Sunday, 16 October 2016

വന്യം

കാടിന്‍റെ ഇരുട്ടിലേക്ക് അവന്‍ ഓടി കയറികൊണ്ടേയിരുന്നു. താളത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ചീവിടുകളുടെ കൂട്ടകരച്ചിലും അവന്റെ സ്വന്തം കിതപ്പും ഒഴിച്ച് വേറെ ഒരു ശബ്ദവും ചുറ്റുമില്ല. എവിടെ നിന്നോ ഒരു പക്ഷി ഒന്ന് നീട്ടി കൂവി. സന്ധ്യയുടെ വരവറിയിച്ചു കൊണ്ട്. ഇലകള്‍ക്കിടയിലൂടെ ഇരുട്ട് പൊടിഞ്ഞുകൊണ്ടിരുന്നു. നിഴലുകള്‍ പോലെ മരങ്ങള്‍ പൊങ്ങി വളര്‍ന്നു നില്‍ക്കുന്നു. പൊടുന്നനെ, ഒരു മരത്തിന്റെ വേരില്‍ തട്ടി അവന്‍ നിലത്തു വീണു. കൈമുട്ട് മണ്ണില്‍ ഉരഞ്ഞു ചോര പൊടിയാന്‍ തുടങ്ങി. വലതു കാലിന്റെ തള്ളവിരല്‍ ഇടി കൊണ്ട് വീര്‍ത്തു തിണര്‍ത്തിരിക്കുന്നു. ഇലകള്‍ മറച്ചിരിക്കുന്ന കറുത്ത ആകാശം നോക്കി അവന്‍ നിലത്തു കിടന്നു.

എന്ത് ഭ്രാന്തിന്റെ പുറത്താണ് താന്‍ ഇങ്ങോട്ട്, ഈ കാട്ടിലേക്ക് ഓടി കയറിയത്? അവന്‍ ആലോചിച്ചു.
‘ബിനോയ്‌, ബിനോയ്‌..നീ എവിടെ?’.

 ദൂരെ നിന്ന് അവനെ വിളിക്കുന്ന ഒരു ശബ്ദം കേട്ടുവോ? അവന്‍ കാത്തു കൂര്‍പ്പിച്ചു. അവര്‍ അവനെ അന്വേഷിച്ചു പുറകെ വരുന്നതാകുമോ?

അവനെ തേടി പുറകെ വരുന്നത് അത്ര എളുപ്പമല്ല? ഒരു പുഴ നീന്തി കടന്നു, കാടിന്‍റെ ഉള്ളിലേക്ക് ഒത്തിരി ദൂരം അവന്‍ ഓടി കയറിയിരിക്കുന്നു. കാട് പരിചയമില്ലാത്ത ഒരാള്‍ക്ക്‌ അവനെ പിന്തുടര്‍ന്നു വരുന്നത് അത്ര അനായാസമല്ല. പക്ഷെ അവനെങ്ങനെ കാടിനെ പരിചയം? ശീതികരിച്ച മുറികളില്‍ ജീവിച്ചു ശീലിച്ച, ശീതള പാനീയങ്ങളും പാക്കറ്റ് ഭക്ഷണവും കഴിച്ചു വളര്‍ന്ന, കീബോര്‍ഡും കീപാടും സ്പര്‍ശിച്ചു മാത്രം പരിചയമുള്ള, പതുപതുത്ത വിരലുകളും തുടുതുടുത്ത കവിളുകളും ഉള്ള അവനു എങ്ങനെ കാടിനെ പരിചയം? സ്വന്തം ബാച്ചിലേര്‍സ് പാര്‍ട്ടിയുടെ ഭാഗമായി, അടുത്ത പെഗ് ബക്കാര്‍ഡി  റം ഗ്ലാസ്സിലൊഴിച്ച്, പറമ്പില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ പീസും കടിച്ച്, പുഴയ്ക്കപ്പുറം താമസിക്കുന്ന ഗിരിവര്‍ഗ പെണ്ണുങ്ങളുടെ ഒതുങ്ങിയ അരക്കെട്ടിനെ പറ്റി അശ്ലീലഫലിതവും പറഞ്ഞു കൊണ്ടിരുന്ന ബിനോയ്‌ എങ്ങനെ കാടിനുള്ളിലേക്ക് ഓടി കയറി?


അവന്റെ അപ്പന് കുടുംബവിഹിതമായി കിട്ടിയ പറമ്പ് കാടിനരികില്‍ ആയിരുന്നു. സുറിയാനി കത്തോലിക്കരായ ബിനോയിയുടെ പൂര്‍വികരില്‍ ഒരു ശാഖ പണ്ട് മലബാറിലേക്ക് കുടിയേറിയതിന്റെ ശേഷിപ്പായി ബിനോയിയുടെ അപ്പന് കിട്ടി യതാണ് ആ അഞ്ചു ഏക്കര്‍ ഭൂമി. ബാങ്ക് ഉദ്യോഗസ്ഥനായ ബിനോയിയുടെ അപ്പന്‍ അവിടെ ഒന്നും ചെയ്യാന്‍ മെനക്കെട്ടില്ല. വന്‍നഗരങ്ങളില്‍ പഠിച്ചു വളര്‍ന്ന ബിനോയ്‌ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതെ ഇല്ല. കണ്ണൂര്‍ ജില്ലയുടെ കിഴക്കേ അറ്റത് ആ അഞ്ചേക്കര്‍ ഭൂമിയില്‍ കാട് തഴച്ചു വളര്‍ന്നു. നേരിട്ടുള്ള വഴി സൌകര്യം ഇല്ലാത്തതിനാല്‍ വസ്തു വിലക്ക് എടുക്കാന്‍ ആരും തയ്യാറായില്ല. അതിനോട് ചേര്‍ന്ന് ഒരു പുഴ ഒഴുക്കുന്നു. അതിനപ്പുറം കര്‍ണാടക സംസ്ഥാനം. കാട്ടാനകളും കാട്ടുകള്ളന്മാരും മദിച്ച് വാഴ്ന്ന ഘോരവനം അവിടെ വിശാലമായി കിടക്കുന്നു.


അമേരിക്കയിലേക്കുള്ള വിസ ശരിയായതിന്റെ ബലത്തില്‍ മാത്രം ഉറച്ച കല്യാണം അടുത്തആഴ്ച നടക്കാനിരിക്കെ ആചാരപ്രകാരമുള്ള ബാച്ചിലേര്‍സ് പാര്‍ട്ടി നടത്താന്‍ പറ്റിയ ‘വൈല്‍ഡ്‌ ഫീല്‍’ കുടുംബത്താല്‍ അവഗണിക്കപെട്ടു കിടന്ന ആ സ്ഥലത്തിന് ഉണ്ടെന്നു ബിനോയ്ക്ക് തോന്നി. കാടിനരികിലുള്ള ക്യാമ്പ്‌ ഫയറിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ വിസ്ഫോടനം സൃഷ്ടിക്കുമെന്നും, ലൈക്കുകളുടെ പെരുമഴയില്‍ തന്‍റെ പ്രതിശ്രുത വധുവിനു തന്നോടുള്ള ആരാധന പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നും അയാള്‍ കണക്ക് കൂട്ടി. ബംഗ്ലൂരില്‍ നിന്ന് സുഹൃത്തുക്കളെ കൂട്ടി, ഒരു ‘ഥാര്‍’ ജീപ്പും സംഘടിപ്പിച്ചു, സകലമാന ബോഹെമ്യന്‍ ഗിമ്മിക്കുകളുമായി, ബിനോയിയും സംഘവും, പൂര്‍വികര്‍ ചോരയും വിയര്‍പ്പും ഒഴുക്കി വെട്ടി പിടിച്ച ആ മണ്ണില്‍ തമ്പടിച്ചു. ഗൃഹസ്ഥാശ്രമത്തില്‍ എരിഞ്ഞടങ്ങാനുള്ള വന്യസ്വാതന്ത്ര്യത്തിന്റെ ആളികത്തല്‍.

രണ്ടു പെഗ് റം സിരകള്‍ ചൂടാക്കിയ അവസ്ഥയില്‍, ബിനോയിക്ക് പുഴ നീന്തി കടക്കാന്‍ തോന്നി. സ്വിമ്മിംഗ് പൂളുകളിലെ കൃതൃമ നീലയ്ക്ക് പകരം വശ്യമായ പച്ചപ്പ്‌ കലര്‍ന്ന വെള്ളം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കൂട്ടുകാരോട് ഒന്നും പറയാതെ അയാള്‍ പുഴയുടെ അരികിലുള്ള ഒരു ചെറിയ പാറയുടെ മുകളില്‍ കയറി. അസ്തമയ സൂര്യന്‍ പുഴയില്‍ ഓളം വെട്ടി കളിക്കുന്നു. അയാള്‍ക്ക്‌ വല്ലാതെ ഹരം കയറി.ജീവിതത്തില്‍ അപൂര്‍വ്വം ആയി മാത്രം തോന്നിയിട്ടുള്ള ഭ്രാന്തമായ ഉന്മാദ ഭാവം നെഞ്ചിന്റെ ഉള്ളില്‍ നിന്ന് എല്ലയിടതെക്കും ഇരച്ചു കയറുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു. വെള്ളത്തിന്‌ മുന്നില്‍ അയാള്‍ കുമ്പിട്ടു. എന്തോ ശബ്ദം കേട്ടു പിറകിലേക്ക് നോക്കിയ ഒരു സുഹൃത്ത്‌ കണ്ടത്, പാറയുടെ മുകളില്‍ പുഴയിലേക്ക് കുതിക്കാന്‍ കുമ്പിട്ടു നില്‍ക്കുന്ന ബിനോയിയെ ആണ്.

“വാട്ട്‌ ദി ഹെല്‍ മാന്‍...” അവന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ ഒരു ചാട്ടുളി പോലെ ബിനോയ്‌ വെള്ളത്തിലേക്ക്‌ കുതിച്ചു. ഡൈവിംഗ് ബോര്‍ഡുകളില്‍ നിന്ന് ചാടി ശീലിച്ച ബിനോയിക്ക് നല്ല പ്രഫഷണല്‍ മികവ് ഉണ്ടായിരുന്നു. പുഴയുടെ ഗഹനതയിലേക്ക് അവന്‍ തുളച്ചു കയറി. വീഞ്ഞില്‍ മുങ്ങുന്ന ലഹരിയോടെ അവന്‍ ആവേശത്തോടെ ജലാന്തരത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വെള്ളത്തിന്റെ അപാരമായ അഗാധതയില്‍ മീനുകള്‍ ഓടി കളിക്കുന്നത് അവന്‍ കണ്ടു. അവന്‍ പയ്യെ ജലപ്രതലത്തിലേക്ക് ഉയര്‍ന്നു. പുഴയുടെ നടുഭാഗത്താണ് അവന്‍ പൊങ്ങിയത്. മുകളിലെത്തി നോക്കിയപ്പോള്‍, തലയില്‍ കയ്യും വച്ച് പുഴക്കരയില്‍ നില്‍ക്കുന്ന അവന്റെ സുഹൃത്തുക്കളെ കണ്ടു. അവനു ചിരി വന്നു. വെള്ളത്തില്‍ കുത്തി നിന്നുകൊണ്ട് ഭ്രാന്തമായി അവന്‍ ചിരിച്ചു. പുറകിലേക്ക് നോക്കിയപ്പോള്‍, മറുകരയില്‍ വനം വിശാലമായി കിടക്കുന്നത് അവന്‍ കണ്ടു.

‘ബിനോയ്‌..ബിനോയ്‌’
കരയില്‍ നിന്നും വിളി.

അവന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. മറുകരയിലേക്ക് നീന്തി. ശാന്തമായി നീന്തി. നീന്തുകയല്ല, അവന്‍ ഒഴുകുകയായിരുന്നു. വെള്ളത്തിനോട് അലിഞ്ഞു ചേര്‍ന്ന്, അതിന്‍റെ ഒരു ഓളമായി മാറി അവന്‍ ഒഴുകി. കാട് തന്‍റെ മാറിലേക്ക്‌ അവനെ ചേര്‍ത്ത് പിടിച്ചു. കരയിലെത്തിയപ്പോളും അവന്‍ വിളി കേട്ടു.

‘ബിനോയ്‌ ബിനോയ്‌’

അവന്റെ ജീനുകളില്‍ സംഭരിച്ചിരുന്ന പൂര്‍വികരുടെ ജ്ഞാനം അപ്പോള്‍ ഉണര്‍ന്നു. മൃതിയടയാത്ത പൃതുക്കള്‍ അവനോടു മന്ത്രിച്ചു.

‘നമ്മുടെ സ്വന്തം കാടാണിത്.’

അവന്‍ ഒന്നും ആലോചിച്ചില്ല. കാടിന്‍റെ ഉള്ളിലേക്ക് അവന്‍ കുതിച്ചു. കാടിന്‍റെ ജീവനില്‍ കുതിര്‍ന്ന മണ്ണില്‍ പാദങ്ങള്‍ അമര്‍ന്നപ്പോള്‍, മരപ്പട്ടയുടെയും പച്ചിലകളുടെയും മാദകഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ വല്ലാത്ത ഒരു നിറവ് അവന് അനുഭവപ്പെട്ടു. കാട്ടുവഴികള്‍ ജന്മജാന്മാന്തരങ്ങളായി അവന്റെ മനസ്സില്‍ പതിഞ്ഞത് പോലെയായിരുന്നു. സ്വന്തം തട്ടകത്തില്‍ തിരിച്ചു വരുന്ന പോരാളിയുടെ ആത്മവിശ്വാസത്തോടെ അവന്‍ കാടിന്‍റെ ഉള്ളിലേക്ക് ഓടി കൊണ്ടേയിരുന്നു. 

വേരില്‍ തട്ടി വീണ ആ കിടപ്പ് അവന്‍ കുറെ നേരം കിടന്നു. അവന്റെ മൊബൈല്‍ ഫോണ്‍ അന്നേരം ചത്തിരുന്നു. ഇരുട്ട് പരക്കുന്നത് അവന്‍ കൃത്യമായി അറിഞ്ഞു. ആദ്യമായാണ്, ഇരുട്ടിനെ ഇത്ര അടുത്ത് അവന്‍ അറിയുന്നത്. നിയോണ്‍ വിളക്കുകള്‍ മുക്കുന്ന നഗരത്തിലെ ഇരുട്ട്. എല്‍.സി.ഡി സ്ക്രീനുകളില്‍ ഒളിക്കുന്ന ഉള്ളിലെ ഇരുട്ട്. ഇതൊക്കെയാണ് അവന്‍ കണ്ടിട്ടുള്ളത്. എല്ലാം മൂടുന്ന, എന്തിനെയും പൊതിയുന്ന, ഉള്ളില്‍ ഭയം മാത്രം നിറയ്ക്കുന്ന, ഇരുട്ടിന്റെ തീവ്ര ഭാവം അവന്‍ ആദ്യമായി അടുത്തറിയുകയായിരുന്നു. ഇരുട്ട് ഉണര്‍ത്തുന്ന  വന്യതയുടെ സാന്നിധ്യവും അവന്‍ അറിഞ്ഞു. അവനു ഭയമായി.

‘നേരെ നടക്കൂ. നേരെ തന്നെ.’ അവന്റെ ഉള്ളില്‍ ശബ്ധമുണര്‍ന്നു.
‘പേടിക്കാതെ തന്നെ നേരെ നടന്നു കൊള്ളൂ.’ അവനെ ധൈര്യപ്പെടുത്തി.

അവന്‍ നടന്നു. നേരെ തന്നെ. ഒരു തടസ്സങ്ങളും വഴിയില്‍ ഉണ്ടായില്ല. സുഗമമായ വഴി. ഒന്നും കാണാന്‍ പറ്റുന്നില്ല എന്നെയുണ്ടായിരുന്നുള്ളൂ. ഒരു പാറയുടെ ഇടുക്ക് പോലത്തെ ഒരു സ്ഥലം മുന്നില്‍ ഉള്ളതായി അവനു തോന്നി. ഒരു ചെറിയ ഗുഹ. അവന്‍ അതിനുള്ളില്‍ കയറിയിരുന്നു.

‘നീ ഇവിടെ സുരക്ഷിതനാണ്. ആരും, ഒന്നും, നിന്നെ ഉപദ്രവിക്കില്ല’.

ബിനോയ്‌ കൈകള്‍ ഉയര്‍ത്തി ഗുഹയുടെ ചുമരിലൂടെ പരതി. അവിടെയെല്ലാം കുറ്റിപുല്ലുകള്‍ ഉണ്ടായിരുന്നു. പുല്ലുകള്‍ക്കിടയിലൂടെ അവന്‍ കുറെ നേരം വിരലുകള്‍ ചലിപ്പിച്ചു. കുഞ്ഞായിരുന്നപ്പോള്‍, പേരപ്പന്റെ ചങ്കിലെ രോമക്കാടിനുള്ളിലൂടെ വിരലുകള്‍ ചലിപ്പിച്ചിരുന്നപ്പോള്‍ തോന്നിയ അതെ രസം അയാള്‍ക്ക് തോന്നി. പേരപ്പന്‍ എന്ന് അവന്‍ വിളിച്ചിരുന്നത്‌ ശരിക്കും അവന്റെ അപ്പന്റെ പേരപ്പനെയാണ്. ബിനോയിയുടെ അപ്പൂപ്പന്റെ ചേട്ടന്‍. പേരപ്പന് ഭ്രാന്താണ് എന്നാണു എല്ലാരും പറഞ്ഞിരുന്നത്. അത് കൊണ്ട് തറവാട്ടിലെ ഒരു മുറിയില്‍ പേരപ്പനെ ഒറ്റയ്ക്ക് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബിനോയിയുടെ അമ്മൂമ്മ പേരപ്പന് കഞ്ഞി കൊടുക്കാന്‍ വേണ്ടി മുറി തുറക്കുമ്പോള്‍, കുഞ്ഞു ബിനോയിയും അകത്തു കയറും. പേരപ്പൻ കഞ്ഞി കുടിക്കുന്നതും നോക്കി അടുത്തിരിക്കും. പേരപ്പന്റെ ചങ്കിലെ രോമങ്ങളിലൂടെ വിരലുകള്‍ ഓടിക്കും. എന്നിട്ട് അവിടെ വീഴുന്ന ചോറുമണികള്‍ പെറുക്കി തിന്നും. കാട് പോലെ വളര്‍ന്നു നില്ക്കുന്ന രോമങ്ങളില്‍ നിന്ന് മാസങ്ങളുടെ വിയര്‍പ്പുമണം ഉയരുന്നുണ്ടാകും. 
 
ബിനോയിയുടെ അമ്മയ്ക്ക് അത് കാണുമ്പോള്‍ നല്ല ദേഷ്യം വരും. അവനെ വഴക്ക് പറഞ്ഞു ഓടിക്കും. അന്നെരമൊക്കെ, വളരെ അക്ഷോഭ്യനായി, ബലിയര്‍പ്പിക്കുന്ന ഭക്തിബോധത്തോടെ പേരപ്പന്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുകയായിരിക്കും. എത്ര വഴക്ക് കേട്ടാലും, അടി കൊണ്ടാലും, പേരപ്പന്റെ കഞ്ഞിപാത്രത്തില്‍ സ്പൂണ്‍ അടിക്കുന്ന ശബ്ദം കേട്ടാല്‍, കുഞ്ഞു ബിനോയ്‌ എവിടെ നിന്നെങ്കിലും ഓടി വന്നു പേരപ്പന്റെ അടുത്ത് സ്ഥലം പിടിക്കും. അങ്ങനെ ഇരിക്കുന്ന ബിനോയിയുടെ അടുത്ത് പേരപ്പന്‍ കുറെ പഴങ്കഥകള്‍ ഒക്കെ പറയും.

അങ്ങനെ പറഞ്ഞ കഥകളുടെ കൂട്ടത്തില്‍, ഇത് പോലെ ഒരു കാട്ടില്‍ പേരപ്പന്‍ അകപ്പെട്ട കഥയും ഉണ്ടായിരുന്നു. മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ പേരപ്പനും ഒരിക്കല്‍ അവിടെ എത്തി. നിലാവ് പൂത്ത ഒരു രാത്രിയില്‍ പുഴ നീന്തി കടന്നു. പുഴയില്‍ മലര്‍ന്നു കിടന്നു നക്ഷത്രങ്ങളെയും ചന്ദ്രനേയും നോക്കി കിടന്നു. അങ്ങനെ പുഴ കടന്ന് കാടിന്‍റെ കര പറ്റി. എങ്ങനെയോ വഴി തെറ്റി. രാത്രി മുഴുവന്‍ കാട്ടിലൂടെ അലഞ്ഞു.  

കാട്ടുപന്നിയും കരടിയും, എന്തിന്, പുലി വരെ രാത്രിയില്‍ ഇറങ്ങി നടക്കുന്ന കാട്. പേടിച്ചരണ്ട പേരപ്പന്‍ ഒരു ചെറിയ ഗുഹ കണ്ടെത്തുകയും, രാത്രി മുഴുവന്‍ അവിടെ സുരക്ഷിതമായി ചെലവഴിക്കുകയും ചെയ്തുവത്രെ.

പേരപ്പന്‍ വഴി തെറ്റി അലഞ്ഞ കാട് ഇത് തന്നെയല്ലേ? ഇതേ ഗുഹയല്ലേ പേരപ്പനും അഭയമായത്?

ഗുഹയുടെ ചുമരിലെ പുല്ലുകളില്‍ ബിനോയ്‌ മുഖം അമര്‍ത്തി. ഇളം ചൂടും പാറയുടെ ഒരു പ്രത്യേക മണവും ഉണ്ടായിരുന്നു ഗുഹയുടെ ചുമരുകള്‍ക്ക്. പേരപ്പന്റെ ചങ്കിലെ പോലെ.
പേരപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബിനോയിയുടെ മനസ്സിലെ ഭയം അകറ്റി. എങ്ങനെയാണ് പേരപ്പന് ഭ്രാന്തു വന്നത്? വിചിത്ര സ്വഭാവക്കാരനായിരുന്നു പേരപ്പന്‍ എന്നത് ബിനോയിക്കും നേരിട്ട് അനുഭവം ഉള്ളതാണ്. ചിലപ്പോള്‍, നട്ടുച്ചയ്ക്ക് ഉഗ്രഭാവത്തില്‍ നില്‍ക്കുന്ന സൂര്യന് നേരെ നല്ല വാശിയോടെ മുറം എടുത്തു വീശുന്നത് അവന്‍ കണ്ടിട്ടുണ്ട്. എന്താ പേരപ്പാ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ പേരപ്പന്‍ പറയും.

“സൂര്യന് ചൂട് കൂടിയാല്‍ ലോകം മുഴുവന്‍ ഉരുകും. ഞാന്‍ സൂര്യനെ തണുപ്പിക്കുവാ.” എന്നും പറഞ്ഞു കൂടുതല്‍ ശക്തിയോടെ മുറം വീശും.

ഗ്ലോബല്‍ വാര്‍മിങ്ങിനെ പറ്റി പുള്ളി അന്നേ മനസ്സിലാക്കിയിരുന്നുവോ എന്തോ?

രാത്രിയായാല്‍ പേരപ്പന്‍ പാട്ട്കച്ചേരി തുടങ്ങും. നല്ല ശുദ്ധമായ ശാസ്ത്രീയ സംഗീതം. പണ്ടെങ്ങോ എന്തോ ഭാഗവതരുടെ പക്കല്‍ നിന്നും പഠിച്ചതാണ്. ശബ്ദമാധുര്യവും താളബോധവും ഒക്കെ ഉണ്ടെങ്കിലും, പാതിരാത്രിയില്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരും. മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍, അപ്പോള്‍ തുടങ്ങും തെറിയഭിഷേകം.

പക്ഷെ പൊതുവേ ശാന്തായിരുന്നു പേരപ്പന്‍. ഭ്രാന്തുണ്ടെന്ന് ആരും പറയില്ല. ഒരിക്കല്‍ വല്ലാതെ അക്രമാസക്തനായത്രേ. അത്, ബിനോയിയുടെ അപ്പൂപ്പന്‍ പറമ്പിലെ മരമെല്ലാം വെട്ടി റബ്ബര്‍ വെയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ്. പറമ്പില്‍ മുഴുവന്‍ അക്കാലം കാട് പോലെയായിരുന്നു. കാട് വെട്ടി റബ്ബര്‍ വെയ്ക്കാന്‍ പേരപ്പന്‍ എന്ത് ചെയ്താലും സമ്മതിക്കില്ല. റബ്ബര്‍ നാടിനെ നശിപ്പിക്കും എന്നായിരുന്നു പേരപ്പന്റെ വാദം. കാട് വെട്ടാന്‍ വന്ന പണിക്കാരുടെ നേരെ കോടാലി എടുത്തു വീശി. അന്ന് പേരപ്പനെ ഭ്രാന്താശുപത്രിയില്‍ പിടിച്ചുകൊണ്ട് പോയി ഷോക്ക്‌ ട്രീറ്റ്മെന്റ് കൊടുത്തു എന്നൊക്കെ ബിനോയ്‌ കേട്ടിട്ടുണ്ട്.

പേരപ്പനെ എന്തിനാണ് പൂട്ടിയിട്ടിരുക്കന്നത് എന്ന് അവന്‍ അപ്പനോട് ചോദിച്ചിട്ടുണ്ട്? അപ്പന്‍ പറഞ്ഞത്, ഇല്ലെങ്കില്‍ പേരപ്പന്‍ എങ്ങോട്ടെങ്കിലും പോയി കളയും എന്നാണ്. ഒരു അവധൂതന്‍ ആയിരുന്നു പേരപ്പന്‍ ഉള്ളില്‍. അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. സ്വന്തം കല്യാണത്തിന്റെ തലേന്നു വീട്ടില്‍ നിന്ന് പുറപ്പെട്ടു. അതായിരുന്നു ആദ്യത്തെ അലച്ചില്‍. പേരപ്പന്‍ എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും നിശ്ചയം ഇല്ലായിരുന്നു. പിന്നെ കുറെ മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. കല്യാണം മുടങ്ങിയതും, വീട്ടുകാര്‍ ശകാരിക്കുന്നതും  ഒന്നും പേരപ്പന് വിഷയം അല്ലായിരുന്നത്രേ. പോയി കണ്ട സ്ഥലങ്ങളുടെ എല്ലാം വിശേഷം നാട്ടുകാരുടെ അടുത്ത് പറയുന്നതിലായിരുന്നു പേരപ്പന്റെ കമ്പം. മദ്രാസ്‌, ബോംബെ, ആഗ്ര, ഇവിടെങ്ങളില്‍ എല്ലാം കറങ്ങിയായിരുന്നു മൂപ്പരുടെ വരവ്. പരദേശ കഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ വട്ടം കൂടി.

കുറച്ചു നാള്‍ വീട്ടില്‍ ഇരുന്നതിനു ശേഷം പിന്നെയും അലച്ചില്‍ തുടങ്ങി. മദ്ധ്യ തിരുവതാംകൂറില്‍ നിന്ന് നസ്രാണികള്‍ മലബാര്‍ കുടിയേറ്റം നടത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍ പേരപ്പന്‍ അവിടുത്തെ വനപ്രദേശങ്ങളില്‍ അലഞ്ഞു തിരിയാന്‍ തുടങ്ങി എന്നാണു ബിനോയ്‌ കേട്ടിരിക്കുന്നത്. അവിടെ ചെന്ന്, നക്സലൈറ്റ് ആയി, സ്വന്തം കൂട്ടര്‍ക്ക് നേരെ തിരിഞ്ഞു എന്ന് ചിലര്‍ പറയുന്നു. അവിടുത്തെ ഗിരിവര്‍ഗക്കാരെ പുറത്താക്കി കാട് വെട്ടിപിടിച്ച നസ്രാണിമാടമ്പിമാര്‍ക്കെതിരെ പേരപ്പന്‍ സായുധ വിപ്ലവം നയിക്കുകയായിരുന്നത്രേ. വേറെ ചിലര്‍ പറയുന്നത്, പേരപ്പന്‍ കര്‍ണാടക വനത്തില്‍ കാട്ടുകള്ളന്‍ ആയിരുന്നു എന്നാണ്. ആനകൊമ്പും ചന്ദന തടികളും മോഷ്ടിച്ചിരുന്ന നല്ല ഒന്നാം തരം കാട്ടുകള്ളന്‍. എന്തായാലും, കുറച്ചു നാള്‍ പേരപ്പന്‍ പോലീസ് കസ്റ്റടിയില്‍ ആയിരുന്നു. പോലീസ്കാര്‍ തല ചവുട്ടിപൊളിച്ചു പേരപ്പന് ഭ്രാന്തു വരുത്തി എന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇതൊന്നും അല്ലായിരുന്നു യഥാര്‍ത്ഥ പേരപ്പന്‍ എന്ന ഒരു ബോദ്ധ്യം പണ്ട് മുതലേ ബിനോയ്ക്ക് ഉണ്ടായിരുന്നു.

പേരപ്പന്റെ അദൃശ്യ സാന്നിദ്ധ്യം ആ കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതായി അവനു തോന്നി. അതിന്‍റെ സുരക്ഷിതബോധത്തില്‍ അവന്‍ ഗുഹയ്ക്കുളില്‍ കിടന്നുറങ്ങി.

ഇലകളിലൂടെ പ്രഭാത സൂര്യന്‍ അരിച്ചിറങ്ങി. സ്വപ്നലോകത്തില്‍ നിന്നെന്ന പോലെ ബിനോയ്‌ ഉണര്‍ന്നു. പുറം ലോകത്തെ പറ്റിയുള്ള ചിന്തകള്‍ അയാളെ അലട്ടിയതേയില്ല. ഉണര്‍ന്ന പാടെ, കാട്ടിലൂടെയുള്ള തന്‍റെ അലച്ചില്‍ അയാള്‍ തുടര്‍ന്നു. ഒരു സ്വപ്നാടനം പോലെ. ജീവിതത്തില്‍ ഒരു ജൈവികത വന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. അയാള്‍ നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യമില്ലാതെ; ഉദ്ദേശ്യമില്ലാതെ; കാടിന്‍റെ സന്തതികള്‍ ലക്ഷ്യവും ഉദ്ദേശ്യവും ഒന്നുമില്ലാതെ വെറുതെ കാനനക്രീഡകളില്‍ ഏര്‍പ്പെടുന്നത് പോലെ, അയാളും വെറുതെ നടന്നു. വെറുതെയുള്ള അലച്ചില്‍ നല്‍കുന്ന ഒരു മോക്ഷഭാവം അവന്‍ അനുഭവിച്ചറിയുകയായിരുന്നു. നാഗരികതയുടെ യാന്ത്രികതകളില്‍ നിന്നും, സംസ്കാരത്തിന്റെ പൊള്ളത്തരങ്ങളില്‍ നിന്നും, ആദിമമനുഷ്യന്‍റെ പ്രാചീനതയിലേക്ക് ഒരു തീര്‍ത്ഥയാത്ര. അവന്റെ പേരപ്പനെ പോലെ ഒരു തീര്‍ത്ഥാടകനായി അവനും പരിണമിക്കുകയായിരുന്നു.

നടന്ന് നടന്ന് അവന്‍ ഒരു പോയ്കയുടെ കരയിലെത്തി. നിറയെ ആമ്പല്‍പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പൊയ്ക. നീര്‍ക്കോലികുഞ്ഞുകള്‍ തലയുയര്‍ത്തി പോയ്കയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ് ജലരേഖകള്‍ വരച്ചു കൊണ്ടിരുന്നു. ശുദ്ധജലത്തിന്റെ നീലിമ അവന്റെ കണ്ണുകള്‍ക്ക്‌ കുളിരേകി. ആനന്ദം കൊണ്ട് അവന്‍ ഉറിഞ്ഞു തുള്ളി.

പേരപ്പന്‍ പറഞ്ഞിട്ടുണ്ട് ഈ ആമ്പല്‍ പൊയ്കയെ പറ്റി. അവന്‍ ഓര്‍ത്തു. തന്‍റെ പേരപ്പന്‍ പലരും പറയുന്നത് പോലെ ഒരു നക്സലൈറ്റോ കാട്ടുകള്ളനോ അല്ലായിരുന്നു എന്ന് അവനു തോന്നി. അയാള്‍ കാടുമായി പ്രേമത്തിലായ ഒരു അനുരാഗിയായിരുന്നു. വന്യമായ അനുഭവങ്ങള്‍ക്കുള്ള ദാഹമാണ് പേരപ്പനെ ഒരു അവധൂതന്‍ ആക്കിയത്. സമൂഹമര്യാദയുടെ ചങ്ങലകള്‍ ആ വന്യ മനസ്സിനെ മെരുക്കാന്‍ നോക്കിയപ്പോള്‍, അത് ഭ്രാന്തിന്റെ തലങ്ങളിലേക്ക് കൈവിട്ടു പോയി.  പൂര്‍ണതയില്‍ എത്താതെ പോയ ആ വന്യപ്രേമത്തിന്‍റെ അവകാശിയായി തീര്‍ന്നിരിക്കുന്നു ബിനോയ്‌. ആവേശത്തോടെ അവന്‍ പോയ്കയിലേക്ക് ഇറങ്ങി. എല്ലാം മറന്നു കൊണ്ട് അതിന്‍റെ ചതുപ്പുകളിലേക്ക് അവന്‍ ആണ്ടിറങ്ങി. ചങ്ങലകള്‍ പൂട്ടിയ പേരപ്പന്റെ വന്യാവേശം അവനിലൂടെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. 

കാടിന് പക്ഷെ കരുണയില്ല. ഹിംസയാണ് കാടിന്‍റെ സ്പന്ദനം. ഒന്ന് മറ്റൊന്നിനു ഭക്ഷണം ആകുന്നു. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു. അതിജീവനത്തിന്റെ ഉഗ്രപോരാട്ടങ്ങള്‍ അരങ്ങേറുന്ന കാടിനുള്ളില്‍ ഒരു ആസ്വാദകന് സ്ഥാനമില്ല. 

ഫോറെസ്റ്റ്കാര്‍ അവന്റെ ജീര്‍ണിച്ച ശരീരം കാടിനുള്ളില്‍ കണ്ടെത്തുമ്പോള്‍, ആഴ്ചകള്‍ കഴിഞ്ഞിരുന്നു. ഏതോ വിഷം ഉള്ളില്‍ ചെന്നതാകം എന്നായിരുന്നു അന്വേഷകരുടെ നിഗമനം. വിഷക്കനി കഴിച്ചതാണോ അതോ ഏതെങ്കിലും ജീവി ആക്രമിച്ചതാണോ എന്ന് തീര്‍ച്ചപ്പെടുത്താനായില്ല.

വീട്ടുകാര്‍ കണ്ടു പിടിച്ചു കൊടുത്ത നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ച്, അമേരിക്കയില്‍ പോയി സുഖമായി ജീവിക്കേണ്ടവന്റെ വിധിവൈപരീത്യത്തെ പറ്റി നാട്ടുകാര്‍ ഗദ്ഗധപ്പെട്ടു. അവന്റെ അമ്മ പക്ഷെ നിര്‍വികാരത പാലിച്ചു.
“അവനു ആ പേരപ്പന്റെ സ്വഭാവം കിട്ടിയിട്ടുണ്ട് എന്ന്‍ എനിക്ക് പണ്ടേ മനസ്സിലായതാ” ആശ്വസിപ്പിക്കാന്‍ വന്ന ആരോടോ അവര്‍ പറഞ്ഞു.

അതെ, ചില ജന്മങ്ങള്‍ക്ക് ഇങ്ങനെയേ തീരാനൊക്കൂ. കാരണം, ഇര തേടി അലയുന്ന ആ പഴയ കാട്ടുമനുഷ്യനുമായാണ്  അവര്‍ക്ക് മനസ്സില്‍ അടുപ്പം.