അതി
പുരാതനമായ ദൈവാലയത്തിലേക്ക് ആ വൃദ്ധ ദമ്പതികള്‍ പതുക്കെ നടന്നു കയറി.ഭൂഖണ്ഡങ്ങൾ തേടി അലഞ്ഞ ഒരു പഴയ നാവികന്റെ ശരീരം അയാളുടെ പഴകിയ അഹന്തയോടൊപ്പം ആ ദേവാലയത്തിൽ അടക്കം ചെയ്തിരുന്നു. വേച്ചു
വേച്ചു നടന്ന് വിജനമായ ആ ദൈവാലയത്തിന്റെ മുന്‍പിലുള്ള ഒരു ബെഞ്ചില്‍ ഇരുവരും
ഇരുന്നു. പള്ളിയകത്തുള്ള പ്രാവുകള്‍ ചിറകടിച്ചു ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. വൃദ്ധന്‍
വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വൃദ്ധ അയാളുടെ നെഞ്ചം പയ്യെ തടവി കൊടുത്തു.
അയാള്‍ അവളെ വളരെ സ്നേഹത്തോടെ നോക്കി. മുന്‍പെങ്ങും തോന്നാത്ത വിധമുള്ള
സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് അയാളുടെ ഹൃദയം വീര്‍പ്പു മുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്,
ഇത് പോലൊരു ദൈവാലയത്തില്‍ നിന്ന് ഒരുമിച്ചു കൈ പിടിച്ചു ഇറങ്ങിയതാണ്. പിന്നെ ഇത്
വരെ ഒരുമിച്ചു തന്നെയായിയുരുന്നു. പരസ്പരം താങ്ങും തുണയുമായി. ശരീരം
പ്രായമായികൊണ്ടിരുക്കുമ്പോഴും അനുദിനം വര്‍ദ്ധിച്ച് വന്ന പ്രണയം കൊണ്ട് അവരുടെ
മനസ്സുകള്‍ കൂടുതല്‍ യൌവനയുക്തമായി കൊണ്ടിരുന്നു, അയാള്‍ അവളുടെ കൈകള്‍ ചേര്‍ത്ത്
പിടിച്ചു. ചുളിവുകള്‍ വീണ വൃദ്ധയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു.
അവള്‍ അയാളുടെ ചുമലില്‍ തല ചേര്‍ത്ത് വെച്ചിരുന്നു.
ദൈവാലയതിനുള്ളിലെ
ഇണപ്രാവുകളുടെ കുറുകലുകള്‍ കേട്ട്, അങ്ങ് അത്യുന്നതങ്ങളില്‍, വാന മേഘങ്ങള്‍ക്ക്
മുകളില്‍, നിദ്രയില്‍ ആയിരുന്ന യഹോവ ഉണര്‍ന്നു. ആദിയില്‍ വചനം ഉണ്ടാകുന്നതിനു മുന്‍പുള്ള
കടുത്ത ഏകാന്തത തന്നെയായിരുന്നു അവിടെ അപ്പോഴും. ഉന്നതങ്ങളിലെ വിരസതയ്ക്ക്
വിരാമമിടാന്‍ സൃഷ്ടാവ് തന്‍റെ സൃഷ്ടികളുടെ ദുരിതങ്ങളിലേക്ക് കണ്ണും കാതും തുറന്നു.
ഓരോ നിമിഷവും സൃഷ്ടാവിനെ ഓര്‍ക്കാനായി യാതനകളും പീഡകളും സമയാസമയങ്ങളില്‍ യഹോവ
സൃഷ്ടികളുടെ മേല്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയായിരുന്നു അണ്ടകടാഹത്തെ
മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന പ്രാപഞ്ചികമായ ഏകാന്തതയില്‍ നിന്നും യഹോവ രക്ഷ
നേടി കൊണ്ടിരുന്നത്.
തന്‍റെ
ആലയത്തില്‍ വന്നിരിക്കുന്ന വൃദ്ധദമ്പതികളെ യഹോവ കണ്ടു. അവരുടെ സ്തുതിപ്പുകള്‍ക്കും
പ്രാര്‍ത്ഥനകള്‍ക്കും യഹോവ കാതോര്‍ത്തു.
എന്നാല്‍
അവര്‍ അവരുടെതായ ലോകത്തായിരുന്നു. അവരുടെ മധുരസ്മരണകള്‍ ഓര്‍ത്തോര്‍ത്തു അവരുടെ
സ്നേഹത്തിന്റെ മാറ്റ് കൂട്ടികൊണ്ടിരുന്നു. സ്വന്തം സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായി, അവര്‍ ഇരുവരും ഒരു പുഴ പോലെ ഒരുമിച്ചു ഒഴുകുകയായിരുന്നു.
ഒറ്റപ്പെടല്‍ എന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം.
തന്‍റെ
ആലയത്തില്‍ വന്ന് തന്നെ സ്തുതിക്കാതെ, തനിക്കു നന്ദി പറയാതെ, തന്നോട് പാപങ്ങള്‍
ഏറ്റു പറയാതെ, പ്രണയബദ്ധരായി ഇരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ ക്രുദ്ധനായി. സര്‍വസൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം മറ്റൊരു
സൃഷ്ടിയെ സ്നേഹിക്കുന്നുവോ? പരസ്പര സ്നേഹത്തില്‍ സ്വയം മറന്നിരിക്കുന്ന അവരെ
കണ്ടപ്പോള്‍ യഹോവ തന്‍റെ ഏകാന്തതയെ പറ്റി കൂടുതല്‍ ബോധവാനായി.
ഇല്ല.
സൃഷ്ടാവിനില്ലാത്ത ഒരു സൌഭാഗ്യവും സൃഷ്ടിക്ക് വേണ്ട. അതിനാല്‍ തന്‍റെ ഏകാന്തതയുടെ
ഒരു അംശം അവരുടെ ജീവിതത്തിലേക്ക് വര്‍ഷിക്കാന്‍ യഹോവ തീരുമാനിച്ചു. തന്നെ മറന്നു
ജീവിതം ആഘോഷിച്ച സോദോം-ഗോമെറ നഗരങ്ങളിലേക്ക് പണ്ട് അഗ്നിയും ഗന്ധകവും വര്‍ഷിച്ചത്
പോലെ. ഇതില്‍ ഒരു ജീവനെ തിരികെ വിളിക്കാം. അങ്ങനെ ഒറ്റപ്പെടലിന്റെ കടുത്ത ശാപം ഒരാള്‍ക്ക്
കൊടുക്കാം.
യഹോവ
ആലോചിച്ചു. പുരുഷനെ വിളിക്കണോ സ്ത്രീയെ വിളിക്കണോ. പുരുഷന് ഏകാന്തത ശീലമുണ്ട്. ഏദന്‍
തോട്ടത്തില്‍ അവന്‍ കുറെ നാള്‍ ഏകാന്തത ശീലിച്ചതാണ്. എന്നാല്‍ സ്ത്രീ
സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ അവള്‍ക്കു ഒരു തുണയുണ്ട്.പുരുഷന്റെ വാരിയെല്ല്
കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്ത്രീയ്ക്ക് അത് കൊണ്ട് ഏകാന്തത അസഹ്യമായിരിക്കും. അവള്‍
തകര്‍ന്നു പോകും. അതിനാല്‍, അത് തന്നെയാണ് കടുത്ത ശിക്ഷ.
അടുത്ത
നിമിഷം വൃദ്ധന്റെ ശ്വാസം നിലച്ചു. ഇറുകി പിടിച്ചിരുന്ന കൈവിരലുകള്‍ പെട്ടെന്ന്
അയഞ്ഞതായി വൃദ്ധയ്ക്കു തോന്നി. ജീവനറ്റ വൃദ്ധന്റെ ശിരസ്സ് അവളുടെ മാറിലേക്ക്
ചാഞ്ഞു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന കൂട്ട് ഇനിയില്ല എന്ന യാഥാർഥ്യം അവളുടെ മനസ്സിനെ പൊള്ളിച്ചു. അയാളുടെ മൃതമായ ചുണ്ടുകളില്‍ അവള്‍ ചുണ്ടമര്‍ത്തി.
അവസാനത്തെ മുത്തം.
അവള്‍ക്ക്
പൊട്ടികരയണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ കരഞ്ഞില്ല. അയാളുടെ ശരീരം അവള്‍
ബെഞ്ചില്‍ കിടത്തി. എന്നിട്ട് ദൈവത്തിനു മുന്നില്‍ മുട്ട്കുത്തി നിന്നു. അവളുടെ
പ്രാര്‍ത്ഥന കേട്ടതില്‍ നന്ദി പറഞ്ഞു. അവസാന കാലത്ത് അവള്‍ക്കു ഒരു പ്രാര്‍ഥനയെ
ഉണ്ടായിരുന്നുള്ളൂ. ആദ്യം പോകുന്നത് അവള്‍ ആയിരിക്കല്ലേ എന്ന്. അയാള്‍ക്ക് അത്
ഒരിക്കലും താങ്ങാന്‍ ആകില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു. വേദനയും
കാത്തിരിപ്പും ആവോളം സഹിച്ച അവളുടെ മനസ്സ് അന്ത്യകാലത്തെ ഒറ്റപെടല്‍ അനുഭവിക്കാന്‍
പാകപ്പെട്ടതായിരുന്നു.
തന്‍റെ
വിധിയെ വെല്ലുവിളിക്കുന്ന ദുര്‍ബലയായ വൃദ്ധയെ കണ്ടു യഹോവ ഞെട്ടി. അഭിമാനബോധം തകര്‍ന്ന
ദൈവം ആദിയിലെ ഏകാന്തതയിലേക്ക് പിന്‍വാങ്ങി. എന്ത് കൊണ്ടെന്നാല്‍, വിധിക്കുവാനും
ശിക്ഷിക്കുവാനും മാത്രം അറിയുന്ന സൃഷ്ടാവിന് കരയാന്‍ അറിയില്ലായിരുന്നു.