മുന്നാറിനെ ഭൂമിയിലെ പറുദീസയായി വാഴ്ത്തിയ കവി മനസ്സുകളും, പ്രണയത്തിന്റെ കോടമഞ്ഞ് പുതഞ്ഞു നില്കുന്ന സഹ്യരത്നമായി കണ്ട കാല്പനികരും, പ്രവചനാതീതമായി ഒന്നും സംഭവിക്കാത്ത യാന്ത്രികജീവിതത്തിനു രസവും സാഹസവും നല്കുന്ന വിനോദസഞ്ചാരകേന്ദ്രമായി കണ്ട മദ്ധ്യവർഗ രാജാക്കന്മാരും, കഴിഞ്ഞ ആഴ്ച മൂന്നാർ കലുഷിതമായതു കണ്ടു ആശ്ച്ചര്യപ്പെട്ടിടുണ്ടാകണം. ഇങ്ങനെയും ജീവിതങ്ങൾ ഇവിടെയുണ്ടോ? മനം കുളിര്പ്പിക്കുന്ന തേയിലതോട്ടങ്ങളുടെ മനോഹരമായ പോസ്റ്റ് കാർഡ് ചിത്രങ്ങൾ ഇത്രയും കാലം മറച്ചു വെച്ചിരുന്ന അവിടുത്തെ തൊഴിലാളി സ്ത്രീകളുടെ കണ്ണീരും രോഷവും രോദനവും അണപൊട്ടി ഒഴുകിയപ്പോൾ, കേരള ചരിത്രം ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു നിലനില്പ്പ് സമരം രൂപം കൊണ്ടു. ഭൂമിയോളം താഴ്ന്നു സഹിക്കുന്ന സ്ത്രീ, അവസാനം ക്ഷമയുടെ നെല്ലിപലക തകരുമ്പോൾ, രൗദ്രഭാവം പൂണ്ട് സംഹാരരൂപിണിയായി അവതരിക്കുന്ന സങ്കൽപം നമ്മുടെ മിത്തുകളിൽ ഉണ്ട്; വിജയം കാണാതെ പിന്മാരില്ലാത്ത സ്ത്രീശക്തിയുടെ ഭാവം ഉൾകൊള്ളുന്ന സങ്കൽപം. അത്തരം സങ്കല്പത്തിന്റെ മൂര്ത്ത ഭാവമാണ് മൂന്നാറിൽ കണ്ടത്.
ഐതിഹാസികമായ ഈ സമരത്തിന് ഈ ലേഖകനും കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബർ 13) സാക്ഷ്യം വഹിക്കുകയുണ്ടായി. സഹജീവികൾ നിലനില്പ്പിനായി സമരം ചെയ്യുമ്പോൾ, മദ്ധ്യവർഗ്ഗകുടും ബത്തിന്റെ സുരക്ഷിതത്വത്തിലും ആലസ്യത്തിലും ഒതുങ്ങി കൂടുന്നതിൽ സ്വയം തോന്നിയ അവന്ഞ്ഞയും കുറ്റബോധവുമാണോ; അതോ, ജന്മദേശത്തു നിന്ന് മൂന്നു മണിക്കൂർ യാത്രയകലത്തിൽ അരങ്ങേറുന്ന ചരിത്രസംഭവത്തിൽ തോന്നിയ കൌതുകമാണോ; പ്രത്യേകിച്ച് ഒരു ക്രമവും ലക്ഷ്യവുമില്ലാതെ മുന്നേറുന്ന ജീവിതത്തിൽ, അർത്ഥവർത്തായ എന്തെങ്കിലും ഒന്നിന്റെ ഭാഗഭാക്കാകാൻ തോന്നിപ്പിച്ച ഉൾപ്രേരണയാണോ - ഇതിൽ ഏതാണ് ഈയുള്ളവനെ മൂന്നാറിലേക്ക് നയിച്ചത് എന്നറിയില്ല. ഏതായാലും കഴിഞ്ഞ ഞായറാഴ്ച രാവിലെ തന്നെ മൂന്നാറിൽ എത്തി.
രാവിലെ പത്തു മണിയോട് കൂടെ ആയിരകണക്കിന് സ്ത്രീകൾ കൂട്ടമായി വന്നു കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഇരുന്നു. നഗരം അവരുടെ ഉപരോധത്തിലായി. 'പെണ്‍ ഒരുമൈ സിന്ദാബാദ്' 'തൊഴിലാളി ഐക്യം സിന്ദാബാദ്' എന്ന് തമിഴ് മുദ്രാവാക്യങ്ങൾ ആവേശത്തോടെ വിളിച്ചു. "പണിയെടുക്കത് ഞങ്ങൾ, കൊള്ളയടിപ്പതു നിങ്ങൾ; തേയിലകൊട്ട ഞങ്ങള്ക്ക്, പണകൊട്ട നിങ്ങള്ക്ക്; പൊട്ട ലായങ്ങൾ ഞങ്ങള്ക്ക്, എ സീ ബംഗ്ലാവ് നിങ്ങള്ക്ക്; കുപ്പത്തൊട്ടി ഞങ്ങള്ക്ക്, കൊട്ടും സൂട്ടും നിങ്ങള്ക്ക്; കാടി കഞ്ഞി ഞങ്ങള്ക്ക്, ചിക്കൻ, ദോശ നിങ്ങള്ക്ക്" എന്നിങ്ങനെ, രൂക്ഷമായ അസമത്വത്തിനെയും വർഷങ്ങൾ നീണ്ട കൊടിയ ചൂഷണത്തിനെയും അടിവരയിടുന്ന തമിഴ് മുദ്രാവാക്യങ്ങളിലൂടെ സമരാഗ്നി ജ്വലിച്ചപ്പോൾ, അവിടുത്തെ ശീതഅന്തരീക്ഷം ചൂട് പിടിച്ചു. അതിനിടെ, സമരക്കാരുടെ കൂടെ, കോണ്ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും, ലതിക സുഭാഷും, ആർ.എം .പി. നേതാവ് കെ.കെ.രമയും വന്നിരുന്നപ്പോൾ, ക്യാമറകണ്ണുങ്ങൾ അവരിലേക്ക് തിരിഞ്ഞു. തങ്ങളുടെ കൂട്ടത്തിൽ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞപ്പോൾ സമരക്കാർ രോഷാകുലരായി. അവരുടെ എതിര്പ്പിനു വഴങ്ങി നേതാകൾക്ക് എഴുന്നേറ്റു പോകേണ്ടി വന്നു. തങ്ങൾക്കു മോഹ വാഗ്ദാനങ്ങൾ നല്കി കബളിപ്പിക്കുകയും, വിശ്വാസവഞ്ചന കണിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തോട് തന്നെയുള്ള അവരുടെ പ്രതിഷേധമാണ് അവിടെ ഇരമ്പിയത്. കഴിഞ്ഞ ദിവസം അവിടെ വന്ന സ്ഥലം എം.എൽ.എ എസ് .രാജേന്ദ്രനും അവരുടെ പ്രതിഷേധത്തിന് വഴങ്ങി പിൻവാങ്ങേണ്ടി വന്നു. സമരം നടക്കുന്നിടത്ത് നിന്ന് ഏകദേശം ഇരുനൂറു മീറ്റർ മാറി, എസ്.രാജേന്ദ്രൻ നിരാഹാരസമരം നടത്തുന്നുണ്ടായിരുന്നു. ആളും ആരവവും ഇല്ലാതെ, വിരലിലെണ്ണാവുന്ന ഏതാനും പാർട്ടി അംഗങ്ങളോടൊപ്പം അരങ്ങേറിയ ആ സമാന്തര സമരം, ഒരു പ്രഹസനതിന്റെയോ, മുഖം രക്ഷികാനുള്ള അടവ് നയതിന്റെയോ പ്രതീതി ജനിപ്പിച്ചു. കേൾവിക്കാരില്ലാതെ, പഴയ വിപ്ലവഗാനങ്ങൾ സ്പീകരിലൂടെ മുഴങ്ങികൊണ്ടിരുന്നു. അതിഭൌതികവാദത്തിൽ അപചയം
സംഭവിച്ച ഒരു പ്രസ്ഥാനത്തിന്റെ ചിന്തയും പ്രവര്ത്തിയും തമ്മിലുള്ള വൈരുദ്ധ്യം ആയിരിക്കണം അവിടെ മുഴങ്ങി കേട്ടത്.
(Image : The site where S.Rajendran MLA staging fast, with sparse crowd)
പതിനൊന്നരയോടെ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് , സമരക്കാരിൽ ആവേശം പടര്തികൊണ്ട് അവിടെ എത്തി ചേർന്നു. ഒരു താരരാജാവിനു സമമായ വരവെല്പാനു വി.എസിന് അവിടെ ലഭിച്ചത്. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും, തൊഴിലാളികളുടെ ആവശ്യങ്ങൾ അന്ഗീകരിക്കുന്നത് വരെ താൻ ഇവിടെ നിന്നും പോവുകയില്ല എന്നും അദ്ദേഹം പറഞ്ഞപ്പോൾ, വമ്പിച്ച കരഘോഷത്തോടെ അവർ എതിരേറ്റു. കേരള രാഷ്ട്രീയം സജീവമായി പിന്തുടരാത്ത, തമിഴ് വംശജരായ തൊഴിലാളികളുടെ മനസ്സിൽ കയറിപറ്റാനായി എന്നത് വി.എസിന്റെ രാഷ്ട്രീയ സാമര്ത്യതിന്റെയും ജനസമ്മിതിയുടെയും ദൃഷ്ടാന്തമാണ്.
(Images: VS amidst the protesters)
പിന്നീട്, പാർവതി എന്ന തൊഴിലാളി നേതാവ് സമരക്കാരുടെ ആവശ്യങ്ങളെ പറ്റി വിശദീകരിച്ചു. തങ്ങളുടേത് വെറും ഒരു വൈകാരിക പ്രതികരണമല്ലെന്നും, തങ്ങളുടെ ആവശ്യങ്ങൾ ന്യായവും യുക്തവും ആണെന്നും, കണക്കുകളുടെ അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.സാധാരണ ദിവസങ്ങളിൽ ഏകദേശം 40 കിലോ കൊളുന്തു ഒരാൾ എടുക്കണം. സീസണ്‍ സമയത്ത് 60ഉം. 61 കിലോയ്ക്ക് മുകളിൽ എടുക്കുന്ന ഓരോ അധിക കിലോയ്ക്കും, കിലോയ്ക്ക് 1 രൂപ നിരക്കിൽ ഇൻസന്റീവ് ലഭിക്കും.സുപർവൈസർക്കു 4 രൂപയും, ഫീൽഡ് ഓഫീസർക്ക് 5 രൂപയും , മനജുമെന്റിനു 5 രൂപയും ലഭിക്കുമ്പോൾ , തൊഴിലാളിക്ക് കിട്ടുന്ന ഇൻസന്റീവ് 1 രൂപ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തുടര്ച്ചയായി അധ്വാനിക്കണം. 10ഉം 15ഉം കിലൊമീറ്റർ നടന്നാണ് പലരും അധ്വാനിക്കുന്നത്. അതും എഴുപതു കിലോയോളം ഭാരമുള്ള തേയിലകുട്ട ചുമന്നു കൊണ്ട്. ഇങ്ങനെ ജോലി ചെയ്താലും കിട്ടുന്നത് പരമാവധി ഒരു ദിവസം 232 രൂപ. ഇത് 500 രൂപ ആക്കണം എന്നാണു ഇവരുടെ ഒരു ആവശ്യം. അത് പോലെ ബോണസ് 20% ആക്കണം. കഴിഞ്ഞ വര്ഷം 19% നല്കിയ ബോണസ് ഇക്കൊല്ലം 10% ആയി വെട്ടികുറച്ചത് ആണ് സമരത്തിനുള്ള പ്രധാന കാരണമായത്. ഇതിനു യുണിയനുകൾ കൂട്ട് നിന്നു എന്നാണ് അവരുടെ പരാതി. കമ്പനിയുടെ ആദായത്തിൽ കുറവ് വന്നു എന്നതാണ് ബോണസ് കുറയ്ക്കാൻ ചൂണ്ടികാട്ടിയത്. 2013-14 വർഷത്തിൽ കമ്പനിയുടെ അറ്റാദായം .286.80 കോടി ആയിരുന്നത് 2014-15 വർഷത്തിൽ 285.90 കോടി ആയി. അതായത് 90 ലക്ഷം രൂപ കുറവ്. അതിന്റെ പേരില് ബോണസ് കുറച്ചത് 9%. കഴിഞ്ഞ വര്ഷം ഒരു തൊഴിലാളിക്ക് ബോണസ് ആയി ലഭിച്ച 7980 രൂപ, ഈ വര്ഷം 4000 രൂപ കുറച്ചു. അതായത്, ആകെ 12,000 തൊഴിലാളികള്ക്ക് ബോണസ് ഇനത്തിൽ കുറച്ചത് 4 കോടി 80 ലക്ഷം രൂപ. കമ്പനിക്കു 90 ലക്ഷം രൂപ നഷ്ടം ഉണ്ടായപ്പോൾ, തൊഴിലാളിയുടെ പറ്റിൽ 5 കോടിയോളം രൂപ ലാഭം ഉണ്ടാക്കിയിരിക്കുന്നു. ഈ തുക യുണിയൻ നേതാക്കൾ പങ്കിട്ടു എടുത്തു എന്ന് അവർ വിശ്വസിക്കുന്നു.
മാത്രമല്ല, കമ്പനിയുടെ ഉന്നതഉദ്യോഗസ്ഥര്ക്ക് ലക്ഷങ്ങളുടെ ശമ്പളവര്ദ്ധനവ് യാതൊരു പരാതിയുമില്ലാതെ നടത്തുമ്പോൾ, തൊഴിലാളികളുടെ കാര്യം വരുമ്പോൾ കൈ മലര്തുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ബംഗ്ലാവും, ക്ലബ് ഹൗസും, പാർട്ടികളും, ടൂറും ഒക്കെ ഉൾപെടുന്ന ആഡംബര ജീവിതശൈലിയാണ് കമ്പനിയുടെ ലാഭകുരവിനു കാരണം. തൊഴിലാളിയുടെ വിയര്പിന്റെയും കണ്ണീരിന്റെയും ചെലവ്ൽ അവർ ആഡംബര ജീവിതം നയിക്കുന്നു. തൊഴിലാകളുടെ ലായങ്ങളും ആശുപത്രികളും സ്കൂളുകളും എല്ലാം ശോചനീയഅവസ്ഥയിൽ ആണ്. തൊഴിലാളികൾ ഓഹരി ഉടമകൾ ആണെങ്കിലും കൃത്യമായ കണക്കുകൾ അവരെ ബോധ്യപെടുതുന്നില്ല. കമ്പനിയുടെ കണക്കുകളിൽ വൻ തിരി മറി ഉണ്ടെന്നും, അതിലേക്കു വിജിലൻസ് അന്വേഷണം വേണമെന്നും അവർ ആവശ്യപെട്ടു. തങ്ങളുടെ കൂട്ടത്തിലും 'പഠിച്ച പയ്യങ്ങൾ' ഉണ്ടെന്നും, പൂർവികരെ പോലെ
തങ്ങളെ കബളിപ്പിക്കാൻ ആവില്ല എന്നും അവർ ഓര്മിപ്പിച്ചു.
(Image : Smt. Parvathy explaining the demand of protesters)
ഇതൊരു തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാകുന്ന ഒരു സാധാരണ തൊഴിൽ തർകമല്ല. കാരണം, ഇവിടെ തൊഴിലാളികൾ തന്നെയാണ്, ഒരർത്ഥത്തിൽ, തൊഴിലുടമകൾ. തൊഴിലാളികള്ക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് 2008ഇൽ രൂപം കൊണ്ട Kannan Devan Hill Plantation Company(KDHP). അതിനു മുമ്പ് കണ്ണൻ ദേവൻ തേയിലതോട്ടങ്ങൾ നിയന്ത്രിച്ചിരുന്ന ടാറ്റാ ടീ കമ്പനി, 2008ഇൽ പിൻവാങ്ങി. KDHPഇൽ 18% ന്യൂനപക്ഷ ഓഹാരി ടാറ്റാ ടീ കമ്പനിക്കും, ബാക്കി തൊഴിലാളികൾക്കും ആയാണ് KDHP രൂപീകൃതമായത്. അംഗീകൃത യുനിയനുകളുടെ നേതാക്കളാണ് കമ്പനി ബോർഡിൽ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. 1877ഇൽ ജോണ്‍ മണ്രോ(John Munroe) എന്ന ബ്രിറ്റിഷുകാരൻ, പൂഞ്ഞാർ രാജാവിന്റെ പക്കൽ നിന്നും കണ്ണൻ ദേവൻ മലനിരകൾ തേയില കൃഷിക്കായി പാട്ടത്തിനു എടുത്തതിനു ശേഷം, 1897ഇൽ രൂപം കൊണ്ട Kannan Devan Hill Produce Company(KDHP) എന്ന കൊളോണിയൽ കമ്പനിയുടെ അതേ ചുരുക്കപേരാണ് തൊഴിലാകളുടെ കമ്പനിക്കും എന്നത് ചരിത്രത്തിന്റെ യാദ്രിശ്ചികതയാകം.എന്തായാലും, കാലചക്രം ഒരു വട്ടം തിരിഞ്ഞു നില്കുമ്പോഴും, തങ്ങളുടെ മുൻഗാമികളുടെ പരിതാപകരമായ അവസ്ഥയിൽ നിന്ന് വലിയ മാറ്റമൊന്നും ഇവര്ക്ക് ഉണ്ടായിട്ടില്ല. തങ്ങളുടെ താല്പര്യങ്ങൾ കമ്പനി ബോർഡിൽ സംരക്ഷിക്കേണ്ട നേതാക്കൾ തങ്ങളെ വഞ്ചിച്ചു എന്ന ബോധ്യമാണ് അവരുടെ രോഷം ഇരട്ടിപ്പിക്കുന്നത്.
എന്തായാലും, അവരുടെ സമരം ഫലം കണ്ടു. തിരിച്ചുള്ള യാത്രയിൽ സമരകാരുടെ ആവശ്യങ്ങൾ അംഗീകരിക്കപെട്ടു എന്നും, സമരം പിൻവലിച്ചു എന്നും വാര്ത്ത കിട്ടി. അവരുടെ ചെരുതുനില്പ്പു സമരം ശുഭകരമായി അവസാനിച്ച ദിനത്തിൽ, അതിൽ ഒരു മൂക സാക്ഷിയാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം തോന്നി.
ഒരു രാഷ്ട്രീയ പാര്ടിയുടെയോ, സാമുദായിക സംഘടനയുടെയോ പ്രകടമായ സാന്നിധ്യം ഇല്ലാത്ത, കേരള ചരിത്രത്തിൽ മുൻമാതൃകകൾ ഇല്ലാത്ത ഈ സമരത്തിന്റെ രാഷ്ട്രീയം നിർവചിക്കാൻ പല നിരീക്ഷകരും പാട് പെടുന്നുണ്ട്. എന്നാൽ ഈ സമരത്തിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. ഒരു ജനാധിപധ്യ വ്യവസ്ഥിതിയിൽ, ഒരു ക്ഷേമ രാഷ്ട്രത്തിൽ, രാഷ്ട്രീയ ഇടപെടലിന്റെ അര്ത്ഥം, നീതിക്കും ശരിക്കും വേണ്ടി നിലകൊള്ളുക എന്നതാണ്. അങ്ങനെയെങ്കിൽ, ശുദ്ധമായ ഒരു രാഷ്ട്രീയ സമരം തന്നെയാണ് മൂന്നാറിൽ അരങ്ങേറിയത്. അധികാരം കയ്യാളുന്നതിനു വേണ്ടിയുള്ള കുത്സിത പ്രവർത്തികളിൽ സദാ മുഴുകിയിരിക്കുന്ന രാഷ്ട്രീയസമൂഹവും, നിലവിലുള്ള വര്ഗാധിപധ്യത്തെ അതേ പടി നിലനിര്ത്തുന്നതിനായി തങ്ങളുടെ ധൈഷണികവിഭവങ്ങൾ ഉപയോഗിക്കുന്ന ബുദ്ധിജീവികളും പൗരസമൂഹവും, സഹജീവികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഗൌനിക്കാതെ സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിലും തടി കേടാക്കാതെ ജീവിക്കുനതിലും മാത്രം ശ്രദ്ധ ചെലുത്തുന്ന മദ്ധ്യവർഗ സമൂഹവും അല്ലേ, അങ്ങനെ നോക്കുമ്പോൾ, ശരിയായ അരാഷ്ട്രീയവാദികൾ. അവരോടൊക്കെയായി ചൂഷിത വർഗം വ്യംഗമായി ചോദിക്കുന്ന ചോദ്യമുണ്ട് : 'ഇത്രയും നാൾ എവിടെയായിരുന്നു നിങ്ങൾ? ഞങ്ങളുടെ പെണ്ണുങ്ങൾക്ക് ഒന്പത് ദിവസം തെരുവുകൾ ഉപരോധിക്കേണ്ടി വന്നു നിങ്ങളുടെ കണ്ണുകളും കാതുകളും തുറപ്പിക്കാൻ".
"One day the apolitical intellectuals of my country will be asked by the humblest of our people-What they did when their country was slowly dying out? What did you do when the poor suffered, when tenderness and life were slowly burning out in them" - Otto Rene Castillo
(Published in Kerala Online News on 16.09.2015 http://keralaonlinenews.com/munnar-strike-feature-malayalam-news-130710.html/)
(Published in Kerala Online News on 16.09.2015 http://keralaonlinenews.com/munnar-strike-feature-malayalam-news-130710.html/)