരീക്ഷണങ്ങള്‍ ആണ് ഇതൊക്കെ”
ജോസ് അച്ചന്‍ മനസ്സില്‍ ഓര്‍ത്തു. കുരിശു രൂപത്തില്‍ നിന്നും അപ്പോഴും മഴതുള്ളികള്‍
ഇറ്റിറ്റ് വീണു കൊണ്ടിരുന്നു. ഉത്ഥാനം നിഷേധിക്കപ്പെട്ടു എന്നന്നേക്കുമായി
കല്ലറയില്‍ സംസ്കരിക്കപ്പെട്ട ക്രൂശിതന്റെ കണ്ണീര്‍. ഉയര്‍പ്പ്ഞായര്‍ ഇല്ലാത്ത
കറുത്ത സാബത്തിന്റെ വിലാപം!
No comments:
Post a Comment