Friday, 31 July 2015

ഒടുവില്‍ പ്രതികാരം ജയിച്ചു; വധശിക്ഷയുടെ നൈതികതയെക്കുറിച്ച് ചില ചിന്തകള്‍

സുഭാഷ്‌ ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിൽ, തിരുവതാംകൂർ രാജ്യത്തു നിലവിലുണ്ടായിരുന്ന ക്രൂരമായ ഒരു വധശിക്ഷ സമ്പ്രദായത്തിന്റെ വിവരണമുണ്ട്. രാജ്യദ്രോഹ കുറ്റത്തിന് വിധിക്കപ്പെട്ട ഒരാളെ, 'ആൾക്കൂട്' എന്ന ഇരുമ്പ് കൂട്ടിനുള്ളിൽ പൂട്ടി, ഒരു മരത്തിനു മുകളിലേക്ക് കെട്ടിവലിച്ചു നിര്‍ത്തുന്നു. ശരീരം ഒന്നനക്കാൻ പോലും കഴിയാതെ, അയാൾ ദിവസങ്ങളോളം അവിടെ കിടക്കുന്നു. സൂര്യതാപത്തിൽ കരിഞ്ഞും, ഘോരമഴയിൽ അളിഞ്ഞും ആ ശരീരത്തിൽ നിന്നും ജീവൻ ഇറ്റിറ്റു പോകവേ, കഴുകന്മാർ അക്ഷമരായി അയാൾക്ക്‌ ചുറ്റും പറക്കുന്നു. അവശേഷിക്കുന്ന ദശയിൽ നിന്നും തങ്ങളുടെ വിഹിതം കൊത്തിപ്പറിക്കാൻ എത്തുന്ന കഴുകന്മാരെ ആട്ടി ഓടിക്കാൻ തന്റെ അർദ്ധപ്രാണൻ കൊണ്ട് അയാള്‍ ശ്രമിക്കുന്നു. ആകാശത്ത് നിന്ന് ഞാന്നു കിടക്കുന്ന മനുഷ്യശരീരം ദ്രവിക്കുന്നതിൽ നീതിയുടെ വിജയവും രാജധര്‍മ്മത്തിന്റെ നടപ്പാക്കലും കണ്ടുകൊണ്ടു പൊതുജനം സായൂജ്യമടയുകയും, മഹാരാജാവിനു സ്തുതിപാടുകയും ചെയ്യുന്നു. ബീഭൽസവും സ്തോഭജനകവുമായ ഈ വിവരണം, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരു അനുവാചകനും ഞെട്ടലോടെ അല്ലാതെ വായിക്കുവാൻ കഴിയില്ല.

കിരാതവും അസംസ്കൃതവും എന്ന് തോന്നിപ്പിക്കുന്ന പ്രസ്തുത സാഹചര്യത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നും നമ്മുടെ സമൂഹത്തില്‍ വന്നിട്ടില്ല. വധശിക്ഷയ്ക്കു വേണ്ടി സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്ന മുറവിളികളും, ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിൽ കൂടി മാത്രമേ നീതി നടപ്പിലാകൂ എന്ന് ശഠിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ഓര്‍മ്മിപ്പിക്കുന്നത് അത് തന്നെയാണ്. എല്ലാ സംസ്കാരങ്ങളിലും പുരാതന കാലം മുതലേ നിലവിൽ നിന്നിരുന്ന ഒരു ശിക്ഷാരീതിയാണ് വധശിക്ഷ എന്ന് ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു. സമൂഹമായി ജീവിക്കാൻ ആരംഭിച്ചപ്പോൾ, തന്റെ സ്വാഭാവിക പ്രേരണകളും ജൈവിക ചോദനകളും നിയന്ത്രിച്ചില്ലെങ്കിൽ, സമൂഹജീവിതത്തിന്റെ കെട്ടുറപ്പ് അവതാളത്തിലാകും എന്ന് മനുഷ്യനു വ്യക്തമായി. അങ്ങനെയാണ് ചട്ടങ്ങളും ക്രമങ്ങളും നിയമവ്യവസ്ഥയും, ക്രമേണ ഭരണസംവിധാനവും രാഷ്ട്രവുമെല്ലാം പരിണമിച്ചുണ്ടായത്. സമൂഹം പൊതുവായി അംഗീകരിച്ച് പാലിച്ചു വരുന്ന നിയമങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നവരുടെ ജീവനും സ്വാതന്ത്ര്യവും അപഹരിച്ച്‌, സമൂഹം എന്ന കൂട്ടായ്മയുടെ ശക്തി തെളിയിക്കുന്നതിനുള്ള പ്രവണതയാണ് ശിക്ഷാരീതികളിൽ അന്തർലീനമായിട്ടുള്ളത്. അതുപോലെ തന്നെ, മറ്റുള്ളവരിൽ വേദനയും പീഡയും ജനിപ്പിച്ച ഒരു കുറ്റവാളിയെ, അതേ അളവിൽ തന്നെ വേദനയും പീഡയും അനുഭവിപ്പിക്കുക എന്ന പ്രതികാര മാനോഭാവവും ശിക്ഷകളിൽ പ്രതിഫലിക്കുന്നു. അധര്‍മ്മിയെ ഉന്മൂലനം ചെയ്തു ധര്‍മ്മം പുനസ്ഥാപിക്കുക എന്ന വീക്ഷണം ആണ് നമ്മുടെ ധര്‍മ്മസങ്കല്പങ്ങളിൽ രൂഡമായി ഉറച്ചു നില്‍ക്കുന്നത്.

എന്നിരുന്നാലും, സമൂഹം പരിഷ്കൃതമാകുന്നതിനനുസരിച്ചു ശിക്ഷയെ പറ്റിയുള്ള കാഴ്ചപ്പാടുകളും മാറി തുടങ്ങി. കുറ്റത്തെ കുറ്റവാളിയിൽ നിന്ന് വേർതിരിച്ച് കാണുന്നതിനു പകരം കുറ്റത്തെയും കുറ്റവാളിയെയും കുറ്റം ചെയ്യാനിടയായ സാഹചര്യത്തെയും സമഗ്രമായി അവലോകനം ചെയ്യേണ്ടതാണെന്ന ചിന്താഗതി രൂപപ്പെട്ടു വന്നു. തത്ഫലമായി, വരുതിക്ക് നിര്‍ത്താനും പാഠം പഠിപ്പിക്കാനും ഉള്ള ഉപാധിയായി മാത്രം ശിക്ഷ ഒതുങ്ങരുതെന്നും, കുറ്റവാളിക്ക് തന്റെ അപരാധത്തെ കുറിച്ച് പശ്ചാത്തപിക്കാനും  സ്വയം നവീകരിക്കാനും അവസരമൊരുക്കുന്നത് ആകണമെന്നും എന്ന തരത്തിൽ ശിക്ഷയുടെ തത്ത്വശാസ്ത്രം വികസിച്ചു.  ഒരു കുറ്റം, അല്ലെങ്കിൽ കുറ്റവാസന, വ്യക്തിപരമായ തലത്തിൽ മാത്രം ഒതുങ്ങുന്ന മൂല്യച്യുതിയുടെ ഫലമല്ല. സമൂഹം പൊതുവിൽ ധാര്‍മ്മികതയോടും മൂല്യങ്ങളോടും പുലർത്തുന്ന കൂറിന്റെ പ്രതിഫലനമാണ് വ്യക്തിപരമായി ആവിർഭവിക്കുന്ന ഓരോ  കുറ്റകൃത്യത്തിനും പിന്നിൽ. ഒരു വ്യക്തി, തന്റെ സാംസ്കാരിക പരിസരങ്ങളിൽ നിന്നും സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും സ്വാംശീകരിച്ച് എടുക്കുന്ന മൂല്യങ്ങളും തത്വങ്ങളും ആണ് അയാളുടെ പ്രവൃത്തികൾക്കുള്ള പ്രേരണ. അതിനാൽ തന്നെ, ഒരു കുറ്റം സംഭവിക്കുമ്പോൾ അത് സമൂഹത്തിന്റെ ആകമാനത്തിലുള്ള ധാര്‍മ്മിക അധഃപതനത്തെയാണ് സൂചിപ്പിക്കുക. കൂടാതെ, ശാസ്ത്രത്തിനു ഇനിയും കൃത്യമായി നിർവചിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അനിയന്ത്രിതവും ദുർഗ്രഹവുമായ മനസ്സിന്റെ ജല്പനങ്ങളും സങ്കീർണതകളും ചിലപ്പൊൾ കുറ്റകൃത്യങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വധശിക്ഷ എന്ന കുറ്റവാളിയെ ഉന്മൂലനം ചെയ്യുന്ന സമ്പ്രദായം, സങ്കുചിതവും നീതിരഹിതവും ആയി അനുഭവപ്പെടുന്നു. കുറ്റം സംഭവിക്കുന്നതിനു പിന്നിലെ സൂക്ഷ്മവും സങ്കീർണവുമായ പല വസ്തുതകളെയും അവഗണിച്ചുകൊണ്ട്, അമിതമായ ലളിതവല്കരണത്തോടെ സംഭവിക്കുന്ന, അതിവൈകാരിക പ്രതികരണമായി പലപ്പോഴും ഈ 'പകരം വീട്ടൽ' സമ്പ്രദായം പരിണമിക്കുന്നു.


ഇതിന്റെ വെളിച്ചത്തിൽ  വധശിക്ഷ നൽകപ്പെട്ട ചില കേസുകളുടെ പശ്ചാത്തലം പരിശോധിച്ച് നോക്കാം. അപൂർവങ്ങളിൽ  അപൂർവങ്ങൾ ആയ, സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന, ഹീനവും മൃഗീയവുമായ കുറ്റങ്ങൾക്ക് മാത്രമേ വധശിക്ഷ നല്കാവൂ എന്നാണു സുപ്രീം കോടതി വിധി. കുറ്റവാളിയുടെ സാഹചര്യങ്ങളും, അയാളുടെ മാനസാന്തരത്തിനുള്ള സാധ്യതകളും പരിഗണിച്ചേ ഈ ശിക്ഷ കോടതികൾക്ക്  നല്കാനാകൂ. ഇത്തരം കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ച് നല്‍കപ്പെട്ട ചില വധശിക്ഷകളുടെ നൈതിക സാധുത പരിശോധിച്ച് നോക്കാം.

സമൂഹ മനസാക്ഷിയെ  ഞെട്ടിച്ച രണ്ടു സംഭവങ്ങളാണ് സൗമ്യ വധക്കേസും ഡൽഹി കൂട്ടബലാത്സംഗ കേസും. നൈമിഷികമായ കാമശമനത്തിനായി, രണ്ടു പെണ്‍കുട്ടികളുടെ ജീവൻ അപഹരിച്ചെടുത്ത ഈ നിഷ്ഠൂര കൃത്യത്തിൽ ഉള്‍പ്പെട്ടവർ കൊടിയ നരാധമന്മാർ തന്നെയാണ്. അതിനാൽ തന്നെ കോടതികൾ അവര്‍ക്ക് തൂക്കുകയർ വിധിക്കുകയും ചെയ്തു. ബീഭത്സവും മൃഗീയവും ആയ രീതിയിൽ ഒരു ജീവനെ പിച്ചിചീന്തിയ അവർ ഒരു തരത്തിലുള്ള ദയാ-ദാക്ഷണ്യത്തിനും അര്‍ഹരല്ല എന്ന പൊതുബോധത്തിലെ ചിന്തയാണ് കോടതികളും പ്രതിഫലിപ്പിച്ചത്. അവർ ചെയ്ത പാതകം ക്രൂരവും ഭീകരവും ആണെന്ന് നിസ്തർക്കമാണ്. എന്നിരുന്നാലും, ഈ കൃത്യത്തിൽ ഉള്‍പ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളും സാമൂഹ്യ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ, അവർക്ക് വിധിക്കപ്പെട്ട മരണശിക്ഷ ന്യായവും യുക്തവും ആനുപാതികവും ആണോ എന്ന വസ്തുത പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയും, അതുപോലെ ഡല്‍ഹി കേസിലെ ആറു പ്രതികളും സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുള്ളവരാണ്. ദാരിദ്ര്യവും അക്രമവും കൊടികുത്തി വാഴുന്ന, വിദ്യാരാഹിത്യത്തിന്റെ അന്ധകാരം ഘനീഭവിച്ചു നില്കുന്ന സമൂഹത്തിലെ തമോഗർത്തങ്ങളുടെ സന്തതികൾ. വ്യക്തമായ മൂല്യശിക്ഷണമോ, കുടുംബത്തിന്റെ പരിരക്ഷയോ ഇല്ലാതെ വളര്‍ന്ന് വരികയും, സുസ്ഥിരതയും സമാധാനവും ഇല്ലാത്ത അധോതലങ്ങളിൽ ജീവിക്കുകയും, അതിജീവനത്തിനായി സമൂഹത്തിന്റെ പരുക്കൻ തലങ്ങളിൽ വ്യാപരിക്കുകയും ചെയ്യുന്ന ഇത്തരക്കാരിൽ, അധമവാസനകൾ രൂപപ്പെട്ടു വരുന്നത് സ്വാഭാവികം. സഹജീവികളോട് ആദരം, ദയ, പരിഗണന മുതലായ മൃദുല വികാരങ്ങൾ ഇവരിൽ കുറവായിരിക്കും. കൂടാതെ, കാമം ക്രോധം മുതലായ തീവ്ര വികാരങ്ങൾ നിയന്ത്രിക്കാനും സംയമനം പാലിക്കാനും മാത്രം സംസ്കരിക്കപ്പെട്ടത് ആയിരിക്കില്ല അവരുടെ മനസ്ഥിതി. വരും വരായ്കകളെ പറ്റി ചിന്തിക്കാതെ, അന്നേരത്തെ സ്വാഭാവിക പ്രേരണകളുടെ നിറവിനായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും അവരുടെ സ്വഭാവരീതി.  ഇവർ ചെയ്ത കുറ്റ കൃത്യത്തെ ലഘൂകരിച്ചു കാണുകയല്ല. പക്ഷെ, ഇത്തരം കുറ്റങ്ങളുടെ മൂലകാരണം തേടി ആഴത്തിൽ ഖനിച്ച് ഇറങ്ങുമ്പോൾ, അവിടെ നമ്മുടെ സമൂഹവ്യവസ്ഥിതിയുടെ പങ്കും കാണാൻ കഴിയും. സമത്വവും സ്വാതന്ത്ര്യവും സമഗ്ര പുരോഗതിയും ഉറപ്പു വരുത്തുന്നതിൽ ഒരു സമൂഹം, അല്ലെങ്കിൽ രാഷ്ട്രം, എന്ന നിലയിൽ നമുക്ക് സംഭവിക്കുന്ന പരാജയങ്ങളും അപചയങ്ങളും ആണ് ഇത്തരം അധമമനസ്സുകളെ വാർത്തെടുക്കുന്നതിൽ അടിസ്ഥാനപരമായ പങ്കു വഹിക്കുന്നത്. ഒരു പക്ഷെ, മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളും, കുടുംബപശ്ചാത്തലവും, മൂല്യശിക്ഷണവും, ഉപജീവനത്തിനുള്ള സുസ്ഥിരമാര്‍ഗ്ഗങ്ങളും ഒക്കെ ഉള്ള ജീവിതാവസ്ഥകളിൽ ആയിരുന്നു അവരെങ്കിൽ, ചിലപ്പോൾ ഇത്ര നീചമായ കുറ്റവാസന പ്രകടിപ്പിക്കുകയില്ലായിരുന്നേക്കാം. എന്നാൽ, ഇത്തരം സങ്കീര്‍ണ്ണമായ മൂലകാരണങ്ങളൊന്നും കാണാതെ, കുറ്റത്തിന്റെ ഭീകരതയ്ക്കും ബീഭൽസതയ്ക്കും മാത്രം അമിത പ്രാധാന്യം നല്കിക്കൊണ്ട് സംഭവിക്കുന്ന രക്തദാഹം ആണ് പലപ്പോഴും വധശിക്ഷയ്ക്കുള്ള മുറവിളികളിൽ കലാശിക്കുന്നത്. നിയന്ത്രണാതീതമായ പല സാഹചര്യങ്ങൾ മൂലം പ്രത്യേക രീതിയിൽ വാര്‍ത്തെടുക്കപ്പെട്ട ഇത്തരം കുറ്റവാളികൾക്ക്, മാനസാന്തരത്തിനുള്ള എല്ലാ പഴുതുകളും കൊട്ടിയടയ്ക്കുന്ന ഈ ശിക്ഷാ നടപടി, മുഖ്യധാര സമൂഹത്തിന്റെ പ്രതികാരമോഹത്തിന് നൈമിഷികമായ വൈകാരിക സംതൃപ്തി നല്കും എന്നല്ലാതെ, വേറെ ഒന്നും നേടുന്നില്ല. 


മുംബൈ തീവ്രവാദ കേസിൽ പിടിക്കപ്പെട്ട അജ്മൽ കസബിന്റെ പരിതസ്ഥിതികളും  വ്യതസ്തമല്ല. കസബിനെ ശിക്ഷിക്കുന്ന സുപ്രീം കോടതി വിധിയിൽ അയാളുടെ ജീവിതസാഹചര്യങ്ങൾ വിവരിക്കുന്നുണ്ട്. ദരിദ്രനും നിരക്ഷരനും തൊഴിൽരഹിതനുമായ അയാൾ, മൌലികവാദികളുടെ തീവ്ര ആശയങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു. തീവ്രമായ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയനായി, ഭാരതീയരെ കൊന്നൊടുക്കിയാൽ പുണ്യസ്വര്‍ഗ്ഗം ലഭിക്കും എന്ന വികലമായ ആശയങ്ങൾ തലയിൽ കുത്തിനിറയ്ക്കപ്പെട്ടാണ് അയാള് തീവ്രവാദ പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിച്ചത്. നിരപരാധികളെ യാതൊരു പ്രകോപനവുമില്ലാതെ കൊന്നൊടുക്കിയ അയാളുടെ പ്രവൃത്തികൾ കഠിനമായ ശിക്ഷയ്ക്ക് അർഹിക്കുന്നുണ്ട് എന്നത് ശരി തന്നെ.എന്നിരുന്നാലും, അഞ്ജതയ്ക്കും, അക്രമം പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിനും അടിമയായ ഒരാളെ, അയാൾ ചെയ്ത പാതകം എത്ര അക്ഷന്തവ്യം ആണെങ്കിലും, തൂക്കിലേറ്റുന്നതുകൊണ്ട് എന്ത് നീതിയാണ് നടപ്പിലാകുക? ഭീകരവാദിയായ കസബിനോട് സഹതാപം കാണിക്കുകയല്ല. വികലമായ ഒരു പ്രത്യയശാസ്ത്രത്തിലെ വിശ്വാസം മൂലം വഴിതെറ്റി പോയ ഒരുവന് ആത്മശോധന ചെയ്യുന്നതിനും, അത് വഴി പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനും  നിഷേധിക്കുന്നത് പൂര്‍ണ്ണമായും നീതിയുക്തമാണോ? സമൂഹത്തിന്റെ ക്രമസമാധാനത്തിന് ക്ഷതമേല്പിക്കുകയും, നിരപരാധികളെ കൊന്നൊടുക്കി ഭീകരത സൃഷ്ടിക്കുകയും ചെയ്ത ഒരുവനെ പകരം വധിക്കുമ്പോൾ സമൂഹത്തിനു ഒരു വൈകാരിക സംതൃപ്തിയും വികാരവിരേചനവും ലഭിക്കും. പക്ഷെ, ഒരു ജീവൻ അപഹരിക്കുന്നത് വഴി ലഭിക്കുന്ന സംതൃപ്ത ഭാവത്തെ നീതിയായി കണക്കാക്കാൻ ഒരു പരിഷ്കൃത സമൂഹത്തിനു എങ്ങനെ സാധിക്കും?

വിശാലാർത്ഥത്തിൽ ശിക്ഷ നീതിപൂർവകം ആകണമെങ്കിൽ, അത് കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിന്റെ രോഷവും അവജ്ഞയും നടുക്കവും രേഖപ്പെടുത്തുകയും, കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം തടയുന്നതിനായി ഭരണവ്യവസ്ഥിതിയോട് ആനുപാതികമായ ഭയവും ബഹുമാനവും ജനിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ,കുറ്റവാളിക്ക് സ്വയം നവീകരിക്കാനും ഒരു ഉത്തമ പൗരനായി സമൂഹത്തിലേക്കു തിരികെ വരാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും വേണം. ഇങ്ങനെയുള്ള ഉദ്യമങ്ങളുടെയെല്ലാം സമീക്രതമായ സന്തുലനം ന്യായവും യുക്തവുമായ ശിക്ഷാരീതികളിൽ പ്രതിഫലിക്കണം. പകരം വീട്ടലിനുള്ള ഉപകരണമായി മാത്രമാണ് ശിക്ഷയെ കാണുന്നതെങ്കിൽ, പ്രാകൃതമായ ഗോത്ര മനസ്ഥിതിയിൽ നിന്ന് വലിയ പരിണാമം ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല എന്നായിരിക്കും അത് സൂചിപ്പിക്കുക.

വധശിക്ഷ നല്കുന്നതിന് പല കർശനമായ നിഷ്കര്‍ഷകളും സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും, എല്ലാ കേസുകളിലും ഒരു പോലെ അത് പാലിക്കപ്പെടുന്നില്ല . 'അപൂര്‍വങ്ങളിൽ അപൂർവ്വം' 'സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്' മുതലായ കൃത്യമായ നിർവചനങ്ങൾ ഇല്ലാത്ത, തികച്ചും വ്യക്തിനിഷ്ഠമായ പല ഘടകങ്ങളിലാണ് ഒരാളുടെ ജീവൻ ഞാന്നു കിടക്കുന്നത്. മാത്രമല്ല, പ്രമാദമായ പല കേസുകളിലും, മാധ്യമചര്‍ച്ചകളുടെ കലപിലകളും രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളും മറ്റും കോടതി മുറികളിലേക്കും ഊർന്നു ഇറങ്ങാറുണ്ട്‌. അതിനാൽ തന്നെ, വധശിക്ഷയെ സംബന്ധിച്ച കോടതി തീരുമാനങ്ങൾ, എല്ലാ കേസുകളിലും പൂര്‍ണ്ണമായി വസ്തുനിഷ്ഠമായിരിക്കും എന്ന് പറയാനാകില്ല. കൊടും കുറ്റവാളിയുടെ രക്തത്തിന്  വേണ്ടി സമൂഹം കൂട്ടമായി നടത്തുന്ന മുറവിളി, ന്യായാധിപനെ സ്വാധീനിക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്. മാത്രമല്ല, നമ്മുടെ അന്വേഷണ സംവിധാനവും നീതി ന്യായ വ്യവസ്ഥിതിയും പൂർണമായി കുറ്റവിമുക്തമല്ല. അന്വേഷണത്തിന്റെയും, തെളിവെടുപ്പിന്റെയും, വിചാരണയുടെയും, വിധിനിർണയത്തിന്റെയും തലങ്ങളിൽ എല്ലാം മനുഷ്യസഹജമായ തെറ്റുകൾ സംഭവിക്കാം. ഇന്ത്യയിലെ പരമോന്നത നീതി പീഠം 2012ൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. "Sangeeth vs. State of Haryana"((2013) 2 SCC 452) എന്ന കേസിൽ, ഏകദേശം പതിമൂന്നോളം കേസുകളിൽ സുപ്രീം കോടതി നല്കിയ വധശിക്ഷ തെറ്റായിരുന്നു എന്ന് നിരീക്ഷിക്കുകയുണ്ടായി. സമാനമായ നിരീക്ഷണം "സ്വാമി ശ്രദ്ധാനന്ദ"(Swamy Shradhaananda Vs. State of Karnantaka) കേസിലും നടത്തി. 1996 ൽ Ravji  vs. State of Rajasthan ( (1996) 2 SCC 175) കേസിൽ, കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവവും മാത്രം പരിഗണിച്ചാണ് വധശിക്ഷ നല്കിയത്. കുറ്റവാളിയുടെ സാഹചര്യങ്ങളും വധശിക്ഷ നൽകുമ്പോൾ കണക്കിലെടുക്കണം എന്ന മുന്‍കാല വിധികളിൽ നിന്ന് വ്യതിചലിച്ചാണ് "രവ്ജി" കേസ് തീര്‍പ്പാക്കിയത്. "രവ്ജി" വിധി പിന്തുടർന്ന് ഏകദേശം പതിമൂന്നു കേസുകളിൽ കോടതി തെറ്റായി വധശിക്ഷ നല്കുകയുണ്ടായി. അത്തരം വിധികൾ അസാധുവാണ് എന്ന് 2012ൽ കോടതി നിരീക്ഷിച്ചു. തുടർന്ന്, ധാരാളം നിയമജ്ഞരും ജഡ്ജിമാരും അത്തരം കേസുകളിലെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് അഭ്യർഥിച്ചു രാഷ്ട്രപതിക്ക് നിവേദനം നല്കുകയുണ്ടായി. നിയമവ്യാഖനങ്ങളുടെ ചൂതുകളിയിൽ മനുഷ്യജീവനുകൾ വലിച്ചിഴയ്ക്കപ്പെടുന്നത് എത്ര ദാരുണം ആണ്!

കുറ്റവാളിയിൽ നിന്ന് ഒരു ഉത്തമ മനുഷ്യനെ വീണ്ടെടുക്കുവാൻ ഉള്ള പരിശ്രമങ്ങൾ കൂടിയായി നമ്മുടെ ശിക്ഷാ രീതികൾ മാറേണ്ടതുണ്ട്. അത്തരം പരിഷ്കൃതവും ഉദാത്തവുമായ സാമൂഹ്യാവസ്ഥയിൽ വധശിക്ഷ തികച്ചും അപ്രസക്തമാകും. "ആരും കുറ്റവാളിയായി ജനിക്കുന്നില്ല; സാഹചര്യങ്ങൾ ആണ് ഒരുവനെ കുറ്റവാളി ആക്കുന്നത്" എന്നത് പറഞ്ഞും കെട്ടും തഴമ്പിച്ച ഒരു ക്ലിഷേ ആണ്. ആത്മശോധനയിലൂടെയും മൂല്യശിക്ഷണത്തിലൂടെയും കുറ്റവാസനകൾ സംസ്കരിച്ചു, ഒരുവനെ സാധാരണജീവിതത്തിലേക്ക് തിരികെ വരാൻ പ്രാപ്തമാക്കുന്ന ഇടങ്ങളായി നമ്മുടെ തടവറകളും പുരോഗമിക്കണം. അത്തരം തടവറകളിൽ തൂക്കു കയറിനും ആരാച്ചാരിനും സ്ഥാനമുണ്ടാകില്ല. ഒരു കൊലപാതകിയുടെ ജീവൻ അപഹരിക്കുന്നതിൽ സായൂജ്യം കാണുന്ന ഒരു സമൂഹം, മൃതശരീരത്തിന് ചുറ്റും പറക്കുന്ന കഴുകകൂട്ടത്തിനു സമമാണ്. അതിൽ നിന്നും, ഒരു കൊലപാതകി, മൂല്യബോധവും വിവേചനബുദ്ധിയും ഉള്ള ഒരു നല്ല വ്യക്തിയായി തിരിച്ചു വരുന്നതിൽ സായൂജ്യം കാണുന്ന സമൂഹം ആയി നമ്മളും പരിണമിക്കേണ്ടിയിരിക്കുന്നു.

വാൽകഷ്ണം : 
ഡിസംബർ 12, 1849, റഷ്യ 
രാജ്യദ്രോഹകുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു ചെറുപ്പക്കാരൻ, റഷ്യയിലെ സര്‍ ചക്രവര്‍ത്തിയുടെ ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക്‌ നടത്തപ്പെടുന്നു. വെടിയുതിർക്കാൻ തോക്കുകൾ തയ്യാറെടുക്കുന്നു. കാഞ്ചികൾ വലിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, ചക്രവര്‍ത്തിയുടെ ദൂതൻ ഒരു സന്ദേശവുമായി എത്തിച്ചേരുന്നു. അയാളുടെ വധശിക്ഷ പിന്‍വലിച്ചു കൊണ്ട് അവസാന നിമിഷത്തിൽ ഇറങ്ങിയ ഉത്തരവായിരുന്നു അത്. അങ്ങനെ, അവസാന നിമിഷത്തിൽ ശിക്ഷയിൽ നിന്ന് മോചിതനായ ആ യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. അദ്ദേഹം ആണ്, പിന്നീടു ലോകസാഹിത്യത്തെ തന്നെ വിപ്ലവാത്മകമായി മാറ്റി മറിച്ച, മഹാനായ സാഹിത്യകാരൻ ഫ്യൊദൊർ ദസ്തയേവ്സ്കി (Fyodor Dostoevsky).(Published in 'Azhimukham' online news portal on 30.07.2015http://www.azhimukham.com/news/6432/yakub-memon-hanged-capital-punishment-should-be-debated-manu-sebastian)

ഞാൻ സ്റ്റീവ് ലോപസ്




ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രം കണ്ടു. ‘അന്നയും റസൂലും’ എന്ന ആദ്യ ചിത്രത്തിന് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രം. മെല്ലെ ഒഴുകുന്ന കഥന രീതി;നേർ ജീവിതത്തിൽ നിന്ന് പറിച്ചു നട്ടത് പോലെയുള്ള കഥാപാത്രങ്ങൾ; സൂക്ഷ്മമായ ഭാവങ്ങളിലും വിശധാംശങ്ങളിലും ഉള്ള ശ്രദ്ധ; നല്ല പശ്ചാത്തല സംഗീതം;മികവുറ്റ ചായാഗ്രഹണം- ആദ്യ ചിത്രത്തിലെ ഈ സമീപനം ഇതിലും കാണാം. പൈങ്കിളി പ്രേമവും കോളേജിലെ നേരമ്പോക്കും ഒക്കെയായി കറങ്ങി നടക്കുന്ന ഒരു പയ്യൻ ചില പ്രത്യേക സാഹചര്യങ്ങൾ നിമിത്തം സമൂഹത്തിലെ അധോതലങ്ങളുമായി ഇടപെടേണ്ടി വരുന്നതാണ് ഇതിവൃത്തം. മൃദുല തരളിത ജീവിതം മാത്രം ശീലിച്ച അവൻ പരുക്കൻ വശങ്ങൾ കാണുമ്പോൾ പകച്ചു പോകുന്നു. മുതിർന്ന ലോകത്തിന്റെ വികൃത രീതികൾ അവനു അഗ്രാഹ്യമാണ്‌


ശാന്തവും സ്വചന്ദവുമാനു കഥന രീതി. എന്നാൽ ഇടയ്ക്കു അപ്രതീക്ഷിതമായി ദ്രുത ഗതിയിൽ രുദ്ര ഭാവം കൈവരിച്ചു ഞെട്ടിക്കുന്നുണ്ട് ചിത്രം. അങ്ങനെ സൂക്ഷ്മമായി വരുന്ന ഭാവ താള ഭേദങ്ങൾ ആണ്  ഇതിനെ ആസ്വാദ്യകരം ആക്കുന്നത്. അതിശയോക്തിക്കു ബദലായ അതി സ്വാഭാവികതയാണ്‌ ഇതിന്റെ മുഖമുദ്ര. നേർ ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത നിമിഷങ്ങൾ  ധാരാളം.

ആദ്യം കണ്ടപ്പോൾ ഈ ചിത്രം അത്ര പിടിച്ചില്ല. എന്നാൽ പുനർകാഴ്ചയിൽ ചില പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനായി. ഈ ചിത്രത്തിൽ ചില ഈടിപൽ (oedipal) അന്തർധാരകൾ ഉണ്ടെന്നു തോന്നി. ശാന്തനും സരളനും ആയ സ്റ്റീവ് മാതൃ സാമീപ്യം  സദാ കാംക്ഷിക്കുന്നവനാണ്. എല്ലാ സ്ത്രീയിലും ഒരു മാതൃ ഭാവം കണ്ടെത്തി അതിൽ സായൂജ്യം  തേടുന്ന ഒരു ബാല മനസ്സാണ് സ്റ്റീവിനുല്ലതു. ഇതൊരു തരാം ഫ്രോയ്ടിയൻ(Freudian) വിശകലനം ആണ് കേട്ടോ. അവന്റെ കാമുകി ഒരു മാതൃ സ്ഥാനത് നിന്ന് കൊണ്ട് അവനെ സദാ ശകാരിക്കുന്നുണ്ട്. അനുസരണയുള്ള ബാലനെ പോലെ അവനു അത്  ഉള്കൊളുന്നുണ്ട് . അത് പോലെ അയല്കാരിയെ ഒളിഞ്ഞു നോക്കുന്നതിനുള്ള പ്രേരണയും ഇത് പോലെ ഒരു ബാല മനസ്സിലേക്കുള്ള മടങ്ങി പോകുന്നതിനുള്ള ഒരു ത്വരയാണ്. ഉറക്കത്തിനും ഉണർവിനുമിടയിലെ അവന്റെ ലോല നിമിഷങ്ങള ഇടയ്ക്ക് ശോഭിതമാക്കുന്നത് അവരുടെ മാറിടത്തെ കുറിച്ചുള്ള സ്മരണകൾ ആണ്. ഭയാനകമായ ഒരു ദുരന്തം നേരിട്ടതിനു ശേഷം മനസ്സ് അരക്ഷിതമായപ്പോഴാണ്  സ്റ്റീവ് അത്തരം കാമനകളിൽ മുഴുകുന്നത് എന്നതും പ്രസക്തം. കരയുന്ന ശിശു അമ്മയുടെ മാറിൽ സുരക്ഷിതത്വം തേടുന്നത് പോലെ. അത് പോലെ അപകടം നിറഞ്ഞ ഒരു സത്യാന്വേഷനതിലേക്ക് അവനെ നയിക്കുന്നതും മറ്റൊരു സ്ത്രീയെ സമാശ്വസിപ്പിക്കാനുള്ള ചിന്തയാണ്. ഒരു ഘട്ടത്തിൽ അവര്ക്കും തന്റെ അമ്മയ്ക്കും ഉണ്ടായേക്കാവുന്ന ആശങ്ക തുലനം ചെയ്തു അവൻ തന്റെ സാഹസത്തിനു ന്യായീകരണം കണ്ടെത്തുന്നുണ്ട്. തന്റെ കാമുകിയുടെ നാമധാരിയായ, അയലത്തെ സുന്ദരിയെ പോലെ തന്നെ മറവിൽ നിന്നും മാത്രം കണ്ടിട്ടുള്ള ആ സ്ത്രീയുടെ മനോവ്യഥ ശമിപ്പിക്കുക എന്നത് തന്റെ ദൌത്യം ആയി കാണാൻ സ്റ്റീവിനെ പ്രേരിപ്പിച്ചത് ഇത്തരം ഈടിപൽ ചോദനകൾ അല്ലെ. അത് തന്നെ അപായപ്പെടുത്താൻ ശ്രമിച്ച ഗുണ്ടയുടെ ഭാര്യ ആണെങ്കിൽ കൂടി. 

തന്റെ പിതാവിനോടും പിതാവ് പ്രതിനിധാനം ചെയ്യുന്ന ചിന്തകളോടും ഉള്ള ഒരു കലഹം കൂടിയാണ് സ്റ്റീവിന്റെ സത്യാന്വേഷണം. പിതാവിനെ ബഹുമാനിക്കുന്നവാൻ തന്റെ പാപങ്ങൾക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു എന്ന പഴയ നിയമ പ്രഭാഷകന്റെ വാക്കുകള അനുസരിച്ച് അവൻ പിതാവിന്റെ വഴിക്ക് വരാൻ ശ്രമിക്കുന്നുട്. എങ്കിലും തന്റെ പിതാവ് അത്ര മാത്രം മൂല്യ ശോഷണം വന്ന ഒരു വ്യക്തിയാണെന്ന് അറിയുമ്പോൾ അവനു ധികാരം ചെയ്യേണ്ടി വരുന്നു.

എന്നും സ്ത്രീയുടെ സുരക്ഷിത കൈകൾക്കുള്ളിൽ അണയാൻ ആശിച്ചു അവൻ . എന്നാൽ ആ സുരക്ഷിത വലയത്തിനു  വെളിയിലേക്കു സാഹചര്യങ്ങൾ നിമിത്തം അവനു ഇറങ്ങേണ്ടി വന്നു. സമൂഹത്തിന്റെ പുറമ്പോക്കിൽ വ്യാപരിക്കുന്ന, ചോര മണക്കുന്ന കിരാതന്മാരെ അവൻ വിധിക്കുന്നില്ല. ഇരയോടും വേട്ടക്കാരനോടും ഒരേ തരം  സഹിഷ്ണ മനോഭാവമാണ് അവൻ പുലര്ത്തുന്നത്. മാതൃ സഹജമായ സഹിഷ്ണുത. തന്റെ ദൌത്യം പൂർത്തിയാക്കുമ്പോൾ കിട്ടുന്ന നിർവൃതിയിൽ സ്റ്റീവ് ആഗ്രഹിക്കുന്നത് തന്റെ പ്രണയിനിയുടെ കൈകളിലേക്ക് മടങ്ങാനാണ്. എന്നാൽ തന്റെ പിതാവ് പ്രതിനിധാനം ചെയ്യുന്ന അക്രമത്തിന്റെയും ദുരയുടെയും ലോകത്തിൽ നിന്നുള്ളവർ അവനു പ്രതിബന്ദങ്ങൾ ഒരുക്കുന്നു. അങ്ങനെ പിതാവിന്റെ രൌദ്ര ക്രൂര ലോകത്തിനു നേരെയുള്ള ഒരു പരാജയപ്പെട്ട യുദ്ധം നയിച്ച ദുരന്ത നായകന് ആണ് സ്റ്റീവ്. 

‘ഓ കാതൽ കണ്മണി’- സുന്ദര പ്രണയ കാവ്യം

Two people in love, alone, isolated from the world, that's very beautiful”- Milan Kundera





അതെ , പ്രണയബദ്ധരായി ലോകത്തെയും കാലത്തെയും മറന്ന്, തന്റെ കമിതാവിൽ സർവ പ്രപഞ്ചവും ദർശിച്ചു, ഒരുമിച്ചു നില്ക്കുന്ന പ്രണയജോടി- അതൊരു സുന്ദരമായ കാഴ്ചയാണ്.ആദിയും( ദുൽഖർ സല്മാൻ) താരയും(നിത്യ മേനോണ്‍) അങ്ങനെയുള്ള ഒരു പ്രണയജോടിയാണ്. ലോകം ആദിയുടെയും താരയുടെയും പ്രണയത്തിലേക്ക് ചുരുങ്ങുന്ന സുന്ദരകാഴ്ചയാണ് " ഓ കാതൽ കണ്മണി" എന്ന മണിരത്നം ചിത്രം പ്രദാനം ചെയ്യുന്നത്. മുംബൈ CST സ്റെഷനിൽ   വെച്ച്, ചീറിപായുന്ന ട്രെയിൻ ബോഗിഗളുടെ വിടവിലൂടെ, ട്രാക്കിന് ഇരുവശവും  നിന്ന് കൊണ്ട്, ആദ്യമായി പരസ്പരം കാണുന്ന നിമിഷം തന്നെ അവർ ആകര്ഷിതരാകുന്നു. ആകസ്മികതകളിലൂടെ അവരുടെ ഇഷ്ടം വളരുന്നു. ഹൃദയനൈർമല്യവുഉം ഉദ്ധേശശുദ്ധിയും ഉള്ളവരുടെ സ്വപ്നസാക്ഷാത്കാരം ആകസ്മിക അനുഗ്രഹങ്ങളിലൂടെ സംഭവിക്കും എന്നാണല്ലോ. പ്രണയത്തിന്റെ സൗകുമാര്യവും ആമോദവും മുഴുവനായി ആവാഹിച്ചു എടുത്തു നിസ്സീമമായ ആകാശത്തിലേക്ക് സ്വതന്ത്രരായി ചിറകടിച്ചു പറക്കുന്ന ഇണപ്രാവുകളെ പോലെ, ബുള്ളെറ്റ് ബൈക്കിൽ കുതിച്ചു പായുന്ന അവരുടെ പ്രണയാഘോഷം "മെന്റൽ മധിലോ " എന്ന ഗാനത്തിലൂടെ വ്യക്തമാകുന്നു.

എന്താണ് പ്രണയത്തിന്റെ നിർവചനം എന്നത് ചിന്തകരെയും സാഹിത്യകാരന്മാരെയും കുഴച്ചിട്ടുള്ള ചോദ്യമാണ്. ജൈവികമായി നോക്കുകയാണെങ്കിൽ അടിസ്ഥാനപരമായി പ്രണയം ഹോർമോണുകളുടെ ഒരു തള്ളികയറ്റം ആണ്. അത് മസ്തിഷ്കത്തിൽ ആനന്ദത്തിന്റെ അനേകായിരം അഗ്നിപർവതങ്ങൾ പൊട്ടിക്കുന്നു.  കുടുംബത്തിന്റെ ചുമതലാബോധം അതിനെ വിരസമാക്കും എന്നൊരു ചിന്താഗതിയുണ്ട്. ആദിയും താരയും ആ
ചിന്താഗതിക്കാരാണ്. വ്യക്തമായ ലക്ഷ്യങ്ങളും,വര്ണശഭലമായസ്വപ്നങ്ങളും, സ്വാതന്ത്ര്യബോധവുമുള്ള പുതു തലമുറയുടെ പ്രതിനിധികളായ അവർ, വിവാഹത്തിന്റെ ഔപചാരികതകളും ബാധ്യതകളും, കുട്ടികളെ വളര്ത്തുന്നമുഷിപ്പും ഒന്നും വേണ്ട എന്ന് തീരുമാനിക്കുന്നു. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അവർ,  അത് വരെ, കടപ്പാടുകളുടെ ചിന്തയില്ലാതെ, പ്രണയത്തിന്റെയും യൗവനതിന്റെയും നിറവിൽ പൂർണമായി മുഴുകുന്നു.

ഇതിനു സമാന്തരമായി വൃദ്ധദമ്പതികളായ ഗണപതിയെയും(പ്രകാശ്‌ രാജ്) ഭവാനിയെയും( ലീല സാംസണ്‍) അവതരിപ്പുക്കുന്നു. ആദിയുടെയും താരയുടെയും ബന്ധത്തിൽ നിന്ന് വ്യതസ്തമായി, പക്വവും ദൃടവുമായ ബന്ധമാണ് അവരുടേത്. അൽഷിമെർസ്( alzhiemers) രോഗബാധ ആരംഭിച്ചിരിക്കുന്ന ഭവാനിയെ ഗണപതി കാര്യമായി പരിപാലിക്കുന്നു. ശാരീരിക ആകര്ഷനതെക്കാൾ ഉപരിയായി മാനസികഐക്യം സംജാതമായിരിക്കുന്ന അവരുടെ ബന്ധത്തിന്റെ ആഴം, ആദിയെയും താരയെയും ആശ്ച്ചര്യപെടുതുന്നു . തന്മൂലം, അവരുടെ കാഴ്ചപാടുകളിൽ ഉണ്ടാകുന്ന പരിണാമത്തിന്റെ വിവരണത്തിലൂടെ ചിത്രം വികസിക്കുന്നു.
 രോഗത്താൽ വലയുന്ന ഭവാനിയെ സമാശ്വസിപ്പിക്കുന്ന ഗണപതിയെ വാതിൽ പാളിയുടെ വിടവിലൂടെ നോക്കി കാണുമ്പോൾ, ആദിയുടെയും താരയുടെയും മനസ്സില് തിരയിളക്കം ഉണ്ടാകുന്നു.  തലമുറകൾ തമ്മിൽ അനുഭവജ്ഞാനം കാലത്തിന്റെ വിടവിലൂടെ കൈമാരുന്നതിന്റെ പ്രതീകമായി അനുഭവപ്പെട്ടു ആ  സീൻ.

പ്രണയം വികാരങ്ങളുടെ വേലികയറ്റം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ കൂടിയാണ്. ആദിക്കും താരയ്ക്കും ഇടയിൽ ചപലമായ ശണ്ടകളും സൌന്ദര്യപിണക്കങ്ങളും ഉടലെടുക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ സ്നേഹം സഹനവും ത്യാഗവും ആവശ്യപ്പെടുന്നു എന്നും, അതിലൂടെ അത് കൂടുതൽ ദൃടതയും മനോഹാരിതയും കൈവരിക്കുന്നു എന്നും അവർ ക്രമേണ തിരിച്ചറിയുന്നു. ഒരു വ്യക്തിയെ സ്നേഹത്തിലൂടെ പൂർണമായി തിരിച്ചറിഞ്ഞു, പരസ്പരം താങ്ങും തണലുമായി ജീവിതകാലം മുഴുവൻ ചെലവഴിക്കുന്നതിൽ, കൂടുതൽ സുന്ദരവും ശാശ്വതവും ആയ ആനന്ദം ഉണ്ടെന്നു ചിത്രം സൂചിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങളും ആധുനിക കാഴ്ചപാടുകളും സംവിധായകൻ വിദഗ്ദമായി സമന്വയിപ്പിചിരിക്കുന്നു.

കൃത്യതയുള്ള തിരകഥയോ സുദ്രിടമായ കഥനരീതിയോ അവകാശപ്പെടാനില്ലെങ്കിലും, ആകെ മൊത്തത്തിൽ സുഖകരമായ ഒരു ആനന്ദത്തിന്റെ പ്രതീതി ചിത്രം ജനിപ്പിക്കുനുണ്ട്. 
പി . സി . ശ്രിരാമിന്റെ ഛായഗ്രഹനവും എ.ആർ. റഹ്മാന്റെ സംഗീതവും ഇതിനെ ഒരു പ്രണയകാവ്യമാക്കി മാറ്റുന്നു. കണ്ണുകൾക്ക്‌ ആനന്ദം പകരുന്ന സുന്ദരമായ ഫ്രെയ്മുകൾ അനവധിയുണ്ട് ചിത്രത്തിൽ. അഹമെദബാദിലെ പുരാതന ജമാ മസ്ജിദിൽ, ഇരുവരും കണ്ടുമുട്ടുന്ന രംഗങ്ങൾ, സുഫി പാരമ്പര്യത്തിലുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്, പ്രണയത്തിന്റെ ആത്മീയ ഭാവം നമ്മിൽ ഉളവാക്കുന്ന അതിനിര്മലമായ രംഗമാണ്.  അനാവശ്യമായ നാടകീയതയോ കൃത്രിമത്വം വെച്ച്കെട്ടിയ സംഭാഷനങ്ങലോ ഇല്ലാത്തതിനാൽ , വളരെ കുളിര്മയുള്ള ഒരു ചലച്ചിത്രഅനുഭവമാണ്. ഏതൊരു അസുരഹൃദയത്തെയും അലിയിക്കാൻ കെല്പ്പുള്ള ഈ ചിത്രം, മനസ്സില് പ്രണയം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാരും കാണേണ്ടതാണ്.

‘കോര്‍ട്ട്’ : നിയമം അഭ്രപാളിയില്‍ കഴുതയാകുമ്പോള്‍

ഈ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ‘കോര്‍ട്ട്’ എന്ന മറാത്തി സിനിമ, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ശ്രീ. ചൈതന്യ തമാനെ സംവിധാനം ചെയ്ത ഈ ചിത്രം, ഏപ്രില്‍ പതിനേഴിന് തിയറ്ററുകളില്‍ എത്തി. ധാരാളം ചര്‍ച്ചയും വിചിന്തനവും ആവശ്യപ്പെടുന്ന ഒരു ചിത്രമാണിത് .
ഫ്രാന്‍സ് കാഫ്കയുടെ ‘വിചാരണ’(The Trial) എന്ന വിശ്വപ്രസിദ്ധ കൃതിയില്‍, എന്താണ് താന്‍ ചെയ്ത കുറ്റം എന്ന അറിവ് പോലും ലഭിക്കാതെ, അനന്തവും അസംബന്ധവുമായ വിചാരണ നേരിടേണ്ടി വരുന്ന ‘ജോസഫ് .കെ ‘ എന്ന കഥാപാത്രത്തിന്റെ ദുരവസ്ഥ വരച്ചു കാട്ടുന്നുണ്ട്. ജീവിതത്തിന്റെ ക്രമരഹിതവും അര്‍ത്ഥരഹിതവും അസംബന്ധജടിലവുമായ ഗതിവിഗതികളെ സൂചിപ്പിക്കുന്ന ‘Kafkaesque’ എന്ന പദപ്രയോഗത്തിന് ഈ കൃതി ജന്മം നല്കിയിട്ടുണ്ട്. ‘Kafkaesque’ എന്ന പദപ്രയോഗത്തിന് വളരെ അനുയോജ്യമാണ് ഈ സിനിമയുടെ ഇതിവൃത്തം
ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനും, കവിയും ഗായകനുമായ നാരായണ്‍ കാംബ്ലെ എന്ന വൃദ്ധന്‍, ആത്മഹത്യ പ്രേരണ കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് ഇതിവൃത്തം. മുംബൈ നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന വികാസ് പവാര്‍ എന്ന ഒരു ചേരി നിവാസി, നാരായണ്‍ കാംബ്ലെ അവതരിപ്പിച്ച ഒരു നാടോടി ഗാനത്താല്‍ പ്രേരിതനായി, ഭൂഗര്‍ഭ അഴുക്കുചാലില്‍ ഇറങ്ങി മരിച്ചു എന്നാണു ആരോപണം.

സാമാന്യയുക്തിക്ക് ഒട്ടും ദഹിക്കുന്നതല്ല കുറ്റാരോപണവും തെളിവുകളും. പക്ഷെ നിയമം പലപ്പോഴും സാമാന്യ യുക്തി കൊണ്ട് ഗ്രഹിക്കാവുന്നതല്ല. അത് കൊണ്ടാണല്ലോ, ചാള്‍സ് ഡിക്കെന്‍സ് വളരെ പണ്ട് നിയമം ഒരു കഴുതയാണെന്നു വിശേഷിപ്പിച്ചത്. ആ കഴുത ചിലപ്പോള്‍ ആടിനെ പട്ടിയാക്കും. സാമാന്യയുക്തി അസംബന്ധം എന്ന് തള്ളിക്കളയുന്ന പലതും, നിയമത്തില്‍ പ്രത്യയശാസ്ത്രങ്ങളായി അവതരിക്കാം. സാധാരണക്കാരന്‍ ചപലവും ബാലിശവും ആയി തള്ളികളയുന്ന പലതും, ചിലപ്പോല്‍ നിയമത്തിനു സങ്കീര്‍ണ്ണ ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്ന പ്രഹേളികകളും ആയി അനുഭവപ്പെടാം.

court
ഭൂഗര്‍ഭ ചാലില്‍ ശ്വാസം മുട്ടിയുള്ള അയാളുടെ മരണം ആത്മഹത്യയാണെന്നും, അതിനു പ്രേരണയായത് ഇത്തരം തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള മൗലികാവകാശം ഈ രാജ്യത്തില്ല എന്ന് അപലപിക്കുന്ന നാരായണ്‍ കാംബ്ലെയുടെ ഗാനമാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ആത്മഹത്യ പ്രേരണ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 306ാം വകുപ്പ്, Dramatic Performances Act 1876, തുടങ്ങിയ കാലഹരണപ്പെട്ട നിയമങ്ങളുടെ പിന്‍ബലത്തിലാണ് വിചാരണ. ബ്രിട്ടീഷ് ഭരണ കാലത്ത് നിരോധിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ കൈവശം വെച്ചു എന്നതാണ് നാരായണ്‍ കാംബ്ലേയെ ഒരു അരാജകവാദിയും ഭീകരനുമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന തെളിവുകള്‍.
സാമാന്യയുക്തിക്ക് ഒട്ടും ദഹിക്കുന്നതല്ല കുറ്റാരോപണവും തെളിവുകളും. പക്ഷെ നിയമം പലപ്പോഴും സാമാന്യ യുക്തി കൊണ്ട് ഗ്രഹിക്കാവുന്നതല്ല. അത് കൊണ്ടാണല്ലോ, ചാള്‍സ് ഡിക്കെന്‍സ് വളരെ പണ്ട് നിയമം ഒരു കഴുതയാണെന്നു വിശേഷിപ്പിച്ചത്. ആ കഴുത ചിലപ്പോള്‍ ആടിനെ പട്ടിയാക്കും. സാമാന്യയുക്തി അസംബന്ധം എന്ന് തള്ളിക്കളയുന്ന പലതും, നിയമത്തില്‍ പ്രത്യയശാസ്ത്രങ്ങളായി അവതരിക്കാം. സാധാരണക്കാരന്‍ ചപലവും ബാലിശവും ആയി തള്ളികളയുന്ന പലതും, ചിലപ്പോല്‍ നിയമത്തിനു സങ്കീര്‍ണ്ണ ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്ന പ്രഹേളികകളും ആയി അനുഭവപ്പെടാം.
എന്തായാലും, അത്യന്തം ഗൗരവത്തോടെ, നാരായണ്‍ കാംബ്ലെയുടെ വിചാരണ കോടതി നടത്തുന്നു. മാവോയിസ്റ്റ് രചനകള്‍ കൈവശം വെച്ചതിന് രാജ്യദ്രോഹകുറ്റത്തിന് വിചാരണ നേരിട്ട ഡോ .ബിനായക് സെന്നിന്റെയും മറ്റും സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട്. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ വേട്ടയാടുന്ന ചരിത്രത്തിന്റെ അനാദി കാലം മുതലുള്ള രീതിയോട് നീതി പുലര്‍ത്തി കൊണ്ട് തന്നെ.

നിര്‍മമതയുടെയും നിസ്സംഗതയുടെയും പര്യായമാണ് ഇതിലെ ജഡ്ജ്. ഒരു ന്യായാധിപന്‍ നിഷ്പക്ഷന്‍ ആയിരിക്കണം എന്നത് ശരി തന്നെ. പക്ഷെ, കാര്യങ്ങള്‍ തുറന്നു കാണാതെ, നിയമത്തിന്റെ അന്തസ്സതയും ഉദ്ധേശശുദ്ധിയും മനസ്സിലാക്കാതെ, ഒരു യന്ത്രത്തെ പോലെ ന്യായാധിപന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപഹാസ്യവും അപകടകരവും ആയ ഫലങ്ങള്‍ ഉണ്ടാകുന്നു എന്ന് ഈ ചിത്രം ചൂണ്ടി കാണിക്കുന്നു.

court-1
നിയമത്തിന്റെ അര്‍ത്ഥ രഹിതവും യാന്ത്രികവുമായ രീതികളെ അപഹസിക്കുന്നതിനോടൊപ്പം തന്നെ, ധാരാളം വൈരുധ്യങ്ങളാല്‍ സമ്പന്നമായ മനുഷ്യാവസ്ഥകളുടെ ഒരു ചിത്രീകരണം കൂടിയാണ് ഈ സിനിമ. ഇതില്‍ നാരായണ്‍ കംബ്ലെയുടെ വക്കീലായ വിനയ് വോറ ഒരു സമ്പന്ന ബിസിനസ് കുടുംബത്തില്‍ പെട്ടയാളാണ്.
വരേണ്യവും ആഡംബരവും ആയ ജീവിതം നയിക്കുന്ന അയാള്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായി സ്വയം അഭിരമിക്കുന്നു.നാരായണ്‍ കംബ്ലെയെ രക്ഷിക്കാന്‍ അയാള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. കോടതിയില്‍ അല്ലാത്തപ്പോള്‍, ബുദ്ധിജീവി സദസ്സുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റി ഘോരമായി സംസാരിച്ചും, മുന്തിയ നിശാക്ലുബുകളിലും റസ്റ്റോറന്റുകളിലും സമയം ചെലവഴിച്ചും, വിലയേറിയ മദ്യവും ജാസ് സംഗീതവും ആസ്വദിച്ചും സുഖിമാനായി ജീവിക്കുന്ന അയാള്‍, നാരായണ്‍ കംബ്ലെ എതിര്‍ക്കുന്ന നവലിബറല്‍ നയങ്ങളുടെയും ഉപഭോഗസംസ്‌കാരത്തിന്റെയും ഒരുഗുണഭോക്താവ് ആണ് .
അതേ സമയം, കാംബ്ലെയെ ശിക്ഷിക്കാന്‍ ഭരണകൂടത്തിന് വേണ്ടി വാദിക്കുന്ന നൂതന്‍ എന്ന വനിതാ പ്രോസിക്യൂട്ടര്‍, ഒരു സാധാരണ വീട്ടമ്മയാണ്. ലോക്കല്‍ ട്രെയിനിലെ സെക്കന്റ് ക്ലാസ്സില്‍ സഞ്ചരിച്ചും, വിലകയറ്റത്തെ പറ്റി ആകുലപ്പെട്ടും മറ്റും ജീവിക്കുന്ന ഒരു മധ്യവര്‍ഗ കുടുംബിനി. കാംബ്ലെ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ കൂടുതല്‍ സാധ്യമാകുന്ന ഒരു ജീവിതാവസ്ഥയാണ് അവരുടേത് എങ്കിലും, തന്റെ എളിയ ജീവിതത്തിന്റെ ചട്ടകൂടിന് വെളിയില്‍ ചിന്തിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. അവരെ സംബന്ധിച്ച് ഈ കേസ് ഒരു തലവേദനയാണ് . എത്രയും പെട്ടെന്ന് കാംബ്ലെയേ ശിക്ഷിച്ചു പണി തീര്‍ക്കാനാണ് അവരുടെ ഉദ്യമം.
നിര്‍മമതയുടെയും നിസ്സംഗതയുടെയും പര്യായമാണ് ഇതിലെ ജഡ്ജ്. ഒരു ന്യായാധിപന്‍ നിഷ്പക്ഷന്‍ ആയിരിക്കണം എന്നത് ശരി തന്നെ. പക്ഷെ, കാര്യങ്ങള്‍ തുറന്നു കാണാതെ, നിയമത്തിന്റെ അന്തസ്സതയും ഉദ്ധേശശുദ്ധിയും മനസ്സിലാക്കാതെ, ഒരു യന്ത്രത്തെ പോലെ ന്യായാധിപന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപഹാസ്യവും അപകടകരവും ആയ ഫലങ്ങള്‍ ഉണ്ടാകുന്നു എന്ന് ഈ ചിത്രം ചൂണ്ടി കാണിക്കുന്നു.

അവസാനം, തന്റെ ക്രീഡകളാല്‍ തളര്‍ന്നു ഒരു ബെഞ്ചില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ജഡ്ജിയെ കുറെ കുട്ടികള്‍ വന്നു പേടിപ്പിച്ചു ഉണര്‍ത്തുന്നു. ഞെട്ടിയുണര്‍ന്നു സ്തബ്ധനായി നോക്കുന്ന ജഡ്ജിയുടെ സീനോടെ ചിത്രം അവസാനിക്കുന്നു. ഉറക്കം തൂങ്ങല്‍ മതിയാക്കൂ, ഉണരൂ, ജീവിതം കാണൂ, സത്യം മനസ്സിലാക്കൂ എന്നൊക്കെയുള്ള സംവിധായകന്റെ ആഹ്വാനം ആയിരുന്നോ അത് ? സത്യം നമ്മെ ചിലപ്പോള്‍ സ്തബ്ധരാക്കും; അത് പോലെ സ്വതന്ത്രരും. അതിശയോക്തിക്കു ബദലായ അതിസ്വഭാവികത മുഖമുദ്രയാക്കിയ ഈ ചിത്രം, ചില സത്യങ്ങളുടെ നേരെ നമ്മുടെ മുഖം തിരിക്കുന്നു

court2
തെളിവുകളുടെ അഭാവത്താല്‍ കാംബ്ലെ കുറ്റ വിമുക്തനാക്കപെടുന്നുണ്ട്. എന്നാല്‍, ദേശവിരുദ്ധ കവിത എഴുതിയെന്ന ആരോപണത്തില്‍ രാജ്യദ്രോഹകുറ്റത്തിന് അയാള്‍അതെ കോടതിയില്‍ വീണ്ടും ഹാജരാക്കപ്പെടുന്നു. കോടതി നീണ്ട വേനലവധിക്ക് അടയ്ക്കുന്ന വേളയായതിനാല്‍, അയാളുടെ ജാമ്യാപേക്ഷ കേള്‍ക്കാന്‍ ജഡ്ജ് വിസമ്മതിക്കുന്നു. ഹൈക്കോടതിയെ സമീപിക്കാന്‍ പറഞ്ഞു കൊണ്ട് കോടതി പിരിയുന്നു. എല്ലാവരും ഒഴിഞ്ഞതിനു ശേഷമുള്ള, ഇരുണ്ടതും വിജനവുമായ കോടതിമുറിയുടെ ഒരു മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒരു സ്റ്റില്‍ ഷോട്ട് ഉണ്ട് സിനിമയില്‍. സഹൃദയനായ ഏതൊരു പ്രേക്ഷകന്റെ മനസ്സിലും അത് ഇരുട്ട് നിറയ്ക്കും.
നമ്മള്‍ എല്ലാരും, നാം തെരഞ്ഞെടുക്കാത്ത ഓരോ ജീവിതാവസ്ഥകളിലേക്ക് എറിയപ്പെട്ടവരാണ്. അതിന്റെ പരിമിതികളില്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ സനാതനസത്യങ്ങള്‍ ആയി ധരിച്ചു കൊണ്ട് നാമൊക്കെ ജീവിതത്തിലൂടെ സ്വപ്നാടനം ചെയ്യുന്നു. അത് നമുക്കും മറ്റുള്ളവര്‍ക്കും ശിക്ഷയായി പരിണമിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ചില തത്വദര്‍ശനങ്ങളും ഈ ചിത്രത്തില്‍ അവിടെ ഇവിടെയായി മിന്നിമറിയുന്നു. ഇതില്‍, പരമവും നഗ്‌നവുമായ സത്യം മനസ്സിലാക്കുന്ന നാരായണ്‍ കാംബ്ലെ, മറ്റുള്ളവരുടെ അജ്ഞതയും അപക്വതയും മൂലം ശിക്ഷിക്കപെടുന്നു. മറ്റുള്ളവര്‍ തങ്ങളുടെ പാതി വെന്ത ജീവിതം കൊണ്ട് സ്വയം തീര്‍ത്ത തടവറകളില്‍ ആത്മപീഡ അനുഭവിക്കുന്നു.
അവധിക്കാലം ആഘോഷിക്കുന്ന ജഡ്ജിയുടെ രംഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്. തന്റെ കൃത്യവിലോപത്താല്‍ ദുരിതം അനുഭവിക്കുന്നവരെ ഓര്‍ത്തു തീരെ മനസ്താപം ഇല്ലാതെ, ജഡ്ജ് ബീച്ച് റിസോര്‍ട്ടിലേക്ക് തിരിക്കുന്നു. ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ച് , അന്താക്ഷരി കളികളില്‍ ആടിപാടി, മധ്യലഹരിയില്‍ ഉല്ലസിച്ചു ജഡ്ജ് ആമോദിക്കുന്നു.
അവസാനം, തന്റെ ക്രീഡകളാല്‍ തളര്‍ന്നു ഒരു ബെഞ്ചില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ജഡ്ജിയെ കുറെ കുട്ടികള്‍ വന്നു പേടിപ്പിച്ചു ഉണര്‍ത്തുന്നു. ഞെട്ടിയുണര്‍ന്നു സ്തബ്ധനായി നോക്കുന്ന ജഡ്ജിയുടെ സീനോടെ ചിത്രം അവസാനിക്കുന്നു. ഉറക്കം തൂങ്ങല്‍ മതിയാക്കൂ, ഉണരൂ, ജീവിതം കാണൂ, സത്യം മനസ്സിലാക്കൂ എന്നൊക്കെയുള്ള സംവിധായകന്റെ ആഹ്വാനം ആയിരുന്നോ അത് ? സത്യം നമ്മെ ചിലപ്പോള്‍ സ്തബ്ധരാക്കും; അത് പോലെ സ്വതന്ത്രരും. അതിശയോക്തിക്കു ബദലായ അതിസ്വഭാവികത മുഖമുദ്രയാക്കിയ ഈ ചിത്രം, ചില സത്യങ്ങളുടെ നേരെ നമ്മുടെ മുഖം തിരിക്കുന്നു.
(Published in www.doolnews.com on 24.04.2015 http://www.doolnews.com/review-of-court358.html)

സാമൂഹ്യ നീതിയുടെ മേഘ ജ്യോതിസ്

സാമൂഹ്യ നീതിയുടെ മേഘ ജ്യോതിസ്
  

" സാധിച്ചു വേഗമധവ നിജ ജന്മകൃത്യം
സാധിഷ്ടർ പോട്ടെ- ഇഹ സദാ നിശി പന്ഥ പാദം
ബാധിച്ചു രൂക്ഷശില വാഴവ്തിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"
-വീണപൂവ്‌, കുമാരനാശാൻ.



സത്കർമികൾ സ്വജന്മ കൃത്യം പൂർത്തീകരിച്ചതിനു ശേഷം വിട വാങ്ങുന്നു; സഞ്ചാരികളുടെ പാത മുടക്കുന്ന ശിലയുടെ രൂക്ഷതയെക്കാൾ , അവര്ക്ക് വഴി തെളിയിക്കുന്ന മിന്നൽ പിണരിന്റെ ക്ഷണികതയാണ്  ശ്രേഷ്ഠം എന്ന് ആശാൻ പാടുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥിയ്ക്കും, രാഷ്ട്രീയ സാമൂഹിക മേഖലകള്ക്കും ഒരു വഴികാട്ടിയായിരുന്ന, നൂറു വര്ഷങ്ങളോളം സദാ ജ്വലിച്ച ഒരു മേഘ ജ്യോതിസ്സാണ്, ജസ്റ്റിസ്‌ വീ. ആർ. കൃഷ്ണ ഐയ്യരുടെ നിര്യാണത്തിലൂടെ മറഞ്ഞിരിക്കുന്നത്. 

ഇന്ത്യൻ നിയമ സംഹിതകൾക്ക് ഒരു മാനുഷിക മുഖം നല്കാനായി എന്നതും, നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ സാക്ഷാത്കാരതിനുതകുന്ന വിധം സചേതനമായ വ്യാഖാനങ്ങൾ നല്കാനായി എന്നതുമാണ്‌ ഒരു ന്യായാധിപൻ എന്ന നിലയിൽ ജസ്റ്റിസ്‌ വീ. ആർ. കൃഷ്ണ ഐയ്യരുടെ ഏറ്റവും വലിയ സംഭാവന. സമൂഹത്തിലെ ഏറ്റവും ദുർബലനും അരക്ഷിതനും ആയ വ്യക്തിയുടെ പോലും അടിസ്ഥാനവും സ്വാഭാവികവും ആയ അവകാശങ്ങൾക്ക് സംരക്ഷണം നല്കുകയും,ഭരണകൂടത്തിന്റെ അധികാര ദുർവിനയോഗതിനും സ്വേചാധിപരമായ താല്പര്യങ്ങൾക്കും തടയിടുക എന്നതും ആണല്ലോ ഭരണഘടന കൊണ്ട് ഉദേശിക്കുന്നത്. ഭരണഘടനയുടെ കാവലാളും അന്തിമ വ്യാഖാതവും ആയ നമ്മുടെ സുപ്രീം കോടതി, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ നാളുകളിൽ ഭരണഘടനയുടെ അന്തസത്തയ്ക്കും ആത്യന്തിക ലക്ഷ്യങ്ങൾക്കും അനുസൃതമായ സമീപനമാണോ കൈകൊണ്ടത് എന്ന് സംശയാസ്പദമാണ്. ലിഖിതങ്ങളുടെ അക്ഷരഅർത്ഥത്തിനു അമിത പ്രാധാന്യം നല്കുന്ന, കർക്കശവും സങ്കുചിതവുമായ ഒരു സമീപനമായിരുന്നു ആദ്യ നാളുകളിൽ നമ്മുടെ സുപ്രീം കോടതിക്ക്.ജീവനും വ്യക്തി സ്വാതന്ത്രത്തിനുമുളള ഒരുവന്റെ മൗലിക അവകാശം അപഹരിക്കുന്നത് നിയമാനുസൃതമായ ഒരു പ്രക്രിയയിലൂടെ മാത്രമായിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 21-ആം അനുഛെധതിനു, എ.കെ . ഗോപാലന്റെ കേസിൽ 1950 ഇൽ(A K Gopalan vs State of Madras AIR 1950 SC 27) നല്കിയ വ്യാഖാനവുമായി നമുക്കിന്നു സമരസപ്പെടുവാൻ ബുദ്ധിമുട്ടുണ്ടാകും. ജീവനും  വ്യക്തി സ്വാതന്ത്രത്തിനുമുളള ഒരുവന്റെ മൗലിക അവകാശം അപഹരിക്കുന്നത് നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ  ആകാം  എന്നും, അത്തരം നടപടിക്രമം ന്യായവും യുക്തിപരവും ആണോ എന്ന് കോടതി പരിശോധിക്കേണ്ടതില്ല എന്നും, ഒരു നിയമാനുസൃത നടപടിക്രമം നിലവിലുണ്ടെങ്കിൽ, അത് എത്ര യുക്തിരഹിതമായാലും, ഭരണഘടനയുടെ ഉപാധികൾ പാലിക്കപെടും എന്നുമായിരുന്നു അന്നത്തെ കോടതിയുടെ നിലപാട്. അന്നത്തെ ഭരണകര്താകളുടെ ഉദ്ദേശശുദ്ധിയിൽ പരിപൂർണ വിശ്വാസമുള്ളത് കൊണ്ടാണ് കോടതി അത്തരം ഒരു സങ്കുചിത നിലപാട് സ്വീകരിച്ചത്. പക്ഷെ, കാലക്രമേണ അത് ധാരാളം അധികാരദുർവിനയോഗതിനും അനീതിക്കും കാരണമായി. ആ സാഹചര്യത്തിലാണ് 1978-ലെ മനേക ഗാന്ധി കേസിൽ(Maneka Gandhi vs. Union of India AIR 1978 SC 597),  ജസ്റ്റിസ്‌ കൃഷ്ണ അയ്യർ കൂടി ഉൾപെട്ട ഭരണഘടനാ ബെഞ്ച്‌ വിശാലമായ ഒരു വ്യാഖാനം നല്കുന്നത്. ഇന്ത്യൻ ജഡീഷ്യരിയിൽ വിപ്ലവാത്മകമായ മാറ്റങ്ങള്ക്ക് തുടക്കം കുറിച്ച ആ വിധിയിൽ, നടപടിക്രമം നിയാമാനുസ്രതം ആയാൽ മാത്രം പോര, അത് ന്യായവും യുക്തവും കൂടി ആയിരിക്കണം  എന്ന് വിധിക്കുകയുണ്ടായി. സ്വാതന്ത്ര്യം ആണ് ഒരു വ്യക്തിയുടെ ഏറ്റവും അമൂല്യമായ സംബത്തെന്നും, അത് അന്യായം ആയി അപഹരിക്കാൻ ഭരണകൂടത്തെ അനുവദിക്കരുതെന്നും തന്റെ പ്രത്യേക വിധിന്യായത്തിൽ അദ്ദേഹം നിരീക്ഷുക്കയുണ്ടായി. (The spirit of a man is at the root of Article 21 of the Constitution of India; personal liberty makes for the worth of the human person”)

നിയമം സമൂഹത്തിൽ നിന്ന് വേറിട്ട്‌ നില്ക്കുന്ന ഒരു അമൂര്ത്ത സങ്കല്പമോ, എഴുതപ്പെട്ട വാക്കുകൾക്കു നാനാഅർത്ഥങ്ങൾ കല്പിക്കുന്ന വ്യാഖനകലയോ, അറിവ് കുത്തകാവകശാമായി കരുതുന്ന വരേണ്യ ന്യൂനപക്ഷത്തിന്റെ ബൌദ്ധിക വിനോദമോ അല്ലെന്നും, പാവപ്പെട്ടവന്റെയും പാമരന്റെയും ശബ്ധരഹിതന്റെയും അടിസ്ഥാന അവകാശങ്ങള്ക്ക് പരിരക്ഷ നല്കുകയും അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും സഹായകമാവുകയും ചെയ്യുന്ന ഒരു ഉപാധിയായിരിക്കനമെന്നും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. നിയമത്തിന്റെ സാങ്കേതിക തടസ്സങ്ങളിൽ നീതി  കാലിടറി വീഴുന്നത് അദ്ദേഹം അനുവദിച്ചിരുന്നില്ല. ലക്ഷകണക്കിന്  ദരിദ്രരും നിരക്ഷരരും കുടി കൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത്, നിയമം ദുർഗ്രഹതയുടെ രക്ഷസീയഭാവം എടുക്കുകയാണെങ്കിൽ, നീതിന്യായ വ്യവസ്ഥിതി  അർത്ഥരഹിതമായ ഒരു ദന്തഗോപുരം മാത്രമായി തീരുമെന്നയിരുന്നു അദ്ധേഹത്തിന്റെ വീക്ഷണം. വധശിക്ഷയ്ക്കു വിധിക്കപെട്ട്, ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന സുനിൽ ബത്ര എന്ന തടവുകാരൻ, ഏകാന്ത തടവറയിലെ മനുഷ്യതരഹിതമായ സാഹചര്യങ്ങളെ പറ്റി പരാതിപെട്ടുകൊണ്ട് ജസ്റ്റിസ്‌ കൃഷ്ണ അയ്യര്ക്ക് എഴുതിയ ഒരു പോസ്റ്റ്‌ കാർഡിൽ നിന്നാണ് തടവുകാരുടെ അവകാശങ്ങളെയും അനുകൂല്യങ്ങളെയും പറ്റി പ്രദിപാദികൂന്ന 'സുനില ബത്ര'(Sunil Batra vs. Delhi Administration AIR 1978 SC 1675) കേസ് പിറവിയെടുക്കുന്നത്.വധശിക്ഷ കാത്തു കിടക്കുന്ന ഒരു കുറ്റവാളിക്കും  ചില അടിസ്ഥാന അവകാശങ്ങൾ  ഉണ്ടെന്നും, സഹജീവികളുമായി ഇടപെഴുകാനുള്ള അവകാശം നിഷേധിക്കുന്നത് ക്രൂരവും യുക്തിഹീനവുമനെന്നും, അതിനാൽ ഏകാന്ത തടവ്‌ മനുഷ്യമാനസാക്ഷിക്ക് നിരക്കാത്ത ഒന്നാണെന്നും അദ്ദേഹം വിധിച്ചത്, ഒരു നവ ചിന്താധാരക്ക് രൂപം കൊടുത്തു. പാപിയെ അല്ല പാപത്തെ ആണ് വെറുക്കേണ്ടത് എന്ന വിശാല വീക്ഷണമല്ലേ , തടവുകാരെയും മനുഷ്യരായി പരിഗണിക്കണം എന്ന ഉദ്ബോധനതിൽ പ്രതിഫലിക്കുന്നത്.? ഒരു രാജ്യത്തിന്റെ സംസ്കാരം അളക്കേണ്ടത്‌ അവിടെ തടവുകാര് എങ്ങനെ പരിചരിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്ന മഹദ് വചനമായിരിക്കാം ആ ധിഷണയിൽ പ്രതിധ്വനിച്ചിട്ടുണ്ടാവുക .

അത് പോലെ, കോട്ടയം സബ് ജയിലിൽ അന്യായ തടവിലാക്കപെട്ട ഗോപാലാൻ ആചാരി എന്ന എഴുപതു വയസ്സുകാരാനായ വൃദ്ധനും നീതി തേടി അദ്ദേഹത്തിന് പോസ്റ്റ്‌ കാർഡ്‌ അയക്ക്കുകയുണ്ടായി. പോലീസിന്റെ ധാര്ഷ്ട്യത്തിലും മര്ക്കടമുഷ്ടിയിലും അതിയായ ധാർമിക രോഷം തോന്നിയ അദ്ദേഹം സ്വമേധയ കേസ് എടുക്കുകയും, ഗോപലാൻ ആചാരിയെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു(Gopalan Achari vs. State of Kerala AIR 1981 SC 674). ഭരണകൂട ഭീകരതയെ നിശിതമായി വിമര്ശിക്കുന്ന ആ വിധിന്യായത്തിൽ, നിയമം നിയമരഹിതമായി പെരുമാറുമ്പോൾ സാമൂഹ്യനീതി  ഒരു പരിഹാസം ആയി മാറും എന്ന് വേദനയോടെ നിരീക്ഷിച്ചു.(if law behaves lawlessly, social justice becomes a judicial hoax). കടം വീട്ടാനകാത്തതിനാൽ ജയിൽ ശിക്ഷ അഭിമുഖീകരിക്കേണ്ടി വന്ന ജോളി ജോർജ് വര്ഗീസിന്റെ കേസിൽ(Jolly George Varghese vs. Bank of Cochin AIR 1980 SC 470), ദരിദ്രനാരായണൻമാര് തിങ്ങി പാര്ക്കുന്ന ഈ രാജ്യത്തിൽ ദാരിദ്രം ഒരു കുറ്റം ആകുന്നതെങ്ങന്നെ എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.  കാർക്കശ്യത്തോടെയുള്ള നിയമത്തിന്റെ പ്രയോഗം ഷൈലൊക്കും ആവശ്യപ്പെട്ടിരുന്നു എന്നും, അഭിനവ ശൈലോക്കുകൾ ആകാതെ, കരുണയോടെ പ്രവര്ത്തിക്കണം എന്നും, കഷ്ടകാലത്തെ കരുണ വരള്ച്ചയിലെ മഴകാര് പോലെ ആശ്വാസപ്രദം ആണെന്നും വളരെ കാവ്യാത്മകം ആയി ആ വിധി ന്യായത്തിൽ അദ്ദേഹം പരാമർശിക്കുന്നു.

സാമൂഹിക ഉദ്ധാനത്തിനു  തടസ്സമാകുന്ന ഒരു രൂക്ഷ ശിലയായി പരിണമിക്കാൻ നിയമത്തെ അനുവദിക്കാതെ, ദയയുടെയും സഹാനുഭൂതിയുടെയും മാനങ്ങൾ സമ്മേളിപ്പിച്ച് നിയമത്തെ കൂടുതൽ സചേതനം ആക്കുകയും, തന്റെ വിശാല മാനവിക ദർശനങ്ങൾ കൊണ്ട്  അതിനെ കൂടുതൽ ദീപ്തമാക്കുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമാജികൻ, മന്ത്രി, ന്യായധിപൻ എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ശോഭിക്കാൻ കഴിഞ്ഞ ഇതു പോലത്തെ ഒരു മഹദ് വ്യക്തിത്വം ഇനി ചരിത്രത്തിൽ  ഉണ്ടാകുമോ എന്നത് സംശയകരം ആണ്.  കണ്ണ് കെട്ടി നിന്ന് കൊണ്ട്, നിര്മമതയോടെയും നിസ്സംഗതയോടെയും പ്രതികരിക്കുന്ന നീതിദേവതയുടെ സങ്കല്പത്തെക്കാൾ  അദ്ദേഹത്തിന് കൂടുതൽ പ്രിയം, എല്ലാം തുറന്നു കാണുന്ന, അനീതിയിലും അസമത്വതിലും സക്രിയമായി ഇടപെടുന്ന നീതിദേവിയുടെ സങ്കൽപം ആയിരുന്നിരിക്കണം.

ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സാംസ്കാരിക സാമൂഹിക മേഖലകളിൽ  സജീവമായി ഇടപെട്ടിരുന്നു. 'കൃഷ്ണ അയ്യര് സംസാരിക്കുമ്പോൾ, അത് ശ്രവിക്കാനായി രാജ്യം  നിശ്ചലമാകുന്നു" എന്ന് സുപ്രീം കോടതി സീനിയർ അഭിഭാഷകൻ ആയ ഫാലി.എസ്. നരിമാൻ പറഞ്ഞത് വളരെ അർത്ഥവത്താണ്.ഏതു സമൂഹിക വിഷയങ്ങളിലും കൃഷ്ണ അയ്യരുടെ അഭിപ്രായം അറിയാൻ ലോകം കാതോര്തിരുന്നു. വധശിക്ഷയുടെ ഉന്മൂലനം, കുട്ടികളുടെ അവകാശങ്ങൾ, മുതലായ വിഷയങ്ങളിൽ അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. രാജീവ്‌ ഗാന്ധി കേസിൽ വധ ശിക്ഷ കാത്തു കിടന്ന പെരരിവാലാണ് വേണ്ടി അദ്ദേഹം ദയ ഹരജി തയ്യാറാക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി പെരരിവലന്റെയും കൂട്ടരുടെയും വധ ശിക്ഷ ജീവപര്യന്തം ആക്കി മാറ്റുകയും ചെയ്തിരുന്നു. കൃഷ്ണ അയ്യര്ക്ക് അന്തിമ ഉപചാരം അര്പ്പിക്കാൻ പെരരിവാലന്റെ അമ്മ എത്തിയത് ആര്ദ്രമായ ഒരു കാഴ്ചയായി. അത് പോലത്തെ അനേകം സാധാരണ ജനങ്ങളുടെ മനസ്സില്  ജസ്റ്റിസ്‌ കൃഷ്ണ അയ്യര് അമര്ത്യനായി ജീവിക്കും. ആകാശവും ഭൂമിയും കടന്നു പോകും; എന്നാൽ എഴുതപ്പെട്ട വചനങ്ങളും സത്ക്രിത്യങ്ങളുടെ ഫലങ്ങളും ശാശ്വതം ആയി നില്ക്കും എന്നാണല്ലോ പറയപ്പെടുന്നത്‌. നമുക്ക് വഴി കാട്ടിയായി ഒരു മേഘ ജ്യോതിസ്സായി നില കൊണ്ട ആ മഹദ് വ്യക്തിത്വത്തിന് പ്രണാമങ്ങൾ. 


 ('വര്ത്തമാനം' ദിനപത്രത്തിൽ 08.12.2014ൽ പ്രസിദ്ധീകരിച്ചത്)