Monday, 20 June 2016

ഒഴിവുദിവസത്തെ കാര്യം കളിയാകുമ്പോള്‍

കാലാകാലങ്ങളായി നീണ്ടു നിന്ന ചാതുര്‍വര്‍ണ്യത്തിന്‍റെ കളികളുടെ ചരിത്രമാണ് നമ്മുടെ നാടിന്റെത്. അറിവ് കുത്തകാവകാശമായി വെച്ചിരിക്കുന്ന ബ്രാഹ്മണന്‍ അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നു. ബ്രാഹ്മണന്റെ അനുഗ്രഹാശിസ്സുകളോടെ കയ്യൂക്കും അധികാരഭ്രമവും ഉള്ള ക്ഷത്രിയന്‍ ഭരണാധികാരിയാകുന്നു. ഇവരോട് ഒട്ടിനില്‍ക്കുന്ന വൈശ്യരും മറ്റു ജാതികളും വ്യാപാര-സാമ്പത്തിക മേഖലകള്‍ കൈയ്യടക്കി വെയ്ക്കുന്നു. ഇങ്ങനെ അധികാരവും ജീവിതസൌകര്യങ്ങളും പങ്കിട്ടെടുക്കുന്ന കളി ഇവരെല്ലാം കൂടി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. കളിക്കളത്തിനു വെളിയില്‍ നിര്‍ത്തപ്പെട്ട ശൂദ്രര്‍ ഇവരുടെ അടിമപ്പണി ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണ്. ശൂദ്രരുടെ മര്‍ദ്ദനവും ചൂഷണവും ഈ കളിയുടെ നിയമാവലിയില്‍ ഉള്ളതാണ്.

പക്ഷെ, പാശ്ചാത്യ ലിബറല്‍ മൂല്യങ്ങളും നവോത്ഥാനചിന്തകളും അടിസ്ഥാനമാക്കിയിട്ടുള്ള ഭരണഘടന നിലവില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. ജനാധിപത്യവും സമത്വവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഒരു ക്ഷേമരാഷ്ട്രമാണ് ഭരണഘടന വിഭാവനം ചെയ്തത്. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ഒന്നായി ഈ ചാതുര്‍വര്‍ണ്യ കളി കണക്കാക്കപ്പെട്ടു. എന്നാല്‍, ഭരണഘടയെ വെല്ലുന്ന ഒരു ഭീകര സത്വമായി ജാതിശക്തികള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നു കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ ഉപബോധത്തില്‍ അവയ്ക്കുള്ള വേരോട്ടം ശക്തമായിരുന്നു. അതുകൊണ്ട്, ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഒഴിവു നല്‍കിക്കൊണ്ട്, ചാതുര്‍വര്‍ണ്യത്തിന്‍റെ കളികള്‍ ഇപ്പോഴും നടക്കുന്നു.

ഈയൊരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പരിഛേദമാണ് ‘ഒഴിവുദിവസത്തെ കളി’യിലും കാണുന്നത്. പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഒരു കഥയാണിത്. ഒരു ഇലക്ഷന്‍ ദിവസം കിട്ടിയ അവധി അര്‍മ്മാദിക്കാന്‍ ഉള്ള ഒരു അവസരമായി മാറ്റിയെടുക്കുന്ന അഞ്ചു പുരുഷന്മാര്‍. സ്ഥിരജോലിയും ‘മാന്യ’മായ കുടുംബജീവിതവും ഒക്കെയായി മധ്യവര്‍ഗ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കള്‍.  തങ്ങളുടെ മാന്യതയ്ക്കും സംസ്കാരത്തിനും ഒഴിവു കൊടുത്ത്, ഹിംസയും ഭോഗവും ഒക്കെ പ്രാകൃത രീതിയില്‍ കൊതിക്കുന്ന ഉള്ളിലെ മൃഗത്തിനെ ഉണര്‍ത്തി, മദ്യലഹരിയുടെ ബോധം മറയലില്‍  ഒരു ദിവസം ഉറഞ്ഞു തുള്ളി, പിന്നെ തിരിച്ചു ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥതയിലെക്ക് മടങ്ങുക- ഇതാണ് അവരുടെ ‘അടിച്ചു പൊളി’. സ്ഥിരം വഷളത്തരങ്ങളൊക്കെ കഴിഞ്ഞു ബോറടിച്ചപ്പോള്‍ അവര്‍ ഒരു കളി കളിക്കാന്‍ തീരുമാനിക്കുന്നു. കള്ളനും പോലീസും കളി. രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ നറുക്കുകളില്‍ നിന്ന് ഓരോന്നെടുത്തു, അവനവനു കിട്ടുന്ന നറുക്ക് അനുസരിച്ച് കളിക്കണം. പോലീസ് കള്ളന്‍ ആരാണെന്നു ഊഹിക്കണം. ഊഹം തെറ്റി രാജവിനെയോ മന്ത്രിയെയോ കള്ളന്‍ എന്ന് വിളിച്ചാല്‍ ശിക്ഷ പോലീസിന്. കള്ളനെ പിടിച്ചാല്‍ അവനെ മറ്റുള്ളവര്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നു. കളി നന്നായി മുറുകി. ലഹരിയോടൊപ്പം. കളിച്ചു കളിച്ചു അവസാനം കളി കാര്യമായി. അങ്ങനെ ഒരു വലിയ ദുരന്തത്തില്‍ കളിയും കഥയും അവസാനിക്കുന്നു.



പക്ഷെ, പുനര്‍ചിന്തയില്‍ നമുക്ക് മനസ്സിലാകും ഇവിടെ കളി കാര്യമായതല്ല. പകരം, കാര്യം കളിയായതാണ്. ഉറങ്ങിക്കിടന്ന ജാതിബോധം ഉണര്‍ന്നു അവിടെ ചാതുര്‍വര്‍ണ്യത്തിന്‍റെ കളി നടന്നു. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ. തിരുമേനി ന്യായാധിപന്‍ ആകുന്നതു പൂണൂലിന്റെ ബലത്തില്‍ ആണ്. കളിയില്‍ നേരിട്ട് പങ്കാളിയാകാതെ, കളിക്ക് അതീതനായി നിന്ന് കളിക്കാരുടെ ഭാഗധേയം നിര്‍ണയിക്കുന്നു പൂണൂല്‍ധാരി. രാജാവിന്‍റെ നറുക്ക് വീഴുന്നതോ, ഒരു സവര്‍ണഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത ധര്‍മപാലന്‍. (ഇയാള്‍ ധരിക്കുന്ന തോര്‍ത്തിന്റെ നിറം പോലും കാവിയായത് ഒരു ആകസ്മികതയാണോ?). കഥാകൃത്തായ ആര്‍. ഉണ്ണിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ സര്‍ സി പി രാമസ്വാമി അയ്യരും ജയറാം പടിക്കലും ആണ് ധര്‍മ്മന്റെ ആരാധ്യ കഥാപാത്രങ്ങള്‍. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഫോട്ടോ പോക്കറ്റില്‍ ഇട്ടാണ് നടന്നത്. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ അയാള്‍ക്ക്‌ കാരണങ്ങള്‍ ഉണ്ട്. അന്ന് എല്ലാവരും അവനവന്റെ പണി കൃത്യമായി ചെയ്തു. പോലീസ് പോലീസിന്റെ. തോട്ടി തോട്ടിയുടെ. എല്ലാവരെയും വരുതിക്ക് നിര്‍ത്താന്‍ കൊതിക്കുന്ന ഈ അധികാരമോഹി പക്ഷെ ഉപജീവനത്തിന് ഗള്‍ഫില്‍ പോയി ദാസ്യവേല ചെയ്യുന്നു എന്നത് ഒരു വൈരുദ്ധ്യം. ആകെപ്പാടെ അയാളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നത് ഒരു പെണ്ണിന് മുന്‍പിലാണ്. ഗീത എന്ന വേലക്കാരി പെണ്ണില്‍ നിന്നേല്ക്കുന്ന പ്രഹരത്തിന്റെ അപമാനം കൂടിയാണ് അയാള്‍ തന്‍റെ രാജവേഷത്തിലൂടെ തീര്‍ക്കുന്നത്. (എല്ലാ ഫാസിസ്റ്റുകള്‍ക്കും കാലിടറുന്നത് പെണ്‍ ശക്തിക്ക് മുന്നിലാണ് എന്നത് ചരിത്രപരമായ ഒരു സത്യം കൂടിയാണല്ലോ)

വയലന്‍സിനെ മനസ്സ് കൊണ്ട് ആരാധിക്കുന്ന അശോകന്‍ പോലീസ് ആയതും ആകസ്മികതയല്ല. എല്ലാ ഭോഗത്തിലും ഹിംസയുടെ ഒരു അംശമുണ്ട് എന്ന് അയാള്‍ ഒരിടത്ത് സമര്‍ത്ഥിക്കുന്നുണ്ട്. ബലാല്‍ക്കാരത്തിലൂടെ സ്ത്രീയെ കീഴ്പ്പെടുത്തുന്നതാണ് അയാളെ സംബന്ധിച്ച് ആണത്തം. മന്ത്രിയാകാന്‍ വിധിക്കപ്പെട്ട വിനയനും അതിനു അനുയോജ്യന്‍ തന്നെ. പുരോഗമന ആശയങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒക്കെ വക്താവാണ്‌ അയാള്‍. ഒരു ബന്ധത്തിന് സ്ത്രീയുടെ സമ്മതം വളരെ അത്യാവശം ആണെന്ന് അശോകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അയാള്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ ധര്‍മ്മപാലന്‍ ന്യായീകരിക്കുമ്പോള്‍ അതിനെ തന്‍റെ തിക്താനുഭവങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നുമുണ്ട് അയാള്‍. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ എല്ലാത്തിനോടും സമരസപ്പെടാനും ഒത്തുചേര്‍ന്ന് പോകാനും ശീലിച്ചു കഴിഞ്ഞിരുന്നു. വ്യവസ്ഥിതിയെ കൊണ്ട് ഉപജീവനം കഴിക്കുന്ന അയാള്‍ അതിനെ പിണക്കാതെയും ചെറുതായി പറ്റിച്ചും തന്‍റെ നിലനില്‍പ്പ്‌ സുരക്ഷിതമാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഇലക്ഷന്‍ ഡ്യുട്ടിയില്‍ നിന്ന് അവധിയെടുത്താണ് അയാള്‍ അവിടെ ചേരുന്നത്. അങ്ങനെ പുരോഗമനവാദമൊക്കെ അവസരം നോക്കി മാത്രം പ്രയോഗിക്കുന്ന, തന്ത്രം അറിയാവുന്ന വിനയന്‍ മന്ത്രിയായതും ഉചിതമായി.

ഊഹം തെറ്റി രാജാവിനെയും മന്ത്രിയെയും കള്ളന്‍ എന്ന് വിളിക്കുന്ന പോലീസ് പക്ഷെ അടിശിക്ഷയില്‍ നിന്ന് പണം കൊടുത്തു ഊരിപ്പോരുന്നു. അവിടെ രാജാവും ന്യായാധിപനും എല്ലാവരും ഒത്തുകളിക്കുന്നു. കളിയുടെ പശ്ചാത്തലത്തില്‍ അപ്പുറത്തെ മുറിയിലെ ടീവിയില്‍ നിന്ന് ഇലക്ഷന്‍ വാര്‍ത്തകളും കേള്‍ക്കാം. ജനാധിപത്യത്തെ  പശ്ചാത്തലമാക്കി അരങ്ങേറുന്ന കള്ളക്കളികളുടെ ഒരു രൂപകം തന്നെയായി ഈ കളിയും മാറുന്നു.

അവസാനം കള്ളന്‍ ആകുന്നതു ദാസന്‍ ആണ്. നിറം കറുത്തതായതിന്റെ പേരില്‍ അവഹേളനവും അപകര്‍ഷതയും അനുഭവിക്കുന്നവന്‍ തന്നെ കള്ളന്‍ ആകുന്നു. ഈ കള്ളുകുടി സംഘത്തില്‍ ഒരല്‍പം മാന്യതയും അന്തസ്സും പുലര്‍ത്തുന്നതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത് ദാസന്‍ ആണ്.  സ്ത്രീവിരുദ്ധ വഷളന്‍ ഫലിതങ്ങളും ജാതിചിന്തകളും കള്ളുമൂത്ത് എല്ലാവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങുമ്പോള്‍ ദാസന്‍ പറയുന്നുണ്ട്, നമുക്ക് വാര്‍ത്ത കേള്‍ക്കാം, ഇലക്ഷന്‍ എന്തായി എന്ന് നോക്കാം എന്നൊക്കെ. താന്‍പോരിമയില്‍ ജനം ലക്ക് കെടുമ്പോള്‍ അവരുടെ ചിന്ത ജനാധിപത്യത്തിലേക്ക് തിരിക്കുന്ന ഒരു പ്രവാചകനെ പോലെ.  ഒരു പാട്ട് പാടാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ ദാസന്‍ ചെല്ലുന്നത് “And you called me coloured?” എന്ന കവിതയാണ്. കളിയിലും വലിയ താല്‍പര്യമില്ലാതെ മാറി നില്‍ക്കുന്ന ദാസനെ കള്ളന്‍ എന്ന് വിളിച്ചു അവര്‍ കളിക്കളത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവസാനം കളിക്കളം കൊലക്കളം ആകുന്നു. ഏകലവ്യനും ശംബൂകനും രോഹിത് വെമുലയും ഒക്കെ കുരുതി കൊടുക്കപ്പെട്ട അതേ കൊലക്കളം. ചാതുര്‍വര്‍ണ്യത്തിന്റെ രീതികളും നിയമങ്ങളും കളിയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ സംഭവിക്കേണ്ടത്‌ തന്നെ സ്വാഭാവികമായി സംഭവിച്ചു. കാര്യം കളിയാകുന്ന ഒരു വൈപരീത്യത്തിനു പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു.



2003ല്‍ എഴുതപ്പെട്ട ഈ ചെറുകഥയ്ക്ക്‌ ഇപ്പോഴത്തെ കാലികപ്രസക്തി തിരിച്ചറിഞ്ഞു ചലച്ചിത്രഭാഷ്യം നല്‍കിയ സനല്‍ കുമാര്‍ ശശിധരന്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ലഹരി പയ്യെ സിരകളിലൂടെ കയറി തലച്ചോറിനെ വലിഞ്ഞുമുറുക്കുന്നത് പോലെ, ക്രമേണയുള്ള മുറുക്കത്തിലൂടെ ഭയാനകമായ ഒരു നടുക്കത്തിലേക്ക് നമ്മെ തള്ളിവിടുന്നു. സമത്വത്തിനും തുല്യനീതിക്കും ഒഴിവു കൊടുത്തു നടമാടുന്ന ജാതികളികളുടെ വ്യാപ്തിയെ പറ്റി ഒരു ചോദ്യചിഹ്നം എറിഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ധര്‍മങ്ങളില്‍ ഏറ്റവും പാവനമായ സമത്വത്തെ മറന്നു കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ന്യായം വിധിക്കപ്പെടുമ്പോള്‍, മനസ്സിലും ശരീരത്തിലും അവര്‍ണത മുദ്ര കുത്തപ്പെട്ടവരുടെ ജീവിതങ്ങള്‍ ബലി കഴിക്കപ്പെട്ടു കൊണ്ടേയിരിക്കും. അത് ചിലര്‍ക്കൊക്കെ രസം പകരുന്ന ഒരു കളിയായി മാത്രം അവശേഷിക്കുകയും ചെയ്യും.

പിന്‍കുറിപ്പ്:
ഐ.എ.എസ് ഇന്‍റര്‍വ്യൂവിനു വന്ന നായാടിജാതികാരനായ ധര്‍മ്മപാലനോട് ഒരംഗം ചോദിക്കുന്നു. “നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനം എടുക്കും”

“ഒരു നായായടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്”

“അത് കൊലപാതകമാണെങ്കിലോ?”

“കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്”

(നായാടിയായ ഒരു കലക്ടറുടെ ജീവിതകഥ പറയുന്ന ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലില്‍ നിന്ന്)

Published in 'Azhimukham' on 20.06.2016 as http://www.azhimukham.com/news/12776/ozhivudhivasathe-kali-caste-dalit-politics-film-review-manu-sebastian

Saturday, 11 June 2016

ബീച്ച് റോഡ്‌(കഥ)


ഏതു ശപിക്കപെട്ട നിമിഷത്തിലാണ് ബീച്ച് റോഡിലൂടെ ബൈക്ക് എടുത്തു പോരാന്‍ തോന്നിയത്? വെറുതെ ഒരു കൌതുകത്തിന്റെ പുറത്താണ് ഹൈവേയിലൂടെ പോകുന്നതിനു പകരം ബീച്ച് റോഡിലൂടെ പോന്നത്. ആര്‍ത്തിരമ്പുന്ന കടലിനു സമാന്തരമായി പോകുന്ന ബീച്ച് റോഡിലൂടെ അര്‍ദ്ധരാത്രിയിലുള്ള റൈഡ് ഒരു കാവ്യാത്മക സാഹസമായിരിക്കും എന്ന് അയാള്‍ക്ക്‌ തോന്നി. ബീച്ച് റോഡിലേക്ക് തിരിയുന്ന ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഏതോ ഒരു ഉള്‍പ്രേരണയുടെ പുറത്ത് അങ്ങോട്ട്‌ തിരിഞ്ഞു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി.

ആദ്യം കുറച്ചു നേരത്തേക്ക് നല്ല രസമായിരുന്നു റൈഡ്. അത്ര വിജനമായിരിക്കും ബീച്ച് റോഡിന്‍റെ പരിസരം എന്ന് അയാള്‍ പ്രതീക്ഷിച്ചതേയില്ല. ഒരു വശത്ത് അനന്തതയിലേക്ക് പരന്നു കിടക്കുന്ന കടല്‍. ചന്ദ്രന്‍ മറഞ്ഞിരിക്കുന്ന ആകാശം. മാനം മുട്ടെ വളഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. പ്രകൃതിയുടെ ഗഹനതയല്ലാതെ ജീവന്‍റെ മറ്റൊരു അംശം പോലും അവിടെയില്ല. അയാള്‍ക്ക് വല്ലാതെ ഹരം കയറി. ദുര്‍ഘടം പിടിച്ചതാനെങ്കിലും, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ ആ റോഡിലൂടെ തന്നെ പോയി. അന്ധകാരത്തിന്റെയും വിജനതയുടെയും വന്യമായ ആകര്‍ഷണത്തിന് അയാള്‍ വശംവദനായി. ഇടയ്ക്ക് വച്ച് അയാള്‍ ബൈക്ക് നിര്‍ത്തി. കടലിന്‍റെ ഇരമ്പല്‍ അല്ലാതെ മറ്റൊരു ശബ്ദമില്ല. ഹരവും ഭയവും സങ്കലിച്ച ഒരു അനുഭൂതി അയാള്‍ക്ക് തോന്നി. തന്‍റെ കാമുകിക്ക് അയാള്‍ മെസ്സേജ് അയച്ചു

Hi dear..i am having a wonderful ride through the beach road..it feels so surreal here..wish you were also with me to enjoy this….love..

കാമുകിക്കയച്ച പ്രണയസന്ദേശത്തിന്റെ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. അവയുടെ സാന്ദ്രതയില്‍ കടല്‍ക്കരയിലെ തെങ്ങുകള്‍ ആടി. ഭയാനകമായ നിഴല്‍രൂപങ്ങള്‍ അവ കടല്‍ക്കരയില്‍ വരച്ചു. അയാള്‍ക്ക് ഭയം തോന്നി തുടങ്ങി. തിരിച്ചു പോയാലോ എന്നോര്‍ത്തു. ചുറ്റും പറന്നു കിടക്കുന്ന ഇരുട്ടില്‍ മരണത്തിന്റെ മണം. ജീവിതത്തില്‍ ആദ്യമായി തന്‍റെ മരണത്തെ പറ്റി അയാള്‍ ആലോചിച്ചു. കൈവരാനിരിക്കുന്ന സൌഭാഗ്യങ്ങള്‍; കാത്തിരിക്കുന്ന കാമുകി-അങ്ങനെ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ പലതുണ്ട്. പക്ഷെ, അതിനെക്കാളൊക്കെ ആകര്‍ഷകമായ ഒരു ചാരുത ഇരുട്ടില്‍ പതിയിരിക്കുന്ന മരണത്തിനുണ്ടെന്നു അയാള്‍ക്ക് തോന്നി. മരണത്തിനപ്പുറത്തുള്ള ലോകത്ത് നിന്നുള്ള ചരടുവലി അയാള്‍ക്ക് വീണ്ടും ശക്തമായി അനുഭവപ്പെട്ടു. അയാള്‍ യാത്ര തുടര്‍ന്നു. ബീച്ച് റോഡിന്‍റെ കനപെട്ട ഇരുട്ടിലൂടെ.

ബൈക്കിന്റെ ഹെഡ്-ലൈറ്റിനു അപ്പുറം പരന്നു കിടക്കുന്ന ഇരുട്ടിന്റെ നിഗൂഡതയില്‍ എന്താണ് പതിയിരിക്കുന്നതെന്ന് ഓര്‍ത്തു അയാള്‍ ഭയപ്പെട്ടു. രാവിന്റെ തിരശീലയ്ക്ക് പിന്നില്‍ പരേതാത്മാക്കളുടെ സംഘനൃത്തമാണോ? മൃതിയുടെ താരാട്ടാണോ കടലിന്‍റെ ഇരമ്പല്‍? ഭയം കൂടി അയാളുടെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. റോഡിന്റെ സ്ഥിതിയും മോശമായി വന്നു തുടങ്ങി. ടാര്‍ ഭാഗങ്ങളൊക്കെ ബീച്ചിലെ പൂഴിമണ്ണിനാല്‍ മൂടപെട്ടു കിടക്കുകയായിരുന്നു. മണ്ണിലൂടെ ബൈക്ക് നിയന്ത്രണത്തില്‍ ആക്കുവാന്‍ അയാള്‍ നന്നേ ക്ലേശിച്ചു. മണ്ണിനു തന്നെ അഴുകിയ ജീവിതത്തിന്റെ ഗന്ധം. ബീച്ച് റോഡിലൂടെ പോരാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു.

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ റോഡിന്റെ സ്ഥിതി മെച്ചപ്പെട്ടു. മാത്രമല്ല കടല്‍ തീരത്ത് നിന്ന് അകന്നു, ഉള്ളിലേക്ക് റോഡിന്റെ ദിശ മാറി തുടങ്ങി. ഹൈവേയിലേക്ക് തിരിച്ചു കയറുകയായിരിക്കും റോഡ്‌ എന്ന് കരുതി അയാള്‍ ആശ്വസിച്ചു. ജീവിതത്തിലേക്ക് തിരിച്ചു കയറാനുള്ള വെപ്രാളത്തോടെ അയാള്‍ അതിവേഗം ബൈക്ക് ചലിപ്പിച്ചു. ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കത്തോടെ അയാളുടെ ബൈക്ക് ഇരുട്ടിനെ ഭേദിച്ചു കുതിച്ചു.

പെട്ടെന്ന് മുന്നില്‍ ഒരു ഭയങ്കര വളവ്. അടുത്തെത്തിയപ്പോഴാണ് അത് കണ്ടത്. തക്ക സമയത്ത് തിരിക്കാനായില്ല. നിയന്ത്രണം വിട്ടു ബൈക്ക് റോഡിനു വെളിയിലെ ഇറക്കത്തിലേക്ക് കുതിച്ചു. കരിങ്കല്‍കെട്ട് പോലെ എന്തിലോ തട്ടി ബൈക്കിനോടൊപ്പം അയാള്‍ മേലേക്ക് ഉയര്‍ന്നു. താഴെ വെട്ടികളിക്കുന്ന ജലത്തില്‍ തത്തികളിക്കുന്ന ശപിക്കപെട്ട രാത്രിയുടെ പ്രതിഫലനം കണ്ടു. ബൈക്ക് വെള്ളത്തിലേക്ക് പതിക്കുന്നത് തന്‍റെ ത്രിശങ്കു അവസ്ഥയില്‍ അയാള്‍ കണ്ടു. തൊട്ടു പുറകെ തന്നെ അയാളും വെള്ളത്തിലേക്ക് വീണു. ജലപ്രതലം തുരന്നു അയാള്‍ അടിയിലേക്ക് താഴ്ന്നു.അപ്പോഴും കെടാതെ ജ്വലിച്ചിരുന്ന ബൈക്കിന്റെ ഹെഡ്-ലൈറ്റ് ജലാന്തരത്തെ ദീപ്തമാക്കി. മുകളിലേക്ക് കൈകാലിട്ടടിച്ചു അയാള്‍ കുതിച്ചു. വെള്ളത്തിന്‌ മീതെ വന്നപ്പോള്‍ ആഞ്ഞു ശ്വാസമെടുത്തു.തലയും കുത്തി കിടക്കുന്ന ബൈക്കിന്റെ പിന്‍ഭാഗം വെള്ളത്തിന്‌ മീതെ ഉയര്‍ന്നു കിടക്കുന്നു.

ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈല്‍ കിണുങ്ങി. നേരത്തെ അയച്ച മെസ്സജിനു കാമുകി മറുപടി അയച്ചതാകം. ദൂരെ കടലിന്‍റെ അലര്‍ച്ച കേള്‍ക്കാം. വെള്ളത്തിന്‌ നേരിയ ഉപ്പുരസം. ഏതോ ഒരു അഴിമുഖം ആണെന്ന് അയാള്‍ക്ക്‌ തോന്നി. തികഞ്ഞ ആലസ്യത്തോടെ നദി അതിന്‍റെ ബ്രഹ്മത്തില്‍ ലയിക്കുകയാണ്. കാതങ്ങളുടെ ഓട്ടം കഴിഞ്ഞ തീവണ്ടി അതിന്‍റെ അവസാനത്തെ സ്റ്റേഷനില്‍ നിരങ്ങി കിതച്ചു ഒടുങ്ങുന്നതു പോലെ.

പെട്ടെന്ന് അയാള്‍ക്ക്‌ ചുറ്റുമുള്ള വെള്ളം ഭ്രാന്തമായി ഇളകാന്‍ തുടങ്ങി. ശക്തമായ അടിയൊഴുക്ക് അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കരയില്‍ നിന്ന് നദിയുടെ മധ്യത്തിലേക്ക് അയാള്‍ വലിക്കപെട്ടു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി. നീന്തല്‍ പാഠങ്ങളൊക്കെ അയാള്‍ മറന്നു. താന്‍ മുങ്ങി കൊണ്ടിരിക്കുകയാണെന്ന് കുറച്ചു കഴിഞ്ഞാണ് അയാള്‍ തിരിച്ചറിയുന്നത്‌. പക്ഷെ അയാള്‍ക്ക്‌ തെല്ലും ഭയം തോന്നിയില്ല. വെള്ളത്തിനടിയിലെ പ്രശാന്തമായ നിശബ്ദത. അത് അയാള്‍ ആസ്വദിച്ചു. ചിന്തകളെയും ആകുലതകളെയും മുക്കുന്ന ഘനയടി ജലത്തിന്റെ ഘനഗാംഭീര്യം. കാമുകിയുടെ കോടിക്കണക്കിനു ഉമ്മകള്‍ ചേര്‍ന്നുണ്ടാകുന്ന  നനവിന്റെ സാന്ദ്രതയില്‍ പുളകിതമാകുന്ന മേനി. ജലാന്തര്‍ഭാഗത്തേക്ക് അയാള്‍ താഴവേ നദിയുടെ രൂപവും ഭാവവും മാറുന്നത് അയാള്‍ അറിഞ്ഞു. ആദ്യം നേര്‍മ കലര്‍ന്ന പച്ചപ്പിന്റെ ഊഷ്മളത. പിന്നെ നിഷ്കളങ്കമായ നീല. അവസാനം ക്രൂരമായ കറുപ്പ്. ആത്മാവില്‍ നിന്ന് ജീവന്‍റെ കണികകള്‍ നീര്‍കുമിളകളായി മുകളിലേക്ക് ഉയര്‍ന്നു. ഭയങ്കരമായ തണുപ്പ് കൊണ്ട് അയാള്‍ വിറച്ചു.

ജലതരംഗങ്ങള്‍ അയാളുടെ പേര് ഉരുവിടിന്നത് അയാള്‍ കേട്ടു. “വരുണ്‍..വരുണ്‍..വരുണ്‍..” അടിയില്‍ നിന്ന് പ്രകാശത്തിന്റെ ഒരു നേര്‍രേഖ. കണ്ണു കുത്തി തുരക്കുന്ന രീതിയില്‍ അത് ശക്തമായി. അതില്‍ അവന്റെ മുഖം അയാള്‍ കണ്ടു. നദിയിലേക്ക് സ്വയം എറിഞ്ഞു കൊടുത്ത പഴയ സുഹൃത്ത്‌ രാമുവിന്റെ. സരയൂ നദിയില്‍ സ്വയം അര്‍പ്പിച്ച രാമന്റെ പാരമ്പര്യം പിന്തുടര്‍ന്ന രാമു. അവന്‍ ആശ്വസിപ്പിക്കുകയാണ്. “പേടിക്കേണ്ട വരുണ്‍. ഇവിടം നല്ലതാണ്. നാമെല്ലാം ജീവിതത്തില്‍ തേടുന്നത് നമുക്ക് നഷ്ടപെട്ട ഗര്‍ഭപാത്രത്തിലെ നനവാണ്. അത് മാത്രമേ ഇവിടെയുള്ളൂ.”
രാമു. നീ എവിടെയായിരുന്നു ഇത്രയും നാള്‍? നദിയില്‍ കാണാതായ നിന്നെ ഓര്‍ത്തു ഞാന്‍ എത്ര നാള്‍ കരഞ്ഞു എന്ന് നിനക്ക് അറിയാമോ?”
“ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. നദിയുടെ അടിത്തട്ടില്‍ പതുങ്ങിയിരുന്നു എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ പരമമായ സത്യം ഇവിടെയാണ്‌ വരുണ്‍. സത്യാന്വേഷികള്‍ എല്ലാം അവസാനം ഇവിടെ എത്തി ചേരുന്നു.”
“എനിക്ക് തിരിച്ചു പോകണം.” വരുണ്‍ പറഞ്ഞു.
“എന്തിനു? ഇവിടെ നോക്കൂ. എല്ലാം സ്വസ്ഥം. ശാന്തം. സ്വതന്ത്രം. നദിയില്‍ അലിഞ്ഞു ഒഴുകി കൊണ്ടെയിരിക്കൂ. കരയിലെ മത്സരത്തിലെക്ക്കും കെട്ടുകാഴ്ച്ചകളിലെക്കും എന്തിനു എന്തിനു നിനക്ക് തിരിച്ചു പോകണം? ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്?”
“എന്തിന്”
“ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചു മറ്റാര്‍ക്കും താങ്ങാനാവാത്ത സത്യങ്ങള്‍ തേടി നടക്കുന്ന മനസ്സുകളെ ഞാന്‍ ഇവിടെ നിന്നും ചൂണ്ടയിട്ടു വലിക്കും. എന്‍റെ കൂടെ വരൂ. അങ്ങനെ എത്രയെത്ര ആളുകള്‍ ആണ് ഇവിടെ ഉള്ളതെന്ന് ഞാന്‍ കാണിച്ചു തരാം. കരയില്‍ നിഷിദ്ധമായ പ്രണയം അരുതുകള്‍ ഇല്ലാതെ ഇവിടെ ആസ്വദിക്കുന്നവര്‍. കരയിലെ ദുഃഖം മുഴുവന്‍ ഇവിടെ കരഞ്ഞു തീര്‍ത്തു ആശ്വാസം കണ്ടെത്തുന്നവര്‍. നിലനില്‍പ്പിനായുള്ള സമരങ്ങള്‍ ചെയ്തു തളര്‍ന്നു ഇവിടെ ശാന്തി കണ്ടെത്തുന്നവര്‍. അസത്യങ്ങളും യുക്തികളും വാഴുന്ന കരയിലെ പൊള്ളത്തരങ്ങളില്‍ മനം മടുത്തു ഇവിടെ വന്നു അലിഞ്ഞു ചേര്‍ന്നവര്‍. അങ്ങനെ എത്ര എത്ര പേര്‍ ഇവിടെ സ്വര്‍ഗരാജ്യം കണ്ടെതിയിരിക്കുന്നു.”
“എനിക്ക് തിരിച്ചു പോകണം. കരയിലേക്ക്. എന്നെ കാത്തിരിക്കുന്നവളുടെ മടിയില്‍ തല വെച്ച്, അവളുടെ നനവും മണവും അറിഞ്ഞു ഉറങ്ങണം.” വരുണ്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഇനിയൊരു തിരിച്ചു പോക്കില്ല വരുണ്‍. എന്നെ പോലെ നീയും കരയില്‍ ശ്വാസം മുട്ടി ജീവിക്കുകയാണെന്ന് അറിഞ്ഞു ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്. നിന്റെ പ്രണയം ഒരു തടവറയാണ്. ഓര്‍ക്കൂ, ആലിംഗനങ്ങള്‍ ചങ്ങലകള്‍ പോലെ നിന്നെ ബന്ധിക്കുകയാണ്. ചുംബനങ്ങള്‍ നിന്നെ താഴിട്ടു പൂട്ടുകയാണ്. നീ തേടുന്ന ജീവിതവിജയം വെറും നീര്‍കുമിളകള്‍ പോലെയാണ്. ഇവിടെ എല്ലാം അനശ്വരമാണ്; ശാശ്വതമാണ്. നീയിവിടെ മീനുകളെ പോലെ സ്വതന്ത്രമായി ഇണചേരൂ. ആമകളെ പോലെ ആരെയും ഭയക്കാതെ ഉളവലിയൂ.കരജീവികള്‍ തേടുന്ന സ്വസ്ഥതയും ശാന്തിയും ആവോളം ആസ്വദിക്കൂ.”

വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ അവന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉയര്‍ന്നു അടിയൊഴുക്കിലേക്ക്‌ പോയി. കരജീവിതത്തില്‍ നിന്ന് എല്ലാ സിഗ്നലുകളും വിeച്ഛദിച്ചു കൊണ്ട്.
ബ്രഹ്മത്തില്‍ ലയിക്കുന്ന നിര്‍വൃതിയോടെ അവന്‍ രാമുവിന്റെ പിന്നാലെ അഗാധങ്ങളിലേക്ക് നീന്തി. ഗാഡനിദ്രയ്ക്കുള്ള അന്തപുരങ്ങള്‍ അവിടെ ഒരുക്കി വെച്ചിട്ടുണ്ടത്രെ. സ്ഥലകാല ബന്ധനങ്ങളില്‍ പെടാത്ത മഹാനദികളുടെ അടിത്തട്ടുകളില്‍, ഒരേ നദിയില്‍ രണ്ടു തവണ കാലു കുത്താനവില്ല എന്ന കരജീവികളുടെ ലളിതയുക്തികള്‍ക്ക് എന്ത് പ്രസക്തി? അവിടെ എല്ലാം ഒന്നാണ്. കോടിക്കണക്കിനു ആത്മാക്കള്‍ കാലാകാലങ്ങളായി തൊടുത്തു വിടുന്ന വിഷാദത്തിന്റെ ഗദ്ഗധങ്ങള്‍ നീരാവിയായി ഉയര്‍ന്നു കണ്ണീരായി പെയ്തു നിറയുന്ന ജലമല്ലേ നദികള്‍ വഹിക്കുന്നത്. ആ കണ്ണീരിന്റെ ഉപ്പുരസമല്ലേ അയാളുടെ വായില്‍ നിറയുന്നതും. ജന്മജന്മാന്തര്ങ്ങളായി ആത്മാക്കള്‍ പൊഴിക്കുന്ന കണ്ണീരില്‍ തന്‍റെ ദുഖവും ലയിപ്പിച്ചു അയാള്‍ അഗാധങ്ങളിലേക്ക് നീന്തി കൊണ്ടിരിന്നു.  ഗര്‍ഭപാത്രത്തിന്റെ നനവിലേക്ക് പുന:പ്രവേശിച്ചു ഒരു ഭ്രൂണത്തെ പോലെ ചുരുണ്ട് കൂടി ഉറങ്ങുവാന്‍.