അലാറം
നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു. ആലസ്യത്തോടെ അവന്‍ കണ്ണുകള്‍ തുറന്നു.
ഉറക്കത്തിന്‍റെ പാട അപ്പോഴും കണ്ണുകളില്‍ പറ്റിപിടിച്ചിരുന്നു. തന്‍റെ ഫോണെടുത്തു
അവള്‍ക്ക് വാട്ട്‌സാപ്പില്‍ ഒരു ഗുഡ് മോര്‍ണിംഗ് മെസ്സേജ് അയച്ചു. അയച്ചു
കഴിഞ്ഞപ്പോഴാണ് അവന്‍ ഓര്‍ത്തത് താന്‍ എന്തൊരു മണ്ടത്തരമാണ് ചെയ്തതെന്ന്. നിര്‍ജീവമായ
അക്കൗണ്ട് ആണത് എന്ന് അവന്‍ പെട്ടെന്ന് ഓര്‍ത്തില്ല. എല്ലാം ഓരോ ശീലങ്ങളുടെ
പുറത്തു ചെയ്യുന്നു. എവിടെയും എത്താതെ ആ മെസ്സേജ് അന്തരീക്ഷത്തില്‍ തങ്ങി നിന്ന് .
അവന്‍ വെറുതെ അവളുടെ പ്രൊഫൈല്‍ പിക്ചര്‍ എടുത്തു നോക്കി. താന്‍ എടുത്ത ഫോട്ടോ
തന്നെയാണെന്ന് അവന്‍ ഓര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പ് ഒരു കടല്‍ക്കരയില്‍ പോയപ്പോള്‍
എടുത്തത്. അവള്‍ക്കു ഫോട്ടോ എടുക്കുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. ഫോട്ടോയ്ക്ക്
വേണ്ടി അവള്‍ പോസ് ചെയ്യത്തില്ല. ഇത് തന്നെ, അവള്‍ അറിയാതെ എടുത്ത ഒന്നാണ്. അസ്തമയസൂര്യന്റെ
മഞ്ഞപ്രഭയുടെ പശ്ചാത്തലത്തില്‍ എടുത്ത ഒരു സൈഡ് ഷോട്ട്. അവളുടെ തലമുടി കടല്‍കാറ്റില്‍
ഭ്രാന്തമായി പാറിപറന്നു കൊണ്ടിരുന്നു. അവളുടെ മുഖം വ്യക്തമാകുന്നില്ല അതില്‍. തീരെ
ആകര്‍ഷണീയത ഇല്ലാത്ത ഒരു ഫോട്ടോ.
“
I’ll destroy you in the most beautiful way possible. And when I leave you, you
will finally understand why storms are named after persons”(Quote by Caitlyl Siehl) എന്ന് അവള്‍
സ്റ്റാറ്റസ് മെസ്സേജ് ഇട്ടിരുന്നു. അതെ, ശരിയാണ്. ഒരു കൊടുങ്കാറ്റു പോലെ അവള്‍
അവന്റെ ജീവിതത്തില്‍ വന്നു. അവനെ അടിമുടി തകര്‍ത്തു. അവനെ അപനിര്‍മിച്ചു. അവള്‍ക്ക്
മുമ്പും ശേഷവും എന്ന രീതിയില്‍ അവന്റെ ജീവിതചരിത്രത്തെ തന്നെ രണ്ടായി പകുത്തു.
കൊടുങ്കാറ്റു പോലെ ഇപ്പോള്‍ പോവുകയും ചെയ്തിരിക്കുന്നു.
പെട്ടെന്ന്
അവന്‍ കട്ടിലില്‍ നിന്ന് ചാടി എഴുന്നേറ്റു. സമയം ഒട്ടും കളയാനില്ല. ഇന്ന് അവളെ
കാണേണ്ടതാണ്. ഇന്നും കൂടിയേ കാണാന്‍ ഒക്കൂ. ഒരുക്കങ്ങളെല്ലാം അവന്‍ പെട്ടെന്ന്
തന്നെ തീര്‍ത്തു. തന്‍റെ മുഖത്ത് അങ്ങിങ്ങായി അച്ചടക്കമില്ലാതെ പടര്‍ന്നു കയറിയ
താടിരോമങ്ങളൊക്കെ വൃത്തിയായി വടിച്ച് ഒതുക്കി. അവള്‍ തന്നെ തനിക്കു സമ്മാനിച്ച
ഒരു പച്ച ടീ ഷര്‍ട്ട് അവന്‍ ധരിച്ചു. ഇന്ന് താന്‍ വളരെ സുന്ദരനായി
കാണപ്പെടണമെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. അവന്‍ സ്വയം കണ്ണാടിയില്‍ നോക്കി.
അതെ, ആ പച്ച ടീ ഷര്‍ട്ട് അവനു നല്ല പോലെ ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ
സെലെക്ഷന്‍ ഒരിക്കിലും തെറ്റിയിട്ടില്ല. നല്ല സൌന്ദര്യബോധമുള്ള അവള്‍ക്കു,
ഞൊടിയിടയില്‍ ഒരു നല്ല വസ്ത്രം തെരഞ്ഞെടുക്കാനുള്ള വിരുതുണ്ടായിരുന്നു. അതിനാല്‍
തന്നെ, അവളുടെ കൂടെ ഷോപ്പിംഗ് വളരെ ഹ്രസ്വവും രസകരവുമായിരുന്നു. സ്വന്തം ച്ഛായ കണ്ടു
അതില്‍ അനുരക്തനായി നിന്ന നാര്സിയസിനെ പോലെ അവനും കുറെ നേരം കണ്ണാടിയില്‍ സ്വയം
മറന്നു നോക്കി നിന്ന്. ഷേവ് ചെയ്തപ്പോള്‍ അങ്ങിങ്ങായി മുറിഞ്ഞു ചെറുതായി രക്തം
പോടിഞ്ഞിരിക്കുന്നത് അവന്‍ കണ്ടു. ആഫ്ടര്‍ ഷേവ് ലോഷന്‍ പുരട്ടി. അതിന്റെയല്ലാതെ,
വേറെ ഒരു തരത്തിലുള്ള നീറ്റലും അവനു തോന്നിയില്ല.
പുറത്തു
ചെറിയ മഴകാറ് കണ്ടപ്പോള്‍ ബസില്‍ പോയാലോ എന്ന് അവന്‍ ആദ്യം ശങ്കിച്ചു. വേണ്ട, തന്‍റെ
ബുള്ളെറ്റ് തന്നെ എടുക്കാം എന്ന് അവന്‍ തീരുമാനിച്ചു. ഇന്ന് ഗമയ്ക്ക് യാതൊരു
കുറവും വരുത്തരുത്.
ബുള്ളറ്റില്‍
കടകട വച്ച് കൊണ്ട് അവന്‍ പള്ളി മുറ്റത്തേക്ക് ഇരച്ചു കയറി. ചടങ്ങിനു
എത്തിയിരിക്കുന്ന ആളുകളെ കൊണ്ട് അവിടം ബഹളമയമായിരുന്നു. തലങ്ങും വിലങ്ങും ഓടുന്ന
ഫോട്ടോഗ്രഫര്‍മാര്‍. ലൌഡ്സ്പീകരിലൂടെ ഒഴുകുന്ന സ്തുതിഗീതങ്ങള്‍. എല്ലാവരും
പള്ളിയില്‍ എത്തിയിട്ട് മാത്രം എത്തിചേരുന്ന വിധത്തില്‍ അവന്‍ തന്‍റെ യാത്ര ക്രമീകരിച്ചിരുന്നു.
തന്‍റെ ബുള്ളറ്റ് സാവധാനം പാര്‍ക്ക് ചെയ്ത്, മിഡില്‍ സ്റ്റാന്‍ഡില്‍ ഇട്ടതിനു
ശേഷം, ഹെല്‍മറ്റും കൂളിംഗ്‌ഗ്ലാസും ഊരി അവന്‍ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.
ഗൌരവം കൊണ്ട് അവന്റെ മുഖപേശികള്‍ ഉറച്ചിരുന്നു. അത്യധികം വീരത്വം കാണിച്ചു കൊണ്ട്
തന്നെ അവന്‍ പള്ളിയിലേക്ക് നടന്നു. അവന്റെയും അവളുടെയും ബന്ധം പലര്‍ക്കും
അറിയാമായിരുന്നു. അതിനാല്‍ തന്നെ അംബരപ്പും അനുകമ്പയും ചൊരിയുന്ന കുറെ നോട്ടങ്ങള്‍
അവന്റെ നേരെ വീണു. പക്ഷെ തീവ്രഭാവം കൊണ്ട് ഒരു സംരക്ഷണവലയം അവന്‍ തന്‍റെ ചുറ്റും
തീര്‍ത്തിരുന്നു. അത് ഭേദിച്ച് അവന്റെ അടുക്കല്‍ വരുവാന്‍ ആരും ധൈര്യപ്പെട്ടില്ല.
ഉഷ്ണചൂടില്‍
വെന്തുരുകുന്ന ഒരു വറചട്ടി പോലെയായിരുന്നു പള്ളിയകം. ശരീരങ്ങള്‍ അതിനുള്ളില്‍
തിങ്ങിവിങ്ങി വിയര്‍ത്ത്ഒലിച്ചു നിന്ന്. രൂക്ഷമായ വിയര്‍പ്പുഗന്ധം ഉള്ളില്‍
നിറഞ്ഞു. വൈദികനും ശുശ്രൂഷിയും ചൊല്ലുന്ന പ്രാര്‍ഥനാവചനങ്ങള്‍ കുറെ പേര്‍
ഏറ്റുചൊല്ലി. മുഷിഞ്ഞു നില്‍ക്കുന്ന പലരും അതൊന്നും ഗൌനിച്ചതെ ഇല്ല. ആളുകളെ വകഞ്ഞു
മാറ്റി കൊണ്ട് അവന്‍ പള്ളിയുടെ മധ്യത്തിലേക്ക് നടന്നു. അവിടെയാണ് അവളെ
കിടത്തിയിരുന്നത്. ഏകദേശം ആറടിയോളം നീളമുള്ള, വുഡ് പോളിഷിന്റെ ഗന്ധം വമിക്കുന്ന
ശവപെട്ടിക്കുള്ളില്‍, വെള്ള വസ്ത്രം ധരിച്ചു അവള്‍ കിടക്കുകയായിരുന്നു. ആദ്യകുര്‍ബാന
ചടങ്ങില്‍ കൊച്ചുപെണ്‍കുട്ടികള്‍ ധരിക്കുന്നത് പോലെയുള്ള വസ്ത്രം. ശവശരീരത്തെ
ചുംബിക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടികൊണ്ടിരുന്നു. മൃതശരീരത്തെ
ചുംബിക്കാന്‍ ആളുകള്‍ക്ക് എന്താണ് ഇത്ര വെമ്പല്‍ എന്ന് അവന്‍ പലപ്പോഴും
ആശ്ചര്യപ്പെട്ടിരുന്നു. അത് ഫോട്ടോ എടുക്കന്നതും, ശവത്തിന്റെ മുന്നില്‍ ആളുകളെ
പോസ് ചെയ്തു പടമെടുപ്പിക്കുന്നതുമെല്ലാം എത്ര വികൃതം ആണെന്ന് അവനു
തോന്നിയിട്ടുണ്ട്. ചിലപ്പോള്‍, ജീവനും ഓജസ്സുമുള്ള ഉമ്മകള്‍ കിട്ടാതെ വലയുന്ന ഒരു
ജനത ശവത്തെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു സായോജ്യം തേടുന്നതാകം. ചുംബനത്തെ ജഡവുമായി
മാത്രം ബന്ധിപ്പിക്കുന്ന സാംസ്കാരിക വൈകൃതം.
തന്‍റെ
പ്രണയിനിയുടെ ശരീരത്തില്‍ എല്ലാരും വന്നു ചുംബിച്ചു പോകുന്നത് അവന്‍ കണ്ടു. ജീവന്‍
പോകുന്നതോടെ ശരീരത്തിന്‍റെ വ്യക്തിത്വവും പോകുമല്ലോ. പിന്നെ അത് എല്ലാര്ക്കും
ഒരുപോലെ എടുത്തു പെരുമാറാവുന്ന ഒരു ‘ബോഡി’ മാത്രമാണല്ലോ. അവന്‍ അവളുടെ അരികിലേക്ക്
ചെന്നു. അവളെ ചുംബിക്കാന്‍ അവനു തോന്നിയില്ല. പാരസ്പര്യമുള്ള ചുംബനങ്ങള്‍ മാത്രമേ അവന്‍
ശീലിച്ചിട്ടുള്ളൂ. കീമോതെറാപ്പിയില്‍ ശോഷിച്ച അവളുടെ മുഖം അവന്‍ കണ്ടു. അര്‍ബുദം
ആയി അവളുടെ കോശങ്ങളില്‍ പടര്‍ന്നത് തന്‍റെ പ്രണയമായിരുന്നെങ്കില്‍ എന്ന് അവന്‍
ആശിച്ചു. മരിക്കുമ്പോള്‍ അവള്‍ തന്നെ ഓര്‍ത്തിട്ടുണ്ടാകുമോ. അതോ, റെഡിയെഷന്‍
കിരണങ്ങള്‍ അവളുടെ സ്മരണകളെയും കരിയിചിട്ടുണ്ടാകുമോ. അവളുടെ അവസാന നാളുകള്‍
തണുത്തു മരച്ച ഐ.സി.യുവിലും വിരസമായ കീമോവാര്‍ഡുകളിലും തളച്ചിട്ട അവളുടെ അരസികരായ
മാതാപിതാക്കന്മാരോട് അവനു ദേഷ്യം തോന്നി. ജനിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട്,
അവളുടെ ജീവിതം തങ്ങളുടെ അധീശത്വതിലാണ് എന്ന് കരുതിയ മൂരാച്ചികള്‍. അവള്‍
എന്തായിരുന്നുവെന്നോ, അവളുടെ യഥാര്‍ത്ഥ സ്വത്വവും വ്യക്തിത്വവും എന്തായിരുനുവെന്നോ
അവര്‍ക്ക് ഒരിക്കിലും മനസ്സിലായിട്ടില്ല. അതിനാല്‍ തന്നെ, എന്താണ് തങ്ങള്‍ക്കു
നഷ്ടപ്പെട്ടതെന്നും അവര്‍ക്ക് ശരിക്കും മനസ്സിലായിട്ടില്ല. എന്നിട്ടും അവര്‍
നിന്ന് കരയുന്നു. സ്വന്തം ജീനുകളോട് തോന്നുന്ന സ്വാഭാവികമായ സ്വാര്‍ഥതയില്‍
കവിഞ്ഞു എന്ത് മഹാനീയതയാണ് ആ ഭാവത്തിനുള്ളത്.
അവളുടെ
കവിളുകളില്‍ അവന്‍ തൊട്ടു. മൊബൈല്‍ ഫ്രീസറിന്റെ തണുപ്പില്‍ വിറച്ചിരുന്ന കവിളുകള്‍.
ഭീകരമായ ആ തണുത്ത ഏകാന്തത എങ്ങനെയായിരിക്കും അവള്‍ താങ്ങിയത്? അവളുടെ ചുണ്ടുകളില്‍
നീലിമ പടര്‍ന്നിരുന്നു. ഒരിക്കിലും തുറക്കില്ലാത്ത കണ്ണുകള്‍. രണ്ടു ഈച്ചകള്‍
അവളുടെ മുഖത്തിന് ചുറ്റും വട്ടമിട്ടിരുന്നു. ശവപ്പെട്ടിയില്‍ പൂക്കള്‍
വെയ്ക്കുന്നത് പ്രാണികളെ ആകര്ഷികുമെന്നു അവന്‍ നിരീക്ഷിച്ചു. അവറ്റകളെ അവന്‍
ആട്ടിയോടിച്ചു. എന്നാലും അവ തിരിച്ചു വന്നുകൊണ്ടിരുന്നു. ഇല്ല, അവള്‍ ജീര്‍ണിച്ചു
തുടങ്ങിയിട്ടില്ല. അവ വരുന്നത് ശവപെട്ടിയിലെ പൂക്കള്‍ കാരണമാണ്.
പുറകില്‍
നിന്ന് ആളുകള്‍ തിരക്ക് കൂട്ടിയിട്ടും അവന്‍ പാറ പോലെ അവിടെ കുറച്ചു നിമിഷങ്ങള്‍
നിന്നു. അവളുടെ മാറിലെ ആ പാട്...പണ്ടൊരിക്കല്‍ വികാരവേഷത്തില്‍, അവളുടെ ഇടതു
മാറിടത്തിന് മുകളില്‍ താന്‍ അവശേഷിപ്പിച്ച ഒരു വന്യചുംബനത്തിന്റെ അടയാളങ്ങള്‍. തന്‍റെ
ദന്തങ്ങളുടെ പാടുകള്‍..അവളുടെ ഹൃദയത്തിനു മേല്‍ ചാര്‍ത്തിയ പ്രണയത്തിന്‍റെ
വാഗ്ദാനമുദ്ര..അതിപ്പോഴും അവിടെയുണ്ടാകുമോ..അവന്‍ ഓര്‍ത്തു..അവളുടെ മാംസളമായ വയര്‍..അവിടെ
മുഖം അമര്‍ത്തുമ്പോള്‍ താന്‍ അനുഭവിച്ചിരുന്ന സുരക്ഷിതത്വബോധം. ഗര്‍ഭപാത്രത്തില്‍
വീണ്ടും കയറിയ പോലെ. നിത്യരക്ഷ ലഭിക്കാന്‍ മനുഷ്യന്‍ വീണ്ടും ജനിക്കണം എന്ന് പറഞ്ഞ
യേശുവിനോട്, ആ പറഞ്ഞതിന്‍റെ വാച്യാര്‍ത്ഥം മാത്രമെടുത്ത്, അതിനു താന്‍ വീണ്ടും
മാതാവിന്‍റെ ഉദരത്തില്‍ പ്രവേശിച്ചു ജനിക്കണമോ എന്ന് ചോദിച്ച നികൊദേമുസ് എന്ന
നിയമന്ജന്റെ വിവരണം യോഹന്നാന്റെ സുവിശേഷതിലുണ്ട്. അത് പോലെ, അവന്‍ വീണ്ടും
ജനിക്കുകയായിരുന്നു. അവളുടെ ഉദരത്തില്‍ നിന്ന്. സര്‍ഗാത്മകതയും സ്വാതന്ത്ര്യബോധവും
ആത്മധൈര്യവും ഉള്ള ഒരു പുതിയ മനുഷ്യനായി.
ആളുകളുടെ
തള്ളല്‍ ശക്തമായപ്പോള്‍ അവന്‍ മുന്നോട്ടു നീങ്ങി. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം
സെമിത്തേരിയിലേക്ക് ‘ബോഡി’ എടുക്കുകയാണെന്ന് വൈദികന്‍ പറഞ്ഞു. ശവപ്പെട്ടി
വഹിക്കാന്‍ അവനും കൂടി. അവളുടെ ഭാരം തന്‍റെ ചുമലുകളില്‍. സെമിത്തേരിയില്‍ വച്ച്
അവളുടെ മുഖം വെള്ളതുണി കൊണ്ട് മൂടപ്പെട്ടു. ഇനി ഒരിക്കിലും അവളുടെ മുഖം താന്‍
നേരിട്ട് കാണുകയില്ല. ഒരു നിമിഷം അവനു കരയണമെന്നു തോന്നി. വേണ്ട, അവന്‍ അത്
തടഞ്ഞു. അവന്‍ ചടങ്ങുകളുടെ ഔധ്യോഗികതയില്‍ മുഴുകി. ശവപെട്ടി കുഴിയില്‍ ക്രമമായി
ഇറക്കുന്നത് വൈദഗ്ധ്യം ആവശ്യമുള്ള പണിയാണ്. പെട്ടിക്കു ചുറ്റും വടം കെട്ടി
കൃത്യതയോടെ ശ്രദ്ധാപൂര്‍വ്വം ഇറക്കണം. അതിനു നേതൃത്വം നല്‍കാന്‍ അവന്‍ കുഴിയുടെ
അരികില്‍ നിന്ന്. വളരെ പാടവത്തോടെ, പെട്ടി കുഴിയില്‍ ഇറക്കാന്‍ അവന്‍ സഹായിച്ചു. എല്ലാവരും
തന്നെ സെമിത്തേരിയില്‍ നിന്ന് പിരിഞ്ഞു പോയിട്ടും അവന്‍ അവിടെ നിന്നു. അവനെ
ആശ്വസിപ്പിക്കാനോ അനുശോചനം അറിയിക്കാനോ ആരും അടുത്ത് വരാന്‍ മുതിര്‍ന്നില്ല.
ആളുകള്‍ക്കെതിരെ പ്രതിബന്ധതിന്റെ ശക്തമായ ഒരു കവചം അവനുണ്ടായിരുന്നു.
പണിക്കാര്‍
കുഴിയില്‍ മണ്ണിടുന്നത് നോക്കി കുറേ നേരം അവന്‍ അവിടെ നിന്നു. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള
പ്രാര്‍ത്ഥന അവന്‍ മനസ്സില്‍ ചൊല്ലി. പക്ഷെ, അവനതു പൂര്‍ണ്ണമായി ഓര്‍മ്മ
കിട്ടുന്നില്ലായിരുന്നു. കുറെ ശ്രമിച്ചെങ്കിലും അവനതു മുഴുവന്‍ ചൊല്ലാന്‍ ആയില്ല.
മണ്ണിട്ട് മൂടി കഴിഞ്ഞു. ഇനി അവള്‍ക്കു എന്ത് സംഭവിക്കും എന്ന് അവന്‍
അത്ഭുതപെട്ടു. ഉത്തരം കിട്ടാത്ത ചോദ്യം? ഇത്തരം അവസരങ്ങളിലാണ് മതത്തിനും
ദൈവത്തിനും പ്രസക്തി ഉണ്ടാകുന്നത്. ഇത്തരം അവസരങ്ങളില്‍ മാത്രം. മരിച്ചവരെ പറ്റി
എന്തെങ്കിലും ഓര്‍മ്മകള്‍ അവ നിലനിര്‍ത്തുന്നു; ജീവിച്ചിരിക്കുന്നവര്‍ക്ക്
മരിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവശേഷിപ്പിക്കുന്നു.
തിരിച്ചിറങ്ങിയപ്പോള്‍
പള്ളി മുറ്റം ഏറെകുറെ ശൂന്യമായിരുന്നു. അവന് അന്ന്നേരം ദുഖമോ വിഷാദമോ
തോന്നുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സും ശൂന്യമായിരുന്നു. അവന്‍ ബുള്ളറ്റ്
മിഡില്‍ സ്റ്റാണ്ടില്‍ നിന്നെടുത്തു സ്റ്റാര്‍ട്ട് ചെയ്തു. അതിന്‍റെ ഘുടുഘ്ട്
ശബ്ദം അവിടെ മുഴുവന്‍ പ്രകമ്പനം കൊണ്ടു. മഴക്കാറ് മാറി സൂര്യന്‍ ജ്വലിക്കാന്‍
തുടങ്ങി. കണ്ണുകള്‍ കലങ്ങാന്‍ തുടങ്ങിയപ്പോള്‍ അവന്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു. കുറെ
ദൂരം അവന്‍ ഹൈവേയിലൂടെ ഓടിച്ചു. വലിയ ട്രക്കുകളെയും ട്രയിലരുകളെയും ഓവര്‍ടെക്
ചെയ്യുന്നതില്‍ അവന്‍ കുറച്ചു ഹരം കണ്ടു. എന്നിട്ട് അവര്‍ സ്ഥിരമായി
പോകാറുണ്ടായിരുന്ന ഒരു കഫെയില്‍ പോയി. ഒരു കോള്‍ഡ് ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തു.
അതുള്ളില്‍ ചെന്നപ്പോള്‍ മനസ്സും ഒന്ന് കുളിര്‍ത്തു. അവനു അപ്പോള്‍ ഒരു തരി പോലും
വിഷമം തോന്നുന്നില്ലയിരുന്നു. കഫെയിലുള്ള സുന്ദരിമാരായ യുവതികളെയും
ചിരിച്ചുല്ലസിക്കുള്ള യുവമിഥുനങ്ങളെയും മറ്റും കുറെ നേരം നോക്കിയിരുന്നു അവന്‍
മനസ്സ് തണുപ്പിച്ചു.
വീണ്ടും
അവന്‍ ബുള്ളെറ്റ് എടുത്തു തിരിച്ചു. പഴയ റയില്‍വേ സ്റ്റേഷന്‍ അരികിലുള്ള ഒഴിഞ്ഞ
മൂലയിലെ ഒരു കടയില്‍ നിന്ന് അവന്‍ ഒരു വില്ല്സ് സിഗരറ്റ് വലിച്ചു. അവന്‍ പുകവലിക്കുന്നത്
അവള്‍ക്കു തീരെ ഇഷ്ടമല്ലായിരുന്ന്നു. അതിനാല്‍ തന്നെ വലിക്കൊമ്പോഴൊക്കെ ഒരു
കുറ്റബോധം അവനെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ സ്വതന്ത്രാമായി
ആസ്വദിച്ചു വലിച്ചു. അവനു ചെറിയ സന്തോഷം തോന്നി. താന്‍ ഇപ്പോള്‍ പൂര്‍ണ
സ്വതന്ത്രന്‍ ആണെന്ന് അവന്‍ ആഹ്ലാദിച്ചു.
കറക്കമെല്ലാം
കഴിഞ്ഞു അവന്‍ രാത്രി തന്‍റെ മുറിയിലെത്തി. പോരുന്ന വഴി ബിവറേജസില്‍ ഇടിപിടിച്ചു
നിന്ന് അവന്‍ രണ്ടു കുപ്പി ബീയറും മേടിച്ചിരുന്നു. തന്‍റെ പ്രണയിനിയുടെ ശവസംസ്കാരം
ഇന്ന് കഴിഞ്ഞതായി അവനു തോന്നിയതേയില്ല. ഒരു സാധാരണ ദിവസം. എങ്കിലും വിചിത്രമായ ചില
തോന്നലുകള്‍. അവന്‍ അവളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഒരു മെസ്സേജ് അയച്ചു.
“How are you?” എന്ന്.
പുറത്തു
അന്നേരം മഴ പെയ്യാന്‍ തുടങ്ങി. അവന്‍ വീണ്ടും ഒരു മെസ്സേജ് അയച്ചു. “It is raining out here.”
മറുപടിയൊന്നുമില്ല.
അവന്‍ വീണ്ടും അയച്ചു. “I
miss you”.
ഈ സന്ദേശങ്ങള്‍
ഒക്കെ എങ്ങോട്ട് പോകുന്നു? ഒരു സ്വീകര്‍ത്താവ് ഇല്ലാതെ അന്തരീക്ഷത്തില്‍
തരംഗങ്ങളായി ഘനീഭവിച്ചു തങ്ങി നില്‍ക്കുകയാണോ? അവന്റെ ഉള്ളില്‍ ദുഃഖം ഘനീഭവിച്ചു
നില്‍ക്കുന്നത് പോലെ.
അവന്‍
ബിയര്‍ കുപ്പി പൊട്ടിച്ചു. അതില്‍ നിന്ന് നരച്ചു പതഞ്ഞു പൊങ്ങി. മഴ ശക്തമായി. ഈ
രാത്രിയില്‍, ഭൂമിക്കടിയിലെ ഇരുണ്ട ഏകാന്തതയില്‍ അവള്‍ നനഞ്ഞു കുതിര്‍ന്നു
കിടക്കുകയായിരിക്കും. എത്ര ഭയനാകം. എത്ര ക്രൂരമാണ് ഈ കുഴിച്ചിടല്‍. ശ്വാസംമുട്ടിപ്പിക്കുന്ന
ഏകാന്തത. അസഹ്യമായ നിര്ജീവത്വം. അവള്‍ ഒന്ന് ഉറക്കെ കരഞ്ഞാല്‍ പോലും ആര്‍ക്കും
കേള്‍കാനാവില്ല. താനാണല്ലോ അവളെ കുഴിയിലേക്ക് ഇറക്കിയത് എന്നോര്‍ത്തപ്പോള്‍ അവനു
കുറ്റബോധം തോന്നി. അവന്‍ ബിയര്‍ കുപ്പി തീര്‍ത്തു കൊണ്ടിരുന്നു. അവളുടെ ഓര്‍മ്മകള്‍
പുളിച്ചുതികട്ടി അവന്റെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. അവന്റെ മുറിയിലെ ഏകാന്തത
ശവകുഴിയിലെ ഏകാന്തത പോലെ തോന്നി. അത്തരം ഏകാന്തത അല്ലേ അവര്‍ ആഗ്രഹിച്ചിരുന്നത്.
ആരും ശല്യപ്പെടുത്താത്ത, ആരും എത്തി നോക്കാത്ത, അവര്‍ക്ക് തമ്മില്‍ തമ്മില്‍ പൂര്‍ണമായും
അര്‍പ്പിക്കാന്‍ കഴിയുന്ന ദിവ്യമായ ഏകാന്തത. അതല്ലേ ശവകുഴിയിലും ഉള്ളത്. ലോകത്ത്
ഒരിടത്തും ലഭ്യമല്ലാത്ത ശാന്തതയും സമാധാനവും.
അവന്റെ
മനസ്സ് പിടി വിട്ടു തുടങ്ങി. അടുത്ത ബിയര്‍ കുപ്പിയും അവന്‍ പൊട്ടിച്ചു.
ശവകുഴിയില്‍ ഇപ്പോള്‍ വെള്ളം നിറയുന്നുണ്ടാകും. അത് അവളെ കൂടുതല്‍ ശ്വാസം
മുട്ടിക്കും. മണ്ണിലെ കൃമികളും പുഴുക്കളും അവളെ ആക്രമിക്കാന്‍ മുതിരുന്നുണ്ടാകും.
എത്ര ഭീകരം. അവനു അവളില്‍ നിന്ന് മോചനം ഇല്ലായിരുന്നു.
മുറിയിലെ
ഏകാന്തത ശവകുഴിയിലെ ഏകാന്തത പോലെ ഭീകരമായി തോന്നി തുടങ്ങി. അവന്‍ ഇന്റര്‍നെറ്റില്‍
തന്‍റെ സഖികളേ തിരഞ്ഞു. ബീയറില്‍ പുളിച്ച തലച്ചോറിലേക്ക് അവന്‍ വില്ല്സിന്റെ
പുകയും അടിച്ചു കയറ്റി. അതില്‍ നിന്ന് കിട്ടിയ ഉത്തേജനത്തില്‍ അവന്‍ നെറ്റിലെ
നഗ്നശരീരങ്ങള്‍ പരതി. മക്ഡോണല്ട്സിലെ ബെര്‍ഗറുകള്‍ പോലെ കൃത്യമായ ആകൃതിയിലും
വടിവിലും വാര്‍ത്തെടുത്ത ശരീരങ്ങളുടെ നഗ്നമേള. അര്‍ബുദം ഏല്‍ക്കാത്ത,
പുഴുവരിക്കാത്ത, ജീര്‍ണിക്കാത്ത, മരവിക്കാത്ത, ശാശ്വതസൌന്ദര്യത്തിന്റെ നിത്യതയിലേക്കുള്ള
സ്ക്രീന്‍ഷോട്ടുകള്‍. അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കാതെ അവരെല്ലാം അവന്റെ
മുറിയെലെക്ക് 3G വേഗത്തില്‍ ഒഴുകിയെത്തി. നഗ്നമേനികള്‍ അവനെ വളഞ്ഞു. അവള്‍ക്കായി
സംഭരിക്കപെട്ട സ്നേഹത്തിന്റെ വിത്തുകള്‍, പഴയനിയമത്തിലെ ഓനാനെ പോലെ പാഴാക്കുവാണോ
എന്ന് അവള്‍ കുഴിയില്‍ നിന്ന് വിലപിക്കുന്നതായി അവനു തോന്നി. അവളുടെ ഫലഭൂയിഷ്ടമായ
മണ്ണില്‍ വിളയേണ്ട പുതു തലമുറയുടെ ജീവസ്സുള്ള നാമ്പുകള്‍ വെറും നിര്‍ജീവ കറയായി
പാഴാകുന്നു. അതായിരുന്നു അവന്റെ അവള്‍ക്കുള്ള അന്ത്യോപചാരം. പക്ഷെ, മനസ്സിന്‍റെ
അഗാധതയില്‍ നിന്ന് അവന്‍ സ്ഖലിച്ചത് കണ്ണീരായിരുന്നു.
No comments:
Post a Comment