Wednesday, 23 December 2015

മനുഷ്യനെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍

Existence precedes essence. Man exists as a conscious being, and not in accordance with any definition, essence, generalizations or system”- Sartre

മനുഷ്യന്‍റെ അസ്തിത്വത്തിന്റെ സത്ത അടിസ്ഥാനപരമായി സ്വതന്ത്രമാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ, ജാതി-മത-രാഷ്ട്ര സ്വത്വങ്ങളുടെ അടിസ്ഥാനത്തിലോ പൂര്‍ണമായി നിര്‍വചിക്കാന്‍ ആവാത്തതാണ്. എന്നാല്‍, പലപ്പോഴും അത്തരം സ്വത്വബോധങ്ങള്‍ മനുഷ്യാസ്തിത്വത്തെ തളച്ചിടാറുണ്ട്. സ്വത്വബോധങ്ങളില്‍ ഊന്നിയുള്ള തീവ്രവലതുപക്ഷ അധികാരശാസ്ത്രമായ ഫാഷിസം മനുഷ്യനെ ബന്ധിക്കുന്ന ഒന്നാണ്. അതില്‍ നിന്നൊക്കെ മനുഷ്യന്‍ എന്ന ആശയത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ് നവോത്ഥാനകാലഘട്ടത്തില്‍ ഉണ്ടായത്. ഫാഷിസത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കപെട്ട മനുഷ്യസംഗമവും അത്തരം ശ്രമങ്ങളുടെ അനിവാര്യതയെയാണ് അടിവരയിട്ടത്.

എന്താണ് ഫാഷിസം?നരേന്ദ്ര മോദിയുടെ അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ മാധ്യമങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പദപ്രയോഗങ്ങളാണ് ‘ഫാഷിസം’ ‘അസഹിഷ്ണുത’ ഒക്കെ. സ്ഥിരപ്രയോഗം മൂലം ചില പദങ്ങളുടെ മൂലമായ അര്‍ത്ഥം നാം മറന്നു പോവുകയും, ആയതിനാല്‍ വൃഥാവില്‍ അവ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ട്. ആയതിനാല്‍, ഫാഷിസ്റ്റു പ്രവണതകളെ കൃത്യമായി നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്,കൂടുതല്‍ സാര്‍ഥകമായ പോരാട്ടത്തിനു സഹായിക്കും. എന്തെന്നാല്‍, അസ്ഥാനത്തും അനവസരതിലുമുള്ള പ്രയോഗം, പ്രതിഷേധത്തിന്റെ മൂര്‍ച്ചകുറയ്ക്കും.

പ്രതിലോമകരമായ ഒരു അധികാര പ്രതിഭാസമാണ് ഫാഷിസം. 1920കളില്‍ ഇറ്റലിയില്‍ മുസ്സോളിനിയുടെ നാഷണല്‍ ഫാഷിസ്റ്റ്‌ പാര്‍ട്ടി വിജയകരമായി പരീക്ഷിച്ച, പിന്നീടു ജെര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പ്രയോഗിച്ച അധികാരരീതി. ഇവരുടെ ദുഷ്ചെയ്തികള്‍ മൂലം, വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ക്രൂരതയുടെ പര്യായമായി ലോകം ഫാഷിസത്തെ കാണാന്‍ തുടങ്ങി. ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംബര്‍ട്ടോ ഏകോ(Umberto Eco) ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യനെ, സ്വതന്ത്രനും വിവേചനശേഷിയുമുള്ള ഒരു വ്യക്തിയായി അംഗീകരിക്കാതെ, അവനെ ജാതി-മതം-വംശം-ദേശം എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു സ്വത്വത്തില്‍ അധിഷ്ടിതമായ ഒരു കൂട്ടായ്മയുടെ(Collective) അംഗമായി മാത്രം കണ്ടുകൊണ്ട്, അത്തരം കൂട്ടായ്മയുടെ പ്രതിനിധിയായി അവതരിക്കുന്ന അധികാരരീതിയാണ് ഫാഷിസം. സംഘബലത്തിന്‍റെ ഈ രാഷ്ട്രീയം, രാഷ്ട്രത്തെ ദിവ്യത്വവും അപ്രമാദിത്തവുമുള്ള ശക്തിയായി പ്രതിഷ്ടിക്കുന്നു. തീവ്രമായ പാരമ്പര്യവാദം, ഭൂതകാല ആരാധന, ആധുനികതയുടെ നിരാസം- ഇവയൊക്കെ ഈ ചിന്താഗതിയുടെ മുഖമുദ്രകള്‍ ആണ്. കായികശേഷിയെ ആരാധിക്കുന്ന ഫാഷിസ്റ്റ്‌ മനോഭാവം, ചിന്തകരെയും കലാ-സാംസ്കാരിക പ്രവര്‍ത്തകരെയും അവമതിക്കുന്നു. സ്ത്രീകളെ പ്രസവിക്കാനും ശിശുപാലനത്തിനും മാത്രമുള്ള രണ്ടാംതരക്കാരായി കാണുന്നു. ഭിന്നതകളും വൈവിധ്യങ്ങളും എതിര്‍പ്പുകളും തുടച്ചുനീക്കി ഏകശിലാ രൂപത്തിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഫാഷിസത്തിന്റെ ലക്‌ഷ്യം. ഭൂരിപക്ഷത്തിന്റെ ഉപബോധത്തില്‍ നിന്നുള്ള സമ്മതിയോടെയാണ് ഇതൊക്കെ നടപ്പിലാക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. വികസനത്തിന്റെയും രാജ്യസുരക്ഷയുടെയും മറ്റും മോഹനവാഗ്ദാനങ്ങളിലൂടെ ഭൂരിപക്ഷത്തെ മാസ്മരികതയിലാക്കിയാണ് ഫാഷിസ്റ്റ്‌ ശക്തികള്‍ അധികാരം കൈയാളുന്നത്. ഏതെങ്കിലും അപരസ്വത്വത്തിലുള്ള ഒരുവനെ ശത്രുവായി സൃഷ്ടിച്ച്, അവന്‍റെ ആക്രമണത്തില്‍ നിന്നുള്ള ഏകരക്ഷ ഭരണകൂടമാണ്‌ എന്ന് പ്രഘോഷിച്ചു ഫാഷിസം ജനമനസ്സുകളില്‍ അധികാരം ശക്തിപ്പെടുത്തുന്നു.


ഇന്ത്യയില്‍ ഫാഷിസ്റ്റ്‌ ഭീക്ഷണി ഉണ്ടോ?മേല്‍ പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സമൂഹത്തില്‍ ഫാഷിസ്റ്റ്‌ ഭീക്ഷണി ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 2014 മെയ് മാസത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചു അധികാരത്തിലെതിയത്തിനു ശേഷമാണ് ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ പ്രബലമായത്. കാരണം, അപകടകരവും പ്രതിലോമകരവുമായ നിരവധി ആശയങ്ങള്‍ വഹിക്കുന്ന രാഷ്ട്രീയ സ്വയം സേവ സംഘിന്റെ രാഷ്ട്രീയ ശ്രേണിയാണ് ബി.ജെ.പി എന്നതാണ്. രാഷ്ട്രത്തിന്റെ വികസനപുരുഷനായി അവതരിപ്പിക്കപ്പെട്ട നരേന്ദ്ര മോടിയാകട്ടെ കറകളഞ്ഞ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായിരുന്നു. ഫാഷിസ്റ്റ്‌-നാസി രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌, ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്‌ എന്ന് ചരിത്രത്തില്‍ നിന്ന് സ്പഷ്ടമാണ്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാരായ ഹെഗ്ദോവാര്‍, ഗോള്‍വോള്‍കര്‍, സവര്‍കര്‍ മുതലായവരുടെ രചനകളില്‍ നിന്ന് ഇതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം വ്യക്തമാകുന്നുണ്ട്. ഹിന്ദു മതത്തെ ഒരു വംശമായി തെറ്റിദ്ധരിച്ചു, അതിന്‍റെ അടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിക്കുകയാണ് അത് ചെയ്യുന്നത്. ഭാരതീയന്‍ ആയിരിക്കുക എന്നത് ഹിന്ദു ആയിരിക്കുന്നതിനു സമം. ഭാരതത്തിന്റെ ശത്രുക്കളായി അപരന്മാരായ മുസ്ലിങ്ങളെയും, കൃസ്ത്യാനികളെയും, മാര്‍ക്സിസ്റ്റ്‌കാരെയും നിസ്സങ്കോചം അടയാളപ്പെടുത്തുന്നുണ്ട് അവരുടെ രചനകള്‍. അവര്‍ക്ക് ഭാരതത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഹിന്ദു സംസ്കാരം സ്വീകരിക്കണമെന്നും വെട്ടിത്തുറന്നു പറയുകയും ചെയ്യുന്നു. (“Our one supreme goal is to bring to life the all round glory and brightness of our Hindu Rashtra. Those only are Nationalists, Patriots, who with the aspiration to glorify the Hindu race and nation next to their heart are prompted into activity and strive to achieve the goal. All others are traitors and enemies to the nation. From the point, the non-Hindu people in Hindustan must adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no ideas but may stay in the Country wholly subordinated to the Hindu nation,claiming nothing,deserving no privileges, far less any preferential treatment- not even citizen’s rights- M.S Golwalkar, We: Our Nationhood Defined). നാനാവിധ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഹിന്ദുസംസ്കാരത്തിന്റെ ബഹുലതയെയും നിരാകരിക്കുന്ന ഈ ചിന്താഗതി, തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ബ്രാഹ്മണ്യത്തെയാണ്. ദളിത്‌-ഗോത്ര സ്വത്വങ്ങള്‍ക്കും അംഗീകാരം നല്‍കുന്നില്ല.(ഗോത്രസംസ്കാരങ്ങളെ സൂചിപ്പിക്കുന്ന ‘ആദിവാസി’ എന്ന പദം ആര്‍.എസ്.എസ് ശബ്ദകോശത്തിലില്ല എന്നതു ശ്രദ്ധേയം. പകരം ‘വനവാസി’ എന്നാണ് ഉപയോഗിക്കുക. അങ്ങനെ ഗോത്രങ്ങളുടെ പൈതൃകവും സംസ്കൃതിയും നിഷേധിക്കുന്നു)

തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു ലഭിച്ച അംഗീകാരവും അത് നടപ്പിലാക്കാനുള്ള അവസരവുമായാണ് ബി.ജെ.പിയുടെ അധികാരലബ്ധിയെ ആര്‍.എസ്.എസ് കാണുന്നത്. ‘ഘര്‍ വാപസി’, ഗോവധതിന്റെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍, ദളിത്‌-ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, സംവരണനയം പുനരവലോകനം ചെയ്യണമെന്ന ആഹ്വാനം, പ്രാചീന ഭാരതസംസ്കാരമായിരുന്നു ഏറ്റവും മികവുറ്റതെന്നും പല ആധുനികസാങ്കേതിക വിദ്യകളും അന്ന് ഉപയോഗത്തില്‍ ഉണ്ടായിരുന്നു എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍, സ്ത്രീകള്‍ പ്രസവയന്ത്രങ്ങളെ പോലെ പ്രവര്‍ത്തിച്ചു ഹിന്ദുജനസംഖ്യ കൂട്ടണമെന്ന ആഹ്വാനം, ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കുമെതിരെയുള്ള അസഹിഷ്ണുത, എതിര്‍പ്പ് പ്രകടിപ്പിക്കുനവരുടെ സ്ഥലം പാകിസ്താന്‍ ആണെന്ന മട്ടിലുള്ള പ്രതിവാദങ്ങള്‍- ഇവയൊക്കെ ആര്‍.എസ്.എസ് ഭരണയന്ത്രം ഉപയോഗിച്ച് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.

ഉംബര്‍ടോ ഏകോ (Umberto Eco) ഫാഷിസത്തിന്റെ ലക്ഷണങ്ങളായി അടയാളപ്പെടുത്തിയ പലതും ഇവിടെ പ്രത്യക്ഷമാകുന്നുണ്ട്. ഫാഷിസവും മുതലാളിത്തവും തമ്മില്‍ നല്ല ചങ്ങാത്തത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. കാരണം, ഫാഷിസ്റ്റ്‌ ശക്തികള്‍ക്കു തങ്ങളുടെ നയങ്ങള്‍ വ്യാപിപ്പിക്കാന്‍ മൂലധനം ആവശ്യമുള്ളതും, മുതലാളിത്തശക്തികള്‍ക്കു തങ്ങളുടെ ലാഭേച്ഛ നിറവേറ്റാന്‍ ഇതൊരു അവസരമൊരുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ ഒരു പാരസ്പര്യം ഉണ്ടാകുന്നു. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍, തൊഴില്‍-പരിസ്ഥിതി നിയമങ്ങള്‍ പലതും ലഘൂകരിക്കപ്പെട്ടിടുണ്ട്. അതുപോലെ ആദാനി-അംബാനിമാര്‍ക്ക് ലഭിക്കുന്ന വഴിവിട്ട സഹായങ്ങളും ഫാഷിസം മുതലാളിത്തത്തെ എത്ര മാത്രം പ്രീണിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ്. ‘അച്ചേ ദിന്‍’ ‘സ്വഛ് ഭാരത്’ ‘സബ്കാ സാഥ് സബ് കെ വികാസ്’ ‘മന്‍ കീ ബാത്ത്’ മുതലായ ആകര്‍ഷകങ്ങള്‍ ആയ പദാവലികള്‍ ഉപയോഗിച്ച്, ജനങ്ങളെ മാസ്മരികതയില്‍ ആഴ്ത്തിയാണ് ഇവിടെ അധികാരം ദൃഢമാക്കപ്പെടുന്നത്. ഇതിന്റെ ഒക്കെ വെളിച്ചത്തില്‍ അവലോകനം ചെയ്യുമ്പോള്‍, കോര്‍പ്പറേറ്റുകളെ കൂട്ട് പിടിച്ചുള്ള ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ്‌ രൂപം ഇന്ത്യയില്‍ തലപൊക്കി തുടങ്ങി എന്ന് പറയാം.


ചെറുത്തുനില്‍പ്പിന്റെ ആവശ്യകതഫാഷിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയുള്ള സമരങ്ങള്‍ അനാവശ്യവും അതിശയോക്തി കലര്‍ന്നതുമാനെന്നുള്ള ഒരു മറുവാദം വലതുപക്ഷത്തുനിന്നുണ്ട്. ഏതാനും ചില കുബുദ്ധികള്‍ നടത്തുന്ന ഒറ്റപെട്ട പ്രസ്താവനകളും ആക്രമങ്ങളും പര്‍വതീകരിച്ച് അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും അതു വഴി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

തീവ്രഹിന്ദുത്വത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ നിലവില്‍ ഒരു നിരന്തര സംഭവമല്ല എന്നത് ശരി തന്നെ. പക്ഷെ അതുകൊണ്ട് അത്തരം പ്രതിഭാസം ഇവിടെ ഇല്ല എന്ന് വാദിക്കുന്നത് ശരിയായി വസ്തുതകളെ കാണാത്തത് കൊണ്ടാണ്. ഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ പ്രധാനമായും ഒരു ആശയസംഘട്ടനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നതിനു വിലങ്ങുതടിയായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ തന്നെയാണ്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സാമൂഹ്യനീതിയും മതനിരപേക്ഷതയും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആധാരശിലകളാണ്. ഇവയൊക്കെ നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തില്‍ ഉറച്ചുനില്‍ക്കുന്ന മൂല്യങ്ങളാണ് താനും. സോഷ്യലിസ്റ്റ്‌ മാനവിക വീക്ഷണങ്ങള്‍ ഉണ്ടായിരുന്ന നെഹ്‌റു അംബേദ്‌കര്‍ മുതലായ ലിബറല്‍ നേതാക്കന്മാര്‍ വിഭാവനം ചെയ്ത രീതിയിലാണ് നമ്മുടെ ഭരണഘടന രൂപകല്പന ചെയ്യപ്പെട്ടിട്ടുളത്. ഇതിനെയൊക്കെ നിരാകരിക്കാതെ ആര്‍.എസ്.എസ് സങ്കല്‍പത്തിലുള്ള ഹിന്ദുരാഷ്ട്ര നിര്‍മിതി സാധ്യമല്ല.

ലിബറല്‍ മാനവിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹത്തിന്റെ പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള ആശയസമരത്തിലാണ് ഹിന്ദുത്വശക്തികള്‍. നെഹ്രുവിന്റെ പൈതൃകത്തെ തേച്ചുമായ്ച്ചു കളയാനും അദ്ദേഹത്തിന്റെ സംഭാവനകളെ നിഷ്പ്രഭമാക്കാനും അവര്‍ ശ്രമിക്കുന്നതിനു അതിനാലാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമൂല്യമല്ല എന്ന തരത്തില്‍ രാജ്യത്തിന്റെ നിയമമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ ചര്‍ച്ചകളും അതിന്‍റെ ഭാഗമായാണ്. FTII, UGC, ICHR, സെന്‍സര്‍ ബോര്‍ഡ്‌, സാഹിത്യ അക്കാദമി, മുതലായ വിദ്യാഭാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ചു, ഹിന്ദുത്വആശയങ്ങള്‍ സമൂഹമധ്യത്തില്‍ കൂടുതല്‍ സ്വീകാര്യം ആക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഗാന്ധിഘാതകനു വേണ്ടി അമ്പലങ്ങള്‍ പണിതു അയാളെ ധീരരക്തസാക്ഷിയാക്കുന്നു. ചരിത്രത്തിന്‍റെ കാവിവത്കരണം നടത്തുന്നു. ബാബറും, ഔറംഗസേബും, ടിപ്പു സുല്‍ത്താനും ഹിന്ദുത്വത്തെ ആക്രമിച്ച മുസ്ലിം മൌലികവാദികളായി മാത്രം ചിത്രീകരിക്കപ്പെടുന്നു. മിഷണറിസ്ഥാപനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള സ്ഥലങ്ങള്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്നു. പാഠപുസ്തകങ്ങള്‍ തങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ മാറ്റിഎഴുതുന്നു. 

പൂര്‍ണമായ മേധാവിത്വം (Hegemony) നേടാന്‍ അധികാരത്തിന്‍റെ ബലപ്രയോഗം മാത്രം പോര, ആശയപരമായ മേല്‍ക്കോയ്മയും വേണമെന്ന് ഗ്രാംഷി (Gramsci) നിരീക്ഷിച്ചിട്ടുണ്ട്. അത്തരം ആശയപരമായ മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വശക്തികള്‍. ഇത്രയും നാള്‍ തുടര്‍ന്നു കൊണ്ടുപോന്ന ന്യൂനപക്ഷസംരക്ഷണവും, ദളിത്‌-പട്ടികജാതി സംവരണവും, സോഷ്യലിസ്റ്റ്‌ നയങ്ങളുമാണ് ഭാരതം ഒരു ലോകശക്തിയാകതിരിക്കാന്‍ കാരണമെന്നും, സുദൃഢമായ ഒരു രാഷ്ട്രനിര്‍മ്മിതിക്ക് ഹിന്ദുത്വതത്വങ്ങള്‍ സ്വീകരിക്കണം എന്നും ഭൂരിപക്ഷത്തെ കൊണ്ട് ചിന്തിപ്പിക്കാനുള്ള ആശയസമരത്തിലാണ് അവര്‍ നിലവില്‍ മുഴുകിയിരിക്കുന്നത്. അതിനു കുറെയൊക്കെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ദാദ്രി സംഭവത്തിനും കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനും ശേഷം അതിനെ അനുകൂലിക്കുന്ന തരത്തിലുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ നവമാധ്യമങ്ങളിലും മറ്റും സാധാരണക്കാരില്‍ നിന്ന് ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണ്.

അതിനാല്‍, പ്രകടമായ ഹിംസാത്മകത നിലവില്‍ ഇല്ല എന്നതുകൊണ്ട് മാത്രം ഇത്തരം സമരങ്ങള്‍ അപ്രസക്തമാകുന്നില്ല. ഫാഷിസ്റ്റ്‌ ശക്തികള്‍ എന്നും ക്രമേണയാണ് പൂര്‍ണമായ രൂപം കൈകൊള്ളുന്നത്‌. അതും ഭൂരിപക്ഷജന സമ്മതിയോട് കൂടെ തന്നെ. സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കാനുള്ള അവരുടെ ശ്രമങ്ങളെ തുടക്കത്തിലേ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനെ ചെറുക്കേണ്ടത്, എല്ലാ സ്വത്വങ്ങള്‍ക്കും അതീതമായ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള ഉത്തരം ന്യൂനപക്ഷവര്‍ഗീയതയല്ല. അത് സമൂഹത്തെ കൂടുതല്‍ ശിഥിലമാക്കുകയും, ഫാഷിസ്റ്റ്‌ പ്രവണതകളെ ശക്തിപ്പെടുത്തുകയും ചെയ്യും. അതിനാല്‍, ഹിംസയുടെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സവര്‍ണഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ സര്‍ഗാത്മകതയിലൂടെയും കലയിലൂടെയും പ്രചരിപ്പിക്കുന്ന ഇത്തരം മനുഷ്യസംഗമങ്ങള്‍ ഉചിതവും പ്രസക്തവുമായ ഒരു സമരമുറ തന്നെ.


[Published in 'Azhimukham' on 23.12.2015 as http://www.azhimukham.com/news/8749/people-against-fascism-manushya-sangamam-sang-parivar-manu-sebastian]

Sunday, 13 December 2015

സുല്‍ത്താന(കഥ)


അഴിമുഖത്തിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകളെ അവള്‍ കൌതുകത്തോടെ നോക്കി നിന്നു. ദേശങ്ങളും മലകളും കടന്ന നദിയുടെ നീണ്ട യാത്രയ്ക്ക് ശാന്തമായ ഒരു പരിസമാപ്തി കടലിന്‍റെ ഭ്രാന്തമായ തിരയിളക്കം മൂലം അസാധ്യമായി. കടലിന്‍റെ തിരകള്‍ നിര്‍ദയം നദിയെ വിഴുങ്ങി കൊണ്ടിരുന്നു. വാനപ്രസ്ഥത്തില്‍ എല്ലാം ബ്രഹ്മസാഗരത്തില്‍ അര്‍പ്പിക്കുന്ന യോഗിയെ പോലെ, നദി കടലിനോടൊപ്പം ചേര്‍ന്ന് ഇല്ലാതെയായി. കടലും നദിയും തമ്മിലുള്ള സമ്മേളനത്തിന്റെ തിരയിളക്കത്തില്‍, അവിടെ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ ആടിയുലഞ്ഞു. തങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളില്‍ ബോട്ടുകള്‍ സമ്മര്‍ദം ചെലുത്തികൊണ്ടിരുന്നു. കരയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഭേദിച്ച് കടലിന്‍റെ തുറസ്സായ അനന്തതയിലെക്കും സ്വാതന്ത്ര്യത്തിലെക്കും കുതിക്കുവാന്‍ അക്ഷമാരായികൊണ്ട്.

‘അല്‍-ഹുദ’, ‘മുബാറക്’, ‘ബിസ്മില്‍’, ‘നസീബ്’, ‘അക്ബര്‍’ ഇങ്ങനെയൊക്കെ പേരുകളുള്ള ബോട്ടുകള്‍. അടുത്തടുത്തായി കെട്ടിയിട്ടിരുന്ന ഇവ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയും മുട്ടിയും കലപില ഉണ്ടാക്കികൊണ്ടിരുന്നു. ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു, അല്പം മാറിയാണ് ‘സുല്‍ത്താന’ കിടന്നിരുന്നത്. ഒരു പെണ്ണിന്‍റെ നാണവും പക്വതയും. നല്ല പച്ച നിറം പൂശി സുന്ദരിയായാണ് കിടക്കുന്നത്. മുന്‍ഭാഗത്ത്‌ ഇരു വശങ്ങളിലുമായി, വിടര്‍ന്ന പീലികളുള്ള ഒരു കണ്ണിന്റെ പടം; അതിന്‍റെ മീതെ ‘സുല്‍ത്താന’ എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. കടലിന്‍റെ കാറ്റും കോളും ഒക്കെ കുറെ കണ്ടതിന്റെ ഇരുത്തം വന്ന ഭാവവുമുണ്ട്. തന്‍റെ യാത്ര ‘സുല്‍ത്താന’യിലാകട്ടെ എന്ന് അവള്‍ തീരുമാനിച്ചു.

“ഇഷിത”. വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി. ഷെമീര്‍ നടന്നു വരുന്നത് അവള്‍ കണ്ടു. മുന്‍പിലുള്ള പൂഴിമണ്ണ് തട്ടിതെറുപ്പിച്ച്, ഇരുവശത്തേക്കും ഇടയ്ക്കിടെ നോക്കി നല്ല പ്രൌഡഗംഭീരമായ നടത്തം. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും അവനു നന്നായി ചേരുന്നുണ്ടായിരുന്നു. അടുത്ത് വന്നതും അവന്‍ അവളെ ഔപചാരികതയോടെ ആലിംഗനം ചെയ്തു. ആഫ്റ്റര്‍ ഷേവ് ലോഷന്റെ രൂക്ഷ ഗന്ധം അവളെ അസ്വസ്ഥയാക്കി.
“ഇഷിത ദത്ത! വാട്ട്‌ എ പ്ലെസന്റ്റ് സര്‍പ്രൈസ്! എങ്ങനെയുണ്ട് ഞങ്ങളുടെ പൊന്നാനി കടപ്പുറം.” അവന്‍ ഉത്സാഹത്തോടെ ചോദിച്ചു. “ഇത് കണ്ടോ, ഈ അഴിമുഖം. ഇവിടെയാണ്‌ ഭാരതപുഴ കടലില്‍ ചേരുന്നത്.”
“അറിയാം. ഞാന്‍ നെറ്റില്‍ വായിച്ചിരുന്നു.” ഇഷിത മന്ദഹസിച്ചു.

ഷെമീര്‍ അവളെ ആശ്ചര്യത്തോടെ ഒന്ന് നോക്കി. ഇനി എന്താണ് പറയേണ്ടത് എന്ന് അറിയില്ലാത്ത പോലെ. പറയാന്‍ ഉദ്ദേശിച്ചതെല്ലാം ഒറ്റ വാചകത്തില്‍ തീര്‍ന്ന പോലെ.
“ഇഷിത, സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. നിന്റെ ഈ വരവ് തീരെ പ്രതീക്ഷിക്കാത്തതാണ്. എനിക്ക് കുറച്ചു വിചിത്രമായി തോന്നുന്നുണ്ട്.”
“വിചിത്രമോ? ഹാഹാ.” അവള്‍ ചിരിച്ചു. “പണ്ട് കോളേജില്‍ കൂടെ പഠിച്ച സുഹൃത്ത്‌, ഇപ്പോള്‍ വലിയ ഒരു മീന്‍ പിടിത്തക്കാരനായി എന്ന് അറിഞ്ഞ സന്തോഷത്തില്‍ വന്നതാണ്.”

അവന്റെ മുഖത്തെ നീരസഭാവം അവള്‍ ശ്രദ്ധിച്ചു. “ഓ, മീന്‍പിടിത്തക്കാരന്‍ എന്ന് പറഞ്ഞത് ഇഷ്ടപെട്ടില്ലായിരിക്കും. എന്നാല്‍, ഫിഷ്‌ എക്സ്പോര്‍ട്ടര്‍. എന്താണ് നിന്റെ കമ്പനിയുടെ പേര്. ‘അല്‍-ഹുദ സീ പ്രോടക്ട്സ്’ അല്ലെ. ഇപ്പോള്‍ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പോര്ട്ടിംഗ് കമ്പനിയാണെന്ന് ഒക്കെ ഞാന്‍ പത്രത്തില്‍ വായിച്ചു. അപ്പോള്‍ നേരിട്ട് കണ്ടു അനുമോദിക്കേണ്ടത് ഒരു പഴയ സഹാപാടി എന്ന നിലയ്ക്ക് എന്‍റെ കടമയല്ലേ”
“എന്തായാലും അഞ്ചു വര്ഷം നിയമം പഠിച്ചിട്ടും, മീന്‍ പിടിക്കാനുള്ള നിന്റെ കഴിവിന് കുറവൊന്നും വന്നില്ല എന്നുള്ളത് അത്ഭുതം തന്നെ. സാധാരണ ഗതിയില്‍ നിയമം പഠിച്ചു കഴിഞ്ഞാല്‍ അവരെ പിന്നെ വേറെ ഒന്നിന്നും കൊള്ളത്തില്ല” അവള്‍ തുടര്‍ന്നു. “എന്താണ് മാഷേ ഇനിയും ഗൌരവം വിട്ടില്ലേ. ഇനി നിന്നെ നിന്റെ കമ്പനിയിലെ ഡിസിഗ്നയ്ഷന്‍ വച്ച് വിളിച്ചാലേ തൃപ്തി വരുവുള്ളൂ? ഓ, നീ പണ്ടേ ഒരു ഫ്യുടല്‍ ബൂര്‍ഷ്വാ ആണല്ലോ. എന്തായാലും സമയം കളയണ്ട. വാ, നമുക്ക് ബോട്ടില്‍ കയറാം. എനിക്ക് ‘സുല്‍ത്താന’യില്‍ കയറിയാല്‍ മതി.”
“ഇഷിത ആര്‍ യു സീരിയസ് എബൌട്ട്‌ ദിസ്‌? ഇത് കുട്ടികളിയല്ല”
“സീരയസാണോ എന്നോ? അല്ലെങ്കില്‍ പിന്നെ ഞാന്‍ കഷ്ടപ്പെട്ട് എന്തിനു മുംബൈയില്‍ നിന്ന് ഇവിടെ വരണം. ഐ ആം വെരി സീരിയസ്”
“ഫിഷിംഗ് ബോട്ടില്‍ കയറണം എന്ന് പറഞ്ഞു മുംബൈയില്‍ നിന്ന് പൊന്നാനി വരെ വരിക!! നിനക്ക് വട്ടാണ് ഇഷിത. ഇനി ബോട്ടില്‍ കയറണം എന്ന് നിര്‍ബന്ധമാണെങ്കില്‍ മുംബൈയില്‍ ഉണ്ടല്ലോ കുറെ ഹാര്‍ബരുകള്‍. ഇവിടെ വരെ എന്തിനു വരണം?
“അവിടെ എനിക്ക് ആരെയും അറിയില്ലല്ലോ. സ്വന്തമായി ഫിഷിംഗ് കമ്പനി ഉള്ള നീ സുഹൃത്തായി ഉള്ളപ്പോള്‍ ഞാന്‍ എന്തിനു വേറെ ആളുകളോട് അന്വേഷിക്കണം?എന്‍റെ എല്ലാ വിധ ഭ്രാന്തിനും കൂട്ട് നിന്നിട്ടുള്ളവനല്ലേ നീ. എനിക്ക് ഉറപ്പായിരുന്നു നീ സമ്മതിക്കും എന്ന്”
“അതൊക്കെ കോളേജില്‍ അല്ലേ ഇഷിത? ഇപ്പോള്‍ നമ്മള്‍ കുട്ടികളല്ല. എനിക്ക് ഇത് ഒരു ഭ്രാന്തായി തന്നെയാണ് തോന്നുന്നത്. ഫേസ്ബുക്കില്‍ നിന്‍റെ മെസ്സേജ് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു നീ തമാശ പറയുകയായിരിക്കും എന്ന്. നീ ശരിക്കും ഇവിടെ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. എന്താണ് നിനക്ക് ഫിഷിംഗ് ബോട്ടില്‍ കയറണമെന്ന് ഇത്ര ആഗ്രഹം.? നീ കരുതുന്നത് പോലെ അത്ര സുഖകരമൊന്നുമല്ല ഇതിലെ യാത്ര.”
“പ്ലീസ്‌ ഷെമീര്‍. നമുക്ക് വാദപ്രതിവാദങ്ങള്‍ നിര്‍ത്താം. ഞാന്‍ മെസ്സേജ് അയച്ചപ്പോള്‍ തന്നെ സൂചിപ്പിച്ചുരുന്നു. ഇതൊരു ഭ്രാന്തന്‍ ആശയമായി നിനക്ക് തോന്നാം. പക്ഷെ എനിക്ക് ഇത് പ്രധാനപെട്ടതാണ്. നിനക്ക് എന്നോട് എന്തെങ്കിലും സൗഹൃദം ബാക്കിയുണ്ടെങ്കില്‍ എന്‍റെ ആഗ്രഹം നടത്തിതരണം”.

ആകട്ടെ എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി. തന്‍റെ തൊഴിലാളികളെ വിളിച്ച് സുല്ത്താനയെ ഒരുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. നാണംകുണുങ്ങി വരുന്ന മണവാട്ടിയെ പോലെ സുല്‍ത്താന ഹാര്‍ബരിലേക്ക് അടുത്തു.
ബോട്ടിന്റെ സ്രാങ്ക് അര്‍ത്ഥഭാവത്തില്‍ ഒരു നോട്ടമെറിഞ്ഞു.
“ഒന്നുമില്ല ഇക്ക. വെറുതെ ഒരു മണിക്കൂര്‍ കടലിലോന്നു കറങ്ങിയാല്‍ മതി. ഇത് ഇഷിത ദത്ത. മുംബൈയില്‍ എന്‍റെ കൂടെ പഠിച്ചതാണ്. നമ്മുടെ നാടും കടലുമൊക്കെ ഒന്ന് കാണാന്‍ ഇറങ്ങിയതാണ്” ഷെമീര്‍ പറഞ്ഞു.
സ്രാങ്ക് ഒരു വഷളന്‍ ഭാവത്തില്‍ ഇഷിതയെ നോക്കി. ഹൃദയം നിറഞ്ഞ ഒരു ചിരി അവള്‍ അയാള്‍ക്ക് സമ്മാനിച്ചു. “അയിനെന്താ. കേറിക്കൊളിന്‍. ഇന്ന് കടല് നല്ലതാണ്” അയാള്‍ പറഞ്ഞു.

പച്ചമീനിന്റെ ഗന്ധം ബോട്ടിനുള്ളില്‍ തങ്ങി നിന്നിരുന്നു. ഇഷിതയ്ക്ക് എന്ത് കൊണ്ട് അത് മത്ത് പിടിപ്പിക്കുന്ന ഒന്നായി തോന്നി. ഞെരങ്ങിയും മൂളിയും സുല്‍ത്താന ഹാര്‍ബറില്‍ നിന്ന് തിരിഞ്ഞു. ആദ്യ നിമിഷങ്ങളിലെ സങ്കോചത്തിനു ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ സുല്‍ത്താന കടലിന്‍റെ പരപ്പിലേക്ക് കുതിച്ചു. ഖഡ്ഗം പോലെ മൂര്‍ച്ചയുള്ള ബോട്ടിന്‍റെ മുന്‍കോണുകള്‍ തിരമാലാകളെ മുറിച്ചു മുന്നോട്ടു പാഞ്ഞു. അവള്‍ ബോട്ടിന്‍റെ മുന്‍വശത്തേക്ക് നടന്നു. കടലിന്‍റെ ഗാംഭീര്യവും ബഹുലതയും ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട്, ഈ മഹാപ്രപഞ്ചത്തില്‍ താന്‍ വെറുമൊരു മണല്‍തരിയാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ട്, ആ ബോദ്ധ്യം ചിന്തകളുടെയും വികാരങ്ങളുടെയും എല്ലാ ബന്ധനങ്ങളില്‍ നിന്നും തന്നെ മോചിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അവള്‍ അവിടെ നിന്നു. ദേഹത്ത് അടിക്കുന്ന കടല്‍കാറ്റും മുഖത്ത് തെറിക്കുന്ന ഉപ്പുരസം പുരണ്ട വെള്ളതുള്ളികളും കാണിക്കയായി സ്വീകരിച്ചു പ്രസാദിക്കുന്ന ഒരു ദേവിയെ പോലെ അത്യധികം പ്രീതയായി അവള്‍ അവിടെ നിന്നു. ഷെമീര്‍ അവള്‍ക്ക് അരികിലേക്ക് വന്നു.

“ഏകദേശം ഏഴു വര്‍ഷത്തോളം ആയി അല്ലെ നമ്മള്‍ കണ്ടിട്ട്?”അവന്‍ ചോദിച്ചു.
“അതെ. ഒരു ദിവസം എകനോമിക് ടൈംസില്‍ നിന്റെ കമ്പനിയെ പറ്റി വായിച്ചു. അപ്പോള്‍ തോന്നിയ ഒരു തോന്നലാണ് ഇത്. നിനക്ക് മെസ്സേജ് അയക്കുമ്പോള്‍ എനിക്ക് സംശയമായിരുന്നു നീ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ എന്ന്”
“നിന്നെ മറക്കാനോ? എന്താണ് നീ പറയുന്നത് ഇഷിത! നിന്നെ എനിക്കെങ്ങനെ മറക്കാനാകും.” അവന്‍ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി. “സുന്ദരികളെ ഞാന്‍ ഒരിക്കിലും മറക്കാറില്ല” ഒരു കുസൃതി ചിരിയോടെ അവന്‍ പറഞ്ഞു.
“സുന്ദരിയോ? ഞാനോ? ഹഹഹ” അവള്‍ പൊട്ടിച്ചിരിച്ചു.
“തീര്‍ച്ചയായും. നിന്റെ ഈ ഇളം മഞ്ഞ നിറവും, പതിഞ്ഞ മൂക്കും, പോടിമീനുകളെ പോലെ ചെറിയ കണ്ണുകളും, വിടര്‍ന്ന ചുണ്ടുകളും എല്ലാം എനിക്ക് എന്നും ഇഷ്ടമായിരുന്നു.” അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ബോട്ടിന്റെ ഡീസല്‍ എഞ്ചിന്റെ കടകട ശബ്ദവും കടലിന്‍റെ ഘോരആരവവും അവന്റെ വാക്കുകളെ കുറെയൊക്കെ മുക്കികളഞ്ഞു.
“ഇഷിത, നീ ഓര്‍ക്കുന്നുണ്ടോ നമ്മള്‍ അന്ന് ജോധ്പൂരില്‍ കോളേജ് ഫെസ്റ്റിന് പോയത്. ക്യാമ്പസിന് അരികിലുള്ള വിജനമായ കുന്നിന്‍ചെരുവിലൂടെ നമ്മള്‍ രാത്രിയില്‍ നടന്നത്.”
“ഞാന്‍ അധികമൊന്നും ഓര്‍ക്കുന്നില്ല. തണുപ്പ് സഹിക്കാന്‍ കുറെ റം അകത്താക്കി ഞാന്‍ ബോധമില്ലാതെ നില്‍ക്കുകയായിരുന്നു. നീ ആകട്ടെ തണുപ്പത് വിറച്ചും.” അവള്‍ പറഞ്ഞു.
“അതെ. തണുത്തു വിറങ്ങലിച്ചു നിന്ന എന്നെ നീ കെട്ടിപിടിച്ചു. എനിക്ക് ചൂട് പകരാന്‍. അന്ന് ആദ്യമായി ഞാന്‍ ഒരു പെണ്ണിനെ സ്പര്‍ശിച്ചു. അതും സുന്ദരിയായ ഒരു പെണ്ണിനെ. ഞാന്‍ നിന്നെ ചുംബിച്ചു. നീ അത് സ്വീകരിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളാണ് അവ. മനോഹരമായ ഓര്‍മ്മകള്‍” ഷെമീര്‍ വാചാലനായി.
“നീ അതൊക്കെ ഇപ്പോഴും ഓര്‍ത്തു വെച്ചിരിക്കുകയാണോ? അതൊക്കെ അന്നത്തെ ഓരോ സഹാസം. കൌമാരത്തിന്റെ വിപ്ലവം.”
“എങ്ങനെ മറക്കാനാകും.? സുന്ദരിയായ ഒരു പെണ്ണിനെ ചുംബിച്ച നിമിഷങ്ങള്‍ ഒരു പുരുഷനും ജീവിതത്തില്‍ മറക്കാനാകില്ല.”
“ഇതാണ് നിങ്ങള്‍ ആണുങ്ങളുടെ പ്രധാന കുഴപ്പം. സ്ത്രീയുടെ സൌന്ദര്യം ഒരു വലിയ സംഭവമായി നിങ്ങള്‍ കാണുന്നു. അതിനെ കൊട്ടിഘോഷിക്കുന്നു. അതിനെ പറ്റി കവിതകള്‍ എഴുതുന്നു. അവള്‍ക്കു വേണ്ടി മാളികകളും മഹലുകളും പണിയുന്നു. പക്ഷേ, അവളുടെ മനസ്സ് ഗ്രഹിക്കാന്‍ ആരും ശ്രമിക്കാറില്ല. എല്ലാര്ക്കും വേണ്ടത് സൗന്ദര്യം സ്വന്തമാക്കുക എന്നത് മാത്രമാണ്. അത് കൊണ്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സൗന്ദര്യം പലപ്പോഴും ഒരു ബാധ്യതയാണെന്ന്. ഒരു ശാപം. എല്ലാരും സൗന്ദര്യത്തെ ആരാധിക്കുന്നു. ഇഷ്ടപ്പെടുന്നു. യാതൊരു ഭേധവും വിവേചനവുമില്ലാതെ എല്ലാവരും. അത് കൊണ്ട് തന്നെ അതിനു യാതൊരു സവിശേഷതയും പ്രത്യേകതയും ഇല്ലാതാകുന്നു. എല്ലാവരാലും ഇഷ്ടപ്പെടുന്ന, ആരാധിക്കപ്പെടുന്ന ഒരു ഗുണത്തിന്റെ ഉടമയായി മാത്രം സ്ത്രീ മാറുന്നു. അവളുടെ വ്യക്തിത്വത്തിന്റെ അനന്യതയും സവിശേഷതയും സൗന്ദര്യത്തിന്റെ പ്രഭയില്‍ മുങ്ങിപോകുന്നു. അത് കൊണ്ട് എനിക്ക് പുച്ഛമാണ് ഇങ്ങനെ സൗന്ദര്യത്തെ പ്രകീര്ത്തികുന്നവരെ.”

ഷെമീര്‍ സ്തബ്ധനായി അവളെ നോക്കി.

“ഇഷിത, നിനക്ക് എന്താണ് സംഭവിച്ചത്? എന്താണ് നിനക്ക് വേണ്ടത്? എനിക്ക് നിന്നെ മനസ്സിലാകുന്നില്ല”
“അതെ ഷെമീര്‍, നിങ്ങള്‍ക്കും എന്നെ മനസ്സിലാകുന്നില്ല. എന്നെ അത്രമേല്‍ ഗാഡമായി ചുംബിച്ചിട്ടും, അതിന്‍റെ ഓര്‍മ്മകള്‍ പലതവണ മനസ്സില്‍ അയവിറക്കിയിട്ടും നിങ്ങള്ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതാണ്‌ ഞാന്‍ പറഞ്ഞത്, നിങ്ങള്‍ ആണുങ്ങള്‍ക്ക് സ്ത്രീയുടെ ശരീരം മാത്രമേ സ്വന്തമാക്കാനും അനുഭവിക്കാനും കഴിയുകയുള്ളൂ. അവളുടെ മനസ്സ് നിങ്ങളുടെ കൈപിടിയ്ക്കു വെളിയിലാണ്. നിങ്ങളുടെ കൈകള്‍ എത്താത്ത മനസ്സിന്‍റെ അമൂര്‍ത്തമായ ആ മേഖലയില്‍ മാത്രമേ സ്ത്രീ ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുള്ളൂ.”

“എനിക്കൊന്നും മനസ്സിലാകുന്നില്ല? ഇഷിത, നിനക്ക് എന്താണ് പറ്റിയത്? പറയൂ. എന്നോട് പറയൂ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് നിന്റെ ജീവിതത്തില്‍ സംഭവിച്ചത്?”

“പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അബദ്ധങ്ങളായി അവസാനിച്ചെങ്കിലും ഞാന്‍ ശരിക്കും ആസ്വദിച്ച ചില സാഹസങ്ങള്‍. പിന്നെ കുറെ ആവര്‍ത്തനങ്ങള്‍. പ്രണയവും ആദര്‍ശവും സര്‍ഗാത്മകതയും വിപ്ലവവീര്യവും കത്തിനിന്ന കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അഞ്ചു വര്‍ഷത്തെ കോളേജ് ജീവിതം. ഉപജീവനത്തിനുള്ള വഴികള്‍ തേടുവാന്‍ ആദര്‍ശവും സര്ഗാത്മകതയുമൊക്കെ തടസ്സങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞു എല്ലാരും തന്നെ പ്രായോഗികതാവാദികളായി. നീ ഉള്‍പ്പടെ. കോളേജില്‍ വെച്ച് ‘ബോഹെമിയന്‍സ്’ എന്ന പേരില്‍ റോക്ക് ബാന്‍ഡ് നടത്തിയവനാണ് ഇപ്പോള്‍ മീന്‍കച്ചവടവുമായി നടക്കുന്നത്. ഹഹ. എന്തായാലും, അത് പോലെ ഒരു ഒത്തുതീര്‍പ്പിനും പ്രയോജനവാദത്തിനും ഞാന്‍ തയ്യാറല്ലായിരുന്നു. ജീവിതം ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്നാണെന് ഞാന്‍ മനസ്സിലാക്കി. പക്ഷെ, എനിക്ക് ഒരു തരത്തിലും സമരസപ്പെടാനകാത്ത ചുറ്റുപാടുകളിലേക്കാണ് ഞാന്‍ തിരിച്ചു ചെന്നത്. എന്‍റെ സ്വതന്ത്രമനസ്സും വ്യക്തിബോധവും കുടുംബക്കാരെ ഞെട്ടിച്ചു. വിദ്യാഭാസം എങ്ങനെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു എന്നതിന്റെ ഉദാഹരണമായി എന്നെ ചൂണ്ടി കാണിക്കാന്‍ തുടങ്ങി. എന്തായാലും, അന്നേരവും എന്‍റെ വിപ്ലവവീര്യം കത്തിനശിചിട്ടില്ലായിരുന്നു. ഛത്തിസ്‌ഗഡിലെ മാവോയിസ്റ്റ് മേഖലയില്‍ നിയമസഹായം നല്‍കുന്ന ഒരു സന്നദ്ധസംഘടനയില്‍ ഞാന്‍ ജോലിക്കായി ചേര്‍ന്നു. അവിടത്തെ ബസ്തര്‍ ജില്ലയില്‍. മാവോയിസ്റ്റുകള്‍ ആണെന്ന് ആരോപിക്കപ്പെട്ടു പിടിയിലാകുന്ന ആദിവാസികള്‍ക്ക് നിയമസഹായം നല്‍കുക. പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെ നിയമയുദ്ധം നടത്തുക. ഇതൊക്കെ ആയിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും അര്‍ത്ഥവത്തായി ചെയ്തു എന്ന് തോന്നിപ്പിക്കുന്നത് അതൊക്കെയാണ്‌.
പക്ഷെ, അധികം നാള്‍ ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടു നിന്നില്ല. ഭരണകൂടം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഭരണകൂടം മാത്രമല്ല, അവിടുത്തെ വക്കീലന്മാരും. പുറമേ നിന്ന് വന്ന കുറെ പെണ്‍കുട്ടികള്‍ അവര്‍ക്ക് കിട്ടേണ്ട കേസുകള്‍ കൈവശപ്പെടുത്തുന്നു എന്ന് അവര്‍ക്ക് തോന്നിയതോടെ അവരും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. വിഡ്ഢികള്‍. എന്തായാലും, അവിടെ പ്രാക്ടീസ് തുടരുക ദുഷ്കരമായി. നില്‍ക്കകള്ളിയില്ലാതെ അവിടെ നിന്നും തിരിച്ചു. ജോലിയില്ലാതെ വീട്ടില്‍ തിരിച്ചു കയറുന്നതിനെ പറ്റി ആലോചിക്കാന്‍ പറ്റിയില്ല. രക്ഷപ്പെടാന്‍ എന്നോണം ഒരു വര്‍ഷത്തെ ഉപരിപഠനത്തിനു ചേര്‍ന്നു. വീണ്ടും കാമ്പസില്‍ എത്തിയപ്പോള്‍ എനിക്ക് വീണ്ടും ജീവന്‍ വെച്ചു. എനിക്ക് തോന്നുന്നത് ഞാന്‍ കാമ്പസുകളില്‍ മാത്രം ജീവിക്കാന്‍ പറ്റുന്ന പ്രത്യേക സൃഷ്ടിയാണ്. പുറം ലോകത്ത് എനിക്ക് ശ്വാസം മുട്ടുന്നു. കരയിലിട്ട മീനിനെ പോലെ.”
“അതിനു ശേഷം എന്ത് സംഭവിച്ചു? കോഴ്സ് കഴിഞ്ഞില്ലേ. നിന്റെ വിവാഹ ഫോട്ടോ ഫേസ്ബുകില്‍ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു.”

“അതെ. ഒരു വര്ഷം കൊണ്ട് കോഴ്സ് കഴിഞ്ഞു. അപ്പോഴേക്കും ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. സമൂഹത്തോട് കലഹിച്ചു കൊണ്ട് എന്നും ജീവിക്കാന്‍ ആകില്ല. പ്രത്യേകിച്ച് എന്നെ പോലെ പറയത്തക്ക കഴിവുകള്‍ ഒന്നും ഇല്ലാത്ത ഒരു പെണ്ണിന്. സ്വാതന്ത്ര്യ ബോധം കൊണ്ട് മാത്രം കാര്യമില്ലലോ. നിലനില്‍പ്പിനു ചില ഒത്തുതീര്‍പ്പുകള്‍. അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്‌. ആരുഷ് എന്നാണ് അദ്ധേഹത്തിന്റെ പേര്. ആരുഷ് സെന്‍ഗുപ്ത. ശുദ്ധന്‍. മാന്യന്‍. മുംബൈയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. നല്ല ശമ്പളം. എന്നെ വലിയ കാര്യം. ചുരുക്കത്തില്‍ ജീവിതം ഇപ്പോള്‍ സ്വസ്ഥം. വിപ്ലവം കൈവിട്ടപ്പോള്‍ ജീവിതത്തില്‍ സമാധാനം.”
“അതൊക്കെ വളര്‍ച്ചയുടെ ഒരു ഭാഗമാണ് ഇഷിത. നീ അത് മനസ്സിലാക്കാന്‍ കുറച്ചു വൈകി. ആദര്‍ശവും വിപ്ലവവും സര്‍ഗാത്മകതയും കൊണ്ട് വീട്ടില്‍ അടുപ്പ് പുകയില്ലലോ. അപ്പോള്‍ ചിലപ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങേണ്ടി വരും” ഷെമീര്‍ ചിരിച്ചു.
“പക്ഷെ എന്തോ ജീവിതത്തില്‍ നഷ്ടപെട്ട പോലെ ഒരു തോന്നലുമുണ്ട്. ഇപ്പോള്‍ ഞാന്‍ പക്വമതിയായി എന്ന് എന്‍റെ വീട്ടുകാര്‍ അഭിനന്ദിക്കുന്നു. എങ്കിലും ഞാന്‍ ഒരു ശൂന്യത അനുഭവിക്കുന്നു. പണ്ടത്തെ എന്‍റെ വിപ്ലവകാലഘട്ടത്തില്‍ ഓരോ നിമിഷവും ജീവിക്കുകയാണെന്ന് എനിക്ക് തോന്നുമായിരുന്നു. ഇപ്പോള്‍ പക്ഷെ അതില്ല”
:എന്താണ് നിനക്ക് ഇപ്പോള്‍ ഒരു കുറവ്.? നീ തന്നെ പറഞ്ഞത് പോലെ നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഭര്‍ത്താവ്. സാമ്പത്തിക സുരക്ഷിതത്വം. ഇതൊക്കെ ഉണ്ടല്ലോ നിനക്ക്. പിന്നെ എന്താണ് പ്രശ്നം.”
“സ്വാതന്ത്ര്യം.! അതില്ല.”
“സ്വാതന്ത്ര്യം ഇല്ലെന്നോ.? എന്നിട്ടാണോ നീ ഇങ്ങനെ പൊന്നാനി കടലില്‍ ഒരു അന്യപുരുഷനോടൊപ്പം ഒരു ബോട്ടില്‍ കറങ്ങി നടക്കുന്നത്.”

“സ്വാതന്ത്ര്യത്തെ പറ്റി നിങ്ങള്‍ എന്താണ് ധരിച്ചിരിക്കുന്നത്‌. സ്വാതന്ത്ര്യം എന്നത് കേവലം തോന്നിയ പോലെ നടക്കാനും തന്നിഷ്ടം പ്രവര്‍ത്തിക്കാനുമുള്ള സാധ്യതകളല്ല. പൂര്‍ണവും ഉദാത്തവുമായ സ്വാതന്ത്ര്യം ഒരാളെ തന്‍റെ വ്യക്തിത്വത്തിന്റെ യഥാര്‍ത്ഥ സത്ത നിര്‍ഭയം വെളിപ്പെടുത്താന്‍ അനുവദിക്കുന്നതാണ്. ഞാന്‍ ആരാണെന്നു ലോകത്തിനു മുന്നില്‍ വെട്ടിതുറന്നു പറയാനുള്ള സാഹചര്യം. അത്തരം ഒരു ആത്മാവിഷ്കാരം, സ്വന്തം സ്വപ്നങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞു അവയെ സാക്ഷത്കരിക്കുമ്പോള്‍ മാത്രമേ സംഭവിക്കൂ. പക്ഷെ, എനിക്ക് അത് സാധ്യമല്ല. യഥാര്‍ത്ഥ എന്നെ ഒളിപ്പിച്ചു വെച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ഒരു വേഷം ആടുകയാണ്. എന്‍റെ ഉള്ളിലെ എന്‍റെ യഥാര്‍ത്ഥ ഞാന്‍ പുറത്തു വരാന്‍ വെമ്ബുന്നുണ്ട്. അവളുടെ കരച്ചിലും മന്ത്രണങ്ങളും എനിക്ക് എന്നും കേള്‍ക്കാം. അങ്ങനെ ഒരു അവസ്ഥയിലെ സംഘര്‍ഷം നിങ്ങള്ക്ക് ഊഹിക്കാന്‍ ആകുമോ. എന്‍റെ ഭര്‍ത്താവ് ആരുഷ് ഒരു പാവമാണ്. നല്ല മനുഷ്യനാണ്. പക്ഷെ പലപ്പോഴും അദ്ധേഹത്തിന്റെ സാധാരണത്വത്തിനോട് എനിക്ക് പലപ്പോഴും പുച്ഛം തോന്നുന്നു. എന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം, എന്‍റെ വിശ്വരൂപം, അദ്ദേഹത്തിന് ഗ്രഹിക്കാനവില്ല. ഷെമീര്‍ കടലിലെ മഞ്ഞുകട്ടകള്‍ കണ്ടിട്ടുണ്ടോ? ടൈറ്റാനിക് തകര്‍ത്ത പോലെയുള്ള? ഏകദേശം തൊണ്ണൂറു ശതമാനവും അവ വെള്ളത്തിന്‌ കീഴില്‍ ആയിരിക്കും. പത്തു ശതമാനമേ വെളിയില്‍ കാണൂ. അത് പോലെയാണ് ഞാനും. എന്‍റെ വ്യക്തിത്വത്തിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ഞാന്‍ പുറത്തു പ്രകിടിപ്പിക്കുന്നുള്ളൂ. അതിനുള്ള സ്വാതന്ത്ര്യമേ എനിക്കുള്ളൂ. ഞാന്‍ ആരെന്നു ഞാനും അറിയുന്നില്ല. അത് പോലെ മറ്റാരും അറിയുന്നില്ല”

“ഹും” ഷെമീര്‍ ഒന്ന് അമര്‍ത്തി മൂളി. “ആളുകള്‍ക്ക് പലവിധ പ്രശ്നങ്ങള്‍. ചിലര്‍ക്ക് പട്ടിണി; ചിലര്‍ക്ക് തൊഴിലില്ല്ലായ്മ; മറ്റു ചിലര്‍ക്ക് മാരകരോഗങ്ങള്‍. ഇതൊന്നും ഇല്ലാത്ത ചിലര്‍ക്കാകട്ടെ ഇങ്ങനെ ചില സാങ്കല്‍പ്പിക പ്രശ്നങ്ങളും.”

“നീ എന്നെ പരിഹസിക്കുകയാണ്. ഒരാളുടെ നിലനില്‍പ്പിനായുള്ള അടിസ്ഥാനപ്രശ്നങ്ങളാണ് അയാളുടെ അസ്തിത്വപ്രശ്നങ്ങളെക്കാള്‍ ഗൌരവമുള്ളത് എന്ന് ഞാന്‍ കരുതുന്നില്ല. ഇത് ഞാന്‍ യഥാര്‍ത്ഥത്തില്‍ നേരിടുന്ന മനസന്ഘര്‍ഷം സൃഷ്ടിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. അതാണ്‌ ഞാന്‍ ആദ്യം പറഞ്ഞത്, ഇതൊന്നും ആര്‍ക്കും മനസ്സിലാകില്ല എന്ന്. ഭക്ഷണവും മറ്റു ജൈവികആവശ്യങ്ങള്‍ കൊണ്ട് മാത്രം മനുഷ്യന്‍ തൃപ്തനാകും എന്ന് ഷെമീര്‍ കരുതുന്നുണ്ടോ?”

“എനിക്കറിയില്ല ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍. ഞാന്‍ വെറുമൊരു മീന്‍പിടുത്തക്കാരന്‍. പക്ഷെ, നിന്റെ ഈ ബോട്ട് യാത്ര എങ്ങനെ ഒരു പരിഹാരമാകും.”
“ഹഹ. നീ വീണ്ടും എന്നെ പരിഹസിക്കുന്നു. പത്രത്തില്‍ നിന്റെ ഫിഷിംഗ് ബോട്ടുകളുടെ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയ ഒരു പൂതിയാണ്. അപ്പോള്‍ തന്നെ നിനക്ക് മെസ്സേജ് ചെയ്തു. കേരളത്തില്‍ ഒരു പഴയ സുഹൃത്തിന്റെ കല്യാണത്തിന് പോവുകയാണെന്ന് ഭര്‍ത്താവിന്റെ അടുത്ത് കള്ളം പറഞ്ഞു. ഇത് പോലെ എന്തെങ്കിലും ഭ്രാന്തമായി ചെയ്തില്ല എങ്കില്‍, എനിക്ക് ജീവിച്ചിരിക്കുന്നത്‌ പോലെ തോന്നില്ല ഷെമീര്‍. ദയവായി എന്നെ മനസ്സിലാക്കൂ. ഇത് എന്‍റെ ആത്മാവിന്റെ ഭക്ഷണമാണ്.”
“നമുക്ക് തിരികെ പോകാം. ഡീസല്‍ അധികം അടിച്ചിട്ടില്ല” ഷെമീര്‍ ഒരു അരസികനെ പോലെ പറഞ്ഞു.
കടല്‍ക്കരയിലെ പള്ളിയില്‍ നിന്ന് വാങ്ക് വിളിക്കുന്നത്‌ കേട്ടു. ബോട്ട് കടല്‍ക്കരയിലേക്ക്‌ അടുത്ത്. ഒരു ശീലമെന്നോണം, കടല്‍കാക്കകള്‍ ബോട്ടിന് ചുറ്റും പറന്നു ബഹളമുണ്ടാക്കി. മീനുകള്‍ ഒന്നും ഇല്ലയിരിന്നിട്ടും.
“ഇനി എന്താണ് നിന്റെ പരിപാടി? എന്‍റെ വീട്ടിലേക്കു വരൂ. ഭാര്യ, കുട്ടികള്‍ ഇവരെയൊക്കെ കാണാം” ബോട്ടില്‍ നിന്ന് ഇറങ്ങവേ ഷെമീര്‍ പറഞ്ഞു.
“ഇല്ല ഷെമീര്‍. ഒരു തരത്തിലുള്ള ഔപചാരിക കൂടിക്കാഴ്ചയ്ക്കും ഞാന്‍ ഇല്ല. അത് കൊണ്ടാണ് നേരിട്ട് ഇവിടെ കടല്‍കരയില്‍ തന്നെ സന്ധിക്കാം എന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് സമയം വിലപ്പെട്ടതാണ്‌. ഔപചാരികതകളില്‍ കളയാനുള്ളതല്ല. വന്നത് പോലെ ഞാന്‍ പൊയ്ക്കൊള്ളാം” അവള്‍ പറഞ്ഞു. നന്ദിസൂചകമായി അവനെ ആലിംഗനം ചെയ്തിട്ട് അവള്‍ നടന്നകന്നു.


അഴിമുഖത്ത് അവസാനിക്കുന്ന നിളയ്ക്ക് സമാന്തരമായി റോഡിലൂടെ വിമാനതാവളത്തിലേക്ക് യാത്ര ചെയ്യവേ അവള്‍ വെറുതെ ആലോചിച്ചു സുല്‍ത്താനയുടെ യാത്ര അഴിമുഖത്ത് അവസാനിക്കാതെ, നിളയിലൂടെ തുടര്‍ന്നിരുന്നുവെങ്കില്‍; അതെ, നിളയുടെ ഉത്ഭവം തേടി, അവളുടെ ജീവിതപന്ഥാവിലൂടെ തിരിച്ചൊരു യാത്ര. അങ്ങേയൊരു യാത്ര എവിടെ വരെ തുടരും? നിളയിലെ മണല്‍പുറ്റുകളില്‍ സുല്‍ത്താന പൂണ്ടുപോകുമോ? നിളതീരം പരിപോഷിപ്പിച്ച ജ്ഞാനികളുടെയും ദാര്‍ശനികരുടെയും ആത്മാക്കളെ സുല്‍ത്താനയുടെ വരവ് ഉണര്തുമോ?സുല്‍ത്താനയ്ക്കുള്ളില്‍ മത്സ്യഗന്ധിയായ തന്നെ കണ്ട് അവര്‍ അനുരക്തരാകുമോ? അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട് ശേഖരിക്കപ്പെട്ട ജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ബീജങ്ങള്‍ തന്നില്‍ നിക്ഷേപിക്കപ്പെടുമോ? അത് വഴി ജീവിതത്തോടെ പ്രേമമല്ലാതെ മറ്റൊന്നുമില്ലാത്ത സര്‍ഗസമ്പന്നരായ ഒരു തലമുറയ്ക്ക് ജന്മം നല്‍കാന്‍ തനിക്കാകുമോ?  

Saturday, 12 December 2015

ഇക്സ്കാനൂളും 100 യെന്‍ ലവും; സ്ത്രീ ജീവിതത്തിന്‍റെ സമാനതകള്‍

ഈ വര്‍ഷത്തെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ പ്രമേയങ്ങളിലൊന്നു സ്ത്രീ ശാക്തീകരണമാണ്. ആ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപെട്ട രണ്ടു ശ്രദ്ധേയ സിനിമകളാണ് ജപ്പാനില്‍ നിന്നുള്ള ‘100 യെന്‍  ലവ്’ ഉം ഗ്വാടിമാലയില്‍ നിന്നുള്ള ‘ഇക്സ്കാനുള്‍’(Ixcanul)ഉം. പ്രതിബന്ധങ്ങള്‍ ഭേദിച്ച് പുറത്തുവരാന്‍ വെമ്പുന്ന സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ സിനിമകളില്‍ പ്രതിഫലിക്കുന്നത്.


സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലയെന്നും പുരുഷന്‍റെ നിയന്ത്രണത്തില്‍ മാത്രമേ അവള്‍ക്കു സന്തോഷവും സുരക്ഷയും ലഭിക്കുകയെന്നും ഉദ്ഘോഷിച്ച മനുസ്മൃതിവാദങ്ങളുടെ അലകള്‍ പരിപോഷിപ്പിച്ച ആര്‍ഷസംസ്കാരമാണ് നമ്മുടേത്‌. അത്തരം ചിന്തകള്‍ ഇന്നും മുഖ്യധാരയില്‍ ശക്തമായി നില്കുന്നു. മറ്റു സംസ്കാരങ്ങളിലും സ്ത്രീകളുടെ സ്ഥിതി വലിയ വ്യതസ്തമല്ല എന്ന് ഈ സിനിമകളിലൂടെ വെളിവാകുന്നു. സാമ്പത്തികപുരോഗതി നേടിയ ജപ്പാനിലായാലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വടിമാലയിലായാലും. പൂര്‍ണവും ശുദ്ധവുമായ സ്വാതന്ത്ര്യം മിക്ക സംസ്കൃതികളിലും സ്ത്രീയ്ക്ക് അപ്രാപ്യമാണ്. സ്വാതന്ത്ര്യം എന്നത് കേവലം തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസ്ഥാവിശേഷമല്ല. ഉദാത്തമായ സ്വാതന്ത്ര്യം എന്നത് ഒരുവന് തന്റെ വ്യക്തിത്വതിറെ സത്ത എന്തെന്ന് തിരിച്ചറഞ്ഞ്, തന്‍റെ ആത്മാവിഷ്കാരം സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സാക്ഷത്കാരത്തിലൂടെ സാധ്യമാക്കാന്‍ സഹായിക്കുന്ന സാഹചര്യങ്ങളാണ്. ആ ഒരു അവസ്ഥയില്‍ മാത്രമേ സ്ഥായിയായ സന്തോഷം കരസ്ഥമാകൂ. കുടുംബവും സമൂഹവും അടിച്ചേല്പിക്കുന്ന ചട്ടകൂടിനുള്ളില്‍ പലപ്പോഴും ഒരു സ്ത്രീയ്ക്ക് തന്‍റെ അനന്യതയും സവിശേഷതയും ഒളിപ്പിച്ചുവെച്ച്, പരമ്പരാഗതമായി അവള്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന വേഷങ്ങള്‍ അണിഞ്ഞു ജീവിക്കേണ്ടി വരുന്നു. അത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ് ഈ സിനിമകളിലെ കേന്ദ്ര സ്ത്രീ കഥാപാത്രങ്ങള്‍.


ഗ്വടിമാലയിലെ ഗിരിവര്‍ഗക്കാരുടെ ഇടയിലാണ് ‘ഇക്സ്കാനുള്‍’ അരങ്ങേറുന്നത്. ഒരു അഗ്നിപര്‍വതത്തിന്‍റെ താഴ്വരയിലുള്ള കര്‍ഷക കുടുംബത്തിലെ അംഗമാണ് ഇതിലെ നായികയായ മരിയ. ഒരു കാപ്പിതോട്ടത്തില്‍ പണിയെടുത്താണ് അവര്‍ ഉപജീവനം തേടുന്നത്. മരിയയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ കപ്പിതോട്ടത്തിലെ മാനേജരുമായി അവളുടെ വിവാഹം ഉറപ്പിക്കപെടുന്നു. ആ വിവാഹബന്ധം തങ്ങളുടെ കുടുംബത്തിനു സ്ഥിരതയും പുരോഗതിയും നല്‍കുമെന്നതിനാല്‍ അവളുടെ കുടുബമം വളരെ സന്തോഷത്തില്‍ ആണ്. പക്ഷെ അവളുടെ മനസ്സു അവള്‍ക്ക് പോലും ഗ്രഹിക്കനാകാത്ത മറ്റ് എന്തിനെയോക്കെയാണോ തേടുന്നത്.

100 യെന്‍ ലവ്’ ജപ്പാനിലെ തൊഴിലാളിവര്‍ഗസമൂഹത്തിലാണ് അരങ്ങേറുന്നത്. അലസയും ഉദാസീനയുമാണ്‌ ഇതിലെ നായികയായ ഇച്ചിക്കോ. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തുന്ന കടയുടെ നടത്തിപ്പിലോന്നും യാതൊരു താല്‍പര്യവുമില്ലാതെ, ദിവസം മുഴുവന്‍ ബോക്സിംഗ് മാച്ചുകള്‍ കണ്ടു അവള്‍ തള്ളിനീക്കുന്നു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്, അവള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുകയും, ഒരു സൂപ്പര്‍മാര്‍കറ്റില്‍ കാഷ്യരായി ജോലി ചെയ്തു സ്വന്തമായി ജീവിക്കുകയും ചെയ്യുന്നു.

ഈ രണ്ടു കഥാപാത്രങ്ങളും തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് അന്യതാബോധം അനുഭവിക്കുന്നവരും, തങ്ങളുടെ പരിതസ്ഥിതികളെ ഭേദിച്ചു പുറത്തേക്കു കുതിക്കാന്‍ വെമ്പുന്നവരുമാണ്. അഗ്നിപര്‍വതത്തിനു വെളിയിലുള്ള അമേരിക്ക എന്ന സ്വപ്നനാടിനെ കുറിച്ച് അറിയുന്ന മരിയ, അവിടേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു. ഇച്ചിക്കോയ്ക്ക് ആകട്ടെ, ജീവിതത്തില്‍ ആകെപ്പാടെ അഭിനിവേശം തോന്നിയിട്ടുള്ളത് ബോക്സിങ്ങിനോടാണ്. ഇരുവരും തങ്ങളുടെ സ്വപ്നങ്ങളെ പ്രതിനിധാനം ചെയ്യുന്ന പുരുഷന്മാരോട് പ്രണയത്തിലാകുന്നു--അമേരികയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന പെപെയോടു മരിയയും, ബോക്സിംഗ് മത്സരത്തിനു പരിശീലിക്കുന്ന യൂജിയുമായി ഇച്ചിക്കോയും. ആ പുരുഷന്മാരേക്കാള്‍ തങ്ങളുടെ തന്നെ സ്വപ്നങ്ങളെയാണ് അവര്‍ ഉപബോധമനസ്സില്‍ പ്രണയിക്കുന്നത്‌. എന്നാല്‍, ഈ രണ്ടു പുരുഷന്മാരും ദുര്‍ബലരും ഭീരുക്കളുമായി പരിണമിക്കുകയും, ഇരുവരെയും കൈയൊഴിയുകയും ചെയ്യുന്നു.


ജീവിതം പ്രതിസന്ധിയിലാകുന്ന അത്തരം വേളയില്‍, രണ്ടു സ്ത്രീകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്നു. പെപെയുമായുള്ള ബന്ധത്തില്‍ മരിയ ഗര്‍ഭവതിയാകുന്നു. അതോടെ അവളുടെ കുടുംബം സമൂഹത്തില്‍ ഒറ്റപെടുന്നു. അവളുടെ അച്ഛന് കപ്പിതോട്ടത്തിലെ ജോലി നഷ്ടമാകുന്നു. ജീവിക്കുവാന്‍ ഏക മാര്‍ഗം സ്വന്തമായി കൃഷി ചെയ്യുക എന്നതാണ്. പക്ഷെ ഉഗ്രവിഷമുള്ള പാമ്പുകളെ കൊണ്ട് നിറഞ്ഞ അവരുടെ സ്ഥലത്ത് കൃഷി ദുഷ്കരം. ഗര്‍ഭിണികള്‍ക്ക് പാമ്പുകളെ ഓട്ടിപായിക്കുവനുള്ള സിദ്ധികലുണ്ടെന്ന ഗോത്രവിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍, അവയെ പലായനം ചെയ്യിക്കാനുള്ള ഒരു സാഹസത്തിനു മുതിര്‍ന്നു കൊണ്ട് മരിയ തന്‍റെ പോരാട്ടവീര്യം പ്രകടമാക്കുന്നു.

അതെ സമയം, ജീവിത്തില്‍ തികച്ചും ഒറ്റപ്പെടുന്ന ഇചിക്കോ, ബോക്സിംഗ് പരിശീലനത്തിന് ചേരുന്നു. ജീവിതത്തോടും സമൂഹത്തോടും ഉള്ള തന്‍റെ സര്‍വ ദ്വേഷവും അവള്‍ ബോക്സിങ്ങിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ്.

പക്ഷെ, ഇരുവരും തങ്ങളുടെ പോരാട്ടത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മരിയയ്ക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. ഇചിക്കോ ബോക്സിംഗ് മത്സരത്തില്‍ തോല്‍ക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങള്‍ കൊണ്ട് മാത്രം കീഴ്പെട്ടു പോകുന്ന ഇവര്‍ പരാജയത്തിലും തലയുയര്‍ത്തി നില്കുന്നു. ഒന്നുമില്ലെങ്കിലും, തങ്ങളെന്താനെന്നും തങ്ങള്‍ക്കു ജീവിതത്തില്‍ എന്താണ് വേണ്ടതെന്നും വിളിച്ചുപറയാനുള്ള ആര്‍ജവം അവര്‍ പ്രകടമാക്കുന്നു.

ഘടനയിലും ആഖ്യാനത്തിലും ഇരു ചിത്രങ്ങളും വളരെ വ്യതസ്തമാണ്. ലളിതവും സരസവുമായ ‘100 യെന്‍ ലവ്’ ഒരു സത്യന്‍ അന്തികാടന്‍ ചിത്രം കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതെ സമയം, ഗഹനവും സങ്കീര്‍ണവുമായ ബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ് ‘ഇക്സ്കാനുല്‍’. അല്പം കൂടി കലാമേന്മ അവകാശപ്പെടാവുന്നതും ‘ഇക്സ്കാനുലിനു’ തന്നെയാണ്. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകടമാക്കാന്‍ ശ്രമിക്കുകയും, തങ്ങളുടെ അഭിലാഷങ്ങളെ നിര്‍ഭയം പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്ത ഈ രണ്ടു സ്ത്രീകഥാപാത്രങ്ങളും ആസ്വാദകരുടെ മനസ്സ് ആര്ദ്രമാക്കുന്നു. നിര്‍ജീവമായ ഒരു പൊങ്ങുതടി പോലെ തെന്നി നീങ്ങുന്നതിലും ശ്രേഷ്ഠത, ഒഴുക്കിനെതിരേ നീന്താന്‍ ശ്രമിച്ചു മുങ്ങി താഴുന്നതിലാണ്. 

Tuesday, 8 December 2015

‘ദി ക്ലബ്‌'- മതവിശ്വാസത്തിന്റെ അനാവരണം





"മതത്തിന്റെ വിമര്ശനം മനുഷ്യനെ അവന്റെ മിഥ്യാലോകത്ത് നിന്ന് മോചിപ്പിച്ച്‌ അവനെ ചിന്തിക്കാനും പ്രവർത്തിക്കാനും ശക്തനാക്കുന്നു. മിഥ്യയിൽ നിന്നുള്ള മോചനം അവനു ബോധം തിരിച്ചു നല്കുന്നു. അതോടെ അവൻ തന്നെയാകുന്നു അവൻ പ്രദക്ഷിണം വെക്കുന്ന സൂര്യൻ. തനിക്കു ചുറ്റും പ്രദക്ഷിണം വെക്കാൻ തയ്യാറാകാത്ത മനുഷ്യന്റെ വ്യാജ സൂര്യനാണ് മതം"- കാറൽ മാര്ക്സ് .


മതം മർദ്ദിതന്റെ നിശ്വാസം ആണെന്നും ഭൌതിക സാഹചര്യങ്ങളുടെ പരിമിതികളാണ് മതവിശ്വാസം വളരാൻ വഴിയൊരുക്കുന്നതും എന്നുള്ള മാർക്സിന്റെ നിരീക്ഷണങ്ങൾ പ്രസിദ്ധമാണ്. പക്ഷെ,മാർക്സ് നിരീക്ഷിച്ച  പോലെകേവലം ഒരു ഭൌതിക പ്രതിഭാസമായി മാത്രം മതത്തിനെ കാണാനാവില്ല. പലപ്പോഴും. അത് ഒരുവന്റെ അസ്തിത്വത്തെ തന്നെ നിർവചിക്കുന്ന ഘടകമായി തീരുന്നു. അവന്റെ വ്യക്തിത്വത്തിന്റെ സത്തയിൽ മതവിശ്വാസസംഹിതകൾ വേര്പിരിക്കാനാവാത്ത വിധം അലിഞ്ഞു ചേരുകയും ചെയ്യാം. തന്റെ ജീവിതമണ്ഡലത്തെ മതത്തിന്റെ കോണിലൂടെ മാത്രം കാണാൻ ശീലിച്ച ഒരുവന്അതിന്റെ മിഥ്യാമണ്ഡലത്തെ ഭേദിച്ച് പുറത്തു വരുക പ്രയാസകരമാണ്. കാരണം. സത്യത്തെ മനസ്സിലാക്കാനും യാഥാര്ത്യത്തെ  അങ്ങനെ തന്നെ അംഗീകരിക്കാനും മനുഷ്യന് ഭയമാണ്. ആ ഭയത്തിൽ നിന്ന് ധാതുകൾ സ്വീകരിച്ചാണ് മതങ്ങൾ കാലാകാലങ്ങൾ കൊണ്ട് തഴച്ചു വളര്ന്നിരിക്കുന്നത്. 

 
മനുഷ്യാസ്തിത്വത്തിനു മേൽ മതത്തിനുള്ള സ്വാധീനം ചർച്ച ചെയ്യുന്ന ചിത്രമാണ് ഈ വര്ഷത്തെ International Film Festival of Keralaയിൽ പ്രദര്ശിപ്പിച്ച ചിലിയിൽ നിന്നുള്ള പാബ്ലോ ലാരിന്‍ (Pablo Larrain) സംവിധാനം ചെയ്ത The Club(Spanish : El Club) എന്ന  ചിത്രം. വൈദികവൃത്തിയില്‍ നിന്ന് വിരമിക്കേണ്ടി വന്ന നാല് കത്തോലികാസഭയിലെ  പുരോഹിതന്മാർ ആണ്  ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ലൈംഗികചൂഷണം മുതൽ വിവിധതരത്തിലുള അധികാര ദുർവിനയോഗത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷ നടപടിയായാണ്‌ അവർക്ക് വിരമിക്കേണ്ടി വരുന്നത്.  തങ്ങളുടെ പാപങ്ങളെ ഓർത്തു പശ്ചാത്തപിച്ചു പരിഹാരപ്രാർത്ഥനകൾ നടത്തി ശിഷ്ട കാലം ജീവിക്കുവാൻഅവരെ സഭഒരു വീട്ടില് താമസിപ്പിച്ചിരിക്കുകയാണ്. അതാണ്‌ ചിത്രത്തിലെ 'ക്ലബ്‌'. ഒരു കടൽകരയിലെ കൊച്ചു ഗ്രാമത്തിലെ ഭവനം. ശുദ്ധീകരണസ്ഥലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നവിഷാദവും നിരാശയും വിരസതയും ഘനീഭവിച്ചു നില്ക്കുന്നസദാ മേഘാവൃതമായ ആ ഗ്രാമത്തിൽതങ്ങളുടെ യാന്ത്രികമായ  പ്രാര്ത്ഥനജപങ്ങളും സ്തോത്രഗീതങ്ങളും നിറഞ്ഞതികച്ചും സംഭവരഹിതമായ ജീവിതം അവർ നയിച്ച്‌ പോരുന്നു. രക്ഷയും മോചനവും തേടി!. അങ്ങനെയിരിക്കെപുതിയ ഒരു പുരോഹിതൻ അവരുടെ 'ക്ലബി'ലേക്ക്‌ ചെര്‍ക്കപെടുന്നു.  അദ്ദേഹം വരുന്ന ദിവസം തന്നെആ ഗ്രാമത്തിലെ 'സണ്ടോകാൻ'  എന്ന പേരുള്ള ഒരു മീന്പിടുത്തക്കാരൻ അവരുടെ ഭവനത്തിനു മുന്നില്  വരുന്നു. പുതിയതായി വന്നു ചേർന്ന പുരോഹിതന്റെ ലൈംഗിക  അതിക്രമങ്ങൾക്ക് താൻ ചെറുപ്പത്തിൽ ചെറുപ്പത്തിൽ ഇരയായിരുന്നു എന്ന് അയാള് വെട്ടിത്തുറന്നു പറയുന്നു. മദ്യലഹരിയിൽ ലക്ക്കെട്ടുതാൻ അനുഭവിക്കേണ്ടി വന്ന രതിവൈകൃത്യങ്ങളുടെ വിവരണം അശ്ലീലഭാഷയില്‍ അയാള്‍ നടത്തുന്നു. അയാളുടെ വെളിപെടുത്തലുകള്‍സഹിക്കാന്‍ വയ്യാതെ, നവാഗതനായ പുരോഹിതന്‍സ്വന്തം ശിരസ്സില്‍ നിറയൊഴിച്ചു ആത്മഹത്യ ചെയ്യുന്നു. അയാളുടെ മരണം അന്വേഷിക്കാന്‍ സഭാനേതൃത്വം ഒരു വൈദികനെ അയക്കുന്നു. ഉത്പതിഷ്ണുവും, സഭയ്ക്ക് ഒരു നവീകരണവും ഉണര്‍വും നല്‍കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യുന്ന ആ പുരോഹിതന്റെ അന്വേഷണങ്ങള്‍, അവിടത്തെ അന്തേവാസികളുടെ ജീവിതത്തിലേക്കും അവരുടെ അന്തരങ്ങങ്ങളിലെക്കും വെളിച്ചം വീശുന്നു.


ജീവിതത്തെ നിഷേധിച്ചു സ്വര്‍ഗത്തെ പുല്കുക എന്ന ദര്‍ശനമാണ് ക്രൈസ്തവസഭയുടെ അടിസ്ഥാനമായി നിലകൊള്ളുന്നത്. ലോകം-സ്വര്‍ഗം, ശരീരം-ആത്മാവ് എന്നിങ്ങനെയുള്ള പരസ്പരവിരുദ്ധങ്ങളായ ദ്വന്ദങ്ങളാണ് അതിനു ആധാരശില. സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സന്ദേശങ്ങള്‍ നല്‍കിയ യേശുവിന്റെ പ്രബോധനങ്ങളെക്കാള്‍, ഉല്‍പതിഷ്ണുവായ പൗലോസ്‌ ശ്ലീഹായുടെ പ്രഘോഷണങ്ങള്‍ ആണ് സഭയുടെ തത്വശാസ്ത്രത്തെ സ്വാധീനിച്ചിട്ടുള്ളത്. ശരീരത്തിന്‍റെ ചോദനകള്‍ പാപകരവും ജടികവും ആണെന്നും, അവയെ തിരസ്കരിക്കുന്നതു വഴിയേ രക്ഷയും നിത്യ ജീവനും പ്രാപ്തമാവുകയമുള്ളു എന്നും പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നു.[“ജടികപ്രവണതകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പികുക സാധ്യമല്ല. ജടികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍റെ പ്രവണതകളെ ആത്മാവിനാല്‍ ഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും” (റോമ: 8:8-12); ജഡമോഹങ്ങളേ ഒരിക്കലും ത്രുപ്തിപെടുതരുത്. എന്തെന്നാല്‍, ജടമോഹങ്ങള്‍ ആത്മാവിനു എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നത് നിമിത്തം ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്ക്ക് സാധിക്കാതെ വരുന്നു. (ഗലാത്തിയ:5:16-18] ഐഹികജീവിതത്തില്‍ ആനന്ദത്തിനും ഉത്സാഹത്തിനും അര്‍ത്ഥമില്ലെന്നും, ജീവിത്തില്‍ അര്‍ഥം കണ്ടെത്തേണ്ടത്‌ പപപരിഹരത്തിലും പശ്ചാത്താപത്തിലും ആണെന്ന ധ്വനിയാണ് ആ പ്രബോധങ്ങളില്‍ ഉടനീളം. സഹനത്തിലൂടെ രക്ഷയും നിത്യജീവനും കരസ്ഥമാകും എന്നവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ചിത്രത്തിലെ വൈദികര്‍. എന്നിരുന്നാലും, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ്‌ശ്ലീഹ വിലപിക്കുന്നത് പോലെ( റോമ: 7:13-25), ആഗ്രഹിക്കുന്ന നന്മയല്ല, വെറുക്കുന്ന തിന്മയാണ് തങ്ങള്‍ ചെയ്തു പോകുന്നതെന്ന് അവിടുത്തെ അന്തേവാസികള്‍ തിരിച്ചറിയുന്നു. ദൈവത്തിന്റെ നിയമത്തോട് കലഹിക്കുന്ന വേറൊരു നിയമമാണ് തങ്ങളുടെ അവയവങ്ങളെ ഭരിക്കുന്നത്‌ എന്നറിയുമ്പോള്‍, അവര്‍ പാപബോധത്തില്‍ നിപതിക്കുന്നു. മനസ്സില്‍ ദൈവത്തിന്റെ നിയമമോര്‍ത്തു ആഹ്ലാദിക്കുമ്പോഴും, തങ്ങളുടെ ജീവിത്തില്‍ ഒരു ശൂന്യത ഉണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. കടല്‍ക്കരയില്‍ സ്ഥിരമായി ഉല്ലസിക്കാന്‍ എത്തുന്ന യുവജനസംഘത്തെ നഷ്ടബോധത്തോടെ നോക്കുന്ന ഒരു കഥാപാത്രമുണ്ട് ചിത്രത്തില്‍. അമൂര്‍ത്തമായ വിശ്വാസപ്രമാണങ്ങള്‍ക്ക് നികത്താന്‍ ആകാത്ത വിടവുകള്‍ ഉണ്ട് ജീവിതത്തില്‍ എന്ന തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആണ് അവ.


വിരസമെങ്കിലും, സ്വസ്ഥമായി നീങ്ങിയിരുന്ന തങ്ങളുടെ ജീവിതത്തിന്റെ സമാധാനം തകര്‍ത്ത ‘സണ്ടോകാന്‍’ എന്ന മീന്‍പിടുത്തകാരനെ അവര്‍ വെറുക്കുകയും അയാളെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതി ഇടുകയും ചെയ്യുന്നു. മനുഷ്യരെ സാത്വികരും വിശുദ്ധരും ആക്കേണ്ട മതങ്ങള്‍ എങ്ങനെ അവരെ ഉഗ്രവാദികള്‍ ആക്കുന്നു എന്ന മനശാസ്ത്രവും ചിത്രം ചര്‍ച്ച ചെയ്യുന്നു. തങ്ങളുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും ആശ്വാസവും പകരുന്ന മതവിശ്വാസങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലേയെന്ന ചോദ്യം ചെയ്യപെടല്‍ ഒരു വിശ്വസിക്കും സഹിക്കാന്‍ കഴിയില്ല. അത് അവരുടെ അസ്തിത്വത്തിന്റെ അടിത്തറയിളക്കുകയും അവരെ ഭ്രാന്തരാക്കുകയും ചെയ്യുന്നു. യുക്തി കൊണ്ട് നേരിടാന്‍ കഴിയാത്തതിനെ അക്രമം കൊണ്ട് നേരിടുന്നു.
അവസാനം,’സണ്ടോകനോട്’ ചെയ്ത അക്രമത്തില്‍ അവര്‍ പശ്ചാത്തപിക്കുന്നു. അനാഥനും തൊഴില്‍രഹിതനുമായ അയാളെ തങ്ങളുടെ ഭവനത്തിലേക്ക്‌ കൂട്ടികൊണ്ട് വരുന്നു. അയാളുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നു. മീന്‍പിടുത്തകാരെ മനുഷ്യരെപിടിക്കുന്ന അപസ്തോലന്മാരായി നവീകരിച്ച യേശുവുമായി അങ്ങനെ താദാത്മ്യം പ്രാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ പാപബോധം, വിശ്വാസത്തെ മുറുകെ പിടിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. അവ വെറും മിഥ്യയാണെന്ന് അറിഞ്ഞിട്ടും. മതം തന്നെ കൃത്രിമമായി സൃഷ്ടിക്കുന്ന പാപബോധത്തിന് മതം തന്നെ പരിഹാരവും നല്‍കുന്നു. നിലനില്‍പ്പിനായി മതങ്ങള്‍ സ്വീകരിച്ചു പോരുന്ന ആ നയവും സിനിമ അപഗ്രഥനത്തിനു വിധേയമാക്കുന്നു.



ചിത്രത്തില്‍ നിരന്തരം ഒരു ‘മോടിഫ്’(motif) പോലെ പ്രത്യക്ഷമാകുന്ന ഒരു സീന്‍ ഉണ്ട്. ഒരു വൈദികന്‍ കടല്‍ക്കരയില്‍ തന്‍റെ വളര്‍ത്തുനായയെ പരിശീലിപ്പിക്കുന്ന രംഗങ്ങള്‍. ഒരു വലിയ വടിയുടെ അറ്റത് ഒരു തുണികഷ്ണം കെട്ടി, തന്റെ നായയുടെ ചുറ്റും ഉയരത്തില്‍ കറക്കുന്ന്നു. അത് ചാടി പിടിക്കാന്‍ നായ വട്ടത്തില്‍ കറങ്ങി കുതിച്ചുചാടുന്നു. ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യത്തെ ചൂണ്ടി കാണിച്ചു മനുഷ്യരെ വട്ടം കറക്കുന്ന മതങ്ങളുടെ ഒരു പ്രതീകമായി ആ രംഗങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ നിന്ന് രക്ഷപ്പെടാന്‍ വിശ്വാസത്തിന്‍റെ ഒരു കുതിച്ചുചാട്ടം(A leap of faith) വേണമെന്ന്, തത്വചിന്തകനായ ‘സോറന്‍ കീര്‍ക്കെഗാര്ദ്’ (Soren Kierkegaard) പറഞ്ഞിട്ടുണ്ട്. അത് പോലെ, കുതിച്ചുചാടി, തങ്ങളെ പ്രദിക്ഷിണം വെയ്ക്കാന്‍ തയ്യാറാകാതെ, മതമാകുന്ന സൂര്യനെ പ്രദിക്ഷിണം വെയ്ക്കുന്ന മനുഷ്യവസ്തയാണ് സിനിമ അനാവരണം ചെയ്യുന്നത്. പക്ഷെ, വിശ്വാസത്തിന്റെ അത്തരം കുതിചുചാട്ടം നടത്തിയിട്ടും, ആന്തരികശൂന്യതയും നിരര്‍ത്ഥകതയും അവരെ വിട്ടൊഴിയുന്നില്ല. അത്തരം വൈരുധ്യങ്ങള്‍ മനോഹരമായി ധ്യോതിപ്പിചിരുക്കുന്നു, ചിന്തോദീപകമായ ഈ സിനിമ.

Film : The Club (El Club :Spanish)
Country : Chile
Director :Pablo Larrain
Year      : 2015
Duration : 98 minutes

Published in 'Azhimukham' online news portal on 09.12.2015

Sunday, 1 November 2015

തൻവധം (കഥ )

സൂര്യൻ അസ്തമിക്കാറായതോടെ അരുവിക്കരയിലെ ഗുഹക്ഷേത്രത്തിൽ നിന്ന് ഭക്തജനങ്ങൾ പിൻവാങ്ങി തുടങ്ങി. ഇരുട്ട് പരന്നതോടെ,സന്യാസി ഗുഹയ്ക്ക് മുന്നിലുള്ള പ്രാചീനമായ ശിലാവിഗ്രഹത്തിനു മുന്നില് ദീപം തെളിയിച്ചു. പ്രത്യേകിച്ച് ആകൃതിയോ പ്രകൃതിയോ ഇല്ലാത്ത, മലദൈവമെന്നും കാട്ടുമൂപ്പനെന്നും മറ്റും ആളുകൾ അഭിസംബോധന ചെയ്യുന്ന ആ കൽപ്രതിമയ്ക്ക് മുന്നിലെ ദീപം അവിടുത്തെ വിജനതയെ ദ്യോതിപിച്ചു. ഘോരവനത്തിന്റെ അരികു പറ്റി ഒഴുകുന്ന കാട്ടരുവിയും, അരുവിക്കരയിലെ പാറകെട്ടുകൾക്കിടയിലെ ഇടുങ്ങിയഗുഹയും , ഗുഹയ്ക്ക് മുന്നില് ഈശ്വര സാന്നിദ്ധ്യം പ്രതിനിധാനം ചെയ്യുന്ന കല്പ്രതിമയും, അതിനു കാവലാളായി നില്കുന്ന സന്യാസിയും- ഇതെല്ലാം, ഇരുട്ടിന്റെ മറവിൽ ഒളിച്ചു നിന്നിരുന്ന ആ യുവാവിൽ അഭൗമികവും ജീവിതാതീതവും ആയ ഒരു അനുഭൂതി ജനിപ്പിച്ചു.സന്യാസി പക്ഷെ യുവാവിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇരുട്ടിനെ വെല്ലുന്ന ആഴകാർന്ന എണ്ണകറുപ്പ് മുറ്റി നില്കുന്ന അവന്റെ മുഖത്തെ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങിയിരുന്നു. ഉച്ചയോടെയാണ് അവൻ അവിടെ എത്തിചേർന്നതെന്ന് സന്ന്യാസി ഓർമിച്ചു.

വനത്തിനരികിൽ സ്ഥിതി ചെയ്യുന്ന ആ ക്ഷേത്രത്തിലേക്ക് അധികമാരും വരാറില്ല. പ്രത്യേകിച്ചൊരു സ്വത്വമില്ലാത്ത പ്രതിഷ്ഠ നിലനിൽക്കുന്ന , പ്രാചീന ഗുഹാമനുഷ്യന്റെ ആരാധനാലയമെന്നു കരുതപ്പെടുന്ന ആ ക്ഷേത്രത്തിനെ പറ്റി പുറം ലോകത്തിനു വലിയ അറിവൊന്നുമില്ല. ഭൂതകാലത്തെ രമിക്കുന്ന ചുരുക്കം ചില ചരിത്രാന്വേഷികൾക്കൊഴികെ, ആ സ്ഥലം അധികമാർക്കും പ്രാധാന്യമുള്ളതായി തോന്നിയില്ല. പക്ഷെ, വർഷങ്ങളായി  അവിടെ ഏകനായി താമസിക്കുന്ന സന്യാസിക്കു അദ്ഭുത സിദ്ധികളുണ്ടെന്നു ക്രമേണ നാട്ടിൽ പരന്നു .അതോടെ, തങ്ങളുടെ ജീവിതസമസ്യകൾക്ക് ഉടനടിയുള്ള പരിഹാരം തേടി പരിഷ്കൃത മനുഷ്യര് അദ്ദേഹത്തെ തേടിയെത്തി തുടങ്ങി. മറ്റു മാധ്യമ വിളംബരങ്ങൾ ഒന്നുമില്ലാത്തതിനാൽ , കേട്ടറിവ് കൊണ്ട് വരുന്ന ഭക്തർ മാത്രമേ ദുഘടം  വഴികൾ കടന്നു ഗുഹാസന്നിധിയിൽ എത്തിയിരുന്നുള്ളൂ.


അതിനാൽ തന്നെ, യുവാവിന്റെ ആഗമനം, സന്യാസിയിൽ കൌതുകം ജനിപ്പിച്ചു. എല്ലാവരും പിരിഞ്ഞു പോയിട്ടും തിരിച്ചു പോകാതെ അവിടെ ചുറ്റി പറ്റി നില്കുന്ന അവൻ നിഗൂഡതകളുടെ ഒരു സമാഹാരമായി അയാൾക്ക് തോന്നി. ഗുഹയ്ക്കുള്ളിലെ തന്റെ സങ്കേതത്തിലെക്ക് സന്യാസി അവനെ വിളിച്ചു. നല്ല ഇടയനെ അനുഗമിക്കുന്ന ആട്ടിൻകുട്ടിയെ പോലെ അവൻ അയാളെ പിന്ചെന്നു .


ഏകദേശം ഒരാൾപൊക്കത്തിലുള്ള ഗുഹാ മുഖത്തിലൂടെ യുവാവ്‌ അകത്തേക്ക് പ്രവേശിച്ചു. ഉള്ളിലേക്ക് അധികം വ്യാപ്തിയില്ലായിരുന്നു. പത്തടി നീളത്തിലേക്ക് ഗുഹ സങ്കോചിച്ചു തീരുന്നു. അകത്തു കത്തിച്ചു വച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ കട്ടിപുക യുവാവിനെ തെല്ലൊന്നു ശ്വാസം മുട്ടിച്ചു. ചുവരിൽ നിന്ന് വെള്ളം ഇറ്റിറ്റായി വീണുകൊണ്ടിരുന്നു. ഒരു വശത്ത് കുറെ പുസ്തകങ്ങളും തുണികളും കൂട്ടിയിട്ടിരുന്നു. " We are shaped by our thoughts; we become what we think. When the mind is pure, joy follows like a shadow that never leaves", എന്നെഴുതിയ, ശ്രീബുദ്ധന്റെ പടമുള്ള ഒരു പോസ്റ്റർ ചുവരിൽ തൂക്കിയിട്ടിരുന്നു.


സന്യാസി രാത്രിയിൽ അത്താഴം പതിവില്ലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു പരിചാരകൻ എന്നും രാവിലെ അവിടെ വരും.പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കുകയും, ആവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യും. സന്യാസി അതിനു പകരമായി, തനിക്കു കിട്ടുന്ന, യാതൊരു കണക്കുമില്ലാത ദക്ഷിണതുകകൾ അയാളെ ഏൽപ്പിച്ചിരുന്നു .സന്യാസിയുടെ പ്രധാന പ്രഘോഷകനായി വർത്തിചിരിന്നതും  അയാൾ തന്നെ .


"വിശക്കുന്നുണ്ടെങ്കിൽ ഇത് കഴിക്കാം". ഊണിനു ബാക്കിയുണ്ടായിരുന്ന ചോറും കറികളും യുവാവിനു നേരെ നീട്ടി. യുവാവ്‌ ആര്ത്തിയോടെ അത് കഴിച്ചു. 


"എന്താണ് നിന്റെ പേര്?" സന്യാസി ചോദിച്ചു.

"പേര്...പേര് വാസു"
"കള്ളം. നീ കള്ളം പറയുന്നു." സന്യാസി വെറുതെ പറഞ്ഞു.
"പേര്  വർക്കി എന്നാണു" യുവാവ്‌ പരിഭ്രമത്തോടെ പറഞ്ഞു.
സന്യാസി മന്ദഹസിച്ചു. "കേൾക്കട്ടെ, നിന്റെ കഥ."
അരികിലുള്ള ഒരു ഡപ്പിയിൽ നിന്ന് ഒരു ബീഡിയെടുത്തു മണ്ണെണ്ണ വിളക്കിൽ നിന്ന് സന്യാസി കത്തിച്ചു. കത്തുന്ന പുകയിലയുടെ രൂക്ഷഗന്ധം യുവാവിനെ കൂടുതൽ അസ്വസ്ഥനാക്കി. ഗുഹാചുമരിൽ ചാരിയിരുന്നു ബീഡിപുക ഊതുന്ന സന്യാസിയെ കൌതുകത്തോടെ നോക്കി കൊണ്ട് യുവാവ്‌ തന്റെ ഭൂതകാലത്തിന്റെ കെട്ടുകളഴിച്ചു.

അത്യധികം വികാരതീവ്രതയോടെയാണ് യുവാവ്‌ തന്റെ കഥ പറഞ്ഞതെങ്കിലും, സന്യാസി തികഞ്ഞ നിസ്സംഗതയോടെ, ബീഡി കുറ്റികൾ വലിച്ചു തള്ളികൊണ്ടിരുന്നു. ഭൂതകാലത്തിന്റെ നാറുന്നതും പഴകിയതും ആയ എത്രയെത്ര ഭാണ്ഡങ്ങൾ അയാളുടെ മുന്നിൽ ഇറക്കി വെച്ചിരിക്കുന്നു. കേട്ട് തഴമ്പിച്ച സംഭവങ്ങളിലൂടെ അവന്റെ ഭൂതകാല വണ്ടിയും നീങ്ങി നിരങ്ങി. പ്രണയം; എതിര്പ്പ്;കലഹം; അതൊക്കെ തന്നെ. ഈ മഹാപ്രപഞ്ചത്തിലെ കോടാനുകോടി മനുഷ്യർ ചരിത്രാതീത കാലം മുതൽക്കേ ഒരേ കാര്യങ്ങളൊക്കെ തന്നെയാണല്ലോ ചെയ്തു കൊണ്ടിരുന്നത്. എല്ലാം ആവർത്തനങ്ങൾ. അവന്റെ കാമുകിയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിക്കപ്പെടുന്നു. വിവാഹ തലേന്ന് അവൾ ആത്മഹത്യചെയ്തു എന്ന് പറഞ്ഞപ്പോഴും, അത് സന്യാസിയിൽ  വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. ജനങ്ങളെ രമിപ്പിക്കുന്ന പൈങ്കിളി സീരിയലുകളും ജനപ്രിയ സിനിമകളും ഇതൊക്കെ തന്നെയല്ലേ കൊണ്ടാടുന്നത്. പക്ഷെ, തന്റെ കാമുകിയുടെ മരണത്തിനു കാരണക്കാരനായി അവൻ കരുതുന്ന അവളുടെ അച്ഛനെ അവൻ വധിച്ചു എന്ന് കേട്ടപ്പോൾ സന്യാസി ചെറുതായൊന്നു നടുങ്ങി.അവന്റെ ഭാഷ്യത്തിൽ, ക്രൂരനും മർക്കടമുഷ്ടികാരനും മൂരാച്ചിയുമായ അയാളെ, കരുതി കൂട്ടി അവൻ കൊലപ്പെടുത്തി. അയാളുടെ പറമ്പിൽ കയറി വാക്കത്തി കൊണ്ട് അയാളുടെ കഴുത്ത് വെട്ടി. 

"അവൾക്കു വേണ്ടി അത് ചെയ്തില്ലെങ്കിൽ, ഞാൻ ജീവിച്ചിരുക്കുന്നതിൽ ഒരു കാര്യമുണ്ടെന്നു തോന്നിയില്ല" അവൻ പറഞ്ഞു. അത് കേട്ടപ്പോൾ സന്യാസിക്കു അവനോടു ചെറിയൊരു വീരാരാധന തോന്നി. ഒരു നരഹത്യയിൽ ജീവിതത്തിന്റെ അര്ത്ഥം  തേടുന്നവൻ! ഒരു മനുഷ്യജന്മത്തെ അവൻ ഭൂമുഖത്ത് നിന്നും വെട്ടിമാറ്റിയിരിക്കുന്നു. ഒരു പെണ്ണിന്റെ ഹൃദയം നിറഞ്ഞ സ്നേഹം നുകർന്ന്, അതിന്റെ ലഹിരിയിൽ, ധമനികൾ തകർത്തു, ചോര ചീറ്റി, രക്തബലിയർപ്പിച്ചവൻ. സന്യാസി തന്റെ യൗവനത്തെ നഷ്ടബോധത്തോടെ സ്മരിച്ചു.

യുവാവ്‌ പൊട്ടി കരയുവാൻ തുടങ്ങി. പോലീസിന്റെ കണ്ണിൽ നോട്ടപുള്ളിയാണ് അവൻ. നാട്ടിൽ നില്ക്കാൻ ഗതിയില്ലാതെ അലഞ്ഞു തിരിഞ്ഞു ഇവിടെ എത്തിപെട്ടു.

 "എനിക്ക്'ഒരു മനസ്സമാധനവുമില്ല. പാവം എന്റെ വീട്ടുകാരെ പറ്റി ഓർക്കുമ്പോൾ വിഷമം വരും" കരിച്ചിലിനടിയിൽ അവൻ പറഞ്ഞു. "തെറ്റായി പോയി,ചെയ്തത് തെറ്റായി പോയി" അവന്റെ ഏങ്ങലടികൾ ഗുഹയ്ക്കുള്ളിൽ പ്രതിധ്വനി കൊണ്ട് സമൂഹത്തിന്റെ ക്രൂര അട്ടഹാസങ്ങൾ പോലെയായി.
"കുഞ്ഞേ, ശരി തെറ്റ് എന്നൊന്നും ഇല്ല. എല്ലാം വെറും സംഭവങ്ങൾ മാത്രം" സന്യാസി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ഇല്ല ഗുരോ, ഞാൻ പാപിയാണ്. ഞാൻ നശിച്ചു"
"പാപം!" സന്യാസി മന്ദഹസിച്ചു. " കുഞ്ഞേ, നീ സമാധാനപ്പെടൂ. ഇവിടെ നീ സുരക്ഷിതനാണ്. സംഭവിച്ചതും സംഭവിക്കുന്നതും എല്ലാം നല്ലതിനാണെന്ന് കരുതൂ. നീ ശാന്തനായി ഉറങ്ങുക ഇപ്പോൾ. നല്ല ക്ഷീണമുണ്ട് നിനക്ക്."

ഗുഹയ്ക്കുള്ളിൽ ചിതറികിടന്നിരുന്ന പുസ്തകങ്ങളും തുനിക്കെട്ടുകളും ഒരു വശത്തേക്ക് ഒതുക്കി സന്യാസി അവനു ഉറങ്ങാൻ സൌകര്യമൊരുക്കി  കൊടുത്തു. അയാൾക്ക്‌ ഉറക്കം വന്നില്ല. പുറത്തേക്കു, അരുവികരയിലേക്ക് അയാൾ നടന്നു. കാടിന്റെ ശബ്ദം ചുറ്റിനും മുഴങ്ങി. അതിനു മീതെ അരുവിയുടെ കളകളാരവം. എവിടെ നിന്നോ ഒരു കാട്ടു പക്ഷി ഇടതടവില്ലാതെ കൂവി കൊണ്ടിരുന്നു.


അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സ്വച്ഛന്ദമായ തടാകത്തിൽ ഇട്ട ഒരു കല്ല്‌ പോലെയായി യുവാവിന്റെ ആഗമനം. ഓർമകളുടെയും വിചാരങ്ങളുടെയും നിരത്താത്ത തിരയിളക്കത്തിൽ ആ വിരക്ത മനസ്സ് പിടഞ്ഞു. പ്രണയവും പ്രതികാരവും; ഏറ്റവും തീവ്രമായ മനുഷ്യവികാരങ്ങൾ. അത് രണ്ടും, അതിന്റെ പൂർണ നിറവിൽ അനുഭവിച്ച് ആറാടിയവനാണ് ആ യുവാവ്‌. ജീവിതത്തിന്റെ പുറംതോടുകളൊക്കെ പൊളിച്ചു, അതിനുള്ളിലെ സത്ത മുഴുവൻ ഞെക്കിപിഴിഞ്ഞ് കുടിച്ചവൻ. ഇനി എന്താണ് അവനു ബാക്കി ഉള്ളത് നേടാൻ ജീവിതത്തിൽ. വികാരങ്ങളിൽ നിന്നും തീക്ഷ്ണ അനുഭൂതികളിൽ നിന്നും എന്നും താൻ പലായനം ചെയ്തിട്ടേ ഉള്ളൂ എന്ന് സന്യാസി ഓർത്തു .ആസക്തികൾ ഞെക്കി ഞെരുക്കി വീര്പ്പുമുട്ടിച്ചിരുന്ന കൌമാരം. അപകർഷതയും അന്തര്മുഖത്വവും ഞെരുക്കിയ യൗവനം. ജീവിതത്തെയും അസ്തിത്വതെയും പറ്റിയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുറെ നാൾ മനസ്സിനെ കുഴച്ചു. പക്ഷെ, സംഭവരഹിതമായി മുന്നേറിയ ജീവിതത്തിന്റെ യാന്ത്രികതയിൽ അസ്തിത്വം നഷ്തപെട്ടപ്പോൾ, അസ്തിത്വദുഖവും ഇല്ലാതായി. ജനിച്ചത്‌ കൊണ്ട് ജീവിക്കുന്നു; മരിക്കാത്തത്‌ കൊണ്ട് ജീവിക്കുന്നു. ഇങ്ങനെ ഒരു ലളിത സമവാക്യത്തിൽ ജീവിതത്തിന്റെ എല്ലാ  ചോദ്യങ്ങളും തളച്ചിട്ടു.


ഭയം ആയിരുന്നു എല്ലാത്തിനെയും. പെണ്ണിനെ, പണത്തിനെ, പ്രണയത്തിനെ,കാമത്തിനെ, അധികാരത്തിനെ, പ്രശസ്തിയെ- അങ്ങനെ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സർവ ചോദനകളെയും പിൻചെല്ലാൻ ഭയമായിരുന്നു. ജീവിതാതീതമായ അമൂര്ത്ത തലങ്ങളിൽ വ്യവഹരിച്ചു നടന്ന മനസ്സിനെ, ജീവിതത്തോട് ബന്ധിപ്പിച്ചു നിർത്തിയത് അമ്മയുടെ സാന്നിദ്ധ്യമായിരുന്നു. അമ്മയുടെ ചിട്ടവട്ടങ്ങളും നിഷ്കര്ഷകളും സ്നേഹവാല്സല്യങ്ങളും ഒരു നങ്കൂരം പോലെ അയാളുടെ ജീവിതനൗകയെ കരയോട് ബന്ധിപ്പിച്ചു നിർത്തി . അമ്മയുടെ മരണത്തോടെ ആ ബന്ധവും വിച്ഛെദിക്കപ്പെട്ടു. അപ്പൂപ്പൻ താടി പോലെ സ്വതന്ത്രവും ലക്ഷ്യരഹിതവുമായി പറന്നു നീങ്ങി. ഒരു സ്ത്രീ ജീവിതത്തിൽ കടന്നു വരാൻ അയാൾ താൽപര്യപെട്ടില്ല. നങ്കൂരമില്ലാതെ അലയുന്ന തോണിയിൽ ഉള്ള യാത്ര അയാൾ ആസ്വദിച്ചു തുടങ്ങിയിരുന്നു. സാമ്രാജ്യവും കുടുംബവുമെല്ലാം വിട്ടെറിഞ്ഞ്‌ ജീവിതത്തിന്റെ അര്ത്ഥം തേടി നടന്ന  കപിലവസ്തുവിലെ സിദ്ധാർത്ഥൻ അയാളെ സ്വാധീനിച്ചു. അയാൾ എന്തെങ്കിലും നേടുന്നതിനു മുൻപേ എല്ലാം ഉപേക്ഷിച്ചു.  മനസ്സിന്റെ അരക്ഷിതകളൊക്കെ ക്രമേണ നിസ്സംഗതയായി പരിണമിച്ചു. ഒന്നിനോടും മമതയില്ല. ഒന്നിനോടും പ്രത്യേകിച്ച് പ്രതിപതിയോ വിപ്രതിപത്തിയോ തോന്നിയില്ല. ഉഷ്ണത്തിലും ശീതത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പ്രശംസയിലും ആക്ഷേപത്തിലും എല്ലാം ഒരേ  സമചിത്ത ഭാവം നിലനിരത്താൻ ശീലിച്ചു. ആശയറ്റവന് എന്ത് നിരാശ. 


കുറച്ചു നാൾ ആത്മീയതയിൽ സങ്കേതം തേടി. പിന്നെ അതും ഒരു പൊള്ളത്തരം ആണെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തെ ഒരു പ്രഹേളികയായി കാണുന്നവർക്ക് ആത്മീയത ആകർഷണീയമായി തോന്നാം. ജീവിതത്തിന്റെ കുറവുകളും ഇച്ഛാഭംഗങ്ങളും ആതീയതയിലൂടെ പരിഹരിക്കാം എന്നും ചിലര് കരുതുന്നു.പക്ഷെ സന്യാസി അങ്ങനെയല്ലായിരുന്നു. പരാജിതരുടെ പ്രത്യയശാസ്ത്രമാണ്  അതൊക്കെയെന്നും അയാൾ മനസ്സിലാക്കി. അയാൾക്ക്‌ വേണ്ടിയിരുന്നത് തന്റെ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ഭീമമായ ശൂന്യതയെ നിറയ്ക്കാൻ വേണ്ട എന്തെങ്കിലും  ഒരു ക്രിയയായിരുന്നു.  


അങ്ങനെയാണ് അലഞ്ഞു  തിരിഞ്ഞു നടക്കാൻ തുടങ്ങിയത്.  ജീവിതത്തെയും മനുഷ്യരെയും ഭയന്നിരുന്ന അയാൾക്ക്‌ പക്ഷെ കാടിനേയും മരണത്തെയും ഭയമില്ലായിരുന്നു. അങ്ങനെ, കാടിനുള്ളിൽ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന, പഴയ ഗോത്രവർഗക്കാരുടെ ആരാധനാലയം കണ്ടെത്തി അത് സങ്കേതം ആക്കിയത്. കാലം അയാളെ അത്ഭുത സിദ്ധികൾ ഉള്ള ദിവ്യനായി മുദ്ര ചാർത്തി.  ജീവിതത്തെ നെടുവീർപ്പുകൾ കൊണ്ടും ഗദ്ഗദങ്ങൾ കൊണ്ടും മാത്രം നേരിടാൻ ശീലിച്ച ജനം, ആട്ടിൻ പറ്റം ഇടയനെ തേടുന്നത് പോലെ അയാളുടെ അടുത്തേക്ക് പ്രവഹിച്ചു. അയാൾ ത്യജിച്ച പണവും പ്രശസ്തിയും അയാൾ  കാംക്ഷിക്കാതെ തന്നെ അയാളെ തേടിയെത്തി. എന്നിട്ടും അയാളുടെ നിസ്സംഗതയ്ക്ക് മാറ്റമുണ്ടായില്ല.


എല്ലാം ഒരു വൈരുദ്ധ്യം ആയിട്ടും, ഒരു തരം വിചിത്രഫലിതമായും അയാൾക്ക്‌ തോന്നാറുണ്ട്. ജീവിതത്തെ ഭയന്നോടിയ ഒരുവന്റെ പക്കലേക്ക് ജീവിതത്തെ ഭയക്കുന്ന  മറ്റു ചിലർ ഉപദേശവും പരിഹാരവും തേടി എത്തുന്നു.പലായനമാണ് ഏറ്റവും നല്ല പരിഹാരമെന്നു സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില ഉപദേശിക്കാൻ അയാൾക്ക് തോന്നുമായിരുന്നു. പക്ഷെ ആളുകൾ ബന്ധനസ്ഥരാനെന്നു അയാൾ മനസ്സിലാക്കി. കടപ്പാടുകൾ, ബന്ധങ്ങൾ, ചുമതലാബോധം, ജീവിതവിജയം നേടുവാനുള്ള അഭിനിവേശം- ഇതെല്ലാം ആളുകളെ ബന്ധിച്ചിരുന്നു. അതിനാൽ തന്നെ അയാളുടെ ജീവിതാനുഭവം പ്രാവർത്തികമാക്കാൻ അവര്ക്ക് കഴിയില്ല. അത് കൊണ്ട്, മന്ത്രോച്ചാടനങ്ങളും ചെപ്പടിവിദ്യകളുമൊക്കെ കൊണ്ട് അവർക്ക് താൽകാലികവും സാങ്കൽപികവുമായ ശമനം നല്കി പറഞ്ഞയച്ചു.  ജലമധ്യത്തിൽ നനവ്‌ പറ്റാതെ നില്കുന്ന താമര പോലെ, അയാളും ലോകത്തിന്റെ നനവ് തട്ടാതെ ഇതിന്റെ എല്ലാം ഇടയിൽ കഴിഞ്ഞു കൂടി.


പക്ഷെ,യുവാവ്‌ സന്യാസിയെ അതിശയിപ്പിച്ചു. അവനോടു ആരാധനയും അസൂയയും  തോന്നി.തനിക്കു അന്യമായ ജീവിതത്തിന്റെ തീവ്രതയും ഉദ്വേഗവും നാടകീയതയും എല്ലാം അവൻ അനുഭവിച്ചിരിക്കുന്നു.  ഉപരിതലത്തിലൂടെ തെന്നിനീങ്ങിയാണ്‌ താൻ ജീവിച്ചതെങ്കിൽ, അവൻ ജീവിതത്തെ ആഴത്തിൽ തുരന്നു അതിന്റെ അടിത്തട്ടു കണ്ടെത്തിയിരിക്കുന്ന്നു. അവൻ ഗളച്ചേധം  ചെയ്യുന്ന രംഗങ്ങൾ മനസ്സിൽ സങ്കല്പിച്ചു കൊണ്ട് സന്യാസി നക്ഷത്രങ്ങള്ക്ക് കീഴെ കിടന്നുറങ്ങി. 


രാവിലെ വരുന്ന ഭക്തരെ തൃപ്തിപെടുതാൻ ചില പൂജാകർമങ്ങൾ സന്യാസി ചെയ്തു.   അപ്പോഴേക്കും യുവാവ് എഴുന്നേറ്റു വന്നു. അവനെ കുറച്ചു അരികിലേക്ക് മാറ്റി നിർത്തിയിട്ടു സന്യാസി പറഞ്ഞു  "കുഞ്ഞേ, ഞാൻ ഇന്നലെ രാത്രി മുഴുവൻ നിനക്ക് വേണ്ടി ധ്യാനിക്കുകയായിരുന്നു. "

"ഗുരോ, എന്നെ രക്ഷിക്കണം. ഞാൻ അങ്ങയുടെ കൂടെ കഴിഞ്ഞു കൊള്ളാം. എനിക്ക് വേറെ  വഴിയില്ല."
"അരുത് കുഞ്ഞേ, നീ പോകണം. നീ ജീവിതത്തെ നേരിടെണ്ടാവനാണ്. ഒളിചോടെന്ടവനല്ല. ധൈര്യമായിരിക്കൂ. എന്റെ പ്രാർഥനകളും ആശിർവാദവും നിനക്ക് തുണയായി ഉണ്ടാകും"

അവനെ അരുവിയിലെക്കിറക്കി നിർത്തി അയാൾ ഒരു നീണ്ട പ്രാര്ത്ഥന നടത്തി. മന്ത്രജപങ്ങൾക്ക് ശേഷം, അവന്റെ ശിരസ്സിലേക്ക് ഒരു കൈകുമ്പിളിൽ അരുവിജലം കോരിയൊഴിച്ചു.

"നീ എന്റെ പ്രിയ പുത്രനാകുന്നു.നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. നിനക്ക് ഒരു ആപത്തും വരില്ല." 
അവനെ അനുഗ്രഹിച്ചു യാത്രയാക്കി.  കുറച്ചു പണവും അവനു കൊടുത്തു വിട്ടു. 

തുടർന്നുള്ള മൂന്നു നാല് ദിവസത്തേക്ക് സന്യാസിയുടെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായിരുന്നു. പുത്രദുഖം പോലെ ഒന്ന് അയാളുടെ ഹൃദയത്തിൽ കിടന്നു വിങ്ങി. ഗ്രാമത്തിലെ പരിചാരകൻ കൊണ്ട് വന്ന ദിനപത്രത്തിൽ നിന്ന്, അവനെ പോലീസ് പിടികൂടിയ വാർത്ത‍ ഒരു ദിവസം അയാൾ വായിച്ചറിഞ്ഞു. കർണാടക അതിർത്തിക്കു അരികിലുള്ള ഒരു ടൌണിൽ നിന്നാണ്. ജീവിതത്തിൽ ആദ്യമായി അയാൾ ഹൃദയം പൊട്ടി കരഞ്ഞു.


തീക്ഷ്ണമായ ആ വൈകാരികഅനുഭവം അയാൾക്ക് നൂതനമായ ഒന്നായിരുന്നു. നിർമമതയും വിരക്തിയും മോക്ഷത്തിന്റെയും സാത്ത്വികഭാവത്തിന്റെയും ലക്ഷണങ്ങളായി വ്യാഖാനിച്ചു അതിനു വേണ്ടി വികാരജീവികളായ മനുഷ്യർ വൃഥാ യത്നിക്കുന്നു. എന്നാൽ, അയാൾ ജന്മനാ, പ്രകൃത്യാ അങ്ങനെ ആയിരുന്നു. അയാൾ ആഗ്രഹിച്ചത്‌ ജീവിതത്തിൽ പൂര്ണമായി മുഴുകാനും അതിന് അടിമപ്പെടാനുമായിരുന്നു. കുലുങ്ങി കുലുങ്ങി ചിരിക്കുക; കുടകുടെ കണ്ണീർ ഒഴുക്കി കരയുക; ഹൃദയം അലിയുന്ന പോലെ നിറഞ്ഞു പ്രണയിക്കുക; അതിന്റെ ആമോദവും വേദനയും പൂര്ണമായി അറിയുക; മതിവരുവോളം ഭോഗിക്കുക; അതിന്റെ മൂര്ച്ഛകളിൽ ആത്മാവിനെ നഷ്ടപ്പെടുത്തുക; എല്ലാ ഉന്മാദങ്ങളിലും ലഹരികളിലും ദുരന്തങ്ങളിലും ശാപങ്ങളിലും പൂര്ണമായി മുഴുകുക. ഇങ്ങനെ എല്ലാ നവരസങ്ങളും ഭാവങ്ങളും നിറഞ്ഞ സംഭവബാഹുല്യം കൊണ്ട് അന്തരംഗത്തിലെ ശൂന്യത അറിയാതെ പോകുന്ന ഒരു അവസ്ഥയായിരുന്നു അയാളെ സംബന്ധിച്ച് മോക്ഷം. ജീവിതത്തിൽ ആകെ പാടെ അയാള് അനുഭവിച്ചത്, തന്നെ ആവരണം ചെയ്തു നില്കുന്ന ശൂന്യതയുടെ കടുത്ത ഭാരം മാത്രമായിരുന്നു. അതിൽ നിന്നും അയാൾക്കൊരു മോക്ഷം ആയിരുന്നു ആ വികാരതീവ്രത.


ഗോത്ര സംസ്കാരത്തിൽ, ജീവിതലക്‌ഷ്യം നിറവേറ്റി കഴിഞ്ഞ യോഗികളും യോദ്ധാക്കളും, കഴുത്തിൽ കത്തി കൊണ്ട് മുറിവേല്പ്പിച്ചു സമാധി പൂകുന്ന, 'തൻ വധം' എന്ന ആചാരം നിലവിലുള്ളതായി അയാൾ കേട്ടിടുണ്ടായിരുന്നു. തന്റെ ജീവിതം അതിന്റെ നിറവിലെത്തി എന്ന് അയാള്ക്കും ബോധ്യമായി. കണ്ണ്നീർ അയാളുടെ ഹൃദയം തുടച്ചു വൃത്തിയാക്കി. ആത്മാവിൽ നിന്നുയര്ന്ന ദുഖത്തിന്റെ വേലിയേറ്റങ്ങൾ അയാളെ ജീവിതത്തിന്റെ കരയിലേക്ക് അടുപ്പിച്ചു.  തംബുരു കമ്പികൾ പോലെ വികാരങ്ങൾ വലിഞ്ഞു മുറുകിയ നിമിഷത്തിൽ, അയാൾ കഠാര കൊണ്ട് ഒരു ശ്രുതി മീട്ടി. കണ്ഠത്തിൽ നിന്ന് പ്രവഹിച്ച സ്വരധാരയ്ക്ക് രക്തത്തിന്റെ ചൂടും ജീവിതത്തിന്റെ നിറവുമുണ്ടായിരുന്നു. 



Published in 'Nava Malayali' on 16.12.2015 as http://navamalayali.com/2015/12/16/story-thankola-manusebastian/