“ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ
ഒറ്റികൊടുക്കുന്നത്” യേശു ക്രിസ്തു യൂദാസിനോട് ചോദിക്കുന്നതാണ്. ചുംബനം കൊണ്ടും
വഞ്ചിക്കാം എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. പക്ഷെ ചുംബനം കൊണ്ട് കൊല്ലാന്‍
പറ്റുമോ? ചുംബിച്ച് ചുംബിച്ച്, ആനന്ദത്തിന്റെ പാരമ്യത്തിലേക്ക് ഒരാളെ കയറ്റി,
ഉമ്മകളുടെ ഊക്കോടെ അവിടെ നിന്ന് തള്ളിയിട്ട് കൊല്ലുക. അത് സാധ്യമാണോ? സാധ്യമാണ്.
അത് കൊണ്ടാണല്ലോ
പതിനാലാം നിലയുടെ മുകളില്‍ നിന്ന് അവള്‍ താഴേക്കു വീഴുന്ന സ്വപ്നം അവന്‍ വീണ്ടും
കണ്ട് ഞെട്ടിയുണര്‍ന്നത്. ഒരു തൂവല്‍ കഷ്ണത്തിന്റെ ശാന്തതയോടെ ആയിരുന്നു അവളുടെ
പതനം. പൂര്‍ത്തിയാകാതെ പോയ ചുംബനത്തിന്റെ വേദനയോടെ അവളുടെ ചുണ്ടുകള്‍ അപ്പോഴും
വിടര്‍ന്നിരുന്നു. ഇനി കിട്ടാനുള്ള ഉമ്മകള്‍ക്കു വേണ്ടി അവളുടെ ഉടല്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
അവന്‍ കിടന്ന
കട്ടിലും വിറയ്ക്കുന്നുണ്ടായിരുന്നു. ആ ലോഡ്ജ് മുറിയുടെ സമീപത്തുള്ള റെയില്‍വേ
പാളത്തിലൂടെ എപ്പോള്‍ ട്രെയിന്‍ പോകുമ്പോഴും ഭൂകമ്പത്തില്‍ എന്ന പോലെ ചെറിയ വിറയല്‍
ഉണ്ടാകും. സമയം രാത്രി രണ്ടര. മൊബൈലിന്റെ സ്ക്രീനില്‍ അവന്‍ കണ്ടു. ഇന്നിനി ഉറക്കം
നടക്കില്ല. ആ ദുസ്വപ്നതിന്റെ ആഘാതം അങ്ങനെയാണ്. മുഷിഞ്ഞ ചിന്തകളും ഓര്‍മ്മകളും ഒരു
വാഷിംഗ് മെഷിനില്‍ എന്ന പോലെ മനസ്സില്‍ കിടന്നു കറങ്ങി നുരഞ്ഞു പൊന്തും. ഒരു
സിഗരറ്റും കത്തിച്ചു കൊണ്ട് അവന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. വലിയ
പ്രകമ്പനത്തോടെ ഒരു ഗുഡ്സ് ട്രെയിന്‍ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു.
ട്രെയിനിന്റെ അവസാനം ഇരുന്നു പച്ച സിഗ്നല്‍ കാണിച്ചു കൊണ്ടിരുന്ന ഗാര്‍ഡ് തന്നെ
ഒരു നിമിഷം നോക്കിയത് പോലെ അവനു തോന്നി. അയാളുടെ
സ്വകാര്യതയെ ഓര്‍ത്തു അവനു കടുത്ത അസൂയ തോന്നി. വാഗണുകള്‍ ഗര്‍ഭം ധരിച്ചിരിക്കുന സത്യങ്ങളുടെ ശൃംഘലയിലെ ഒരു കണ്ണിയായി,
ലോകത്തിനു നേരെ പച്ച സിഗ്നല്‍ വീശി, ഉറക്കത്തിലുള്ളവരെയെല്ലാം ഉണര്‍ത്തി, യാത്ര
ചെയ്യുന്ന ഗാര്‍ഡ് ഒരു പ്രാവചക ദൌത്യം അല്ലേ നിര്‍വഹിക്കുന്നത്. അത് പോലെ യാത്ര
ചെയ്യണം. കൂട്ടിനു അവളും വേണം. ഗാര്‍ഡ് റൂമിന്റെ പരമമായ സ്വകാര്യതയില്‍, അവര്‍
തീര്‍ക്കുന്ന ചുംബനങ്ങളുടെ പ്രകമ്പനത്തില്‍ ലോകം മുഴുവന് വിറയ്ക്കണം.ജീവിതത്തെ
പറ്റി വേറെ ഒന്നും ഓര്‍ക്കാതെ അവളുടെ നിശ്വാസം ശ്വസിച്ചും ചുണ്ടുകള്‍ ഭക്ഷിച്ചും
അനന്തതയിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കണം.
അല്ലെങ്കില്‍,
ആളൊഴിഞ്ഞ ഒരു സിനിമ തിയേറ്ററില്‍, വിശ്വവിഖ്യാതമായ ചുംബനരംഗങ്ങള്‍(അതും ബ്ലാക്ക്
ആന്‍ഡ് വൈറ്റ്) മാത്രം വെട്ടിയെടുത്തു കോര്‍ത്തിണക്കിയ റീലുകള്‍ ഓടിക്കുന്ന
പ്രോജക്റ്റര്‍ റൂമിന്റെ സ്വകാര്യതയില്‍ അവള്‍ക്കൊപ്പം ഇരിക്കണം. അങ്ങനെയുള്ള ആ
സിനിമ പറുദീസയുടെ അഭ്രപാളിയില്‍ അവരുടെ ചുംബനങ്ങളുടെ നിഴലുകള്‍ പതിയണം.
ഉറക്കമില്ലാത്ത
ശപിക്കപെട്ട രാത്രി തള്ളി നീക്കാന്‍ ഇങ്ങനെ ഓരോ ഫാന്ടസികള്‍ അവന്‍ നിര്‍മിച്ചു
കൊണ്ടേയിരുന്നു. എത്തിനോട്ടക്കാരുടെയും സദാചാരകുറുവടികളുടെയും കണ്ണുകള്‍
വെട്ടിച്ചു അവര്‍ ഒപ്പിച്ചെടുത്ത നൂറുകണക്കിന് ചുംബനങ്ങളുടെ സ്മരണകള്‍
നക്ഷത്രങ്ങള്‍ പോലെ അവന്റെ മുന്നില്‍ ചിതറി വീണു. ഏതു പ്രവര്‍ത്തിയാണ് ഒരേ സമയം
രണ്ടു പേര്‍ ഒരുമിച്ചു ഒരു പോലെ ചെയ്യുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലത്തെ
സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്നത്? അത് ചുംബനം അല്ലാതെ മറ്റെന്താണ്?ഒരു
ചുംബനത്തിന്റെ പാരസ്പര്യം, അതിലുള്ള കൊടുക്കല്‍-വാങ്ങല്‍, അതില്‍
അടങ്ങിയിരിക്കുന്ന വന്യതയുടെയും ആര്‍ദ്രതയുടെയും കൃത്യമായ സങ്കലനം- ഇതൊക്കെ മറ്റു ഏത് മനുഷ്യപ്രവര്‍ത്തിക്ക്
അവകാശപ്പെടാനാകും. ചുംബനങ്ങളുടെ മഹനീയത തിരിച്ചറിഞ്ഞ അവര്‍, അതില്‍ മാത്രം ഏര്‍പ്പെട്ടു
കൊണ്ടേയിരുന്നു. അവര്‍ക്കിടയിലെ ഏറ്റവും ശക്തവും സത്യാസന്ധവുമായ സംഭാഷണം
അതായിരുന്നു. വലിച്ചുവാരി തിന്നും പരദൂഷണം പറഞ്ഞും വികലമാക്കിയ ചുണ്ടുകള്‍ക്ക്
അവര്‍ ചെയ്യുന്ന ശുദ്ധിക്രിയയായിരുന്നു ഓരോ ചുംബനവും.അധരങ്ങള്‍ കവിളുകളില്‍
പതിയുമ്പോള്‍, ആ നനുനനുത്ത ഒട്ടലില്‍ ഭൂതവും ഭാവിയും എല്ലാം ഇല്ലാതാകുന്നു. ആ
നനവില്‍ എല്ലാം വിസ്മൃതമാകുന്നു. മനസ്സില്‍ ചിന്തകളുടെ കെട്ടുപിണച്ചില്‍ ഇല്ല. ക്രോധവിധ്വേഷങ്ങളില്ല.
ആസക്തികളില്ല. ചുണ്ടുകൾ ഒട്ടുമ്പോൾ രണ്ട് ആത്മാക്കള്‍ പരസ്പരം ഒട്ടുന്നു. പുറം ലോകം അവിടെ ബഹിഷ്കൃതമാകുന്നു. പ്രഭാതത്തിലെ മഞ്ഞു തുള്ളി
പോലെ നിര്‍മലമാകുന്നു മനസ്സ്. ചെറുതെങ്കിലും ആ നിമിഷങ്ങള്‍ എത്ര ധന്യം.
“ചുട്ട അടികള്‍ക്ക്
പകരം ചൂടുള്ള ഉമ്മകള്‍ ആയിരുന്നു കിട്ടിയതെങ്കില്‍ ചിലപ്പോള്‍ ഹിറ്റ്ലര്‍
ഉണ്ടാകില്ലായിരുന്നു” ഒരിക്കല്‍ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍, ചുംബനത്തിന്റെ
രാഷ്ട്രീയമാനത്തെ പറ്റിയും അവന്‍ ചിന്തിച്ചു. അതെ, ചിലപ്പോള്‍ ചുംബനം ഒരു
സമരമുറയും ആകാം.
അധരപൂജയുടെ
ശ്രീകോവില്‍ തേടി അവര്‍ ഒരിക്കല്‍ എത്തിപെട്ടത് ഒരു പതിനാലാം നിലയിലാണ്. പണി
പകുതിയാക്കി ഉപേക്ഷിക്കപെട്ട, നഗരത്തിനു നടുവില്‍ ഒരു പ്രേതാലയം പോലെ വളര്‍ന്നു
നിന്ന ഒരു ശപിക്കപെട്ട കെട്ടിടത്തിന്റെ പതിനാലാം നില. മെറ്റലിന്റെയും
സിമെന്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നിന്ന ആ പതിനാലാം നില അവര്‍ക്ക് സ്വകാര്യതയുടെ
ഒരു ഭൂഘണ്ഡം ആയി. ദൂരെ നഗരം വികൃതവും മലിനവും ആയി വികസിച്ചു കിടക്കുന്നത് അവര്‍ക്ക്
കാണാമായിരുന്നു. ശവങ്ങളെ മാത്രം ചുംബിച്ചു ശീലിച്ച ഒരു നാഗരികത പിന്നെ എങ്ങനെ
വികസിക്കും? അവിടെ, ആ പതിനാലാം നിലയില്‍, കെട്ടിടങ്ങളേയും, കടലിനെയും കടല്‍
കാക്കകളെയും, അസ്തമയ സൂര്യനെയും സാക്ഷിയാകി അവര് ചുംബിച്ചു. ഭൂമിയിലും ആകാശത്തിലും
അല്ലാത്ത ആ ത്രിശങ്കുവില്‍ അവര്‍ സ്വര്‍ഗം സൃഷ്ടിച്ചു. ഇടിനിടെയില്‍ എപ്പോഴോ ആണ്,
പിന്നീടുള്ള അവന്റെ രാത്രികള്‍ ദുരിതമാക്കുന്ന ആ ദുസ്വപ്നതിനു നിദാനമായ അവളുടെ
വീഴ്ച ഉണ്ടാകുന്നത്. കാലിടറിയുള്ള അബദ്ധമാണോ, അതോ പൂര്‍ണമായ നിറവ് തോന്നിയ ഒരു
നിമിഷത്തില്‍ അവള്‍ തന്നെ എടുത്തു ചാടിയതാണോ എന്ന് കൃത്യമായി പറയാനാവുന്നില്ല. അതോ,
കോടതിയും പോലീസുമൊക്കെ നിരന്തരം പറഞ്ഞത് പോലെ, അവന്‍ അവളെ പീഡിപ്പിക്കാന്‍
ശ്രമിക്കുന്നതിനിടയില്‍ തള്ളിയിട്ടതാണോ എന്നും അറിയില്ല. സത്യത്തെ എപ്പോഴും
ജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ സേവകര്‍ അങ്ങനെ വെറുതെ കള്ളം
പറയുമോ. ഒന്നിനും വ്യക്തതയില്ല. ഏതായാലും, കമ്പിയും മണലുമൊക്കെ കൂട്ടിയിട്ടിരുന്ന
തറയിലിടിച്ചു അവളുടെ തലച്ചോര്‍ ചിന്നിചിതറുമ്പോഴും, അവളുടെ സ്മൃതികോശങ്ങള്‍
അവസാനത്തെ ചുംബനത്താല്‍ തരളിതമായിരുന്നു.
വിചാരണയും തടവും
ഒക്കെ കഴിഞ്ഞു അവസാനം സംശയത്തിന്റെ അനൂകൂല്യത്തില്‍
കുറ്റവിമുക്തനാക്കിയപ്പോഴേക്കും, യൌവനവും പ്രേമവും കൊണ്ട് ജ്വലിച്ചിരുന്ന അവന്റെ
മനസ്സ് വെറും യന്ത്രമായി മാറി. ദുസ്വപ്നങ്ങളുടെ കൊതുകുകടികള്‍
അസ്വസ്ഥമാക്കുന്ന രാത്രികള്‍ തള്ളി നീക്കാന്‍ അവന്‍ ഫാന്ടസികള്‍ മെനഞ്ഞു
കൊണ്ടേയിരുന്നു. ഗുഡ്സ് വാഗണുകളിലും സിനിമ പരുദീസകളിലും തനിക്ക് ചേരുന്ന ഒരു ചുണ്ട്
അന്വേഷിച്ചു അവന്‍ അലഞ്ഞു.
ശപിക്കപെട്ട ആ കെട്ടിടം
ശാപമോക്ഷം നേടി, നിയോണ്‍ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഒരു അംബരചുംബിയായി വളര്‍ന്നതും
അവനു അവിടെ നിന്ന് കാണാമായിരുന്നു. അവളെ ബലികഴിച്ച് നേടിയ ശാപമോക്ഷത്തില്‍ വളര്‍ന്ന
ആ അംബരച്ചുംബിയില്‍ നിരവധി ചുംബനങ്ങളും ഭോഗങ്ങളും അണമുറിയാതെ അരങ്ങേറി കൊണ്ടിരുന്നു.
അതിന്‍റെ പതിനാലാം നിലയിലെ കുളിമുറിയില്‍ പെട്ടെന്ന് ഒരു ബള്‍ബ് കത്തി. ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തില്‍
ഫ്ലഷ് പ്രവര്‍ത്തിക്കുകയും, വലിയ സീല്ല്ക്കാര ശബ്ദത്തോടെ മലിന ജലം അഗാധങ്ങളിലെക്ക്
നിപതിക്കുകയും ചെയ്തു. “Urban Heights” എന്ന
പ്രഭയോടെ ആ കെട്ടിടം അവന്റെ നേരെ പല്ലിളിച്ചു.
തൊട്ടു മുന്‍പിലെ
സ്ട്രീറ്റ് ലംബിനു ചുറ്റും വട്ടം കൂടി കറങ്ങുന്ന ഈയാംപാറ്റ കൂട്ടം അവനെ കൂടുതല്‍
അസ്വസ്ഥനാക്കി. അതിലൊരെണ്ണം, ഇണയെ ഉപേക്ഷിച്ചു അവന്റെ മുന്നില്‍ പറന്നിറങ്ങി.
വല്ലാത്ത ദേഷ്യത്തോടെ, അവന്‍ സിഗരറ്റ് കുറ്റി അതിന്‍റെ മാറിലേക്ക് ആഞ്ഞു കുത്തി.
തന്‍റെ ചങ്കിലെ പൊള്ളല്‍ മറ്റൊരു ജീവിയിലേക്ക് പകര്‍ന്നു കൊടുത്തതിന്റെ
ആശ്വാസത്തില്‍ അവന്‍ മടങ്ങി. ദുസ്വപ്നതിന്റെ അടുത്ത റീലിനുള്ള സമയമായിരുന്നു.