Friday, 31 July 2015

‘ഓ കാതൽ കണ്മണി’- സുന്ദര പ്രണയ കാവ്യം

Two people in love, alone, isolated from the world, that's very beautiful”- Milan Kundera





അതെ , പ്രണയബദ്ധരായി ലോകത്തെയും കാലത്തെയും മറന്ന്, തന്റെ കമിതാവിൽ സർവ പ്രപഞ്ചവും ദർശിച്ചു, ഒരുമിച്ചു നില്ക്കുന്ന പ്രണയജോടി- അതൊരു സുന്ദരമായ കാഴ്ചയാണ്.ആദിയും( ദുൽഖർ സല്മാൻ) താരയും(നിത്യ മേനോണ്‍) അങ്ങനെയുള്ള ഒരു പ്രണയജോടിയാണ്. ലോകം ആദിയുടെയും താരയുടെയും പ്രണയത്തിലേക്ക് ചുരുങ്ങുന്ന സുന്ദരകാഴ്ചയാണ് " ഓ കാതൽ കണ്മണി" എന്ന മണിരത്നം ചിത്രം പ്രദാനം ചെയ്യുന്നത്. മുംബൈ CST സ്റെഷനിൽ   വെച്ച്, ചീറിപായുന്ന ട്രെയിൻ ബോഗിഗളുടെ വിടവിലൂടെ, ട്രാക്കിന് ഇരുവശവും  നിന്ന് കൊണ്ട്, ആദ്യമായി പരസ്പരം കാണുന്ന നിമിഷം തന്നെ അവർ ആകര്ഷിതരാകുന്നു. ആകസ്മികതകളിലൂടെ അവരുടെ ഇഷ്ടം വളരുന്നു. ഹൃദയനൈർമല്യവുഉം ഉദ്ധേശശുദ്ധിയും ഉള്ളവരുടെ സ്വപ്നസാക്ഷാത്കാരം ആകസ്മിക അനുഗ്രഹങ്ങളിലൂടെ സംഭവിക്കും എന്നാണല്ലോ. പ്രണയത്തിന്റെ സൗകുമാര്യവും ആമോദവും മുഴുവനായി ആവാഹിച്ചു എടുത്തു നിസ്സീമമായ ആകാശത്തിലേക്ക് സ്വതന്ത്രരായി ചിറകടിച്ചു പറക്കുന്ന ഇണപ്രാവുകളെ പോലെ, ബുള്ളെറ്റ് ബൈക്കിൽ കുതിച്ചു പായുന്ന അവരുടെ പ്രണയാഘോഷം "മെന്റൽ മധിലോ " എന്ന ഗാനത്തിലൂടെ വ്യക്തമാകുന്നു.

എന്താണ് പ്രണയത്തിന്റെ നിർവചനം എന്നത് ചിന്തകരെയും സാഹിത്യകാരന്മാരെയും കുഴച്ചിട്ടുള്ള ചോദ്യമാണ്. ജൈവികമായി നോക്കുകയാണെങ്കിൽ അടിസ്ഥാനപരമായി പ്രണയം ഹോർമോണുകളുടെ ഒരു തള്ളികയറ്റം ആണ്. അത് മസ്തിഷ്കത്തിൽ ആനന്ദത്തിന്റെ അനേകായിരം അഗ്നിപർവതങ്ങൾ പൊട്ടിക്കുന്നു.  കുടുംബത്തിന്റെ ചുമതലാബോധം അതിനെ വിരസമാക്കും എന്നൊരു ചിന്താഗതിയുണ്ട്. ആദിയും താരയും ആ
ചിന്താഗതിക്കാരാണ്. വ്യക്തമായ ലക്ഷ്യങ്ങളും,വര്ണശഭലമായസ്വപ്നങ്ങളും, സ്വാതന്ത്ര്യബോധവുമുള്ള പുതു തലമുറയുടെ പ്രതിനിധികളായ അവർ, വിവാഹത്തിന്റെ ഔപചാരികതകളും ബാധ്യതകളും, കുട്ടികളെ വളര്ത്തുന്നമുഷിപ്പും ഒന്നും വേണ്ട എന്ന് തീരുമാനിക്കുന്നു. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അവർ,  അത് വരെ, കടപ്പാടുകളുടെ ചിന്തയില്ലാതെ, പ്രണയത്തിന്റെയും യൗവനതിന്റെയും നിറവിൽ പൂർണമായി മുഴുകുന്നു.

ഇതിനു സമാന്തരമായി വൃദ്ധദമ്പതികളായ ഗണപതിയെയും(പ്രകാശ്‌ രാജ്) ഭവാനിയെയും( ലീല സാംസണ്‍) അവതരിപ്പുക്കുന്നു. ആദിയുടെയും താരയുടെയും ബന്ധത്തിൽ നിന്ന് വ്യതസ്തമായി, പക്വവും ദൃടവുമായ ബന്ധമാണ് അവരുടേത്. അൽഷിമെർസ്( alzhiemers) രോഗബാധ ആരംഭിച്ചിരിക്കുന്ന ഭവാനിയെ ഗണപതി കാര്യമായി പരിപാലിക്കുന്നു. ശാരീരിക ആകര്ഷനതെക്കാൾ ഉപരിയായി മാനസികഐക്യം സംജാതമായിരിക്കുന്ന അവരുടെ ബന്ധത്തിന്റെ ആഴം, ആദിയെയും താരയെയും ആശ്ച്ചര്യപെടുതുന്നു . തന്മൂലം, അവരുടെ കാഴ്ചപാടുകളിൽ ഉണ്ടാകുന്ന പരിണാമത്തിന്റെ വിവരണത്തിലൂടെ ചിത്രം വികസിക്കുന്നു.
 രോഗത്താൽ വലയുന്ന ഭവാനിയെ സമാശ്വസിപ്പിക്കുന്ന ഗണപതിയെ വാതിൽ പാളിയുടെ വിടവിലൂടെ നോക്കി കാണുമ്പോൾ, ആദിയുടെയും താരയുടെയും മനസ്സില് തിരയിളക്കം ഉണ്ടാകുന്നു.  തലമുറകൾ തമ്മിൽ അനുഭവജ്ഞാനം കാലത്തിന്റെ വിടവിലൂടെ കൈമാരുന്നതിന്റെ പ്രതീകമായി അനുഭവപ്പെട്ടു ആ  സീൻ.

പ്രണയം വികാരങ്ങളുടെ വേലികയറ്റം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ കൂടിയാണ്. ആദിക്കും താരയ്ക്കും ഇടയിൽ ചപലമായ ശണ്ടകളും സൌന്ദര്യപിണക്കങ്ങളും ഉടലെടുക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ സ്നേഹം സഹനവും ത്യാഗവും ആവശ്യപ്പെടുന്നു എന്നും, അതിലൂടെ അത് കൂടുതൽ ദൃടതയും മനോഹാരിതയും കൈവരിക്കുന്നു എന്നും അവർ ക്രമേണ തിരിച്ചറിയുന്നു. ഒരു വ്യക്തിയെ സ്നേഹത്തിലൂടെ പൂർണമായി തിരിച്ചറിഞ്ഞു, പരസ്പരം താങ്ങും തണലുമായി ജീവിതകാലം മുഴുവൻ ചെലവഴിക്കുന്നതിൽ, കൂടുതൽ സുന്ദരവും ശാശ്വതവും ആയ ആനന്ദം ഉണ്ടെന്നു ചിത്രം സൂചിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങളും ആധുനിക കാഴ്ചപാടുകളും സംവിധായകൻ വിദഗ്ദമായി സമന്വയിപ്പിചിരിക്കുന്നു.

കൃത്യതയുള്ള തിരകഥയോ സുദ്രിടമായ കഥനരീതിയോ അവകാശപ്പെടാനില്ലെങ്കിലും, ആകെ മൊത്തത്തിൽ സുഖകരമായ ഒരു ആനന്ദത്തിന്റെ പ്രതീതി ചിത്രം ജനിപ്പിക്കുനുണ്ട്. 
പി . സി . ശ്രിരാമിന്റെ ഛായഗ്രഹനവും എ.ആർ. റഹ്മാന്റെ സംഗീതവും ഇതിനെ ഒരു പ്രണയകാവ്യമാക്കി മാറ്റുന്നു. കണ്ണുകൾക്ക്‌ ആനന്ദം പകരുന്ന സുന്ദരമായ ഫ്രെയ്മുകൾ അനവധിയുണ്ട് ചിത്രത്തിൽ. അഹമെദബാദിലെ പുരാതന ജമാ മസ്ജിദിൽ, ഇരുവരും കണ്ടുമുട്ടുന്ന രംഗങ്ങൾ, സുഫി പാരമ്പര്യത്തിലുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്, പ്രണയത്തിന്റെ ആത്മീയ ഭാവം നമ്മിൽ ഉളവാക്കുന്ന അതിനിര്മലമായ രംഗമാണ്.  അനാവശ്യമായ നാടകീയതയോ കൃത്രിമത്വം വെച്ച്കെട്ടിയ സംഭാഷനങ്ങലോ ഇല്ലാത്തതിനാൽ , വളരെ കുളിര്മയുള്ള ഒരു ചലച്ചിത്രഅനുഭവമാണ്. ഏതൊരു അസുരഹൃദയത്തെയും അലിയിക്കാൻ കെല്പ്പുള്ള ഈ ചിത്രം, മനസ്സില് പ്രണയം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാരും കാണേണ്ടതാണ്.

No comments:

Post a Comment