Sunday, 27 November 2016

അംബരചുംബനം


 “ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്” യേശു ക്രിസ്തു യൂദാസിനോട്‌ ചോദിക്കുന്നതാണ്. ചുംബനം കൊണ്ടും വഞ്ചിക്കാം എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. പക്ഷെ ചുംബനം കൊണ്ട് കൊല്ലാന്‍ പറ്റുമോ? ചുംബിച്ച് ചുംബിച്ച്, ആനന്ദത്തിന്റെ പാരമ്യത്തിലേക്ക് ഒരാളെ കയറ്റി, ഉമ്മകളുടെ ഊക്കോടെ അവിടെ നിന്ന് തള്ളിയിട്ട് കൊല്ലുക. അത് സാധ്യമാണോ? സാധ്യമാണ്.

അത് കൊണ്ടാണല്ലോ പതിനാലാം നിലയുടെ മുകളില്‍ നിന്ന് അവള്‍ താഴേക്കു വീഴുന്ന സ്വപ്നം അവന്‍ വീണ്ടും കണ്ട് ഞെട്ടിയുണര്‍ന്നത്. ഒരു തൂവല്‍ കഷ്ണത്തിന്റെ ശാന്തതയോടെ ആയിരുന്നു അവളുടെ പതനം. പൂര്‍ത്തിയാകാതെ പോയ ചുംബനത്തിന്റെ വേദനയോടെ അവളുടെ ചുണ്ടുകള്‍ അപ്പോഴും വിടര്‍ന്നിരുന്നു. ഇനി കിട്ടാനുള്ള ഉമ്മകള്‍ക്കു വേണ്ടി  അവളുടെ ഉടല്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.  

അവന്‍ കിടന്ന കട്ടിലും വിറയ്ക്കുന്നുണ്ടായിരുന്നു. ആ ലോഡ്ജ് മുറിയുടെ സമീപത്തുള്ള റെയില്‍വേ പാളത്തിലൂടെ എപ്പോള്‍ ട്രെയിന്‍ പോകുമ്പോഴും ഭൂകമ്പത്തില്‍ എന്ന പോലെ ചെറിയ വിറയല്‍ ഉണ്ടാകും. സമയം രാത്രി രണ്ടര. മൊബൈലിന്റെ സ്ക്രീനില്‍ അവന്‍ കണ്ടു. ഇന്നിനി ഉറക്കം നടക്കില്ല. ആ ദുസ്വപ്നതിന്റെ ആഘാതം അങ്ങനെയാണ്. മുഷിഞ്ഞ ചിന്തകളും ഓര്‍മ്മകളും ഒരു വാഷിംഗ്‌ മെഷിനില്‍ എന്ന പോലെ മനസ്സില്‍ കിടന്നു കറങ്ങി നുരഞ്ഞു പൊന്തും. ഒരു സിഗരറ്റും കത്തിച്ചു കൊണ്ട് അവന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. വലിയ പ്രകമ്പനത്തോടെ ഒരു ഗുഡ്സ് ട്രെയിന്‍ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയിനിന്റെ അവസാനം ഇരുന്നു പച്ച സിഗ്നല്‍ കാണിച്ചു കൊണ്ടിരുന്ന ഗാര്‍ഡ് തന്നെ ഒരു നിമിഷം നോക്കിയത് പോലെ അവനു തോന്നി. അയാളുടെ സ്വകാര്യതയെ ഓര്‍ത്തു അവനു കടുത്ത അസൂയ തോന്നി.  വാഗണുകള്‍ ഗര്‍ഭം ധരിച്ചിരിക്കുന സത്യങ്ങളുടെ ശൃംഘലയിലെ ഒരു കണ്ണിയായി, ലോകത്തിനു നേരെ പച്ച സിഗ്നല്‍ വീശി, ഉറക്കത്തിലുള്ളവരെയെല്ലാം ഉണര്‍ത്തി, യാത്ര ചെയ്യുന്ന ഗാര്‍ഡ് ഒരു പ്രാവചക ദൌത്യം അല്ലേ നിര്‍വഹിക്കുന്നത്. അത് പോലെ യാത്ര ചെയ്യണം. കൂട്ടിനു അവളും വേണം. ഗാര്‍ഡ് റൂമിന്റെ പരമമായ സ്വകാര്യതയില്‍, അവര്‍ തീര്‍ക്കുന്ന ചുംബനങ്ങളുടെ പ്രകമ്പനത്തില്‍ ലോകം മുഴുവന് വിറയ്ക്കണം.ജീവിതത്തെ പറ്റി വേറെ ഒന്നും ഓര്‍ക്കാതെ അവളുടെ നിശ്വാസം ശ്വസിച്ചും ചുണ്ടുകള്‍ ഭക്ഷിച്ചും അനന്തതയിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കണം.

അല്ലെങ്കില്‍, ആളൊഴിഞ്ഞ ഒരു സിനിമ തിയേറ്ററില്‍, വിശ്വവിഖ്യാതമായ ചുംബനരംഗങ്ങള്‍(അതും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്) മാത്രം വെട്ടിയെടുത്തു കോര്‍ത്തിണക്കിയ റീലുകള്‍ ഓടിക്കുന്ന പ്രോജക്റ്റര്‍ റൂമിന്റെ സ്വകാര്യതയില്‍ അവള്‍ക്കൊപ്പം ഇരിക്കണം. അങ്ങനെയുള്ള ആ സിനിമ പറുദീസയുടെ അഭ്രപാളിയില്‍ അവരുടെ ചുംബനങ്ങളുടെ നിഴലുകള്‍ പതിയണം.

ഉറക്കമില്ലാത്ത ശപിക്കപെട്ട രാത്രി തള്ളി നീക്കാന്‍ ഇങ്ങനെ ഓരോ ഫാന്ടസികള്‍ അവന്‍ നിര്‍മിച്ചു കൊണ്ടേയിരുന്നു. എത്തിനോട്ടക്കാരുടെയും സദാചാരകുറുവടികളുടെയും കണ്ണുകള്‍ വെട്ടിച്ചു അവര്‍ ഒപ്പിച്ചെടുത്ത നൂറുകണക്കിന് ചുംബനങ്ങളുടെ സ്മരണകള്‍ നക്ഷത്രങ്ങള്‍ പോലെ അവന്റെ മുന്നില്‍ ചിതറി വീണു. ഏതു പ്രവര്‍ത്തിയാണ് ഒരേ സമയം രണ്ടു പേര്‍ ഒരുമിച്ചു ഒരു പോലെ ചെയ്യുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലത്തെ സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്നത്? അത് ചുംബനം അല്ലാതെ മറ്റെന്താണ്?ഒരു ചുംബനത്തിന്റെ പാരസ്പര്യം, അതിലുള്ള കൊടുക്കല്‍-വാങ്ങല്‍, അതില്‍ അടങ്ങിയിരിക്കുന്ന വന്യതയുടെയും ആര്‍ദ്രതയുടെയും കൃത്യമായ സങ്കലനം- ഇതൊക്കെ മറ്റു ഏത് മനുഷ്യപ്രവര്‍ത്തിക്ക് അവകാശപ്പെടാനാകും. ചുംബനങ്ങളുടെ മഹനീയത തിരിച്ചറിഞ്ഞ അവര്‍, അതില്‍ മാത്രം ഏര്‍പ്പെട്ടു കൊണ്ടേയിരുന്നു. അവര്‍ക്കിടയിലെ ഏറ്റവും ശക്തവും സത്യാസന്ധവുമായ സംഭാഷണം അതായിരുന്നു. വലിച്ചുവാരി തിന്നും പരദൂഷണം പറഞ്ഞും വികലമാക്കിയ ചുണ്ടുകള്‍ക്ക് അവര്‍ ചെയ്യുന്ന ശുദ്ധിക്രിയയായിരുന്നു ഓരോ ചുംബനവും.അധരങ്ങള്‍ കവിളുകളില്‍ പതിയുമ്പോള്‍, ആ നനുനനുത്ത ഒട്ടലില്‍ ഭൂതവും ഭാവിയും എല്ലാം ഇല്ലാതാകുന്നു. ആ നനവില്‍ എല്ലാം വിസ്മൃതമാകുന്നു. മനസ്സില്‍ ചിന്തകളുടെ കെട്ടുപിണച്ചില്‍ ഇല്ല. ക്രോധവിധ്വേഷങ്ങളില്ല. ആസക്തികളില്ല. ചുണ്ടുകൾ ഒട്ടുമ്പോൾ രണ്ട് ആത്മാക്കള്‍ പരസ്പരം ഒട്ടുന്നു. പുറം ലോകം അവിടെ ബഹിഷ്കൃതമാകുന്നു. പ്രഭാതത്തിലെ മഞ്ഞു തുള്ളി പോലെ നിര്‍മലമാകുന്നു മനസ്സ്. ചെറുതെങ്കിലും ആ നിമിഷങ്ങള്‍ എത്ര ധന്യം.


“ചുട്ട അടികള്‍ക്ക് പകരം ചൂടുള്ള ഉമ്മകള്‍ ആയിരുന്നു കിട്ടിയതെങ്കില്‍ ചിലപ്പോള്‍ ഹിറ്റ്ലര്‍ ഉണ്ടാകില്ലായിരുന്നു” ഒരിക്കല്‍ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍, ചുംബനത്തിന്റെ രാഷ്ട്രീയമാനത്തെ പറ്റിയും അവന്‍ ചിന്തിച്ചു. അതെ, ചിലപ്പോള്‍ ചുംബനം ഒരു സമരമുറയും ആകാം.

അധരപൂജയുടെ ശ്രീകോവില്‍ തേടി അവര്‍ ഒരിക്കല്‍ എത്തിപെട്ടത് ഒരു പതിനാലാം നിലയിലാണ്. പണി പകുതിയാക്കി ഉപേക്ഷിക്കപെട്ട, നഗരത്തിനു നടുവില്‍ ഒരു പ്രേതാലയം പോലെ വളര്‍ന്നു നിന്ന ഒരു ശപിക്കപെട്ട കെട്ടിടത്തിന്റെ പതിനാലാം നില. മെറ്റലിന്റെയും സിമെന്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നിന്ന ആ പതിനാലാം നില അവര്‍ക്ക് സ്വകാര്യതയുടെ ഒരു ഭൂഘണ്ഡം ആയി. ദൂരെ നഗരം വികൃതവും മലിനവും ആയി വികസിച്ചു കിടക്കുന്നത് അവര്‍ക്ക് കാണാമായിരുന്നു. ശവങ്ങളെ മാത്രം ചുംബിച്ചു ശീലിച്ച ഒരു നാഗരികത പിന്നെ എങ്ങനെ വികസിക്കും? അവിടെ, ആ പതിനാലാം നിലയില്‍, കെട്ടിടങ്ങളേയും, കടലിനെയും കടല്‍ കാക്കകളെയും, അസ്തമയ സൂര്യനെയും സാക്ഷിയാകി അവര് ചുംബിച്ചു. ഭൂമിയിലും ആകാശത്തിലും അല്ലാത്ത ആ ത്രിശങ്കുവില്‍ അവര്‍ സ്വര്‍ഗം സൃഷ്ടിച്ചു. ഇടിനിടെയില്‍ എപ്പോഴോ ആണ്, പിന്നീടുള്ള അവന്റെ രാത്രികള്‍ ദുരിതമാക്കുന്ന ആ ദുസ്വപ്നതിനു നിദാനമായ അവളുടെ വീഴ്ച ഉണ്ടാകുന്നത്. കാലിടറിയുള്ള അബദ്ധമാണോ, അതോ പൂര്‍ണമായ നിറവ് തോന്നിയ ഒരു നിമിഷത്തില്‍ അവള്‍ തന്നെ എടുത്തു ചാടിയതാണോ എന്ന് കൃത്യമായി പറയാനാവുന്നില്ല. അതോ, കോടതിയും പോലീസുമൊക്കെ നിരന്തരം പറഞ്ഞത് പോലെ, അവന്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തള്ളിയിട്ടതാണോ എന്നും അറിയില്ല. സത്യത്തെ എപ്പോഴും ജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ സേവകര്‍ അങ്ങനെ വെറുതെ കള്ളം പറയുമോ. ഒന്നിനും വ്യക്തതയില്ല. ഏതായാലും, കമ്പിയും മണലുമൊക്കെ കൂട്ടിയിട്ടിരുന്ന തറയിലിടിച്ചു അവളുടെ തലച്ചോര്‍ ചിന്നിചിതറുമ്പോഴും, അവളുടെ സ്മൃതികോശങ്ങള്‍ അവസാനത്തെ ചുംബനത്താല്‍ തരളിതമായിരുന്നു.

വിചാരണയും തടവും ഒക്കെ കഴിഞ്ഞു അവസാനം സംശയത്തിന്റെ അനൂകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയപ്പോഴേക്കും, യൌവനവും പ്രേമവും കൊണ്ട് ജ്വലിച്ചിരുന്ന അവന്റെ മനസ്സ് വെറും യന്ത്രമായി മാറി. ദുസ്വപ്നങ്ങളുടെ കൊതുകുകടികള്‍ അസ്വസ്ഥമാക്കുന്ന രാത്രികള്‍ തള്ളി നീക്കാന്‍ അവന്‍ ഫാന്ടസികള്‍ മെനഞ്ഞു കൊണ്ടേയിരുന്നു. ഗുഡ്സ് വാഗണുകളിലും സിനിമ പരുദീസകളിലും തനിക്ക് ചേരുന്ന ഒരു ചുണ്ട് അന്വേഷിച്ചു അവന്‍ അലഞ്ഞു.

ശപിക്കപെട്ട ആ കെട്ടിടം ശാപമോക്ഷം നേടി, നിയോണ്‍ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഒരു അംബരചുംബിയായി വളര്‍ന്നതും അവനു അവിടെ നിന്ന് കാണാമായിരുന്നു. അവളെ ബലികഴിച്ച് നേടിയ ശാപമോക്ഷത്തില്‍ വളര്‍ന്ന ആ അംബരച്ചുംബിയില്‍ നിരവധി ചുംബനങ്ങളും ഭോഗങ്ങളും അണമുറിയാതെ അരങ്ങേറി കൊണ്ടിരുന്നു. അതിന്‍റെ പതിനാലാം നിലയിലെ കുളിമുറിയില്‍ പെട്ടെന്ന് ഒരു ബള്‍ബ് കത്തി.  ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തില്‍ ഫ്ലഷ് പ്രവര്‍ത്തിക്കുകയും, വലിയ സീല്ല്ക്കാര ശബ്ദത്തോടെ മലിന ജലം അഗാധങ്ങളിലെക്ക് നിപതിക്കുകയും ചെയ്തു. “Urban Heights” എന്ന പ്രഭയോടെ ആ കെട്ടിടം അവന്റെ നേരെ പല്ലിളിച്ചു.

തൊട്ടു മുന്‍പിലെ സ്ട്രീറ്റ് ലംബിനു ചുറ്റും വട്ടം കൂടി കറങ്ങുന്ന ഈയാംപാറ്റ കൂട്ടം അവനെ കൂടുതല്‍ അസ്വസ്ഥനാക്കി. അതിലൊരെണ്ണം, ഇണയെ ഉപേക്ഷിച്ചു അവന്റെ മുന്നില്‍ പറന്നിറങ്ങി. വല്ലാത്ത ദേഷ്യത്തോടെ, അവന്‍ സിഗരറ്റ് കുറ്റി അതിന്‍റെ മാറിലേക്ക് ആഞ്ഞു കുത്തി. തന്‍റെ ചങ്കിലെ പൊള്ളല്‍ മറ്റൊരു ജീവിയിലേക്ക്‌ പകര്‍ന്നു കൊടുത്തതിന്റെ ആശ്വാസത്തില്‍ അവന്‍ മടങ്ങി. ദുസ്വപ്നതിന്റെ അടുത്ത റീലിനുള്ള സമയമായിരുന്നു.

  

Friday, 25 November 2016

ഏകീകൃത സിവില്‍ നിയമം: ഭരണഘടനാപരമായി പരിഷ്ക്കാരമാവാം; പക്ഷേ വൈവിധ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാവരുത്

ഏകീകൃത സിവില്‍ നിയമം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ചോദ്യോത്തരി (http://lawcommissionofindia.nic.in/questionnaire.pdf) പൂരിപ്പിച്ചു നല്‍കേണ്ട സമയം ഈ ആഴ്ച കൊണ്ട് തീരുകയാണ്. ലോ കമ്മിഷന്‍ നടപടിയുടെ പശ്ചാത്തലത്തില്‍, ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെ പറ്റി ഒരു ചര്‍ച്ച, നിയമരംഗത്തെ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'സിറ്റിസണ്‍സ് ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണന്‍സ് '((Citizens for Constitutional Governance), നടത്തുകയുണ്ടായി. എറണാകുളത്തെ തെയോസോഫിക്കല്‍ സൊസൈറ്റിയുടെ ഹാളില്‍ വെച്ച് നടത്തപ്പെട്ട ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.]

ഏകീകൃത സിവില്‍ നിയമം എല്ലാകാലത്തും ഒരു വിവാദ വിഷയം തന്നെയാണ്. വെറും ഒരു നിയമപ്രശ്‌നം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ വിഷയമായാണ് അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ രൂപാന്തരപ്പെടുന്നത്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ നിയമം കൊണ്ട് വരണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും, ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും ഒരു രാഷ്ട്രത്തില്‍ എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാം എന്നത് ലളിതയുക്തികള്‍ കൊണ്ട് വിശദീകരിക്കുക പ്രയാസമാണ്. പ്രത്യേകിച്ച്, മതവിശ്വാസങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഒരു സമൂഹത്തില്‍. അതുകൊണ്ട് തന്നെ, മതപരമായ വ്യക്തിനിയമങ്ങളെ അപ്പാടെ മാറ്റിമറിക്കാതെ, അവയില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ മാത്രം നിയമനിര്‍മാണത്തിലൂടെ നടത്തുക എന്ന ഒരു സന്തുലിത നിലപാടാണ് ഇത് വരെയുള്ള ഭരണകൂടങ്ങള്‍ തുടര്‍ന്നുകൊണ്ട് പോന്നത്.

അതില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. മതപരമായ വ്യക്തി നിയമങ്ങളിലുള്ള വ്യത്യസ്തതകള്‍ എല്ലാം മായ്ച്ചു കളഞ്ഞു കൊണ്ട്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു സിവില്‍ നിയമം ഏര്‍പ്പെ്ടുത്തുക എന്ന ആശയം പ്രത്യക്ഷത്തില്‍ ആകര്‍ഷണകമായി അനുഭവപ്പെടാം. കാരണം, ഭരണഘടനാ മൂല്യങ്ങലായ സമത്വവും തുല്യതയും, മതപരമായ വ്യതസ്തതകള്‍ ഇല്ലാതാക്കുന്നതിലൂടെ, സാധ്യമാകും എന്ന ധാരണയാണ്. പക്ഷെ, കൂടുതല്‍ സൂക്ഷ്മമായ ഒരു അവലോകനത്തില്‍, അതൊരു മിഥ്യാധാരണയാണെന്ന് വ്യക്തമാകും.

സിവില്‍ നിയമങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു വ്യക്തിയുടെ സിവില്‍ അവകാശങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ നിയമങ്ങള്‍. അതായത്' കച്ചവടം, കരാര്‍, വസ്തു ഇടപാടുകള്‍, ജോലി, സേവനം, കുടുംബ, വിവാഹബന്ധങ്ങള്‍ മുതലായവയിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ അവകാശങ്ങളും കടമകളും. ഇവയില്‍, കുടുംബവിവാഹ ബന്ധങ്ങള്‍ ഒഴികെയുള്ള, മറ്റെല്ലാ മേഖലകളിലും ഒരു ഏകീകൃത സിവില്‍ നിയമം നിലവില്‍ ഉണ്ട്. കരാറും വ്യാപാരവും ജോലിയും ധനവിനിമയവും സംബന്ധിച്ച സിവില്‍ നിയമങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. അതിനാല്‍ പരിമിതമായ തരത്തില്‍ ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്.

എന്നാല്‍, കുടുംബബന്ധങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന സിവില്‍ നിയമങ്ങള്‍, അതായത് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം മുതലായവയെ സംബന്ധിച്ച നിയമങ്ങള്‍ ഓരോ വ്യക്തിയുടെയും മതവിശ്വാസം അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാണ്. മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് അംഗീകാരം നല്കുന്നത് ഒരു ആധുനിക മതേതര രാഷ്ട്രത്തിന് ചേര്‍ന്നതല്ല എന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നമായ നിയമത്തില്‍ മതവിശ്വാസം കലരുന്നത്, രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിരിവിനെ ഇല്ലാതാക്കുന്നു എന്നാണ് വാദം. തത്വത്തില്‍ ഈ വാദത്തിനു ബലമുണ്ട് എന്ന് പറയാമെങ്കിലും, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി തീരെ ബന്ധമില്ലാത്ത ഒന്നാണത്. രാഷ്ട്രം എന്നത് ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒരു അമൂര്‍ത്ത സങ്കല്‍പ്പം അല്ലല്ലോ. അത് വിചാരവും വികാരവും ഉള്ള നിരവധി മനുഷ്യരുടെ ഒരു സമ്മേളനമാണ്. ജനങ്ങളുടെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുന്ന മതവിശ്വാസങ്ങളെ കണക്കിലെടുക്കാതെ നിയമനിര്‍മാണം നടത്തുന്നത് പ്രായോഗികമല്ല.


കുടുംബജീവിതം എന്നത് ഒരാളുടെ സാംസ്‌കാരികപശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒരാള്‍ വിശ്വസിക്കുന്ന മതം അയാളുടെ കുടുംബജീവിതത്തെ വളരെയധികം രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇസ്ലാം മതം വിവാഹത്തെ ഒരു സിവില്‍ ഉടമ്പടി പോലെ കാണുമ്പോള്‍, ക്രിസ്തുമതത്തില്‍ വിവാഹം ദൈവനിശ്ചയത്താല്‍ നടത്തപ്പെടുന്ന ഒരു കൂദാശയാണ്; ഹിന്ദുമതത്തില്‍ അത് ജന്മജന്മാന്തരങ്ങാളായി നിലനില്‍ക്കേണ്ട ഒരു ബന്ധമാണ്. അതുപോലെ തന്നെ, വിവാഹമോചനം, സ്വത്തുവിഭജനം, ദത്തെടുക്കല്‍ മുതലായ കാര്യങ്ങളിലൊക്കെ ഓരോ മതത്തിനും അതിന്റെ്തായ കാഴ്ചപ്പാടുണ്ട്. ഇതില്‍ ഇതാണ് ശരി ഇതാണ് തെറ്റ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ സാധിക്കില്ല. വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ ആണ് അവിടെ കാണാന്‍ സാധിക്കുന്നത്. ഇവയിലുള്ള ആത്യന്തികമായ ശരിതെറ്റുകളുടെ കണക്കെടുപ്പ് അനാവശ്യവും അസാധ്യവുമാണ്. അതുകൊണ്ടാണ്, കുടുംബബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അവകാശങ്ങള്‍ നിര്‍ണയിക്കാന്‍, മതപരമായ വ്യക്തിനിയമങ്ങളെ അനുവദിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരാളുടെ സാംസ്‌കാരികപൈതൃകം നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് അതുമൂലം കഴിയുന്നു. വിവിധ സമൂഹങ്ങള്‍ക്ക് രാഷ്ട്രത്തില്‍ അന്യതാബോധം അനുഭവപ്പെടാതിരിക്കാനും അത് വഴിയൊരുക്കുന്നു. തങ്ങളുടെ സാംസ്‌കാരികവൈവിധ്യത്തെ സംരക്ഷിക്കുന്ന വ്യവസ്ഥിതിയോട് കൂടുതല്‍ മമത അനുഭവപ്പെടുകയും, രാഷ്ട്രത്തിന്റെ ഭദ്രത അതുവഴി സുശക്തമാവുകയും ചെയ്യുന്നു.

എന്നുകരുതി, വ്യക്തി നിയമങ്ങളില്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല എന്നല്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയെ പറ്റിയുള്ള ആശയങ്ങളും മറ്റും സംഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഉത്ഭവിച്ചതാണ് വ്യക്തിനിയമങ്ങള്‍ പലതും. അതിനാല്‍ വ്യക്തിനിയമങ്ങളില്‍ കാലഹരണപ്പെട്ട ചില ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ട് കാലോചിതമായ പരിഷ്‌കാരങ്ങള്‍ അവയില്‍ വരുത്തുന്നതിനായി രാഷ്ട്രത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ വ്യക്തിനിയമങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.


1956-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഹിന്ദു കോഡ് നിലവില്‍ വന്നു. 2005-ലും പുരോഗമനപരമായ മാറ്റങ്ങള്‍ ഹിന്ദു കോഡില്‍ നിയമഭേദഗതിയിലൂടെ വന്നു. ക്രിസ്ത്യന്‍ വിവാഹപിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും അതുപോലെ പരിഷ്‌ക്കാരങ്ങള്‍ വന്നു. മുസ്ലിം വ്യക്തി നിയമത്തില്‍ ക്രോഡീകരണം നടന്നിട്ടില്ല. പക്ഷെ, കാലോചിതമായ വ്യാഖ്യാനങ്ങള്‍ നല്‍കി, മുസ്ലിം വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാക്കാന്‍ നമ്മുടെ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാദ വിഷയമായിരിക്കുന്ന 'തലാഖി'ന്റെ കാര്യത്തിലും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2002-ലെ 'ഷമിമ ആറ' കേസില്‍ തലാഖ് ഏതൊക്കെ സാഹചര്യത്തിലാണ് നിയമാനുസൃതമാകുന്നത് എന്നതിന്റെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 2000-ല്‍ ഉണ്ടായ 'ഡാനിയല്‍ ലത്തിഫി' കേസില്‍ മുസ്ലിം ഭാര്യക്ക് ജീവനാംശത്തിന് മറ്റു സമുദായത്തിലുള്ള സ്ത്രീകളെ പോലെ തുല്യ അവകാശങ്ങള്‍ ഉണ്ടെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, വിവാഹമോചനത്തെ സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തുല്യത ഇല്ല എന്നത് ഒരു വസ്തുതയാണ്.


2014-ല്‍, 'ഖുറാന്‍ സുന്നത് സൊസൈറ്റി', 'നിസ' മുതലായ മുസ്ലിം സംഘടനകള്‍, ശരിയത് നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം എന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നിയമസഭയുടെ അധികാരപരിധിയില്‍ വരുന്ന വിഷയം ആണെന്നും അതിനാല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. രാജ്യത്തെ സെക്യുലര്‍ നിയമവ്യവസ്ഥിതി ഒരു പൌരന് വാഗ്ദാനം ചെയ്യുന്ന ഒരവകാശവും വ്യക്തിനിയമങ്ങള്‍ക്ക് കവരാനാകില്ല എന്നും, സെക്യുലര്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ ഒരു വൈരുദ്ധ്യം ഉണ്ടാവുകയാണെങ്കില്‍ അവിടെ പ്രായോഗികമാകേണ്ടത് സെക്കുലര്‍ സിവില്‍ നിയമം തന്നെയാണ് എന്നും ഇന്ത്യന്‍ ജുഡിഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, വ്യക്തി നിയമങ്ങള്‍ പൌരന്റെ സിവില്‍ അവകാശങ്ങളെ ധ്വംസിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണ്.

വ്യക്തിനിയമങ്ങളെ ഭരണാഘടനയ്ക്ക് അനുസൃതമായി പരിഷരിക്കുക എന്നതാണ് പക്വവും സന്തുലിതവുമായ സമീപനം. അല്ലാതെ, അവയെ അപ്പാടെ പൊളിച്ചെഴുതി ഒരു പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും മൂഡത്തരമാണ്. സംഘപരിവാര്‍ ശക്തികള്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളോട് കൂട്ടിച്ചേര്‍ത്തു വേണം ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളേയും വായിക്കാന്‍. ഇവിടുത്തെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ എല്ലാം മായ്ച്ചു കളഞ്ഞ് ഏകശിലാമാതൃകയിലുള്ള ഒരു ജനതയെ രൂപപ്പെടുത്താനാകരുത് ഏകീകൃത സിവില്‍ നിയമം. അത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ജനിപ്പിക്കാന്‍ വഴിയൊരുക്കുകയും അത് രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

അതിനാല്‍, നിലവിലുള്ള വ്യക്തിനിയമങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ, അവയെ ഭരണഘടനാപരമായി ക്രോഡീകരിച്ച് പരിഷ്‌കരിക്കുക എന്ന ഇതുവരെ തുടര്‍ന്നുകൊണ്ട് പോന്നിരുന്ന സന്തുലിതമായ സമീപനം തുടരുക. എന്ത് യൂണിഫോം സിവില്‍ കോഡാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി നിരവധ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തത്സ്ഥിതി തുടരുന്നത് തന്നെയാണ് ഉചിതം. ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തില്‍ ചര്‍ച്ച എത്തിച്ചേര്‍ന്നു.

കേരള ഹൈക്കോടതി അഭിഭാഷകരായ അഡ്വ. സൂര്യ ബിനോയ്, അഡ്വ. ജയ് മോഹന്‍, അഡ്വ. ലിജിത് കോട്ടക്കല്‍ മുതലായവര്‍ ചര്‍ച്ച നയിച്ചു.


Sunday, 16 October 2016

വന്യം

കാടിന്‍റെ ഇരുട്ടിലേക്ക് അവന്‍ ഓടി കയറികൊണ്ടേയിരുന്നു. താളത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ചീവിടുകളുടെ കൂട്ടകരച്ചിലും അവന്റെ സ്വന്തം കിതപ്പും ഒഴിച്ച് വേറെ ഒരു ശബ്ദവും ചുറ്റുമില്ല. എവിടെ നിന്നോ ഒരു പക്ഷി ഒന്ന് നീട്ടി കൂവി. സന്ധ്യയുടെ വരവറിയിച്ചു കൊണ്ട്. ഇലകള്‍ക്കിടയിലൂടെ ഇരുട്ട് പൊടിഞ്ഞുകൊണ്ടിരുന്നു. നിഴലുകള്‍ പോലെ മരങ്ങള്‍ പൊങ്ങി വളര്‍ന്നു നില്‍ക്കുന്നു. പൊടുന്നനെ, ഒരു മരത്തിന്റെ വേരില്‍ തട്ടി അവന്‍ നിലത്തു വീണു. കൈമുട്ട് മണ്ണില്‍ ഉരഞ്ഞു ചോര പൊടിയാന്‍ തുടങ്ങി. വലതു കാലിന്റെ തള്ളവിരല്‍ ഇടി കൊണ്ട് വീര്‍ത്തു തിണര്‍ത്തിരിക്കുന്നു. ഇലകള്‍ മറച്ചിരിക്കുന്ന കറുത്ത ആകാശം നോക്കി അവന്‍ നിലത്തു കിടന്നു.

എന്ത് ഭ്രാന്തിന്റെ പുറത്താണ് താന്‍ ഇങ്ങോട്ട്, ഈ കാട്ടിലേക്ക് ഓടി കയറിയത്? അവന്‍ ആലോചിച്ചു.
‘ബിനോയ്‌, ബിനോയ്‌..നീ എവിടെ?’.

 ദൂരെ നിന്ന് അവനെ വിളിക്കുന്ന ഒരു ശബ്ദം കേട്ടുവോ? അവന്‍ കാത്തു കൂര്‍പ്പിച്ചു. അവര്‍ അവനെ അന്വേഷിച്ചു പുറകെ വരുന്നതാകുമോ?

അവനെ തേടി പുറകെ വരുന്നത് അത്ര എളുപ്പമല്ല? ഒരു പുഴ നീന്തി കടന്നു, കാടിന്‍റെ ഉള്ളിലേക്ക് ഒത്തിരി ദൂരം അവന്‍ ഓടി കയറിയിരിക്കുന്നു. കാട് പരിചയമില്ലാത്ത ഒരാള്‍ക്ക്‌ അവനെ പിന്തുടര്‍ന്നു വരുന്നത് അത്ര അനായാസമല്ല. പക്ഷെ അവനെങ്ങനെ കാടിനെ പരിചയം? ശീതികരിച്ച മുറികളില്‍ ജീവിച്ചു ശീലിച്ച, ശീതള പാനീയങ്ങളും പാക്കറ്റ് ഭക്ഷണവും കഴിച്ചു വളര്‍ന്ന, കീബോര്‍ഡും കീപാടും സ്പര്‍ശിച്ചു മാത്രം പരിചയമുള്ള, പതുപതുത്ത വിരലുകളും തുടുതുടുത്ത കവിളുകളും ഉള്ള അവനു എങ്ങനെ കാടിനെ പരിചയം? സ്വന്തം ബാച്ചിലേര്‍സ് പാര്‍ട്ടിയുടെ ഭാഗമായി, അടുത്ത പെഗ് ബക്കാര്‍ഡി  റം ഗ്ലാസ്സിലൊഴിച്ച്, പറമ്പില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ പീസും കടിച്ച്, പുഴയ്ക്കപ്പുറം താമസിക്കുന്ന ഗിരിവര്‍ഗ പെണ്ണുങ്ങളുടെ ഒതുങ്ങിയ അരക്കെട്ടിനെ പറ്റി അശ്ലീലഫലിതവും പറഞ്ഞു കൊണ്ടിരുന്ന ബിനോയ്‌ എങ്ങനെ കാടിനുള്ളിലേക്ക് ഓടി കയറി?


അവന്റെ അപ്പന് കുടുംബവിഹിതമായി കിട്ടിയ പറമ്പ് കാടിനരികില്‍ ആയിരുന്നു. സുറിയാനി കത്തോലിക്കരായ ബിനോയിയുടെ പൂര്‍വികരില്‍ ഒരു ശാഖ പണ്ട് മലബാറിലേക്ക് കുടിയേറിയതിന്റെ ശേഷിപ്പായി ബിനോയിയുടെ അപ്പന് കിട്ടി യതാണ് ആ അഞ്ചു ഏക്കര്‍ ഭൂമി. ബാങ്ക് ഉദ്യോഗസ്ഥനായ ബിനോയിയുടെ അപ്പന്‍ അവിടെ ഒന്നും ചെയ്യാന്‍ മെനക്കെട്ടില്ല. വന്‍നഗരങ്ങളില്‍ പഠിച്ചു വളര്‍ന്ന ബിനോയ്‌ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതെ ഇല്ല. കണ്ണൂര്‍ ജില്ലയുടെ കിഴക്കേ അറ്റത് ആ അഞ്ചേക്കര്‍ ഭൂമിയില്‍ കാട് തഴച്ചു വളര്‍ന്നു. നേരിട്ടുള്ള വഴി സൌകര്യം ഇല്ലാത്തതിനാല്‍ വസ്തു വിലക്ക് എടുക്കാന്‍ ആരും തയ്യാറായില്ല. അതിനോട് ചേര്‍ന്ന് ഒരു പുഴ ഒഴുക്കുന്നു. അതിനപ്പുറം കര്‍ണാടക സംസ്ഥാനം. കാട്ടാനകളും കാട്ടുകള്ളന്മാരും മദിച്ച് വാഴ്ന്ന ഘോരവനം അവിടെ വിശാലമായി കിടക്കുന്നു.


അമേരിക്കയിലേക്കുള്ള വിസ ശരിയായതിന്റെ ബലത്തില്‍ മാത്രം ഉറച്ച കല്യാണം അടുത്തആഴ്ച നടക്കാനിരിക്കെ ആചാരപ്രകാരമുള്ള ബാച്ചിലേര്‍സ് പാര്‍ട്ടി നടത്താന്‍ പറ്റിയ ‘വൈല്‍ഡ്‌ ഫീല്‍’ കുടുംബത്താല്‍ അവഗണിക്കപെട്ടു കിടന്ന ആ സ്ഥലത്തിന് ഉണ്ടെന്നു ബിനോയ്ക്ക് തോന്നി. കാടിനരികിലുള്ള ക്യാമ്പ്‌ ഫയറിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ വിസ്ഫോടനം സൃഷ്ടിക്കുമെന്നും, ലൈക്കുകളുടെ പെരുമഴയില്‍ തന്‍റെ പ്രതിശ്രുത വധുവിനു തന്നോടുള്ള ആരാധന പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നും അയാള്‍ കണക്ക് കൂട്ടി. ബംഗ്ലൂരില്‍ നിന്ന് സുഹൃത്തുക്കളെ കൂട്ടി, ഒരു ‘ഥാര്‍’ ജീപ്പും സംഘടിപ്പിച്ചു, സകലമാന ബോഹെമ്യന്‍ ഗിമ്മിക്കുകളുമായി, ബിനോയിയും സംഘവും, പൂര്‍വികര്‍ ചോരയും വിയര്‍പ്പും ഒഴുക്കി വെട്ടി പിടിച്ച ആ മണ്ണില്‍ തമ്പടിച്ചു. ഗൃഹസ്ഥാശ്രമത്തില്‍ എരിഞ്ഞടങ്ങാനുള്ള വന്യസ്വാതന്ത്ര്യത്തിന്റെ ആളികത്തല്‍.

രണ്ടു പെഗ് റം സിരകള്‍ ചൂടാക്കിയ അവസ്ഥയില്‍, ബിനോയിക്ക് പുഴ നീന്തി കടക്കാന്‍ തോന്നി. സ്വിമ്മിംഗ് പൂളുകളിലെ കൃതൃമ നീലയ്ക്ക് പകരം വശ്യമായ പച്ചപ്പ്‌ കലര്‍ന്ന വെള്ളം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കൂട്ടുകാരോട് ഒന്നും പറയാതെ അയാള്‍ പുഴയുടെ അരികിലുള്ള ഒരു ചെറിയ പാറയുടെ മുകളില്‍ കയറി. അസ്തമയ സൂര്യന്‍ പുഴയില്‍ ഓളം വെട്ടി കളിക്കുന്നു. അയാള്‍ക്ക്‌ വല്ലാതെ ഹരം കയറി.ജീവിതത്തില്‍ അപൂര്‍വ്വം ആയി മാത്രം തോന്നിയിട്ടുള്ള ഭ്രാന്തമായ ഉന്മാദ ഭാവം നെഞ്ചിന്റെ ഉള്ളില്‍ നിന്ന് എല്ലയിടതെക്കും ഇരച്ചു കയറുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു. വെള്ളത്തിന്‌ മുന്നില്‍ അയാള്‍ കുമ്പിട്ടു. എന്തോ ശബ്ദം കേട്ടു പിറകിലേക്ക് നോക്കിയ ഒരു സുഹൃത്ത്‌ കണ്ടത്, പാറയുടെ മുകളില്‍ പുഴയിലേക്ക് കുതിക്കാന്‍ കുമ്പിട്ടു നില്‍ക്കുന്ന ബിനോയിയെ ആണ്.

“വാട്ട്‌ ദി ഹെല്‍ മാന്‍...” അവന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ ഒരു ചാട്ടുളി പോലെ ബിനോയ്‌ വെള്ളത്തിലേക്ക്‌ കുതിച്ചു. ഡൈവിംഗ് ബോര്‍ഡുകളില്‍ നിന്ന് ചാടി ശീലിച്ച ബിനോയിക്ക് നല്ല പ്രഫഷണല്‍ മികവ് ഉണ്ടായിരുന്നു. പുഴയുടെ ഗഹനതയിലേക്ക് അവന്‍ തുളച്ചു കയറി. വീഞ്ഞില്‍ മുങ്ങുന്ന ലഹരിയോടെ അവന്‍ ആവേശത്തോടെ ജലാന്തരത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വെള്ളത്തിന്റെ അപാരമായ അഗാധതയില്‍ മീനുകള്‍ ഓടി കളിക്കുന്നത് അവന്‍ കണ്ടു. അവന്‍ പയ്യെ ജലപ്രതലത്തിലേക്ക് ഉയര്‍ന്നു. പുഴയുടെ നടുഭാഗത്താണ് അവന്‍ പൊങ്ങിയത്. മുകളിലെത്തി നോക്കിയപ്പോള്‍, തലയില്‍ കയ്യും വച്ച് പുഴക്കരയില്‍ നില്‍ക്കുന്ന അവന്റെ സുഹൃത്തുക്കളെ കണ്ടു. അവനു ചിരി വന്നു. വെള്ളത്തില്‍ കുത്തി നിന്നുകൊണ്ട് ഭ്രാന്തമായി അവന്‍ ചിരിച്ചു. പുറകിലേക്ക് നോക്കിയപ്പോള്‍, മറുകരയില്‍ വനം വിശാലമായി കിടക്കുന്നത് അവന്‍ കണ്ടു.

‘ബിനോയ്‌..ബിനോയ്‌’
കരയില്‍ നിന്നും വിളി.

അവന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. മറുകരയിലേക്ക് നീന്തി. ശാന്തമായി നീന്തി. നീന്തുകയല്ല, അവന്‍ ഒഴുകുകയായിരുന്നു. വെള്ളത്തിനോട് അലിഞ്ഞു ചേര്‍ന്ന്, അതിന്‍റെ ഒരു ഓളമായി മാറി അവന്‍ ഒഴുകി. കാട് തന്‍റെ മാറിലേക്ക്‌ അവനെ ചേര്‍ത്ത് പിടിച്ചു. കരയിലെത്തിയപ്പോളും അവന്‍ വിളി കേട്ടു.

‘ബിനോയ്‌ ബിനോയ്‌’

അവന്റെ ജീനുകളില്‍ സംഭരിച്ചിരുന്ന പൂര്‍വികരുടെ ജ്ഞാനം അപ്പോള്‍ ഉണര്‍ന്നു. മൃതിയടയാത്ത പൃതുക്കള്‍ അവനോടു മന്ത്രിച്ചു.

‘നമ്മുടെ സ്വന്തം കാടാണിത്.’

അവന്‍ ഒന്നും ആലോചിച്ചില്ല. കാടിന്‍റെ ഉള്ളിലേക്ക് അവന്‍ കുതിച്ചു. കാടിന്‍റെ ജീവനില്‍ കുതിര്‍ന്ന മണ്ണില്‍ പാദങ്ങള്‍ അമര്‍ന്നപ്പോള്‍, മരപ്പട്ടയുടെയും പച്ചിലകളുടെയും മാദകഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ വല്ലാത്ത ഒരു നിറവ് അവന് അനുഭവപ്പെട്ടു. കാട്ടുവഴികള്‍ ജന്മജാന്മാന്തരങ്ങളായി അവന്റെ മനസ്സില്‍ പതിഞ്ഞത് പോലെയായിരുന്നു. സ്വന്തം തട്ടകത്തില്‍ തിരിച്ചു വരുന്ന പോരാളിയുടെ ആത്മവിശ്വാസത്തോടെ അവന്‍ കാടിന്‍റെ ഉള്ളിലേക്ക് ഓടി കൊണ്ടേയിരുന്നു. 

വേരില്‍ തട്ടി വീണ ആ കിടപ്പ് അവന്‍ കുറെ നേരം കിടന്നു. അവന്റെ മൊബൈല്‍ ഫോണ്‍ അന്നേരം ചത്തിരുന്നു. ഇരുട്ട് പരക്കുന്നത് അവന്‍ കൃത്യമായി അറിഞ്ഞു. ആദ്യമായാണ്, ഇരുട്ടിനെ ഇത്ര അടുത്ത് അവന്‍ അറിയുന്നത്. നിയോണ്‍ വിളക്കുകള്‍ മുക്കുന്ന നഗരത്തിലെ ഇരുട്ട്. എല്‍.സി.ഡി സ്ക്രീനുകളില്‍ ഒളിക്കുന്ന ഉള്ളിലെ ഇരുട്ട്. ഇതൊക്കെയാണ് അവന്‍ കണ്ടിട്ടുള്ളത്. എല്ലാം മൂടുന്ന, എന്തിനെയും പൊതിയുന്ന, ഉള്ളില്‍ ഭയം മാത്രം നിറയ്ക്കുന്ന, ഇരുട്ടിന്റെ തീവ്ര ഭാവം അവന്‍ ആദ്യമായി അടുത്തറിയുകയായിരുന്നു. ഇരുട്ട് ഉണര്‍ത്തുന്ന  വന്യതയുടെ സാന്നിധ്യവും അവന്‍ അറിഞ്ഞു. അവനു ഭയമായി.

‘നേരെ നടക്കൂ. നേരെ തന്നെ.’ അവന്റെ ഉള്ളില്‍ ശബ്ധമുണര്‍ന്നു.
‘പേടിക്കാതെ തന്നെ നേരെ നടന്നു കൊള്ളൂ.’ അവനെ ധൈര്യപ്പെടുത്തി.

അവന്‍ നടന്നു. നേരെ തന്നെ. ഒരു തടസ്സങ്ങളും വഴിയില്‍ ഉണ്ടായില്ല. സുഗമമായ വഴി. ഒന്നും കാണാന്‍ പറ്റുന്നില്ല എന്നെയുണ്ടായിരുന്നുള്ളൂ. ഒരു പാറയുടെ ഇടുക്ക് പോലത്തെ ഒരു സ്ഥലം മുന്നില്‍ ഉള്ളതായി അവനു തോന്നി. ഒരു ചെറിയ ഗുഹ. അവന്‍ അതിനുള്ളില്‍ കയറിയിരുന്നു.

‘നീ ഇവിടെ സുരക്ഷിതനാണ്. ആരും, ഒന്നും, നിന്നെ ഉപദ്രവിക്കില്ല’.

ബിനോയ്‌ കൈകള്‍ ഉയര്‍ത്തി ഗുഹയുടെ ചുമരിലൂടെ പരതി. അവിടെയെല്ലാം കുറ്റിപുല്ലുകള്‍ ഉണ്ടായിരുന്നു. പുല്ലുകള്‍ക്കിടയിലൂടെ അവന്‍ കുറെ നേരം വിരലുകള്‍ ചലിപ്പിച്ചു. കുഞ്ഞായിരുന്നപ്പോള്‍, പേരപ്പന്റെ ചങ്കിലെ രോമക്കാടിനുള്ളിലൂടെ വിരലുകള്‍ ചലിപ്പിച്ചിരുന്നപ്പോള്‍ തോന്നിയ അതെ രസം അയാള്‍ക്ക് തോന്നി. പേരപ്പന്‍ എന്ന് അവന്‍ വിളിച്ചിരുന്നത്‌ ശരിക്കും അവന്റെ അപ്പന്റെ പേരപ്പനെയാണ്. ബിനോയിയുടെ അപ്പൂപ്പന്റെ ചേട്ടന്‍. പേരപ്പന് ഭ്രാന്താണ് എന്നാണു എല്ലാരും പറഞ്ഞിരുന്നത്. അത് കൊണ്ട് തറവാട്ടിലെ ഒരു മുറിയില്‍ പേരപ്പനെ ഒറ്റയ്ക്ക് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബിനോയിയുടെ അമ്മൂമ്മ പേരപ്പന് കഞ്ഞി കൊടുക്കാന്‍ വേണ്ടി മുറി തുറക്കുമ്പോള്‍, കുഞ്ഞു ബിനോയിയും അകത്തു കയറും. പേരപ്പൻ കഞ്ഞി കുടിക്കുന്നതും നോക്കി അടുത്തിരിക്കും. പേരപ്പന്റെ ചങ്കിലെ രോമങ്ങളിലൂടെ വിരലുകള്‍ ഓടിക്കും. എന്നിട്ട് അവിടെ വീഴുന്ന ചോറുമണികള്‍ പെറുക്കി തിന്നും. കാട് പോലെ വളര്‍ന്നു നില്ക്കുന്ന രോമങ്ങളില്‍ നിന്ന് മാസങ്ങളുടെ വിയര്‍പ്പുമണം ഉയരുന്നുണ്ടാകും. 
 
ബിനോയിയുടെ അമ്മയ്ക്ക് അത് കാണുമ്പോള്‍ നല്ല ദേഷ്യം വരും. അവനെ വഴക്ക് പറഞ്ഞു ഓടിക്കും. അന്നെരമൊക്കെ, വളരെ അക്ഷോഭ്യനായി, ബലിയര്‍പ്പിക്കുന്ന ഭക്തിബോധത്തോടെ പേരപ്പന്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുകയായിരിക്കും. എത്ര വഴക്ക് കേട്ടാലും, അടി കൊണ്ടാലും, പേരപ്പന്റെ കഞ്ഞിപാത്രത്തില്‍ സ്പൂണ്‍ അടിക്കുന്ന ശബ്ദം കേട്ടാല്‍, കുഞ്ഞു ബിനോയ്‌ എവിടെ നിന്നെങ്കിലും ഓടി വന്നു പേരപ്പന്റെ അടുത്ത് സ്ഥലം പിടിക്കും. അങ്ങനെ ഇരിക്കുന്ന ബിനോയിയുടെ അടുത്ത് പേരപ്പന്‍ കുറെ പഴങ്കഥകള്‍ ഒക്കെ പറയും.

അങ്ങനെ പറഞ്ഞ കഥകളുടെ കൂട്ടത്തില്‍, ഇത് പോലെ ഒരു കാട്ടില്‍ പേരപ്പന്‍ അകപ്പെട്ട കഥയും ഉണ്ടായിരുന്നു. മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ പേരപ്പനും ഒരിക്കല്‍ അവിടെ എത്തി. നിലാവ് പൂത്ത ഒരു രാത്രിയില്‍ പുഴ നീന്തി കടന്നു. പുഴയില്‍ മലര്‍ന്നു കിടന്നു നക്ഷത്രങ്ങളെയും ചന്ദ്രനേയും നോക്കി കിടന്നു. അങ്ങനെ പുഴ കടന്ന് കാടിന്‍റെ കര പറ്റി. എങ്ങനെയോ വഴി തെറ്റി. രാത്രി മുഴുവന്‍ കാട്ടിലൂടെ അലഞ്ഞു.  

കാട്ടുപന്നിയും കരടിയും, എന്തിന്, പുലി വരെ രാത്രിയില്‍ ഇറങ്ങി നടക്കുന്ന കാട്. പേടിച്ചരണ്ട പേരപ്പന്‍ ഒരു ചെറിയ ഗുഹ കണ്ടെത്തുകയും, രാത്രി മുഴുവന്‍ അവിടെ സുരക്ഷിതമായി ചെലവഴിക്കുകയും ചെയ്തുവത്രെ.

പേരപ്പന്‍ വഴി തെറ്റി അലഞ്ഞ കാട് ഇത് തന്നെയല്ലേ? ഇതേ ഗുഹയല്ലേ പേരപ്പനും അഭയമായത്?

ഗുഹയുടെ ചുമരിലെ പുല്ലുകളില്‍ ബിനോയ്‌ മുഖം അമര്‍ത്തി. ഇളം ചൂടും പാറയുടെ ഒരു പ്രത്യേക മണവും ഉണ്ടായിരുന്നു ഗുഹയുടെ ചുമരുകള്‍ക്ക്. പേരപ്പന്റെ ചങ്കിലെ പോലെ.
പേരപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബിനോയിയുടെ മനസ്സിലെ ഭയം അകറ്റി. എങ്ങനെയാണ് പേരപ്പന് ഭ്രാന്തു വന്നത്? വിചിത്ര സ്വഭാവക്കാരനായിരുന്നു പേരപ്പന്‍ എന്നത് ബിനോയിക്കും നേരിട്ട് അനുഭവം ഉള്ളതാണ്. ചിലപ്പോള്‍, നട്ടുച്ചയ്ക്ക് ഉഗ്രഭാവത്തില്‍ നില്‍ക്കുന്ന സൂര്യന് നേരെ നല്ല വാശിയോടെ മുറം എടുത്തു വീശുന്നത് അവന്‍ കണ്ടിട്ടുണ്ട്. എന്താ പേരപ്പാ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ പേരപ്പന്‍ പറയും.

“സൂര്യന് ചൂട് കൂടിയാല്‍ ലോകം മുഴുവന്‍ ഉരുകും. ഞാന്‍ സൂര്യനെ തണുപ്പിക്കുവാ.” എന്നും പറഞ്ഞു കൂടുതല്‍ ശക്തിയോടെ മുറം വീശും.

ഗ്ലോബല്‍ വാര്‍മിങ്ങിനെ പറ്റി പുള്ളി അന്നേ മനസ്സിലാക്കിയിരുന്നുവോ എന്തോ?

രാത്രിയായാല്‍ പേരപ്പന്‍ പാട്ട്കച്ചേരി തുടങ്ങും. നല്ല ശുദ്ധമായ ശാസ്ത്രീയ സംഗീതം. പണ്ടെങ്ങോ എന്തോ ഭാഗവതരുടെ പക്കല്‍ നിന്നും പഠിച്ചതാണ്. ശബ്ദമാധുര്യവും താളബോധവും ഒക്കെ ഉണ്ടെങ്കിലും, പാതിരാത്രിയില്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരും. മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍, അപ്പോള്‍ തുടങ്ങും തെറിയഭിഷേകം.

പക്ഷെ പൊതുവേ ശാന്തായിരുന്നു പേരപ്പന്‍. ഭ്രാന്തുണ്ടെന്ന് ആരും പറയില്ല. ഒരിക്കല്‍ വല്ലാതെ അക്രമാസക്തനായത്രേ. അത്, ബിനോയിയുടെ അപ്പൂപ്പന്‍ പറമ്പിലെ മരമെല്ലാം വെട്ടി റബ്ബര്‍ വെയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ്. പറമ്പില്‍ മുഴുവന്‍ അക്കാലം കാട് പോലെയായിരുന്നു. കാട് വെട്ടി റബ്ബര്‍ വെയ്ക്കാന്‍ പേരപ്പന്‍ എന്ത് ചെയ്താലും സമ്മതിക്കില്ല. റബ്ബര്‍ നാടിനെ നശിപ്പിക്കും എന്നായിരുന്നു പേരപ്പന്റെ വാദം. കാട് വെട്ടാന്‍ വന്ന പണിക്കാരുടെ നേരെ കോടാലി എടുത്തു വീശി. അന്ന് പേരപ്പനെ ഭ്രാന്താശുപത്രിയില്‍ പിടിച്ചുകൊണ്ട് പോയി ഷോക്ക്‌ ട്രീറ്റ്മെന്റ് കൊടുത്തു എന്നൊക്കെ ബിനോയ്‌ കേട്ടിട്ടുണ്ട്.

പേരപ്പനെ എന്തിനാണ് പൂട്ടിയിട്ടിരുക്കന്നത് എന്ന് അവന്‍ അപ്പനോട് ചോദിച്ചിട്ടുണ്ട്? അപ്പന്‍ പറഞ്ഞത്, ഇല്ലെങ്കില്‍ പേരപ്പന്‍ എങ്ങോട്ടെങ്കിലും പോയി കളയും എന്നാണ്. ഒരു അവധൂതന്‍ ആയിരുന്നു പേരപ്പന്‍ ഉള്ളില്‍. അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. സ്വന്തം കല്യാണത്തിന്റെ തലേന്നു വീട്ടില്‍ നിന്ന് പുറപ്പെട്ടു. അതായിരുന്നു ആദ്യത്തെ അലച്ചില്‍. പേരപ്പന്‍ എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും നിശ്ചയം ഇല്ലായിരുന്നു. പിന്നെ കുറെ മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. കല്യാണം മുടങ്ങിയതും, വീട്ടുകാര്‍ ശകാരിക്കുന്നതും  ഒന്നും പേരപ്പന് വിഷയം അല്ലായിരുന്നത്രേ. പോയി കണ്ട സ്ഥലങ്ങളുടെ എല്ലാം വിശേഷം നാട്ടുകാരുടെ അടുത്ത് പറയുന്നതിലായിരുന്നു പേരപ്പന്റെ കമ്പം. മദ്രാസ്‌, ബോംബെ, ആഗ്ര, ഇവിടെങ്ങളില്‍ എല്ലാം കറങ്ങിയായിരുന്നു മൂപ്പരുടെ വരവ്. പരദേശ കഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ വട്ടം കൂടി.

കുറച്ചു നാള്‍ വീട്ടില്‍ ഇരുന്നതിനു ശേഷം പിന്നെയും അലച്ചില്‍ തുടങ്ങി. മദ്ധ്യ തിരുവതാംകൂറില്‍ നിന്ന് നസ്രാണികള്‍ മലബാര്‍ കുടിയേറ്റം നടത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍ പേരപ്പന്‍ അവിടുത്തെ വനപ്രദേശങ്ങളില്‍ അലഞ്ഞു തിരിയാന്‍ തുടങ്ങി എന്നാണു ബിനോയ്‌ കേട്ടിരിക്കുന്നത്. അവിടെ ചെന്ന്, നക്സലൈറ്റ് ആയി, സ്വന്തം കൂട്ടര്‍ക്ക് നേരെ തിരിഞ്ഞു എന്ന് ചിലര്‍ പറയുന്നു. അവിടുത്തെ ഗിരിവര്‍ഗക്കാരെ പുറത്താക്കി കാട് വെട്ടിപിടിച്ച നസ്രാണിമാടമ്പിമാര്‍ക്കെതിരെ പേരപ്പന്‍ സായുധ വിപ്ലവം നയിക്കുകയായിരുന്നത്രേ. വേറെ ചിലര്‍ പറയുന്നത്, പേരപ്പന്‍ കര്‍ണാടക വനത്തില്‍ കാട്ടുകള്ളന്‍ ആയിരുന്നു എന്നാണ്. ആനകൊമ്പും ചന്ദന തടികളും മോഷ്ടിച്ചിരുന്ന നല്ല ഒന്നാം തരം കാട്ടുകള്ളന്‍. എന്തായാലും, കുറച്ചു നാള്‍ പേരപ്പന്‍ പോലീസ് കസ്റ്റടിയില്‍ ആയിരുന്നു. പോലീസ്കാര്‍ തല ചവുട്ടിപൊളിച്ചു പേരപ്പന് ഭ്രാന്തു വരുത്തി എന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇതൊന്നും അല്ലായിരുന്നു യഥാര്‍ത്ഥ പേരപ്പന്‍ എന്ന ഒരു ബോദ്ധ്യം പണ്ട് മുതലേ ബിനോയ്ക്ക് ഉണ്ടായിരുന്നു.

പേരപ്പന്റെ അദൃശ്യ സാന്നിദ്ധ്യം ആ കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതായി അവനു തോന്നി. അതിന്‍റെ സുരക്ഷിതബോധത്തില്‍ അവന്‍ ഗുഹയ്ക്കുളില്‍ കിടന്നുറങ്ങി.

ഇലകളിലൂടെ പ്രഭാത സൂര്യന്‍ അരിച്ചിറങ്ങി. സ്വപ്നലോകത്തില്‍ നിന്നെന്ന പോലെ ബിനോയ്‌ ഉണര്‍ന്നു. പുറം ലോകത്തെ പറ്റിയുള്ള ചിന്തകള്‍ അയാളെ അലട്ടിയതേയില്ല. ഉണര്‍ന്ന പാടെ, കാട്ടിലൂടെയുള്ള തന്‍റെ അലച്ചില്‍ അയാള്‍ തുടര്‍ന്നു. ഒരു സ്വപ്നാടനം പോലെ. ജീവിതത്തില്‍ ഒരു ജൈവികത വന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. അയാള്‍ നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യമില്ലാതെ; ഉദ്ദേശ്യമില്ലാതെ; കാടിന്‍റെ സന്തതികള്‍ ലക്ഷ്യവും ഉദ്ദേശ്യവും ഒന്നുമില്ലാതെ വെറുതെ കാനനക്രീഡകളില്‍ ഏര്‍പ്പെടുന്നത് പോലെ, അയാളും വെറുതെ നടന്നു. വെറുതെയുള്ള അലച്ചില്‍ നല്‍കുന്ന ഒരു മോക്ഷഭാവം അവന്‍ അനുഭവിച്ചറിയുകയായിരുന്നു. നാഗരികതയുടെ യാന്ത്രികതകളില്‍ നിന്നും, സംസ്കാരത്തിന്റെ പൊള്ളത്തരങ്ങളില്‍ നിന്നും, ആദിമമനുഷ്യന്‍റെ പ്രാചീനതയിലേക്ക് ഒരു തീര്‍ത്ഥയാത്ര. അവന്റെ പേരപ്പനെ പോലെ ഒരു തീര്‍ത്ഥാടകനായി അവനും പരിണമിക്കുകയായിരുന്നു.

നടന്ന് നടന്ന് അവന്‍ ഒരു പോയ്കയുടെ കരയിലെത്തി. നിറയെ ആമ്പല്‍പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പൊയ്ക. നീര്‍ക്കോലികുഞ്ഞുകള്‍ തലയുയര്‍ത്തി പോയ്കയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ് ജലരേഖകള്‍ വരച്ചു കൊണ്ടിരുന്നു. ശുദ്ധജലത്തിന്റെ നീലിമ അവന്റെ കണ്ണുകള്‍ക്ക്‌ കുളിരേകി. ആനന്ദം കൊണ്ട് അവന്‍ ഉറിഞ്ഞു തുള്ളി.

പേരപ്പന്‍ പറഞ്ഞിട്ടുണ്ട് ഈ ആമ്പല്‍ പൊയ്കയെ പറ്റി. അവന്‍ ഓര്‍ത്തു. തന്‍റെ പേരപ്പന്‍ പലരും പറയുന്നത് പോലെ ഒരു നക്സലൈറ്റോ കാട്ടുകള്ളനോ അല്ലായിരുന്നു എന്ന് അവനു തോന്നി. അയാള്‍ കാടുമായി പ്രേമത്തിലായ ഒരു അനുരാഗിയായിരുന്നു. വന്യമായ അനുഭവങ്ങള്‍ക്കുള്ള ദാഹമാണ് പേരപ്പനെ ഒരു അവധൂതന്‍ ആക്കിയത്. സമൂഹമര്യാദയുടെ ചങ്ങലകള്‍ ആ വന്യ മനസ്സിനെ മെരുക്കാന്‍ നോക്കിയപ്പോള്‍, അത് ഭ്രാന്തിന്റെ തലങ്ങളിലേക്ക് കൈവിട്ടു പോയി.  പൂര്‍ണതയില്‍ എത്താതെ പോയ ആ വന്യപ്രേമത്തിന്‍റെ അവകാശിയായി തീര്‍ന്നിരിക്കുന്നു ബിനോയ്‌. ആവേശത്തോടെ അവന്‍ പോയ്കയിലേക്ക് ഇറങ്ങി. എല്ലാം മറന്നു കൊണ്ട് അതിന്‍റെ ചതുപ്പുകളിലേക്ക് അവന്‍ ആണ്ടിറങ്ങി. ചങ്ങലകള്‍ പൂട്ടിയ പേരപ്പന്റെ വന്യാവേശം അവനിലൂടെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. 

കാടിന് പക്ഷെ കരുണയില്ല. ഹിംസയാണ് കാടിന്‍റെ സ്പന്ദനം. ഒന്ന് മറ്റൊന്നിനു ഭക്ഷണം ആകുന്നു. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു. അതിജീവനത്തിന്റെ ഉഗ്രപോരാട്ടങ്ങള്‍ അരങ്ങേറുന്ന കാടിനുള്ളില്‍ ഒരു ആസ്വാദകന് സ്ഥാനമില്ല. 

ഫോറെസ്റ്റ്കാര്‍ അവന്റെ ജീര്‍ണിച്ച ശരീരം കാടിനുള്ളില്‍ കണ്ടെത്തുമ്പോള്‍, ആഴ്ചകള്‍ കഴിഞ്ഞിരുന്നു. ഏതോ വിഷം ഉള്ളില്‍ ചെന്നതാകം എന്നായിരുന്നു അന്വേഷകരുടെ നിഗമനം. വിഷക്കനി കഴിച്ചതാണോ അതോ ഏതെങ്കിലും ജീവി ആക്രമിച്ചതാണോ എന്ന് തീര്‍ച്ചപ്പെടുത്താനായില്ല.

വീട്ടുകാര്‍ കണ്ടു പിടിച്ചു കൊടുത്ത നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ച്, അമേരിക്കയില്‍ പോയി സുഖമായി ജീവിക്കേണ്ടവന്റെ വിധിവൈപരീത്യത്തെ പറ്റി നാട്ടുകാര്‍ ഗദ്ഗധപ്പെട്ടു. അവന്റെ അമ്മ പക്ഷെ നിര്‍വികാരത പാലിച്ചു.
“അവനു ആ പേരപ്പന്റെ സ്വഭാവം കിട്ടിയിട്ടുണ്ട് എന്ന്‍ എനിക്ക് പണ്ടേ മനസ്സിലായതാ” ആശ്വസിപ്പിക്കാന്‍ വന്ന ആരോടോ അവര്‍ പറഞ്ഞു.

അതെ, ചില ജന്മങ്ങള്‍ക്ക് ഇങ്ങനെയേ തീരാനൊക്കൂ. കാരണം, ഇര തേടി അലയുന്ന ആ പഴയ കാട്ടുമനുഷ്യനുമായാണ്  അവര്‍ക്ക് മനസ്സില്‍ അടുപ്പം.




    

 




Monday, 19 September 2016

സൗമ്യ കേസ് വിധി എന്തുകൊണ്ട് യുക്തിഭദ്രവും വസ്തുനിഷ്ഠവുമാണ്

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി വ്യാപകമായ വിമര്‍ശനള്‍ക്ക് വിധേയമാക്കപ്പെട്ടു. നീതിപീഠം പെണ്ണിനെ കൈവിട്ടു എന്നും നിയമത്തിന്റെ സാങ്കേതികതകള്‍ക്ക് മുന്നില്‍ നീതി പരാജയപെട്ടു എന്നും മറ്റുമുള്ള തരത്തിലാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ, കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം പ്രതികരണങ്ങള്‍ വൈകാരികതയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമ്പോഴല്ലേ നീതി പൂര്‍ത്തീകരിക്കപെടുന്നത്? തെളിവുകളുടെ അഭാവത്തില്‍ എങ്ങനെ കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ സാധിക്കും? പ്രോസിക്യുഷന്‍ വാദത്തില്‍ തന്നെ വ്യക്തമായ വിള്ളലുകള്‍ ഉള്ളപ്പോള്‍, സംശയത്തിന്റെ ആനുകൂല്യം എങ്ങനെ പ്രതിക്ക് നിഷേധിക്കാന്‍ സാധിക്കും? സമൂഹത്തിന്റെ മുറവിളികള്‍ കേട്ടു പ്രേരിതമായി, നിയമത്തിന്റെയും സാമാന്യനീതിയുടെയും എല്ലാ തത്വങ്ങളും കാറ്റില്‍ പറത്തി, ഒരാളെ ശിക്ഷിക്കാനുള്ള അമിതാവേശത്തോടെ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ അഭിനവ പീലാത്തോസുമാരായി പരിണമിക്കുകയല്ലേ ചെയ്യുക?

ഇവിടെ സൗമ്യയുടെ മരണകാരണമായി ഡോ.ഷേര്‍ലി വാസു പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ പരിക്കുകളും അതുപോലെ ശ്വാസനാളത്തില്‍ രക്തം കെട്ടിനിന്നതും മൂലമുണ്ടായ സങ്കീര്‍ണതകളാണ്. ഒന്നാമത്തെ മുറിവ് തലയിലെ നെറ്റി ഭാഗത്തുണ്ടായതാണ്. അത്, സൗമ്യയുടെ തല കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ ഇടിച്ചത് കൊണ്ടാകാം എന്നാണ് ഡോ. ഷേര്‍ലി വാസു അനുമാനിക്കുന്നത്. കീഴ്ക്കോടതിയും ഹൈക്കോടതിയും അങ്ങനെ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തലുകളില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ശിരസ്സിലേറ്റ ആ പരിക്ക് കൊണ്ടുമാത്രം മരണം സംഭവിക്കും എന്ന മെഡിക്കല്‍ തെളിവ് ഈ കേസില്‍ ഇല്ല. ഡോ. ഷേര്‍ലി വാസുവിന്റെ നിഗമനത്തില്‍ ശിരസ്സിലേറ്റ ആദ്യത്തെ ആഘാതം സൗമ്യയെ ബോധരഹിതയാക്കും എന്നും നിശ്ചലയായ സൗമ്യയെ പ്രതി പുറത്തേക്കു തള്ളിയിട്ടത് മൂലം രണ്ടാമത്തെ മുറിവ് ഉണ്ടായി എന്നുമാണ്. ഇടതുകവിള്‍ എല്ലിനുണ്ടായ പൊട്ടലും അത് മൂലം മുഖത്തും തലയിലും ഉണ്ടായതുമാണ് രണ്ടാമത്തെ മുറിവ്. ഇത് റെയില്‍ പാളത്തില്‍ തല ഇടിച്ചത് കൊണ്ടാണെന്നാണ് നിഗമനം. ഇവിടെയാണ് പ്രോസിക്യുഷന്‍ കേസില്‍ ഒരു വൈരുദ്ധ്യം വരുന്നത്. സൌമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന തരത്തിലാണ് സാക്ഷിമൊഴികള്‍. ആദ്യ മുറിവിന്റെ ഫലമായി സൗമ്യ ബോധരഹിതയായിരുന്നെങ്കില്‍ എങ്ങനെ സൗമ്യ ചാടിയിറങ്ങും? സൗമ്യ സ്വയമേ ചാടി ഇറങ്ങിയതായിരുന്നെങ്കില്‍, പ്രതി തള്ളിയിട്ടതു മൂലം പരിക്കുണ്ടായി എന്ന ആരോപണം എങ്ങനെ നിലനില്‍ക്കും? ഇത്തരത്തില്‍ ഒരു സംശയം ഉടലെടുക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം കോടതി പ്രതിക്ക് നല്‍കുകയും ചെയ്തു.

മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയുന്നത് ശ്വാസനാളത്തില്‍ രക്തം ഊര്‍ന്നിറങ്ങി തങ്ങി നിന്നതാണ്. പരിക്ക് പറ്റിയതിനു ശേഷം ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മലര്‍ത്തി കിടത്തിയത് മൂലം ശിരസ്സില്‍ നിന്നും വായില്‍ നിന്നും രക്തം ശ്വാസനാളിയിലേക്ക് വാര്‍ന്നിറങ്ങി. ശിരസ്സിനു പരിക്ക് പറ്റിയവരെ ഒരിക്കിലും മലര്‍ത്തി കിടത്തരുത് എന്നും അങ്ങനെ ചെയ്താല്‍ രക്തം ഉള്ളിലേക്ക് വാര്‍ന്നിറങ്ങും എന്നും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട് എന്നും ഡോക്ടര്‍ ഷേര്‍ലി വാസു മൊഴിയില്‍ പറയുന്നു. അതായത്, അങ്ങനെ മലര്‍ത്തി കിടത്തുന്നത് മരണത്തിനു കാരണമാകാം എന്നത് മെഡിക്കല്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ക്ക് മാത്രമുള്ള അറിവാണ്.

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടണമെങ്കില്‍, കൊല്ലണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാവുന്ന പരിക്കുകള്‍ ഏല്‍പ്പിക്കണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തി മരണത്തിലേക്ക് നയിക്കാം എന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇവിടെ, ശിരസ്സിലേറ്റ ഒന്നാമത്തെ മുറിവ് കൊണ്ട് മാത്രം മരണം സംഭവിക്കും എന്ന് മെഡിക്കല്‍ തെളിവില്ല. സൌമ്യ ചാടുന്നത് കണ്ടു എന്ന മൊഴി, രണ്ടാമത്തെ മുറിവ് പ്രതി ഏല്‍പ്പിച്ചതാണ് എന്ന ആരോപണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതുപോലെ, മരണത്തിലേക്ക് നയിക്കാം എന്ന അറിവ് മെഡിക്കല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരാളില്‍ അനുമാനിക്കുക പ്രയാസവുമാണ്. ഈ കാരണങ്ങളാലാണ് സുപ്രീം കോടതി പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയത്.


സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ കാരണം പ്രതിയായിരുന്നു എന്നും, മാരകമായി മുറിവേറ്റ ഒരാളെ ബലാത്സംഗം നടത്തി ഉപേക്ഷിച്ചു പോകുന്നത് കൊല്ലാനുള്ള ഉദ്ദേശത്തോടെ ചെയ്തതാണ് എന്നും സുപ്രീം കോടതി കണ്ടെത്തേണ്ടാതായിരുന്നു എന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ പല നിയമ തടസ്സങ്ങളുണ്ട്. സുപ്രീം കോടതി ഒരു അപ്പീല്‍ കോടതിയാണ്. അതും രണ്ടാമത്തെ അപ്പീല്‍ കോടതി. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ അവതരിപ്പിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ അപ്പീല്‍ കോടതിക്ക് സാധിക്കൂ. പുതിയ ഒരു കേസോ ആരോപണമോ വാദമോ അപ്പീല്‍ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അത്തരം ഒരു പുതിയ കേസില്‍ ഒരിക്കിലും പ്രതി വിചാരണ ചെയ്യപ്പെട്ടിട്ടില്ല. പ്രതി വിചാരണ ചെയ്യപ്പെട്ട ആരോപണം നിലനില്‍ക്കുന്നതാണോ എന്ന് പരിഗണിക്കുന്നതില്‍ അപ്പീല്‍ കോടതിയുടെ അധികാര പരിധി ഒതുങ്ങുന്നു.

കേരളത്തിലെ കോടതികള്‍ കൊലപാതകത്തിന് വധശിക്ഷ നല്‍കിയ പ്രതികള്‍, സുപ്രീം കോടതി ഇടപെടലിലൂടെ പൂര്‍ണമായി കുറ്റവിമുക്തരാകുന്ന സംഭവം സൗമ്യ കേസില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ഇത് സംഭവിച്ചിരുന്നു.

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ അധ്യാപകന്‍ കൊല്ലപെട്ട ഈ കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണ കോടതി, അവരെയെല്ലാം തൂക്കികൊല്ലാന്‍ വിധിച്ചു. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു.

എന്നാല്‍, സുപ്രീം കോടതി മറിച്ചാണ് ചിന്തിച്ചത്. അഞ്ചു പ്രതികളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് സുപ്രീം കോടതി വിലയിരുത്തി. ബാക്കി നാല് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കീഴ്‌കോടതികളുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതിനാല്‍ ആ നാല് പേരെയും കുറ്റവിമുക്തരാക്കി. പ്രതിയെന്നു കണ്ടെത്തിയ ആ ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹനല്ല എന്നും ജസ്റ്റിസ് എസ്.ബി സിന്‍ഹയും ജസ്റ്റിസ് കട്ജുവും ഉള്‍പ്പെട്ട ബെഞ്ച് കണ്ടെത്തി. അതിനാല്‍, അയാളുടെ വധശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാക്കി കുറച്ചു.

വിട്ടയച്ച ഈ നാല് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളല്ലായിരുന്നു എന്ന് 2012-ല്‍, ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ പ്രതി രാജേഷ് വെളിപ്പെടുത്തുക വഴി സുപ്രീം കോടതി വിധിക്ക് കൂടുതല്‍ സാധൂകരണം കൈവന്നു. പൊതുവികാരമാണ് നീതിപീഠത്തെ നയിച്ചിരുന്നതെങ്കില്‍, നാല് നിരപരാധികള്‍ തൂക്കിക്കൊല്ലപ്പെട്ടേനെ.

കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം പൊതുവികാരത്തിന് അടിമപ്പെട്ട്, പിഴവുകള്‍ വരുത്തുന്നുണ്ടോ? കേരളത്തിലെ പ്രാദേശിക വിവാദങ്ങള്‍ക്കും മാധ്യമകോലാഹലങ്ങള്‍ക്കും വശംവദരാകാത്തത് മൂലം, കൂടുതല്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ അവലോകനം സുപ്രീം കോടതിയില്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Sunday, 21 August 2016

യഹോവയുടെ ഏകാന്തത



അതി പുരാതനമായ ദൈവാലയത്തിലേക്ക് ആ വൃദ്ധ ദമ്പതികള്‍ പതുക്കെ നടന്നു കയറി.ഭൂഖണ്ഡങ്ങൾ തേടി അലഞ്ഞ ഒരു പഴയ നാവികന്റെ ശരീരം അയാളുടെ പഴകിയ അഹന്തയോടൊപ്പം ആ ദേവാലയത്തിൽ അടക്കം ചെയ്തിരുന്നു. വേച്ചു വേച്ചു നടന്ന് വിജനമായ ആ ദൈവാലയത്തിന്റെ മുന്‍പിലുള്ള ഒരു ബെഞ്ചില്‍ ഇരുവരും ഇരുന്നു. പള്ളിയകത്തുള്ള പ്രാവുകള്‍ ചിറകടിച്ചു ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. വൃദ്ധന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വൃദ്ധ അയാളുടെ നെഞ്ചം പയ്യെ തടവി കൊടുത്തു. അയാള്‍ അവളെ വളരെ സ്നേഹത്തോടെ നോക്കി. മുന്‍പെങ്ങും തോന്നാത്ത വിധമുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് അയാളുടെ ഹൃദയം വീര്‍പ്പു മുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇത് പോലൊരു ദൈവാലയത്തില്‍ നിന്ന് ഒരുമിച്ചു കൈ പിടിച്ചു ഇറങ്ങിയതാണ്. പിന്നെ ഇത് വരെ ഒരുമിച്ചു തന്നെയായിയുരുന്നു. പരസ്പരം താങ്ങും തുണയുമായി. ശരീരം പ്രായമായികൊണ്ടിരുക്കുമ്പോഴും അനുദിനം വര്‍ദ്ധിച്ച് വന്ന പ്രണയം കൊണ്ട് അവരുടെ മനസ്സുകള്‍ കൂടുതല്‍ യൌവനയുക്തമായി കൊണ്ടിരുന്നു, അയാള്‍ അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. ചുളിവുകള്‍ വീണ വൃദ്ധയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അവള്‍ അയാളുടെ ചുമലില്‍ തല ചേര്‍ത്ത് വെച്ചിരുന്നു.

ദൈവാലയതിനുള്ളിലെ ഇണപ്രാവുകളുടെ കുറുകലുകള്‍ കേട്ട്, അങ്ങ് അത്യുന്നതങ്ങളില്‍, വാന മേഘങ്ങള്‍ക്ക് മുകളില്‍, നിദ്രയില്‍ ആയിരുന്ന യഹോവ ഉണര്‍ന്നു. ആദിയില്‍ വചനം ഉണ്ടാകുന്നതിനു മുന്‍പുള്ള കടുത്ത ഏകാന്തത തന്നെയായിരുന്നു അവിടെ അപ്പോഴും. ഉന്നതങ്ങളിലെ വിരസതയ്ക്ക് വിരാമമിടാന്‍ സൃഷ്ടാവ് തന്‍റെ സൃഷ്ടികളുടെ ദുരിതങ്ങളിലേക്ക് കണ്ണും കാതും തുറന്നു. ഓരോ നിമിഷവും സൃഷ്ടാവിനെ ഓര്‍ക്കാനായി യാതനകളും പീഡകളും സമയാസമയങ്ങളില്‍ യഹോവ സൃഷ്ടികളുടെ മേല്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയായിരുന്നു അണ്ടകടാഹത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന പ്രാപഞ്ചികമായ ഏകാന്തതയില്‍ നിന്നും യഹോവ രക്ഷ നേടി കൊണ്ടിരുന്നത്.

തന്‍റെ ആലയത്തില്‍ വന്നിരിക്കുന്ന വൃദ്ധദമ്പതികളെ യഹോവ കണ്ടു. അവരുടെ സ്തുതിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും യഹോവ കാതോര്‍ത്തു.

എന്നാല്‍ അവര്‍ അവരുടെതായ ലോകത്തായിരുന്നു. അവരുടെ മധുരസ്മരണകള്‍ ഓര്‍ത്തോര്‍ത്തു അവരുടെ സ്നേഹത്തിന്റെ മാറ്റ് കൂട്ടികൊണ്ടിരുന്നു. സ്വന്തം സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായി, അവര്‍ ഇരുവരും ഒരു പുഴ പോലെ ഒരുമിച്ചു ഒഴുകുകയായിരുന്നു. ഒറ്റപ്പെടല്‍ എന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം.

തന്‍റെ ആലയത്തില്‍ വന്ന് തന്നെ സ്തുതിക്കാതെ, തനിക്കു നന്ദി പറയാതെ, തന്നോട് പാപങ്ങള്‍ ഏറ്റു പറയാതെ, പ്രണയബദ്ധരായി ഇരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ ക്രുദ്ധനായി.  സര്‍വസൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം മറ്റൊരു സൃഷ്ടിയെ സ്നേഹിക്കുന്നുവോ? പരസ്പര സ്നേഹത്തില്‍ സ്വയം മറന്നിരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ തന്‍റെ ഏകാന്തതയെ പറ്റി കൂടുതല്‍ ബോധവാനായി.

ഇല്ല. സൃഷ്ടാവിനില്ലാത്ത ഒരു സൌഭാഗ്യവും സൃഷ്ടിക്ക് വേണ്ട. അതിനാല്‍ തന്‍റെ ഏകാന്തതയുടെ ഒരു അംശം അവരുടെ ജീവിതത്തിലേക്ക് വര്‍ഷിക്കാന്‍ യഹോവ തീരുമാനിച്ചു. തന്നെ മറന്നു ജീവിതം ആഘോഷിച്ച സോദോം-ഗോമെറ നഗരങ്ങളിലേക്ക് പണ്ട് അഗ്നിയും ഗന്ധകവും വര്‍ഷിച്ചത് പോലെ. ഇതില്‍ ഒരു ജീവനെ തിരികെ വിളിക്കാം. അങ്ങനെ ഒറ്റപ്പെടലിന്റെ കടുത്ത ശാപം ഒരാള്‍ക്ക് കൊടുക്കാം.

യഹോവ ആലോചിച്ചു. പുരുഷനെ വിളിക്കണോ സ്ത്രീയെ വിളിക്കണോ. പുരുഷന് ഏകാന്തത ശീലമുണ്ട്. ഏദന്‍ തോട്ടത്തില്‍ അവന്‍ കുറെ നാള്‍ ഏകാന്തത ശീലിച്ചതാണ്. എന്നാല്‍ സ്ത്രീ സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ അവള്‍ക്കു ഒരു തുണയുണ്ട്.പുരുഷന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്ത്രീയ്ക്ക് അത് കൊണ്ട് ഏകാന്തത അസഹ്യമായിരിക്കും. അവള്‍ തകര്‍ന്നു പോകും. അതിനാല്‍, അത് തന്നെയാണ് കടുത്ത ശിക്ഷ.

അടുത്ത നിമിഷം വൃദ്ധന്റെ ശ്വാസം നിലച്ചു. ഇറുകി പിടിച്ചിരുന്ന കൈവിരലുകള്‍ പെട്ടെന്ന് അയഞ്ഞതായി വൃദ്ധയ്ക്കു തോന്നി. ജീവനറ്റ വൃദ്ധന്റെ ശിരസ്സ് അവളുടെ മാറിലേക്ക് ചാഞ്ഞു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന കൂട്ട് ഇനിയില്ല എന്ന യാഥാർഥ്യം അവളുടെ മനസ്സിനെ പൊള്ളിച്ചു. അയാളുടെ മൃതമായ ചുണ്ടുകളില്‍ അവള്‍ ചുണ്ടമര്‍ത്തി. അവസാനത്തെ മുത്തം.

അവള്‍ക്ക് പൊട്ടികരയണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ കരഞ്ഞില്ല. അയാളുടെ ശരീരം അവള്‍ ബെഞ്ചില്‍ കിടത്തി. എന്നിട്ട് ദൈവത്തിനു മുന്നില്‍ മുട്ട്കുത്തി നിന്നു. അവളുടെ പ്രാര്‍ത്ഥന കേട്ടതില്‍ നന്ദി പറഞ്ഞു. അവസാന കാലത്ത് അവള്‍ക്കു ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. ആദ്യം പോകുന്നത് അവള്‍ ആയിരിക്കല്ലേ എന്ന്. അയാള്‍ക്ക് അത് ഒരിക്കലും താങ്ങാന്‍ ആകില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു. വേദനയും കാത്തിരിപ്പും ആവോളം സഹിച്ച അവളുടെ മനസ്സ് അന്ത്യകാലത്തെ ഒറ്റപെടല്‍ അനുഭവിക്കാന്‍ പാകപ്പെട്ടതായിരുന്നു.

തന്‍റെ വിധിയെ വെല്ലുവിളിക്കുന്ന ദുര്‍ബലയായ വൃദ്ധയെ കണ്ടു യഹോവ ഞെട്ടി. അഭിമാനബോധം തകര്‍ന്ന ദൈവം ആദിയിലെ ഏകാന്തതയിലേക്ക് പിന്‍വാങ്ങി. എന്ത് കൊണ്ടെന്നാല്‍, വിധിക്കുവാനും ശിക്ഷിക്കുവാനും മാത്രം അറിയുന്ന സൃഷ്ടാവിന് കരയാന്‍ അറിയില്ലായിരുന്നു.




Monday, 20 June 2016

ഒഴിവുദിവസത്തെ കാര്യം കളിയാകുമ്പോള്‍

കാലാകാലങ്ങളായി നീണ്ടു നിന്ന ചാതുര്‍വര്‍ണ്യത്തിന്‍റെ കളികളുടെ ചരിത്രമാണ് നമ്മുടെ നാടിന്റെത്. അറിവ് കുത്തകാവകാശമായി വെച്ചിരിക്കുന്ന ബ്രാഹ്മണന്‍ അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നു. ബ്രാഹ്മണന്റെ അനുഗ്രഹാശിസ്സുകളോടെ കയ്യൂക്കും അധികാരഭ്രമവും ഉള്ള ക്ഷത്രിയന്‍ ഭരണാധികാരിയാകുന്നു. ഇവരോട് ഒട്ടിനില്‍ക്കുന്ന വൈശ്യരും മറ്റു ജാതികളും വ്യാപാര-സാമ്പത്തിക മേഖലകള്‍ കൈയ്യടക്കി വെയ്ക്കുന്നു. ഇങ്ങനെ അധികാരവും ജീവിതസൌകര്യങ്ങളും പങ്കിട്ടെടുക്കുന്ന കളി ഇവരെല്ലാം കൂടി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. കളിക്കളത്തിനു വെളിയില്‍ നിര്‍ത്തപ്പെട്ട ശൂദ്രര്‍ ഇവരുടെ അടിമപ്പണി ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണ്. ശൂദ്രരുടെ മര്‍ദ്ദനവും ചൂഷണവും ഈ കളിയുടെ നിയമാവലിയില്‍ ഉള്ളതാണ്.

പക്ഷെ, പാശ്ചാത്യ ലിബറല്‍ മൂല്യങ്ങളും നവോത്ഥാനചിന്തകളും അടിസ്ഥാനമാക്കിയിട്ടുള്ള ഭരണഘടന നിലവില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. ജനാധിപത്യവും സമത്വവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഒരു ക്ഷേമരാഷ്ട്രമാണ് ഭരണഘടന വിഭാവനം ചെയ്തത്. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ഒന്നായി ഈ ചാതുര്‍വര്‍ണ്യ കളി കണക്കാക്കപ്പെട്ടു. എന്നാല്‍, ഭരണഘടയെ വെല്ലുന്ന ഒരു ഭീകര സത്വമായി ജാതിശക്തികള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നു കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ ഉപബോധത്തില്‍ അവയ്ക്കുള്ള വേരോട്ടം ശക്തമായിരുന്നു. അതുകൊണ്ട്, ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഒഴിവു നല്‍കിക്കൊണ്ട്, ചാതുര്‍വര്‍ണ്യത്തിന്‍റെ കളികള്‍ ഇപ്പോഴും നടക്കുന്നു.

ഈയൊരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പരിഛേദമാണ് ‘ഒഴിവുദിവസത്തെ കളി’യിലും കാണുന്നത്. പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഒരു കഥയാണിത്. ഒരു ഇലക്ഷന്‍ ദിവസം കിട്ടിയ അവധി അര്‍മ്മാദിക്കാന്‍ ഉള്ള ഒരു അവസരമായി മാറ്റിയെടുക്കുന്ന അഞ്ചു പുരുഷന്മാര്‍. സ്ഥിരജോലിയും ‘മാന്യ’മായ കുടുംബജീവിതവും ഒക്കെയായി മധ്യവര്‍ഗ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന അഞ്ചു സുഹൃത്തുക്കള്‍.  തങ്ങളുടെ മാന്യതയ്ക്കും സംസ്കാരത്തിനും ഒഴിവു കൊടുത്ത്, ഹിംസയും ഭോഗവും ഒക്കെ പ്രാകൃത രീതിയില്‍ കൊതിക്കുന്ന ഉള്ളിലെ മൃഗത്തിനെ ഉണര്‍ത്തി, മദ്യലഹരിയുടെ ബോധം മറയലില്‍  ഒരു ദിവസം ഉറഞ്ഞു തുള്ളി, പിന്നെ തിരിച്ചു ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥതയിലെക്ക് മടങ്ങുക- ഇതാണ് അവരുടെ ‘അടിച്ചു പൊളി’. സ്ഥിരം വഷളത്തരങ്ങളൊക്കെ കഴിഞ്ഞു ബോറടിച്ചപ്പോള്‍ അവര്‍ ഒരു കളി കളിക്കാന്‍ തീരുമാനിക്കുന്നു. കള്ളനും പോലീസും കളി. രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ നറുക്കുകളില്‍ നിന്ന് ഓരോന്നെടുത്തു, അവനവനു കിട്ടുന്ന നറുക്ക് അനുസരിച്ച് കളിക്കണം. പോലീസ് കള്ളന്‍ ആരാണെന്നു ഊഹിക്കണം. ഊഹം തെറ്റി രാജവിനെയോ മന്ത്രിയെയോ കള്ളന്‍ എന്ന് വിളിച്ചാല്‍ ശിക്ഷ പോലീസിന്. കള്ളനെ പിടിച്ചാല്‍ അവനെ മറ്റുള്ളവര്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നു. കളി നന്നായി മുറുകി. ലഹരിയോടൊപ്പം. കളിച്ചു കളിച്ചു അവസാനം കളി കാര്യമായി. അങ്ങനെ ഒരു വലിയ ദുരന്തത്തില്‍ കളിയും കഥയും അവസാനിക്കുന്നു.



പക്ഷെ, പുനര്‍ചിന്തയില്‍ നമുക്ക് മനസ്സിലാകും ഇവിടെ കളി കാര്യമായതല്ല. പകരം, കാര്യം കളിയായതാണ്. ഉറങ്ങിക്കിടന്ന ജാതിബോധം ഉണര്‍ന്നു അവിടെ ചാതുര്‍വര്‍ണ്യത്തിന്‍റെ കളി നടന്നു. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ. തിരുമേനി ന്യായാധിപന്‍ ആകുന്നതു പൂണൂലിന്റെ ബലത്തില്‍ ആണ്. കളിയില്‍ നേരിട്ട് പങ്കാളിയാകാതെ, കളിക്ക് അതീതനായി നിന്ന് കളിക്കാരുടെ ഭാഗധേയം നിര്‍ണയിക്കുന്നു പൂണൂല്‍ധാരി. രാജാവിന്‍റെ നറുക്ക് വീഴുന്നതോ, ഒരു സവര്‍ണഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത ധര്‍മപാലന്‍. (ഇയാള്‍ ധരിക്കുന്ന തോര്‍ത്തിന്റെ നിറം പോലും കാവിയായത് ഒരു ആകസ്മികതയാണോ?). കഥാകൃത്തായ ആര്‍. ഉണ്ണിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ സര്‍ സി പി രാമസ്വാമി അയ്യരും ജയറാം പടിക്കലും ആണ് ധര്‍മ്മന്റെ ആരാധ്യ കഥാപാത്രങ്ങള്‍. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഫോട്ടോ പോക്കറ്റില്‍ ഇട്ടാണ് നടന്നത്. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ അയാള്‍ക്ക്‌ കാരണങ്ങള്‍ ഉണ്ട്. അന്ന് എല്ലാവരും അവനവന്റെ പണി കൃത്യമായി ചെയ്തു. പോലീസ് പോലീസിന്റെ. തോട്ടി തോട്ടിയുടെ. എല്ലാവരെയും വരുതിക്ക് നിര്‍ത്താന്‍ കൊതിക്കുന്ന ഈ അധികാരമോഹി പക്ഷെ ഉപജീവനത്തിന് ഗള്‍ഫില്‍ പോയി ദാസ്യവേല ചെയ്യുന്നു എന്നത് ഒരു വൈരുദ്ധ്യം. ആകെപ്പാടെ അയാളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നത് ഒരു പെണ്ണിന് മുന്‍പിലാണ്. ഗീത എന്ന വേലക്കാരി പെണ്ണില്‍ നിന്നേല്ക്കുന്ന പ്രഹരത്തിന്റെ അപമാനം കൂടിയാണ് അയാള്‍ തന്‍റെ രാജവേഷത്തിലൂടെ തീര്‍ക്കുന്നത്. (എല്ലാ ഫാസിസ്റ്റുകള്‍ക്കും കാലിടറുന്നത് പെണ്‍ ശക്തിക്ക് മുന്നിലാണ് എന്നത് ചരിത്രപരമായ ഒരു സത്യം കൂടിയാണല്ലോ)

വയലന്‍സിനെ മനസ്സ് കൊണ്ട് ആരാധിക്കുന്ന അശോകന്‍ പോലീസ് ആയതും ആകസ്മികതയല്ല. എല്ലാ ഭോഗത്തിലും ഹിംസയുടെ ഒരു അംശമുണ്ട് എന്ന് അയാള്‍ ഒരിടത്ത് സമര്‍ത്ഥിക്കുന്നുണ്ട്. ബലാല്‍ക്കാരത്തിലൂടെ സ്ത്രീയെ കീഴ്പ്പെടുത്തുന്നതാണ് അയാളെ സംബന്ധിച്ച് ആണത്തം. മന്ത്രിയാകാന്‍ വിധിക്കപ്പെട്ട വിനയനും അതിനു അനുയോജ്യന്‍ തന്നെ. പുരോഗമന ആശയങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒക്കെ വക്താവാണ്‌ അയാള്‍. ഒരു ബന്ധത്തിന് സ്ത്രീയുടെ സമ്മതം വളരെ അത്യാവശം ആണെന്ന് അശോകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അയാള്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ ധര്‍മ്മപാലന്‍ ന്യായീകരിക്കുമ്പോള്‍ അതിനെ തന്‍റെ തിക്താനുഭവങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നുമുണ്ട് അയാള്‍. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അയാള്‍ എല്ലാത്തിനോടും സമരസപ്പെടാനും ഒത്തുചേര്‍ന്ന് പോകാനും ശീലിച്ചു കഴിഞ്ഞിരുന്നു. വ്യവസ്ഥിതിയെ കൊണ്ട് ഉപജീവനം കഴിക്കുന്ന അയാള്‍ അതിനെ പിണക്കാതെയും ചെറുതായി പറ്റിച്ചും തന്‍റെ നിലനില്‍പ്പ്‌ സുരക്ഷിതമാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഇലക്ഷന്‍ ഡ്യുട്ടിയില്‍ നിന്ന് അവധിയെടുത്താണ് അയാള്‍ അവിടെ ചേരുന്നത്. അങ്ങനെ പുരോഗമനവാദമൊക്കെ അവസരം നോക്കി മാത്രം പ്രയോഗിക്കുന്ന, തന്ത്രം അറിയാവുന്ന വിനയന്‍ മന്ത്രിയായതും ഉചിതമായി.

ഊഹം തെറ്റി രാജാവിനെയും മന്ത്രിയെയും കള്ളന്‍ എന്ന് വിളിക്കുന്ന പോലീസ് പക്ഷെ അടിശിക്ഷയില്‍ നിന്ന് പണം കൊടുത്തു ഊരിപ്പോരുന്നു. അവിടെ രാജാവും ന്യായാധിപനും എല്ലാവരും ഒത്തുകളിക്കുന്നു. കളിയുടെ പശ്ചാത്തലത്തില്‍ അപ്പുറത്തെ മുറിയിലെ ടീവിയില്‍ നിന്ന് ഇലക്ഷന്‍ വാര്‍ത്തകളും കേള്‍ക്കാം. ജനാധിപത്യത്തെ  പശ്ചാത്തലമാക്കി അരങ്ങേറുന്ന കള്ളക്കളികളുടെ ഒരു രൂപകം തന്നെയായി ഈ കളിയും മാറുന്നു.

അവസാനം കള്ളന്‍ ആകുന്നതു ദാസന്‍ ആണ്. നിറം കറുത്തതായതിന്റെ പേരില്‍ അവഹേളനവും അപകര്‍ഷതയും അനുഭവിക്കുന്നവന്‍ തന്നെ കള്ളന്‍ ആകുന്നു. ഈ കള്ളുകുടി സംഘത്തില്‍ ഒരല്‍പം മാന്യതയും അന്തസ്സും പുലര്‍ത്തുന്നതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത് ദാസന്‍ ആണ്.  സ്ത്രീവിരുദ്ധ വഷളന്‍ ഫലിതങ്ങളും ജാതിചിന്തകളും കള്ളുമൂത്ത് എല്ലാവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങുമ്പോള്‍ ദാസന്‍ പറയുന്നുണ്ട്, നമുക്ക് വാര്‍ത്ത കേള്‍ക്കാം, ഇലക്ഷന്‍ എന്തായി എന്ന് നോക്കാം എന്നൊക്കെ. താന്‍പോരിമയില്‍ ജനം ലക്ക് കെടുമ്പോള്‍ അവരുടെ ചിന്ത ജനാധിപത്യത്തിലേക്ക് തിരിക്കുന്ന ഒരു പ്രവാചകനെ പോലെ.  ഒരു പാട്ട് പാടാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ ദാസന്‍ ചെല്ലുന്നത് “And you called me coloured?” എന്ന കവിതയാണ്. കളിയിലും വലിയ താല്‍പര്യമില്ലാതെ മാറി നില്‍ക്കുന്ന ദാസനെ കള്ളന്‍ എന്ന് വിളിച്ചു അവര്‍ കളിക്കളത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവസാനം കളിക്കളം കൊലക്കളം ആകുന്നു. ഏകലവ്യനും ശംബൂകനും രോഹിത് വെമുലയും ഒക്കെ കുരുതി കൊടുക്കപ്പെട്ട അതേ കൊലക്കളം. ചാതുര്‍വര്‍ണ്യത്തിന്റെ രീതികളും നിയമങ്ങളും കളിയിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോള്‍ സംഭവിക്കേണ്ടത്‌ തന്നെ സ്വാഭാവികമായി സംഭവിച്ചു. കാര്യം കളിയാകുന്ന ഒരു വൈപരീത്യത്തിനു പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു.



2003ല്‍ എഴുതപ്പെട്ട ഈ ചെറുകഥയ്ക്ക്‌ ഇപ്പോഴത്തെ കാലികപ്രസക്തി തിരിച്ചറിഞ്ഞു ചലച്ചിത്രഭാഷ്യം നല്‍കിയ സനല്‍ കുമാര്‍ ശശിധരന്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ലഹരി പയ്യെ സിരകളിലൂടെ കയറി തലച്ചോറിനെ വലിഞ്ഞുമുറുക്കുന്നത് പോലെ, ക്രമേണയുള്ള മുറുക്കത്തിലൂടെ ഭയാനകമായ ഒരു നടുക്കത്തിലേക്ക് നമ്മെ തള്ളിവിടുന്നു. സമത്വത്തിനും തുല്യനീതിക്കും ഒഴിവു കൊടുത്തു നടമാടുന്ന ജാതികളികളുടെ വ്യാപ്തിയെ പറ്റി ഒരു ചോദ്യചിഹ്നം എറിഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ധര്‍മങ്ങളില്‍ ഏറ്റവും പാവനമായ സമത്വത്തെ മറന്നു കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ന്യായം വിധിക്കപ്പെടുമ്പോള്‍, മനസ്സിലും ശരീരത്തിലും അവര്‍ണത മുദ്ര കുത്തപ്പെട്ടവരുടെ ജീവിതങ്ങള്‍ ബലി കഴിക്കപ്പെട്ടു കൊണ്ടേയിരിക്കും. അത് ചിലര്‍ക്കൊക്കെ രസം പകരുന്ന ഒരു കളിയായി മാത്രം അവശേഷിക്കുകയും ചെയ്യും.

പിന്‍കുറിപ്പ്:
ഐ.എ.എസ് ഇന്‍റര്‍വ്യൂവിനു വന്ന നായാടിജാതികാരനായ ധര്‍മ്മപാലനോട് ഒരംഗം ചോദിക്കുന്നു. “നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനം എടുക്കും”

“ഒരു നായായടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്ക് ഇരയായി കഴിഞ്ഞു. അവന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്”

“അത് കൊലപാതകമാണെങ്കിലോ?”

“കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്”

(നായാടിയായ ഒരു കലക്ടറുടെ ജീവിതകഥ പറയുന്ന ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലില്‍ നിന്ന്)

Published in 'Azhimukham' on 20.06.2016 as http://www.azhimukham.com/news/12776/ozhivudhivasathe-kali-caste-dalit-politics-film-review-manu-sebastian

Saturday, 11 June 2016

ബീച്ച് റോഡ്‌(കഥ)


ഏതു ശപിക്കപെട്ട നിമിഷത്തിലാണ് ബീച്ച് റോഡിലൂടെ ബൈക്ക് എടുത്തു പോരാന്‍ തോന്നിയത്? വെറുതെ ഒരു കൌതുകത്തിന്റെ പുറത്താണ് ഹൈവേയിലൂടെ പോകുന്നതിനു പകരം ബീച്ച് റോഡിലൂടെ പോന്നത്. ആര്‍ത്തിരമ്പുന്ന കടലിനു സമാന്തരമായി പോകുന്ന ബീച്ച് റോഡിലൂടെ അര്‍ദ്ധരാത്രിയിലുള്ള റൈഡ് ഒരു കാവ്യാത്മക സാഹസമായിരിക്കും എന്ന് അയാള്‍ക്ക്‌ തോന്നി. ബീച്ച് റോഡിലേക്ക് തിരിയുന്ന ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഏതോ ഒരു ഉള്‍പ്രേരണയുടെ പുറത്ത് അങ്ങോട്ട്‌ തിരിഞ്ഞു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി.

ആദ്യം കുറച്ചു നേരത്തേക്ക് നല്ല രസമായിരുന്നു റൈഡ്. അത്ര വിജനമായിരിക്കും ബീച്ച് റോഡിന്‍റെ പരിസരം എന്ന് അയാള്‍ പ്രതീക്ഷിച്ചതേയില്ല. ഒരു വശത്ത് അനന്തതയിലേക്ക് പരന്നു കിടക്കുന്ന കടല്‍. ചന്ദ്രന്‍ മറഞ്ഞിരിക്കുന്ന ആകാശം. മാനം മുട്ടെ വളഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. പ്രകൃതിയുടെ ഗഹനതയല്ലാതെ ജീവന്‍റെ മറ്റൊരു അംശം പോലും അവിടെയില്ല. അയാള്‍ക്ക് വല്ലാതെ ഹരം കയറി. ദുര്‍ഘടം പിടിച്ചതാനെങ്കിലും, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ ആ റോഡിലൂടെ തന്നെ പോയി. അന്ധകാരത്തിന്റെയും വിജനതയുടെയും വന്യമായ ആകര്‍ഷണത്തിന് അയാള്‍ വശംവദനായി. ഇടയ്ക്ക് വച്ച് അയാള്‍ ബൈക്ക് നിര്‍ത്തി. കടലിന്‍റെ ഇരമ്പല്‍ അല്ലാതെ മറ്റൊരു ശബ്ദമില്ല. ഹരവും ഭയവും സങ്കലിച്ച ഒരു അനുഭൂതി അയാള്‍ക്ക് തോന്നി. തന്‍റെ കാമുകിക്ക് അയാള്‍ മെസ്സേജ് അയച്ചു

Hi dear..i am having a wonderful ride through the beach road..it feels so surreal here..wish you were also with me to enjoy this….love..

കാമുകിക്കയച്ച പ്രണയസന്ദേശത്തിന്റെ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. അവയുടെ സാന്ദ്രതയില്‍ കടല്‍ക്കരയിലെ തെങ്ങുകള്‍ ആടി. ഭയാനകമായ നിഴല്‍രൂപങ്ങള്‍ അവ കടല്‍ക്കരയില്‍ വരച്ചു. അയാള്‍ക്ക് ഭയം തോന്നി തുടങ്ങി. തിരിച്ചു പോയാലോ എന്നോര്‍ത്തു. ചുറ്റും പറന്നു കിടക്കുന്ന ഇരുട്ടില്‍ മരണത്തിന്റെ മണം. ജീവിതത്തില്‍ ആദ്യമായി തന്‍റെ മരണത്തെ പറ്റി അയാള്‍ ആലോചിച്ചു. കൈവരാനിരിക്കുന്ന സൌഭാഗ്യങ്ങള്‍; കാത്തിരിക്കുന്ന കാമുകി-അങ്ങനെ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ പലതുണ്ട്. പക്ഷെ, അതിനെക്കാളൊക്കെ ആകര്‍ഷകമായ ഒരു ചാരുത ഇരുട്ടില്‍ പതിയിരിക്കുന്ന മരണത്തിനുണ്ടെന്നു അയാള്‍ക്ക് തോന്നി. മരണത്തിനപ്പുറത്തുള്ള ലോകത്ത് നിന്നുള്ള ചരടുവലി അയാള്‍ക്ക് വീണ്ടും ശക്തമായി അനുഭവപ്പെട്ടു. അയാള്‍ യാത്ര തുടര്‍ന്നു. ബീച്ച് റോഡിന്‍റെ കനപെട്ട ഇരുട്ടിലൂടെ.

ബൈക്കിന്റെ ഹെഡ്-ലൈറ്റിനു അപ്പുറം പരന്നു കിടക്കുന്ന ഇരുട്ടിന്റെ നിഗൂഡതയില്‍ എന്താണ് പതിയിരിക്കുന്നതെന്ന് ഓര്‍ത്തു അയാള്‍ ഭയപ്പെട്ടു. രാവിന്റെ തിരശീലയ്ക്ക് പിന്നില്‍ പരേതാത്മാക്കളുടെ സംഘനൃത്തമാണോ? മൃതിയുടെ താരാട്ടാണോ കടലിന്‍റെ ഇരമ്പല്‍? ഭയം കൂടി അയാളുടെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. റോഡിന്റെ സ്ഥിതിയും മോശമായി വന്നു തുടങ്ങി. ടാര്‍ ഭാഗങ്ങളൊക്കെ ബീച്ചിലെ പൂഴിമണ്ണിനാല്‍ മൂടപെട്ടു കിടക്കുകയായിരുന്നു. മണ്ണിലൂടെ ബൈക്ക് നിയന്ത്രണത്തില്‍ ആക്കുവാന്‍ അയാള്‍ നന്നേ ക്ലേശിച്ചു. മണ്ണിനു തന്നെ അഴുകിയ ജീവിതത്തിന്റെ ഗന്ധം. ബീച്ച് റോഡിലൂടെ പോരാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു.

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ റോഡിന്റെ സ്ഥിതി മെച്ചപ്പെട്ടു. മാത്രമല്ല കടല്‍ തീരത്ത് നിന്ന് അകന്നു, ഉള്ളിലേക്ക് റോഡിന്റെ ദിശ മാറി തുടങ്ങി. ഹൈവേയിലേക്ക് തിരിച്ചു കയറുകയായിരിക്കും റോഡ്‌ എന്ന് കരുതി അയാള്‍ ആശ്വസിച്ചു. ജീവിതത്തിലേക്ക് തിരിച്ചു കയറാനുള്ള വെപ്രാളത്തോടെ അയാള്‍ അതിവേഗം ബൈക്ക് ചലിപ്പിച്ചു. ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കത്തോടെ അയാളുടെ ബൈക്ക് ഇരുട്ടിനെ ഭേദിച്ചു കുതിച്ചു.

പെട്ടെന്ന് മുന്നില്‍ ഒരു ഭയങ്കര വളവ്. അടുത്തെത്തിയപ്പോഴാണ് അത് കണ്ടത്. തക്ക സമയത്ത് തിരിക്കാനായില്ല. നിയന്ത്രണം വിട്ടു ബൈക്ക് റോഡിനു വെളിയിലെ ഇറക്കത്തിലേക്ക് കുതിച്ചു. കരിങ്കല്‍കെട്ട് പോലെ എന്തിലോ തട്ടി ബൈക്കിനോടൊപ്പം അയാള്‍ മേലേക്ക് ഉയര്‍ന്നു. താഴെ വെട്ടികളിക്കുന്ന ജലത്തില്‍ തത്തികളിക്കുന്ന ശപിക്കപെട്ട രാത്രിയുടെ പ്രതിഫലനം കണ്ടു. ബൈക്ക് വെള്ളത്തിലേക്ക് പതിക്കുന്നത് തന്‍റെ ത്രിശങ്കു അവസ്ഥയില്‍ അയാള്‍ കണ്ടു. തൊട്ടു പുറകെ തന്നെ അയാളും വെള്ളത്തിലേക്ക് വീണു. ജലപ്രതലം തുരന്നു അയാള്‍ അടിയിലേക്ക് താഴ്ന്നു.അപ്പോഴും കെടാതെ ജ്വലിച്ചിരുന്ന ബൈക്കിന്റെ ഹെഡ്-ലൈറ്റ് ജലാന്തരത്തെ ദീപ്തമാക്കി. മുകളിലേക്ക് കൈകാലിട്ടടിച്ചു അയാള്‍ കുതിച്ചു. വെള്ളത്തിന്‌ മീതെ വന്നപ്പോള്‍ ആഞ്ഞു ശ്വാസമെടുത്തു.തലയും കുത്തി കിടക്കുന്ന ബൈക്കിന്റെ പിന്‍ഭാഗം വെള്ളത്തിന്‌ മീതെ ഉയര്‍ന്നു കിടക്കുന്നു.

ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈല്‍ കിണുങ്ങി. നേരത്തെ അയച്ച മെസ്സജിനു കാമുകി മറുപടി അയച്ചതാകം. ദൂരെ കടലിന്‍റെ അലര്‍ച്ച കേള്‍ക്കാം. വെള്ളത്തിന്‌ നേരിയ ഉപ്പുരസം. ഏതോ ഒരു അഴിമുഖം ആണെന്ന് അയാള്‍ക്ക്‌ തോന്നി. തികഞ്ഞ ആലസ്യത്തോടെ നദി അതിന്‍റെ ബ്രഹ്മത്തില്‍ ലയിക്കുകയാണ്. കാതങ്ങളുടെ ഓട്ടം കഴിഞ്ഞ തീവണ്ടി അതിന്‍റെ അവസാനത്തെ സ്റ്റേഷനില്‍ നിരങ്ങി കിതച്ചു ഒടുങ്ങുന്നതു പോലെ.

പെട്ടെന്ന് അയാള്‍ക്ക്‌ ചുറ്റുമുള്ള വെള്ളം ഭ്രാന്തമായി ഇളകാന്‍ തുടങ്ങി. ശക്തമായ അടിയൊഴുക്ക് അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കരയില്‍ നിന്ന് നദിയുടെ മധ്യത്തിലേക്ക് അയാള്‍ വലിക്കപെട്ടു. ജീവിതതിനപ്പുറത്തുള്ള ഏതോ ഒരു ലോകത്ത് നിന്നും ആരോ അങ്ങോട്ട് ചരടിട്ടു വലിക്കുന്നത് പോലെ തോന്നി. നീന്തല്‍ പാഠങ്ങളൊക്കെ അയാള്‍ മറന്നു. താന്‍ മുങ്ങി കൊണ്ടിരിക്കുകയാണെന്ന് കുറച്ചു കഴിഞ്ഞാണ് അയാള്‍ തിരിച്ചറിയുന്നത്‌. പക്ഷെ അയാള്‍ക്ക്‌ തെല്ലും ഭയം തോന്നിയില്ല. വെള്ളത്തിനടിയിലെ പ്രശാന്തമായ നിശബ്ദത. അത് അയാള്‍ ആസ്വദിച്ചു. ചിന്തകളെയും ആകുലതകളെയും മുക്കുന്ന ഘനയടി ജലത്തിന്റെ ഘനഗാംഭീര്യം. കാമുകിയുടെ കോടിക്കണക്കിനു ഉമ്മകള്‍ ചേര്‍ന്നുണ്ടാകുന്ന  നനവിന്റെ സാന്ദ്രതയില്‍ പുളകിതമാകുന്ന മേനി. ജലാന്തര്‍ഭാഗത്തേക്ക് അയാള്‍ താഴവേ നദിയുടെ രൂപവും ഭാവവും മാറുന്നത് അയാള്‍ അറിഞ്ഞു. ആദ്യം നേര്‍മ കലര്‍ന്ന പച്ചപ്പിന്റെ ഊഷ്മളത. പിന്നെ നിഷ്കളങ്കമായ നീല. അവസാനം ക്രൂരമായ കറുപ്പ്. ആത്മാവില്‍ നിന്ന് ജീവന്‍റെ കണികകള്‍ നീര്‍കുമിളകളായി മുകളിലേക്ക് ഉയര്‍ന്നു. ഭയങ്കരമായ തണുപ്പ് കൊണ്ട് അയാള്‍ വിറച്ചു.

ജലതരംഗങ്ങള്‍ അയാളുടെ പേര് ഉരുവിടിന്നത് അയാള്‍ കേട്ടു. “വരുണ്‍..വരുണ്‍..വരുണ്‍..” അടിയില്‍ നിന്ന് പ്രകാശത്തിന്റെ ഒരു നേര്‍രേഖ. കണ്ണു കുത്തി തുരക്കുന്ന രീതിയില്‍ അത് ശക്തമായി. അതില്‍ അവന്റെ മുഖം അയാള്‍ കണ്ടു. നദിയിലേക്ക് സ്വയം എറിഞ്ഞു കൊടുത്ത പഴയ സുഹൃത്ത്‌ രാമുവിന്റെ. സരയൂ നദിയില്‍ സ്വയം അര്‍പ്പിച്ച രാമന്റെ പാരമ്പര്യം പിന്തുടര്‍ന്ന രാമു. അവന്‍ ആശ്വസിപ്പിക്കുകയാണ്. “പേടിക്കേണ്ട വരുണ്‍. ഇവിടം നല്ലതാണ്. നാമെല്ലാം ജീവിതത്തില്‍ തേടുന്നത് നമുക്ക് നഷ്ടപെട്ട ഗര്‍ഭപാത്രത്തിലെ നനവാണ്. അത് മാത്രമേ ഇവിടെയുള്ളൂ.”
രാമു. നീ എവിടെയായിരുന്നു ഇത്രയും നാള്‍? നദിയില്‍ കാണാതായ നിന്നെ ഓര്‍ത്തു ഞാന്‍ എത്ര നാള്‍ കരഞ്ഞു എന്ന് നിനക്ക് അറിയാമോ?”
“ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. നദിയുടെ അടിത്തട്ടില്‍ പതുങ്ങിയിരുന്നു എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ പരമമായ സത്യം ഇവിടെയാണ്‌ വരുണ്‍. സത്യാന്വേഷികള്‍ എല്ലാം അവസാനം ഇവിടെ എത്തി ചേരുന്നു.”
“എനിക്ക് തിരിച്ചു പോകണം.” വരുണ്‍ പറഞ്ഞു.
“എന്തിനു? ഇവിടെ നോക്കൂ. എല്ലാം സ്വസ്ഥം. ശാന്തം. സ്വതന്ത്രം. നദിയില്‍ അലിഞ്ഞു ഒഴുകി കൊണ്ടെയിരിക്കൂ. കരയിലെ മത്സരത്തിലെക്ക്കും കെട്ടുകാഴ്ച്ചകളിലെക്കും എന്തിനു എന്തിനു നിനക്ക് തിരിച്ചു പോകണം? ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്?”
“എന്തിന്”
“ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചു മറ്റാര്‍ക്കും താങ്ങാനാവാത്ത സത്യങ്ങള്‍ തേടി നടക്കുന്ന മനസ്സുകളെ ഞാന്‍ ഇവിടെ നിന്നും ചൂണ്ടയിട്ടു വലിക്കും. എന്‍റെ കൂടെ വരൂ. അങ്ങനെ എത്രയെത്ര ആളുകള്‍ ആണ് ഇവിടെ ഉള്ളതെന്ന് ഞാന്‍ കാണിച്ചു തരാം. കരയില്‍ നിഷിദ്ധമായ പ്രണയം അരുതുകള്‍ ഇല്ലാതെ ഇവിടെ ആസ്വദിക്കുന്നവര്‍. കരയിലെ ദുഃഖം മുഴുവന്‍ ഇവിടെ കരഞ്ഞു തീര്‍ത്തു ആശ്വാസം കണ്ടെത്തുന്നവര്‍. നിലനില്‍പ്പിനായുള്ള സമരങ്ങള്‍ ചെയ്തു തളര്‍ന്നു ഇവിടെ ശാന്തി കണ്ടെത്തുന്നവര്‍. അസത്യങ്ങളും യുക്തികളും വാഴുന്ന കരയിലെ പൊള്ളത്തരങ്ങളില്‍ മനം മടുത്തു ഇവിടെ വന്നു അലിഞ്ഞു ചേര്‍ന്നവര്‍. അങ്ങനെ എത്ര എത്ര പേര്‍ ഇവിടെ സ്വര്‍ഗരാജ്യം കണ്ടെതിയിരിക്കുന്നു.”
“എനിക്ക് തിരിച്ചു പോകണം. കരയിലേക്ക്. എന്നെ കാത്തിരിക്കുന്നവളുടെ മടിയില്‍ തല വെച്ച്, അവളുടെ നനവും മണവും അറിഞ്ഞു ഉറങ്ങണം.” വരുണ്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഇനിയൊരു തിരിച്ചു പോക്കില്ല വരുണ്‍. എന്നെ പോലെ നീയും കരയില്‍ ശ്വാസം മുട്ടി ജീവിക്കുകയാണെന്ന് അറിഞ്ഞു ഞാനാണ് നിന്നെ ഇങ്ങോട്ട് നയിച്ചത്. നിന്റെ പ്രണയം ഒരു തടവറയാണ്. ഓര്‍ക്കൂ, ആലിംഗനങ്ങള്‍ ചങ്ങലകള്‍ പോലെ നിന്നെ ബന്ധിക്കുകയാണ്. ചുംബനങ്ങള്‍ നിന്നെ താഴിട്ടു പൂട്ടുകയാണ്. നീ തേടുന്ന ജീവിതവിജയം വെറും നീര്‍കുമിളകള്‍ പോലെയാണ്. ഇവിടെ എല്ലാം അനശ്വരമാണ്; ശാശ്വതമാണ്. നീയിവിടെ മീനുകളെ പോലെ സ്വതന്ത്രമായി ഇണചേരൂ. ആമകളെ പോലെ ആരെയും ഭയക്കാതെ ഉളവലിയൂ.കരജീവികള്‍ തേടുന്ന സ്വസ്ഥതയും ശാന്തിയും ആവോളം ആസ്വദിക്കൂ.”

വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ അവന്റെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉയര്‍ന്നു അടിയൊഴുക്കിലേക്ക്‌ പോയി. കരജീവിതത്തില്‍ നിന്ന് എല്ലാ സിഗ്നലുകളും വിeച്ഛദിച്ചു കൊണ്ട്.
ബ്രഹ്മത്തില്‍ ലയിക്കുന്ന നിര്‍വൃതിയോടെ അവന്‍ രാമുവിന്റെ പിന്നാലെ അഗാധങ്ങളിലേക്ക് നീന്തി. ഗാഡനിദ്രയ്ക്കുള്ള അന്തപുരങ്ങള്‍ അവിടെ ഒരുക്കി വെച്ചിട്ടുണ്ടത്രെ. സ്ഥലകാല ബന്ധനങ്ങളില്‍ പെടാത്ത മഹാനദികളുടെ അടിത്തട്ടുകളില്‍, ഒരേ നദിയില്‍ രണ്ടു തവണ കാലു കുത്താനവില്ല എന്ന കരജീവികളുടെ ലളിതയുക്തികള്‍ക്ക് എന്ത് പ്രസക്തി? അവിടെ എല്ലാം ഒന്നാണ്. കോടിക്കണക്കിനു ആത്മാക്കള്‍ കാലാകാലങ്ങളായി തൊടുത്തു വിടുന്ന വിഷാദത്തിന്റെ ഗദ്ഗധങ്ങള്‍ നീരാവിയായി ഉയര്‍ന്നു കണ്ണീരായി പെയ്തു നിറയുന്ന ജലമല്ലേ നദികള്‍ വഹിക്കുന്നത്. ആ കണ്ണീരിന്റെ ഉപ്പുരസമല്ലേ അയാളുടെ വായില്‍ നിറയുന്നതും. ജന്മജന്മാന്തര്ങ്ങളായി ആത്മാക്കള്‍ പൊഴിക്കുന്ന കണ്ണീരില്‍ തന്‍റെ ദുഖവും ലയിപ്പിച്ചു അയാള്‍ അഗാധങ്ങളിലേക്ക് നീന്തി കൊണ്ടിരിന്നു.  ഗര്‍ഭപാത്രത്തിന്റെ നനവിലേക്ക് പുന:പ്രവേശിച്ചു ഒരു ഭ്രൂണത്തെ പോലെ ചുരുണ്ട് കൂടി ഉറങ്ങുവാന്‍.