Sunday, 26 March 2017

നഷ്ടപെട്ട ഡയറി


കഴിഞ്ഞ രണ്ടര വര്‍ഷത്തെ ജീവിതമാണ് ഒറ്റയടിക്ക് മാഞ്ഞു പോയിരിക്കുന്നത്. രണ്ടായിരത്തി പതിനാല് നവംബര്‍ മാസത്തിലാണ് ഈ വന്‍നഗരത്തില്‍ എത്തിയത്. അന്ന് മുതല്‍ തുടങ്ങിയ ശീലമാണ് ഡയറിയെഴുത്ത്. വെറുതെ ഒരു ശീലമായി തുടങ്ങിയ എഴുത്താണ്. അത് പിന്നെ ഒരു ഭയങ്കര ഭ്രമമായി മാറി. ഭ്രാന്തമായ എഴുത്തായിരുന്നു പല ദിവസങ്ങളിലും. അതങ്ങനെ ഏകദേശം അഞ്ഞൂറോളം പേജുകള്‍ കവിയുന്ന കുറിപ്പുകള്‍ ആയി  വളര്‍ന്നു. നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന ആ ഡയറികുറിപ്പുകള്‍ ആണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

ഞാന്‍ ഒരു എഴുതുകാരനൊന്നും അല്ല. എഴുത്തുകാരന്‍ പോയിട്ട്, ഒരു വായനക്കാരന്‍ പോലുമല്ല. അക്ഷരവിരോധി എന്നൊക്കെ പറയില്ലേ. അതാണ് ഞാൻ . പത്രം പോലും വായിക്കാന്‍ മടി.  ഭാവന, സ്വപ്നം കാണല്‍, ഇതൊക്കെ എനിക്ക് തീരെ  വശമില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു. നേരെ മുന്നില്‍ കാണുന്ന ജീവിതം വലിയ ആലോചനയും ചിന്തയും ഒന്നുമില്ലാതെ എല്ലാവരും ചെയ്യുന്ന പോലെയൊക്കെ ചെയ്തു ജീവിച്ചു തീര്‍ക്കുക. ഇത്ര ലളിതമായിരുന്നു എന്നെ സംബന്ധിച്ച് കാര്യങ്ങള്‍.

അങ്ങനെ ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ വന്‍നഗരത്തില്‍ എത്തി പെട്ടത്. ഒരു പടുകൂറ്റന്‍ കെട്ടിടം പണിയണം. ഞാന്‍ ഒറ്റയ്ക്കല്ല. ആയിരകണക്കിന് ആളുകള്‍ വേറെയുമുണ്ട്. പണിസാധനങ്ങള്‍ ഒക്കെ കെട്ടിടത്തിന്‍റെ മുകളില്‍ എത്തിക്കുക. അവിടെ നിന്ന് താഴെ ഇറക്കുക. ഇങ്ങനെ കയറ്റവും ഇറക്കവും ആയി ഓരോ ദിവസങ്ങള്‍ കടന്നു പോയി. പണ്ടെങ്ങോ കേട്ട നാറാണത്ത് ഭ്രാന്തന്റെ കഥ അപ്പോഴൊക്കെ ഞാന്‍ വെറുതെ ഓര്‍ത്തു. വെറുതെ കുന്നിന്റെ മുകളില്‍ പാറ ഉരുട്ടികയറ്റുക; അത് അവിടെ നിന്ന് താഴേക്കു ഉരുട്ടിയിടുക. ഇതായിരുന്നല്ലോ മൂപ്പരുടെയും പരിപാടി. അതിങ്ങനെ എല്ലാ ദിവസവും ചെയ്തോണ്ടിരുന്നത്‌ കൊണ്ട് അങ്ങേരെ ഭ്രാന്തന്‍ എന്ന് എല്ലാരും വിളിച്ചു. അപ്പൊ നമ്മളെയും അത് തന്നെ വിളിക്കണ്ടേ. എല്ലാ ദിവസവും ഒരേ കയറ്റവും ഇറക്കവും ആണല്ലോ നമ്മളും ചെയ്യുന്നത്. ഇങ്ങനെ ഒരു ചിന്ത എനിക്ക് പെട്ടെന്ന് വന്നു. എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും തോന്നി. എന്‍റെ ജീവിതത്തിലെ ആദ്യത്തെ ചിന്തയായിരുന്നു അത്. നാട്ടില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ചിന്തിക്കാറെ ഇല്ലായിരുന്നു. വെറുതെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടന്നു ആര്‍ത്തുല്ലസിച്ചു നടക്കുമ്പോള്‍ എവിടെയാ ചിന്തയ്ക്ക് നേരം.  വന്‍ നഗരത്തിലെ ഒറ്റപ്പെടലിലും വിരസതയിലും ചിന്തകള്‍ തഴച്ചു വളര്‍ന്നു. എന്തായാലും, ആദ്യമായി തോന്നിയ ആ ചിന്ത വളരെ മഹത്തരമായി എനിക്ക് തോന്നിയത് കൊണ്ടും, അത് അങ്ങനെ മറന്നു കളയാതിരിക്കാന്‍ വേണ്ടിയും ഞാനത് അന്ന് രാത്രി, എന്‍റെ മുറിയില്‍ ഉണ്ടായിരുന്ന ഒരു നോട്ട് ബുക്കില്‍ എഴുതി വെച്ചു. എന്‍റെ ആദ്യത്തെ ഡയറി കുറിപ്പ്.

അന്നെനിക്ക് ലോകം കീഴടക്കിയ തോന്നലായിരുന്നു. ആദ്യമായി, ഞാന്‍ ഒരു കാര്യം സ്വന്തമായി ചിന്തിച്ചു. ആദ്യമായി എന്‍റെ ചിന്ത ഞാന്‍ വാക്കുകളായി പകര്‍ത്തി. അന്ന് എനിക്ക് തോന്നിയ വിജയീഭാവം മുന്‍പെങ്ങും തോന്നിയിട്ടില്ല.  

അങ്ങനെ അതൊരു ശീലമായി. എല്ലാ ദിവസവും അങ്ങനെ മഹത്തരമായ ചിന്തകള്‍ ഉണ്ടായിട്ടൊന്നും അല്ല. മിക്ക ദിവസങ്ങളും വളരെ സാധാരണവും വിരസവും ആയിരുന്നു. എങ്കിലും ഞാന്‍ ഡയറി എഴുതി. എഴുതുമ്പോള്‍ ദിവസം അസാധാരണമാകും. പിന്നെ, എന്‍റെ ഭാഷ സംസാരിക്കുന്ന ആരും തന്നെ അവിടെ ഇല്ലായിരുന്നു. അത് കൊണ്ട്, എന്‍റെ ഭാഷയില്‍ ഡയറി എഴുതുമ്പോള്‍, വല്ലാത്ത ഒരു മനസുഖവും ലഭിച്ചിരുന്നു. ഏതോ ഒരു ആത്മസുഹൃത്തിനോട്‌ മനസ്സ് തുറന്നു സംസാരിക്കുന്നത് പോലെ.

പക്ഷെ ചില ദിവസങ്ങളില്‍, എനിക്ക് ഭയങ്കരമായ ചിന്തകള്‍ ഉണ്ടാകും.  ജോലിയുടെ ഇടയ്ക്കുള്ള വിശ്രമ വേളകളില്‍ ഞാന്‍ പണി നടന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി വെറുതെ ആകാശം നോക്കി കിടക്കും. അത്തരം അവസരങ്ങളില്‍, എനിക്ക് ദൈവത്തിന്റെ സിഗ്നല്‍ നേരിട്ട് കിട്ടുന്നത് പോലെ തോന്നും. ഞാന്‍ ജീവിതത്തെ പറ്റി അങ്ങ് ചിന്തിക്കും. ജീവിതം എന്ന് വെച്ചാല്‍, എന്‍റെ നശിച്ച ജീവിതം അല്ല കേട്ടോ. ഈ ലോകത്തിലെ സര്‍വ ജന്മങ്ങളുടെയും ജീവിതങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് വെക്കുമ്പോള്‍ കിട്ടുന്ന ഒരു മഹാ ജീവിതം ഉണ്ടല്ലോ. ഈ പ്രപഞ്ചവും, അതിലെ കോടാനുകോടി ജീവികളുടെയും എല്ലാം ജീവിതം ഉള്‍പ്പെടുന്ന മഹാജീവിതം. അതെന്താണ്? അതെന്തിനാണ്? ഇങ്ങനെയൊക്കെ കുറെ ചിന്തിക്കും. കുറെ കഴിയുമ്പോള്‍ തല വേദനിക്കാന്‍ തുടങ്ങും. എന്തായാലും, ചിന്തിച്ചു കൂട്ടിയതൊക്കെ ഞാന്‍ എഴുതി വെയ്ക്കും. എന്‍റെ ചിന്തകളൊക്കെ ചോദ്യങ്ങള്‍ ആയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ജീവിതം ഒരു കടങ്കഥ പോലെ എന്നൊക്കെ ഞാന്‍ എഴുതി വെച്ചു. അപ്പോഴാണ്‌ എനിക്ക് ഈ സാഹിത്യം എഴുതുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. ഒന്നും മനസ്സിലാകാതെ വരുമ്പോള്‍, വാക്കുകള്‍ കൊണ്ട് നടത്തുന്ന ഒരു കസര്‍ത്ത് മാത്രമാണ് സാഹിത്യം. അത് കൊണ്ട് ആര്‍ക്കും ഒരു ഉത്തരവും കിട്ടാന്‍ പോകുന്നില്ല. എഴുതുന്ന ആളുടെ സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് അത്.

പിന്നെ ഞാന്‍ ആളുകളെ പറ്റിയും ചിന്തിക്കും. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ആളുകള്‍ ഉറുമ്പുകളെ പോലെ പരക്കം പായുന്നത് കാണാമായിരുന്നു. അവരോടു എനിക്ക് പലപ്പോഴും അനുകമ്പ തോന്നി. പാവങ്ങള്‍. എനിക്ക് തോന്നിയത്, ആരോ ക്രമപ്പെടുത്തി വെച്ചിരിക്കുന്ന ഒരു മത്സരത്തിലെ പങ്കാളികള്‍ ആണ് അവരെന്നാണ്. മത്സരം നിയന്ത്രിക്കുന്നത്‌ തിരശീലയ്ക്ക് പിറകില്‍ നില്‍ക്കുന്നവരാണ്. അവര്‍ കുറച്ചു പേരെ ഉള്ളൂ. പക്ഷെ അവരുടെ നിയന്ത്രണത്തില്‍ ആണ് ലക്ഷകണക്കിന് സാധാരണ ജീവിതങ്ങള്‍. വലിയ മുതലാളില്മാര്‍, വലിയ രാഷ്ട്രീയഅധികാരികള്‍- ഇവരൊക്കെ സ്റ്റേജിനു പിറകില്‍ നിന്ന് കളിക്കുകയാണ്. അവരുടെ കളിയില്‍ പെട്ട്, പാവങ്ങള്‍ കുറെയെണ്ണം ജീവിതം ഹോമിക്കുന്നു. അവര്‍ പോലും അറിയുന്നില്ല അവര്‍ ഒരു വലിയ മത്സരത്തിന്റെ ഭാഗമാണെന്നു. മുതാളിമാര്‍ കല്‍പ്പിക്കുന്നു- ആ കാര്‍ മേടിക്ക്; അവിടെ ഫ്ലാറ്റ് മേടിക്ക്; മക്കളെ ആ സ്കൂളില്‍ ചേര്‍ക്ക്- ഇതൊക്കെ ചെയ്താലേ നിനക്ക് വിലയുണ്ടാകൂ. രാഷ്ട്രീയകാരന്‍ പറയുന്നു- എനിക്ക് അധികാരം താ, നിനക്ക് ഞാൻ വിലയുണ്ടാക്കി  തരാം. നിന്റെ എല്ലാ മോഹങ്ങളും നിരവേറ്റാം. അങ്ങനെ ഇവരുടെ താളത്തിനൊത് തുള്ളി തുള്ളി നശിക്കുന്നു ലക്ഷോപലക്ഷം ജന്മങ്ങള്‍. ലോകത്തിന്റെ മട്ടുപ്പാവില്‍ നിന്ന് നോക്കുമ്പോള്‍ എനിക്ക് ഈ കളികളൊക്കെ വളരെ വ്യക്തമായി കാണാമായിരുന്നു. കളിയില്‍ നശിക്കുന്ന ജനകൂട്ടത്തോട്‌ ഐക്യദാര്‍ഡ്യപ്പെട്ട് ഞാന്‍ ഡയറി കുറിപ്പുകള്‍ എഴുതി. എനിക്ക് അതല്ലേ കഴിയൂ.

ചിന്തകള്‍ അങ്ങനെ കാട് കയറി എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെയായി. ചിന്തിച്ച് ചിന്തിച്ച് അവസാനം ഞാന്‍ തന്നെ ശരിക്കും ഉള്ളതാണോ എന്ന് എനിക്ക് തോന്നി തുടങ്ങി. ഞാന്‍ എന്താണ്? ഞാന്‍ ആരാണ്?ഞാന്‍ എന്തിനാ ഇവിടെ ജീവിക്കുന്നത്? നിങ്ങളും ഇതൊക്കെ ഒന്ന് ആഞ്ഞു ചിന്തിച്ചു നോക്ക്. ശരിക്കും വട്ടു പിടിക്കും. അവസാനം നിങ്ങള്‍ക്കും തോന്നും നിങ്ങള്‍ വെറും പുകയാണ് എന്ന്. എനിക്ക് ശരിക്കും അങ്ങനെ തോന്നി തുടങ്ങി. ഞാന്‍ തന്നെ ഒരു ചിന്തയാണ് എന്ന്. രൂപവും ഭാവവും ഒന്നും ഇല്ലാത്ത, പ്രേതം പോലത്തെ ഒരു ചിന്ത. അപ്പോള്‍ ഞാന്‍ എന്‍റെ ഡയറി മറിച്ചു നോക്കും. എന്‍റെ പഴയകാലത്തെ കുറിപ്പുകള്‍ കാണുമ്പോള്‍ എനിക്ക് ഉറപ്പാകും ഞാന്‍ ശരിക്കും ഉണ്ട് എന്ന്. ഞാന്‍ വെറും തോന്നല്‍ അല്ല എന്ന്. അതായത്, ഞാന്‍ ശരിക്കും ഉണ്ട് എന്നതിന്റെ തെളിവായി മാറി എന്‍റെ ഡയറി. എന്‍റെ നിലനില്‍പ്പിന്റെ തെളിവ് നിര്‍മിക്കലായി പിന്നെ എന്‍റെ ഡയറിയെഴുത്ത്.

ചിന്തകളുടെ ആക്കം കൂടി, ഞാന്‍ തന്നെ ഉണ്ടോ എന്ന ഭീകരമായ സംശയാവസ്ഥയില്‍ എത്താന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് ഒരു തിരിച്ചറിവുണ്ടായത്. ഞാനെന്റെ ശരീരത്തിന്‍റെ മോഹങ്ങള്‍ അവഗണിച്ചു ജീവിക്കുന്നത് കൊണ്ടാകാം , ഒരു അപ്പൂപ്പന്‍ താടി പോലെ എന്‍റെ ജീവിതം പറന്നു പോകുന്നത് പോലെ തോന്നുന്നത്. ജീവിത്തിനു ഒരു ഭാരം വേണം. അതിനു ശരീരത്തിനെ തലോലിക്കണം.  ‘ഒരു പൊക്കിള്‍ച്ചുഴിയിലെ ആനന്ദം’. ഒരു ദിവസത്തെ എന്‍റെ ഡയറികുറിപ്പിന്റെ തലക്കെട്ടാണ്. ഒരു ദിവസം ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍, എന്‍റെ എതിര്‍വശത്ത് നിന്ന ഒരു സ്ത്രീയുടെ സാരിയുടെ സ്ഥാനം കാറ്റടിച്ചു തെറ്റുന്നു. മനോഹരമായ ഇളം വയറും, മാദകത്വം തുളുമ്പുന്ന പൊക്കിള്‍ചുഴിയും ഒരു നോക്ക് ഞാന്‍ കാണുന്നു. അവളുടെ മിഴികളേക്കാള്‍ മനോഹരമായ പൊക്കിള്‍ചുഴി. ലോക്കല്‍ ട്രെയിനിലൂടെ ഓടുന്ന മുഴുവന്‍ വൈദ്യുതിപ്രവാഹവും എന്നിലൂടെ കടത്തി വിട്ടത് പോലെയുള്ള അവസ്ഥയിലായിരുന്നു ഞാന്‍. അത്ര തീവ്രമായ ഒരു വികാരതള്ളിച്ച എനിക്ക് ആദ്യമായിരുന്നു. ആ സ്ത്രീ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി. ഞാന്‍ അവരെ പറ്റി ഓര്‍ത്തു കൊണ്ടേയിരുന്നു. അന്ന് രാത്രി ഞാന്‍ കണക്കിന് മദ്യപിച്ചു. എന്നിട്ട് ഞാന്‍ റോഡില്‍ കിടന്നു കുറെ തുള്ളി. പരബ്രഹ്മത്തില്‍ അലിയുന്ന തോന്നല്‍. റോഡില്‍ കിടന്നു ബഹളം വെച്ചതിനു എനിക്ക് അന്ന് പോലീസിന്റെ തല്ലും കിട്ടി. പക്ഷെ, എനിക്ക് അന്ന് എല്ലാം ആനന്ദം ആയിരുന്നു.

പ്രണയം എന്നത് ജീവിതത്തിനു ഭാരം നല്‍കുന്ന ഒരു നല്ല തോന്നലാണ്. ആ ഒരു ചിന്തയും എനിക്ക് അന്നുണ്ടായി. ജീവിതത്തില്‍ പിന്നെ വേറെ ഒന്നും ഉണ്ടാകില്ല. പ്രണയം. പ്രണയം മാത്രം. അത് മനസ്സില്‍ തോന്നാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്.

പിന്നെ എന്താണ്? ഞാന്‍ മറ്റൊന്നും ഓര്‍ക്കുന്നില്ല. മറന്നു പോകുന്നതിനു മുന്‍പ്, ഓര്‍മയില്‍ ഉള്ളതൊക്കെ വാരി കൂട്ടി എഴുതുന്നതിന്റെ ശ്രമമാണ്.ഞാന്‍ ജീവിച്ച മുപ്പത് മാസങ്ങള്‍ എന്‍റെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത പ്രതീതിയാണ് എനിക്ക് ഡയറി നഷ്ടപെട്ടപ്പോള്‍ ഉണ്ടായത്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു എന്നും, എന്‍റെ ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും എന്‍റെ മനസ്സിന്‍റെ ഭാവനസൃഷ്ടികളോ, കല്പനകാളോ അല്ലെന്നും, അവയൊക്കെ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയതാണെന്നും എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്താന്‍ ഉള്ള തെളിവായിരുന്നു അവ. അവ നഷ്ടപ്പെട്ടതോടെ, അത്രയും കാലത്തെ എന്‍റെ നിലനില്‍പ്പ്‌ സംശയാതീതം അല്ലാതായി തീര്‍ന്നിരിക്കുകയാണ്.

മറവിക്ക് എതിരെ ഉള്ള ഒരു പോരാട്ടം കൂടിയാണല്ലോ ജീവിതം. മറവി കാര്‍ന്നു തിന്നുന്നതിന് മുന്‍പ് ഞാന്‍ എന്‍റെ ജീവിതം പുനര്‍നിര്‍മിക്കട്ടെ.  അല്ലെങ്കിലും സ്വജീവിതത്തെ അനശ്വരതയിലേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ആണല്ലോ ഡയറിഎഴുത്ത് പോലെയുള്ള സ്മാരകശിലാ നിര്‍മാണങ്ങള്‍. എന്നെ പോലെ ഒരു നിര്‍മാണ തൊഴിലാളി തന്‍റെ ജീവിതം അനശ്വരമാക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ?
എന്തായാലും എനിക്ക് വലിയ ദുഖവും നിരാശയും ഉണ്ട്. എത്രയൊക്കെ ശ്രമിച്ചാലും, കുറെയൊക്കെ ചിന്തകള്‍ മറവിയുടെ ചിതലാക്രമണത്തില്‍ നശിക്കും. അദൃശ്യനായ, ഒരു സാങ്കല്‍പ്പിക വായനക്കാരനെ ഉദ്ദേശിച്ചാണ് ഞാന്‍ ഒരോ ഡയറികുറിപ്പും എഴുതിയത്. സഹൃദയനായ ഒരു വായനക്കാരന്‍റെ കൈയില്‍ ആണ് എന്‍റെ നഷ്ടപെട്ട ഡയറി കിട്ടുന്നതെങ്കില്‍, എന്‍റെ എളിയ ജീവിതം ധന്യമായി. ഇനി അതല്ല, ഏതെങ്കിലും അക്ഷരവിരോധി അത് തൂക്ക് വിലയ്ക്ക് വിറ്റാലോ?
അങ്ങനെയെങ്കില്‍ അങ്ങനെ.
എന്‍റെ ചിന്തകള്‍ തൂക്കിലേറ്റപ്പെടട്ടെ;
എന്‍റെ ജീവിതം റീ-സൈക്കിള്‍ ചെയ്യപ്പെടട്ടെ;
അവസാനം, എല്ലാം പൊടിയും ചാരവും ആകാനുള്ളതാണല്ലോ.


No comments:

Post a Comment