Sunday, 14 February 2016

മാലാ ഫൈഡ്സ് (Mala Fides)- കഥ

മാല ഫൈഡ്സ്[1]

“സമത്വം- അതാണ്‌ മനുഷ്യസങ്കല്പങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത്. നാം എല്ലാം സമന്മാരാണ്; ഈ ലോകത്തിന്റെ തുല്യാവകാശികള്‍ ആണ്. ഈ ലളിതമായ സത്യം നാമെല്ലാവരും മനസ്സിലാക്കുന്നുണ്ടെങ്കിലും, അത് പ്രയോഗത്തില്‍ വരുത്താന്‍ നമുക്കാകുന്നില്ല. അങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍ നിയമവും കോടതിയുമൊക്കെ അപ്രസക്തമാകുന്ന തരത്തിലുള്ള പക്വവും സുന്ദരവുമായ ഒരു സമൂഹം പണ്ടേ രൂപപ്പെട്ടെനെ. മതം ജാതി ഭാഷ തുടങ്ങിയ സ്വത്വബോധങ്ങളില്‍ നാമൊക്കെ ബന്ധിതരായത് കൊണ്ടാണ് സമത്വം എന്ന ആശയത്തെ നമുക്ക് പൂര്‍ണമായി ആശ്ലേഷിക്കാന്‍ സാധിക്കാത്തത്. ഇത്തരം സ്വത്വബോധങ്ങളെ അതിജീവിക്കേണ്ടതാണ്.” ഇത്രയും പറഞ്ഞിട്ട് കുര്യന്‍ വക്കീല്‍ സദസ്സിനെ ഒന്ന് നോക്കി. യുവജനങ്ങളും, വിദ്യാര്‍ഥികളും സാംസ്കാരികനായകന്മാരും മറ്റും ഉള്‍പ്പെടുന്ന സദസ്സ്. തന്‍റെ പ്രഭാഷണങ്ങള്‍ക്കിടയില്‍ അയാള്‍ ഇടയ്ക്ക് ഇത് പോലെ കുറച്ചു നിമിഷങ്ങള്‍ നിര്‍ത്താറുണ്ട്. സദസ്സിന്‍റെ പ്രതികരണം അറിയാന്‍. അത് പോലെ, ചെറിയ ഒരു നാടകീയത സൃഷ്ടിക്കാന്‍. കാന്തവലയത്തില്‍ പെട്ട ഇരുമ്പ്തരികള്‍ പോലെ, മുന്നിലിരിക്കുന്നവരുടെയെല്ലാം ശ്രദ്ധ തന്നില്‍ മാത്രം കെന്ദ്രീകൃതമാണ് എന്ന് അയാള്‍ക്ക് മനസ്സിലായി. തന്‍റെ ഫ്രെയിംലെസ്സ് കണ്ണട മുഖത്ത് ഒന്ന് ഒതുക്കി വെച്ചിട്ട് അയാള്‍ തുടര്‍ന്നു.

 “മനുഷ്യന്‍റെ അസ്തിത്വത്തിന്റെ സത്ത അടിസ്ഥാനപരമായി സ്വതന്ത്രമാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ, ജാതി-മത-രാഷ്ട്ര സ്വത്വങ്ങളുടെ അടിസ്ഥാനത്തിലോ പൂര്‍ണമായി നിര്‍വചിക്കാന്‍ ആവാത്തതാണ്. മനുഷ്യന്‍റെ അന്തസ്സത്ത മതത്തിന്റെയും ജാതിയുടെയും കേട്ടുപാടുലളില്‍ നിന്ന് വീണ്ടെടുക്ക്കുക എന്നതും സാംസ്കാരിക പുരോഗതിക്ക് ആവശ്യമാണ്‌. മതം, ജാതി, ദേശം, ഭാഷ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ക്ക്‌ അതീതമാണ് ഒരു വ്യക്തിയുടെ മൂല്യം. മനുഷ്യാവസ്ഥയെ അംഗീകരിക്കുക; അവന്റെ വ്യക്തിത്വത്തെ വിലമതിക്കുക. അങ്ങനെയുള്ള ചിന്താഗതിയുള്ള പരിതസ്ഥിതികളില്‍ മാത്രമേ ഒരുവന് തന്‍റെ വ്യക്തിത്വം പൂര്‍ണമായി തിരിച്ചറിയാനും തന്‍റെ ശേഷികളെ ഫലപ്രദമായി വികസിപ്പികാനും സാധ്യമാകൂ. ജ്ഞാനത്തിലും സര്‍ഗാത്മകതയിലും ജ്വലിക്കുന്ന ഒരു സംസ്കാരമായി ഭാരതം മാറണമെങ്കില്‍, പൌരന്മാര്‍ ഇത്തരം നവോത്ഥാന മൂല്യങ്ങള്‍ സ്വാംശീകരിക്കണം. അത് കൊണ്ടാണ്, ഇത്തരം ചിന്താഗതി വളര്‍ത്തുക എന്നത് ഒരു കടമയായി ഭരണഘടന നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍, നമ്മുടെ കടകളെ പറ്റിയും ബോധവാന്മാരായി, ഇത്തരം മൂല്യങ്ങള്‍ സ്വന്തം വ്യക്തിജീവിതത്തിലും സ്വാംശീകരിച്ചാല്‍ മാത്രമേ, ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള, സമത്വവും സ്വാതന്ത്ര്യവും ഉള്ള ഒരു രാഷ്ട്രത്തിന്‍റെ നിര്‍മിതി സാധ്യമാകൂ”.

വമ്പിച്ച കരഘോഷത്തിന്റെ അകമ്പടിയോടെ കുര്യന്‍ വക്കീല്‍ പ്രഭാഷണം അവസാനിപ്പിച്ച് വേദിയിലെ തന്‍റെ ഇരിപ്പടത്തിലേക്ക് നടന്നു. കൃതജ്ഞത പ്രസംഗം അന്നേരം ആരംഭിച്ചു.
“കുരിശുമൂട്ടില്‍ സക്കറിയ കുര്യന്‍ എന്ന, നിയമവൃത്തങ്ങളില്‍ ‘KZK’, എന്ന് അറിയപ്പെടുന്ന, കുര്യന്‍ സര്‍ നിങ്ങള്‍ക്കെല്ലാം വളരെ സുപരിചിതനാണല്ലോ. ഭരണഘടനവിദഗ്ദ്ധനും, ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കുര്യന്‍ സര്‍ തന്‍റെ പ്രവര്‍ത്തിമണ്ഡലം നിയമരംഗത്ത്‌ മാത്രം ഒതുക്കിയിട്ടില്ല. പകരം, തന്‍റെ നിയമഗ്രാഹ്യവും അനുഭവപരിജ്ഞാനവും സ്ഥൂലമായ സാമൂഹിക പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാന്‍, പ്രകടവും ഫലപ്രദവുമായ രീതിയില്‍ സാമൂഹികമണ്ഡലത്തില്‍ ഇടപെട്ടുന്ന ആളാണ് അദ്ദേഹം. ഗ്രന്ഥരചിയതാവും, പ്രഭാഷകനും, സാമൂഹികപരിഷ്കര്താവുമൊക്കെ ആയി നിരവധി വേഷങ്ങള്‍ ആടുന്ന അദ്ധേഹത്തിന്റെ ബഹുമുഖപ്രതിഭയുള്ള വ്യക്തിത്വം നമുക്ക്മാതൃക ആകേണ്ടതാണ്. തന്‍റെ ഔദ്യോഗിക തിരക്കുകളൊക്കെ മാറ്റി വെച്ച്, നമ്മോടൊപ്പം സമയം ചെലവഴിച്ച കുര്യന്‍ സാറിനു എല്ലാവരുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.”

തികഞ്ഞ ആത്മസംതൃപ്തിയോടെ കുര്യന്‍ വക്കീല്‍ വേദിയില്‍ നിന്ന് തന്‍റെ കാറിന്റെ അടുത്തേക്ക് നടന്നു നീങ്ങി. ആദരവും ബഹുമാനവും നിറഞ്ഞ നൂറുകണക്കിന് കണ്ണുകള്‍ അയാളെ പിന്തുടര്‍ന്നു. തന്‍റെ കാറിന്റെ പിന്‍സീറ്റിലേക്ക് അമര്‍ന്നിരുന്നപോഴേക്കും അയാളുടെ നെഞ്ചം അഭിമാനം കൊണ്ട് വീര്‍ത്തുനിറഞ്ഞിരുന്നു. വേദിയില്‍ തന്നെ പറ്റി പറഞ്ഞ അപദാനങ്ങളൊക്കെ അയാള്‍ വീണ്ടും മനസ്സില്‍ ഓര്‍ത്തു. ഇതൊക്കെ പലതവണ കേട്ടു തഴമ്പിച്ചതാണെങ്കിലും, അയാള്‍ക്ക്‌ ഒട്ടും മുഷിപ്പ് തോന്നിയില്ല. പറഞ്ഞതൊക്കെ വാസ്തവമാണല്ലോ. ഉദാത്തവും മനോഹരവമുമായ ഒരു സമൂഹം അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. സഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഗൃഹപാഠങ്ങള്‍ സ്വന്തം ജീവിതത്തില്‍ ചെയ്തിട്ടാണ് അയാള്‍ അവയുടെ പ്രഘോഷകനായത്. പുരസ്കാരങ്ങളും, ബഹുമതികളും എല്ലാം അര്‍ഹിച്ചതു തന്നെയാണ്. കൂലിക്ക് വാദം പറയുന്ന ഒരു വെറും വക്കീല്‍ മാത്രമല്ല താനെന്നും സമുന്നതനായ ഒരു ബുദ്ധിജീവിയും സാംസ്കാരിക നായകനും സര്‍വോപരി മനുഷ്യസ്നേഹിയുമായി താന്‍ അംഗീകരിക്കപെട്ട് കഴിഞ്ഞു എന്നും അയാള്‍ ഓര്‍ത്തു. കാറിന്റെ റിയര്‍വ്യൂ മിററില്‍ തന്‍റെ മുഖം അയാള്‍ നോക്കി കുറച്ചു നേരം ആത്മരതിയില്‍ മുഴുകി.- കുലീനത്വം വിളിച്ചോതുന്ന മുഖം. അമ്പതു വയസ്സിന്റെ സ്വാഭാവിക നരകള്‍ കയറിയ ‘സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍’ മുടി. കൃത്യമായി ഷേവ് ചെയ്തു മിനുസപ്പെടുത്തിയ കവിളുകള്‍. മീശ ഒരു അനാവശ്യ ബാധ്യതയാണെന്ന മുപ്പത്തിഅഞ്ചാം വയസ്സിലെ തിരിച്ചറിവിന് ശേഷം, ആ മുഖം പൂര്‍ണമായി രോമമുക്തമായി.  “പപ്പയെ കണ്ടാല്‍ ജോര്‍ജ് ക്ലൂണിയെ പോലെ ഉണ്ട് എന്ന് എന്‍റെ ഫ്രെണ്ട്സ് പറയാറുണ്ട്” എന്ന് പ്ലസ്‌ ടുവിനു പഠിക്കുന്ന തന്‍റെ മകള്‍ പറഞ്ഞത് അയാള്‍ വെറുതെ ഓര്‍ത്തു. താന്‍ ആരാധിക്കപ്പെടുന്നു; ആദരിക്കപ്പെടുന്നു; അനുകരിക്കപ്പെടുന്നു; തന്‍റെ വ്യക്തിത്വം അതിന്‍റെ നിറവില്‍ വികസിച്ചത് പോലെ അയാള്‍ക്ക് തോന്നി. കുരിശുമൂട്ടില്‍ സക്കറിയ മകന്‍ കുര്യന്‍ എന്ന, ‘KZK’ എന്ന് പരക്കെ അറിയപ്പെടുന്ന(മകളുടെ അഭിപ്രായത്തില്‍ അതൊരു റോക്ക്സ്റ്റാര്‍ എഫ്ഫക്റ്റ്‌ ഉള്ള പേരാണ്), തന്‍റെ നാമം ചരിത്രത്തെ മാറ്റി മറിച്ച ചിന്തകന്മാരുടെ ഗണത്തില്‍ കൂട്ടപ്പെടുന്നത് സ്വപ്നം കണ്ട് അയാള്‍ ചെറുതായി ഒന്ന് മയങ്ങി.

മൊബൈല്‍ഫോണ്‍ ചലിച്ചപ്പോഴാണ് അയാള്‍ എഴുന്നേറ്റത്. കോടതിയില്‍ നിന്ന് അയാളുടെ ജൂനിയര്‍ ഹരിയാണ് വിളിക്കുന്നത്‌. താന്‍ സ്ഥലത്തില്ലാത്തത് കാരണം കേസുകള്‍ എല്ലാം മാറ്റി വെയ്ക്കണം എന്ന് അയാള്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടായിരുന്നു. അയാള്‍ ഫോണ്‍ എടുത്തു
“ഹരീ. പറയൂ”
“സര്‍, ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ ഉണ്ടായിരുന്ന കേസ് ഇല്ലേ? അത് നമുക്ക് അനുകൂലമായി അനുവദിച്ചു.”
“ഏതു കേസ്? പാറമടയ്ക്കു എതിരായി ഉള്ള കേസോ? അത് അടുത്ത ആഴ്ചത്തേക്ക് മാറ്റാന്‍ അല്ലെ ഞാന്‍ പറഞ്ഞത്?”
“അതെ സര്‍. ഞാന്‍ കോടതിയോട് കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റണം എന്ന് അഭ്യര്‍ഥിച്ചു. പക്ഷെ കേസ് വാദം കേള്‍ക്കണം എന്ന് കോടതി നിര്‍ബന്ധം പിടിച്ചു. ക്വാറിക്കാരുടെ വക്കീലും സര്‍ ഇല്ലാത്ത അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ പക്ഷെ ഭാഗ്യത്തിന് കേസ് പഠിച്ചിട്ടുണ്ടായിരുന്നു. അവസാനം എനിക്ക് കേസ് പറയേണ്ടി വന്നു. എല്ലാ പൊയന്റ്സും ഞാന്‍ പറഞ്ഞു സര്‍. കോടതി അതൊക്കെ അംഗീകരിച്ചു. അവസാനം ക്വാറിക്കാരുടെ വക്കീല്‍ സമയം ചോദിക്കുന്ന അവസ്ഥയിലെത്തി. പക്ഷെ കോടതി പിന്നെ സമ്മതിച്ചില്ല. പരിസ്ഥിതി ലോല പ്രദേശം ആയതു കൊണ്ട് ആ മേഖലയില്‍ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കരുത് എന്ന് ഞാന്‍ വാദിച്ചു. കോടതി അതും അംഗീകരിച്ചു. എല്ലാ ക്വാറി പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്താന്‍ ആണ് കോടതി ഉത്തരവ്”
“കൊള്ളാം. യു ഹാവ് ഡണ എ ഗുഡ് ജോബ്‌.”

“സര്‍ പിന്നെ ഒരു കാര്യം കൂടി. ചീഫ് ജസ്റ്റിസ് എന്നെ പ്രത്യേകം അനുമോദിച്ചു. എന്‍റെ പേര്‍ വിധിന്യായത്തില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. മാത്രമല്ല സര്‍ ഇപ്പോള്‍ ഇത് മീഡിയയിലും വലിയ ന്യൂസ്‌ ആയി. സര്‍ ചെക്ക്‌ ചെയ്തു നോക്കൂ.”

“ഓ. ദാറ്റ്‌സ് ഗ്രേറ്റ്. ഐ ആം പ്രൌഡ് ഓഫ് യു ഹരി. ഞാന്‍ എറണാകുളത് എത്തിയിട്ട് ബാക്കി സംസാരിക്കാം.”

കുര്യന്‍ വക്കീല്‍ നെറ്റില്‍ ന്യൂസ്‌ നോക്കി. ശരിയാണ്. അനധികൃത പാറമടകള്‍ക്കെതിരെ ഹൈകോടതി നടത്തിയ ഉത്തരവ് വലിയ വാര്‍ത്ത ആയിട്ടുണ്ട്‌. ചില വാര്‍ത്തകളില്‍ ഹരിയുടെ പേരുമുണ്ട്.അത് കണ്ടപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ ചെറിയ നീറ്റല്‍ അനുഭവപ്പെട്ടു.

കൊടുങ്കാറ്റു പോലെ അയാള്‍ ഓഫീസിലേക്ക് ചെന്നു കയറി. ഹരിയെ കണ്ട ഭാവം കാണിക്കാതെ, വലിയ ഗൌരവം നടിച്ചു അയാള്‍ തന്‍റെ കാബിനില്‍ കയറി. എന്തൊക്കെയോ ഉള്ളില്‍ പുകയുന്നത് പോലെ അയാള്‍ക്ക് തോന്നി. ഹരിയോട് കാബിനിലേക്ക്‌ വരാന്‍ പറയാന്‍ അയാള്‍ തന്‍റെ സെക്രെടറിയോട് ഫോണില്‍ ആവശ്യപ്പെട്ടു.

“സര്‍”. തന്‍റെ തല കാബിന്റെ വാതില്‍ പാതി തുറന്ന വിടവിലൂടെ ഇട്ടു ഹരി പറഞ്ഞു. എണ്ണമിനുസമുള്ള നല്ല കറുപ്പ് നിറം. സ്വയം ജീവന്‍ വെച്ച പോലെ, അങ്ങോട്ടുംഇങ്ങോട്ടും തോന്നിയ പോലെ ചുരുണ്ട് കയറുന്ന തലമുടി. നല്ല തൂവെള്ള നിറമുള്ള അവന്റെ മുന്‍നിര പല്ലുകളെല്ലാം കാണിച്ചുള്ള അവന്റെ ചിരിയാണ് അവനില്‍ ആരും ആദ്യം ശ്രദ്ധിക്കുക.
കുര്യന്‍ വക്കീല്‍ ഒന്ന് ഇരുത്തി മൂളി. അവനോടു അകത്തേക്ക് വരുവാന്‍ ആംഗ്യം കാണിച്ചു.
“ചീഫ് ജുസ്റ്റിസിന്‍റെ കോടതിയില്‍ എന്താണ് സംഭവിച്ചത്?” തന്‍റെ കയ്യിലുള്ള ലോ ജേര്‍ണലില്‍ നിന്ന് തലയെടുക്കാതെ കുര്യന്‍ വക്കീല്‍ ചോദിച്ചു.
“സര്‍ ഞാന്‍ നേരത്തെ ഫോണില്‍ പറഞ്ഞിരുന്നല്ലോ. കേസ് നമുക്ക് അനുകൂലമായി കോടതി വിധിച്ചു. ആ താലൂക്കിലെ എല്ലാ പാറമടകളുടെയും നിര്‍മാണം നിര്‍ത്തി വെക്കാനാണ് കൊടതി ഉത്തരവ്.” അവന്‍റെ കുറുകിയ ശരീരത്തിന് ഒട്ടും ആനുപതികമല്ലാത്ത ഉറച്ചതും ദൃഡവുമായ ശബ്ദതിലാണ് അവന്‍ സംസാരിച്ചത്.
“അത് വളരെ നല്ല കാര്യം. എനിക്ക് സന്തോഷമുണ്ട്. പക്ഷെ, കേസ് മാറ്റി ചോദിക്കാനായിരുന്നു എന്‍റെ നിര്‍ദേശം. അല്ലേ? പിന്നെ എന്തിനു കേസ് വാദിച്ചു?”കുര്യന്‍ വക്കീല്‍ ലോ ജേര്‍ണലില്‍ നിന്ന് കണ്ണുകള്‍ ഉയര്‍ത്തി ഹരിയുടെ നേരെ നോക്കി.
“സര്‍, ഞാന്‍ ചോദിച്ചതാണ്. പക്ഷെ കോടതി സമ്മതിച്ചില്ല.”
“സമ്മതമില്ലാത്ത കാര്യങ്ങള്‍ കോടതിയെകൊണ്ട് സമ്മതിപ്പിക്കണം. അതാണ് വക്കീലിന്റെ മിടുക്ക്. മനസ്സിലായോ?” കുര്യന്‍ വക്കീല്‍ ശബ്ദം ഉയര്‍ത്തി. പിന്നെ ഒരല്‍പം ആത്മനിയന്ത്രണം പാലിച്ചിട്ടു, സംയമനത്തോടെ തുടര്‍ന്നു. “ഹരി. യു കാണ്ട് ബി സൊ കാഷ്വല്‍ എബൌട്ട്‌ കേസസ് ഇന്‍ കോര്‍ട്ട്? വെന്‍ ഐ ആസ്ക്‌ യു ടു സീക്ക് അട്ജെര്‍ന്മന്റ്റ് യു ഹവ് ടു ഗെറ്റ് ഇറ്റ്‌, അറ്റ്‌ എനി കോസ്റ്റ്. ഇന്ന്‍ കോടതി നമുക്ക് അനുകൂലമായി വിധിച്ചു. നല്ല കാര്യം. ബട്ട്‌ വാട്ട്‌ ഇഫ്‌ ദി കോര്‍ട്ട് വാസ് നോട്ട് റെഡി ടു അക്സെപ്റ്റ് യുവര്‍ അര്ഗുമെന്റ്സ്?ഹരി ഒരു കാര്യം മനസ്സിലാക്കണം. ധാരാളം സ്റ്റേക്സ്‌ ഉള്ള മാറ്റെഴ്സ് ആണ് നമ്മള്‍ ചെയ്യുന്നത്. പലതിലും ഞാന്‍ തന്നെ ഹാജരാകേണ്ടതുണ്ട്. അതിലൊക്കെ ജൂനിയര്‍ വക്കീല്‍ പോയി വാദം പറഞ്ഞു കേസ് നശിപ്പിച്ചു എന്ന് കക്ഷികള്‍ അറിഞ്ഞാല്‍ നമുക്ക് ബുദ്ധിമുട്ടാകും. ഇന്ന് എന്തോ ഭാഗ്യത്തിനു കോടതി നമുക്ക് അനുകൂലമായി. പക്ഷെ ഇപ്പോഴും അങ്ങനെ ആകണം എന്നില്ല. അത് കൊണ്ട്, ബി മോര്‍ കെയര്‍ഫുള്‍ നെക്സ്റ്റ് ടൈം.”

ഹരി ഒന്നും മിണ്ടാതെ നിന്ന് തലയാട്ടി. അവനോടു പോയ്ക്കോളാന്‍ കുര്യന്‍ വക്കീല്‍ ആംഗ്യം കാണിച്ചു. അവന്റെ വിജയത്തെ വെറും ഭാഗ്യം ആക്കി തരംതാഴ്ത്തിയത്തില്‍ ഒരു ഗൂഡസന്തോഷം ‘KZK’ ക്ക് തോന്നി.

*******************

-II-

അവനോടു ഒരു അനുമോദന വാക്കെങ്കിലും പറയാമായിരുന്നു’. രാത്രിയില്‍ വീട്ടിലെത്തിയതിനു ശേഷം കുര്യന്‍ വക്കീല്‍ ഓര്‍ത്തു. പക്ഷെ അവനോടുള്ള അമര്‍ഷം കൊണ്ട് ഉള്ള് പുകഞ്ഞിരുന്നതിനാല്‍, ഒരു തരത്തിലുള്ള മൃദുല സംഭാഷണവും സാധിച്ചില്ല. എന്ത് കൊണ്ടാണ് അവനോടു അങ്ങനെ തോന്നിയത്. അയാള്‍ യുക്തിപരമായി ആലോചിച്ചു മൂന്ന് കാരണങ്ങള്‍ കണ്ടെത്തി :
  1.       ‘പ്രമാദമായ ആ കേസ് വാദിച്ചു ജയിക്കുക വഴി തനിക്കു ലഭിക്കുമായിരുന്ന അംഗീകാരം അവന്‍ തട്ടിയെടുത്തതിലുള്ള ദേഷ്യം’.- പക്ഷെ ഈ കാരണത്തിന് വലിയ നിലനില്പ്പില്ല എന്ന് കൂടുതല്‍ ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ബോധ്യമായി. കാരണം നന്നായി പേരെടുത്തു കഴിഞ്ഞിരുന്ന അയാള്‍ക്ക് അംഗീകാരത്തിനുള്ള പണ്ടത്തെയത്ര വിശപ്പ്‌ ഇപ്പോഴില്ല. അത് കൊണ്ട് ഈ കാരണം നിരാകരിക്കേണ്ടാതാണ്. അയാള്‍ കൂടുതാല്‍ ആലോചിച്ചു.

  2.       ‘തനിക്കു മാത്രം സാധ്യമെന്ന് കരുതിയ ചില കാര്യങ്ങള്‍ മറ്റൊരാള്‍ നിഷ്പ്രയാസം ചെയ്യുന്നത് കാണുമ്പോള്‍ സ്വന്തം അഭിമാനബോധത്തിന് ഏല്‍ക്കുന്ന ക്ഷതം’- ആഴത്തില്‍ അവലോകനം ചെയ്തപ്പോള്‍, ഇതൊരു മതിയായ കാരണമാകാമെന്ന് അയാള്‍ക്ക് ബോധ്യപെട്ടു. മറ്റാര്‍ക്കുമില്ലാത്ത അനന്യതയും സവിശേഷതയും തനിക്കുണ്ട് എന്ന ചിന്തയാണല്ലോ എല്ലാ മനുഷ്യരുടെയും സ്വകാര്യഅഹങ്കാരത്തിന് അടിസ്ഥാനം. സങ്കീര്‍ണമായ നിയപ്രശ്നങ്ങള്‍ ഉള്ള കേസുകള്‍ വിദഗ്ധമായി വാദിച്ചു അനുകൂല ഉത്തരവുകള്‍ സമ്പാദിക്കുന്നത് തന്‍റെ ഒരു സവിശേഷതയായി കുര്യന്‍ വക്കീല്‍ കണ്ടിരുന്നു. പക്ഷെ ഇന്നിതാ, അഞ്ചു വര്ഷം മാത്രം പ്രാക്ടീസ് ഉള്ള ഒരു ജൂനിയര്‍ വക്കീല്‍ അത് ചെയ്തിരിക്കുന്നു.  പക്ഷെ, ഇതിനെക്കാള്‍ ഗഹനമായ ഒരു കാരണമുണ്ടെന്ന് അയാള്‍ക്ക് തോന്നി. അതിനാല്‍ അയാള്‍ മനസ്സിനെ കൂടുതല്‍ ചികഞ്ഞു.


 3.    ‘അത് ചെയ്തത് ഹരി ആയതു കൊണ്ട്’- മറ്റേതു ജൂനിയര്‍ വക്കീല്‍ ആയിരുന്നെങ്കിലും അയാള്‍ക്ക് ഇത്ര തീവ്രമായ മനക്ലേശം തോന്നില്ലായിരുന്നു.ഹരിയെ അയാള്‍ക്ക് അത്ര എളുപ്പത്തില്‍ അംഗീകരിക്കാന്‍ ആകുന്നില്ലയിരുന്നു. കാരണം ഹരി ചോഴന്റെ മകനായത്‌ കൊണ്ട്. അതെ, ഇത് തന്നെയാണ് മൂല കാരണം.

ചോഴന്റെ മകനായത്‌ കൊണ്ട് എന്താണ് പ്രശ്നം എന്ന് അറിയണമെങ്കില്‍ അല്പം ചരിത്രം പറയണം. മദ്ധ്യതിരുവതാംകൂറിലെ അതിപുരാതന കത്തോലിക്കാ കുടുംബമാണ് കുരിശുമൂട്ടില്‍ കുടുംബം. തോമശ്ലീഹയില്‍ നിന്ന് നേരിട്ട് മാമ്മോദീസ സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യാത്മാകളുടെ അനന്തരാവകാശികള്‍ ആണെന്നാണ്‌ വെപ്പ്. മാത്രമല്ല, തങ്ങളുടെ പൂര്‍വികര്‍ നല്ല ഒന്നാംതരം നമ്പൂതിരിമാരായിരുന്നു എന്ന വ്യര്‍ത്ഥ അഭിമാനബോധവും അവര്‍ തലമുറകളായി ചുമക്കുന്നു. മാമ്മോദീസവെള്ളത്താല്‍ വെഞ്ചിരിക്കപ്പെട്ട നമ്പൂതിരിരക്തം ഓടുന്ന അവരുടെ സിരകളില്‍ ചാതുര്‍വര്‍ണ്യത്തിന്റെ വിത്തുകളും അലിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ, ബ്രാഹ്മണ്യത്തിന്റെ കുലപതികളെ പോലെ, ജ്ഞാനവേദങ്ങളുടെ കലവറകള്‍ക്ക് കാവലിരിക്കുന്നതിനു പകരം, നെല്ലിന്റെയും തേങ്ങയുടെയും കലവറകള്‍ സംഭരിക്കുന്ന, നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷിക്കുന്ന, കര്‍ഷകരായി അവര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. തച്ചന്റെ മകന്റെ സുവിശേഷം അവരെ ധേഹാദ്ധ്വാനികള്‍ ആക്കി. പൂഞ്ഞാര്‍ രാജാവില്‍ നിന്ന് പാട്ടത്തിനെടുത്ത തീക്കോയി മല മുഴുവന്‍ അവര്‍ ദേഹണ്ണിച്ച് ഒരു പറുദീസാ പോലെയാക്കി. ഏക്കറു കണക്കിന് വയലുകളും തെങ്ങിന്‍തോപ്പുകളും. ഇതൊക്കെ ഭൂപരിഷ്കരണവും, റബ്ബര്‍ വിപ്ലവവും നടക്കുന്നതിനു മുന്‍പത്തെ കാലമാണ്.

കുര്യന്‍ വക്കീലിന്റെ ചെരുപ്പകാലത്ത് കുടുംബത്തിന്റെ നെല്‍കൃഷി ഒക്കെ നോക്കി നടത്തിയിരുന്നത് ചോഴന്‍ ആണ്. പുലയജാതിയില്‍ പെട്ട ചോഴന്റെ പൂര്‍വികരായിരുന്നു കണ്ടത്തിലെ പണികളൊക്കെ പരമ്പരാഗതമായി ചെയ്തു കൊണ്ടിരുന്ന്നത്. ജാതിവ്യവസ്ഥ ഔദ്യോഗികമായി ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലായിരുന്നെങ്കിലും, തോട്ടുകൂടായ്മയുടെ എല്ലാ ആചാരങ്ങളോടും ബഹുമാനം പുലര്തുന്നതായിരുന്നു സുറിയാനി ക്രിസ്ത്യാനികളുടെ രീതികളും.  പ്രകടമായ ആയിത്താചരങ്ങള്‍ ഇല്ലായിരുന്നെങ്കിലും, തീണ്ടാപ്പാടകലെ തന്നെയായിരുന്നു കണ്ടത്തിലെ പണിക്കാരുടെ സ്ഥാനം. എന്നിരുന്നാലും, പരസ്പരാശ്രയത്തിന്റെയും സഹകരണബോധത്തിന്റെയും അടിസ്ഥാനത്തില്‍  ഇരു കൂട്ടരും ഉള്‍പ്പെടുന്ന കെട്ടുറപ്പുള്ള ഒരു ആവാസവ്യവസ്ഥ രൂപപ്പെട്ടു വന്നു.  

മൂടികെട്ടി നില്‍കുന്ന ആകാശം പോലെ സദാ വിഷാദം തളം കെട്ടി നില്‍ക്കുന്ന മുഖം ആയിരുന്നു ചോഴന്റെത്. വളരെ വിരളമായെ ചോഴന്‍ സംസാരിക്കാറുള്ളൂ. അതും, ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കും. കന്നു പൂട്ടുന്ന കാളയന്‍മാരുടെ കൂടെയുള്ള നിരന്തര സഹവാസം മൂലം, അവരുടേത് പോലെ ദൈന്യതയും നിസ്സഹായതയും വിളിച്ചോതുന്ന മുഖഭാവമായി ചോഴന്റെതും. പക്ഷെ, കുട്ടികാലത്ത് കുര്യന്‍ വക്കീലിന് ചോഴനെ വലിയ കാര്യമായിരുന്നു. ചോഴന് തിരിച്ചും. നിരന്തരം കലപില കൂട്ടിനടക്കുന്ന കുരിശുമൂട്ടിലെ കാക്കകൂട്ടത്തിന്റെ ഇടയില്‍, ചോഴന്റെ നിശബ്ദതയും നിസ്സംഗതയും കൊച്ചു കുര്യന് വലിയ അദ്ഭുതമായി തോന്നി. കണ്ടത്തിലും തെങ്ങിന്‍തോട്ടത്തിലും , എല്ലാം ചോഴന്റെ അനുയായി ആയി കൊച്ചു കുര്യനും നടന്നു. അയാളുടെ നിശബ്ദതയും നിസ്സംഗതയും സംവഹിച്ചു കൊണ്ട്. പുലയര്‍ കൂട്ടത്തോടെ താമസിച്ചിരുന്ന, മുണ്ടന്‍മല എന്ന കുന്നിന്‍ചെരുവിലും ചോഴനോടൊപ്പം കൊച്ചു കുര്യന്‍ പോയിരുന്നു.

ഇതൊക്കെ കാണുമ്പോള്‍ കുര്യന്റെ അമ്മച്ചിക്ക് ഭ്രാന്തിളകും. “കണ്ട പെലയരുടെ കൂടെ കളിച്ചു നടക്കലാണ് ഈ കുരുത്തംകെട്ടവന്റെ പരിപാടി”. അമ്മച്ചി ആക്രോശിക്കും. വെളുത്തുതുടുത്ത് ഇരിക്കുന്ന തന്‍റെ പുന്നാരമോന്‍ അവരുടെ കൂടെ കൂടി അവരെ പോലെ കറുത്ത്ഇരുണ്ടു പോകുമോ എന്നായിരുന്നു അമ്മച്ചിയുടെ വ്യാധി. പക്ഷെ, കൊച്ചു കുര്യന്‍ അതൊന്നും കാര്യമാക്കിയില്ല. സോഷ്യലിസത്തിന്റെ ഗൃഹപാഠങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ പഠിച്ചു ജനിച്ചവനെ പോലെ ആയിരുന്നു അവന്‍.

കേരള സംസ്ഥാനത്ത് കമ്മ്യുണിസ്റ്റ് മന്ത്രിസഭാ നിലവില്‍ വന്നപ്പോള്‍, സുറിയാനി ക്രിസ്ത്യാനികള്‍ ഒന്ന് നടുങ്ങി. പക്ഷെ അവര്‍ ഭയപ്പെട്ടത് പോലെ, അവരുടെ പണിക്കാരൊന്നും വിപ്ലവത്തിലേക്ക് നീങ്ങിയില്ല. തിരുവനന്തപുരത്ത് ചെങ്കൊടി പാറയത് കൊണ്ട് മാത്രം വര്‍ഷങ്ങള്‍ കൊണ്ട് ശീലിച്ച വിധേയത്വഭാവം പെട്ടെന്ന് പോകില്ലല്ലോ. അച്ചടക്കമുള്ള കുടിയാന്മാരായി തന്നെ അവര്‍ നില കൊണ്ടു. അവരുടെ യജമാനസ്നേഹത്തിനുള്ള പ്രതിഫലമായി, കുരിശുംമൂട്ടില്‍ തറവാട്ടുകാര്‍ അവര്‍ക്കുള്ള കൂലി കൂട്ടി കൊടുത്തു. പതിനഞ്ചിന് ഒന്ന് എന്ന നിരക്കിലുള്ള അവരുടെ നെല്ലിന്റെ വിഹിതം പത്തില്‍ ഒന്നാക്കി.

പക്ഷെ എഴുപതുകളുടെ ആരംഭത്തോടെ കാര്യങ്ങള്‍ കുറെയൊക്കെ മാറി. ഭൂപരിഷ്കരണം വന്നു. കുടികിടപ്പ് അവകാശം നിയമത്തില്‍ അംഗീകരിക്കപ്പെട്ടു. കുടിയാന്മാരുടെയും പണിക്കരുടെയും ഇടയില്‍ ഇടതുപക്ഷ ശാക്തീകരണം വന്നു. അവര്‍ ബോധവാന്മാരായി. വിധേയത്വത്തിന്റെ ശീലങ്ങള്‍ വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കുരിശുംമൂട്ടില്‍ തറവാടിന്റെ പഴയ ജന്മിത്വശോഭയും മങ്ങി തുടങ്ങി. ഇതിനേക്കാള്‍ ഒക്കെ വിപ്ലവകരമായ മാറ്റം ഉണ്ടായത് കുര്യന്റെ ജീവിതത്തിലാണ്. പള്ളിയും കൂദാശയും ഒക്കെയായി ‘നല്ല കുട്ടി’യായി വളര്‍ന്നു വന്ന കുര്യന്‍, ഇടതുപക്ഷത്തേക്ക് ‘വഴി പിഴച്ചു’ പോയി. നക്സല്‍ബാരിയും, ചെ ഗുവേരയും മാവോ സെ തുങ്ങും മറ്റും തിരികൊളുത്തിയ ആവേശത്തിന്റെ അഗ്നിനാമ്പുകള്‍ ജ്വലിച്ചു നിന്നിരുന്ന ആ കാലഘട്ടത്തില്‍ യൌവനം ആര്‍ജിച്ച, തലച്ചോറും ഹൃദയവും വാടകയ്ക്ക് എടുക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലാത്ത, ഏതൊരുവനും സ്വാഭാവികമായി ഇടതുപക്ഷ സഹയാത്രികന്‍ ആയിതീരുമായിരുന്നു. അത് കൊണ്ട് തന്നെ കുര്യന്‍ വക്കീലിന്റെ പരിണാമം ചരിത്രപരമായ ഒരു സ്വാഭാവികത ആയിരുന്നു.

എന്തായാലും വിപ്ലവം തലയ്ക്കു പിടിച്ച്, കുര്യന്‍ നിയമം പഠിച്ചു. വക്കീലായി. കുടികിടപ്പുകാര്‍ക്കു വേണ്ടി കേസുകള്‍ നടത്തി വിജയിപ്പിച്ചു. കുടുംബത്തിനും സഭയ്ക്കും വെറുക്കപ്പെട്ടവനായി. അവരുടെ വെറുപ്പ് ഒരു അംഗീകാരമായി അയാള്‍ കണ്ടു. സ്വര്‍ഗ്ഗരാജ്യത്തിലുള്ള വിശ്വാസം മുഴുവനായും ഉപേക്ഷിച്ചു. വിമോചനദൈവശാസ്ത്രത്തിന്റെ പ്രഘോഷകനും പ്രയോക്താവും ആയി.
പഴയ കുടിയാന്മാരുടെ മക്കളെയെല്ലാം സ്കൂളില്‍ അയക്കാന്‍ അയാള്‍ മുന്‍കൈയെടുത്തു. പാടത്തെ ചെളിയിലും ചേറിലും ഇറങ്ങാന്‍ അടുത്ത തലമുറക്കാര്‍ താല്പര്യപ്പെട്ടില്ല. പണിയാന്‍ ആളെ കിട്ടാതെ നെല്‍കൃഷി ക്ഷയിച്ചു. പാടങ്ങളൊക്കെ റബ്ബര്‍തോട്ടങ്ങളായി പരിണമിച്ചു.

അറുപതാം വയസ്സിലാണ് ചോഴന്റെ ഏഴാമത്തെ മകനായി ഹരി പിറക്കുന്നത്‌. അറുപതാം വയസ്സില്‍ ചോഴന്‍ ഇതെങ്ങന്നെ സാധിച്ചു എന്ന് എല്ലാവരും അത്ഭുതപെട്ടു. പക്ഷെ, മുണ്ടന്‍ മലയിലെ കുട്ടായിയുടെ അതേ ച്ഛായ അല്ലേ കുട്ടിക്കും ഉള്ളത് എന്ന് പലരും അടക്കം പറഞ്ഞു. ‘കുട്ടായിയുടെ മൂക്കിനു താഴത്തെ മറുക് അതെ പോലെ കൊച്ചിനും ഉണ്ട്’ എന്ന പ്രചരണം ഉഴുന്ന് വട-ചായകള്‍ക്കൊപ്പം നാട്ടിലെ ചായകടകളില്‍ സമൃദ്ധമായി വിളമ്പപ്പെട്ടു. എന്തായാലും, ചോഴന്‍ നിസ്സംഗതയോടും നിശബ്ധതയോടും അതെല്ലാം കേട്ടു. കുട്ടിയുടെ ചോറൂണിന്‍റെ തലേന്നു, പാടത്തെ വരമ്പ് കീറുന്നതിനിടയില്‍, ചോഴന്‍ കുഴഞ്ഞു വീണു മരിച്ചു. വേദിയില്‍ മരിച്ചു വീഴുന്ന കലാകാരനെ പോലെ. ആളുകള്‍ക്ക് കുറ്റബോധവും തോന്നി. കുട്ടി എന്തായാലും ചോഴന്റെ മകനായി തന്നെ അറിയപ്പെട്ടു. ചോഴന്റെ മകന്‍ ഹരി. അടുത്ത തലമുറയില്‍ ആരും ചോഴന്‍, കുട്ടായി, മുതലായ പേരുകളില്‍ അറിയപ്പെട്ടില്ല. രവി, വിഷ്ണു, ശിവന്‍, ഹരി മുതലായ പെരുകളിലൂടെ സംസ്കൃതവല്കരിക്കപെട്ടു. അല്ലെങ്കില്‍ ഷിബു, ബിജു, ഷാജി മുതലായ അര്‍ത്ഥരഹിതമായ വെറും ശബ്ധങ്ങളാല്‍ വിളിക്കപ്പെട്ട് പരിഷ്കൃതരായി.

ഹരി ജനിച്ചപ്പോഴേക്കും കുര്യന്‍ പേരെടുത്തു തുടങ്ങുന്ന ഒരു വക്കീല്‍ ആയിരുന്നു. ഹരിയുടെ കാര്യങ്ങളൊക്കെ കുര്യന്‍ ഏറ്റെടുത്തു. അവനെ പഠിപ്പിച്ചു. കുര്യനെ മാതൃകയാക്കി അവനും വക്കീല്‍ ആകണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്, അയാള്‍ സന്തോഷത്തോടെ അത് കേട്ടു. അവനെ ലോ കോളേജില്‍ അയച്ചു. പഠനം കഴിഞ്ഞു ഹരി കുര്യന്‍റെ ജൂനിയര്‍ ആയി. കുര്യന്റെ ഓഫീസി ‘KZK & Associates’ എന്ന പേരില്‍ അഭിവൃദ്ധിപെട്ടിരുന്നു. ഓഫീസില്‍ ചേര്‍ന്നതോടെ, ‘കുര്യച്ചന്‍ ചേട്ടാ’ എന്ന ഗ്രാമീണതയുള്ള വിളി മാറ്റി അവന്‍ അയാളെ ‘സര്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. ആദ്യം കേട്ടപ്പോള്‍ അരോചകം ആയി തോന്നിയെങ്കിലും അയാള്‍ അത് തിരുത്താന്‍ ശ്രമിച്ചില്ല. ആളുകള്‍ അറിഞ്ഞു തരുന്ന അധികാരം ഒരിക്കിലും നിരസിക്കരുത് എന്ന പാഠം നന്നായി അറിയാവുന്നത് കൊണ്ടാണല്ലോ അയാള്‍ ‘KZK’ ആയി വളര്‍ന്നത്‌.

അങ്ങനെ കുരിശുമൂട്ടില്‍ കുടുംബത്തിന്റെ പടത്തിലെ ചേറിലും ചെളിയിലും കിടന്നു പണിത ചോഴന്റെ മകന്‍ തന്നെക്കാള്‍ വലിയവനാകണ്ട. അതും തന്‍റെ  ഔദാര്യത്തില്‍ പഠിച്ചു, തന്‍റെ തണലില്‍ വളര്‍ന്നതിനു ശേഷം. ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല എന്നാണല്ലോ വേദപുസ്തകത്തിലും പറഞ്ഞിരിക്കുന്നത്. ഇത്തരം ചിന്തകളില്‍ തിരിഞ്ഞും മറിഞ്ഞും കുര്യന്‍ വക്കീല്‍ കട്ടിലില്‍ ഉറക്കം വരാതെ കിടന്നു.

**************
-III-

‘ഹരി എനിക്ക് അനിയനെ പോലെയാണ്. അവനോടു എന്തിനു എനിക്ക് ദേഷ്യം തോന്നണം. അവന്‍റെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷവും അഭിമാനവും മാത്രമേ ഉള്ളൂ.’
രാവിലെ ക്ലബ്ബിന്റെ ലോഞ്ചില്‍ ഇരുന്നു വിശ്രമിക്കവേ കുര്യന്‍ വക്കീല്‍ ഓര്‍ത്തു. ഫാനിന്റെ ഇളം കാറ്റ് മുഖത്തെ വിയര്‍പ്പു കണികകള്‍ ഒപ്പിയെടുത്തപ്പോള്‍ അയാള്‍ക്ക് വല്ലാത്ത നിര്‍വൃതി അനുഭവപ്പെട്ടു. ഏകദേശം ഒരു മണിക്കൂര്‍ നീളുന്ന ബാട്മിന്റ്ടന്‍ ഗെയിം. അത് അയാളുടെ ദിനചര്യയില്‍ പെട്ടതാണ്. ദേഹമൊക്കെ ഒന്ന് ഇളകി വിയര്തപ്പോള്‍, മനസ്സ് ശുദ്ധമായത് പോലെ. ഉള്ളിലെ അമര്‍ഷവും വിദ്വേഷവും എല്ലാം കോര്‍ട്ടിലെ സ്മാഷുകളിലൂടെ പുറന്തള്ളി.
തികഞ്ഞ പ്രസന്നതയോടെ അയാള്‍ ഓഫീസില്‍ ചെന്നു. ഹരിക്ക് നിറഞ്ഞ പുഞ്ചിരിയോടെ ഒരു ‘ഗുഡ് മോര്‍ണിംഗ്’ കൊടുത്തു. എന്നിട്ട് അവനെ തന്‍റെ കാബിനിലേക്ക്‌ വിളിപ്പിച്ചു.
“ഹരി. ഞാന്‍ ഒരു ഫയല്‍ തരാം. ഒരു ക്രിമിനല്‍ മാറ്റര്‍ ആണ്. ഹരി അധികം ക്രിമിനല്‍ വര്‍ക്ക്‌ ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയാം. അതും പഠിക്കണം. ഒരു വക്കീലിന് നിയമത്തിന്റെ എല്ലാ മേഖലകളിലും ഒരു ഏകദേശ ധാരണയെങ്കിലും വേണം. സൊ സ്റ്റഡി ദിസ്‌ ഫയല്‍. ആന്‍ഡ്‌ വീ വില്‍ ഡിസ്കസ് ആസ് ടു വാട്ട്‌ ഈസ്‌ ടു ബി ടണ് എബൌട്ട്‌ ഇറ്റ്‌. ഓള്‍ ദി ബെസ്റ്റ്.”
അപ്പൂപ്പന്‍ താടി പോലെ ലഘൂകരിക്കപ്പെട്ട മനസ്സുമായി അയാള്‍ കോടതിയിലേക്ക് പോയി. താന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യസ്നേഹി ആണെന്ന വസ്തുത സ്ഥിരീകരിക്കപ്പെട്ട സന്തോഷത്തോടെ.
“കുര്യച്ചാ, അവിടെ നിന്നെ”
തൊടുപുഴക്കാരനായ വര്‍ഗീസ്‌ വക്കീലാണ്. ഒരു അഴകൊഴമ്പന്‍ അച്ചായന്‍.
“കുര്യച്ചന്‍ ഇവിടുത്തെ എല്ലാ പാറമടയും പൂട്ടിക്കുവാണോ. ങേ?”
കാന്റീന്റെ അടുത്തുള്ള വക്കീലന്മാരുടെ ഏഷണിമൂലയില്‍ നിന്ന്  വര്‍ഗീസ്‌ വക്കീല്‍ ഉറക്കെ ചോദിച്ചു. ആ പരദൂഷണ കവലയിലേക്കു കുര്യന്‍ വക്കീല്‍ അങ്ങനെ പോകാറില്ല. കോടതിയില്‍ വച്ച് വല്ലാത്ത പരവേശം തോന്നിയപ്പോള്‍ ഒരു ചായ കുടിക്കാന്‍ കാന്റീനില്‍ കയറിയതാണ്. അന്നേരമാണ് ആ മാരണത്തെ കണ്ടത്. വര്‍ഗീസ്‌ വക്കീല്‍ അടുത്തേക്ക് വന്നു.
“എന്നതായാലും കുര്യച്ചന്‍ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാ. ഇവന്മാരൊക്കെ അല്ലെങ്കില്‍ പൊട്ടിച്ചു പൊട്ടിച്ചു നമ്മുടെ മലയൊക്കെ ഇല്ലാതാക്കും.”
കുര്യന്‍ വക്കീല്‍ മന്ദഹസിച്ചു.
“പക്ഷെ കുര്യച്ചാ, ചില വാര്‍ത്തകളില്‍ കേസ് വാദിച്ചതായി മറ്റേ പയ്യന്റെ പേരാണല്ലോ കണ്ടത്.”
“ആ അത് എന്‍റെ ജൂനിയര്‍ ആണ്. ഹരി. ഹരിയാണ് കേസ് വാദിച്ചത്.”
“ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് സീ.കെ. ഹരി ഹാജരായി.” ഒരു ഓണ്‍ലൈന്‍ പോര്ടലിന്റെ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് വര്‍ഗീസ്‌ വര്‍ഗീസ്‌ തന്‍റെ മൊബൈലില്‍ കുര്യനെ കാണിച്ചു കൊടുത്തു. “ഹും. അത്നെതായാലും ഒരു മാതിരി പരിപാടി ആയി പോയി. എന്നാ പറഞ്ഞാലും കുര്യച്ചന്റയല്ല്യോ കക്ഷി. അതുമല്ല കുര്യച്ചനാണല്ലോ സീനിയര്‍. അപ്പൊ പിന്നെ കുര്യച്ചന്റെ പേരല്ലേ വരേണ്ടത്.”
“അതൊന്നും സാരമില്ല എന്‍റെ വര്‍ഗീസേ. ചില ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒക്കെയേ അങ്ങനെയുള്ളൂ. അതൊന്നും കാര്യമാക്കണ്ട.”
“കുര്യച്ചാ, ആ പയ്യനെ ഒന്ന് സൂക്ഷിച്ചോണം. കുര്യച്ചന് നമ്മുടെ കൂട്ടത്തില്‍ പെട്ട പയ്യന്മാരെ കൂടെ നിര്‍ത്തികൂടെ. ഇവറ്റകളെ ഒന്നും വിശ്വസിക്കാന്‍ കൊള്ളത്തില്ല.”
“ഹാ വര്‍ഗീസേ ഒരു മാതിരി വര്‍ത്തമാനം പറയരുത്. ഹരി എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന പയ്യനാ. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ സമുദായവും ജാതിയുമൊന്നും നോക്കാറില. ആള്‍ക്ക് കഴിവുണ്ടോ- ഞാന്‍ എന്‍റെ കൂടെ നിര്‍ത്തും. അല്ലാതെ സമുദായം നോക്കിയല്ല.”
“ഹഹാ, എന്‍റെ കുര്യച്ചാ. താന്‍ ഇപ്പോഴും ഈ ആദര്‍ശമൊന്നും വിട്ടില്ലേ. അതൊക്കെ പ്രസംഗിക്കാനും എഴുതാനും കൊള്ളാം. പക്ഷെ അങ്ങനെയോന്നുമല്ലല്ലോ കാര്യങ്ങളുടെ ശരിയായ കിടപ്പ്. കുര്യച്ചന്‍ ഒന്ന് ആലോചിച്ചു നോക്കിയേ, എന്തായിരിക്കും അവന്റെ ശരിയായ ഉള്ളിലിരുപ്പ് എന്ന്. അവന്റെ അപ്പനെയും അപ്പൂപ്പനെയുമൊക്കെ പിഴിഞ്ഞെടുത് ഉണ്ടാക്കിയ മുതല് കൊണ്ടാണ് താനും തന്‍റെ കുടുംബവുമൊക്കെ അഭിവൃദ്ധിപ്പെട്ടത് എന്ന് അവനു നല്ല പോലെ അറിയാം. അതിനൊക്കെ പകരം ചോദിക്കണം എന്ന് അവന്റെ ഉള്ളില്‍ ഉണ്ട്. താന്‍ ആളൊരു ശുദ്ധനാ. അവന്റെ പുറമെയുള്ള വിനയത്തിലും സ്നേഹത്തിലും താന്‍ വീണു പോയി. അല്ലെങ്കില്‍ താന്‍ ഒന്ന് ഓര്‍ത്തു നോക്കിയേ. താന്‍ ഇല്ലാത്ത നേരം നോക്കി അവന്‍ എന്തിനാ ആ കേസ് പറഞ്ഞത്. ആത്മാര്‍ഥതയുള്ള ഏതെങ്കിലും ജൂനിയര്‍ വക്കീല്‍ അത് ചെയ്യുവോ. പിന്നെ അത് അവന്റെ പേരില്‍ ന്യൂസ്‌ ആയി വരുന്നു. ഇതിന്റെയൊക്കെ പിറകില്‍ അവന്റെ കളികള്‍ ഉണ്ട്. അവന്‍ താന്‍ വിചാരിക്കുന്ന പോലെ അല്ല.  ഒന്ന് കരുതി ഇരുന്നോ. ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്നേയുള്ളൂ”


വര്‍ഗീസ്‌ വക്കീലിനെ കുര്യന് തീരെ മതിപ്പ് ഇല്ലായിരുന്നു. സഭയുടെയും മേത്രാനച്ചന്മാരുടെയും റാന്‍മൂളിയായി നിന്ന് കൊണ്ട്, അവരുടെ മേശകളില്‍ നിന്നും വീഴുന്ന അപ്പകഷ്ണങ്ങള്‍ കൊണ്ട് സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിയിരുന്ന വര്‍ഗീസ്‌ വക്കീലിനെ കുര്യന് സര്‍വത്ര പുച്ഛം ആയിരുന്നു. സഭാസ്ഥാപനങ്ങളുടെ വക്കീലായ വര്‍ഗീസിന് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ വലിയ പാടവമോ സാമര്‍ത്ഥ്യമോ ഇല്ലായിരുന്നു. സഭയുടെ ഒരു നല്ല കുഞ്ഞാട്- അതായിരുന്നു അയാളുടെ യോഗ്യത. പക്ഷെ, വര്‍ഗീസ്‌ പറഞ്ഞ കാര്യങ്ങള്‍ കുര്യന്റെ മനസ്സില്‍ കോളിളക്കം ഉണ്ടാക്കി.

തന്‍റെ വരേണ്യ-കത്തോലിക്കാ സ്വത്വത്തെ പ്രകടമായി നിരാകരിക്കാന്‍ കുര്യന്‍ ഒരിക്കിലും ശ്രമിച്ചിട്ടില്ല. അതെ സമയം, പ്രകടമായി അത് പ്രദര്ശിപ്പിക്കുകയുമില്ലായിരുന്നു. യുവത്വത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ അയാള്‍ സഭയെയും മതത്തെയും ശക്തമായി എതിര്‍ത്തിരുന്നു. പിന്നീട്, അതുമായി സമരസപ്പെടുകയും ചെയ്തു. ഉള്ളിന്റെ ഉള്ളില്‍, താനൊരു അതിപുരാതന കത്തോലിക്കാ കുടുംബത്തില്‍ പെട്ടവനാണ് എന്ന തലമുറകള്‍ വഴി കിട്ടിയ വ്യര്‍ത്ഥഅഭിമാനബോധത്തിന്റെ വിഴിപ്പു അയാള്‍ ചുമന്നിരുന്നു. വിവാഹപ്രായമായപ്പോള്‍, തന്‍റെ വധു, ഒരു ഉത്തമ കത്തോലിക്ക ആകണം എന്ന് അയാള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.(അതിനു വേണ്ടി കോളേജ് കാലത്ത് അയാള്‍ക്കുണ്ടായിരുന്ന്ന വിപ്ലവപ്രണയത്തില്‍ നിന്ന് തന്ത്രപരമായി അയാള്‍ ഊരിപോരുകയും ചെയ്തു). അതായത്, നിലവിലുള്ള വ്യവസ്ഥിതിയെ ഒന്ന് ചോദ്യം ചെയ്തു കുലുക്കുക എന്നല്ലാതെ, അതിനെ തകര്‍ക്കാനോ അപനിര്‍മിക്കാനോ അയാള്‍ ഒരിക്കിലും മുതിര്‍ന്നിട്ടില്ല. എല്ലാം തന്‍റെതായ ഒരു ഇടം സൃഷ്ടിക്കാനുള്ള ഒരു കുത്സിതശ്രമം മാത്രം അല്ലായിരുന്നോ എന്ന് അയാള്‍ ആലോചിച്ചു? വ്യവസ്ഥിതിയെ അനുസരിച്ച് അതിനു വിധേയപ്പെട്ടു നില്‍ക്കുന്നവര്‍ക്ക്, എറിഞ്ഞു കിട്ടുന്ന അപ്പകഷ്ണങ്ങള്‍ കൊണ്ട് തൃപ്തരാകേണ്ടി വരും. എന്നാല്‍ അതിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് സമൃദ്ധമായ ഒരു നല്ല വിരുന്നു വാഗ്ദാനം ചെയ്യപ്പെടും. കാരണം അവരുടെ നിശബ്ധതയ്ക്ക് വിലയുണ്ട്‌. അനുസരിക്കാനുള്ള കൈക്കൂലിയും മേടിച്ചു, വ്യവസ്ഥിതിയുടെ അരികുകള്‍ പറ്റി, അതിനെ നോവിക്കാതെ, എന്നാല്‍ അതിന്‍റെ തമോഗര്‍ത്തങ്ങളില്‍ മുങ്ങി വ്യക്തിത്വം നഷ്ടപ്പെടുത്താതെ, സ്വന്തം വ്യതിരക്തത കാത്തു സൂക്ഷിച്ചാണല്ലോ താന്‍ ജീവിച്ചത്. ഒരു ട്രപീസ് കളിക്കാരന്റെ ശ്രദ്ധയോടെ. അങ്ങനെയുള്ള താനും വര്‍ഗീസ്‌ വക്കീലും തമ്മില്‍ എന്ത് വ്യത്യാസം. താന്‍ അയാളെക്കാള്‍ കൂര്‍മ്മബുദ്ധിശാലിയാണ് എന്നത് ഒഴിച്ചാല്‍.

ഇതെല്ലാം ഓര്‍ത്തപ്പോള്‍, കുര്യന്‍ വക്കീലിന് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി. ഇല്ല, താന്‍ അങ്ങനെയൊന്നുമല്ല. ആദര്‍ശങ്ങളും നിലപാടുകളുമുള്ള ഒരു ശ്രേഷ്ഠവ്യക്തിത്വത്തിനു ഉടമയാണ് താന്‍. ശരിയാണ്, ചില സാഹചര്യങ്ങളില്‍ അതിനൊക്കെ അയവ് വരുത്തേണ്ടി വന്നിട്ടുണ്ട്. സന്ധി ചെയ്യേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സ്വതവേ ഉള്ള ചില ബലഹീനതകള്‍ മൂലമാണ്. അല്ലാതെ, താനൊരു അവസരവാദിയല്ല. കപടനാട്യക്കാരനല്ല. ജാതി-മത-സമുദായ അതിരുകളെ ആത്മാര്‍ഥമായി ഭേദിക്കാന്‍ ശ്രമിച്ചിട്ടിണ്ട്. ഹരിയെ പഠിപ്പിച്ചതും, കൂടെ ജൂനിയര്‍ ആയി നിര്‍ത്തിയതും എല്ലാം അത് കൊണ്ടാണ്. ശരിയാണ്, ചിലപ്പോഴൊക്കെ പതറി പോകാറുണ്ട്. എങ്കിലും, ഒരിക്കിലും ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല.
“ഐ ഹവ് നോട്ട് ആക്റ്റട് വിത്ത്‌ മാല ഫൈഡ്സ്’- അയാള്‍ മനസ്സില്‍ ഓര്‍ത്തു.

കോടതി കഴിഞ്ഞു ഓഫീസില്‍ വെച്ച് ഹരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സ് വീണ്ടും കലുഷിതമായി. അവന്‍ ഡ്രാഫ്റ്റ്‌ ചെയ്ത ഒരു ഹര്‍ജിയുടെ പകര്‍പ്പ് അവന്‍റെ മുന്നിലേക്ക് എറിഞ്ഞിട്ടു ആക്രോശിച്ചു.
“അഞ്ചു വര്ഷം കഴിഞ്ഞിട്ടും ഒരു പെറ്റിഷന്‍ മര്യാദയ്ക്ക് ഡ്രാഫ്റ്റ്‌ ചെയ്യാന്‍ പഠിച്ചില്ലേ? കഷ്ടം.”
“സര്‍. എന്താണ് കുഴപ്പം?” ഹരി പരിഭ്രമത്തോടെ ചോദിച്ചു.
“മഹാഭാരതം പോലെ നീട്ടി എഴുതിയിരിക്കുവല്ലേ? ഹര്ജിക്കരുടെയും അവരുടെ അപ്പനപ്പൂപ്പന്മാരുടെയും കഥകള്‍ മുഴുവന്‍. വാട്ട്‌ ഈസ്‌ ദി റെലവന്‍സ് ഓഫ് ഓള്‍ ദാറ്റ്? പിന്നെ ഒരു മാതിരി പൈങ്കിളി നോവല്‍ പോലത്തെ ഒരു കദനകഥാ വിവരണം. ഇത് ഹൈകോടതിയില്‍ കൊടുക്കാനാണ് മിസ്റ്റര്‍, അല്ലാതെ വാരികയില്‍ കൊടുക്കാന്‍ അല്ല. ആന്‍ഡ്‌ ദി സോര്‍ട്ട് ഓഫ് ലാംഗ്വേജ് യുസ്ഡ!! ആ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് സ്റ്റുടന്‍റ്റ് വുഡ് റൈറ്റ് ബെറ്റര്‍ ഇന്ഗ്ലിഷ്!!”
എല്ലാവരുടെയും മുന്നില്‍ വെച്ച് ഹരി അപമാനിതന്‍ ആയതില്‍ അയാള്‍ക്ക് സന്തോഷം തോന്നി. “ഒരു കാര്യം ചെയ്യ്. ആദ്യം ഓഫീസില്‍ ഇരുന്നു കുറച്ചു കൂടി ഡ്രാഫ്റ്റ്‌ ചെയ്യാന്‍ പഠിക്ക്. എന്നിട്ട് മതി കോടതിയിലെ പ്രകടനം ഒക്കെ”. അയാള്‍ പുച്ഛത്തോടെ പറഞ്ഞു.
‘അതെങ്ങനാ, പാടത്തും വരമ്പത്തും ഒക്കെ പണിയേണ്ടവന്‍ വക്കീല്‍ ഗൌണ്‍ എടുത്തിട്ടാല്‍ ഇങ്ങനെയിരിക്കും’ – കുര്യന്‍ വക്കീല്‍ മനസ്സില്‍ പറഞ്ഞു.
വിദ്വേഷം അയാളുടെ മനസ്സില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വളര്‍ന്നു. ഹരിയുടെ ചെറിയ തെറ്റുകളെല്ലാം പര്‍വതീകരിച്ച് അവനെ കണക്കിന് ശകാരിച്ചു.

 ‘നീ ഇവിടെ വരേണ്ടവനല്ല. അക്ഷരങ്ങളുടെയും അറിവിന്റെയും ബുദ്ധിയുടെയും ഈ മേഖല നിനക്ക് നിഷിദ്ധമാണ്. നിന്റെ സ്ഥാനം പാടത്തും വരമ്പിലും ആണ്. നിന്റെ അച്ഛന്‍ ചോഴന്‍ മരിച്ചത് പോലെ നീയും അവിടെ കിടന്നാണ് ചാകേണ്ടത്’ ഓരോ ശാകരമഴയ്ക്ക്‌ ശേഷവും കുര്യന്‍ വക്കീല്‍ അവനോടായി മനസ്സില്‍ പറഞ്ഞു.
സമത്വത്തിനും സാമൂഹ്യനീതിക്കും മനുഷ്യകുലത്തിന്റെ സമഗ്രപുരോഗതിക്കും മറ്റുമായി അയാള്‍ നടത്തിയ പ്രഘോഷണങ്ങള്‍, രചിച്ച ഗ്രന്ഥങ്ങള്‍- ഇവയെല്ലാം വെറും പാഴ്വാക്കുകള്‍ ആയി അയാള്‍ക്ക് തോന്നി. ഒരു പുരോഗമനവാദിയുടെ പരിവേഷം അണിയാന്‍ കടമെടുത്തു പറഞ്ഞ കുറെ പൊള്ളത്തരങ്ങള്‍. സത്യം അതിനൊക്കെ അതീതമാണ്. വര്‍ഗീസ്‌ വക്കീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അങ്ങനെയോന്നുമല്ല കാര്യങ്ങളുടെ ശരിയായ കിടപ്പ്’. ചാതുര്‍വര്‍ണ്യം- അതാണ്‌ ശരി; അതാണ്‌ സത്യം. എല്ലാ കര്‍മങ്ങളും എല്ലാവനും വിധിക്കപ്പെട്ടിട്ടില്ല. രക്ഷയുടെ സുവിശേഷം സ്വീകരിച്ചു എങ്കിലും, താനൊരു ആര്‍ഷഭാരത സംസ്കാരത്തിന്റെ പുത്രന്‍ തന്നെയാണ്. ബ്രാഹ്മണ്യത്തിന്റെ ചില്ലയില്‍ മൊട്ടിട്ട ഒരു പുഷ്പം. അതാണ്, അത് തന്നെയാണ് യാതാര്‍ത്ഥ്യം. യജ്ഞത്തിന്റെയും വിദ്യയുടെയും പരിപാവാന മണ്ഡലങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏകലവ്യന്മാരെയും ശംബൂകന്മാരെയും തകര്‍ത്തു കളഞ്ഞ അതെ പാരമ്പര്യമാണ് താനും പിന്തുടരേണ്ടത്. അല്ലാതെ, അടിച്ചവനു മറുകരണം കാണിച്ചു കൊടുക്കുന്ന രക്ഷകന്റെ പാരമ്പര്യമല്ല. വിധേയത്വം കൊണ്ട് തലകുമ്പിട്ടു നില്‍ക്കുന്ന അവന്റെ ശിരസ്സില്‍ വാമനനെ പോലെ ചവുട്ടി അവനെ പാതാളങ്ങളിലേക്ക് താഴ്ത്തണം. കുര്യന്‍ വക്കീലിന്റെ ചിന്തകള്‍ അങ്ങനെ പുകഞ്ഞു. ഒരുവന്‍ തന്‍റെ പ്രണയിനിയെ ഓര്‍ക്കുന്നത് പോലെ, അയാളുടെ ചിന്തകള്‍ രാപകല്‍ ഹരിയെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. പരിവേഷങ്ങളുടെ ഭാരമില്ലാതെ, അങ്ങനെ അയാള്‍ തന്‍റെ യഥാര്‍ത്ഥ സ്വത്വവുമായി സംവദിച്ചു കൊണ്ടിരുന്നു. 

എന്നിരുന്നാലും, മനുഷ്യത്വം എന്ന ആശയത്തെ ഒരു അമൂര്‍ത്ത തലത്തില്‍ സ്നേഹിക്കുമ്പോഴും, മൂര്‍ത്തവും വ്യക്തിപരവും ആയ തലത്തില്‍ തനിക്കു അത് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ ക്ലേശിച്ചു.

-IV-

ഒരു കാലത്ത് സമൃദ്ധമായി വിളഞ്ഞു കിടന്ന നെല്‍പാടങ്ങള്‍. കാളയന്മാരെ കൊണ്ടുള്ള കണ്ടം പൂട്ടലും, വിത്ത് വിതയ്ക്കളും, ഞാറു നടീലും, കൊയ്ത്തും മെതിയുമൊക്കെ ഉത്സവം പോലെ അവിടെ കൊണ്ടാടപ്പെട്ടിരുന്നു. കുരിശുംമുട്ടില്‍ തറവാട്ടുകാര്‍ക്കും അതെ പോലെ മുണ്ടന്‍മലയിലെ പുലയര്‍ക്കും അതൊക്കെ ഒരു ആഘോഷം പോലെയായിരുന്നു. പാട്ടും തമാശകളും, ഇടയ്ക്ക് വഴക്കും തല്ലും തെറിവിളിയും, കുശുമ്പും കുന്നായ്മയും, പ്രണയവും കാമവും ഒക്കെ(പാടത്തിന്റെ അരികിലെ തോടിന്റെ കരയില്‍ വെച്ച് പാടത്തെ പണിക്കാരായ തങ്കപ്പനും കമലാക്ഷിയും ദീര്‍ഘമായ ആലിംഗനങ്ങളില്‍ നിശ്വസിക്കുന്നത് ഒരിക്കല്‍ കുര്യന്‍ കാണാനിടയായി. അവരുടെ പ്രണയ സീല്‍ക്കാരങ്ങള്‍, കുര്യന്റെ കൌമാരരാത്രികളില്‍ പലപ്പോഴും ഓര്‍മ്മയായി), നെല്‍കൃഷിക്ക് സമാന്തരമായി ആ പാടങ്ങളില്‍ നാമ്പിടുകയും, അങ്ങനെ അവരുടെയൊക്കെ ജീവിതത്തെ സംഭവബഹുലമാക്കി നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇന്നിതാ ആ പാടങ്ങളൊക്കെ, കാടും പള്ളയും കയറി വെറും പാഴ്നിലങ്ങള്‍ ആയി കിടക്കുന്നു. പ്രാചീനമായ ഒരു സംസ്കാരത്തെ അടക്കം ചെയ്തു കിടക്കുന്ന ഒരു ചരിത്രഭൂമി പോലെ. നെല്‍പ്പാട സംരക്ഷണ നിയമത്തിന്‍റെ നിരോധനം ഉള്ളത് കൊണ്ട് മാത്രം, നികത്തപ്പെടാതെ കിടക്കുന്ന പാടങ്ങളുടെ പ്രതാപകാലത്തെ ഓര്‍ത്തു കുര്യന്‍ വക്കീല്‍ നെടുവീര്‍പ്പിട്ടു.

കൈയ്യിലെ തൂമ്പ കൊണ്ട് വരമ്പിനരികത്തെ കളകകളൊക്കെ വെട്ടി ഒതുക്കാന്‍ അയാള്‍ കുറച്ചു നേരം ശ്രമിച്ചു. അല്‍പ നേരം കഴിഞ്ഞു അയാള്‍ തളര്‍ന്നു വരമ്പത്ത് ഇരുന്നു. വല്ലാത്ത കിതപ്പ്. കൈ പത്തികള്‍ വീര്‍ത്തു തിണര്‍ത്തു. പേനയും പുസ്തകവും മാത്രം പിടിച്ചു ശീലിച്ച ലോലമായ കരങ്ങള്‍ തൂമ്പയെടുത്ത് കുറച്ചു പണിതപ്പോള്‍ വിങ്ങി വീര്‍ത്തു. തൂമ്പ അരികിലേക്ക് ഇട്ടിട്ടു അയാള്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു.

ചോഴന്‍ കുഴഞ്ഞു വീണു മരിച്ചത് ആ വരമ്പിനരികിലാണ്. രാപകല്‍ വ്യത്യാസമില്ലാതെ ജീവിതകാലം മുഴുവന്‍ ചോഴന്‍ ചെയ്ത പണി പത്തു മിനിറ്റ് പോലും ചെയ്യാന്‍ തന്നെ കൊണ്ട് ആകുന്നില്ലല്ലോ എന്നോര്‍ത്ത് കുര്യന്‍ അദ്ഭുതപെട്ടു. തന്‍റെ സവര്‍ണ കത്തോലിക്കാ പ്രൌഡഭാവങ്ങള്‍ വിയര്‍പ്പില്‍ അലിഞ്ഞു ഇല്ലാതാകുന്നത് പോലെ അയാള്‍ക്ക് തോന്നി.

കഴിഞ്ഞ ആഴ്ചകളില്‍ കോടതിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഓര്‍ക്കാന്‍ അയാള്‍ക്ക് തീരെ താല്പര്യമില്ലായിരുന്നു. പക്ഷെ അവയൊക്കെ മനസ്സിലേക്ക് പുളിച്ചു തികട്ടി വന്നു കൊണ്ടിരുന്നു. ഹരിയോടുള്ള അയാളുടെ പെരുമാറ്റം വളരെ നികൃഷ്ടമായി മാറിയിരുന്നു. അധികാരത്തിന്‍റെ വികൃത ദംഷ്ട്രകള്‍ കാട്ടി പൊട്ടിച്ചിരിക്കുന്ന ഒരു സത്വം ആയി അയാള്‍ മാറിയിരുന്നു. കോടതിയില്‍ വരാന്‍ അനുവദിക്കാതെ അവനെ കൊണ്ട് ഓഫീസില്‍ ഇരുത്തി ഡ്രാഫ്റ്റിംഗ് പണികള്‍ മാത്രം ചെയ്യിപ്പിച്ചു. അകാരണമായി ശകാരിച്ചു. പരിഹസിച്ചു. അവന്‍ അതെല്ലാം നിസ്സംഗതയോടെ സഹിച്ചു.

മനുഷ്യസമത്വത്തിനു വേണ്ടി വാദിക്കുന്ന തനിക്കു കൂടെയുള്ള ഒരുവനെ അടിയാനെ പോലെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നതില്‍ ഒരു വൈരുദ്ധ്യം അയാള്‍ക്ക് തോന്നി. എങ്കിലും,മനസ്സിനെ കയറൂരി വിടുന്നതില്‍ ഒരു ആനന്ദം അയാള്‍ക്ക് തോന്നി. മദിപ്പിക്കന്ന ഭ്രാന്തമായ ഒരു തരം ആനന്ദം.

ഒരു ദിവസം ഹരി തന്‍റെ ഒരു സ്വന്തം കേസുമായി കുര്യനെ സമീപിച്ചു. അവന്റെ ഒരു ബന്ധു വഴി വന്ന കേസാണ്. ഒരു സ്ഥലത്തെ നൂറു കണക്ക്കിനു ആളുകള്‍ പാര്‍ക്കുന്ന കോളനിക്ക് സമീപത്തുള്ള ഒരു തുറസ്സായ സ്ഥലത്ത് മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. അത് മൂലം പ്രദേശ വാസികള്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. മാളിന്യങ്ങളൊന്നും ശരിയായി സംസ്കരിക്കാത്തതിനാല്‍ അവയൊക്കെ മഴക്കാലത്തും മറ്റും പുറത്തേക്കു ഒലിച്ചു ഇറങ്ങുന്നു. അവിടുത്തെ കിണറുകള്‍ വരെ മലിനജലം കൊണ്ട് നിരയുന്നു. പോരാത്തതിന്, അസഹ്യമായ ദുര്‍ഗന്ധം. ഈച്ചകളുടെ ശല്യം. അങ്ങനെ കോളനിയിലെ ജനജീവിതം ദുസ്സഹം. നിരവധി കേസുകളും മറ്റും കൊടുത്തു എങ്കിലും ഒരു പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. വേറെ സ്ഥലം ഇല്ല എന്നാണു മുനിസിപ്പാലിറ്റിയുടെ ഒഴുക്കന്‍ നിലപാട്. അതുമല്ല, പണ്ട് മുതലേ അവിടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു എന്നും, ലക്ഷം വീട് കോളനി പിന്നീടാണ് വന്നതെന്നും, അത് കൊണ്ട് അവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ലെന്നും ഒരു വാദം മുനിസിപ്പാലിറ്റി എടുത്തു.

അങ്ങനെയുള്ള സാഹചര്യത്തില്‍, ഫലപ്രദമായ ഒരു ഇടപെടല്‍ ഉണ്ടാകണമെങ്കില്‍, കുര്യനെ പോലെ സമുന്നതനായ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ഹാജാരകുന്നതാണ് ഉചിതം എന്ന് ഹരി അഭിപ്രായപ്പെട്ടു. കുര്യന്‍ സമ്മതിച്ചു. പക്ഷെ കേസിനോട് വലിയ ആത്മാര്തതയോന്നും കുര്യന് തോന്നിയില്ല. മുനിസിപ്പാലിറ്റിയുടെ വാദങ്ങളില്‍ കൂടുതല്‍ കഴമ്പുണ്ടെന്നും അയാള്‍ക്ക് തോന്നി. സ്വന്തമായി പേരെടുക്കാനുള്ള ഹരിയുടെ പരിശ്രമങ്ങളുടെ ഫലമായ ഒരു അനാവശ്യവ്യവഹാരം ആയിട്ടെ കുര്യന് തോന്നിയുള്ളൂ.

എന്തായാലും കേസില്‍ കുര്യന്‍ ഹാജരായി. മുനിസിപ്പാലിറ്റിയുടെ വക്കീല്‍ അവരുടെ ന്യായങ്ങള്‍ പറഞ്ഞു. പറയപ്പെടുന്ന പോലത്തെ പ്രശ്നങ്ങള്‍ ഒന്നും അവിടെ ഇല്ല. വെറും രാഷ്ട്രീയപ്രേരിതമാണ് കേസ് എന്നോക്കെ അവര്‍ പറഞ്ഞു. മാത്രമല്ല ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യസംസ്കരണം ആണ് നടക്കുന്നതെന്നും, അതിനു വേണ്ടി കൂടുതല്‍ തുക നീക്കി വെച്ചിട്ടണ്ടെന്നും അവര്‍ ബോധിപ്പിച്ചു.  പക്ഷേ അതൊക്കെ വെറും കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്നും, ഒന്നും ഇത് വരെ നടപ്പില്‍ വരുത്തിയിട്ടില്ലെന്നും സ്പഷ്ടമാക്കുന്ന ധാരാളം രേഖകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഒരു കമ്മിഷനെ നിയോഗിച്ചാല്‍ നിജസ്ഥിതി വ്യക്തമാവുകയും, മുനിസിപ്പാലിറ്റിയുടെ വാദങ്ങള്‍ പൊള്ളയാണെന്നും തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അത്തരം വാദങ്ങള്‍ ഒന്നും കുര്യന്‍ ഉന്നയിച്ചില്ല. അയാള്‍ക്ക് ഒന്നും തോന്നിയില്ല. ശാസ്ത്രീയമായി മാലിന്യസംസ്കരണം തുടര്‍ന്നും നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മാത്രം അയാള്‍ കോടതിയില്‍ പറഞ്ഞു. അത് ചെയ്യുമെന്ന് മുനിസിപ്പാലിറ്റിയും ഉറപ്പു നല്‍കി. അതിന്‍റെ അടിസ്ഥാനത്തില്‍ അത് റെക്കോര്‍ഡ്‌ ചെയ്തു കോടതി കേസ് ക്ലോസ് ചെയ്തു. സാങ്കേതികമായി കേസ് ജയിച്ചു എങ്കിലും, ആളുകള്‍ക്ക് യാതൊരു ഉപകാരവും നല്‍കാത്ത ഒരു വിധി.

 കേസ് കഴിഞ്ഞു പുറകോട്ടു നടക്കവേ പിന്‍നിരയില്‍ ഇരുന്നിരുന്ന ഹരിയെ കുര്യന്‍ കണ്ടു. വഞ്ചിതനായ ഒരു ഭാവം അവന്റെ മുഖത്ത് ഉള്ളതായി കുര്യന് തോന്നി. വരും ദിവസങ്ങളില്‍ അവന്റെ നേരെ മുഖമുയര്‍ത്തി നോക്കുവാന്‍ കുര്യന് കഴിഞ്ഞില്ല.

ഒരു അഭിഭാഷകന്‍ എന്ന നിലയി പാലിക്കേണ്ട അടിസ്ഥാനപരമായ തൊഴില്‍ മര്യാദയാണ് താന്‍ ലംഘിച്ചതെന്നു അയാള്‍ക്ക് തോന്നി. വക്കീലിന്റെ ഗൌണ്‍ അണിഞ്ഞു കോടതിയില്‍ കക്ഷിയെ പ്രതിനിധീകരിച്ചു നില്ക്കാന്‍ തനിക്കു ഇനി ഒരു യോഗ്യതയും ഇല്ല. കുറ്റബോധവും അപമാനവും കൊണ്ട് മഹാനായ ‘KZK’ നീറി.

ഭാഗ്യത്തിന് തൊട്ടടുത്ത ആഴ്ച കോടതി വേനലവധിക്ക് അടച്ചു. കോടതിയില്‍ നിന്നും ഓഫീസില്‍ നിന്നും രക്ഷ തേടി അയാള്‍ തീക്കൊയിലുള്ള തന്‍റെ തറവാട്ടിലേക്ക് പോന്നു.

“യെസ്. ഐ ആക്റ്റ്ട് വിത്ത്‌ മാല ഫൈഡ്സ്. ദുരുദ്ധെശത്തോടെ ഞാന്‍ പെരുമാറി”. വരമ്പിനു അരികില്‍ ഇരുന്നു കൊണ്ട് അയാള്‍ ഓര്‍ത്തു. 

ഏതോ ദുര്ഭൂതത്തിന്റെ പിടിയിലകപ്പെട്ടത്‌ പോലെയായിരുന്നു തന്‍റെ മനസ്സ് ആ ദിവസങ്ങളില്‍. തന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രിയ ശിഷ്യനോട് വഞ്ചന കാണിച്ചു. അത്രയും കാലം കൊണ്ട് താന്‍ ആര്‍ജിച്ച പേരും പെരുംയുമെല്ലാം വെറും പൊള്ളയായിരുന്നു. കപടമായ ആദര്‍ശങ്ങള്‍ പ്രസംഗിച്ചു കൊണ്ട് പാഴാക്കിയ ഒരു വ്യര്‍ത്ഥ ജന്മം.
ചോഴനെ പറ്റി അയാള്‍ ഓര്‍ത്തു. നിസ്സംഗതയുടെ മൂര്‍ത്തരൂപമായിരുന്ന ചോഴന്‍ ചില അവസരങ്ങളില്‍ വികാരാവേശിതനാകുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു. ചില വര്‍ഷങ്ങളില്‍ അമിതമായ മഴ പെയ്യുമ്പോള്‍, തോടിന്റെ ബണ്ട് പൊട്ടി വെള്ളം മുഴുവന്‍ പാടത്തേക്കു ഇരച്ചു കയറും. വിളഞ്ഞു കിടക്കുന്ന നെല്പാടം മുഴുവന്‍ വെള്ളത്തിനടിയിലാകും. അങ്ങനെ മുങ്ങി കിടക്കുന്ന നെല്‍പാടങ്ങള്‍ നോക്കി നിരാശനായി വിതുമ്പുന്ന ചോഴനെ അയാള്‍ കണ്ടിട്ടുണ്ട്. മാസങ്ങളുടെ പ്രയത്നം മുഴുവന്‍ ഒറ്റരാത്രി കൊണ്ട് പാഴാകുന്നത് അയാള്‍ക്ക് അസഹ്യമായിരുന്നു.  ഒരു തവണത്തെ കൃഷി നാശമായത് കൊണ്ട് കുരിശുംമൂട്ടില്‍ തറവാട്ടുകാര്‍ക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. പക്ഷെ ചോഴന് അത് സഹിക്കാന്‍ പറ്റില്ലായിരുന്നു. കാരണം അയാളുടെ അസ്തിത്വത്തെ നിര്‍വചിച്ചിരുന്നത് അയാളുടെ പ്രയത്നവും പ്രയത്നഫലവും മാത്രമായിരുന്നു. തന്‍റെ കരമത്തിന്റെ പരാജയം തന്‍റെ തന്നെ പരാജയമായി അയാള്‍ കണ്ടിരുന്നു. അതായിരുന്നു നിരക്ഷരനായ ചോഴന്റെ പ്രത്യയശാസ്ത്രം. ലോകത്തുള്ള സര്‍വ ആദര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വായത്തമാക്കിയ മഹാനും ജ്ഞാനിയുമായ കുര്യന്‍ വക്കീല്‍ കര്മത്തെ സ്വയം പരാജയപ്പെടുത്തിയിരിക്കുന്നു.
*************************
-V-
രണ്ടാഴ്ചകള്‍ക്ക് ശേഷം കുര്യന്‍ വക്കീല്‍ ഓഫീസില്‍ തിരികെ എത്തി. ഹരി അയാളുടെ ക്യാബിനിലേക്ക്‌ വന്നു. ആത്മവിശ്വാസം സ്ഫുലിക്കുന്ന ഒരു പുഞ്ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
“സര്‍, നാട്ടില്‍ എന്തുണ്ട് വിശേഷങ്ങള്‍ ഒക്കെ? എല്ലാം സുഖമായിരിക്കുന്നു.” ഹരി കുശലം അന്വേഷിച്ചു. പതിവില്ലാത്ത പോലെ.
“എല്ലാം നന്നായിരിക്കുന്നു ഹരി.”
ഒരു നിമിഷം ഒന്നാലോചിച്ചതിനു ശേഷം ഹരി തന്‍റെ കസേരയില്‍ നിന്ന് മുന്നോട്ടു ആഞ്ഞു പറഞ്ഞു. “സര്‍, എനിക്ക് വേറെ ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട്.”
“എന്താ ഹരി?”
“സര്‍, ഞാന്‍ സ്വന്തമായി പ്രാക്ടീസ് തുടങ്ങുന്നതിനെ പറ്റി ആലോചിക്കുകയാണ്. വേറെ രണ്ടു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്.”
“ആണോ?” കുര്യന്‍ അദ്ഭുതപെട്ടു. “എന്താ ഹരി പെട്ടെന്ന് ഇങ്ങനെ തീരുമാനം?”
“പെട്ടെന്ന് അല്ല സര്‍. കുറച്ചു നാളായി ഞാന്‍ ആലോചിക്കുന്നതാണ്. സുഹൃത്തുക്കള്‍ കൂടി തയ്യാറായപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഒരു ഓഫീസ സ്ഥലം ഒക്കെ കണ്ടു വെച്ചിട്ടുണ്ട്. ഒരു സുഹൃത്തിനു സ്വന്തമായ് കുറച്ചു കേസുകളും ഉണ്ട്. പക്ഷെ അതൊക്കെ തന്നെ നോക്കി നടത്താന്‍ അവനു കഴിയത്തില്ല. എന്നോട് സഹായിക്കാമോ എന്നും ചോദിച്ചു. പിന്നെ ഞാന്‍ അധികം ആലോചിച്ചില്ല.”
“നല്ല തീരുമാനം ഹരി. സ്വതന്ത്രമായി നില്‍ക്കാന്‍ ഹരി പ്രാപ്തി ആര്‍ജിച്ചിട്ടുണ്ട്. ഹരിയുടെ കഴിവുകളില്‍ എനിക്ക് നല്ല വിശ്വാസം ഉണ്ട്.”
“നന്ദി സര്‍. വളരെ നന്ദിയുണ്ട്. സാറിന്റെ കൂടെയുള്ള പരിശീലനത്തിന്റെ ഫലമാണ്. സര്‍, അത് കൊണ്ട് അവധിക്കു ശേഷം ഞാന്‍ ഇവിടെ ഉണ്ടാകില്ല. ചെയ്തു തീര്‍ക്കാനുള്ള കുറച്ചു കാര്യങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ തീര്‍ക്കാം.”
“ഡോണ്ട് വറി എബൌട്ട്‌ ഓള്‍ ദാറ്റ് ഹരി. യു പ്രിപെയ്ര്‍ ഫോര്‍ യുവര്‍ ന്യൂ ഓഫീസ. എനിക്ക് വളരെ അഭിമാനവും സന്തോഷവും ഉണ്ട്. എന്‍റെ ഒരു ശിഷ്യന്‍ സ്വന്തന്ത്രമായി പറക്കാന്‍ തുടങ്ങുന്നു. ഐ ആം വെരി ഹാപ്പി ഫോര്‍ യു” കുര്യന്‍ വക്കീല്‍ വളരെ ആത്മാര്‍ഥമായി പറഞ്ഞു.
“താങ്ക് യു സര്‍”

ഹരി പോകാനായി എഴുന്നേറ്റു. “ഹരി ഒരു നിമിഷം നില്‍ക്കൂ”. കുര്യന്‍ വക്കീല്‍ തന്‍റെ മേശയുടെ ഡ്രോ തുറന്ന് ഒരു പുസ്തകം എടുത്തു. ഡോക്ടര്‍ അംബേദ്കറുടെ “Ideas of a nation” എന്ന ഗ്രന്ഥം. “ഹരി ഇത് ഞാന്‍ തനിക്കായി വാങ്ങിച്ചതാണ്. വായിക്കൂ. മിടുക്കനായി വളരൂ.”
സന്തോഷത്തോടെ അതേറ്റു വാങ്ങി അവന്‍ പുറത്തേക്കു നടന്നു.

തന്‍റെ ക്യാബിനിലെ ഗഹനമായ ഏകാന്തതയില്‍ കുര്യന്‍ വക്കീല്‍ ആലോചിച്ചു. ‘ചോഴന്റെ മകന്‍ വളര്‍ന്നിരിക്കുന്നു.ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവന്‍ ആയിരിക്കുന്നു.’
**************************
പിന്‍കുറിപ്പ് :- “The more I love humanity in general the less I love man in particular”- Fyodor Dostoyevsky, The Brothers Karamazov.

മനു



[1] Mala Fides :- കോടതി ഭാഷയില്‍ ഉപയോഗിക്കപ്പെടുന്ന ലാറ്റിന്‍ വാക്ക്. ദുരുദ്ദേശത്തോടെയും ഉത്തമ വിശ്വാസമില്ലാതെയും ചെയ്യുന്ന പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നു.